Showing posts with label VijiSanthosh. Show all posts
Showing posts with label VijiSanthosh. Show all posts

കൺമുന്നിലെത്തിയ ദൈവം - അനുഭവക്കുറിപ്പ്


നല്ലെഴുത്തിലെ പ്രിയ മിത്രങ്ങളെ, ഇക്കഴിഞ്ഞ ജനുവരി 15ന് പുറത്തിറങ്ങിയ 'വനിത'യുടെinternational edition ൽ വന്ന എന്റെ ഒരു അനുഭവക്കുറിപ്പാണിത്. എല്ലാവരും വായിക്കുമെന്നും അഭിപ്രായ oരേഖപ്പെടുത്തും എന്ന പ്രതീക്ഷയോടെ.....
കൺമുന്നിലെത്തിയ ദൈവം - അനുഭവക്കുറിപ്പ്
പലപ്പോഴും അങ്ങനെയാണ്, നമ്മുടെ മനസിൽ അടിയുറച്ച വിശ്വാസം നമ്മെ രക്ഷിക്കാനെത്തും. അപ്രതീക്ഷിതമായി നമ്മുടെ ജീവിതത്തിലേക്കെത്തുന്ന ചില സംഭവങ്ങൾ, ആ വിശ്വാസത്തിനെ അടിവരയിട്ട് ഉറപ്പിക്കുകയും ചെയ്യും. അങ്ങനെ ഞങ്ങളുടെ ജീവിതത്തിൽ സംഭവിച്ച ഒരു കാര്യം.... എന്നല്ല ... ഇന്നും മായാതെ നിലനില്ക്കുന്ന.... ഒരിക്കലും മാഞ്ഞുപോവാനിടയില്ലാത്ത ഒരു സംഭവത്തിനെപ്പറ്റിയുള്ള കുറിപ്പാണിത്.
ഞാൻ വിജി, UAE യിലെ ഫുജൈറ എമിറേറ്റ്സിൽ ഗവൺമെന്റ് ആശുപത്രിയിൽ ജോലി ചെയ്യുന്നു. ഭർത്താവ് സന്തോഷ്, ഏക മകൻ 8 വയസുള്ള അനുരഞ്ച് .ഏകദേശം 7 വർഷങ്ങൾക്കു മുമ്പാണിതു നടന്നത്. അന്നു ഞങ്ങൾ UAE യിൽ വന്നിട്ടു കഷ്ടിച്ച് ആറു മാസമെ ആയിട്ടുള്ളു. ഏതൊരു പ്രവാസി കുടുംബത്തിനെയും പോലെ വന്ന് ഒന്ന് ചുവടുറപ്പിക്കാനായി ഞങ്ങളും കഷ്ടപ്പെടുന്ന സമയം. പ്രത്യേകിച്ച് ഒരാൾ മാത്രം ജോലി ചെയ്യുന്ന അവസരത്തിൽ .ഈശ്വരാധീനം കൊണ്ട് വന്നു മൂന്നു മാസത്തിനുള്ളിൽ തന്നെ സന്തോഷേട്ടന് ഡ്രൈവിംഗ് ലൈസൻസ് കിട്ടി. കുറഞ്ഞ പൈസയ്ക്ക് 17 വർഷം പഴക്കമുള്ള ഒരു പാവം ടയോട്ട കൊറോള അമ്മാവൻ ,കാറും ഞങ്ങളുടെ സ്വന്തമായി. അത്യാവശ്യം ഉള്ള യാത്രകളിൽ ഉപകാരിയായി...
അങ്ങനെയിരിക്കെ ഒരു ദിവസം എന്റെ ജോലിയാവശ്യത്തിന് അത്യാവശ്യമായുള്ള ഒരു കോഴ്സിനെ പറ്റി അന്വേഷിക്കാനായി ഇവിടെ നിന്ന് 113 KM അകലെയുള്ള റാസൽഖൈമ എന്ന എമിറേറ്റിലേക്ക് ഞങ്ങൾക്ക് ഒരു യാത്ര പോവേണ്ടി വന്നു. വഴി ശരിക്കും അറിയില്ല, കാറാണങ്കിൽ വിശ്വാസ യോഗ്യമല്ല, ഇത്രയും പ്രതിബന്ധങ്ങൾ ഉണ്ടായിട്ടും മേൽ സൂചിപ്പിച്ചതു പോലെ ഒഴിവാക്കാനാവാത്ത സാഹചര്യം ആയതു കൊണ്ടാണ് 8 മാസം മാത്രം പ്രായമുള്ള മോനെയും എടുത്ത്, ഞങ്ങളീ സാഹസിക യാത്രക്കു പുറപ്പെട്ടത്. എപ്പോഴും കൃഷ്ണാ ' എന്നു വിളിച്ച് ഉള്ളുരുകി പ്രാർത്ഥിക്കാറുള്ള ഞങ്ങളെ ഭഗവാൻ കൈവിടില്ല എന്നൊരു വിശ്വാസത്തിന്റെ പുറത്തു മാത്രം.....
വഴി ചോദിച്ചും ബോർഡ് നോക്കി യുമുള്ള ആ യാത്ര പകുതി ദൂരം പിന്നിട്ടു കാണും, കഷ്ടകാലത്തിന് ഞങ്ങൾക്ക് വഴി തെറ്റി.കാർ, വിജനമായ, മരുഭുമിയുടെ നടുവിലൂടെയുള്ള ഒരു ഊടുവഴിയിലൂടെ യാത്ര തുടങ്ങി.പോരാത്തതിന് പതിവില്ലാതെ ആകാശം ഇരുണ്ടു തുടങ്ങി. മഴക്കാർ നന്നായി വന്നു മൂടി.ഭയമാകുന്ന കാറും കോളും ഞങ്ങളുടെ മനസിലും വന്നു മൂടിത്തുടങ്ങി. ആപൽഘട്ടത്തിൽ ഞാൻ മനസാന്നിദ്ധ്യം കൈവിട്ടാൽ അത് ഏട്ടനെയും ബാധിക്കുമല്ലോ എന്നു കരുതി ഞാൻ 'കൊളംബസ് അമേരിക്ക കണ്ടു പിടിച്ചതു പോലെ 'നമ്മളും വല്ല പുതിയ രാജ്യവും കണ്ടു പിടിക്കുമോ എന്നൊക്കെ തമാശക്ക് ഏട്ടനോടു ചോദിച്ചു കൊണ്ടിരുന്നു. അറിയാവുന്ന ആരെയെങ്കിലും വിളിക്കാം എന്നു വച്ചാൽ ആ സ്ഥലം എവിടെയാണന്ന് പറഞ്ഞു കൊടുക്കാൻ ഞങ്ങൾക്കറിയില്ല. വഴിയറിയാനുള്ള ഒരു സംവിധാനവും ആ വഴിയിൽ കാണുന്നുമില്ല. അങ്ങനെ ഒരു മൂന്നു കിലോമീറ്റർ പിന്നിട്ടു കാണും... കൂ നിന്റെ മേൽ കുരു' എന്ന പഴഞ്ചൊല്ലിനെ അനുസ്മരിക്കു മാറ് ഞങ്ങളുടെ കാർ പണിമുടക്കി. ഓടിക്കൊണ്ടിരുന്നിട്ടും അതിന്റെ ബാറ്ററി ഡൗൺ ആയി, അത് നിന്നു പോയി.ഭയം കൊണ്ടു വിറച്ചു പോയി ഞാൻ, മരഭൂമിയിൽ അകപ്പെട്ടു പോയ ശ്രീ.ബെന്യാമിന്റെ ആടുജീവിതത്തിലെ നായകൻ എന്റെ മനസിലേക്കോടി വന്നു. നാളത്തെ മലയാളം പത്രങ്ങളിൽ വരാൻ സാധ്യതയുള്ള, കൈക്കുഞ്ഞുമായി മരുഭുമിയിൽ മരിച്ച പ്രവാസി ദമ്പതികളുടെ ഫോട്ടോയിൽ ഞങ്ങളുടെ ചിത്രം, എന്റെ മനസിൽ തെളിഞ്ഞു വന്നു.ഞാൻ കൃഷ്ണാ, ഗുരുവായൂരപ്പാ എന്ന് ഉറച്ച് വിളിച്ച് പ്രാർത്ഥിച്ചു തുടങ്ങി. നന്നായി മഴയും തുടങ്ങി.
ഏകദേശം അര മണിക്കൂർ കഴിഞ്ഞു കാണും, ഞങ്ങളുടെ അടുത്തേക്ക് വലിയ ശബ്ദത്തോടു കൂടി ഒരു ആഡംബര കാർ വന്നു നിന്നു. എന്റെ മനസിലെ ഭയം ഇരട്ടിയായി.വിജനമായ മരുഭൂമിയാണ്, വന്നവർ ഏട്ടനേയും മോനെയും അപായപ്പെടുത്തി, എന്നെ ഉപദ്രവിക്കാൻ ശ്രമിക്കു മോ എന്നുള്ള ദുഷ്ചിന്ത എന്റെ മനസിലേക്കു ഓടിയെത്തി. പക്ഷെ കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ നിന്നു ഇറങ്ങി വന്നത്, വളരെ കുലീനത്വം തുളുമ്പുന്ന മുഖമുള്ള ഒരു UAE സ്വദേശിയാണ്. നല്ല സ്ഫുടമായ ഇംഗ്ലീഷിൽ അദ്ധേഹം ഞങ്ങളോടു കാര്യങ്ങൾ ചോദിച്ചറിഞ്ഞു. എന്നിട്ട് എന്നെയും മോനെയും കൂട്ടി അദ്ദേഹ ത്തിന്റെ കാറിൽ കയറാൻ ഏട്ടനോടു പറഞ്ഞു.ചെറിയ സംശയത്തോടെയാണങ്കിലും വേറെ നിവൃത്തിയില്ലാത്തതിനാൽ ഞങ്ങൾ ആ വണ്ടിയിൽ കയറി.ഏകദേശം 15 km സഞ്ചരിച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾ റാസൽഖൈമയുടെ ഒരു നഗരത്തിലെത്തി. അവിടെ ഒരു കോഫി ഷോപ്പിൽ ഞങ്ങളെ ഭക്ഷണം കഴിക്കാൻ വിട്ട് ഒരഞ്ചു മിനുട്ട് കാത്തിരിക്കാൻ പറഞ്ഞിട്ട് അദ്ദഹം പോയി.
പറഞ്ഞതുപോലെ കൃത്യം അഞ്ചു മിനുട്ട് കഴിഞ്ഞ് അദ്ദേഹം തിരിച്ചെത്തി. വന്നപ്പോൾ കയ്യിൽ കാറിന്റെ ബാറ്ററി ചാർജ് ചെയ്യാനുള്ള കോഡ് വയറും ഉണ്ടായിരുന്നു. തിരിച്ച് ഞങ്ങളെയും കൂട്ടി ഞങ്ങളുടെ കാർ കിടക്കുന്ന സ്ഥലത്തെത്തി.അതിന്റെ ബാറ്ററി ചാർജ് ചെയ്ത്, ഞങ്ങളുടെ കൂടെ വഴികാട്ടിയായി, നേരത്തെ ഞങ്ങൾ എത്തിയ സ്ഥലത്ത് എത്തുംവരെ ഞങ്ങളുടെ കൂടെ വന്നു. ഈ സമയത്ത്, അദ്ദേഹം റാസൽഖൈമയിൽ വിദ്യാഭ്യാസ വകുപ്പിൽ ജോലി ചെയ്യുകയാണന്നും നാലു മക്കളുടെ പിതാവാണന്നും ഏറ്റവും ഇളയ മോൻ ഞങ്ങളുടെ മോന്റെ അതെ പ്രായം ആണന്നും എല്ലാം പറഞ്ഞു. ഞങ്ങൾ അകപ്പെട്ട സ്ഥലം ഒട്ടും സുരക്ഷിതമല്ലെന്നും എന്തോ അത്യാവശ്യകാര്യത്തിനുള്ള യാത്രയിൽ ആയിരുന്നു അദ്ദേഹം എന്നും പെട്ടെന്ന് എത്താനായി വേണ്ടി മാത്രം ആണ് ആ ഊടുവഴിയാത്രക്ക് തെരെഞ്ഞെടുത്തതെന്നും പറഞ്ഞു. പക്ഷെമോന്റെ മുഖം കണ്ടപ്പോൾ സഹായിക്കണം എന്നു മനസിൽ തോന്നിയത്രെ എന്നും പറഞ്ഞു. എത്ര നിർബന്ധിച്ചിട്ടും ആ കോഡ് വയറിന്റെപൈസ വാങ്ങാനും അദ്ദേഹം സമ്മതിച്ചില്ല.പക്ഷെ ഇതിനിടയിൽ വലിയൊരു കാര്യം ഞങ്ങൾ മറന്നു. അദ്ദേഹത്തിന്റെ മുഴുവൻ പേരൊ ഫോൺ നമ്പ റോഞങ്ങൾ ചോദിച്ചില്ല 'അഹമ്മദ്, എന്നു പറഞ്ഞു പരിചയപ്പെട്ടതു മാത്രം ഓർക്കുന്നു.
അന്നൊരു കാര്യം എനിക്കു ബോദ്ധ്യമായി നമ്മൾ മനസുരുകി വിളിച്ചാൽ ഈശ്വരൻ നമ്മുടെ സഹായത്തിന് ആരെയെങ്കിലും എത്തിക്കും എന്ന ശാശ്വതമായ സത്യം ... ജാതിയുടെയും മതത്തിന്റെയും പേരിൽ നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടിൽ നടക്കുന്ന കോലാഹലങ്ങൾ കാണുമ്പോൾ എല്ലാം ഊരും പേരും ഒന്നും അറിയാത്ത, ജാതിയോ മതമോ, ഭാഷയോ, ദേശ മോ ഒന്നും ചോദിക്കാതെ, സ്വന്തം കാര്യം പോലും മാറ്റി വച്ച്, മരണത്തിൽ നിന്നു തന്നെ ഞങ്ങളെ രക്ഷിച്ച ആ ദൈവദൂതന്റെ മുഖം എന്റെ മനസിൽ ഓടിയെത്തും.കരുണയുടെ ജ്വലിക്കുന്ന ഒരു സൂര്യ നായി.... എന്നും കൃഷ്ണാ എന്നു വിളിച്ചുള്ള എന്റെ പ്രാർത്ഥനകളിൽ അദ്ദേഹത്തിനും കുടുംബത്തിനും ഉള്ള നന്മയും നിറഞ്ഞു നിൽക്കുന്നു. പിന്നീട് റാസൽ ഖൈമയയിലേക്കു ഞങ്ങൾ ഒരു പാട് തവണ പോയി. ദൈവാനുഗ്രഹത്താൽ വിചാരിച്ച കോഴ്സും അതിന്റെ PG കോഴ്സും ചെയ്യാൻ എനിക്ക് കഴിഞ്ഞു. ഇന്നും എന്റെ യാത്രകളിൽ മുന്നിൽ കാണുന്ന മുഖങ്ങളിൽ എല്ലാം തിരയാറുണ്ട്.... നന്മയുടെ നിറകുടമായ ആ പ്രിയ സഹോദരന്റ മുഖം ... എന്നെ ങ്കിലും ഒരിക്കൽ കൂടി അദ്ദേഹത്തിനെ കാണാൻ കഴിയും എന്ന ശുഭപ്രതീക്ഷയോടെ ഞങ്ങൾ കാത്തിരിക്കുന്നു.... 100ൽ പരം ദേശക്കാർ ഒരെ മനസോടുകൂടി ജോലി ചെയ്യുന്ന, ഓണവും ഈദും ക്രിസ്മസും ഒരുപോലെ ആഘോഷിക്കുന്ന, ശരിക്കും നാനാത്വത്തിൽ ഏകത്വം നമുക്ക് ദർശിക്കാൻ കഴിയുന്ന, ദൈവത്തിന്റെ സ്വന്തമായ ഈ നാട്ടിൽ....
സ്നേഹപൂർവ്വം.... വിജി

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo