കേരളത്തിലെ ആചാരങ്ങളിൽ ഏറ്റവും സ്ത്രീ വിരുദ്ധത നിറഞ്ഞ ആചാരമെന്താണെന്നു ചോദിച്ചാൽ "വിവാഹം" എന്നൊരു ഉത്തരം മാത്രമേയുള്ളു.
പെണ്ണ്കാണൽ എന്ന ചടങ്ങിൽ നിന്നും ഈ വിരുദ്ധത തുടങ്ങുന്നു. പെൺകുട്ടിയെ വിൽക്കാനുള്ള എന്തോ ഒരു ചരക്കായി പ്രദർശിപ്പിക്കാനുള്ള ചടങ്ങ്. പെണ്ണുകാണാൻ വന്ന ചെക്കനും വീട്ടുകാരും പെൺകുട്ടിയെ അടിമുടി നോക്കി മാർക്കിടുന്ന ഏർപ്പാട്. ഈ ചടങ്ങിൽ ഒളിഞ്ഞിരിക്കുന്ന മറ്റൊരു തലം കൂടെയുണ്ട്, പെൺകുട്ടിയുടെ സാമ്പത്തിക സ്ഥിതിയൊക്കെ നോക്കി വിലയിരുത്താൻ കാരണവന്മാർക്ക് കിട്ടുന്ന ഒരു അവസരം കൂടിയാണിത്.
ഇത്രയും പുരോഗതി പ്രാപിച്ചു എന്നു വീമ്പു പറഞ്ഞിട്ടും ഈ പെണ്ണുകാണലിൽ നിന്നും ആണുകാണലിലേക്ക് ഇനിയും ഒരുപാട് ദൂരമുണ്ട്.
അതു കഴിഞ്ഞാൽ പിന്നെയൊരു ചടങ്ങു "മോതിരകല്യാണം" അഥവാ എൻഗേജ്മെന്റ്. അതും പെണ്കുട്ടിയുടെ വീട്ടിൽ വച്ചു തന്നെയാകും. ഇത്തവണ ചെറുക്കന്റെ വീട്ടുകാർ മാത്രമല്ല കുറച്ചു നാട്ടുകാർ കൂടെ വന്നു പെണ്കുട്ടിയ്ക്ക് മാർക്കിടൽ പരിപാടി നടത്തുന്നുണ്ടാകും.
അപ്പോഴും പെണ്കുട്ടിക്ക് താൻ ഇനി മുതൽ ജീവിക്കാൻ പോകുന്ന ഭർത്താവിന്റെ വീടോ പരിസരമോ കാണാനുള്ള അനുമതി അപ്പോഴുമില്ല.
പിന്നെ കല്യാണം. ആ ദിവസം കുറച്ചു കൂടെ പിന്തിരിപ്പൻ സ്ത്രീ വിരുദ്ധ ചടങ്ങുകൾ കാണാൻ കഴിയും.
"താലി കെട്ടൽ" , ഈ വാക്കിൽ തന്നെയില്ലേ എന്തോ ഒരു പ്രശ്നം?കെട്ടിയിടാൻ പെണ്ണെന്താ പശുവോ പട്ടിയോ ആണോ?
അതു കഴിഞ്ഞാൽ അഗ്നി സാക്ഷിയായി വലം വയ്ക്കൽ പരിപാടി അപ്പോഴും സ്ത്രീ മുന്നിൽ നടക്കില്ല, അല്ലേൽ നടത്തിക്കില്ല കാരണം എന്നും പുരുഷന്റെ പുറകെ നടക്കാൻ വിധിക്കപ്പെട്ടവൾ ആണല്ലോ?
മറ്റൊരു പരിപാടി പാലും പഴവും കഴിക്കലാണ്, അതും ചെറുക്കൻ കഴിച്ചതിന്റെ ബാക്കി, ഇതു നിങ്ങൾ പെൺകുട്ടികൾക്കെതിരെ മറ്റൊരു കൂരമ്പാണ്, ഇനി മുതൽ നിങ്ങൾ ഭർത്താവിനെ കാത്തിരുന്നു അവൻ തിന്നതിന്റെ ബാക്കി മാത്രം തിന്നാൻ വിധിക്കപ്പെട്ടവരായി മാറുന്നു.
കല്യാണം കഴിഞ്ഞു പെൺകുട്ടി സ്വന്തം വീടും വീട്ടുകാരെയും വിട്ടു വരാൻ തയ്യാറാകേണ്ടി വരുമ്പോൾ പുരുഷന് അവിടെയും പ്രിവിലേജ് ആണ്. ഏതെങ്കിലും ഭർത്താവ് ഭാര്യ വീട്ടിൽ നിൽക്കാൻ തയ്യാർ ആയാൽ പോലും നാട്ടുകാർ ഉടനെ പറയും " അച്ചി വീട്ടിൽ പോയി നിൽക്കുന്നു"
കല്യാണം കഴിഞ്ഞു ഒന്നു രണ്ടു ആഴ്ച്ച കഴിഞ്ഞാൽ പിന്നെ പെൺകുട്ടി നാട്ടിലുള്ള സർക്കാർ ഓഫീസുകൾ കയറിയിറങ്ങുന്നത് കാണാം, എന്തിനാണെന്നോ ആധാർ, വോട്ടർ ഐഡി, റേഷൻ കാർഡ് തുടങ്ങി സ്ഥാപന ജൻഗമ വസ്തുക്കൾ ഭർത്താവിന്റെ വീട്ടിലെ അഡ്രസ്സിലേക്ക് മാറ്റാൻ.
ചിലർക്ക് അത്രയും നാൾ വ്യക്തിത്വത്തിന്റെ ഭാഗമായി കൊണ്ടു നടന്ന പേര് പോലും നഷ്ടമാകും.
നിങ്ങൾക്ക് പലപ്പോഴും നഷ്ടപ്പെടുന്ന പല പ്രിവിലേജ്കളും പുരുഷന്റെ നിലനിൽപ്പിനു വേണ്ടിയുള്ളത് മാത്രമാണ്. എങ്ങനെയാണ് നിങ്ങൾക്ക് ജീവിതകാലം മുഴുവൻ ജീവിക്കാൻ പോകുന്ന വീടും നാടുമൊന്നും കാണാതെ ഒരു തീരുമാനമെടുക്കാൻ കഴിയുന്നത്. അതുകൊണ്ട് എന്റെ പെണ്ണുങ്ങളെ കല്യാണത്തിന് മുൻപ് ഒരിക്കലെങ്കിലും നിങ്ങൾ ഭർത്താവാകാൻ പോകുന്നവന്റെ വീട് കാണാൻ ശ്രമിക്കുക, ഒന്നോ രണ്ടോ മണിക്കൂർ എങ്കിലും അവനോടൊപ്പം സംസാരിച്ചിരിക്കാൻ ശ്രമിക്കുക... ഈ വിരുദ്ധതയുടെ ചങ്ങലകൾ പൊട്ടിക്കുക.
-അജിൻ ആർ കൃഷ്ണ
മാറ്റങ്ങൾ അനിവാര്യമാണോ? നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
Written by Ajin R Krishna
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക