നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഗ്രെയ്റ്റ്‌ ഗ്ലോബൽ കിച്ചൺ | Mohammed Ali Mankadavu


 ഏഴാം ബഹറിനിപ്പുറത്ത് കുറെ അടുക്കളകളുണ്ട്. അല്ലെങ്കിൽ ഒരു അടുക്കളയിലെ പല അടുപ്പുകളിൽ വേവുന്ന പല രാജ്യങ്ങളിലെ വ്യത്യസ്ത വിഭവങ്ങളുണ്ട്.
ഭാരത്തിലെ മാത്രം അനേകം വൈവിധ്യങ്ങൾ നിറഞ്ഞ ഭക്ഷണങ്ങൾ, അതും കടന്ന്, ഏഷ്യയിലെയും പശ്ചിമേഷ്യയിലെയും, ഈജിപ്തിലെയും, മറ്റ് ആഫ്രിക്കൻ രാജ്യങ്ങളിലെയും വൈവിദ്ധ്യങ്ങൾ വേവുന്ന അടുക്കള. പാതിവെന്ത സ്റ്റൈലിലുള്ളതും, അധികം വെന്ത ശൈലിയിലുള്ളതും അങ്ങനെ കലവറയില്ലാത്ത വൈവിദ്ധ്യങ്ങൾ, പലതരം ഗന്ധങ്ങൾ.
ചിലപ്പോൾ ഓരോരുത്തർക്കും ഓരോ സമയമായിരിക്കും പാചകത്തിന് നിശ്ചയിച്ചിട്ടുണ്ടാവുക. പാചകത്തിനിടയിൽ ഇയർഫോൺ കുത്തി പാചകം ചെയുന്നയാൾ സംസാരിക്കുന്നത്, വീട്ടിൽ തനിക്ക് പാചകം ചെയ്തു തന്ന് പോറ്റി വളർത്തിയ തന്റെ മാതാവിനോടോ, വർഷത്തിലോ, രണ്ട് വർങ്ങളിലൊരു മാസക്കാലമോ കാണുന്ന പ്രിയതമയോടോ, മധുവിധുവിന്റെ പുതുമയും കുളിർമ്മയും മാറും മുൻപേ യാത്രാമൊഴി ചൊല്ലിയിറങ്ങിയ പുതുപെണ്ണിനോടോ ആവും.
പരാതിയും പരിഭവവും മനസ്സിൽ അടക്കിവെച്ച് അവൻ പറയും.
"ഇവിടെ സുഖമാണ്" ഒപ്പം ചോദിക്കും അവിടെയെന്തൊക്കെയാണ് വിശേഷങ്ങൾ" ? നിങ്ങളെല്ലാവരും സുഖമാണെന്നറിഞ്ഞാ മതി". എന്ന്.
പാതി ശമ്പളമോ, മുഴുവൻ ശമ്പളമോ നാട്ടിലെ അടുക്കളയിലെ അടുപ്പെരിയാനും വയറുകൾ നിറഞ്ഞു സംതൃപ്തി കളിയാടാനായും അവനയച്ചു കൊടുക്കും. അവധിക്ക് നാട്ടിൽ പോകുമ്പോ വീട്ടിലെ കിച്ചണിൽ ഒരുമിച്ചിരുന്നു ഉറ്റവരോടൊപ്പം വയറിൽ ഭക്ഷണവും , മനസ്സിൽ സ്നേഹവും നിറക്കാൻ പലപ്പോളും അവൻ ആരോടൊക്കെയോ കടപ്പെട്ടു കൊണ്ട് യാത്ര ചെയ്യും.
മാസങ്ങൾ പഴക്കമുള്ള ഫ്രോസൺ കോഴിയോ ഇറച്ചിയോ പച്ചക്കറികളോ വെള്ളത്തിലിട്ടു ഐസ് മാറ്റി പാകം ചെയ്യുമ്പോളും ഫോണിലൂടെ അവൻ അവരെ ഉപദേശിക്കും ,
"ഫ്രിഡ്ജിൽ വെച്ച ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണേ, ഫ്രഷ് ഭക്ഷണം മാത്രം കഴിക്കാൻ ശ്രദ്ധിക്കുക" എന്ന്.
ഈ അടുക്കളയിൽ ഉണ്ടാക്കിയ കറിയിൽ മുക്കി, ബേക്കറിയിൽ ഉണ്ടാക്കിയ ഖുബ്ബൂസ് ഇടത്തേകൈയിൽ ചുരുട്ടിപ്പിടിച്ച് വലത്തേ കൈകൊണ്ട് കഷ്ണിച്ച് വായിൽ വെക്കുമ്പോളും അവൻ അവരെ ഉപദേശിച്ചത് ഓർക്കും.
"ബേക്കറി സാധനങ്ങൾ വാങ്ങി കഴിക്കരുതേ, അത് ശരീരത്തിന് അപകടമാണെന്ന്".
ഇങ്ങനെ ഭക്ഷണത്തോടൊപ്പം നോവും വേവുന്ന അടുക്കളകൾ.
പ്രവാസിയുടെ ഗ്രേറ്റ്‌ ഗ്ലോബൽ ലേബർ ക്യാമ്പ് കിച്ചൺ.
- മുഹമ്മദ്‌ അലി മാങ്കടവ്
21/01/2021

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot