കെട്ട്യോനെ ജോലിക്ക് പറഞ്ഞയച്ചു ഉമ്മറത്തെ നിലത്തു പടിഞ്ഞിരുന്നു കയ്യിലുള്ള മൊബൈൽ താഴെ വെച്ച് പത്രം വായിക്കാൻ കയ്യിലെടുത്തതായിരുന്നു ഞാൻ. മുറ്റത്തൊരു അനക്കം കൺകോണിലൂടെ കണ്ടപോലെ തോന്നിയത് കൊണ്ട് തിരിഞ്ഞു നോക്കി.
അവിടെയുണ്ടൊരാൾ കുനിഞ്ഞിരുന്നു മുറ്റത്തിന്റെ അരികിലായി പുല്ല് പിടിപ്പിക്കുന്നു!
ഒരു ചാക്കിൽ നിന്ന് പുറത്തേക്ക് ചെരിഞ്ഞ നിലയിൽ കുറച്ചു പുല്ലും കിടപ്പുണ്ട്.
ഫോണെടുത്തു കെട്ട്യോനെ വിളിച്ചു. അപ്പോഴാണ് മുറ്റത്ത് മതിലിനരികിലായി പുല്ല് പിടിപ്പിക്കാൻ അദ്ദേഹം ആളെയേല്പിച്ച കാര്യം ഞാനറിഞ്ഞത്.
കുറച്ചു സമയം കഴിഞ്ഞപ്പോൾ അദ്ദേഹം വീട്ടിലെത്തി. അതിനിടയ്ക്ക് പുല്ല് പിടിപ്പിച്ചയാൾ പണി കഴിഞ്ഞു പോയിരുന്നു.
മുമ്പ് പുല്ല് വെച്ചത് മതിയായ വെയിലില്ലാത്തതിനാൽ നശിച്ചു പോയതാണ്. അങ്ങേരെ കണ്ടപ്പോൾ എനിക്കതോർത്തു ദേഷ്യം വന്നു.
" ഈ മരത്തണലിൽ പുല്ല് വളരുമോ മനുഷ്യാ? "എന്ന എന്റെ ചോദ്യത്തിന്
" ഈ പുല്ലിന് വെയിൽ വേണ്ട, അധികം പരിചരണവും വേണ്ട. ഇത് ബഫല്ലോ ഗ്രാസ് ആണ്. " എന്നുത്തരവും വന്നു. പിന്നെ ബഫല്ലോ ഗ്രാസിനെപറ്റിയൊരു ക്ലാസ്സായിരുന്നു.
പെട്ടെന്ന് പടർന്നു പിടിച്ചു നിലം കാണാത്ത നിലയിൽ പരന്നു പിടിക്കുമെന്നും നാമ്പുകൾ പോത്തിനെക്കൊണ്ട് തീറ്റിച്ചാൽ മതിയെന്നും.
" അതിന് പോത്തെവിടെ, വേണമെങ്കിൽ ആമിനയെക്കൊണ്ട് തീറ്റിക്കാം. " എന്ന് ഞാൻ പറഞ്ഞപ്പോഴേക്കും ചാടിക്കയറി അങ്ങേര്.
പോത്ത് തിന്നാലേ ശരിയാകുകയുള്ളൂ പോലും. ആമിന, അയൽവാസിയുടെ ആട്, കടിച്ചു വലിച്ചു തിന്നും. ആടുകൾ മുരടടക്കം പറിച്ചു തിന്നുകയാണത്രെ ചെയ്യാറ് !
പുല്ലിലേക്ക് നോക്കിയപ്പോൾ എനിക്ക് പിന്നെയും ദേഷ്യം തീർന്നില്ല.
" ഓഹ്, പാലത്തിനു താഴെ കാടു പിടിച്ചു കിടക്കുന്ന പുല്ല്. അയാളുടെ അധ്വാനത്തിന് കാശ് കൊടുക്കണം. പക്ഷെ ഈ പുല്ല് ആരെങ്കിലും കാശ് കൊടുത്ത് വാങ്ങുമോ? " എന്നായി ഞാൻ.
" പുല്ല് പിന്നെ നിന്റെ വീട്ടിൽ നിന്ന് കൊണ്ട് വന്നതാണോ? " എന്ന അങ്ങേരുടെ ചോദ്യം കേട്ടപ്പോൾ ചിരിക്കണമോ ദേഷ്യപ്പെടണമോ എന്നറിയാത്ത അവസ്ഥ.
പിന്നെ ഞാൻ പറഞ്ഞു, " നിങ്ങൾക്ക് അബദ്ധം പിണഞ്ഞെന്നു മനസ്സിലായി. അബദ്ധങ്ങൾ സംഭവിക്കുമ്പോഴാണ് ആ വിഷയം മറക്കാൻ എന്റെ വീടിനെയും വീട്ടുകാരെയും ഓർമ്മിക്കുന്നത്. "
മെല്ലെ ഞാൻ മുഖത്തേക്ക് പാളി നോക്കി.. ഉണ്ട്, മറുപടി ആലോചിക്കുന്നുണ്ട്.
" ശരിയാ, അബദ്ധം പറ്റുമ്പോൾ ആദ്യം ഓർമ്മ വരുന്നത് നിന്നെയും വീട്ടുകാരെയും തന്നെയാണ്. "അദ്ദേഹം ഇളിച്ചു കാണിച്ചു.
" എനിക്ക് പിന്നെ ഓർക്കാനൊന്നുമില്ല, ഏത് നേരവും അബദ്ധം മുമ്പിലുണ്ടല്ലോ. " എന്നും പറഞ്ഞു ഞാൻ അകത്തേക്ക് പോയി.
രണ്ടാഴ്ച കഴിഞ്ഞു. മുറ്റത്തു നിന്ന് എന്നെ വിളിക്കുന്നത് കേട്ടു ചെന്നതാണ്. ചെന്നപ്പോൾ കണ്ടത് നീണ്ടു പോയ പുൽനാമ്പുകൾ അങ്ങേര് പറിച്ചു അവിടെയൊക്കെ വേറെ പുല്ല് വെക്കുന്നതാണ്.
എന്നിട്ടൊരാത്മഗതവും.
" ഇതിൽ കുറെ കാടുപിടിക്കുന്ന പുല്ലുകളാണ്. അയാൾ പറ്റിച്ചു. പക്ഷെ ശരിക്കുള്ള ബഫലോ ഗ്രാസ് എനിക്ക് കുറച്ചു കിട്ടിയിട്ടുണ്ട് പാലത്തിന്റെ ചുവട്ടിലെ പാടത്തു നിന്ന്.ഇത് വലുതായിട്ട് പോത്തിനെക്കൊണ്ട് തീറ്റിക്കണം. "
കിട്ടിയ അവസരം ഞാൻ പാഴാക്കുമോ?
ഞാൻ പറഞ്ഞു,
" നിങ്ങൾ പറഞ്ഞത് പോലെ നിങ്ങളുടെ വീട്ടുകാരെയും എനിക്കും പറയാമായിരുന്നു. നിങ്ങളെപ്പോലെ ഒരാളെ എന്റെ തലയിൽ കെട്ടി വെച്ചത് അവരാണ് എന്നൊക്കെയും പറയാമായിരുന്നു.
പക്ഷെ, ഞാനങ്ങനെയൊന്നും പറയില്ല. എന്താ കാര്യം? എന്റെ സംസ്കാരം എന്നെയതിനനുവദിക്കുന്നില്ല. "
അങ്ങേര് മണ്ണ് പുരണ്ട കൈ തുണിയിൽ തുടച്ചു എന്റെ മുഖത്തേക്കൊന്നു നോക്കി.
പന്ത് ഇത്തവണ എന്റെ കോർട്ടിലാണല്ലോ..
---------------------
ശുഭം
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക