സുബ്ഹിനമസ്കാരം കഴിഞ്ഞ് എല്ലാരും പള്ളിയിൽനിന്നും പിരിഞ്ഞു പോയിരുന്നെങ്കിലും അയാൾക്കെന്തോ പോകാൻ തോന്നിയില്ല.
കുറച്ചു നേരംകൂടെ ഖുർആൻ ഓതി, പിന്നെ പതിവുപോലെ വലിയുപ്പാടെയും വാപ്പാടെയും കൊച്ചുപ്പാമാരുടയും ഖബർ സിയാറത്തിന് ഖബറിസ്ഥാനിലേക്ക് പോയി. എല്ലാരുടെയും ഖബറിങ്കൽ പോയി ഫാതിഹയും സ്വലാത്തും ഓതി. അന്നെന്തോ കൊച്ചുപ്പാടെ ഖബറിങ്കൽ അധികം നേരം ചിലവഴിച്ചു.
ബാപ്പയുടെ കച്ചവട സംബന്ധമായ കാര്യങ്ങളേക്കാൾ അയാൾക്കു താല്പര്യം കൊച്ചുപ്പാടെ ആത്മീയ പാതയായിരുന്നു. ചെറുപ്പത്തിൽ കൊച്ചുപ്പ മടിയിലിരുത്തി പറഞ്ഞു കൊടുക്കാറുള്ള കഥകളും നല്ല ഈണത്തിൽ ചൊല്ലാറുണ്ടായിരുന്ന മൊഹിയുദ്ദിൻ മാലയും അയാളെ വല്ലാതെ സ്വാധീനിച്ചിരുന്നു.
സിയാറത്തു കഴിഞ് ഖബറിസ്ഥാനിൽനിന്നിറങ്ങിയെങ്കിലും അയാൾക്ക് പള്ളിയിൽനിന്നും പോകാൻ തോന്നിയില്ല. അയാൾ വീണ്ടും ഹൗളിൽനിന്നും കാല് കഴുകി പള്ളിയുടെ പൂമുഖത്തു ചേർന്നിരുന്നു. മനസ്സെന്തുകൊണ്ടോ കലുഷമാണ്, എവിടെയോ ചെന്നെത്താൻ വെമ്പൽ കൊള്ളുന്നപോലെ, എന്തോ അന്വേഷിച്ചു കണ്ടെത്താനുള്ളതു പോലെ. എന്തിനെയാണെന്ന് ഒന്നും ഒരു പിടിയും കിട്ടിയില്ല. പള്ളിയുടെ പൂമുഖത്തിനു നേരെയാണ് ഖബറിസ്ഥാൻ. അവിടെയിരുന്നാൽ കൊച്ചുപ്പാടെ ഖബർ കാണാം. നേരം വെളുത്തു വരുന്നതേയുള്ളു. അവിടെ ഇരുന്നപ്പോൾ നല്ല തണുത്തകാറ്റു മുഖത്തേക്ക് വീശി, ആ കാറ്റേറ്റ് അയാൾ ഒന്ന് മയങ്ങി.
ഉറക്കത്തിൽ അയാൾ പലപ്പോഴും കൊച്ചുപ്പാനെ സ്വപ്നം കാണും. കൊച്ചുപ്പാ സ്വപ്നത്തിൽവന്ന് അയാൾക്ക് തങ്ങന്മാരുടെയും ഔലിയാക്കന്മാരുടെയും കഥകൾ പറഞ്ഞു കൊടുക്കും. അന്നെന്തോ നാഗൂർ തങ്ങളുപ്പാപ്പാടെ കഥയാണ് അയാൾക്ക് കൊച്ചുപ്പാ പറഞ്ഞു കൊടുത്തത്. പെട്ടെന്ന് എന്തോ ശബ്ദം കേട്ട് അയാൾ ഞെട്ടിയുണർന്നു. നോക്കുമ്പോൾ മസ്താൻ എന്ന് നാട്ടിൽ അറിയപ്പെടുന്ന അയാളുടെ സുഹൃത്ത് നില്ക്കുന്നു.
"ഇക്കാക്ക ഇതുവരെ പള്ളിയിൽ നിന്നും പോയില്ലേ? നിസ്കാരം കഴിഞ്ഞിട്ട് കുറെ നേരമായല്ലോ." മസ്താൻ ചോദിച്ചു.
"ഇല്ലടാ, ഞാൻ ഇവിടെ ഇരുന്നങ്ങുറങ്ങിപ്പോയി. എടാ നമുക്കൊന്നു നാഗൂർ വരെ പോയാലോ". അയാൾ ചോദിച്ചു.
മസ്താൻ അയാളെപ്പോലെതന്നെ ആത്മീയതയിൽ താത്പര്യമുള്ള ആളായിരുന്നു. തികച്ചും ഒരു അവധൂതനെപ്പോലെ. അവർ ഒരുമിച്ചാണ് ആത്മീയ സദസ്സുകൾക്കും സിയാറത്തിനുമൊക്കെ പോകാറുള്ളത്.
"ഇക്കാക്ക, നാളെ മമ്പുറം നേർച്ച തുടങ്ങുകയല്ലേ. എനിക്ക് അവിടെ പോകാൻ ഒരു നിയ്യത്തുണ്ടായിരുന്നു. അത് പറയാൻ കൂടെയാണ് ഞാൻ ഇക്കാക്കാനെ കാണാൻ വന്നത്.
ഇക്കാക്ക ആ ഐദ്രുനെക്കൂടെ കൂട്ടു. അവനും നമ്മുടെ കൂടെ വരാറുള്ളതല്ലേ"
ഐദ്രു അയാളുടെ കൊച്ചുപ്പാടെ മോൻ ആണ്. അവൻ നാട്ടിൽ ഒരു പലചരക്കും, ചായപ്പീടികയും നടത്തുന്നു. അയാളുടെയും മസ്താന്റെയും യാത്രകളിൽ മിക്കവാറും ഐദ്രുവും കൂടെയുണ്ടാകും. ഇന്നിപ്പോൾ മസ്താൻ ഇല്ലാത്തതു കൊണ്ട് ഐദ്രുവിനെത്തന്നെ വിളിച്ചു നോക്കാമെന്ന് വിചാരിച്ച് അയാൾ പള്ളിയിൽ നിന്നിറങ്ങി അവന്റെ പീടികയിലേക്കു നടന്നു.
അയാളെ കണ്ടപ്പോഴേ ഐദ്രു "ചായ എടുക്കട്ടേ ഇക്കാക്ക" എന്നും പറഞ്ഞു ഒരു ചായയും എടുത്തു കൊണ്ട് അയാളുടെ അടുത്തേക്ക് വന്നു. അവിടെ ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ അയാൾ "എടാ നമുക്ക് ഒന്ന് നാഗൂർ പോയി വരാം. എന്താ".
ഇത് കേട്ടപ്പോൾത്തന്നെ ഐദ്രു അവന്റെ സുഹൃത്തും സഹായിയും ആയിരുന്ന താഴേ വീട്ടിലെ കാദറുകുട്ടിയെ കട ഏല്പിച്ച് നാഗൂർക്കു പുറപ്പെട്ടു.
അന്നൊക്കെ നാഗൂർ എത്തണമെങ്കിൽ കുറച്ചു ബുദ്ധിമുട്ടാണ്. നടന്നും ബസ്സിലും ട്രെയിനിലുമൊക്കെയായി അവർ നാലഞ്ച് ദിവസം കൊണ്ട് നാഗൂർ എത്തി. സിയാറത്തും കഴിഞ്ഞു, അവിടെ നിന്നും കിട്ടിയ നേർച്ചച്ചോറും കഴിച്ച് അവർ ഒരു മരത്തണലിൽ വിശ്രമിക്കാനിരുന്നു. മഖ്‌ബറ സന്ദർശിക്കാൻ ഒരുപാടാളുകൾ വന്നു പോകുന്നുണ്ട്. മതഗ്രന്ഥങ്ങൾ, തൊപ്പി, അങ്ങനെ പലതരം കച്ചവടങ്ങളും അവിടെയും ഇവിടെയുമൊക്കെയായി നടക്കുന്നു. പെട്ടെന്ന് അവിടെ ഒരു സുഗന്ധം പരന്നു. അവർക്കു രണ്ടു പേർക്കും പരിചിതമായ സുഗന്ധം തന്നെ. അവർ പരസ്പരം നോക്കി, അതെ കൊച്ചുപ്പാപ്പ സ്ഥിരമായി പൂശാറുള്ള അത്തറിന്റെ മണംതന്നെ. മൗലീദിനും റാത്തീബിനും ഒക്കെ കൊച്ചുപ്പടെ അടുത്തിരിക്കുമ്പോൾ ഉള്ള അതെ സുഗന്ധം.
അവർ വേഗം സുഗന്ധം അനുഭവപ്പെട്ട സ്ഥലത്തേക്ക് നടന്നു. അവിടെ ഒരു ഉപ്പാപ്പ അത്തർ വില്ക്കുന്നു. നല്ല വെളുത്ത താടിയും തലേക്കെട്ടും ഒക്കെ ധരിച്ച സുമുഖനായ ഒരു ഉപ്പാപ്പ. അത്തർ വലിയ കുപ്പിയിൽ നിന്നും ചെറിയ കുപ്പിയിലേക്ക് പകരുമ്പോൾ ആണ് അതിന്റെ സുഗന്ധം അവിടെമാകെ പരന്നത്.
അവരെ കണ്ടപ്പോൾ തന്നെ അത്തർ വില്പനക്കാരൻ ഉപ്പാപ്പ, ഹൃദ്യമായ ചിരിയോടെ അവരെ ക്ഷണിച്ചു. അദ്ദേഹത്തിന്റെ കൈയിൽനിന്നും രണ്ടു കുപ്പി അത്തറും വാങ്ങി തിരിച്ചു നടക്കുമ്പോൾ അവരുടെ കണ്ണുകളിൽ ഒരു ചെറു നനവുണ്ടായിരുന്നു. ആ നനവിനു കൊച്ചുപ്പാടെ സുഗന്ധം ഉണ്ടായിരുന്നു.
ശിഹാബ്, ബാവ. കൈതാരം
By Shihadb KB
Wow.....keep it up Da
ReplyDeleteവായിച്ച് കഴിഞ്ഞപ്പോൾ ഒരു സുഗന്ധം അനുഭവപ്പെടുന്നു.. നല്ല എഴുത്ത്....
ReplyDeleteReally nice reading...waiting for more🙏
ReplyDelete