നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒളിച്ചോട്ടം


...................
ചൂളം കുത്തി അതി വേഗം പായുന്ന ട്രെയിനിന്റെ താളത്തിൽ അവളെന്റെ തോളിൽ തല ചായ്ച്ച് ശാന്തമായി ഉറങ്ങിക്കൊണ്ടിരുന്നു. ഞാനാകട്ടെ ഇടക്കൊക്കെ കണ്ണടച്ച് ഉറങ്ങാൻ ഒരു ശ്രമം നടത്തിയെങ്കിലും ട്രെയിനിനേക്കാൾ വേഗത്തിൽ ഒരു ചിന്ത വന്ന് കണ്ണുകളെ തുറപ്പിച്ച് കളഞ്ഞു. അത് മറ്റൊന്നുമല്ല ആരോരും അറിയാതെ ഞങ്ങളൊരു പുതിയ ജീവിതത്തിലേക്കുള്ള ഒളിച്ചോട്ടത്തിൽ ആണല്ലോ എന്നതായിരുന്നു എന്നെ അലട്ടിയിരുന്നത് !

സത്യത്തിൽ ഞാനും അവളും ഒളിച്ചോടണമെന്ന് ഒരിക്കലും വിചാരിച്ചതല്ല ! ഒരു പ്രത്യേക സാഹചര്യത്തിൽ ഞങ്ങൾ അങ്ങനെ ചെയ്യാൻ നിർബന്ധിതരാവുകയായിരുന്നു.പ്രണയം തുറന്ന് പറഞ്ഞപ്പോൾ അവൾ മുന്നോട്ട് വെച്ച ഒരേയൊരു ഡിമാന്റ് വീട്ടുകാരുടെ സമ്മതമുണ്ടെങ്കിലേ ഈ സംഭവം നടക്കൂ എന്നുള്ളതായിരുന്നു!

പ്രണയത്തിലായി ആദ്യ അവധിക്ക് നാട്ടിൽ വന്നപ്പോൾ തന്നെ എന്റെ വീട്ടുകാരേയും കൂട്ടി ഞാനവളുടെ വീട്ടിൽ പോയി.പെണ്ണ് ചോദിക്കാൻ! രണ്ട് കൂട്ടരുടേയും ബന്ധുക്കളുടെ വക ചില്ലറ മുട്ടാ പോക്ക് വാദങ്ങൾ ഉണ്ടായെങ്കിലും എനിക്ക് വിദേശത്തുണ്ടായിരുന്ന സാമാന്യം നല്ല ജോലിയും അവളുടെ വിദ്യാഭ്യാസവും സർവ്വോപരി ഞങ്ങളുടെ ഉറച്ച ഇഷ്ടവും വീട്ടുകാർക്ക് ഒരു അനുകൂല നിലപാടെടുക്കാൻ കാരണമായി.

രണ്ട് വീട്ടുകാരും അങ്ങോട്ട് മിങ്ങോട്ടും വരവ് പോക്കുകൾ പല തവണയുണ്ടായി. ഒടുക്കം അവളുടെ പഠിപ്പ് കഴിഞ്ഞ് അടുത്ത വർഷം കല്യാണം നടത്താം എന്നൊരു തീരുമാനമായി. അപ്പോഴേക്കും എന്റെ അവധിയും കഴിഞ്ഞിരുന്നു.ഗൾഫിൽ പോയി രണ്ട് വർഷായിട്ടും ഈ പഴഞ്ചൻ വീട് മാറ്റി എന്തേ പുതിയതൊരെണ്ണം വെക്കാത്തത് എന്ന ചില ബന്ധു ജനങ്ങളുടെ കുത്തിയ ചോദ്യത്തിന് പെങ്ങന്മാരെ കെട്ടിച്ച കുറച്ച് കടം വീട്ടാനുണ്ടായിരുന്നു എന്ന് പറയാൻ എന്റെ അഭിമാനം സമ്മതിച്ചില്ല!

അടുത്ത വർഷവും അവധി വന്നു.ഗൾഫിൽ ചില ബിസിനസുകളിലൊക്കെ പണമിറക്കിയതിനാൽ വീടു പണിയൊന്നും തുടങ്ങാൻ എനിക്ക് സാധിച്ചിരുന്നില്ല! ഒരു കെട്ടിടം പണിയുന്നതിനപ്പുറം ഭാവിയെ കുറിച്ചായിരുന്നു ഞാൻ ആലോചിച്ചത്.കല്യാണ കാര്യം വീണ്ടും ഉയർന്ന് വന്നപ്പോൾ പെങ്ങന്മാരും അളിയന്മാരും പിന്നെ എനിക്ക് അറിയ പോലുമില്ലാത്ത ചില കുടുംബക്കാരും ഇടപെട്ടു. ഇനി വീട് വെച്ചിട്ടാവാം കല്ല്യാണം! അങ്ങനെ അവൾടെ ഒരു വർഷത്തെ ട്രെയിനിംഗിന്റെ പേര് വീണ്ടും ഞാൻ വിമാനം കയറി.

വീട് പണി ജോറായി നടന്നു.. പക്ഷേ ഒരു തരത്തിൽ പണിയൊക്കെ കഴിഞ്ഞപ്പോഴേക്കും അവധികൾ വീണ്ടും രണ്ടെണ്ണം കടന്നു പോയിരുന്നു! വീണ്ടും കല്യാണ കാര്യം ഉയർന്ന് വന്നു. ഇത്തവണ പ്രശ്നവുമായി വന്നത് അവളുടെ ബാപ്പയാണ് .. മൂപ്പർടെ ബിസിനസിപ്പോ ക്ഷീണത്തിലാണ് ..കുട്ടിക്ക് വല്ലോം കൊടുക്കണ്ടെ... അതുണ്ടാക്കാൻ കുറച്ചൂടി സമയം വേണം.. ഞാൻ പറഞ്ഞു എനിക്കൊരു ചില്ലിക്കാശ് വേണ്ട! പക്ഷേ എനിക്ക് വേണ്ടീട്ടല്ല ബന്ധു ജനങ്ങളുടേയും നാട്ടുകാരുടേയും മുന്നിൽ അഭിമാനം കാക്കാൻ വല്ലതും കൊടുക്കണം പോലും!

ഇങ്ങനെ പല പല കാരണങ്ങളാൽ വർഷങ്ങൾ വീണ്ടുമങ്ങനെ കടന്ന് പോയി. ഒരു നാൾ ഞാനും അവളും ഒരു കടുത്ത തീരുമാനമങ്ങെടുത്തു.. ആരെയും അറിയിക്കാതെയാണ് അത്തവണ ഞാൻ നാട്ടിലെത്തിയത്. ജോലി ചെയ്യുന്ന സ്ഥലത്ത് നിന്ന് അവളെയും വിളിച്ചിറക്കി രെജിസ്റ്റർ ഓഫീസിൽ പോയി ആ ചടങ്ങങ്ങ് നടത്തി. എല്ലാത്തിനും കൂട്ടായി ഞങ്ങളുടെ കാര്യങ്ങൾ അറിയുന്ന സുഹൃത്തുകളും ഉണ്ടായിരുന്നു. അതിലൊരുവനാണ് കുളു മണാലിയിൽ ഒരു ഹണിമൂൺ പാക്കേജ് സമ്മാനിച്ച് ടിക്കറ്റെടുത്ത് തന്നത് .എന്നിട്ടൊരു കള്ളച്ചിരിയോടെ പറഞ്ഞു .. ഇത് നിങ്ങളുടെ ഒളിച്ചോട്ടമാണ് കേട്ടോ....
..........................

ഇടക്ക് ഉറക്കമുണർന്നപ്പോൾ അവളെന്റെ നരച്ച താടി നോക്കി ചോദിച്ചു 'താനൊരു കിളവനായല്ലോ ഡോ ..' എന്നിട്ട് പൊട്ടി പൊട്ടി ചിരിച്ചു.. ഞാനും ഉറക്കെ ചിരിച്ചു... പെട്ടന്നവൾ എന്റെ ചുണ്ട് വിരൽ കൊണ്ട് അടച്ച് വെച്ച് പറഞ്ഞു... ശ്... മിണ്ടല്ലേ... നമ്മൾ ഒളിച്ചോട്ടക്കാരാ... ഞാൻ പറഞ്ഞു...ശരിയാണ് നമ്മൾ ഒളിച്ചോടുകയാണ്... അത് പക്ഷേ ആരേയും തോൽപിക്കാനല്ല .. ഒരിക്കലും മാറാത്ത ചില മാമൂലുകളിൽ നിന്നും സ്വതന്ത്രമായ ഒരു പുതു ജീവിതത്തിലേക്കാണ് നമ്മുടെ ഈ ഒളിച്ചോട്ടം!പുറത്ത് നിന്ന് അകത്തേക്കപ്പോൾ ഒളിഞ്ഞ് കയറിയ തണുത്ത കാറ്റിൽ അവളുടെ കുറു നിരകൾ ഇളകിക്കളിക്കുന്നത് കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു !

- യൂനുസ് മുഹമ്മദ്.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot