Slider

ഒരു സെക്കൻഡ് ഷോ കണ്ടു മടങ്ങവേ

0
Image may contain: 1 person, sunglasses, selfie, closeup and indoor

(ഒരു പ്രേത കഥ)
ഒരു സെക്കൻഡ് ഷോ കാണാൻ പോയതാണ്. സിനിമയോട് കമ്പമില്ലാത്ത ഞാൻ ചില തിരഞ്ഞെടുത്ത പടങ്ങൾ കാണാനും മറക്കില്ല. സിനിമ തുടങ്ങുമ്പോഴേ ഞാൻ കോട്ടുവാ ഇടാൻ തുടങ്ങും. കണ്ണിൽ മയക്കം. പിന്നെ പെട്ടന്നു വെളിയിലിറങ്ങി ലെയ്സിന്റെ പൊട്ടറ്റോ ചിപ്സ് വാങ്ങി കൊറിക്കും. ടോയ്ലെറ്റിൽ ഒന്ന് കയറീട്ട് വീണ്ടും ഹാളിൽ പ്രവേശിക്കും. പടം ബോറാണെങ്കിലും കൊടുത്ത കാശു മുതലാക്കണമല്ലോ. പക്ഷെ ഇന്നത്തെ പടം എനിക്ക് തികച്ചും വെത്യസ്തമായി തോന്നി. ഇടയ്ക്കു വച്ച് ഹാളിനു വെളിയിൽ ഇറങ്ങേണ്ടി വന്നില്ല. ദി ടെർമിനേറ്റർ! Arnold Schwarzenegger ന്റെ ഞെട്ടിപ്പിക്കുന്ന ആക്ഷൻ പെർഫോർമൻസ്. സെക്കൻഡ് ഷോ കാണുന്നതിന് വീട്ടിൽ എതിർപ്പുണ്ട്. പക്ഷേ ഇന്ന് ഭാര്യയുടെ സ്പെഷ്യൽ പെർമിഷൻ വാങ്ങിയാണ് പോയത്. എന്നിരുന്നാലും സെക്കൻഡ് ഷോ കണ്ടോണ്ടിരിക്കുമ്പോൾ ഇടക്കിടക്ക് കുറ്റബോധം ഉള്ളിൽ തല പൊക്കാറും ഉണ്ട്. ഈ പടം തീർന്നു കഴിഞ്ഞിട്ടും ഒരിടത്ത് ഒതുങ്ങി നിന്ന് വെള്ളിത്തിരയിൽ ശാന്തമായി ഉയർന്നുവന്ന് അണഞ്ഞുപോന്ന ഇംഗ്ലീഷ് അക്ഷരങ്ങൾ അവസാനം വരെ ഞാൻ വായിച്ചു. അവസാനം ഹാളിനു വെളിയിലിറങ്ങിയതും ഞാൻ.
വീട്ടിലേക്ക് തിരിച്ചു പോകും വഴി എന്റെ പഴയ ലാംബ്രട്ടാ സ്കൂട്ടർ നിന്നുപോയി. എത്ര കിക്ക് ചെയ്താലും സ്റ്റാർട്ട് ആവില്ല. പിന്നെ സ്കൂട്ടർ രണ്ടു വശത്തേക്കും കുലുക്കി വീണ്ടും കിക്ക് ചെയ്തു. ഇല്ല, സ്റ്റാർട്ട് ആവില്ല. സമയം അർധരാത്രി കഴിഞ്ഞു. വീട്ടിലെ ഒരംഗത്തെ പോലെ കണ്ടിരുന്ന വണ്ടി ഇന്നിതുവരെ സ്റ്റാർട്ടിങ്ങ് ട്രബിൾ തന്നിട്ടില്ല. ഞാൻ വണ്ടി തള്ളി നടന്നു. കൂരിരുട്ട്. ഇടക്കിടക്ക് സ്ട്രീറ്റ്ലൈറ് മങ്ങുന്നുണ്ട്. ഒരു വീട്ടുമുറ്റത്തു വണ്ടി പാർക്ക് ചെയ്തിട്ട് നാളെ വന്ന് എടുക്കാം ഞാൻ വിചാരിച്ചു. പക്ഷേ ഒരു വീട്ടിലും ആളനക്കമില്ല. ഞാൻ ക്ഷീണിച്ച് അവശനായി. ഒരടി മുന്നോട്ടു വണ്ടി ഉരുട്ടാൻ വയ്യ. പോക്കറ്റിൽ കിടന്ന മൊബൈലിന്റെ ചാർജും തീർന്നു. ലാംബ്രെട്ടാ വഴിവക്കിൽ ഒരു മതിൽ ചാരി വച്ചിട്ട് ഞാൻ നടന്നു. കുറിച്ച് ദൂരെ റോഡിൻറെ വലതു വശം എന്റെ ശ്രദ്ധയിൽ പെട്ടു. നിരന്നു നിൽക്കുന്ന മരങ്ങൾക്കിടയിൽ വെളുത്ത ചിറകുകൾ വിരിയുന്നു. കൊക്ക്! ഞാൻ മനസ്സിൽ പറഞ്ഞു. പക്ഷേ കൊക്കാണെങ്കിലും കൂരിരുട്ടിൽ എനിക്ക് എങ്ങനെ ചിറകുകളുടെ വെള്ള നിറം കാണാൻ കഴിയും? ഞാൻ ഒരു നിമിഷം തരിച്ചു നിന്നു. ഉള്ളിൽ ഭയം. വിട്ടുകളഞ്ഞാൽ ഈ സംശയം എന്നും മനസ്സിൽ കിടക്കും. അങ്ങനെ വന്നുകൂടാ. ഞാൻ കുറേക്കൂടി അടുത്തേക്ക് ചെന്നു നോക്കി. ജുബ്ബയുടെ രണ്ടു വശങ്ങൾ അനങ്ങുന്നു. എന്റെ ഹൃദയം വാരിയെല്ല് തകർത്തു. ഞാൻ വിറച്ചും കൊണ്ട് കണ്ണുകൾ കുറേക്കൂടി മേലേക്കുയർത്തി.
എന്തേ? അറിയുമോ?
എന്റെ കാതുകളിൽ ആ വാക്കുകൾ മുരണ്ടു.
പിരികം ഉയർത്തി അർത്ഥവത്തായി തുറന്ന കണ്ണുകൾ എന്നെ ശാന്തമായി നോക്കുന്നു. ക്ഷീണിച്ച മുഖം. അസ്ഥിതുല്ല്യമായ ശരീരം. ഒരു നിമിഷം ഞാൻ മരിച്ചു.
ഞാൻ ഓടിയതായി പിന്നെ എനിക്ക് മനസ്സിലായി. ഞാൻ ശരിക്കും കിതക്കുന്നുണ്ട്. ജീവിതം ഒരു സ്വപ്നം പോലെ തോന്നി. യഥാർത്ഥത്തിൽ ഞാൻ എവിടെയെങ്കിലും താമസ്സക്കാരനാണോ? യാഥാർഥ്യം എന്റെ മുന്നിൽ മിന്നിമറയുന്നു. പിന്നെ ഓർമ്മ ഒരു നിമിഷം തിരിച്ചു കിട്ടിയ പോലെ. ഹാ, ഇവിടം ഞാൻ എന്നും കാണുന്ന സ്ഥലമല്ലേ. രാജ്മഹൽ ചക്ക്. നാല് പ്രധാന റോഡുകൾ ക്രോസ്സ് ചെയ്യുന്ന സ്ഥലം. സ്ട്രീറ്റ് ലൈറ്റ് ഇവിടം പകൽ പോലെ ആക്കിയിരിക്കുന്നു. എങ്കിലും അഞ്ചു കിലോമീറ്റർ ഇനിയും നടന്നു വേണം വീട്ടിലെത്താൻ. ഒരു ഓട്ടോയോ, കാറോ ഒന്നും തന്നെ കടന്നുപോകുന്നില്ല. ഒരു പോസ്റ്റ് പോലെ നിന്നു ഞാൻ എല്ലായിടത്തേക്കും കണ്ണു പരതി. സമയം പാതിരാത്രി കഴിഞ്ഞ് 01:48. ഒരു മണിക്കൂറായി വന്നു നിന്നിട്ട്.
ദൈവമേ! ഒരു വാഹനം വരുന്നുണ്ട്. ദൂരേന്നെ ഹെഡ് ലാംപ്സ് കാണാം. കൈ കാണിച്ചു. പക്ഷേ അയാൾ ശ്രദ്ധിച്ചിട്ടുണ്ടാവില്ല. ജീപ്പ് കടന്നു പോയി. പിന്നെ വണ്ടി റിവേഴ്സ് എടുക്കുന്ന ശബ്ദം. ഞാൻ തിരിഞ്ഞു നോക്കി. അയാൾ വണ്ടി എന്റെ അടുത്തേക്ക് നിർത്തി.
എവിടേക്കാ?
കല്ലുംഭാഗം. ഞാൻ പറഞ്ഞു.
ഞാൻ അത് വഴി അല്ല പോന്നത്. പക്ഷേ നിങ്ങളെ ഇവിടെ നിർത്തീട്ടു പോകാനും മനസ്സ് വരുന്നില്ല.
സന്മനസ്സു കാണിക്കണം. എന്നെ ഒന്ന് വീട്ടിലാക്കീട്ടു പോണം.ഞാൻ പറഞ്ഞു.
അയാൾ ഒരു നിമിഷം എന്തോ ചിന്തിച്ചു.
ജീപ്പിന്റെ ടയർ പങ്ക്ച്ചർ ആയതു കാരണം ഞാൻ തന്നെ ഇപ്പോ വളരെ ലേറ്റാ. എനിക്ക് ഉടനെ വീട്ടിൽ എത്തിയെ മതിയാവൂ. ഏതായാലും നിങ്ങൾ ജീപ്പിൽ കയറണം.
അയാൾ ജീപ്പ് ഓടിക്കാൻ തുടങ്ങി.
നിങ്ങൾ എവിടെ പോയതാ?
ഒന്നും പറയണ്ട ചങ്ങാതീ, ഇന്ന് ഞാൻ പെട്ടുപോയി.
സിനിമയോ വല്ലതും കാണാൻ പോയോ?
ചങ്ങാതിക്കെങ്ങിനെ മനസ്സിലായി?
അല്ല, ചോദിച്ചെന്നേയുള്ളൂ...
അയാൾ ജീപ്പ് പറത്തി ഓടിക്കുകയാണ്...ഞാൻ അയാളുടെ ഇടതുവശത്തിരുന്ന് വിൻഡ് ഷീൽഡിൽ കൂടി മുന്നേക്കു നോക്കി.
ജീപ്പ് ഇടതു തിരിഞ്ഞ് ഇടറോഡിൽക്കൂടി മുന്നോട്ടു നീങ്ങി...
ഈ രാത്രി നിങ്ങൾക്ക് എന്റെ വീട്ടിൽ തങ്ങാം. രാവിലെ കൊണ്ട് വിട്ടേക്കാം.
ഞാൻ എന്തു പറയാൻ? ഒന്നുമില്ലെങ്കിലും അയാൾ രാത്രിയിലെ വിജനതയിൽ നിന്നും എന്നേ രക്ഷപ്പെടുത്തിയല്ലോ.
അങ്ങനെ ആയിക്കോട്ടേ. ഞാൻ പറഞ്ഞു.
വണ്ടി ഒരു ഗേറ്റിനു മുന്നിൽ നിർത്തി. അയാൾ തന്നെ ഗേറ്റ് തുറന്നു വണ്ടി അകത്തു പാർക്ക് ചെയ്തു.
വന്നോളൂ... അയാൾ വീടിന്റെ വാതിലിൽ താക്കോൽ തിരിച്ചു.
ഇരിക്കൂ...അയാൾ പറഞ്ഞു.
ഞാൻ കസേരയിൽ ഇരുന്നു. എതിർവശത്തെ കസേരയിൽ അയാൾ എന്നെ നോക്കി ഇരുന്നു.
യഥാർത്ഥത്തിൽ എന്തു സംഭവിച്ചു? ഞാൻ വണ്ടി ഓടിച്ചതുകൊണ്ടാണ് അന്നേരം ചോദിക്കാഞ്ഞത്.
ഹാ, ഞാൻ എല്ലാം പറയാം. ഒരു സെക്കൻഡ് ഷോ കാണാൻ പോയിട്ട് വരുന്ന വഴിയാ. ആ കൽപ്പനാ ടാക്കീസിൽ. വഴിക്കു വച്ച് സ്കൂട്ടർ നിന്നു പോയി. പിന്നെ കുറെ തള്ളി നീക്കി. അവസാനം ഒരു വീട്ടുമതിലരികിൽ പാർക്കു ചെയ്തു. പക്ഷേ നടന്നു വരുന്ന വഴി ഞാൻ... പൂർത്തിയാക്കും മുമ്പേ എന്റെ തൊണ്ട ഇടറി...
വരുന്ന വഴി? പറ. വരുന്ന വഴി എന്ത് സംഭവിച്ചു?
വരുന്ന വഴി വിജനമായിരുന്നു. പക്ഷേ... പിന്നെയും എന്റെ തൊണ്ട ഇടറി.
ഒരാളിനെ കണ്ടു അല്ലേ?
അതേ… ഞാൻ പറഞ്ഞു
നിങ്ങൾ ഭാഗ്യവാനാ. ഇന്നത്തെ ദിവസം അങ്ങനെയാണ്. നിങ്ങൾ മരിച്ചേനേ. രക്ഷപ്പെട്ടെന്നു പറഞ്ഞാൽ മതിയല്ലോ. കുറേക്കൂടി അടുത്തു ചെന്നിരുന്നു എങ്കിൽ അയാൾ കഴുത്തിൽ പിടി മുറുക്കിയേനെ.
ഹാ, എനിക്ക് തോന്നി. ഒരു വല്ലാത്ത രൂപം. പിരികം മേലേക്ക് ഉയർത്തി അയാളുടെ നോട്ടം... ചെറുതായി ഉന്തിയ പല്ലുകൾ...ശാന്ത ശബ്ദത്തിൽ ഇടിമുഴക്കം ഞാൻ ശ്രവിച്ചു. ഇരുട്ടിൽ താഴ്ന്നുപോന്നപോലെ അയാളുടെ വെള്ള ജുബ്ബാ...
നിങ്ങൾ പേടിച്ചുപോയി അല്ലെ?
ശരിക്കും പേടിച്ചു. എന്റെ ഹൃദയം ഇപ്പോഴും വല്ലാണ്ടു മിടിക്കുന്നു.
'അപ്പോൾ നിങ്ങൾ കണ്ട അയാൾ ഞാൻ ആണോ?'
ഞാൻ ഞടുങ്ങി. അതേ മുഖം. അതേ പല്ലുകൾ. അതേ ജുബ്ബാ…എന്റെ കണ്ണിൽ ഇരുട്ടുകയറി.
ആ നിമിഷങ്ങൾ ഞാൻ ഇപ്പോഴും ഓർക്കുന്നു...
കഥ അവസാനിച്ചു.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo