നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അവിചാരിതം

Image may contain: 1 person, beard
÷÷÷÷÷÷÷÷÷÷÷
'അച്ഛാ...
എനിക്കൊരു ലെഗ്ഗിംങ്സും ടോപ്പും എടുത്തുതരുമോ?'
'ലെഗ്ഗിംങ്സോ? അതൊന്നും വേണ്ട. വൃത്തിയില്ലാത്ത ഡ്രസ്സ്.'
'അതിന് വല്ല്യ ടോപ്പെടുത്താമതി. അധികം വിലയൊന്നുമില്ലച്ഛാ..'
'ആ. ഞാൻ നോക്കട്ടെ. എനിക്ക് ഇഷ്ടപ്പെട്ടാലേ എടുക്കൂ. പിന്നെ തുണിക്കടയിൽച്ചെന്ന് മുഖവും വീർപ്പിച്ചിരിക്കരുത്.'
'ഞാൻ മുഖമൊന്നും വീർപ്പിക്കില്ല.'
'അതു ശരിയാണ്. കരയേയുള്ളൂ.' മകൻ പറഞ്ഞു.
'ഞാനല്ല. ചേട്ടനാ കരയാറ്.'
'നീ അവനെ കുറ്റം പറയേണ്ട. അവന് അച്ഛൻ ഏതു സെലക്ട് ചെയ്താലും ഇഷ്ടാവും. അവനോട് അഭിപ്രായം ചോദിച്ചാൽ അവൻ പറയും;
'അച്ഛന് ഇഷ്ടായോ, എങ്കിൽ എടുത്തോ, എന്ന്. നിങ്ങൾ പെണ്ണുങ്ങൾക്കാണ് എത്ര കണ്ടാലും തൃപ്തി വരാത്തത്.'
'ഇനി അച്ഛൻ അതിന്മേൽ പിടിച്ചുകയറേണ്ട. നമുക്ക് പോവാം അച്ഛാ.'
'ഉം. ശരി.
എന്നാൽ യാത്രയാരിക്കോ.'
കഴുത്തറുക്കുകയും കസ്റ്റമേഴ്സിന്റെ പോക്കറ്റ് കാലിയാക്കുകയും ചെയ്യുന്ന ടെക്സ്റ്റയിൽ ഷോറൂമുകൾ ചുറ്റിലുമുണ്ട്. തൽക്കാലം സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്നതിനാൽ സാധാരണക്കാരന്റെ ആവശ്യങ്ങൾ തിരിച്ചറിയുന്ന ഒരു ഷോറൂംതന്നെ തെരഞ്ഞെടുത്ത് ഞങ്ങൾ മൂന്നുപേരും അവിടേക്ക് പുറപ്പെട്ടു.
തീരദേശത്തെ പ്രധാനകവലയിലെ മൂന്നുനില വസ്ത്രമാളികയിലേക്ക് പ്രവേശിക്കുമ്പോൾ ക്യാഷ് കൗണ്ടറിലിരിക്കുന്ന പരിചയക്കാരനായ ഓണറോടും മകനോടും ചിരിയിലൂടെ അഭിവാദനം ചെയ്ത് അകത്തേക്ക് കടക്കുമ്പോൾ ഷോപ്പിനകത്തെ ഇടതുവശത്തെ കൗണ്ടറിലെ ലേഡീ സ്റ്റാഫിനോട് പറഞ്ഞു;
'മോൾക്ക് ഒരു ടോപ്പ് വേണം. '
'ചേട്ടൻ ദാ ആ കൗണ്ടറിലേക്ക് പൊയ്ക്കോ. അവിടെയാണ്. '
'അവർ കൈ ചൂണ്ടിയ ദിക്കിലേക്ക് നടക്കവേ ഞാൻ കണ്ടു, ഒരു കസ്റ്റമറുടെ ഇഷ്ടത്തിനനുസരിച്ച് മോഡലുകൾ കാണിച്ചുകൊടുക്കുന്ന സാരിയുടുത്ത മറ്റൊരു സ്ത്രീയെ. ഞാൻ അവരോടു പറഞ്ഞു;
'ഒരു ടോപ്പ് വേണം. '
'ആർക്കാ? ഈ മോൾക്കാണോ?'
'അതെ.'
'ചേച്ചീ..
ഒന്ന് ഒതുങ്ങി നിന്നോട്ടാ. ഇവർക്കും ഒന്ന് കാണിച്ചുകൊടുക്കട്ടെ ഡ്രസ്സ്. '
പഴയ കസ്റ്റമർ ഞങ്ങളെയൊന്നു നോക്കി അല്പം മാറിനിന്നു. ഞാനും മകളും കൗണ്ടറിനടുത്തേക്കും. മകൻ വീണ്ടും അകത്തേക്ക് നടന്നു നീങ്ങി. സെയിത്സിലെ സ്ത്രീ ഒന്നുരണ്ടു തുണിക്കെട്ടുകളെടുത്ത് കൗണ്ടറിനുമുകളിലായി വെച്ചു.
'എങ്ങനത്തെയാ വേണ്ടത്?'
'വെളുത്തത് മതി.' മകൾ പറഞ്ഞു.
വെളുത്ത ചെറുതുംവലുതുമായ പല രൂപത്തിലും ഡിസൈനുകളിലുമുള്ള ടോപ്പുകൾ അവർ പ്രദർശിപ്പിച്ചു. പിൻഭാഗത്തുമാത്രം കോളറുള്ള ഏകദേശം കാൽമുട്ടുവരെ ഇറക്കമുള്ള, വെളുത്ത നൂലിനാൽ എംബ്രോയ്ഡറി ചെയ്ത ഒരു ടോപ്പെടുത്ത് തന്റെ ശരീരത്തിൽ ചേർത്തുപിടിച്ച് മകൾ പറഞ്ഞു;
'അച്ഛാ, ഇത് ഭംഗിയില്ലേ?'
ഇതുമതി.'
ഞാൻ നോക്കി. നല്ലതാണെന്ന് എനിക്കും തോന്നി. മകനോടും അഭിപ്രായം ചോദിക്കാമെന്നുകരുതി നോക്കിയപ്പോൾ അവൻ അകലെ വേറെയേതോ ഭാഗത്ത് കാഴ്ച്ചക്കാരനായി നടക്കുകയാണ്.
'ഇതുമതി. ' ഞാൻ പറഞ്ഞു.
'ഒരു ലെഗ്ഗിംങ്സുവേണം, ബ്ലാക്ക് മതി.'
'അത് അവിടെയാണ് ട്ടോ.അങ്ങോട്ട് പൊയ്ക്കോളൂ.'
ഞങ്ങൾ അടുത്ത കൗണ്ടറിലേക്ക് പോകുവാൻ തുനിയവേ ആ സ്ത്രീ എന്നോടു ചോദിച്ചു;
'നിങ്ങളുടെ വീട് എവിടെയാണ്? '
ആ ചോദ്യം കേട്ടപ്പോഴാണ് ഞാൻ അവരുടെ മുഖം കൂടുതൽ ശ്രദ്ധിച്ചത്. ഞാൻ സ്ഥലപ്പേര് പറഞ്ഞു.
'അവിടെ എവിടെയാണ്? '
ഇതാരോ എന്നെ അറിയുന്ന സ്ത്രീയാണെന്ന് തോന്നുന്നു. ആത്മഗതം ചെയ്തു. മാത്രമല്ല, ആ മുഖം എവിടെയോ കണ്ടു മറന്നതുപോലെ. ഞാൻ സ്ഥലം കൃത്യമായി പറഞ്ഞു.
'പഠിച്ചിരുന്നത് എവിടെയാണ്? '
'സ്ക്കൂളിൽ അവിടെത്തന്നെയായിരുന്നു. പിന്നെ തൃപ്രയാർ, തൃശ്ശൂർ. എവിടെയാണ് വീട്? '
പഴയ പരിചയക്കാർ ആരെങ്കിലുമാണോ? വീടിനടുത്തുണ്ടായിരുന്നവർ. കുറച്ചു വർഷങ്ങളായി നാട്ടിൽ ഇല്ലാതിരുന്നതിനാൽ പല മുഖങ്ങളും അപരിചിതങ്ങളായി.
'എന്റെ വീട് അവിടെയല്ല. അവൾ സ്ഥലപ്പേര് പറഞ്ഞു. കൂടെ മറ്റൊരു ചോദ്യവും.
'ഏതു വർഷമായിരുന്നു?'
ഇതു പുലിവാലായല്ലോ. എന്തായാലും എന്നെ അറിയുന്ന വ്യക്തിയാണ്. ആരായിരിക്കാം? എന്റെയുള്ളിൽ ഒരുനൂറ് സംശയങ്ങൾ ഒരു നിമിഷത്തിനുള്ളിൽ ഓടിയെത്തി. ഞാൻ വർഷവും പറഞ്ഞു. കൂടുതൽ പരിചയഭാവത്തോടെ അവൾ ചോദിച്ചു;
'പേരെന്താണ്?'
ഞാൻ പേര് പറഞ്ഞു.
'എന്നെ അറിയുമോ?' അവൾ.
'നല്ല പരിചയം തോന്നുന്നുണ്ട്. പക്ഷേ ഓർമ്മയില്ല.
'ഞാൻ റെനില. മനസ്സിലായോ?'
റെനിലയോ? എന്റെ മനസ്സിൽ ഒരു മിന്നായംപോലെ എന്തോ കടന്നുപോയി. ആശ്ചര്യമോ സന്തോഷമോ എന്തെന്ന് വ്യക്തമല്ലാത്ത ഒരു അവസ്ഥയോടെ ഞാൻ ചോദിച്ചു;
'റെനിലയാണോ? എനിക്ക് ഒന്നുംതന്നെ മനസ്സിലായില്ല. കുറേ വർഷങ്ങളായില്ലേ കണ്ടിട്ട്. '
അവൾ ചിരിച്ചു. കൂടുതൽ സ്നേഹത്തോടെ, സന്തോഷത്തോടെ തല ഒരല്പം ഒരു വശത്തേക്കായി ചരിച്ചുപിടിച്ച് ഒരു കോണിലൂടെയുള്ള ആ പഴയ നോട്ടം.
ഞാൻ അവളെ കൂടുതൽ ശ്രദ്ധിച്ചു. മുമ്പത്തേക്കാൾ കൂടുതൽ വെളുത്ത നിറം. പ്രായത്തിന്റേതായ ചില മാറ്റങ്ങൾ ദൃശ്യമാണെങ്കിലും ഇപ്പോഴും ശരിയായ പ്രായത്തേക്കാൾ കുറവേ തോന്നൂ. നിതംബം മറഞ്ഞു കിടന്നിരുന്ന കറുത്ത നീളൻ മുടിയിഴകൾ മാറ്റം സംഭവിച്ച് ഇപ്പോൾ അല്പം ചുരുണ്ട് അരക്കെട്ടിനു മുകളിലായി കിടക്കുന്നു. കഴുത്തിൽ ഒരു ചെറിയ താലിമാലയും നെറ്റിയിൽ സിന്ദൂരവും ചാർത്തിയിരിക്കുന്നു.
നീലപ്പൂക്കൾ നിറഞ്ഞ ഷിഫോൺ സാരി അവൾക്ക് കൂടുതൽ ചേരുന്നതുപോലെ.
ഞങ്ങളുടെ സംസാരം ശ്രദ്ധിച്ചു നില്ക്കുന്ന മകളോട് ഞാൻ പറഞ്ഞു;
'ഈ ആന്റി അച്ഛന്റെകൂടെ പ്രീഡിഗ്രിക്ക് പഠിച്ചിരുന്നതാണ്. '
മകൾ സ്നേഹഭാവേന ചിരിച്ചു.
'മോള് ഏതു ക്ലാസ്സിലാണ്?'
'ടെൻത്തിൽ.'
'ഏതു സ്ക്കൂളിലാ? '
'സെന്റ് ആൻസ് ഗേൾസ്. '
'മോനുമുണ്ട്. അവൻ ദാ അവിടെ നില്ക്കുന്നു.'
ഞാൻ മകനെ ചൂണ്ടിക്കാണിച്ചു പറഞ്ഞു.
'എനിക്കും രണ്ടു മക്കളുണ്ട്. മൂത്തവൻ ബി ടെക് കഴിഞ്ഞു ബാംഗ്ലൂരിലാണ് ജോലി. രണ്ടാമത്തവൻ +വണ്ണിനു പഠിക്കുന്നു.
കൂടുതൽ വിശേഷങ്ങൾ പറയുന്നതിനിടയിൽ ഞാൻ മകളൊട് പറഞ്ഞു;
'മോള് പോയി ലെഗ്ഗിംങ്സ് സെലക്ട് ചെയ്തൊ. അച്ഛൻ വരാം. '
'വിവാഹം നേരത്തെ കഴിഞ്ഞത് ഞാൻ അറിഞ്ഞിരുന്നു. ഞാൻ കുറെ തിരക്കിയിരുന്നു. പക്ഷേ ഇതുവരെ കണ്ടില്ല. '
'ആ. ഞങ്ങൾ പെൺകുട്ടികളല്ലേ. പ്രീഡിഗ്രി കഴിഞ്ഞപ്പോൾത്തന്നെ വിവാഹം കഴിഞ്ഞു. പുള്ളിക്കാരൻ ഷെയർ മാർക്കറ്റിലാണ്. വീട്ടില് വെറുതെയിരുന്ന് ബോറഡിക്കേണ്ട എന്നുകരുതി ഞാൻ തന്നെയാണ് ഈ ജോലി തെരഞ്ഞെടുത്തത്. ഇതാവുമ്പോൾ ഒരു രസമല്ലേ... നേരംപോക്കും. അത്രയും സമയം ടെൻഷനും ഒഴിവാക്കാം. '
'ശരിയാണ്.
ഒരു നിമിഷത്തെ നിശ്ശബ്ദതക്കുശേഷം ഞാൻ പറഞ്ഞു;
'തന്റെ പേരാണ് ഏട്ടന്റെ മകൾക്ക് ഇട്ടിരിക്കുന്നത്. ഞാൻ സെലക്ട് ചെയ്തതാണ്.'
'അതേയോ? '
അവൾ ആശ്ചര്യത്തോടേയും അതിലേറെ ആനന്ദഭാവേന പറഞ്ഞു.
'ഫാമിലി...വൈഫ്...?'
'ഇപ്പോൾ ഞങ്ങൾ മൂന്നുപേരാണ് വീട്ടില്. അത്രയേയുള്ളൂ കൂടുതൽ വിശേഷങ്ങൾ പിന്നീട് പറയാം. '
അതിനിടയിൽ മകൾ ലെഗ്ഗിംങ്സ് സെലക്ട് ചെയ്തുകഴിഞ്ഞിരുന്നു.
'വേറെ എന്തെങ്കിലും എടുത്തിട്ടുണ്ടോ?'
ലെഗ്ഗിംങ്സുമായി മകളുടെ കൂടെവന്ന മറ്റൊരു സെയിത്സ് ഗേൾ ചോദിച്ചു. റെനില മകൾ സെലക്ട് ചെയ്തുവെച്ച ടോപ്പ് അവർക്ക് കൊടുത്തു.
'വേറെ എന്തെങ്കിലും വേണോ?'
'വേണ്ട. പിന്നീട് വരാം. ' ഞാൻ റെനിലയോട് പറഞ്ഞു.
കൗണ്ടറിൽ ബില്ലടച്ച് ക്യാഷ് പേ ചെയ്ത് തിരിച്ചു മക്കളോടൊത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ വീണ്ടും ഒരിക്കൽക്കൂടി തിരിഞ്ഞുനോക്കി റെനിലയോട് യാത്ര പറഞ്ഞു. പരിചയക്കാരനായ ഓണറും ചിരിക്കുന്നതു കണ്ടപ്പോൾ അവരുടേയും എന്റേയും ആശ്വാസത്തിനായി പറഞ്ഞു;
'എന്റെ ക്ലാസ്സിൽ പഠിച്ചിരുന്നതാണ്.'
പുറത്തേക്കിറങ്ങി ബസ്റ്റോപ്പ് ലക്ഷ്യമാക്കി നടക്കുമ്പോഴും ആ മുഖവും ഓർമ്മകളും വർഷങ്ങൾക്ക് പിറകിലേക്ക് എന്നേയും ചിറകിലേറ്റി പറന്നുകൊണ്ടിരുന്നു. അത് ചെന്നെത്തിയത് 30 വർഷം പിറകിലുള്ള ഒരു പ്രീഡിഗ്രി ക്ലാസ്സിലേക്കായിരുന്നു. അവിടെ രണ്ടു വരികളിലായി നിരത്തിയിട്ടിരുന്ന ബെഞ്ചുകളിലൊന്നിന്റെ ഒരറ്റത്തായി ഗോൾഡൻ കളറിൽ ബ്രൗൺ നിറത്തിലുള്ള കസവു പട്ടുപാവാടയും ഇറക്കമുള്ള ബ്ലൗസുമണിഞ്ഞ് വാലിട്ടെഴുതിയ നീണ്ട കണ്ണുകളുമായി മുട്ടോളമെത്തുന്ന തന്റെ കാർക്കൂന്തൽ ചുമലിലൂടെ ഒരു വശത്തേക്കായി താഴേക്കിട്ട് കടക്കണ്ണുകൊണ്ട് നോട്ടമെറിയുന്ന ഒരു പതിനേഴുകാരി എന്റെ മനസ്സിൽ എവിടെയോ കയറിയൊളിച്ചു... നഷ്ടസ്വപ്നങ്ങളുമായി ഒരു പ്രണയിനി..!
***മണികണ്ഠൻ അണക്കത്തിൽ***
Copyright protected
13/10/2018

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot