Showing posts with label Rinnajojan. Show all posts
Showing posts with label Rinnajojan. Show all posts

കല്യാണാലോചന

image


ഇത്താ... ഇത്താക്കൊരു കല്യാണാലോചന വന്നിട്ടുണ്ട് ട്ടോ....

അനസാ ആലോചന കൊണ്ടു വന്നേ... കേട്ടപ്പോ എനിക്കും തോന്നി നല്ലതാന്ന്.... എനിക്കൊരു അളിയനെ കിട്ടൂല്ലോ.....

ചിരിയോടെയുള്ള അജുവിന്റെ വാക്കുകൾ കേട്ട് റസിയ അന്തം വിട്ടുനിന്നു...

അനസിനെന്താ ബ്രോക്കർ പണീണ്ടോ....

ഇനീപ്പോ ഈ വയസ്സാംകാലത്താ കല്യാണം.... രണ്ടിനും വേറേ പണിയൊന്നൂല്ലേ... റസിയ ദേഷ്യത്തോടെ ചോദിച്ചപ്പോൾ അജു കൊഞ്ചലോടെ പറഞ്ഞു...

അതിനെന്റെ ഇത്തവയസ്സിയൊന്നും ആയില്ലല്ലോ, അതോണ്ടാണല്ലോ ഇപ്പഴും കല്യാണാലോചനവരണത്...

എന്നിട്ടാണോടാ കാണുന്നോരെല്ലാം നിന്റെ ഉമ്മയാണോന്ന് ചോദിക്കുന്നേ...

നീ തന്നല്ലേ പറഞ്ഞേ നിന്റെ പുതിയ കൂട്ടുകാരും മാഷുമാരുമൊക്കെ ഉമ്മയാണോന്ന് ചോദിച്ചൂന്ന്...

അതു പിന്നെ എന്നെ കോളേജിൽ ചേർക്കാനും എന്റെ എല്ലാ കാര്യത്തിനും വേറെയാരേം കാണണില്ലല്ലോ..?അപ്പോ ഉമ്മയാന്ന് കരുതിക്കാണും, അല്ലാതെ പ്രായമായിട്ടൊന്നുമല്ല...

ഇത്ത ഞാനവരോട് നാളെ നമ്മടെ വീട്ടില് വരാൻ പറഞ്ഞു...

നീ ഒന്ന് മിണ്ടാതെ പോ അജൂ... നിനക്ക് പഠിക്കാനൊന്നൂല്ലേ, ഒരു കല്യാണാലോചനക്കാരൻ ....

നിന്റെ പൊന്നാരം കേട്ടിരുന്നാ എന്റെ പണിയൊന്നും നടക്കൂല്ല...

മടിയിൽ കിടന്ന അജ്മലിനെ എണീപ്പിച്ച് വിട്ട് അടുക്കളയിലേക്ക് നടക്കുമ്പോൾ പതിനെട്ടാം വയസ്സിൽ പടിയിറക്കി വിട്ട വിവാഹ സ്വപ്നങ്ങളെ വീണ്ടും വിളിച്ചു കേറ്റാൻ റസിയ ഒരുക്കമായിരുന്നില്ല....

കൂടെ പഠിച്ച കുട്ടികൾ പലരും പത്താം ക്ലാസ് കഴിഞ്ഞ് കല്യാണം കഴിച്ച് പോയപ്പോഴും തന്റെ വാശിക്കു മുന്നിൽ തോറ്റാണ് ഉപ്പ തന്നെ പ്രീഡിഗ്രിക്കു ചേർത്തത്...

ആ പ്രാവശ്യം ഉപ്പ ഗൾഫിലേക്ക് പോയിക്കഴിഞ്ഞാണ് ഉമ്മാക്ക് വിശേഷമുള്ളത് അറിയുന്നത്.

താനുണ്ടായിക്കഴിഞ്ഞ് പിന്നീടൊരു കുഞ്ഞിന് വേണ്ടി കുറെ മരുന്നുകൾ കഴിച്ചതാണ്.

പ്രതീക്ഷകൾ എല്ലാം അസ്തമിച്ച് മൂത്തവൾ കെട്ടിച്ച് വിടാറായി ഇനി വേണ്ട എന്ന തീരുമാനത്തിലെത്തി നിക്കുമ്പോഴായിരുന്നു അത്....

ഒമ്പതു മാസവും ഉമ്മക്കാരുടെയും സഹായം ആവശ്യം വന്നില്ലായിരുന്നു...

ആശുപത്രിയിൽ അഡ്മിറ്റാവാൻ പോവുമ്പോഴും എല്ലാം ഒരുക്കി ബാഗിലാക്കി വച്ചതും ഉമ്മ തന്നെയായിരുന്നു...

പിന്നെ ലേബർ റൂമിൽ നിന്നും സ്ട്രക്ച്ചറിൽ വെള്ളപുതപ്പിച്ച് ഉമ്മയെ പുറത്തേക്ക് കൊണ്ടു വന്നപ്പോൾ തന്നെ വെള്ള തുണിയിൽ പൊതിഞ്ഞ് ഉമ്മയുടെ ജീവനേ നഴ്സ് എന്റെ കയ്യിലേൽപ്പിച്ചു....

അമ്മാവൻമാരും ബന്ധുക്കളുമൊക്കെ ചലനമറ്റ ആ ശരീരത്തെ നോക്കി കരഞ്ഞപ്പോഴും കയ്യിൽ കിടന്ന് കരയുന്ന ഈ കുരുന്നിനെ എന്ത് ചെയ്യുമെന്നോർത്ത് പകച്ച് നിക്കുകയായിരുന്നു താൻ....

അന്നു മുതൽ അവന്റെ ഉമ്മയായതാണ്... അവന് എട്ട് വയസ്സുള്ളപ്പോഴാണ് ഉപ്പ അറ്റാക്ക് വന്ന് മരിച്ചത്...

ഒരു നോക്ക് കാണാൻ ആ ശരീരം പോലും നാട്ടിലേക്ക് കൊണ്ടു വന്നില്ല അവിടെ തന്നെ അടക്കാൻ ഒപ്പിട്ട് കൊടുത്ത് സങ്കടക്കടൽ ഒറ്റക്ക് നീന്തിക്കയറി....

പിന്നെ അവനെ ഒരു കരക്കെത്തിക്കുന്നത് മാത്രമായിരുന്നു മനസ്സിൽ...

അവനെ സ്കൂളിൽ ചേർത്തതിനൊപ്പം തന്നെ തന്റെ പ0നവും തുടർന്നു...

ചെറുതെങ്കിലും ഒരു ജോലി സമ്പാദിച്ചു....

ഇത്താ... എന്താടാ നിനക്ക് പഠിക്കാനൊന്നൂല്ലേ വീണ്ടും വന്നോ...?

ഞാൻ സീരിയസായി പറഞ്ഞതാ അവര് നാളെ വരും...

ഇത്തായെ പറ്റി പറയുമ്പോഴൊക്കെ അവനെന്നോട് ചോദിക്കും നിന്റെ ഇത്തായെ എനിക്ക് ഉമ്മയായിട്ട് തരുവോന്ന്...

ആദ്യമൊന്നും എനിക്കവൻ കാര്യമായിട്ടാ ചോദിക്കണേന്ന് തോന്നീല്ലായിരുന്നു...

അവന് പത്ത് വയസ്സുള്ളപ്പോ കാൻസർ വന്നാ അവൻറുമ്മ മരിച്ചു പോയേ...

അവനേ നോക്കാൻ വേണ്ടി മാത്രം ഗൾഫിലെ നല്ല ജോലി കളഞ്ഞ് വന്ന് നാട്ടിൽ ചെറിയ ബിസിനസ് ചെയ്തു കൂടെ നിക്കുവാ ആ ഉപ്പ....

എന്റെ ഇത്തയെപോലേ തന്നെ ചെറുപ്പമാ...

നാൽപഞ്ച് വയസ്സുണ്ട്.. പക്ഷേകണ്ടാ തോന്നൂലാട്ടോ.....

അങ്ങനൊരാളെ എന്റെ ഇത്തക്കു കിട്ടിയാ അതു എന്റേം കൂടെ ഭാഗ്യല്ലേ....

അജൂ നീ ഇനി ഈ കാര്യം എന്നോട് പറയണ്ട... എനിക്കിനി കല്യാണം വേണ്ട..

നീ പഠിച്ചൊരു ജോലിയൊക്കെ നേടി കല്ല്യാണം കഴിക്കുന്നതൊക്കെയാ ഇപ്പോഴത്തെ എന്റെ സ്വപ്നങ്ങൾ....

ഇല്ല ഇത്താ തിരിച്ചറിവില്ലാത്ത പ്രായത്തിൽ എന്റെ ഇത്തയെ ആരും കെട്ടിക്കൊണ്ട് പോവരുതേന്ന് ഞാൻ പ്രാർത്ഥിച്ചിരുന്നു... ഞാൻ ഒറ്റക്കായി പോവുമല്ലോ ന്നുള്ള പേടിയായിരുന്നു അന്നെന്റെയുള്ളിൽ...

ഇന്ന് ഞാൻ പഠിക്കാനായി വീട്ടിൽ നിന്നു മാറിയപ്പോ എന്റെ ഇത്ത ഒറ്റപ്പെട്ടില്ലേ?

എനിക്കറിയാം ഓരോ ദിവസവും ഈ വീട്ടിൽ ഒറ്റക്കിരുന്നു കരയുന്നുണ്ടാവുംന്ന്...

ഇനിയത് വേണ്ട.... എന്റെ സന്തോഷമാണ് ഇത്തയുടെ ജീവിതമെന്ന് എത്ര തവണ പറഞ്ഞിട്ടുണ്ടെന്നോട്.. അതു സത്യാണെങ്കി ഈ കല്യാണത്തിന് എന്റെ ഇത്തസമ്മതിക്കണം.....

പറഞ്ഞവസാനിപ്പിച്ചവൻ പുറത്തിറങ്ങിയപ്പോൾ റസിയ ഓർത്തു....

സത്യമാണവൻ പറഞ്ഞത്... കോയമ്പത്തൂരിൽ അവനെ എഞ്ചിനീയറിങ്ങിന് ചേർത്ത ശേഷം ഒരു രാത്രിയും തനിക്കുറങ്ങാനായിട്ടില്ല...

അവനെ പിരിഞ്ഞ് ഒരു ദിവസം പോലും അന്നുവരെ തന്റെ ജീവിതത്തിലുണ്ടായിട്ടില്ല.. പക്ഷേ മറ്റൊരാളെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിനേക്കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ല....

പിറ്റേന്ന് രാവിലെ തന്നേ അനസും രണ്ട് അമ്മായിമാരും ഉപ്പയും കൂടി വന്നു.....

പെണ്ണുകാണലിനപ്പുറം ബന്ധുക്കളെപ്പോലെ തന്നെയായിരുന്നു എല്ലാരുടേം പെരുമാറ്റം...

മനസ്സിനെന്തൊക്കെയോ അസ്വസ്ഥത തോന്നിയെങ്കിലും സിദ്ധിഖ് സംസാരിക്കാൻ അടുത്തുവന്നപ്പോൾ അവൾ പറഞ്ഞു അവനേ കുറിച്ചും അവന്റെ ഭാവിയേ കുറിച്ചും മാത്രേ ഞാനിത് വരേ ചിന്തിച്ചിട്ടുള്ളൂ... അതുകൊണ്ടെനിക്ക്...

പറഞ്ഞ് തീരുന്നതിന് മുമ്പേ സിദ്ധിഖ് ഇടയിൽ കയറി പറഞ്ഞു... ഡോ ഞാനും എന്റെ അനു വിനേ കുറിച്ച് മാത്രം ചിന്തിച്ചാ കഴിഞ്ഞ പത്ത് വർഷം കഴിഞ്ഞത്..

ഇപ്പോ അവന്റെ ഇഷ്ടം മാത്രം പരിഗണിച്ചാ നിന്നേ കാണാൻ വന്നതും..... പക്ഷേ ഇവിടെ വന്നപ്പോ എനിക്ക് നീ എന്റെ ജീവിതത്തിലുണ്ടായാൽ നന്നായിരിക്കുമെന്ന് തോന്നുന്നു....

നിനക്കും അങ്ങനൊരു തീരുമാനത്തിലെത്താൻ പറ്റിയാൽ നമുക്കും നമ്മുടെ അനുവിനും അജുവിനും വേണ്ടി ഒന്നായി ജീവിക്കാം....

സിദ്ധിഖിന്റെ വാക്കുകൾ അവളിൽ എന്തൊക്കെയോ മാറ്റങ്ങളുണ്ടാക്കി... അന്ന് വൈകീട്ട് അജുവിന്റെ ചോദ്യങ്ങൾക്ക് അവൾ എതിർപ്പൊന്നും പറയാതെ മൗനസമ്മതം അറിയിച്ചു.....

ഇന്ന് അജുവിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാന ദിവസമാണ്...

ഉമ്മയേ പോലെ സ്നേഹിച്ച കൂടപ്പിറപ്പിനേ മറ്റൊരാളുടെ കയ്യിൽ കൈ പിടിച്ച് കൊടുക്കുന്നത് താൻ തന്നെയാണ്..... ജീവിതത്തിലേ ഏറ്റവും അമൂല്യമായ ദിവസം.....

Rinna Jojan

വാട്സാപ്പ്

Image may contain: 2 people, closeup

ഹായ്....
രാവിലെ വാട്സാപ്പ് തുറന്നപ്പോ അപരിചിതമായ നമ്പറിൽ നിന്നാണ്...
ഇതാരാപ്പ ഇവിടെ ഹോയ് വിട്ടേ...
നെറ്റ്സ്ലേ യായത് കൊണ്ട് ഫോട്ടോ നോക്കാൻ കുറച്ച് മിനക്കെട്ടു...
എവിടെയോ നല്ല പരിചയമുള്ള മുഖം... കുറെ നേരം ആലോചിച്ചാണ് ആളെ പിടി കിട്ടിയത്
ഫസൽ...
വെളുത്ത് കൊല്ലുന്നനെ ഇരുന്നവൻ തടിച്ച് കുട്ടപ്പനായിട്ടുണ്ട് .... അതാണ് മനസ്സിലാവാൻ സമയമെടുത്തത്...
കൂടെ പഠിച്ചവനാണ്...
പണ്ടെന്റെ ഓട്ടോഗ്രാഫിൽ കടൽ തീരത്തെ മണൽ തരികളെ എന്നെങ്കിലും ആരെങ്കിലും എണ്ണി തീർന്നാൽ അന്ന് ഞാൻ നിന്നെ മറന്നോളാമെന്ന് എഴുതിയവനാ....
പക്ഷേ ഒരിക്കൽ പോലും സൗഹൃദത്തിനപ്പുറം ഒരിഷ്ടം അവൻ കാണിച്ചിട്ടില്ല....
ഏഴ് വർഷത്തിന് ശേഷം ആണ് ഒരു ഹായ്...
തിരിച്ചും ഒരു ഹോയ് അങ്ങ് വിട്ടു...
സെക്കന്റുകൾക്കുള്ളിൽ റിപ്ലെ വന്നു,സുഖമാണോ? ഹസ്ബന്റും മോനുമൊക്കെ സുഖമല്ലേ...
അതേല്ലോ...???
നിനക്ക് സുഖമാണോ???
സുഖം...
പിന്നെ കുറെ വിശേഷങ്ങൾ....
കൂട്ടുകാർ നാട്ടുകാർ തുടങ്ങി ലോകകപ്പ് വരെ ചർച്ച ചെയ്തു...
ചാറ്റ് അവസാനിപ്പിച്ചപ്പോഴാണ് അവന്റെ ഫാമിലിയെ പറ്റി ഒന്നും ചോദിച്ചില്ലല്ലോ എന്ന തോന്നൽ മനസ്സിലുദിച്ചത്...
കല്യാണം കഴിച്ചതും മോനുണ്ടായതുമൊക്കെ മറ്റു കൂട്ടുകാരിൽ നിന്നറിഞ്ഞിരുന്നു....
ലവൻ ഓൺലൈനിൽ നിന്ന് പോയെങ്കിലും ഞാൻ എന്റെ ചോദ്യം ചോയ്ച്ചു....
നിന്റെ ഫാമിലി????? നേരത്തെ ചോയ്ക്കാൻ മറന്ന് പോയതാ...
ഒരു ഒന്നര മണിക്കൂറിന് ശേഷം റിപ്ലെ വന്നു...
ഫാമിലിയെ കുറിച്ചോർത്തപ്പഴാ ഞാൻ ഇന്ന് നിന്നെ ഓർത്തത്...
ങ്ങേ ...?
ഞാൻ കണ്ണു തുറിച്ചൊരു സ്മൈലിയിൽ ഒതുക്കി...
ലവൻ വീണ്ടും: ജാതി മതം ഒക്കെ നോക്കി വീട്ടുകാരും നാട്ടുകാരും ബന്ധുക്കളുമൊക്കെ എന്ത് വിചാരിക്കും എന്ന ചിന്തയിൽ എന്റെ വികാര വിചാരങ്ങളെ ഞാൻ മനസ്സിലൊതുക്കി, മനസ്സിൽ തോന്നിയ ഇഷ്ടത്തെ സ്വയം കുഴി വെട്ടി കുഴിച്ച് മൂടി.... വീട്ടുകാരുടെ ഇഷ്ടപ്രകാരം കെട്ടി ഒരു കുട്ടീം ആയി.... പക്ഷേ പല വിധ കാരണങ്ങളാൽ ഒത്തുപോവാൻ പറ്റീല്ല.... ഇപ്പോ രണ്ടും രണ്ട് വഴിക്കായി...
മ്മ് ... ഞാൻ രണ്ട് മൂന്ന് Mmmm വിട്ടു...
ലവൻ വീണ്ടും: ചില ഇഷ്ടങ്ങൾ ജീവിതത്തിലെ വലിയ നഷ്ടങ്ങളായിരിക്കും അല്ലേ...?
മ് മ് ആണോ?? ചെലപ്പ ആയിരിക്കൂല്ലേ....
ഓർക്കുന്തോറും സൗന്ദര്യം കൂടി വരുന്ന ചില ഓർമ്മകൾ.. ചിലരുടെ നോട്ടം നടത്തം സൗഹൃദം അങ്ങനെ എന്തൊക്കെയോ..... എല്ലാം നഷ്ടങ്ങളായിരുന്നു...
എന്റെ ജീവിതത്തിലെ വലിയ രണ്ടിഷ്ടങ്ങളെ ഒരിക്കലും നഷ്ടപ്പെടുത്താനാഗ്രഹിക്കാത്തോണ്ട് മറ്റുള്ളവരുടെ നഷ്ടങ്ങളിൽ അമിത സങ്കടം രേഖപ്പെടുത്താൻ നിൽക്കാതെ ഒരു മൂന്നാലു ഇളം സ്മൈലിയിൽ മ്മള് മറുപടി യങ്ങ്ഒതുക്കി...
അപ്പോ പറഞ്ഞ് വന്നത് ഇതാണ്... ആർക്കെങ്കിലും ആരോടെങ്കിലും ഇഷ്ടം തോന്നുന്നെങ്കിൽ ഇപ്പോത്തങ്ങട് പറയാ....
പിന്നെ ചിരീം നടത്തോം വർത്താനോം ഒക്കെ ഓർത്തോർത്ത് കിട്ടിയ ജീവിതം കളഞ്ഞ് കുളിക്കാതിരിക്കാല്ലോ... അതോണ്ടാ....

Rinna Jojan

മെസ്സൻജർ

Image may contain: 1 person, child and close-up
ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് അനൂജ രാവിലെ എണീക്കുന്നത്....
ഏത് തെണ്ടിയാണാവോ ഈ നേരത്ത്...
ഏഴു മണിക്ക് അലാറം വെച്ചതാ, അതിനു മുമ്പോ വിളിച്ചുണർത്തിയതിന്റെ അരിശത്തിലാണ് ഫോണെടുത്തത്....
ജിനി.. അവളെന്താ ഈ നേരത്ത്...
കുറെ നാളായി വാട്സാപ്പ് സന്ദേശങ്ങളും വിളിയുമൊക്കെ കുറവായിരുന്നു... സ്റ്റാറ്റസ് ഫോട്ടോക്ക് അങ്ങോട്ടുമിങ്ങോട്ടും ഉള്ള റിപ്ലെ മാത്രമാണ് ഇപ്പോഴുള്ളത്....
എന്താ ടീ ഈ നേരത്ത്...
മനുഷ്യനെ ഉറങ്ങാനും സമ്മതിക്കൂല്ലേ...
അനൂ എനിക്ക് നിന്നെയൊന്ന് കാണണം.... നീ ഇങ്ങോട്ടൊന്ന് വര്യോ....
ഉച്ചക്ക് മുമ്പ് വരാടീ... ഇന്ന് ഹാഫ് ഡേ ലീവാ... പെണ്ണ് കാണാൻ ചെറിയമ്മേടെ ബന്ധത്തിൽപ്പെട്ട ആരോ വരണണ്ട്... അവര് പോയാലുടൻ വരാം...
ടൗണിൽ നിന്നും കുറച്ച് മാറി അഭിയുടെ വാടക വീട്ടിലേക്ക് പോകുമ്പോൾ അനു ചിന്തിച്ചു... എന്തായിരിക്കും ജിനിക്ക് തന്നെ കണ്ടിട്ട് അത്യാവശ്യം....
അഞ്ചു വർഷം മുമ്പ് അഭി ജിനിയെ കെട്ടുമ്പോൾ താനടക്കം നലഞ്ച് കൂട്ടുകാരുടെ സപ്പോർട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ.....
സ്വകാര്യ സ്ഥാപനത്തിലെ ചെറിയ വരുമാനം കൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോവാൻ ബുദ്ധിമുട്ടിയപ്പോഴാണ് രണ്ടു വർഷം മുമ്പവൻ ഗൾഫിലേക്ക് ചേക്കേറിയത്....
പോകുമ്പോഴും ജിനിയെയും കുഞ്ഞിനെയും തങ്ങളെ ഏൽപ്പിച്ചാണ് അവൻ പോയത്....
ആദ്യമൊക്കെ ഇടക്കിടെ ചെന്ന് അന്വേഷിച്ചിരുന്നെങ്കിലും പിന്നീട് അവൾ തന്നെ ഒര കൽച്ച കാണിച്ചു തുടങ്ങി...
പതിയെ അങ്ങോട്ടുള്ള പോക്കും വിളിയും സംസാരവുമൊക്കെ കുറഞ്ഞു....
ചെന്ന് കേറിയപ്പോൾ തന്നെ കരഞ്ഞ് കലങ്ങിയ അവളുടെ മുഖമാണ് കണ്ടത്...
എന്തു പറ്റി ജിനി .....
കരഞ്ഞുകൊണ്ടാണ് അവൾ അവളുടെ പുതിയ മെസ്സൻജർ സൗഹൃദത്തെ കുറിച്ച് പറഞ്ഞത്....
ദീപക്, അവനോടുള്ള സൗഹൃദം എല്ലാ അതിരുകളും ലംഘിച്ചു കഴിഞ്ഞു....
പലപ്പോഴും പല രാത്രികളിലും അവൻ അവളോടൊപ്പം വന്ന് താമസിച്ചിട്ടുണ്ട്.... ഇപ്പോൾ അവനോടൊപ്പം ഇറങ്ങി ചെല്ലണമെന്നതാണ് അവന്റെ ആവശ്യം...
നാലു വയസ്സുകാരി മകളെ ഏറ്റെടുക്കാൻ അവനു വയ്യ...
ചെന്നില്ലെങ്കിൽ പല രാത്രികളിലായി താനയച്ചുകൊടുത്ത ഫോട്ടോകളും പലപ്പോഴും അവൻ തന്നെ എടുത്ത ചിത്രങ്ങളും അവന്റെ കയ്യിലുണ്ട്... അത് അഭി ക്ക് അയച്ചുകൊടുക്കുമെന്നും നെറ്റിലൂടെ എല്ലാവരും അത് കാണുമെന്നും അവൻ ഭീഷണി മുഴക്കുന്നു.
ഞാനിനി എന്ത് ചെയ്യും???
അവളുടെ ചോദ്യം കേട്ടപ്പോൾ മുഖമടക്കി ഒന്ന് കൊടുക്കാനാണ് തോന്നിയത്.
പാവം അഭി എന്ത് മാത്രം അവനവളെ സ്നേഹിക്കുന്നു.
ജിനീ നീ ചെയ്തതെല്ലാം തെറ്റാണെന്നു ഞാൻ പറയാതെ തന്നെ നിനക്കറിയാം.
അറിഞ്ഞു കൊണ്ട് അഭിയെ മറന്ന് നീ ചെയ്ത തെറ്റിനെ എനിക്ക് സപ്പോർട്ട് ചെയ്യാൻ പറ്റില്ല...
നീ അവന്റെ കൂടെ പോവുകയോ ജീവിക്കുകയോ എന്തേലും ചെയ്യ്....
എനിക്കൊന്നേ പറയാനുള്ളൂ,പോവുന്നതിന് മുമ്പ് അഭിയെ വിളിച്ച് എല്ലാം പറയണം.....
നീ ചെയ്ത തെറ്റ് പൊറുക്കാൻ അഭി ക്ക് പറ്റിയില്ലെങ്കിൽ നീ നിന്റെ ദീപക്കിന്റെ കൂടെ പോണം....
പക്ഷേ അത് അവനോടൊപ്പമുള്ള സുഖജീവിതം പ്രതീക്ഷിച്ചാവരുത്, ഇതുപോലുള്ള ഒരുപാട് ദീപക്കുമാരുടെ കൂടെയുള്ള ജീവിതത്തിലേക്കോ അതല്ലെങ്കിൽ മരണത്തിലേക്കോ ആയിരിക്കണം...
ഇത്രേ എനിക്ക് നിന്നോട് പറയാനുള്ളൂ...
നീ തീരുമാനിച്ചിട്ട് വിളിക്ക്... കുഞ്ഞിനെ കൊണ്ടുപോവാൻ നീ എപ്പോ വിളിച്ചാലും ഞാൻ വരും...
അഭി വരുന്നത് വരെ അവളെ എന്റമ്മ നോക്കും.....
അല്ലാതെ ഈ കാര്യത്തിൽ എനിക്കൊന്നും ചെയ്യാനില്ല... ഞാൻ പോവുന്നു...
തിരിച്ച് വന്ന് വണ്ടിയിൽ കേറുമ്പോൾ ചിരിയോടെ റ്റാറ്റ കാണിക്കുന്ന മാളൂട്ടിയോട് ആന്റി മോളെ കൊണ്ടുപോവാൻ വാരാട്ടോ എന്ന് പറഞ്ഞു...
കാരണം എനിക്കറിയാമായിരുന്നു ജിനിയുടെ തീരുമാനം ദീപക്കിനൊപ്പം പോവാൻ തന്നെയാണെന്ന്...... അവളുടെ മുന്നിൽ വേറെ വഴിയില്ലെന്ന്....

വഴിതെറ്റിയവൻ

Image may contain: 2 people, closeup

ഏട്ടാ രണ്ടു ദിവസത്തേക്കുള്ളതുമതിയോ ഡ്രസ്സ്...
ആ മതിയെടീ....
നീ ഇങ്ങനെ ഓടി നടക്കാതെ എവിടേലും ഒന്നിരിക്കെന്റെ ചിന്നൂ...
എനിക്കാവശ്യമുള്ളതു ഞാനെടുത്തോളാം....
മകന്റെയും മരുമകളുടെയും സംസാരം കേട്ടുകൊണ്ടാണ് ശാരദ ടീച്ചർ റൂമിലേക്ക് വന്നത്...
മോനേ നാളെയാണ് ചിന്നു മോളെ ചെക്കപ്പിന് കൊണ്ടു പോവേണ്ട ദിവസം, നീ വന്നിട്ട് പോയാ മതിയോ?
എന്തിനാമ്മേ ഞാൻ.... അമ്മ അവളേ കൊണ്ടു പോയാ മതി...
മകന്റെ സംസാരം കേട്ടപ്പോ ശാരദ ടീച്ചർ ഒരു പാട് സന്തോഷിച്ചു...
അവരുടെ ചിന്തകളിലൂടെ മകന്റെ ഇന്നലെകൾ പുറത്തുചാടി....
അവന് പത്ത് വയസ്സുള്ളപ്പോഴാണ് ബസ്സപകടത്തിൽ സ്കൂൾ മാഷായ അവന്റെ അച്ഛൻ മരിക്കുന്നത്.....
തനിക്ക് ജേലിയുള്ളത് കൊണ്ട് അല്ലലില്ലാതെ തന്നെ അവനെ വളർത്തി...
പക്ഷേ എപ്പോഴോ അവൻ തന്റെ കൈവിട്ടു പോയി...
മദ്യപിച്ച് ക്ലാസിൽ കേറിയെന്നു പറഞ്ഞ് സ്കൂളിൽ നിന്ന് പുറത്താക്കിയപ്പോഴാണ് മകൻ കൈവിട്ട് പോയി എന്ന് ആദ്യമായി തിരിച്ചറിയുന്നത്..
പിന്നീട് പലരീതിയിലുള്ള കുറ്റങ്ങളും ആവർത്തിച്ചുകൊണ്ടിരുന്നപ്പോഴാണ് താനവനെ കൗൺസിലിങ്ങിന് കൊണ്ടുപോയത്....
തുടർച്ചയായ ഉപദേശങ്ങളും ചികത്സയുമൊക്കെ ചെയ്ത് നല്ല മാർക്കോടെ ഡിഗ്രി കഴിഞ്ഞു...
തുടർ പഠനത്തിനായി അവന്റെ നിർബന്ധത്തിന് വഴങ്ങിയാണ് ബാംഗ്ലൂർ കൊണ്ട് പോയി ചേർത്തത്.....
ഇനി ഞാൻ വഴിതെറ്റി പോവില്ലാമ്മേന്ന് ഒരു നൂറുവട്ടം ആണയിട്ടാണ് അവൻ തന്നെ കൊണ്ടത് സമ്മതിപ്പിച്ചത്...
വെറും ആറു മാസത്തിനകം തന്റെ എല്ലാ പ്രതീക്ഷകളും തകർത്ത് കൂടെ പഠിക്കുന്ന ഒരു കുട്ടിയെ പീഡിപ്പിച്ചതിന്‌ അവൻ അറസ്റ്റിലായെന്ന് കേളേജിൽ നിന്ന് വിളി വന്നു...
താനും ഭർത്താവിന്റെ സഹോദങ്ങളും പോയി ആ പെൺകുട്ടിയുടെ വീട്ടുകാരുടെ കാലുപിടിച്ചു അപേക്ഷിച്ചിട്ടാണ് നല്ലൊരു തുക കൊടുത്ത് കേസ് പിൻവലിപ്പിച്ചത്....
അതിനു വേണ്ടി തന്റെയും ഭർത്താവിന്റെയും ഒരായുഷ്കാലത്തിന്റെ അദ്ധ്വാനമായ വീടുവിൽക്കേണ്ടി വന്നു..
ബാക്കിയുള്ള തുക കൊണ്ട് ഒരു ചെറിയ വീടു വാങ്ങി താമസം തുടങ്ങി....
അവനെ നന്നാക്കിയെടുക്കാൻ പോവാത്ത അമ്പലങ്ങളും നേരാത്ത വഴിപാടുകളുമില്ല...
സഹോദരങ്ങളുടെ ശ്രമഫലമായി നല്ലൊരു ജോലി വാങ്ങി കൊടുത്തു....
നാല് വർഷം അവിടെ ജോലിയിൽ തുടർന്നപ്പോഴാണ് അവന്റെ ചെറിയച്ഛൻമാരുടെ ഇഷ്ടത്തിനനുസരിച്ച് കല്യാണാലോചന തുടങ്ങിയത്....
ഒരു പാട് ആലോചനകൾ മുടങ്ങിപ്പോയപ്പോഴാണ് തന്റെ കൂടെ ജോലി ചെയ്തിരുന്ന മാഷ് മകൾക്ക് വേണ്ടി ഇങ്ങോട്ട് ആലോചിച്ചത്....
ആദ്യമായി കുട്ടിയെ കാണാൻ ചെന്നപ്പോൾ അവളുടെ നിഷ്കളങ്കമായ മുഖത്തേക്ക് നോക്കിയപ്പോൾ അവളെ ചതിക്കാൻ തോന്നിയില്ല...
നല്ലൊരു കുട്ടി. നല്ല പെരുമാറ്റം.. അപർണ്ണ എന്നാണ് പേര്... അച്ഛൻ സ്നേഹത്തോടെ ചിന്നു എന്നാണ് വിളിക്കുന്നത്....
അവളോട് എല്ലാം തുറന്ന് പറഞ്ഞു..... അതു കേട്ടപ്പോഴും ഒരു പുഞ്ചിരിയോടെ അവൾ പറഞ്ഞത് കിരണേട്ടനെ നമുക്ക് ശരിയാക്കിയെടുക്കാം ടീച്ചറമ്മേ എന്നായിരുന്നു.....
പിന്നെ എല്ലാം പെട്ടെന്നായിരുന്നു.... അവൾ വന്നപ്പോൾ മുതൽ ഈ കുഞ്ഞു വീടു ഒരു സ്വർഗ്ഗമായി മാറി....
ഒരു വർഷം കഴിഞ്ഞും വിശേഷമൊന്നും ആവാതിരുന്നപ്പോൾ ചെറിയൊരു വിഷാദം അവളിലുണ്ടായിരുന്നു....
അപ്പോഴാണ് ചർദ്ദിയും പനിയുമായി കഴിഞ്ഞ മാസം ഡോക്ടറെ കണ്ടതിനൊപ്പം ആ സന്തോഷ വാർത്തയും വന്നത്...
അവൾക്കു വിശേഷമുണ്ട്....
എണീറ്റ് നിക്കാൻ പറ്റാത്തത്ര അവശതയാണ് അവൾക്കെങ്കിലും തന്റെയും മോന്റെയും എല്ലാ കാര്യവും അവൾ തന്നെ ചെയ്യും...
ഞാൻ പോയിട്ട് വരട്ടെ അമ്മേ.... എന്ന കിരണിന്റെ ചോദ്യമാണ് അവരെ ചിന്തയിൽ നിന്നുണർത്തിയത്....
അവൻ പോയതിന് പിന്നാലെ നല്ലതലവേദനയുണ്ടമ്മേ അമ്മബാമിട്ട് താ എന്നും പറഞ്ഞ് ചിന്നു മടിയിൽ വന്നു കിടന്നു....
നാളെ ചെക്കപ്പിന് പോവുമ്പോ മറക്കാതെ പറയണം എന്നും വരുന്ന ഈ തലവേദനയും പനിയുമൊക്കെ....
എനിക്ക് ചിലപ്പോ ഓർമ്മകാണില്ല അതാ നിന്നോട് തന്നെ പറയുന്നത് എന്നു പറഞ്ഞ് ബാ മിട്ട് മസ്സാജ് ചെയ്തു....
എപ്പോഴോ മടിയിൽ കിടന്നു തന്നെ അവളുറങ്ങിപ്പോയി...
ഒന്നും കഴിച്ചില്ല... വേണ്ട ഇനിയുണർത്തണ്ട, ഉണരുമ്പോൾ എന്തെങ്കിലും കഴിക്കട്ടെ.....
വാതിലടച്ച് വന്ന് കിടന്നു.... രാവിലെ എണീറ്റപ്പോൾ മുതൽ പെണ്ണ് വാഷ്ബേസിന് മുന്നിൽ തന്നെ...
ഒന്നും കഴിച്ചിട്ടില്ലെങ്കിലും കുടിക്കുന്ന വെള്ളം പോലും ചർദ്ദിക്കുന്നു....
നേരത്തെ തന്നെ ഒരുങ്ങി ഹോസ്പിറ്റലിൽ പോയി...
വിഷമതകളെല്ലാം പറഞ്ഞപ്പോൾ ആദ്യമാസത്തിൽ ചെയ്യേണ്ട ടെസ്റ്റുകളൊക്കെ എഴുതിതന്ന് ഇത് ചെയ്ത് വരൂ...
എന്നിട്ട് നോക്കാമെന്ന് പറഞ്ഞ് വിട്ടു....
ഒന്നര മണിക്കൂറിന് ശേഷം ഡോക്ടറുടെ മുമ്പിൽ ടെസ്റ്റ് റിസൾട്ടുമായി ചെന്നിരുന്നു...
പേപ്പറിലേക്ക് നോക്കിയ ഡോക്ടർ അപർണ്ണ കുറച്ച് സമയം പുറത്തേക്കിരുന്നോളൂ, ഞാൻ തന്റെ അമ്മയോടൊന്ന് സംസാരിക്കട്ടെ എന്ന് പറഞ്ഞപ്പോൾ എന്തോ ഒരു പേടി മനസ്സിൽ നിറഞ്ഞു...
ചിരിച്ചു കൊണ്ട് ചിന്നുമോൾ ഇറങ്ങിപ്പോയപ്പോൾ ഡോക്ടർ പറഞ്ഞു തുടങ്ങി......
നിങ്ങൾ ടീച്ചറാണെന്നല്ലേ പറഞ്ഞത്..
ആയിരുന്നു മേഡം ഇപ്പോഴല്ല..
റിട്ടേർഡായി.....
ഓ.....
ഞാൻ പറഞ്ഞു വരുന്നത് നിങ്ങൾ ഉൾക്കൊള്ളുമെന്നു തോന്നുന്നു....
എന്തായാലും പറയണം...... പറയാതിരിക്കാൻ പറ്റില്ലല്ലോ.....
നിങ്ങൾ ഈ ലാബ് റിപ്പോർട്ട് ഒന്ന് നോക്കൂ.... ആ കുട്ടിക്ക് HIV പോസിറ്റീവ് ആണ്.....
ഭൂമി കറങ്ങുന്നത് പോലെയാണ് തനിക്കപ്പോൾ തോന്നിയത്.... നിങ്ങളുടെ മകനെയും ബ്ലഡ് ടെസ്റ്റ് ചെയ്തു നോക്കൂ.... എന്നൊക്കെ ഡോക്ടർ തുടർന്ന് പറയുന്നുണ്ടായിരുന്നെങ്കിലും ഒന്നും മുഴുവനായി കേട്ടില്ല...
തന്റെ മകൻ കാരണം ഒരു പെണ്ണിന്റെ ഭാവി നശിച്ചിരിക്കുന്നു... ജീവിതം നശിച്ചിരിക്കുന്നു.. ഒന്നുമറിയാത്ത ഒരു കുഞ്ഞു ജീവൻ അവളുടെ ഉള്ളിലുണ്ട്, അതിനെ എന്ത് ചെയ്യും... ദൈവമേ...
അവളുടെ മുമ്പിലെത്തുന്നതിന് മുമ്പ് നീ എന്നെ ഒന്ന് തിരികെ വിളിക്കാമോ???
എന്ത് പറയും ഞാനവളോട്...
ചെറുപ്പത്തിലേ അമ്മ മരിച്ചു പോയിട്ടും ഏകമകളെ സ്നേഹിച്ചു ലാളിച്ചു വളർത്തിയ അവളുടെ അച്ഛനോട് എന്ത് സമാധാനം പറയും....
എല്ലാമാസവും കമ്പനി മീറ്റിംങ്ങിനെന്നും പറഞ്ഞ് വീട്ടിൽ നിന്നും ഒന്നോ രണ്ടോ ദിവസം അവൻ മാറി നിക്കുമ്പോഴും അനിയൻമാർ തന്നോട് സൂചിപ്പിച്ചിരുന്നു... അവന് പല വഴിവിട്ട ബന്ധങ്ങളുമുണ്ടെന്ന്......
പക്ഷേ ചിന്നു മോളോടുള്ള അവന്റെ സ്നേഹവും പെരുമാറ്റവും കണ്ടപ്പോൾ തനിക്കത് വിശ്വസിക്കാൻ തോന്നിയില്ല....
അവന്റെ കഴിഞ്ഞകാലം മറന്നിട്ടില്ലാത്തത് കൊണ്ട് അവർക്ക് വെറുതേ തോന്നുന്നതാവണേ എന്ന് നിശ്ശബ്ദമായി ദൈവത്തോട് പ്രാർത്ഥിച്ചു.....
തന്റെ പ്രാർത്ഥനകളൊന്നും ഫലിച്ചില്ല...
തന്റെ മകൻ ഭാര്യയേയും അമ്മയേയുമൊക്കെ സമർത്ഥമായി പറ്റിച്ചിരിക്കുന്നു....
തന്നെ കണ്ടതും ഇരിപ്പിടത്തിൽ നിന്നും ചിന്നു എണീറ്റ് പതിയെ നടന്നു വരുന്നുണ്ടായിരുന്നു..
എന്തു പറയും ദൈവമേ ഞാനവളോട്...
എന്താമ്മേ ഡോക്ടർ പറഞ്ഞത്????
അത് മോളേ രക്തക്കുറവ് നല്ലോണമുണ്ട് അതിന്റെ യാ....
നീ അവിടെ തന്നെ പോയിരിക്ക് മോളേ, അമ്മ മരുന്ന് വാങ്ങീട്ട് വരാം...
മരുന്ന് വാങ്ങാൻ നിൽക്കുമ്പോഴും അവളോടെന്തു പറയുമെന്ന് ചിന്തിച്ചിട്ട് ഒരുത്തരവും കിട്ടിയില്ല....
തിരിച്ച് വീട്ടിലെത്തിയപ്പോൾ അവൾ പലവട്ടം ചോദിക്കുന്നുണ്ടായിരുന്നു അമ്മക്കെന്തു പറ്റീന്ന്...
ഒന്നുമില്ലെന്ന് അവളോട് പറയുമ്പോഴും എങ്ങനെയാണ് അവളോടത് പറഞ്ഞു തുടങ്ങേണ്ടതെന്ന് ചിന്തിക്കുകയായിരുന്നു താൻ...
രാത്രി എന്റടുത്ത് വന്നവൾ ചുരുണ്ടുകൂടി കിടന്നപ്പോൾ ഞാൻ പതിയെ പറഞ്ഞു തുടങ്ങി...
എന്റെ മോൾക്ക് അമ്മയോട് ഒരിക്കലും ദേഷ്യം തോന്നരുത്....
ഒരു പക്ഷേ ഞാൻ വർഷങ്ങൾക്ക് മുമ്പേ വൃത്തികെട്ട എന്റെ മോന് ഒരു പെണ്ണ് വേണ്ടാന്ന് തീരുമാനിച്ചിരുന്നെങ്കിൽ നിന്നെ എനിക്ക് രക്ഷിക്കാമായിരുന്നു....
ഇനിയിപ്പോ ഞാൻ വിചാരിച്ചാൽ നിന്നെയെനിക്ക് രക്ഷപ്പെടുത്താനാവില്ല...
നീ എന്നോട് ക്ഷമിക്ക് മോളേ....
നിനക്ക്...
പറഞ്ഞു തുടങ്ങിയപ്പോഴേക്കും അവളെന്റെ വാ പൊത്തി...
അമ്മ എന്നോടൊരു തെറ്റും ചെയ്തിട്ടില്ല.. കിരണേട്ടന്റെ ഭാര്യയായതോണ്ടല്ലേ എനിക്കിങ്ങനെയൊരു അമ്മയെ കിട്ടിയത്...
ഡോക്ടറെ കണ്ടപ്പോ മുതൽ എൻറമ്മേടെ പതിവില്ലാത്ത ടെൻഷനും എന്നോടെന്തൊക്കെയോ ഒളിപ്പിക്കുന്നതും, ലാബ് റിപ്പോർട്ട് ഞാൻ കാണാതെ അലമാരയിൽ കൊണ്ട് വെച്ചു പൂട്ടുന്നതുമൊക്കെ കണ്ടതുകൊണ്ട് അമ്മയറിയാതെ ഞാനതെടുത്ത് നോക്കി....
അവളുടെ ശാന്തമായ സ്വരം കേട്ടപ്പോൾ അതു വരെ പിടിച്ചു നിർത്തിയ കണ്ണീരെല്ലാം ഒന്നിച്ചു പുറത്ത് ചാടി...
അവളെ ചേർത്ത് പിടിച്ച് കരയുമ്പോൾ ഞാൻ ചോദിച്ചു, നിനക്ക് വിഷമമില്ലേമോളേന്ന്...
അപ്പോഴും അവൾ ശാന്തമായി തന്നെ പറഞ്ഞു...
ഇല്ലമ്മേ ....
പക്ഷേ ഈ കുഞ്ഞ് അതെന്ത് പിഴച്ചു... അതിനെ എന്തു ചെയ്യും???
അവളുടെ ആ ചോദ്യം കുറെ സമയമായി എന്റെ ഉള്ളിലും ഉത്തരമില്ലാതെ അലയുന്നുണ്ട്...
ഒരു തെറ്റും ചെയ്യാത്ത ആ കുഞ്ഞിനെ ഇല്ലാതാക്കി എനിക്ക് ജീവിക്കാനാവില്ലമ്മേ എന്ന് പറഞ്ഞ് ആദ്യമായവൾ കരഞ്ഞു...
പക്ഷേ ഈ സമൂഹത്തിലേക്ക് ഒരു പരിഹാസപാത്രമാക്കാൻ അതിനെ കൊണ്ടുവരാനും എനിക്ക് വയ്യമ്മേ...
എനിക്ക് ജീവിക്കണ്ടമ്മേ എന്നെ ഒന്ന് കൊന്ന് തര്യോ എന്ന് ചോദിച്ചവൾ എന്നെ ഇറുകെ പുണർന്ന് കരഞ്ഞുകൊണ്ടിരുന്നു...
മറുപടിയൊന്നും പറഞ്ഞില്ലെങ്കിലും അത് തന്നെ ഞാനും ചിന്തിച്ചു കൊണ്ടിരുന്നു..
എഴുന്നേറ്റ് പോയി കുറെ സമയം ഒറ്റക്കിരുന്നു... ശരീരമാകെ തളരുന്നത് പോലെ തോന്നുന്നു....
രാവിലെ മുതൽ ഒന്നും കഴിച്ചില്ല.. വിശപ്പറിയുന്നില്ലായിരുന്നു....
അപ്പോഴാണ് ചിന്നു ഇന്ന് ഒന്നും കഴിച്ചിട്ടില്ലെന്ന് ഓർമ്മ വരുന്നത്... പോയി വിളിച്ചു നോക്കിയെങ്കിലും എനിക്കൊന്നും വേണ്ടമ്മേ എന്ന് പറഞ്ഞവൾ കരഞ്ഞ് കൊണ്ടിരുന്നു...
തിരിച്ച് വന്ന് വീണ്ടും ഹാളിലിരുന്നു.....
ഫോണെടുത്തു നോക്കിയപ്പോൾ കിരണിന്റെ ഒരു പാട് മിസ്ഡ് കോൾ ഉണ്ട്...
രണ്ട് മൂന്ന് മെസ്സേ ജുകളും കിടക്കുന്നു....
രാവിലെ മുതൽ രണ്ട് പേരും എന്താ ഫോണെടുക്കാത്തെ, എന്താമ്മേ റിപ്ലെ തരാത്തെ എന്നൊക്കെയാണ്......
അതെ ഞാൻ നിനക്ക് റിപ്ലെ തരാൻ പോവാ മോനെ...
ജീവനു തുല്യം സ്നേഹിച്ച അമ്മയേയും നിന്റെ എല്ലാ തെണ്ടിത്തരങ്ങളും അറിഞ്ഞിട്ടും നിന്നോട് ക്ഷമിച്ച് ജീവിച്ച നിന്റെ ഭാര്യയും നാളെ മുതൽ ഈ ഭൂമിയിൽ ഇല്ല....
നിനക്ക് വേണ്ടി മാത്രം ജീവിച്ച എന്റെയും ഒരു പാവം പെൺകുട്ടിയുടെയും ഒരായുസ്സ് മുഴുവൻ അമ്മയില്ലാത്ത മകൾക്ക് വേണ്ടി നീക്കിവെച്ച ഒരച്ഛന്റെയും ,ഭൂമി കണ്ടിട്ടില്ലാത്ത നിന്റെ പൈതലിന്റെയും ശാപം പേറി നീ ജീവിക്കണം... നിന്റെ സന്തോഷങ്ങൾ ഇനിയും തുടർന്ന് കൊള്ളുക... ഇത് മാത്രമാണ് ഇനി ഈ അമ്മക്ക് നിന്നോട് പറയാനുള്ളത്......
മെസ്സേജ് സെൻഡ് ചെയ്ത് അടുക്കളയിൽ പോയി രണ്ടു ഗ്ലാസ് പാലെടുത്തു...
വീടിനു നാലു ഭാഗവും നട്ടു വെച്ച കപ്പയും ചേമ്പും എലി കൊണ്ടു പോകുന്നത് കൊണ്ട് വാങ്ങി വെച്ച എലിവിഷം രണ്ടു ഗ്ലാസിലും പകർന്നു...
ചിന്നു മോളേ ഇതുകുടിച്ചേ....
എനിക്ക് വേണ്ടമ്മേ വിശപ്പില്ല...
എനിക്കറിയാം.. അതു കൊണ്ടല്ലേ അമ്മ പാലെടുത്തത്....
എണീക്ക് അമ്മ തരാം...
പിടിച്ചെണീപ്പിച്ച് അവളെ യത് കുടിപ്പിക്കുമ്പോൾ എന്റെ കൈ വിറക്കുന്നുണ്ടായിരുന്നു....
അടുക്കളയിൽ വന്ന് തനിക്ക് വേണ്ടി മാറ്റി വെച്ച ഗ്ലാസ് എടുത്ത് മടി കൂടാതെ കുടിച്ചു...
എന്തൊക്കെയോ രുചി വിത്യാസമുണ്ട്..
ചിന്നു ഒന്നും പറഞ്ഞില്ലല്ലോ...?
ഒരു പക്ഷേ അവൾ ഇതു പ്രതീക്ഷിച്ചിട്ടുണ്ടാവുമോ.?
വേഗം പാത്രം കഴുകി വെച്ച് അവളോടൊപ്പം തന്നെ പോയി കിടന്നു....
ചതിയും വഞ്ചനയും പരിഹാസങ്ങളുമില്ലാത്ത ലോകത്തേക്ക് എന്റെ മകന്റെ കുഞ്ഞുമായി ഞങ്ങൾ പോവുകയാണ്.......

ചോദ്യങ്ങൾ

ഓഫീസിൽ നിന്നിറങ്ങിയപ്പോ തന്നെ അര മണിക്കൂർ ലേറ്റ്...
ഇപ്പോ ദാ ഏതോ അമ്പലത്തിലെ പൂരമാണ്. റോഡ് ബ്ലോക്കായിരിക്കുന്നു...
ഇന്ന് അങ്ങോട്ട് ചെല്ലാതിരിക്കുന്നതാവും നല്ലത്.
മോന് വീട്ടിലിടാൻ ഡ്രസ്സ് വാങ്ങണമെന്നും നേരത്തെ വരണമെന്നു മൊക്കെ ഇന്നലെ തന്നെ പ്രിയതമ പറഞ്ഞതാണ്...
വീട്ടിലെത്തിയപ്പോ എട്ടര മണിയായി.
ടീ വേഗം ഒരുങ്ങ്. എല്ലാ കടയൊന്നും അടച്ചിട്ടുണ്ടാവില്ല.
വീട്ടിലിടാനുള്ള ബനിയൻ ഡ്രസ്സല്ലേ എല്ലാ കടകളിലും കാണും... പോവാം എന്ന് പറഞ്ഞിട്ടും പ്രതികരണമൊന്നുമില്ലാതെ അടുക്കളയിൽ തന്നെ നിക്കുന്നത് കണ്ടപ്പോ തന്നെ വിചാരിച്ചതാ...
പണി കിട്ടി.
നാല് ദിവസത്തേക്ക് മിണ്ടാതിരിക്കാനുള്ള കാരണമായി...
ഒരു അനുനയനത്തിന് ശ്രമിച്ച് അടുത്ത് ചെന്ന് സോപ്പിട്ടു നോക്കി...
ഫുഡ് പുറത്തൂന്ന് കഴിക്കാം വാ... ഇനിയുള്ള പണിയൊക്കെ നമുക്ക് രണ്ട് പേർക്കൂടെ വന്നിട്ട് ചെയ്യാം....
അവന് ഡ്രസ്സ് ഇപ്പോവേണ്ട ഏട്ടാ... അവനു കുറെയുണ്ടല്ലോ... പിന്നെ വാങ്ങാം...
ങ്ങേ അപ്പോ നീയല്ലെ ഇന്നലെ അവന് വീട്ടിലിടാൻ ഡ്രസ്സില്ലെന്നും എല്ലാം കീറിയതാണെന്നുമൊക്കെ പറഞ്ഞത്...
അതു പിന്നെ...
ഏട്ടന്റെ കയ്യിൽ ഉളള കാശ് എനിക്ക് തര്യോ...
എന്താ ഡീ കാര്യം നിനക്കിപ്പോ എന്തിനാ കാശ്...?
ഏട്ടാ അപ്രത്തെ മിന്നൂട്ടിയില്ലെ നന്നായിട്ട് ഡാൻസ് കളിക്കുന്നുണ്ട്...
ആ അത് നീ എന്നോട് പറഞ്ഞതല്ലെ... നീ മൊബൈലിൽ പാട്ട് വെച്ച് കൊടുക്കാറുണ്ടെന്നും അവള് നന്നായിട്ട് കളിക്കുന്നുണ്ടെന്നുമൊക്കെ.....
ആം....
സ്കൂളിൽ ഡാൻസിന് ഉണ്ടായിരുന്നു... ഇന്ന് ലാസ്റ്റ് ടൈമിൽ അവളെ ഒഴിവാക്കീത്രെ....
ചേച്ചിയോട് ചോദിച്ചപ്പോ തിന്നാൻ കൊടുക്കാൻ പോലും ഇല്ല മോളെ പിന്നാണോ കളിക്കാൻ പൈസാ കൊടുക്കുന്നത് എന്നാ പറഞ്ഞത്.
800 രൂപയാത്രെ... ഏട്ടൻ തര്യോ...
ആ ഉണ്ണിയേട്ടന്റെ കയ്യിൽ ഇല്ലാഞ്ഞിട്ടല്ല ഏട്ടാ.. കെടുക്കില്ല.
പണിയെടുക്കുന്നത് മുഴുവൻ കുടിച്ച് തീർക്കും....
രണ്ടൂസം കഴിഞ്ഞാമിന്നൂന്റെ ബർത്ത്ഡേയാ....ആ കുഞ്ഞിന്ന് പറയുന്നത് കേട്ടപ്പോ എനിക്ക് വിഷമായി പോയി....
ആവശ്യത്തിനും അനാവശ്യത്തിനുമൊക്കെ എത്രയാ നമ്മൾ ചിലവാക്കുന്നത്... എന്നിട്ടും നമ്മളെന്താ ഏട്ടാ അതൊന്നും കാണാതിരുന്നേ...?
പറഞ്ഞ് നിർത്തുമ്പോ അവളുടെ തൊണ്ടയിടറുന്നത് ഞാനറിഞ്ഞു....
അടുത്ത് ചെന്ന് പതിയെ ചേർത്ത് പിടിച്ചപ്പോ അവളുടെ നിറഞ്ഞ കണ്ണുകൾ അവളെന്റെ നെഞ്ചിലൊളിപ്പിച്ചു.....
രാവിലെ പോവാൻ റെഡിയായപ്പോ കയ്യിലിരുന്ന 1500 രൂപ അവളുടെ കയ്യിൽ കൊടുത്തപ്പോ ഒരു പതിനഞ്ചു ലക്ഷം കിട്ടിയ പോലത്തെ തിളക്കം അവളുടെ കണ്ണുകളിലുണ്ടായിരുന്നു....
വൈകുന്നേരമായപ്പോ ഒരു ചെറിയ കടയിൽ കയറി മോന് രണ്ട് ജോഡി ഡ്രസ്സെടുക്കാൻ...
ചെന്ന് കേറിയപ്പോ തന്നെ കണ്ണിലുടക്കീത് ഒരു സുന്ദരി ഫ്രോക്കിലാണ്...
മോനെ ഗർഭിണിയായപ്പോ മുതൽ ഇപ്പോഴും ആർക്ക് ഡ്രസ്സെടുക്കാൻ കേറിയാലും അവൾ പെൺകുട്ടികളുടെ ഉടുപ്പ് കൊതിയോടെ നോക്കി നിക്കുന്നത് കണ്ടിട്ടുണ്ട്...
പലപ്പോഴും ഞാനതിന് അവളെ വഴക്ക് പറഞ്ഞിട്ടും ഉണ്ട്...
അന്നൊന്നും പെൺകുട്ടികളുടെ ഉടുപ്പിന് ഇത്രേം ഭംഗി എനിക്ക് തോന്നിട്ടില്ലായിരുന്നു...
അതെടുത്ത് തിരിച്ചും മറിച്ചും നോക്കുന്ന കണ്ടപ്പോ സെയിൽസ്മാൻ രണ്ട് മൂന്നെണ്ണം എടുത്ത് വിരിച്ചിട്ടു...
എത്ര പ്രായമുള്ള കുട്ടിക്കാ ചേട്ടാ എന്ന സെയിൽമാന്റെ ചോദ്യത്തിന് എനിക്ക് പെട്ടെന്നൊരു ഉത്തരം കിട്ടില്ല...
പിന്നെ പറഞ്ഞൊപ്പിച്ചു ഒരു എട്ട് വയസ്സുള്ള കുട്ടിക്കാ....
വീട്ടിലേക്ക് വന്ന് കയറിപ്പോ രണ്ട് മൂന്ന് കവറ് കണ്ടപ്പോ തന്നെ അവള് വഴക്ക് തുടങ്ങി..
ഞാൻ വേണ്ടാന്ന് പറഞ്ഞതല്ലേ ഏട്ടാ.. വെറുതെ എന്തിനാ വാങ്ങീത്... അവന് കുറെയുണ്ടല്ലോ.....
നീ കവറ് തുറന്ന് നോക്ക് പെണ്ണെ..
എന്നിട്ട് പറയ് എന്ന് പറഞ്ഞപ്പോ അവളെന്നെയൊന്ന് സൂക്ഷിച്ച് നോക്കി കവർ പൊട്ടിച്ചു...
ഒരു കുഞ്ഞു മിഡിയും ടോപ്പും ഒരു ഫ്രോക്കും...
കവറീന്നെടുത്തപ്പോ തന്നെ അവൾടെ കണ്ണു നിറഞ്ഞിരുന്നു.......
നിനക്കിതു കണ്ടിട്ടു സങ്കടാണോ പെണ്ണെ... എന്ന എന്റെ ചോദ്യത്തിന് ഒന്നു പോ ഏട്ടാന്നും പറഞ്ഞ് ഒരു ഇടിയും തന്ന് അത് രണ്ടും വാരിനെഞ്ചോട് ചേർത്തു.....
നാളെ കൊടുക്കാല്ലെ എട്ടാന്ന് പറഞ്ഞ് അലമാരയികൊണ്ടു വച്ച് ഭക്ഷണം കഴിച്ച് കിടന്നു...
ഉറക്കം വരാതെ എന്റെ കയ്യിൽ തലചേർത്ത് വച്ച് കിടന്ന് പതിയെ അവൾ പറയുന്നുണ്ടായിരുന്നു..
ഏട്ടാ ഇത് കൊടുക്കുമ്പോ മിന്നൂട്ടിക്ക് ഒത്തിരി സന്തോഷവും.....
പല പ്രാവശ്യം അപ്പൂസിന്ഡ്രസ്സ് വാങ്ങുമ്പോഴും ഷൂ വാങ്ങുമ്പോഴുമൊക്കെ ആ കുഞ്ഞ് കൊതിയോടെ അത് തൊട്ട് നോക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്... അപ്പോഴൊന്നും ആ കുഞ്ഞിനും ആഗ്രഹമുണ്ടാവുന്ന് എനിക്കെന്താ തോന്നാതിര്ന്നേ ഏട്ടാ...
ഉറക്കത്തിലേക്ക് വീണ എന്നെ തോണ്ടി വിളിച്ചാണ് ചോദ്യം....
എന്റെ പൊന്നൂസെ ഞാനൊന്ന് ഉറങ്ങട്ടെ.... നീ നാളെ അത് കൊട്ത്ത് സന്തോഷമൊക്കെ നേരിട്ട് കാണ്..
എന്നെ വെറുതെവിടെ ടീ എന്ന് ദയനീയമായി പറഞ്ഞ് ഞാൻ തിരിഞ്ഞ് കിടന്നു....
ഒന്നൊറങ്ങി വന്നപ്പോ ദാ.. വീണ്ടും തോണ്ടുന്നു...
ഏട്ടാ...
മ്മ്... എന്താ ഡീ..
സ്വന്തം മക്കൾക്ക് തിന്നാൻ കൊടുക്കാതേം ഉടുക്കാൻ വാങ്ങി കൊടുക്കാതേം കുടിച്ച് നടന്നിട്ട് ഈ ഉണ്ണിയേട്ടനേപ്പോലുള്ളവർക്ക് എന്ത് നേട്ടമാ കിട്ടാനുള്ളത്..?
അയാൾ അദ്വാനിച്ചുണ്ടാക്കുന്നത് കുടുംബത്തിന് വേണ്ടി ചെലവാക്കുവാണേൽ ചേച്ചീം മക്കളും എത്ര സന്തോഷായിട്ടിരുന്നേനെല്ലേ ഏട്ടാ....
എന്റെ പൊന്നൂ സേ....
സ്വന്തം കുടുംബം തന്നെ ഒരു ലഹരിയാണെന്ന് മനസ്സിലാക്കാത്ത അദ്വാനിക്കുന്നത് മുഴുവൻ കൊടുത്ത് ലഹരി തേടുന്ന ഉണ്ണിയെപ്പോലെ ഒരു പാട് വിഡ്ഢികൾ ഉണ്ട്..
അവരെയൊന്നും നമുക്ക് തിരുത്താനാവില്ല.... അവരെന്നും അങ്ങനെ തന്നെ ഉണ്ടാവും.....
എന്റെ പൊന്നൂ ഞാനൊന്നു ഉറങ്ങട്ടെ ടീ..
ഇനി വിളിച്ചേക്കല്ലേ......
മമ്മ്.. ഇല്ല ഏട്ടനൊറങ്ങിക്കോ ഇനി വിളിക്കൂല്ലാന്നും പറഞ്ഞ് അവൾ തിരിഞ്ഞ് കിടന്നു.....
ഇനിയും ചോദ്യങ്ങൾ വരുന്നതിനും മുമ്പ് തലവഴി പുതപ്പിട്ട് ഞാനും മിണ്ടാതെ കിടന്നു....

ഇളയമ്മ

ഇളയമ്മ
...........................
അച്ചുവേട്ടാ മതി ഉറങ്ങീത് ഈ മോളെയൊന്ന് പിടിച്ചേ...
അമ്മ കുറെ നേരമായി വിളിക്കുന്നു.
ഓ..... ഒരു ഞായറാഴ്ചയെങ്കിലും ഞാനിത്തിരി ഉറങ്ങട്ടെ ടീ... നിന്റമ്മക്കിത് എന്തിന്റെ കേടാ നേരം വെളുത്തില്ല അതിനു മുന്നേ....
നേരം വെളുത്തില്ലാന്നോ... സമയം അച്ചുവേട്ട നെണീക്കാൻ കാത്തു നിക്കുവാന്നാണോ വിചാരം.. 9 മണിയായി... എന്നും പറഞ്ഞ് മോളെ നെഞ്ചത്ത് കേറ്റി വെച്ച് അവള് ഫോണും പിടിച്ചങ്ങ് പോയി....
ഫോൺ വിളി കഴിഞ്ഞ് വന്നപ്പഴും അച്ചനും മോളും ബെഡിൽ കിടന്ന് കളിക്കുന്നു...
അച്ചുവേട്ടാ ഇതുവരെ എന്നീറ്റില്ലേ? ഒന്നു വേഗം എണീറ്റ് കുളിച്ച് റെഡിയായിക്കേ.... ഒരു സ്ഥലം വരെ പോവാനുണ്ട്....
എങ്ങോട്ട് പോവാൻ ??എന്തിനാ അമ്മ വിളിച്ചത്... കാര്യം പറയഭീ....
അതേയ് അച്ചുവേട്ടാ ഇളയമ്മയെ അപ്പു ഇന്നലെ രാത്രി വീട്ടീന്ന് എറക്കി വിട്ടൂ ത്രെ....
ഇപ്പോ അടുത്ത വീട്ടില് പോയി ഇരിക്കാണെന്ന്.... അറിഞ്ഞിട്ട് നമുക്കത് കണ്ടില്ലാന്ന് നടിക്കാൻ പറ്റില്ലച്ചുവേട്ടാ... നമുക്ക് പോയി വിളിച്ചു നോക്കാം....
രാവിലെ തന്നെ എന്നെ പ്രാന്ത് പിടിപ്പിക്കല്ലെ അഭീ...
ഞാൻ പറഞ്ഞതാ നിൻറ ട്ത്ത് ആ തള്ളേടകാര്യം എന്നോട് പറഞ്ഞേക്കര്തൂന്ന്....
എനിക്കത് കേൾക്കണ്ട... അവരെവിടെ പോയാലും വേണ്ടില്ല ഇങ്ങോട്ട് ഞാൻ കൊണ്ട് വരില്ല....
കഴിഞ്ഞതെല്ലാം മറന്ന് ക ളയച്ചേട്ടാ... നമ്മള് നമുക്ക് ചെയ്യാനുള്ളത് ചെയ്യണം.... അല്ലെങ്കിൽ പിന്നെ നമ്മളും അവരും തമ്മിലെന്താ വിത്യാസം... എണീറ്റേ.... പോയി കുളിച്ച് റെഡിയാവ്... ഞാനപ്പഴേക്കും ഭക്ഷണം എടുത്ത് വെക്കാം....
എന്തൊക്കെ പറഞ്ഞാലും അമ്മയല്ലെ അച്ചുവേട്ടാ.....
അച്ചൻ അവസാനം പറഞ്ഞതും അതുതന്നെയായിരുന്നു.... നിൻറമ്മയും അനിയനുമാ നോക്കിക്കോണേന്ന്.....
ആറാം വയസ്സിൽ അമ്മയാണെന്ന് പറഞ്ഞ് ഇളയമ്മയെ കൊണ്ട് വന്നപ്പോ ഇത് നിന്റെ മോനാണ് അവനെ നന്നായി നോക്കിക്കോണേന്ന് അച്ചൻ പറഞ്ഞത് ഞാൻ കേട്ടില്ലായിരുന്നു....
ഒരു ദിവസം പോലും എന്റെ അമ്മയാവാൻ അവർ ശ്രമിച്ചിട്ടില്ലല്ലോ?
അമ്മ മരിക്കുന്നത് വരെ അച്ചന്റെ രാജകുമാരനായിരുന്ന എന്നെ ഇളയമ്മ വന്നപ്പോഴും അപ്പു ജനിച്ചപ്പോഴുമൊക്കെ ഒരു വേലക്കാരനായി കണ്ടപ്പോൾ പോലും അച്ചൻ പറഞ്ഞില്ലല്ലോ ഇതും നിന്റെ മോനാന്ന്..?
പിന്നെന്തിനാ ഇപ്പോ എനിക്കൊരമ്മ?
അഭീ നിന്നോട് ഞാൻ പറഞ്ഞതല്ലേ പത്താം വയസ്സിൽ അച്ചച്ചന്റേം അമ്മമ്മേടെം കൂടെ ഇങ്ങോട്ട് വരുന്നത് വരെ ഞാനെന്ത് മാത്രം അനുഭവിച്ചിട്ടുണ്ടെന്ന്....
അന്ന് അച്ചച്ചൻ അച്ചനോട് വഴക്കിട്ടാ എന്നേം കൊണ്ട് പോന്നത്... പിന്നെ അച്ചൻ മരിക്കുമ്പഴാ ഞാനാ വീട്ടിൽ കേറിച്ചെന്നത്...
അന്നു പോലും ഇളയമ്മയും അപ്പുവും എന്നെ ശ്രദ്ധിച്ചു പോലുമില്ല....ചടങ്ങുകൾ കഴീണ വരെ ഞാനും അച്ചമ്മയും അവിടെ നിന്നത് അന്യരെ പോലെയാ... അതൊക്കെ ഞാൻ മറക്കണോ???
ഇപ്പോ ഒന്നും മറക്കണ്ടാ.... ആദ്യം പോയി നമുക്ക് ഇളയമ്മയെ കൊണ്ട് വരാം ........അതിന് ശേഷം മറക്കണോ വെറുക്കണോന്നൊക്കെ
തീരുമാനിക്കാം... ഇപ്പോ മോൻ പോയി കുളിക്ക്... ചെല്ല് ചെല്ല്.... എനിക്കും മോളെ കുളിപ്പിച്ചൊരുക്കണം.....
ബാത്ത് റൂമിൽ കയറിയപ്പോഴും മനസ്സിൽ കഴിഞ്ഞ കാലങ്ങളായിരുന്നു....
അച്ചൻ പെട്ടെന്നൊരു ദിവസം ബൈക്ക് ആക്സിഡന്റിൽ മരിക്കുമ്പോൾ അപ്പുവിന് 18 വയസ്സുണ്ട്...
അപ്പോഴും അവൻ കുഞ്ഞല്ലേ എന്നാണ് അച്ചൻ പറഞ്ഞത്.അവനേം അമ്മയേം തന്നെ ഏൽപ്പിക്കാനായിരുന്നു അച്ചനു തിടുക്കം.....
അച്ചൻ മരിച്ചയുടനെ അച്ചന്റെ സ്വത്തിൽ ഞാനവകാശം ചോദിച്ചാലേന്ന് പേടിച്ച് ഇളയമ്മ എല്ലാം അപ്പുവിന്റെ പേരിലാക്കി.....
അവൻ പല ലഹരിക്കും അടിമയാണെന്ന് പലപ്പോഴും പലരും പറഞ്ഞ് ഞാനറിഞ്ഞിരുന്നു...
അച്ചൻ മരിച്ച് കുറച്ച് ദിവസം അവിടെ നിന്നപ്പോൾ അതിനെ കുറച്ച് അവനോട് ചോദിച്ചപ്പോൾ താനെന്റെ കാര്യത്തിൽ എടപെടണ്ട എന്നാണ് അവൻ പറഞ്ഞത്....
അന്ന് അവിടുന്ന് പോന്നേ പിന്നെ അങ്ങോട്ട് പോയിട്ടില്ല....
ഇരുപത്തിരണ്ടാം വയസ്സിൽ തന്നെ എതോ പെണ്ണിനെ വിളിച്ചെറക്കി കൊണ്ടുവന്നെന്ന് പിന്നീടാരോ പറഞ്ഞ് കേട്ടു......
അച്ചച്ചൻ മരിച്ച് കഴിഞ്ഞപ്പോൾ തനിക്കൂടെ എന്തെങ്കിലും പറ്റിയാ എന്റെ കുഞ്ഞ് ഒറ്റപ്പെട്ട് പോവുമെന്ന് പറഞ്ഞ് അച്ചമ്മ അകന്ന ബന്ധത്തിലുള്ള അഭിയെ കണ്ടെത്തിയപ്പോഴും കല്യാണത്തിനുമൊക്കെ അവരെ വിളിച്ചെങ്കിലും രണ്ടു പേരും വന്നില്ല....
അഭിയെ പ്രസവത്തിന് കൊണ്ടുപോയ സമയത്താണ് അച്ചമ്മ പെട്ടെന്ന് പ്രഷറുകൂടി ആശുപത്രീ ലായതും മരിച്ചതുമൊക്കെ... അന്ന് അന്യരെ പോലെ ഒന്ന് വന്നിട്ട് പോയി.....
അന്നും ബന്ധുക്കളാരോ പറഞ്ഞ് കേട്ടു അപ്പു എന്നും കുടിച്ച് വന്ന് ബഹളമാണെന്നും പലപ്പോഴും ഇളയമ്മയെ ഉപദ്രവിക്കാറുണ്ടെന്നും...
ഒന്നും ചോദിക്കാൻ പോയില്ല... വെറുതെ അവരുടെ കാര്യത്തിൽ എന്തിനാ എടപെടുന്നേ എന്ന് തന്നെ ചിന്തിച്ചു.....
കുളി കഴിഞ്ഞ് പുറത്തെറങ്ങിയപ്പോഴേക്കും അഭി ഭക്ഷണമെടുത്തു വച്ചിട്ടുണ്ട്... അത് കഴിച്ച് ഒരുങ്ങി എറങ്ങിയപ്പഴും അവള് പഴയ പോലെ പണി തിരക്കിൽ...
എന്റഭീ നീ എന്നെ വലിച്ചെണീപ്പിച്ച് ഒരുക്കീട്ട് നീ ഇതുവരെ ഒരുങ്ങീല്ലേ???
അതോ ഇനി വേണ്ടാന്ന് തീരുമാനിച്ചോ???....
അതിന് ഞാൻ വരുന്നില്ലല്ലോ...
അച്ചുവേട്ടൻ ഒറ്റക്കാ പോണേ.....
എന്നിട്ട് നീ നേരത്തെ ഇങ്ങനല്ലല്ലോ പറഞ്ഞെ.. നമുക്ക് പോയി കൊണ്ട് വരാന്നല്ലെ...?
അതേയ് ഞാനാലോചിച്ചപ്പോ ഞാനൂടെ വന്നാ അച്ചുവേട്ടന്റെ മനസ്സിൽ ഇത്തിരി കോംപ്ലക് സൊക്കെ ഉണ്ടാവും....
നിങ്ങളമ്മേം മോനും മാത്രമാവുമ്പോ ആ പ്രശ്നമൊന്നൂണ്ടാവില്ല....
പിന്നെ ഞാനീ വീടൊക്കെ ഒന്നു വൃത്തിയാക്കട്ടെ... നമ്മളൊറ്റക്ക് നിക്കുന്ന പോലാണോ അമ്മ വരുമ്പോ????
പിന്നെ... "അമ്മ"....
ഒന്നു പോയേ അഭീ ...നിനക്ക് വേണ്ടി മാത്രാ ഞാനിപ്പ പോണേ...
അങ്ങനെ പറയല്ലെ അച്ചുവേട്ടാ.. നമുക്ക് വേണ്ടി......നമ്മുടെ മോൾക്കു വേണ്ടി.... അച്ചുവേട്ടന് കിട്ടാത്ത സ്നേഹം അവരിനി നമ്മുടെ മോൾക്ക് കൊടുത്തോളും...
നല്ല കുട്ടിയായിട്ട് ചെല്ല്......
വർഷങ്ങൾക് ശേഷമാണ് അങ്ങോട്ട് കയറി ചെല്ലുന്നത്.
വണ്ടി റോട്ടിൽ നിർത്തി വീട്ടിലേക്ക് നടന്ന് ചെന്നപ്പോൾ വീട് പൂട്ടി ഇട്ടിരിക്കുന്നു...
അടുത്ത വീട്ടിലേചേച്ചി മതിലരികിൽ നിന്ന് വിളിച്ചു..
അച്ചൂട്ടാ... ഇളയമ്മ ഇവിടെയാ...
അപ്പൂം ഭാര്യേം രാവിലെ വീടുപൂട്ടി എങ്ങോട്ടോ പോയി.. ഇങ്ങോട്ട് വാ....
അങ്ങോട്ട് കേറിച്ചെന്നപ്പോൾ തന്നെ കണ്ടു മുഷിഞ്ഞ വേഷത്തിൽ അവശയായത് പോലെ ഒരു കസേരയിൽ ഇരിക്കുന്ന ഇളയമ്മയെ..
ആ രൂപത്തിൽ കണ്ടപ്പോൾ മനസ്സിലെ ദേഷ്യമൊക്കെ ഉരുകി പോയതുപോലെ...
ഒന്നും പറയാൻ തോന്നിയില്ല... കുറെ നേരത്തെ നിശബ്ദതക്കൊടുവിൽ ഇളയമ്മ എണീക്ക് പോവാം എന്ന് പറഞ്ഞപ്പോ ഒന്ന് ഞെട്ടിയ പോലെ തലയുയർത്തി എന്നെ ദയനീയമായി നോക്കി....
അടുത്ത് ചെന്ന് കസേരയിൽ നിന്നും പിടിച്ചെണീപ്പിച്ചപ്പോൾ പൊട്ടിക്കരഞ്ഞുകൊണ്ട് എന്റെ മാറിലേക്ക് ചാഞ്ഞു....
ചെയ്തു പോയ എല്ലാ തെറ്റുകൾക്കും പരിഹാരമെന്നോണം എന്റെ കാൽപാദം അവരുടെ കണ്ണീരിനാൽ നനയുന്നുണ്ടായിരുന്നു......

Rinna

ഒരു മാന്യൻ

ഒരു മാന്യൻ
.....................
രാവിലെ ഓഫീസിലെത്തി അത്യാവശ്യം ചെയ്ത് തീർക്കാനുള്ള ജോലിയൊക്കൊ തീർത്തിട്ടാണ് അടുത്തുള്ള ബേക്കറിയിൽ ചായ കുടിക്കാൻ പോയത്......
ചായ മുന്നിൽ വന്നതിനൊപ്പമാണ് ഓപ്പാസിറ്റ് സീറ്റിൽ ഭാര്യേടെ നാട്ടുകാരനായ ചേട്ടൻ വന്നിരുന്നത്...
ആള് അടുത്തു തന്നെയുള്ള പെയിന്റ് കടയിലെ പണിക്കാരനാണ്.....
ഭാര്യയുടെ വിശേഷങ്ങളും കുഞ്ഞ് നടന്ന് തുടങ്ങിയോ ഓടി തുടങ്ങിയോ എന്നൊക്കെ ചോദിച്ച് ചോദിച്ച് ആള് ഞങ്ങളുടെ പ്രണയകാലത്തിലെത്തി.....
അപ്പോഴാണ് അങ്ങേരെന്നോടൊരു രഹസ്യം പറയുന്നത് എന്നെ പ്രേമിക്കുന്നേനും മുന്നേ അവളൊരു ഓട്ടോക്കാരനെ പ്രേമിച്ചിരുന്നത്രെ.....
സ്ഥിരമായി റയിൽവേ സ്റ്റേഷനറ൯റടുത്ത് വെച്ച് അവരെ പലപ്പോഴും ഇങ്ങേരു കണ്ടിട്ടും ഉണ്ടത്രേ....
ഓഅതൊന്നും സാരമില്ലെന്നെ.. കഴിഞ്ഞ മൂന്ന് കൊല്ലായിട്ട് അവളെന്റെ ഭാര്യയാ...
അതിനു ശേഷം അവളാരേം പ്രേമിച്ചിട്ടില്ല, ഇനി അങ്ങനെ ഉണ്ടാവാനും പോണില്ലാന്നൊക്കെയാണ് ഇപ്പോഴത്തെ അവള്ടെ സ്വാഭാവം വെച്ച് എന്റെ ഒരു തോന്നൽ....
എന്നാ ശരി പിന്നെ കാണാന്നും പറഞ്ഞ് ഞാനെണീറ്റു.....
അങ്ങേരു പറഞ്ഞ ആ ഓട്ടോ കാരൻ ഞാൻ തന്നെ ആയിരുന്നൂന്ന് എനിക്കറിയാല്ലോ...
ഡിഗ്രി കഴിഞ്ഞ് പണിയൊന്നൂല്ലാതെ നടക്കുമ്പോഴാണ് അയൽവക്കത്തെ ചേട്ടൻ അവരുടെ ഓട്ടോ ഓടിച്ചോളാൻ പറയുന്നത്.... അങ്ങനെ ഓട്ടോസ്റ്റാന്റിൽ വെച്ചാണ് ഞാനവളെ ആദ്യമായി കാണുന്നത്... കോളേജ് വിട്ടു വരുന്ന അവളെ കാണാനായി ട്രിപ്പ് കിട്ടിയാലും പോവാതെ കാത്തിരുന്നിട്ടുണ്ട്....
ഒരു മാസം രാവിലേയും വൈകുന്നേരവും വായിനോക്കി ഓട്ടോയിലിരുന്നു.....
അപ്പോഴേക്കും അവളെന്റെ സ്വപ്നത്തിലെ രാജകുമാരിയായി മാറിയിരുന്നു...
ബസ്സ് എറങ്ങി റയിൽവേ സ്റ്റേഷൻ ന്റെ പുറകിലൂടെ അവൾ നടക്കുമ്പോൾ അവിടെ കാത്തു കിടക്കും.....
ഒന്നര വർഷം മെനക്കെട്ട് പിന്നാലെ നടന്നിട്ടാണ് ഒന്ന് വളച്ചെടുത്തത്.....
അതിനെടക് ഒന്നു രണ്ടു സ്ഥാപനങ്ങളിൽ ജോലി കിട്ടിയെങ്കിലും അതു വേണ്ടാന്നു വെച്ചു..
ഇഷ്ടമാണെന്നൊരു വാക്കു കേട്ടിട്ട് വല്ലടത്തും സമാധാനത്തിൽ ജേലിക്ക് കേറാമെന്നായിരുന്നു ചിന്ത.....
പിന്നെ മൂന്നു വർഷം നല്ല കട്ടക്ക് പ്രേമിച്ചു...
അവൾക്കു വീട്ടിൽ കല്യാണാലോചന തുടങ്ങിപ്പോ എന്റെ സ്വപ്നങ്ങളെല്ലാം കടലിൽ കല്ലു കെട്ടി താഴ്ത്തേണ്ടി വന്നാലോ എന്ന പേടി കാരണം വീട്ടിൽ കാര്യം പറഞ്ഞു...
അവളെ കൊണ്ടു കാണിച്ചു കൊടുത്തപ്പോ അമ്മക്കു വല്ലാണ്ടങ്ങു ബോധിച്ചു....
സാമ്പത്തികമായി അവരുടെ അത്തെത്താൻ പോലും ഞങ്ങളില്ലാത്തോണ്ട് അച്ചനു പോയി ചോദിക്കാനൊരു പേടി.......
വീട്ടുകാരു സമ്മതിച്ചില്ലേലും അവളച്ചന്റെ മരുമകളായിരിക്കും എന്ന എന്റെ ഉറപ്പിലാണ് അച്ചൻ പോയി ചോദിച്ചത്... പെണ്ണെറങ്ങി പോയാലോ എന്ന പേടി കൊണ്ട് അവളുടെ വീട്ടുകാർ ഇഷ്ടത്തോടെ അല്ലെങ്കിലും കല്യാണം നടത്തി തന്നു......
കെട്ട് കഴിഞ്ഞ് നാലാം ദിവസം മുതൽ അവളച്ചന്റെ പുറകെ കാപ്പിക്കുരു പറിക്കാനും കുരുമുളക് പറിക്കാനുമൊക്കെ നടന്ന് തുടങ്ങി....
അച്ചന്റെ ആ സാമ്രാജ്യത്തിലേക്ക് ഞങ്ങൾ മക്കള് രണ്ടും അന്നുവരെ എത്തിനോക്കീട്ടില്ലാത്തോണ്ടാവണം ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും അച്ചനുമ്മമ്മക്കും ഞാൻ മരുമകനും അവൾ മകളുമായിമാറി.....
അടുക്കളപ്പണി ഒന്നുമറിയാത്തോണ്ട് അതിൽ കൈ കടത്തി മറ്റുള്ളോര് ടെ അന്നംമുട്ടിക്കരുത് എന്ന് ഞാൻ പ്രത്യേകം പറഞ്ഞിട്ടുണ്ടായിരുന്നു....
അതിൽ അമ്മക്കു പരാതിയുമില്ല... ഒരു മിനിറ്റ് വെറുതെ ഇരിക്കാതെ ഓടിനടന്ന് മറ്റെല്ലാ പണിയും ചെയ്യും.....
ഒരു കുഞ്ഞായിട്ടും അവളിപ്പോഴും അച്ചന്റെയും അമ്മയുടെയും പുറകെ തന്നെ.... ഒരാഴ്ച വീട്ടിൽ നിക്കാൻ പോയാൽ മൂന്നാം ദിവസം അച്ചൻ പോയി കൊണ്ടുവരും....
അങ്ങനെയുള്ള അവളെ കുറിച്ചാണ് അങ്ങേര്.... എന്നാലും അങ്ങേർക്കിത് എന്തിന്റെ കേടാ എന്നാലോചിച്ചിരുന്ന പ്പോഴാണ് ഫോൺ ബെല്ലടിച്ചത്....
അമ്മൂസ്.... ടീ ചക്കരെ ഞാനിപ്പ നിന്നെ കുറിച്ച് ആലോചിച്ചിരിക്കാരുന്നു.....
ഒന്നു പോ അനുവേട്ടാ... എന്നെ പറ്റി എന്താപ്പോത്ര ആലോചിക്കാൻ...
അല്ല ......നമ്മളു പ്രേമിച്ചതും കെട്ടിയതുമൊക്കെ.....
ആ നീ പറ.... എന്തായിരുന്നു ഭവതി ഇപ്പോ വിളിച്ച കാര്യം..... അതേ അനുവേട്ടാ ഞാനെ മൂന്നാലു ദിവസായിട്ടു പറയാൻ പേടിച്ചിട്ടാ പറയാതിരിന്നേ....
എന്തോന്നാടീകാര്യം...?? ഇത്ര മുഖവുര ഇടാൻ...
അനുവേട്ടനെന്റെ ഫെയിസ് ബുക്കൊന്ന് എടുത്ത് നോക്യേ.. മെസ്സൻജറിൽ ഒരാളു കുറെ മേസ്സേജ് ഇട്ടിട്ടുണ്ട് അതൊക്കെ വായിച്ച് നോക്ക്...
എന്നാ ശരി.... ഞാൻ നോക്കീട്ട് വിളിക്കാന്നു പറഞ്ഞ് ഫോൺ കട്ടാക്കി.....
വേഗം അവൾടെ പാസ്സ് വേഡ് അടിച്ച് കൊടുത്ത് ഫെയ്സ് ബുക്ക് തുറന്നു........
മെസ്സെൻജർ തുറന്നപ്പോ ദേ നേരത്തെ പറഞ്ഞ മഹാമാന്യൻ അവൾക്കു കുറെ എഴുതിവിട്ടിട്ടുണ്ടു....
വർഷങ്ങൾക്ക് മുമ്പേ അങ്ങേർക്കവളെ ഇഷ്ടായിരുന്നൂന്നും അച്ചനേം ആങ്ങളമാരേം, ചെറിയച്ചൻമാരേമൊക്കെ പേടിച്ചിട്ടാണെത്രെ പറയാതിരുന്നത്....
എന്നു മെപ്പോഴും പുള്ളിക്കാരന്റെ മനസ്സിൽ ഏഴു തിരിയിട്ട നിലവിളക്കായി അവൾ കത്തിനിൽക്കുന്നുണ്ടു പോലും....
ഹമ്പടാ... മാന്യാ...
അപ്പോ നീ വെടക്കാക്കി തനിക്കാക്കാനുള്ള പണി തുടങ്ങീതാ ല്ലെ രാവിലെ....
മെസ്സെൻജറിൽ കുറെ മറുപടിടൈപ്പ് ചെയ്ത് സെന്റ് ചെയ്തു... അതു പോരെന്നു തോന്നിയപ്പോ എണീറ്റ് പോയി..
ബേക്കറിയുടെ അവിടെ ചെന്ന് നോക്കിയപ്പോ അയാളവിടെ വെറുതെ ഇരിപ്പുണ്ട്......
അടുത്ത് ചെന്നു രഹസ്യമായി പറഞ്ഞു... രാവിലെ ഏട്ടൻ അതു പറഞ്ഞപ്പോ ഞാൻ വെറുതെ അവൾടെ ഫെയ്സ് ബുക്കൊക്കെ ഒന്ന് തുറന്ന് നോക്കി......
അപ്പോ ഏതൊ ഒരു തെണ്ടി ....അവളെ വളക്കാൻ ശ്രമിച്ചോണ്ടിരിക്ക്യാ... ആ നായി............ മോനു ഞാൻ കുറെ മറുപടി കൊടുത്തിട്ടുണ്ട്..
കെട്ട്യോളും രണ്ട് കുട്ടികളുമുള്ള അയാൾക്ക് എന്റെ ഭാര്യയെക്കൂടി വേണം ത്രെ......
ഇനിയും തുടർന്നാൽ അവന്റെ കയ്യും കാലും ഞാൻ വെട്ടും....
ഞാനെ കുറെ പണിപ്പെട്ടു നേടിയെടുത്തതാ... ഇനി വേറൊരുത്തൻ ചുളുവിൽ നേടാൻ വന്നാൽ അവന്റെ ആ ആഗ്രഹം ഞാനങ്ങു തീർത്തു കൊടുക്കും..... അല്ല പിന്നെ....
ഞാൻ തിരിഞ്ഞ് നടന്നപ്പോ ഉള്ളിലിരുന്നു മമ്മൂക്ക ഓർമ്മപ്പെടുത്തി....... സ്ലോമോഷൻ സ്ലോമഷ്ൻ ന്ന്....
പിന്നെ ഞാൻ സ്ലോ മോഷനീ തന്നെയിങ്ങ് പോന്നു......
Rinna Jojan....

.....എന്റെ അപ്പൂപ്പൻ....

.....എന്റെ അപ്പൂപ്പൻ......
സമീപത്തെ എൽ.പി.സ്കൂൾ ഗ്രൗണ്ടിൽ നിന്നും ക്രിക്കറ്റ് കളി കഴിഞ്ഞ് വന്നേയുള്ളൂ ഞാൻ.
എന്റെ പേര് ആരവ്.....
ഒന്നാം വർഷ എഞ്ചിനീയറിങ്സ്റ്റുഡൻറ് ആണ് ഞാൻ....
സെമസ്റ്റർ അവധിയായത് കൊണ്ട് ഒരാഴ്ചയായി നാട്ടിലെ കൂട്ടുകാരോടൊപ്പവും വീട്ടിൽ അപ്പൂപ്പനോടൊപ്പവും കളിച്ച് ആഘോഷിക്കുകയാണ്...
സ്കൂൾ ഗ്രൗണ്ടിൽ കളിക്കാൻ പോവുന്നത് പലപ്പോഴും തടയാൻ പറ്റുമെങ്കിലും അപ്പൂപ്പന്റെയും എന്റെയും കളിതമാശകളെ തടയാൻ കഴിയാത്ത അരിശത്തിലാണ് എന്റെ അമ്മയും അച്ചനും.....
അച്ചൻ മോഹൻകുമാർ കെ എസ് ഇ ബി യിൽ എഞ്ചിനീയർ... അമ്മ രേവതി ബി എസ് എൻ എല്ലിൽ എഞ്ചിനീയർ.... അതു കൊണ്ട് തന്നെ ഏക മകനെ കുറിച്ച് അവർക്ക് അമിത പ്രതീക്ഷകളാണ്......
കളി കഴിഞ്ഞ് വന്ന് നേരെ പോയത് അപ്പൂപ്പന്റെ റൂമിലേക്കാണ്.അപ്പുപ്പനെ കൈ പിടിച്ച് സിറ്റൗട്ടിൽ കൊണ്ടിരുത്തി അന്നത്തെ ഗ്രൗണ്ടിലെ വിശേഷങ്ങളും വാട്സാപ്പിലും ഫെയിസ് ബുക്കിലും കണ്ട കാര്യങ്ങളെല്ലാം വിശദമായി തന്നെ ഞാൻ അപ്പൂപ്പനെ പറഞ്ഞ് കേൾപ്പിക്കാറുണ്ട്.. ഒപ്പം അപ്പൂപ്പന്റെ കയ്യും കാലുമൊക്കെ തിരുമ്മി ചൂടാക്കുന്നുമുണ്ട്....
ഇപ്പോൾ ഞാൻ ഹോസ്റ്റലിൽ നിന്നു തുടങ്ങിയതിൽ പിന്നെ അവധിക്ക് വരുമ്പോൾ മാത്രമാണ് അപ്പൂപ്പനെ സിറ്റൗട്ടിലേക്കിറക്കുന്നത് തന്നെ... അല്ലാത്തപ്പോൾ മുഴുവൻ സമയവും ഒരേ കിടപ്പാണ്....
ഒന്നു രണ്ടു പ്രാവശ്യം അമ്മ വന്ന് നോക്കുന്നതും പിറുപിറുത്തു കൊണ്ട് പോവുന്നതും ഞാൻ കാണുന്നുണ്ടായിരുന്നു.... അതു കാര്യമാക്കാതെ ഞാൻ ചെയ്തു കൊണ്ടിരുന്നത് തുടർന്നു...
ഞാൻ എൻട്രൻസ് എക്സാം എഴുതുന്ന സമയം മുതൽ അമ്മ പറയുന്നുണ്ട് അപ്പൂപ്പനെ വൃദ്ധസദനത്തിലാക്കുന്ന കാര്യം...
അന്നു അപ്പൂപ്പനോടൊപ്പം കളിച്ചു നടന്ന് ഞാൻ പഠിക്കുന്നില്ലെന്നായിരുന്നു അമ്മയുടെ പരാതി...
എന്നാൽ ഞാൻ പരീക്ഷ എഴുതുന്നില്ലെന്ന നിലപാടെടുത്തപ്പോഴാണ് ആ തീരുമാനം മാറ്റിവെച്ചത്.....
ഇപ്പോൾ അച്ചനും അമ്മക്കും ജോലിക്കു പോവുന്നതിനിടക്ക് അപ്പൂപ്പനെ ശ്രദ്ധിക്കാൻ പറ്റുന്നില്ലത്രെ...
അതു കൊണ്ട് അടുത്താഴ്ച ഏതോ അഭയകേന്ദ്രത്തിൽ കൊണ്ടാക്കാൻ പോവാന്ന് ഇന്നലെ അമ്മ പറഞ്ഞത് കേട്ടു...
രാത്രി ഭക്ഷണം കഴിക്കാൻ ടേബിളിൽ വന്നിരുന്നപ്പോൾ അന്തിമ തീരുമാനമെന്നോണം അമ്മ വീണ്ടും പറഞ്ഞു.
നാളെ ഞാൻ പോയി കഴിഞ്ഞാൽ അടുത്ത ദിവസം തന്നെ അപ്പൂപ്പനെ അഭയകേന്ദ്രത്തിൽ കൊണ്ടാക്കുമെത്രേ...
ഭക്ഷണം തൊണ്ടയിൽ നിന്നിറങ്ങാത്തത് കൊണ്ട് ഞാൻ എണീറ്റ് കൈ കഴുകി...
നിശബ്ദനായി തല താഴ്ത്തി ഇരിക്കുന്ന മകനെ നിർവികാരഭാവത്തോടെ നോക്കി ഇരിക്കുന്ന അപ്പൂപ്പനെ പിടിച്ചെഴുന്നേൽപ്പിച്ചു റൂമിൽ കൊണ്ടുപോയി....
അപ്പൂപ്പന് മരുന്ന് കൊടുത്ത് കിടത്തി അരികിൽ പറ്റി ചേർന്ന് കിടന്നു....
ഓർമ്മ വച്ച നാൾ മുതൽ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും നടുക്കാണ് താൻ കിടന്നിരുന്നത്.
തന്നെ കുളിപ്പിച്ചൊരുക്കിയതും ഭക്ഷണം തന്നതും പാട്ടു പാടി ഉറക്കിയതുമെല്ലാം അവരായിരുന്നു.......
ജോലിക്കാരായ അച്ചനുമമ്മ ക്കും അതിനൊന്നും സമയമുണ്ടായിരുന്നില്ല....
ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂൾ ബസിൽ നിന്നും ഇറങ്ങി ഓടി വന്ന തന്നെ പിടിക്കാൻ അപ്പുറത്തു നിന്നും ഓടി വന്ന അമ്മൂമ്മ പാഞ്ഞു വന്ന ഒരു ടിപ്പർ ലോറിക്കടിയിൽപ്പെട്ടു തന്റെയും അപ്പൂപ്പന്റെയും മുന്നിൽ കിടന്നാണ് മരിച്ചത്.....
പലരോടും അച്ചനും അമ്മയും ഒരു വീരസാഹസികകഥ പറയുന്ന പോലെ മകന്റെ ജീവൻ രക്ഷിക്കാൻ അമ്മൂമ്മ മരണത്തിലേക്കോടിയ കഥ പറഞ്ഞു കേട്ടിട്ടുണ്ട്..... പക്ഷേ എനിക്കും അപ്പൂപ്പനും അതൊരു തീരാനഷ്ടമായിരുന്നു....
മാസങ്ങൾക്ക് മുമ്പ് ഹോസ്റ്റലിൽ പോയി നിക്കുന്നതു വരെ അപ്പൂപ്പൻ തന്നെയായിരുന്നു തന്റെ എല്ലാം.....
ഇല്ല അപ്പൂപ്പനെ കണ്ണീരൊഴുക്കാൻ മാത്രം വിധിക്കപ്പെട്ട കുറെ വൃദ്ധരുടെ കൂടെ കാണാൻ ഒരിക്കലും എനിക്ക് പറ്റില്ല.... തന്റെ ശരീരത്തിലൂടെ ചുറ്റിയ അപ്പൂപ്പന്റെ കൈ പതിയെ എടുത്ത് മാറ്റി അവൻ എണീറ്റു....
അച്ചന്റെയും അമ്മയുടെയും മുറിക്ക് മുമ്പിലെത്തി അവരെ വിളിച്ചുണർത്തി...
അച്ചാ... അമ്മേ...
എനിക്കു രണ്ടു പേരോടുമായി ഒരു കാര്യം പറയാനുണ്ട്....
നീ ഇതുവരെ ഉറങ്ങീല്ലേ...?
"നിനക്കു രാവിലെ പോവേണ്ടതല്ലെ മേനേ"
എന്ന അമ്മയുടെ ചോദ്യത്തിനു മറുപടി എന്നോണം പറഞ്ഞു തുടങ്ങി...
ഞാൻ ഇനി പോവുന്നില്ലമ്മേ....
പോവുന്നില്ലേ..?
നിനക്കെന്താ ഭ്രാന്തായോ.? എന്ന് അമ്മ ചോദിച്ചപ്പോഴും അച്ചൻ ചോദ്യഭാവത്തിൽ നോക്കിയതെയുള്ളൂ....
ഭ്രാന്തല്ലമ്മേ.... എനിക്കിപ്പോ ഇരുപത് വയസ്സല്ലേ ആയുള്ളൂ.... പഠിക്കാൻ ഇനിയും ഒരുപാട് സമയമുണ്ട്.... അപ്പൂപ്പനെ നോക്കാൻ നിങ്ങക്കു രണ്ടു പേർക്കും സമയമില്ല... ഒരു ഹോം നഴ്സിനെ വച്ചു നോക്കാൻ പോലും നിങ്ങൾ തയ്യാറുമല്ല... അതു കൊണ്ട് ഞാൻ നോക്കാൻ തീരുമാനിച്ചു...
പിന്നെ അച്ചാ ..നാളെ മുതൽ അപ്പൂപ്പന്റെ പുരയിടത്തിൽ നിന്നുള്ള ഒരു ആദായവും അച്ചനെടുക്കണ്ട..... നാളെ മുതൽ ഞാനാണ് അതൊക്കെ നോക്കുന്നത്.. ഞാൻ ഒരു ഹോം നഴ്സിനെ വെക്കാനും തീരുമാനിച്ചിട്ടുണ്ട്..... അപ്പൂപ്പൻ സമ്പാദിച്ച മുതലുകൊണ്ട് അപ്പൂപ്പനെ ഞാൻ നോക്കിക്കോളാം.... എനിക്ക് വേണ്ടി അതൊന്നും കരുതിവെക്കണ്ട.......
തരിച്ച് നിക്കുന്ന അച്ചനെയും അമ്മയെയും നോക്കി മറുപടിക്കു കാക്കാതെ അവൻ തിരിഞ്ഞ് നടന്നു....
റൂമിലെത്തി തന്റെ സ്വന്തമായ വർഷങ്ങളായി തനിക്ക് വേണ്ടി മാത്രം ജീവിക്കുന്ന അപ്പൂപ്പനെ ചേർത്ത് പിടിച്ച് കിടക്കുമ്പോഴും അവന് നഷ്ടബോധമൊന്നും തോന്നിയില്ല......
അച്ചനുമമ്മ ക്കും വർഷങ്ങളായി അവനെ നോക്കാനുള്ള ഒരു വേലക്കാരൻ മാത്രമായിരുന്നു അപ്പൂപ്പൻ.... ശമ്പളമില്ലാത്ത പണിക്കാരൻ...
പക്ഷേ തനിക്ക് അമ്മയും അച്ചനും മുത്തശ്ശനും മുത്തശ്ശിയും കൂട്ടുകാരനുമെല്ലാം അപ്പൂപ്പനായിരുന്നു.....
കൈകളിലൂടെ അപ്പൂപ്പന്റെ കണ്ണീർ നനവ് ഒലിച്ചെറങ്ങിയപ്പോഴാണ് അവന്റെ ചിന്തകൾ മുറിഞ്ഞത്....
അയ്യേ... എന്റപ്പൂപ്പൻ കരയുന്നോ??? ഈ കണ്ണ് ഒരിക്കലും നിറയാതിരിക്കാനല്ലെ ഞാൻ അമ്മയോടും അച്ചനോടും അങ്ങനൊക്കെ പറഞ്ഞെ?
"സന്തോഷം കൊണ്ടാ മോനൂട്ടാ "
എന്ന് പറഞ്ഞ് അപ്പൂപ്പൻ എന്റെ നെറ്റിയിൽ ചുണ്ടമർത്തിയപ്പോൾ ഇതിലും വലിയ പുണ്യമൊന്നും ഒരു വിദ്യാഭ്യാസവും തനിക്ക് നൽകില്ലെന്ന് എന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു....
Rinna Jojan

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo