Slider

അച്ഛൻ

0

* * * *
മറ്റൊരുവന്റെ കൂടെ സ്വന്തം ഭാര്യ ഇറങ്ങി പോയപ്പോൾ, നാട്ടുകാരുടെ മുമ്പിൽ പരിഹാസ്യനായി തല കുനിച്ചു നിൽക്കേണ്ടി വന്നൊരു അച്ഛന്റെ മകനായിരുന്നു ഞാൻ.
അവനു കഴിവില്ലാത്തതുകൊണ്ടാണ് അവൾ വേറൊരുത്തന്റെ കൂടെ ഇറങ്ങി പോയതെന്നും.
അവളുപോയാൽ അതിലും നല്ലൊരുത്തിയെ നീയും വിളിച്ചുക്കൊണ്ടു വരണമെന്നും രണ്ടഭിപ്രായം പറഞ്ഞവരുടെ മുമ്പിൽ മക്കളെ ചേർത്തു പിടിച്ചു നിന്നൊരച്ഛൻ.
ഒമ്പതു വയസ്സായ പെങ്ങളെ നോക്കി, അമ്മ വേലി ചാടിയാൽ മോള് മതിലു ചാടുമെന്നാരോ പറഞ്ഞപ്പോൾ അച്ഛന്റെ മുഷ്ടികൾ ഞെരിഞ്ഞമരുന്നത് ഞാനറിഞ്ഞിരുന്നു.
അമ്മയുടെ കത്തൊക്കെ വരാറുണ്ടോയെന്ന പരിഹാസം പറച്ചിലിനും. പാവം ഈ കുട്ടികളെയിട്ടിട്ടു അവൾക്കെങ്ങനെ പോകാൻ തോന്നിയെന്ന സഹതാപം പറച്ചിലിനുമിടയിൽ വളർന്നു വന്നവരായിരുന്നു ഞങ്ങൾ.
ഒരിയ്‌ക്കൽപ്പോലും അമ്മയില്ലാത്തൊരു ബുദ്ധിമുട്ട് അച്ഛൻ വരുത്തിയിരുന്നില്ല.
കുട്ടികളെ നോക്കാൻ വേറൊരു പെണ്ണിനെ കല്ല്യാണം കഴിയ്ക്കാൻ ബന്ധുക്കൾ നിർബന്ധിച്ചപ്പോൾ, ന്റെ മക്കളെ ഞാൻ തന്നെ ഒരു കുറവും വരാൻ നോക്കാതെ വളർത്തിക്കോളാം. അല്ലെങ്കിലും ഞാൻ നോക്കുന്നതുപ്പോലെ ഇനി വരുന്നവൾ നോക്കണമെന്നില്ലല്ലോയെന്നു അച്ഛൻ പറഞ്ഞപ്പോൾ ഞങ്ങളുടെ ഇനിയുള്ള ജീവിതത്തിൽ അമ്മയും, അച്ഛനുമെല്ലാം ഒരാൾ മാത്രമായിരുക്കുമെന്നു ഉറപ്പിച്ചു. അച്ഛന്റെ തണലിൽ കഴിയാനായിരുന്നു ഞങ്ങൾക്കുമിഷ്ടം.
അച്ഛൻ വെച്ചുണ്ടാക്കുന്ന ഭക്ഷണങ്ങൾക്കു രുചിയില്ലെങ്കിലും, അതിൽ സ്നേഹത്തിന്റെയും കരുതലിന്റെയും കണ്ണുനീരിന്റെ ഉപ്പുരസമുണ്ടായിരുന്നു.
പെങ്ങൾ വയസ്സറിയിച്ച കാലത്താണ് അമ്മയില്ലാത്ത ബുദ്ധിമുട്ട് അച്ഛൻ അറിഞ്ഞത്. എന്റെ മോള് ആഗ്രഹിച്ച സമയത്തു അവളുടെ അമ്മ കൂടെയില്ലല്ലോയെന്ന സങ്കടത്തിൽ അച്ഛന്റെ കണ്ണുകൾ നിറയുന്നത് ജീവിതത്തിൽ ആദ്യമായി കാണേണ്ടി വന്നു.
പിന്നീടുള്ള രാത്രികളിൽ അച്ഛനു ഉറക്കമില്ലെന്നുവരെ ഞങ്ങൾക്ക് തോന്നി. മുറ്റത്തൊരു കരിയില അനങ്ങിയാൽപ്പോലും ഏതു പാതിരാത്രിയിലും അച്ഛൻ അറിഞ്ഞിരുന്നു.
മകളുടെ ജീവിതത്തിൽ ഒരു കരുതലായി അച്ഛന്റെ കണ്ണും, കാതും ഏതു പാതിരാത്രിയിലും തുറന്നുത്തന്നെയിരുന്നു.
പിന്നീടങ്ങോട്ട് അമ്മയുടെ ഓർമകളോ, ആ പേരുപ്പോലും ഞങ്ങൾ പറയാതെയായി.
വേറൊരുവന്റെ കൈയിലേക്ക് അന്നുവരെ ഒരു പോറൽപ്പോലുമേൽപ്പിക്കാതെ വളർത്തിയ മകളെ അച്ഛൻ പിടിച്ചേൽപ്പിക്കുമ്പോൾ അഭിമാനംകൊണ്ടു എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
അവളുടെ നെറുകയിൽ തലോടി, മനസ്സുകൊണ്ടു അമ്മയുടെ അനുഗ്രഹം വാങ്ങണമെന്ന് അച്ഛൻ പറഞ്ഞത് കേട്ടപ്പോൾ, അച്ഛന്റെ മനസ്സിൽ ഇപ്പോഴും അമ്മയുടെ സ്ഥാനത്തിന് ഒരു മാറ്റവും വന്നിട്ടില്ലെന്നു മനസ്സിലായി.
രണ്ടു മക്കളെ എനിയ്ക്കു സമ്മാനിച്ചതിന്,
കുറച്ചു കാലമെങ്കിലും എന്റെ സുഖത്തിലും, ദുഖത്തിലും കൂടെ നടന്നതിന്.
അവളെന്നുമെന്റെ മനസ്സിൽ കാണുമെന്നു അച്ഛന്റെ മനസ്സു പറയുന്നത് ഞങ്ങൾ അറിയുന്നുണ്ടായിരുന്നു...!
രചന: ഷെഫി സുബൈർ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo