കുനിഞ്ഞു നിന്ന് പാത്രം മോറുന്നതിനിടയിലാണ് ഒറ്റ കൊമ്പുള്ള പേരമരത്തിലിരുന്നു കാക്ക കരയുന്നത് നോക്കി അമ്മ പറഞ്ഞത്.
"ആരോ വിരുന്നുകാരുണ്ട്...
വാല് വടക്കോട്ടാ"
"ഹരി ന്റെ വീട്ടുകാരാരോ ആവും!"
വലിയ വയറും തടവി ഉമ്മറത്തെ കസേരയിൽ പേരക്കയും കടിച്ചിരിക്കെ ഞാൻ ഓർത്തു
ഇന്നിപ്പോ ആരാവും ഹരിയേട്ടന്റെ വീട്ടിൽ നിന്ന്
പെങ്ങന്മാരൊക്കെ വന്നു പോയല്ലോ?
എന്തായാലും കാക്ക ചതിച്ചില്ല.
കൃത്യം ഒരുമണിക്കൂറിൽ ഗേറ്റ് തുറന്നു വെളുക്കെ ചിരിച്ചു സുജാതച്ചി കടന്നു വന്നു.
സുജാതെച്ചിക്ക് ന്റെ ആദ്യ രാത്രിയിൽ വലിയൊരു പങ്കുണ്ട്.
നെറ്റി ചുളിക്കണ്ട ങ്ങള് ഉദ്ദേശിച്ചത് ഒന്നും അല്ല.
സുജാതച്ചി ഹരിയേട്ടന്റെ വകയിൽ ഒരു ചെറിയമ്മ ആണ്.
എന്റെ കല്യാണദിനം വൈകുന്നേരം എല്ലാ പെൺകുട്ടികളെയും പോലെ ഭയവിഹ്വലതയോടെ ഭർതൃ വീട്ടിൽ എത്തപെട്ട ഞാൻ
ഒതുങ്ങി തൂങ്ങി അടുക്കള പുറത്തു നിൽക്കുന്നു.
അവിടെ പെണ്ണുങ്ങൾ തലങ്ങും വിലങ്ങും ഓടുന്നുണ്ട്.
പാത്രം തിരിച്ചു കൊടുക്കാൻ,
ബന്ധുക്കൾക്ക് ഭക്ഷണം പാക്ക് ചെയ്യുന്നോര്,
അങ്ങനെ എല്ലാരും അവരവരുടെ തൊഴിൽ ഭംഗിയായി ചടുലതയിൽ ചെയ്യുന്നു.
അതിനിടയിൽ ഹരിയേട്ടനെ ഒന്നോ രണ്ടോ നോട്ടം കണ്ടു ന്നല്ലാതെ മിണ്ടാൻ പറ്റിയില്ല.
പെണ്ണുങ്ങൾ എന്നെ കടന്നു പോകുമ്പോൾ
എന്തേ ഏതെ ന്നെല്ലാം ചോദ്യം ഉണ്ട്?
ഒരു പ്രദർശന വസ്തു പോലെ ചിരിച്ചും കൊണ്ട് ഞാനും
ഏകദേശം 10.30 ആയപ്പോൾ എല്ലാം ശാന്തം
എല്ലാരും അവരവരുടെ കൂടണഞ്ഞു.
അപ്പോളാണ് കഥാ നായിക ആയ സുജാതേച്ചി എന്നെ കണ്ടത്...
"അയ്യോ മോള് കിടക്കാൻ പോയില്ലേ???"
"അല്ല രമണിഏടത്തി (ഭർതൃ മാതാവു )
കുട്ടി പോയി കിടന്നോട്ടെന്.."
"ഹരി ഏടത്തു??"
ചെക്കനോട് കിടക്കാൻ പറയു... ന്ന്
ഉച്ചത്തിൽ പ്രസ്താവന.
അപ്പൊ എല്ലാരുടെയും ശ്രദ്ധ എന്നിൽ
"ഓൻ പൊയ്ക്കുന്നു.."
മോള് പൊയ്ക്കോട്ടേ.... ന്നു അമ്മ
"ന്നാ മോള് ചെല്ല്"
സുജാതേച്ചി സ്നേഹത്തോടെ ന്റെ തലയിൽ
ഒന്നുഴിഞ്ഞു.
ഞാൻ മെല്ലെ നടക്കാൻ തുടങ്ങിയതും
മൂപ്പർക്ക് ഒരോർമ്മ
"അല്ല രമണ്യേടത്യേ
പാല് വേണ്ടേ?"
അതിപ്പോ....
പെണ്ണുങ്ങൾ തലങ്ങും വിലങ്ങും ഓടന്നു.
"രമ്യേ ഇയ്യ് ഫ്രിഡ്ജിൽ നിന്ന് പാക്കറ്റു പാല് എടുക്ക്??"
ആരോ പറയുന്നുണ്ട്.
സുജാതേച്ചി.... "മോള് പാക്കറ്റ് പാല് കുടിക്കൂലേ?"
നിക്ക് ആകെ പരവേശം.
"ന്തായാലും പ്രശ്നം ഇല്ല" ന്ന് ഞാൻ
അയ്യോ... പാലില്ല!!!
രമ്യ ഉവാച:
ഇല്ലേ
അയ്യോ
ന്താക്കും?
ഇതിപ്പോ 10.30 ആയില്ലേ?
ഇനി എവിടുന്നു കിട്ടും?
കഷ്ടായി!!!
ആരും നോക്കിലെ???
കുട്ടി ആശിച്ചത് അല്ലെ?
പാവം!!
പലതരം ചോദ്യം ഉത്തരം.
ഞാൻ ആകെ വിഷണ്ണയായി നിൽക്കുകയാണ്.
അപ്പൊ വീണ്ടും സുജാതേച്ചി
"അല്ല മോളെ"
"പാക്കറ്റു തൈര് ണ്ട് അത് മതിയോ?"
പകച്ചു പണ്ടാരം അടങ്ങി കണ്ണും തള്ളി ഞാൻ നിന്നു.
അത് കണ്ടാവണം
അമ്മ എന്റെ രക്ഷക ആയത്
"ഒന്ന് പോ സുജാതെ.."
തൈര് ആരെങ്കിലും കുടിക്കോ??
സാരമില്ല മോള് പോയികിടന്നോ.
തൈര് കുടിക്കുന്നതിൽ നിന്ന് ഒരു വിധം രക്ഷപെട്ടു ഞാൻ മെല്ലെ മുറിയിലേക്ക് ഓടി.
ആ ആളാണ് ഈ ആള്.
Written By Vineetha Krishnan
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക