നീ പിടിച്ച കരങ്ങളിൽ ചുളിവു വീണ് കരിന്തിരി പോലെയായി...
നിന്നെ ആദ്യമായ് നോക്കിയ മിഴികളിൽ നിന്ന് പ്രണയത്തിന്റെ വർണങ്ങൾ ഒഴുകിപ്പോയി...
നീ ചുംബിച്ച ചുണ്ടുകളിൽ നിന്ന് മുഗ്ദ്ധഹാസവും പടിയിറങ്ങി...
നീ തൊട്ടറിഞ്ഞ യൗവ്വനം പരിലാളനങ്ങളറിയാതെ വാടിക്കരിഞ്ഞു പോയി...
പാതിവഴിയിലെന്നെ തനിച്ചാക്കി നീ അകന്നപ്പോൾ
അഗ്നിയെ വലം വച്ച് നീ തന്ന മൊഴികളും അണഞ്ഞു പോയി...
നിന്റെ ചിന്തകളിലൊരു കോണിലും ഞാനില്ലെന്നറിഞ്ഞിട്ടും
ഹൃദയവാതിൽ ചാരാതെ സ്വയമുരുകി നിന്നു ഞാൻ
ദിശയറിയാതലഞ്ഞ നമ്മുടെ സ്വപ്നങ്ങൾക്ക്
നെഞ്ചിലെ കനലുകൾ കൊണ്ടൊരു മഞ്ചമൊരുക്കി ഞാൻ...
എങ്കിലും
നീ അണിയിച്ച കുങ്കുമത്തിൻ നിറം മങ്ങാതിരിക്കാൻ, അകലെയെങ്കിലും നീയുണ്ടായിരിക്കാൻ
നിത്യ പ്രാർഥനയും മൃത്യുഞ്‌ജയവും മുടക്കാറില്ല ഞാൻ ...
രതിമോൾ ജിനി
07/02/2021.
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക