അവളെന്നെ സാവധാനം നോക്കി. എനിക്ക് ആ ബിസ്കറ്റ്കൂടി തരുമോ...ചേച്ചീ.. ??
ഞാനവളെ നോക്കി. നിർവികാരമായ മുഖം.. അവളുടെ നോട്ടം ബിസ്കറ്റ് പായ്‌ക്കറ്റിലേയ്ക്കാണ്. മറ്റൊന്നും അവൾ ശ്രദ്ധിക്കുന്നേയില്ല.
ചുറ്റുമുള്ളവർ പരസ്പരം സഹതത്തോടെയും അതീവ ദുഃഖത്തോടെയും അവളെ നോക്കിയിരിക്കുന്നു.
എല്ലാവരുടെയും മനസ്സിൽ ഒരു ചിന്ത മാത്രം. അവളൊന്നു കരഞ്ഞെങ്കിൽ കുറച്ചാശ്വാസം ആയേനെ.
താ.. ചേച്ചീ.. എനിക്ക് വിശക്കുവാ..
തരാം മോളേ ഇത്തിരി കഴിയട്ടെ. ഇപ്പോ മോള് ചോറ് കഴിച്ചതല്ലേഉള്ളൂ..
ആണോ ഞാൻ ചോറ് കഴിച്ചോ.. എപ്പോ..?
ദാ.. ഇപ്പോ..ഇത്തിരി മുന്നേ.. അതും മൂന്നാമത്തെ പ്രാവശ്യം.
എനിക്ക് ഓർമ്മയില്ലല്ലോ.
സാരമില്ല മോള് കിടന്നോ.. ! ഇത്തിരി കഴിഞ്ഞ് മോൾക്ക് ഞാൻ ബിസ്കറ്റ് തരാം.
അവൾ ഒരു നിമിഷം കണ്ണടച്ചു കിടന്നു. പിന്നെ ഞെട്ടി കണ്ണ് തുറന്ന് കൊച്ചുകുട്ടികളെ പോലെ ബിസ്കറ്റിന് വേണ്ടി ശാഠ്യം പിടിച്ചു.
ഞാനവൾക്ക് ബിസ്കറ്റ് പായ്ക്കറ്റോടെ കൊടുത്തു. അവൾ അതാർത്തിയോടെ തിന്നുന്നത് നോക്കി ഞങ്ങൾ ചുറ്റിലും ഇരുന്നു.
ഞങ്ങളെല്ലാവരും തൊടുപുഴ-- (കോളേജിന്റെ പേര് ഞാൻ പറയുന്നില്ല. ) കോളേജിൽ പഠിക്കുന്നവരാണ്. ഹോസ്റ്റലിലാണ് താമസം. നീന എന്റെ "റൂം മേറ്റാണ്. "
തൃശ്ശൂരാണ് നീനയുടെ വീട്. അപ്പനും അമ്മയ്ക്കും ഒറ്റ മോൾ. ഒരു കൊഞ്ചി കുട്ടി. ഡിഗ്രീ സെക്കന്റിയർ ആണേലും അവളൊരു കിലുക്കാം പെട്ടിയാണ്. എല്ലാവർക്കും ഇഷ്‌ടവുമാണവളെ. നന്നായി പാട്ടുപാടുന്ന വിടർന്ന കണ്ണുള്ള പെണ്ണ്.
പപ്പാ, മമ്മി അവര് കഴിഞ്ഞേ അവൾക്ക് മറ്റെന്തെങ്കിലും ഉള്ളൂ. അവർക്ക് തിരിച്ചും. അവൾക്കൊരു പനിവന്നാൽ അവര് സഹിക്കില്ല. അവർക്കൊരു പനിവന്നാൽ ഇവളും സഹിക്കില്ല. മാത്രമല്ല നമുക്ക് സമാധാനോം തരില്ല.
അങ്ങനുള്ള അവളുടെ പപ്പാ ഒരു മണിക്കൂർ മുൻപ് മരണപ്പെട്ടു. ഹാർട്ട് അറ്റാക്ക് എന്നാണ് അറിയാൻ കഴിഞ്ഞത്.
ഇപ്പോ സമയം രാത്രി ഒന്നര കഴിഞ്ഞു.
ഹോസ്റ്റൽ വാർഡൻ അൽപ്പം മുൻപ് വന്നു പറഞ്ഞു അഞ്ചുമണിക്ക് വണ്ടിവരും. നീനയുടെ കൂടെ ആരേലും മൂന്നാല് പേരു പോന്നോയെന്ന്.
ഞങ്ങളവളെ അറിയിക്കാതെ ഇരുന്നതാ. അപ്പോഴാ കൂട്ടത്തിൽ ഉള്ള സിന്ധു എന്ന കുട്ടിയുടെ കരച്ചിൽ.. നീ.. യിതെങ്ങനെ സഹിക്കും നീന.. നിന്റെ പപ്പാ പോയെടീ.. മോളേ.. ന്നു പറഞ്ഞ് ഒരു കെട്ടി പിടുത്തം.
അപ്പോൾ നീന ഒന്ന് വെട്ടി വിറച്ചു..കുറെ നേരം ശിലപോലെ ഒരിരുപ്പ്. കരഞ്ഞില്ല.. ബഹളം വെച്ചില്ല.
പിന്നീട് ചോറ്.. ചോദിച്ചു വാങ്ങി രണ്ടുമൂന്നു പ്രാവശ്യം കഴിച്ചു. പിന്നെയും കഴിക്കല് തന്നെ.. എന്ത് കിട്ടിയാലും മതിയാവാത്ത പോലെ.
പിറ്റേന്ന് അവളുടെ ഒപ്പം ഞാനും പോയിരുന്നു. മമ്മിയും മറ്റ് ബന്ധുക്കളും ഇവള് ചെന്നപ്പോ അലമുറയിട്ടു കരഞ്ഞു. ഹൃദയം കീറി മുറിഞ്ഞുള്ള കരച്ചിൽ. കണ്ട്നിൽക്കുന്നവർക്കു പോലും കരച്ചിലടക്കാൻ പറ്റില്ല. എന്നിട്ടും നീനു വിന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ വന്നില്ല.
ആരൊക്കെയോ അവളോട് ഒന്ന് കരയെടീ മോളേ എന്നൊക്ക പറയുന്നുണ്ട്. പക്ഷേ..
ഒരുവേള അവളെന്നെ നോക്കി.. ചേച്ചീ എനിക്ക് എന്തെങ്കിലും കഴിക്കാൻ തരുമോ..?
അതേ ചോദ്യം അവൾ അവളുടെ ആന്റിയോടും ചോദിച്ചു.
അവസാനം ഒരുപിടി മണ്ണ് കുഴിമാടത്തിലേയ്ക്ക് ഇടുമ്പോ.. അവൾ അടിമുടി വിറച്ചു.. കണ്ണുകൾ കൂമ്പി എന്നിട്ടും കണ്ണുനീർ വന്നില്ല.കണ്ണീരു വറ്റി പോയതാവും. അവളുടെ കൈയിൽ ഞാൻ മുറുകെ പിടിച്ചു. ആ വിരലുകൾ വല്ലാതെ തണുത്തിരുന്നു.
അവൾ എന്നെ നോക്കി.. ഞാൻ നോട്ടം മാറ്റിക്കളഞ്ഞു. കാരണം അവൾ ചോദിക്കാൻ പോകുന്നത് എന്താണ് എന്നെനിക്കറിയാം. കഴിക്കാൻ എന്തെങ്കിലും വേണം എന്നാവും.
എന്തായാലും രണ്ടാഴ്ച കഴിഞ്ഞ് അവൾ വീണ്ടും കോളേജിൽ എത്തുമ്പോൾ അവൾ പഴയ ആ കിലുക്കാംപ്പെട്ടി നീന അല്ലായിരുന്നു. ആരോടും അധികം മിണ്ടാതെ ഒതുങ്ങി മാറി പോകുന്നൊരു നീന..ചോദിച്ചാൽ എന്തേലും പറയും അത്ര മാത്രം.
പിന്നെ ഭഷണം കാണുന്നതേ ഇഷ്‌ടമില്ലാത്ത പോലെ. എന്തെങ്കിലും കഴിക്കും അത്രതന്നെ.
അവൾക്ക് കൗൺസലിങ് ഒക്കെ കൊടുത്താണ് ഇത്രയെങ്കിലും ആക്കിയത്.
ഓവർ ടെൻഷൻ താങ്ങാൻ പറ്റാത്തതിനാലാവും അന്നവൾ എപ്പോഴും എന്തേലും കഴിക്കാൻ (ചവച്ചോണ്ടിരിക്കാൻ )ചോദിച്ചതും, കഴിച്ചതും.
കരഞ്ഞൊഴിഞ്ഞ മനസ്സിന് ഒരു ശാന്തത കിട്ടും.. പക്ഷേ.. കരയാത്ത മനസ്സിന്റെ ഭാരം കാലങ്ങളോളം മാറില്ല.
ഇപ്പോ അവളുടെ കല്യാണമൊക്കെ കഴിഞ്ഞു രണ്ട് കുട്ടികളും ഉണ്ട്. ഇടയ്ക്ക് ഞാനങ്ങോട്ടു വിളിക്കും.. കുറച്ചു സംസാരിക്കും അതും എണ്ണിപെറുക്കി. അവൾക്ക് നമ്മളോട് സ്നേഹം ഇല്ലാഞ്ഞിട്ടല്ല..അന്ന് മാറിയതാണവൾ.
സ്വയം ഉൾവലിഞ്ഞു ജീവിക്കുന്ന അവളിന്നും മനസ്സിന്റെ കോണിലൊരു വേദനയാണ്. !!!

No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക