നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കഷണ്ടി

Image may contain: Joby George Mukkadan, eyeglasses, beard, selfie and closeup

"ഇതിന്നു വല്ലതും നടക്കുവോ"
അക്ഷമയോടെ സുമേഷ് ചോദിച്ചു...
"നീയൊന്ന് അടങ്ങെടാവ്വേ , ഇതിനൊക്കെ അതിന്റേതായ സമയം എടുക്കും..."
"നീയൊക്കെ വഴിയിൽ കൂടി ചുമ്മാ മുദ്രാവാക്യം വിളിച്ചു നടക്കുന്നത് പോലെ നിസാരമല്ല ഇത്..."
"മനസ്സെത്തുന്നോടത്ത് ശരീരം എത്തണം .. ശരീരം എത്തുന്നൊടത്ത് മനസ്സെത്തണം, ഇത് രണ്ടുമെത്തുന്നോടത് വേറാരും എത്തുകയുമരുത് "
"കേട്ടിട്ടില്ലേ യഥോ ഹസ്ത തഥോ ബല എന്ന്..."
"പിന്നേ എന്ന് വച്ചാൽ ഇത് യുദ്ധം അല്ലേ, അതിർത്തിയിലെ പാട്ടാളക്കാർക്കില്ലല്ലോ ഇത്രേം കഷ്ടപ്പാട്.."
“ ഇതൊക്കെ ഒരു പൂ പറിക്കുന്നപോലല്ലേ ഉള്ളൂ വറീതേട്ടാ"
" ആ നിനക്കങ്ങനൊക്കെ തോന്നും പെണ്ണുകെട്ടിക്കഴിയുമ്പോൾ ആ സംശയം തീർന്നോളും"
വറീതേട്ടൻ ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു..
ഇന്നലെ വാവായിരുന്നു.. പശൂന് നല്ല ചെനക്കോൾ ഉണ്ട്, നീയൊന്നു
വറീതുമാപ്പ്ളെടെ അവിടെ വരെ കൊണ്ടുപോയി പശൂനെ മൂരിയെ കൊണ്ട് ചവിട്ടിച്ച് വാ എന്ന് അമ്മ നിർബന്ധിച്ചപ്പോൾ ഇറങ്ങിപുറപ്പെട്ടത് അബദ്ധം ആയിപോയെന്നു സുമേഷിന് തോന്നി, സുപ്രീംകോടതി വിധിയ്‌ക്ക്തിരെ ഉള്ള പ്രതിഷേധ യോഗത്തിനു പോകേണ്ടതാണ്.. കാള ആണെകിൽ പശുവിനെ കണ്ടഭാവം ഇല്ല.
"അല്ലടാ ഇതിനെന്നാ പ്രായം ഉണ്ട്, മൂരികുട്ടനൊരു മൈൻഡ് ഇല്ലല്ലോ .. ഇതിനെ ഒന്ന് കുളിപ്പിച്ചിട്ടൊക്കെ കൊണ്ടുവന്നൂടാരുന്നോ"
" ഓ എന്നാ പിന്നെ കുളിപ്പിച്ച് പെർഫ്യൂം ഒക്കെ അടിച്ച് കയ്യിലൊരു ഗ്ലാസ് പാലും കൊടുത്ത് വിടാരുന്നു... എന്റെ മാപ്ളേ വല്ലോം നടക്കുവോ..എനിക്ക് ജാഥക്ക് പോകേണ്ടതാ " ആ കാളയോട് പറ സുപ്രീംകോടതി ഇത് ക്രിമിനൽ കേസ് ഒന്നും അല്ലാന്നു ഉത്തരവിട്ടെന്ന് "
"അപ്പൊ നിന്റെ ആവശ്യത്തിന് നിനക്ക് കോടതിഉത്തരവിനോടൊന്നും പ്രതിഷേധം ഇല്ലല്ലേ "
"പ്രതിഷേധം ഒക്കെ ആ വഴിക്ക് നടക്കും"
"അല്ലടാ ഈ പ്രതിഷേധിക്കുന്ന നീ അല്ലേ പണ്ട് ആ സഹദേവന്റെ ഭാര്യയോടെന്തോ ചുറ്റിക്കളി ആണെന്നും പറഞ്ഞു അയാൾ നിന്നെ പഞ്ഞിക്കിട്ടത് "
"ഓ അതാ പെണ്ണുംപിള്ള എന്നെ കയ്യുംകാലും കാണിച്ചട്ടല്ലേ "
"ആ അതുതന്നെയാടാ സുപ്രീംകോടതിയും പറഞ്ഞത് താല്പര്യം ഉള്ള ആരേലും പരസ്പരസമ്മതത്തോടെ ഈ പണിക്ക് പോയാൽ ക്രിമിനൽ കേസ് എടുക്കില്ല എന്ന് , അല്ലാതെ എല്ലാരും ഈ പണിക്ക് പോകണം എന്നല്ല "
"കോടതിക്കങ്ങനെ പറയാം നമ്മക്ക് ആര്ഷഭാരതസംസ്കാരം വിട്ടുകളിക്കാൻ പറ്റുവോ "
" അത് വിട് ,ചേട്ടൻ കാര്യം നടത്തിക്കാൻ നോക്ക് , അല്ല ചേടത്തിയെ കണ്ടില്ലല്ലോ എവിടെപ്പോയി "
"അവൾ പള്ളിയിൽ പോയതാ, അവളില്ലാത്തതല്ലേ ഈ താമസം... ഞാൻ അത്ര എക്സ്പെർട്ട് അല്ല ഈകാര്യത്തിൽ, അവൾ പറഞ്ഞാലേ ഇവൻ അനുസരിക്കുള്ളു "
" അതിനു മാപ്പള എക്സ്പെർട്ട് ആയിട്ടെന്താ കാര്യം കാള ആവണ്ടേ "
"എന്നതാ മനുഷ്യാ എന്നെ പറ്റിയിവിടെ ഒരു അപഖ്യാതി പറച്ചിൽ "
മറിയച്ചേടത്തി പള്ളിയിൽ നിന്ന് വരുന്ന വഴിയാണ് , ആ ശബ്ദം കേട്ടതേ വറീതേട്ടന്റെ "ധ" പോലെ നിന്ന മീശ വെറും "റ " പോലെ ആയി..
"അല്ല മറിയേ നിന്റെ മുഖം എന്താ വാടിയിരിക്കുന്നത് "
"ഓ ഒന്നുംപറയണ്ട മനുഷ്യാ പള്ളിയിൽ ഇന്ന് മെത്രാനച്ചന്റെ കുറിപ്പ് വായിച്ചാരുന്നു, കേട്ടിട്ടെന്റെ കണ്ണ് നിറഞ്ഞു പോയി.. നമ്മടെ മെത്രാന്മാരോടൊക്കെ എല്ലാരൂടെ ചെയ്യുന്ന ഒരു ദ്രോഹങ്ങളേ , കേട്ടിട്ടെനിക്ക് സഹിക്കാൻ പറ്റിയില്ല.."
"എന്ത് ചെയ്തെന്നു ആണ് , ബിഷപ് വിശപ്പ് തീർക്കാൻ പോയിട്ടില്ലേ ?"
"മിണ്ടാതിരി മനുഷ്യാ കർത്താവിന്റെ അഭിഷിക്തനെതിരെ കൈചൂണ്ടിയാൽ നീയും നിന്റെ എഴുതലമുറയും നശിച്ചു പോകുമെന്നാ വചനം "
"ആ ബെസ്ററ് ഇതാണല്ലോ തുറുപ്പ്,പിള്ളേര് വരെ നശിക്കും എന്ന് പറഞ്ഞാ പിന്നെ ആരും മിണ്ടില്ലല്ലോ "
മറിയച്ചേടത്തി രൂക്ഷമായൊന്നു നോക്കിയതോടെ വറീതേട്ടൻ പത്തി മടക്കി .
" നിന്നെ പോലുള്ള മണ്ടികളാ അല്ലേലും ഇവരുടെ മൂലധനം " വറീതേട്ടൻ പെണ്ണുംപിള്ള കേൾക്കാതെ പിറുപിറുത്തു..
"അല്ല സുമേഷേ നീ എന്താ പശൂനേം കൊണ്ട്, ഇതിനെ രണ്ടുമാസം മുൻപ് ചവിട്ടിച്ചതല്ലേ , ചെന പിടിച്ചില്ലേ ?"
"കഴിഞ്ഞ ദിവസം ആ റോഡിൽ കെട്ടിയേക്കുന്നെ കണ്ടപ്പോൾ എനിക്ക് ചെന ഉണ്ടെന്നാണല്ലോ തോന്നിയത്?"
ചേടത്തിക്ക് ചെന ഉണ്ടായിട്ടെന്താ കാര്യം പശൂന് ഉണ്ടാകണ്ടേ , എന്നൊരു അശ്ലീലം ആണ് ഇത്തരുണത്തിൽ സുമേഷിന്റെ മനസ്സിൽ ഓർത്തെതെങ്കിലും "ഭാ" എന്ന് തുടങ്ങുന്ന ചേട്ടത്തിയുടെ സ്നേഹത്തോടെയുള്ള വിളിയും അതിന്റൊപ്പം തെറിച്ചു വന്നു കണ്ണിൽ കൊണ്ടേക്കാവുന്ന വെപ്പ് പല്ലും ഓർത്തപ്പോൾ പറഞ്ഞത് ഇങ്ങനാണ് ...
"ഇല്ല ചേടത്തി ഇന്ന് രാവിലെ അമ്മ പറഞ്ഞു കൊണ്ടുവന്ന് ഒന്നൂടെ ചവിട്ടിക്കാൻ,പക്ഷേ ഇതുവരെ വറീതേട്ടൻ നോക്കിയിട്ടു ഒന്നും നടന്നില്ല, മൂരികുട്ടൻ കണ്ട ഭാവം ഇല്ല ,എനിക്കാണേൽ പോയിട്ട് ദൃതിയുമുണ്ട്.."
"നിങ്ങൾ എന്തോ നോക്കി നിൽകുവാ മനുഷ്യാ.. ഇതുവരെ ഇതൊന്നും അറിയില്ലേ ഇങ്ങോട്ട് മാറി നിൽക്ക് "
ഇതുംപറഞ്ഞു മറിയച്ചേടത്തി കാളയുടെ അടുത്തേയ്ക്ക് ചെന്നു ...അവനെ കുറച്ചു നേരം തലോടി എവിടുന്നൊക്കെയോ കുറച്ചു രോമങ്ങളും വലിച്ചു പറിച്ചെടുത്തു... കാളയോന്നു കുതറി ...
മറിയചേടത്തി ഈ പ്രയോഗങ്ങൾ ഒന്നു രണ്ടു തവണ ആവർത്തിച്ച് കഴിഞ്ഞപ്പോൾ കൂടുതൽ സമയം വേണ്ടിവന്നില്ല....
സംഭവം ശുഭം !!!!!
ഇതെല്ലാം കണ്ടു കണ്ണും മിഴിച്ചു നിന്ന സുമേഷ് , പൂർണ്ണചന്ദ്രനെ പോലെ വെട്ടിത്തിളങ്ങുന്ന വറീതേട്ടന്റെ കഷണ്ടി തലയിൽ നോക്കി പറഞ്ഞു പോയി....
"വെറുതെ അല്ല തലയിൽ ഒറ്റ മുടിയില്ലാത്തത് !!!"

Joby George Mukkadan

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot