Slider

സെക്കന്റ്‌ സെക്സ് | Jiby P Joseph

1

 


പുലർമഞ്ഞു പെയ്തു തീരും മുമ്പേ മൂന്നാറെത്തിയിരുന്നു. ഇനി മറയൂർക്കാണ്. മൂന്നാർ വരെയുണ്ടായിരുന്ന തിരക്ക് ഇപ്പോൾ കാണാനില്ല. വഴികൾ മിക്കവാറും വിജനമാവാൻ തുടങ്ങി. ഇടയ്ക്കൊരു ലഗൂൺ കുരങ്ങൻ റോഡിലേക്കിറങ്ങി വന്നു ചിരിച്ചതും ( ഞാൻ തിരിച്ചു കൈ വീശിക്കാണിച്ചതും ) ചാറ്റൽ മഴയേറ്റു നനഞ്ഞു കിടന്ന ഒരു കറുത്ത പാറ നിസ്സംഗതയോടെ തുറിച്ചു നോക്കിയതുമൊഴിച്ചാൽ വഴിയിലെങ്ങും ആരെയും കണ്ടില്ല.

നീട്ടി ഹോണടിച്ചു 'എസ് ' വളവുകൾ വീശിയെടുത്തും ആവശ്യമില്ലെങ്കിലും ഇടയ്ക്കിടെ ഗിയർ ഷിഫ്റ്റ്‌ ചെയ്തും ഞാൻ ഡ്രൈവിംഗ് ശരിക്കും ആസ്വദിച്ചു കൊണ്ടിരുന്നു ബോബ് മാർലിയുടെ 'ക്യാച്ച് എ ഫയർ' മാറ്റിയിട്ടു, മഞ്ജു വാരിയരുടെ കിം കിം.. പാട്ടു വച്ചു. എങ്കിലും കുറച്ചു ഫിലോസഫി പറയാൻ ആരെങ്കിലും കൂട്ടിനുണ്ടായിരുന്നെങ്കിലെന്നു വെറുതെ തോന്നാതെയുമിരുന്നില്ല.
ഡ്രൈവിംഗ് പഠിച്ച കാലം മുതൽ തന്നെ ഒറ്റയ്ക്കൊരു യാത്ര എന്റെ സ്വപ്നമായിരുന്നു. എന്നാൽ ഭർത്താവ് സമ്മതിക്കണ്ടേ. ഭർത്താക്കന്മാർ അങ്ങനെയാണ്. ഭയങ്കര കേറിങ് ആയിരിക്കുമത്രേ.. കൂട്ടുകാരിയുടെ ഭാഷ്യമാണ്. എന്തോന്ന് കേറിങ്.. വല്ലതും പറ്റുമോന്നു പേടിയുണ്ടാവും. അതു ചിലപ്പോൾ വണ്ടിയെ ഓർത്തിട്ടുമാവാം. ഭർത്താവിനു പകരം അച്ഛനായിരുന്നെങ്കിൽ സമ്മതിക്കുമായിരുന്നോ.. സിമോൺ ദി ബുവയുടെ സെക്കന്റ്‌ സെക്സ് വായിച്ചതിൽ പിന്നെ ഞാൻ ശരിക്കും ഫെമിനിസ്റ്റ് ആയെന്നു തോന്നുന്നു. അങ്ങനെയൊക്കെയാണ് ഞാനീ യാത്ര പോരാൻ തീരുമാനിച്ചതും..
തേയിലച്ചെടികൾക്കിടയിൽ കൊതുമ്പു നുള്ളിക്കൊണ്ടിരുന്ന പെണ്ണുങ്ങളുടെ തലകൾ ഇടയ്ക്കിടെ കാണാമായിരുന്നു.ഡിസംബറിന്റെ തണുപ്പ് സ്വെറ്റെറിനുള്ളിലൂടെ മെല്ലെ നുഴഞ്ഞു കയറി അസ്വസ്ഥമാക്കിത്തുടങ്ങി. അതല്ലെങ്കിലും അങ്ങനെയാണല്ലോ. തണുപ്പിനെ ആശ്ലേഷിക്കാനാണ് നമ്മൾ ഇങ്ങോട്ട് വരുന്നതെങ്കിലും എന്തൊരു തണുപ്പെന്നു പരാതി പറയുകയും ചെയ്യും. ചില ബന്ധങ്ങൾ പോലെ തന്നെ..
തേയിലക്കാടുകളെ വകഞ്ഞുമാറ്റി കുന്നിറങ്ങി, മൺ വഴിയിലൂടെ കുറച്ചു താഴേക്കു നടന്നു. തേയിലച്ചെടികളുടെ പുതുനാമ്പുകൾ കൗതുകപൂർവ്വം എന്റെ വസ്ത്രവിളുമ്പിൽ തൊട്ടു തലോടി. എനിക്കാണെങ്കിൽ കടുപ്പത്തിലുള്ള ചായ കുടിക്കുന്നതിനേക്കാൾ വലിയ അനുഭൂതിയാണ് തേയിലത്തോട്ടങ്ങൾ ദർശിക്കുമ്പോൾ ലഭിക്കുന്നത്..
ശർക്കരയുണ്ടാക്കുന്നതു കാണാനുള്ള വ്യഗ്രതയിലാണ് കുറച്ചു നടന്നത്.. മറയൂരെന്നു പറഞ്ഞാൽ തന്നെ ശർക്കരയുടെ മധുരവും ചന്ദനമരങ്ങളുടെ സുഗന്ധവുമാണല്ലോ..
തേയിലത്തോട്ടങ്ങൾ കടന്നപ്പോൾ, അവിടവിടെ ചില കുറ്റിച്ചെടികൾ മാത്രം നിൽക്കുന്ന തുറസ്സായൊരു പ്രദേശത്തെത്തി. ഒരു ചെറിയ കുളിർ കാറ്റ് സ്വാഗതമോതാനെത്തിയിരുന്നു. മറയൂരിന്റെ മറ്റൊരു സവിശേഷതയായ മുനിയറകളായിരുന്നു അവിടെല്ലാം. ശിലായുഗത്തിന്റെ നിഗൂഢതകളിലേക്ക് ഇപ്പോഴും തുറന്നു വച്ചിരിക്കുന്ന വാതിലുകൾ പോലെ കാണപ്പെട്ടു ആ ഗുഹാഗൃഹങ്ങൾ. നിഗൂഢതകൾ കാണാൻ ആർക്കാണിഷ്ടമല്ലാത്തത്..
ഒന്നു രണ്ടു സെൽഫിയെടുക്കാൻ പറ്റിയ മൂഡ്. അപ്പോഴാണ് ചിരപരിചിതയെപ്പോലെ, എത്ര നാളായി കണ്ടിട്ട് എന്ന് ചോദിക്കുന്ന മട്ടിൽ നിൽക്കുന്ന ആ ഓറഞ്ചു ചെടിയെ കണ്ടത്. ഞാൻ അടുത്തു ചെന്ന് ഓറഞ്ചു കുഞ്ഞുങ്ങളെ തലോടി ഓമനിച്ചു. എന്തോ ഒന്നും പറിച്ചെടുക്കാൻ തോന്നിയില്ല. തൊട്ടടുത്തു തന്നെ പേരറിയാത്തൊരു ചെടി, അപ്പോൾ വിരിഞ്ഞൊരു ചെമന്ന പുഷ്പവുമായി ഗരിമയോടെ നിൽക്കുന്നു. എനിക്ക് വല്ലാത്തൊരു ആകർഷണം തോന്നി ആ പൂവിനോട്. അടുത്തു ചെന്നു ചുംബിച്ചപ്പോൾ തെല്ലു നാണത്തോടെ അവളുടെ ഇലകൾ ഒന്നു കൂമ്പിയോ.. കുറെ നേരം ആ പൂവ് എന്റെ കണ്ണിൽ തന്നെ നോക്കി നിന്നു. പ്രേമത്താൽ വിവശനായൊരു കാമുകന്റെ കണ്ണുകൾ പോലെ സുന്ദരമായ നോട്ടം.. അപ്പോൾ പിറകിൽ നിന്നും ആ ശബ്ദം കേട്ടില്ലായിരുന്നുവെങ്കിൽ ഞാൻ ആ പൂവിനെ ഉപേക്ഷിച്ചു പോരില്ലായിരുന്നു.
"കുട്ടി എന്താണ് ഒറ്റയ്ക്കിവിടെ .." ആർദ്രമായ ആ ശബ്ദത്തിനുടമയെ ശ്രദ്ധിച്ചു. ഒരു വൃദ്ധൻ. തല മുഴുവനായി നരച്ചിട്ടുണ്ടെങ്കിലും കഷണ്ടി തീരെ കയറിയിട്ടില്ല. അലിവുള്ള കണ്ണുകൾ. മുഖം നിറയെ വെളുത്ത ശ്മശ്രുക്കൾ.. മീശയിൽ മാത്രം അവിടവിടെ ചില കറുത്ത പൊട്ടുകൾ.. അതൊരു പക്ഷെ അയാളുടെ ഗതകാലത്തെ സൂചിപ്പിക്കുന്ന അടയാളങ്ങളാവാം.
മറയൂർ ശർക്കര തേടി വന്നതാണെന്നു പറഞ്ഞപ്പോൾ, തന്നെ അനുഗമിക്കാൻ വൃദ്ധൻ ആവശ്യപ്പെട്ടു. ഒന്നും ആലോചിക്കാതെ അയാളുടെ പിറകെ പോവാനാണ് തോന്നിയത്.
കുന്നിൻ ചെരുവിലാണ് വൃദ്ധന്റെ വീട്. വീടിനു വെളിയിലായി ഒരു പെൺനായ് കിടക്കുന്നു. ഓമനത്വം തുളുമ്പുന്ന രണ്ടു പട്ടിക്കുട്ടികൾ അവളുടെ ദേഹത്ത് കേറി മറിയുകയും മുഖത്തുമ്മ വയ്ക്കുകയും ചെയ്യുന്നുണ്ട്. എന്നെ കണ്ടപ്പോൾ അവൾ വെറുതെ വാലാട്ടിക്കൊണ്ടിരുന്നു. മാതൃത്വത്തിന്റെ നിർവൃതിയിൽ ലയിച്ചു കിടക്കുകയായിരുന്നു ആ പെൺനായ.
അപരിചിതനായ ഒരാളുടെ വീട്ടിനുള്ളിലേക്ക് പ്രവേശിക്കണമോയെന്നു ഞാൻ ഒരു നിമിഷം ശങ്കിച്ചു. അകത്തേക്കൊന്നു പാളി നോക്കി. നല്ല വൃത്തിയും വെടിപ്പുമുള്ള അകത്തളം. ഏതോ ഒരു ദേവാലയത്തിൽ ചെന്ന പ്രതീതി. ഞാൻ ചെരിപ്പൂരി വെളിയിൽ വച്ചു. അകത്തു ഒരു സ്ത്രീ ശർക്കര ഉരുട്ടുന്നുണ്ടായിരുന്നു. വൃദ്ധന്റെ ഭാര്യയോ മകളോ ആവും. "വരൂ.." അയാൾ വിളിച്ചു. എനിക്ക് വൃദ്ധനെ അനുഗമിക്കാതിരിക്കാനാവുമായിരുന്നില്ല.
അയാൾ പോയത് വീടിനു പിന്നാമ്പുറത്തേയ്ക്കായിരുന്നു. അവിടെ യുമുണ്ടൊരു മുനിയറ. അയാളുടെ പിന്നാലെ ഞാനും ആ ഗുഹാമുഖത്തു കൂടി അകത്തേക്ക് കടന്നു. നന്നേ പണിപ്പെട്ടു വേണമായിരുന്നു അതിനുള്ളിലേക്ക് നൂണ്ടിറങ്ങാൻ. ഒരു പക്ഷെ കുള്ളൻമാരായ ഏതോ ഗോത്ര വിഭാഗമായിരുന്നിരിക്കുമോ ഇതിന്റെ ഉപജ്ഞാതാക്കൾ. മുനിയറയിലൂടെ പോകുമ്പോൾ മറ്റേതോ ലോകത്തേക്ക് സഞ്ചരിക്കുകയാണെന്നെനിക്ക് തോന്നി. ഇരുട്ടും തണുപ്പും ചേർന്ന വല്ലാത്തൊരു അനുഭൂതി.
പുറത്തു കടന്നു നോക്കിയപ്പോൾ മനോഹരമായൊരു താഴ്‌വാരം കാണാമായിരുന്നു.
"സ്വപ്‌നങ്ങൾ വിടർന്നു നിൽക്കുന്ന ഒരു താഴ്‌വരയെപ്പറ്റി കേട്ടിട്ടുണ്ടോ.." അയാൾ എന്നോട് ചോദിച്ചു. ഞാൻ ഇല്ലെന്നു തലയാട്ടി. വൃദ്ധൻ എന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി. രണ്ടു വജ്രങ്ങൾ പോലെ ആ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു. ഞാൻ ഏതോ മായിക ദർശനത്തിന് തയ്യാറെടുക്കുകയാണെന്ന് എനിക്ക് തോന്നി. എന്റെ കണ്ണുകൾക്കു മുന്നിൽ മെല്ലെ മെല്ലെ ആ ദൃശ്യങ്ങൾ അനാവൃതമായി. "ഓ.. ദൈവമേ.. ഞാനെന്താണീ കാണുന്നത്.." ഇതൊക്കെയും എന്റെ സ്വപ്‌നങ്ങൾ തന്നെയല്ലേ. വൃദ്ധൻ നരച്ച താടിരോമങ്ങൾ ഉഴിഞ്ഞു കൊണ്ട് എന്നോട് പറഞ്ഞു.. "മനുഷ്യർ കാണുന്ന സ്വപ്‌നങ്ങളെല്ലാം ഇവിടെ യഥാർഥ്യമാവുന്നു." ഒരു എക്സിബിഷൻ ഹാളിലെന്ന പോലെ എന്റെ സ്വപ്നങ്ങളിലേക്ക് അദ്ദേഹമെന്നെ നയിച്ചു. അവിടെ മനോഹരമായ മൊട്ടക്കുന്നുകൾ ഞാൻ കണ്ടു. പച്ച പുതച്ചു കിടക്കുന്ന നിമ്നൊന്നതങ്ങൾ.. വിശാലമായ ആ പച്ചപ്പിനിടയിലൂടെ തല നീട്ടി നോക്കുന്ന ഇളം റോസും വെളുപ്പും കലർന്ന പുഷ്പങ്ങൾ.. അവരെ ചുംബിക്കാനെത്തുന്ന വർണ്ണപ്പകിട്ടുള്ള നൂറു നൂറു ശലഭങ്ങൾ. പൂമ്പാറ്റകളുടെ പിറകെയോടുന്ന വെളുപ്പും കറുപ്പും കലർന്ന നിറത്തോടു കൂടിയ പൂച്ച ക്കുട്ടികൾ.. പുൽമേട്ടിൽ മേഞ്ഞു നടക്കുന്ന വളഞ്ഞ കൊമ്പും വിശറി പോലെ വാലുമുള്ള ചെമ്മരിയാട്ടിൻ പറ്റങ്ങൾ. ."ഓ.. എന്റെ സ്ഥിരം സ്വപ്നം.." ഞാനാ പുല്ലിൽ വീണുരുണ്ടു.. താഴേക്കു.. പിന്നെയും താഴേക്ക്..
" നിമ്മീ , നിമ്മി ... എടി എഴുന്നേൽക്ക്... സമയമെത്രയായെന്നു നോക്ക്. എനിക്കു ഓഫീസിൽ പോണ്ടേ." ഒന്നും മിണ്ടാതെ ഞാൻ കുറെ നേരം ഇക്കയുടെ നേരെ തുറിച്ചു നോക്കി കിടന്നു.. പിന്നെയെഴുന്നേറ്റ് ബെഡ് കോഫിക്ക് വെള്ളം വച്ചു. സിമോൺ ദ ബുവയുടെ സെക്കന്റ്‌ സെക്സ് അപ്പോൾ കട്ടിലിൽ നിന്നും വലിയൊരു ശബ്ദത്തോടെ താഴെ വീണു..

Written by JIby P Joseph
1
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo