എന്റെ അടുത്തുള്ള വീടുകളുടെ എല്ലാം അടുക്കള ഭാഗത്തുള്ള കുപ്പി ചില്ലും തകരവും ഇരുമ്പും പ്ലാസ്റ്റിക്കും എല്ലാം വേറെ വേറെയാക്കി ചാക്കിൽ കെട്ടി ഞാൻ കൊണ്ട് പോവും. അതിന് പലപ്പോഴും ഫിഫ്റ്റി ഫിഫ്റ്റി എന്നായിരുന്നു കണക്ക്.
അങ്ങനെ പത്രങ്ങളും മാസികകളും ചാക്കിലാക്കുന്ന നേരത്താണ് എനിക്കൊരു ബുക്ക് കിട്ടുന്നത്.
ബേപ്പൂർ സുൽത്താന്റെ ബാല്യകാല സഖി എന്ന പ്രശസ്തമായ ബുക്ക് ആയിരുന്നു അത്.
അത് അന്നത്തെ ആരുടെയോ പാഠ പുസ്തകം ആയിരുന്നു എന്നാണ് എന്റെ ഓർമ. പീഡിഗ്രിയാണോ ഡിഗ്രിയാണോ എന്നോർമയില്ല. എന്തായാലും ആ ബുക്കിൽ കുറെ എന്തൊക്കെയോ ഇംഗ്ലീഷിലും മലയാളത്തിലും കുറിച്ചു വെച്ചിരുന്നു. ബുക്കിന്റെ പഴമ വിളിച്ചോതുന്ന ഗന്ധത്തിന്റെ കൂടെ കുട്ടിക്കൂറ പൗഡറിന്റെ ചിരപരിചിതമായ സുഗന്ധവും പരസ്പരം ഇണ ചേർന്നു കിടന്നിരുന്നു.
ആ ബുക്കിന്റെ രണ്ട് ഭാഗത്തെയും കുറെ പേജുകൾ നഷ്ടപ്പെട്ടു പോയിരുന്നു. അന്ന് വരെ ബാലമംഗളവും ബാലരമയും പൂമ്പാറ്റയും ഇടക്കിടെ കട്ടെടുത്തു വായിക്കുന്ന മനോരമയും മംഗളവും ആയിരുന്നു എന്റെ കൂട്ടുകാർ.
സാധനങ്ങൾ എല്ലാം വിറ്റ് വീട്ടിൽ വന്നു ഞാൻ ബാല്യകാല സഖി വായിക്കാൻ തുടങ്ങി.
വല്ലാത്തൊരു ലഹരി ആയിരുന്നു ആ വായന. സുഹറയും മജീദും എന്റെ നെഞ്ചിനുള്ളിൽ കുടിയേറിയപ്പോഴും ആദ്യാവസാനം നഷ്‌ടമായ പേജുകളെ ഓർത്തു എന്റെ മനസ്സ് വേവലാതി പൂണ്ടു.
പിന്നീടങ്ങോട്ട് എന്റെ വായനയിൽ ബേപ്പൂർ സുൽത്താൻ ഇടിച്ചു കയറി വന്നു.
പൊൻകുരിശ് തോമയും ആന വാരി രാമൻ നായരും മണ്ടൻ മുത്തപ്പയും മുച്ചീട്ട് കളിക്കാരനും മകളും പാത്തുമ്മയും ആനുമ്മയും മറ്റനേകം വിശ്യ വിഖ്യാതരായ കഥാപാത്രങ്ങളും എന്റെ മനസ്സിൽ ഒരു സിനിമയിലെന്ന പോലെ തെളിഞ്ഞു വന്നു.
അക്കാലത്തു വീട്ടിൽ കറന്റ് ഉണ്ടായിരുന്നില്ല. മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തിൽ രാത്രി ഏറെ വൈകുവോളം തറയിൽ വിരിച്ച ഓലപ്പായയിൽ കിടന്നു പുസ്തകം വായിക്കുന്നതിന് ഉമ്മയുടെ ചീത്ത കിട്ടിയ ഓർമ ഇപ്പോഴും മനസ്സിലുണ്ട്. വിളക്ക് എങ്ങാനും പായയിലേക്ക് മറിഞ്ഞു അപകടം സംഭവിക്കുമോ എന്നായിരുന്നു ഉമ്മയുടെ പേടി.
അന്ന് മുതൽ അതി തീവ്രമായ ഒരു സ്വപ്നം എന്റെ ഉള്ളിലും പിടഞ്ഞുണർന്നു.
ഒരു കഥ എഴുതണം.
ആദ്യമായി അങ്ങനെ എഴുതിയ കഥ ആരെയും കാണിക്കാതെ ഞാൻ കീറി കാറ്റിൽ പറത്തി വിട്ടു..
കാലം എന്റെ സ്വപ്നത്തെ കൂടുതൽ കൂടുതൽ കുത്തി നോവിക്കാൻ തുടങ്ങി. പഠനം പാതിയിൽ നിർത്തി വായന ഇഷ്ടപ്പെടുന്ന ഞാൻ മലയാളം പത്രം പോലും കിട്ടാത്ത സ്ഥലങ്ങളിലേക്ക് ജോലിക്കായി എടുത്തെറിയപ്പെട്ടു.
മലയാളം എഴുതാതെയും വായിക്കാതെയും പിന്നിട്ട വർഷങ്ങളിൽ എവിടെയോ വെച്ചു മനസ്സിലെ അക്ഷരങ്ങൾ വിരൽത്തുമ്പുകൾക്ക് വഴങ്ങാതെയായി.
അപ്പോഴേക്കും എന്റെ സ്വപ്നങ്ങൾക്ക് മുകളിൽ ജീവിത പ്രതിസന്ധികൾ മണ്ണിട്ട് മൂടി കഴിഞ്ഞിരുന്നു.
പിന്നീട് ജോലിക്കായി കുവൈറ്റിൽ പോയപ്പോൾ ഫേസ് ബുക്ക് കൂടുതൽ ഉപയോഗിക്കാനും ഓൺലൈൻ ഗ്രൂപ്പുകൾ വഴി കഥകൾ വായിക്കാനും തുടങ്ങി.
അങ്ങനെ മനസ്സിൽ വർഷങ്ങളായി കുടിയേറിയ കഥാപാത്രങ്ങൾ കഥകളായി പുനർജനിച്ചു.
ഗ്രൂപ്പുകളിൽ പല കഥകൾക്കും നൂറോളം ലൈക്കുകൾ കിട്ടാൻ തുടങ്ങി. അപ്പോഴും മനസ്സിൽ പുസ്തകം എന്ന സ്വപ്നം തീവ്രമായി കത്തി ജ്വലിച്ചു നിന്നു.
ഒൻപത് കഥകൾ എഴുതി ഞാൻ ഒരു വട്ടം പുസ്തകമാക്കാൻ ശ്രമിച്ചു. പക്ഷെ അന്നു അതിന് കഴിഞ്ഞില്ല.
പിന്നീട് ഒരു പ്രാവശ്യം പണം സ്വരൂപിച്ചപ്പോഴാണ് കേരളം വെള്ളപ്പൊക്കത്തിൽ മുങ്ങിയത്. അന്നും എന്റെ ആഗ്രഹത്തെ ഞാൻ മനസ്സില്ലാ മനസ്സോടെ കുഴിച്ചു മൂടി.
മൂന്നാമത്തെ തവണയാണ് കൊറോണ വന്നത്. എന്റെ ഉമ്മയടക്കം കൊറോണയുടെ പിടിയിലായി.
മാസങ്ങളോളം ജോലിക്ക് പോവാതെയായി. പതുക്കെ പതുക്കെ ആദ്യ പുസ്തകത്തിന്റെ രാശി കുറവ് എന്ന അന്ധ വിശ്വാസം എന്നിലും പതുക്കെ വേരോടാൻ തുടങ്ങി.
അതിനിടെ ആഗ്രഹം പങ്കു വെച്ച രണ്ട് മൂന്ന് പേരുടെ മനസ്സ് മടുപ്പിക്കുന്ന മറുപടി കൂടെ ആയപ്പോൾ പുസ്തകം എന്ന സ്വപ്നം ഞാൻ താൽക്കാലികമായി കുഴിച്ചു മൂടി.
പക്ഷെ ദൈവത്തിന്റെ വിധി മറ്റൊന്നായിരുന്നു.
മാറ്റർ എല്ലാം തയ്യാറായ പുസ്തകത്തിന്റെ ചിലവ് വഹിക്കാൻ ഒരു ഹൃദയം മുന്നോട്ട് വരുകയും (തിരിച്ചു കൊടുക്കണം എന്ന എന്റെ ദുരഭിമാനത്തിൽ ) ആ പുസ്തകം മൂന്ന് പെണ്ണുങ്ങൾ എന്ന പേരിൽ വിപണിയിൽ എത്തുകയും ചെയ്തു.
ഈ അവസരത്തിൽ കൂടെ നിന്ന എല്ലാവർക്കും നന്ദി അറിയിക്കുകയാണ്. കൊറോണ കാരണം പ്രകാശനം ഒന്നും ഉണ്ടായിരുന്നില്ല.
പുസ്തകം ആവശ്യമുള്ളവർക്ക് ഇൻബോക്സിൽ ബന്ധപ്പെടാവുന്നതാണ്.
ഒത്തിരി സ്നേഹത്തോടെ,
ഹക്കീം മൊറയൂർ.
Nb :- തീവ്രമായി നമ്മൾ ഒന്നാഗ്രഹിക്കുകയും അതിലേറെ നമ്മൾ അതിനായി പരിശ്രമിക്കുകയും ചെയ്താൽ ഈ ലോകം മുഴുവൻ നമ്മുടെ കൂടെ ഉണ്ടാവും.
Wriiten by Hakkeem Morayoor
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക