ഇത്താ... ഇത്താക്കൊരു കല്യാണാലോചന വന്നിട്ടുണ്ട് ട്ടോ....
അനസാ ആലോചന കൊണ്ടു വന്നേ... കേട്ടപ്പോ എനിക്കും തോന്നി നല്ലതാന്ന്.... എനിക്കൊരു അളിയനെ കിട്ടൂല്ലോ.....
ചിരിയോടെയുള്ള അജുവിന്റെ വാക്കുകൾ കേട്ട് റസിയ അന്തം വിട്ടുനിന്നു...
അനസിനെന്താ ബ്രോക്കർ പണീണ്ടോ....
ഇനീപ്പോ ഈ വയസ്സാംകാലത്താ കല്യാണം.... രണ്ടിനും വേറേ പണിയൊന്നൂല്ലേ... റസിയ ദേഷ്യത്തോടെ ചോദിച്ചപ്പോൾ അജു കൊഞ്ചലോടെ പറഞ്ഞു...
അതിനെന്റെ ഇത്തവയസ്സിയൊന്നും ആയില്ലല്ലോ, അതോണ്ടാണല്ലോ ഇപ്പഴും കല്യാണാലോചനവരണത്...
എന്നിട്ടാണോടാ കാണുന്നോരെല്ലാം നിന്റെ ഉമ്മയാണോന്ന് ചോദിക്കുന്നേ...
നീ തന്നല്ലേ പറഞ്ഞേ നിന്റെ പുതിയ കൂട്ടുകാരും മാഷുമാരുമൊക്കെ ഉമ്മയാണോന്ന് ചോദിച്ചൂന്ന്...
അതു പിന്നെ എന്നെ കോളേജിൽ ചേർക്കാനും എന്റെ എല്ലാ കാര്യത്തിനും വേറെയാരേം കാണണില്ലല്ലോ..?അപ്പോ ഉമ്മയാന്ന് കരുതിക്കാണും, അല്ലാതെ പ്രായമായിട്ടൊന്നുമല്ല...
ഇത്ത ഞാനവരോട് നാളെ നമ്മടെ വീട്ടില് വരാൻ പറഞ്ഞു...
നീ ഒന്ന് മിണ്ടാതെ പോ അജൂ... നിനക്ക് പഠിക്കാനൊന്നൂല്ലേ, ഒരു കല്യാണാലോചനക്കാരൻ ....
നിന്റെ പൊന്നാരം കേട്ടിരുന്നാ എന്റെ പണിയൊന്നും നടക്കൂല്ല...
മടിയിൽ കിടന്ന അജ്മലിനെ എണീപ്പിച്ച് വിട്ട് അടുക്കളയിലേക്ക് നടക്കുമ്പോൾ പതിനെട്ടാം വയസ്സിൽ പടിയിറക്കി വിട്ട വിവാഹ സ്വപ്നങ്ങളെ വീണ്ടും വിളിച്ചു കേറ്റാൻ റസിയ ഒരുക്കമായിരുന്നില്ല....
കൂടെ പഠിച്ച കുട്ടികൾ പലരും പത്താം ക്ലാസ് കഴിഞ്ഞ് കല്യാണം കഴിച്ച് പോയപ്പോഴും തന്റെ വാശിക്കു മുന്നിൽ തോറ്റാണ് ഉപ്പ തന്നെ പ്രീഡിഗ്രിക്കു ചേർത്തത്...
ആ പ്രാവശ്യം ഉപ്പ ഗൾഫിലേക്ക് പോയിക്കഴിഞ്ഞാണ് ഉമ്മാക്ക് വിശേഷമുള്ളത് അറിയുന്നത്.
താനുണ്ടായിക്കഴിഞ്ഞ് പിന്നീടൊരു കുഞ്ഞിന് വേണ്ടി കുറെ മരുന്നുകൾ കഴിച്ചതാണ്.
പ്രതീക്ഷകൾ എല്ലാം അസ്തമിച്ച് മൂത്തവൾ കെട്ടിച്ച് വിടാറായി ഇനി വേണ്ട എന്ന തീരുമാനത്തിലെത്തി നിക്കുമ്പോഴായിരുന്നു അത്....
ഒമ്പതു മാസവും ഉമ്മക്കാരുടെയും സഹായം ആവശ്യം വന്നില്ലായിരുന്നു...
ആശുപത്രിയിൽ അഡ്മിറ്റാവാൻ പോവുമ്പോഴും എല്ലാം ഒരുക്കി ബാഗിലാക്കി വച്ചതും ഉമ്മ തന്നെയായിരുന്നു...
പിന്നെ ലേബർ റൂമിൽ നിന്നും സ്ട്രക്ച്ചറിൽ വെള്ളപുതപ്പിച്ച് ഉമ്മയെ പുറത്തേക്ക് കൊണ്ടു വന്നപ്പോൾ തന്നെ വെള്ള തുണിയിൽ പൊതിഞ്ഞ് ഉമ്മയുടെ ജീവനേ നഴ്സ് എന്റെ കയ്യിലേൽപ്പിച്ചു....
അമ്മാവൻമാരും ബന്ധുക്കളുമൊക്കെ ചലനമറ്റ ആ ശരീരത്തെ നോക്കി കരഞ്ഞപ്പോഴും കയ്യിൽ കിടന്ന് കരയുന്ന ഈ കുരുന്നിനെ എന്ത് ചെയ്യുമെന്നോർത്ത് പകച്ച് നിക്കുകയായിരുന്നു താൻ....
അന്നു മുതൽ അവന്റെ ഉമ്മയായതാണ്... അവന് എട്ട് വയസ്സുള്ളപ്പോഴാണ് ഉപ്പ അറ്റാക്ക് വന്ന് മരിച്ചത്...
ഒരു നോക്ക് കാണാൻ ആ ശരീരം പോലും നാട്ടിലേക്ക് കൊണ്ടു വന്നില്ല അവിടെ തന്നെ അടക്കാൻ ഒപ്പിട്ട് കൊടുത്ത് സങ്കടക്കടൽ ഒറ്റക്ക് നീന്തിക്കയറി....
പിന്നെ അവനെ ഒരു കരക്കെത്തിക്കുന്നത് മാത്രമായിരുന്നു മനസ്സിൽ...
അവനെ സ്കൂളിൽ ചേർത്തതിനൊപ്പം തന്നെ തന്റെ പ0നവും തുടർന്നു...
ചെറുതെങ്കിലും ഒരു ജോലി സമ്പാദിച്ചു....
ഇത്താ... എന്താടാ നിനക്ക് പഠിക്കാനൊന്നൂല്ലേ വീണ്ടും വന്നോ...?
ഞാൻ സീരിയസായി പറഞ്ഞതാ അവര് നാളെ വരും...
ഇത്തായെ പറ്റി പറയുമ്പോഴൊക്കെ അവനെന്നോട് ചോദിക്കും നിന്റെ ഇത്തായെ എനിക്ക് ഉമ്മയായിട്ട് തരുവോന്ന്...
ആദ്യമൊന്നും എനിക്കവൻ കാര്യമായിട്ടാ ചോദിക്കണേന്ന് തോന്നീല്ലായിരുന്നു...
അവന് പത്ത് വയസ്സുള്ളപ്പോ കാൻസർ വന്നാ അവൻറുമ്മ മരിച്ചു പോയേ...
അവനേ നോക്കാൻ വേണ്ടി മാത്രം ഗൾഫിലെ നല്ല ജോലി കളഞ്ഞ് വന്ന് നാട്ടിൽ ചെറിയ ബിസിനസ് ചെയ്തു കൂടെ നിക്കുവാ ആ ഉപ്പ....
എന്റെ ഇത്തയെപോലേ തന്നെ ചെറുപ്പമാ...
നാൽപഞ്ച് വയസ്സുണ്ട്.. പക്ഷേകണ്ടാ തോന്നൂലാട്ടോ.....
അങ്ങനൊരാളെ എന്റെ ഇത്തക്കു കിട്ടിയാ അതു എന്റേം കൂടെ ഭാഗ്യല്ലേ....
അജൂ നീ ഇനി ഈ കാര്യം എന്നോട് പറയണ്ട... എനിക്കിനി കല്യാണം വേണ്ട..
നീ പഠിച്ചൊരു ജോലിയൊക്കെ നേടി കല്ല്യാണം കഴിക്കുന്നതൊക്കെയാ ഇപ്പോഴത്തെ എന്റെ സ്വപ്നങ്ങൾ....
ഇല്ല ഇത്താ തിരിച്ചറിവില്ലാത്ത പ്രായത്തിൽ എന്റെ ഇത്തയെ ആരും കെട്ടിക്കൊണ്ട് പോവരുതേന്ന് ഞാൻ പ്രാർത്ഥിച്ചിരുന്നു... ഞാൻ ഒറ്റക്കായി പോവുമല്ലോ ന്നുള്ള പേടിയായിരുന്നു അന്നെന്റെയുള്ളിൽ...
ഇന്ന് ഞാൻ പഠിക്കാനായി വീട്ടിൽ നിന്നു മാറിയപ്പോ എന്റെ ഇത്ത ഒറ്റപ്പെട്ടില്ലേ?
എനിക്കറിയാം ഓരോ ദിവസവും ഈ വീട്ടിൽ ഒറ്റക്കിരുന്നു കരയുന്നുണ്ടാവുംന്ന്...
ഇനിയത് വേണ്ട.... എന്റെ സന്തോഷമാണ് ഇത്തയുടെ ജീവിതമെന്ന് എത്ര തവണ പറഞ്ഞിട്ടുണ്ടെന്നോട്.. അതു സത്യാണെങ്കി ഈ കല്യാണത്തിന് എന്റെ ഇത്തസമ്മതിക്കണം.....
പറഞ്ഞവസാനിപ്പിച്ചവൻ പുറത്തിറങ്ങിയപ്പോൾ റസിയ ഓർത്തു....
സത്യമാണവൻ പറഞ്ഞത്... കോയമ്പത്തൂരിൽ അവനെ എഞ്ചിനീയറിങ്ങിന് ചേർത്ത ശേഷം ഒരു രാത്രിയും തനിക്കുറങ്ങാനായിട്ടില്ല...
അവനെ പിരിഞ്ഞ് ഒരു ദിവസം പോലും അന്നുവരെ തന്റെ ജീവിതത്തിലുണ്ടായിട്ടില്ല.. പക്ഷേ മറ്റൊരാളെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിനേക്കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ല....
പിറ്റേന്ന് രാവിലെ തന്നേ അനസും രണ്ട് അമ്മായിമാരും ഉപ്പയും കൂടി വന്നു.....
പെണ്ണുകാണലിനപ്പുറം ബന്ധുക്കളെപ്പോലെ തന്നെയായിരുന്നു എല്ലാരുടേം പെരുമാറ്റം...
മനസ്സിനെന്തൊക്കെയോ അസ്വസ്ഥത തോന്നിയെങ്കിലും സിദ്ധിഖ് സംസാരിക്കാൻ അടുത്തുവന്നപ്പോൾ അവൾ പറഞ്ഞു അവനേ കുറിച്ചും അവന്റെ ഭാവിയേ കുറിച്ചും മാത്രേ ഞാനിത് വരേ ചിന്തിച്ചിട്ടുള്ളൂ... അതുകൊണ്ടെനിക്ക്...
പറഞ്ഞ് തീരുന്നതിന് മുമ്പേ സിദ്ധിഖ് ഇടയിൽ കയറി പറഞ്ഞു... ഡോ ഞാനും എന്റെ അനു വിനേ കുറിച്ച് മാത്രം ചിന്തിച്ചാ കഴിഞ്ഞ പത്ത് വർഷം കഴിഞ്ഞത്..
ഇപ്പോ അവന്റെ ഇഷ്ടം മാത്രം പരിഗണിച്ചാ നിന്നേ കാണാൻ വന്നതും..... പക്ഷേ ഇവിടെ വന്നപ്പോ എനിക്ക് നീ എന്റെ ജീവിതത്തിലുണ്ടായാൽ നന്നായിരിക്കുമെന്ന് തോന്നുന്നു....
നിനക്കും അങ്ങനൊരു തീരുമാനത്തിലെത്താൻ പറ്റിയാൽ നമുക്കും നമ്മുടെ അനുവിനും അജുവിനും വേണ്ടി ഒന്നായി ജീവിക്കാം....
സിദ്ധിഖിന്റെ വാക്കുകൾ അവളിൽ എന്തൊക്കെയോ മാറ്റങ്ങളുണ്ടാക്കി... അന്ന് വൈകീട്ട് അജുവിന്റെ ചോദ്യങ്ങൾക്ക് അവൾ എതിർപ്പൊന്നും പറയാതെ മൗനസമ്മതം അറിയിച്ചു.....
ഇന്ന് അജുവിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാന ദിവസമാണ്...
ഉമ്മയേ പോലെ സ്നേഹിച്ച കൂടപ്പിറപ്പിനേ മറ്റൊരാളുടെ കയ്യിൽ കൈ പിടിച്ച് കൊടുക്കുന്നത് താൻ തന്നെയാണ്..... ജീവിതത്തിലേ ഏറ്റവും അമൂല്യമായ ദിവസം.....
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക