നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മിയാ സാറാ


Image may contain: 2 people, people smiling, closeup

എടാ നിസാറേ നിന്നോട് എത്ര വട്ടം പറഞ്ഞിരിക്കുന്നു കുളിമുറിയിലെ ബക്കറ്റിൽ അലക്കാനുള്ള തുണി കുതിർത്ത് വയ്ക്കരുതെന്ന് . പെട്ടെന്ന് കഴുകിതീർത്ത് ബക്കറ്റ് ഒഴിവാക്കി കൊടുക്ക് വാപ്പച്ചി ഇപ്പോൾ കുളിക്കാൻ കേറും.
ഈ ഉമ്മച്ചീടെ ഒരു കാര്യം പത്രം വായിക്കാനും സമ്മതിക്കില്ല. എന്നാലും വാപ്പച്ചിയുടെ ചീത്ത കേൾക്കുന്നകാര്യമോർത്ത് നിസാർ പത്രം മടക്കിവച്ച് തുണി കഴുകാൻ തീരുമാനിച്ചെഴുന്നേറ്റു.
ആദ്യം തന്നെ സോപ്പുപൊടിയിൽ കുതിർത്തു വച്ച ലുങ്കിയെടുത്ത് നാലായി മടക്കി അലക്കുകല്ലിൽ ആഞ്ഞടിച്ചു. എന്നത്തേയും പോലെ കണ്ണുകൾ അടുത്ത വീട്ടിലെ തെങ്ങിൻ ചുവട്ടിലേക്ക് പോയി. നിസാറിന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. ചെന്തെങ്ങിൽച്ചുവട്ടിലുള്ള അലക്കുകല്ലിലിരുന്ന് തന്നെ നോക്കി സുന്ദരമായി ചിരിച്ചുകൊണ്ടിരുന്ന് പല്ലു തേയ്ക്കുന്നു തന്റെ മിയാ സാറാ ജോസഫ്. നമ്മുടെ ജോസഫേട്ടന്റെ മകൾ എന്റെ മിയ. കണ്ട കാഴ്ച മനസ്സിൽ കുളിരു നിറച്ചെങ്കിലും ഉള്ളിലൊരു വെള്ളിടി വെട്ടി.
മറ്റൊന്നും കൊണ്ടല്ല ഇന്നലെ കല്യാണം കഴിഞ്ഞ തന്റെ കാമുകിയാണ് പഴയപോലെ പല്ലും തേച്ച് തന്നെ തന്നേ നോക്കിയിരിക്കുന്നത്. തലയിൽ ഒരായിരം പൊന്നീച്ചകൾ വല്ലാത്തമൂളലോടെ പറന്ന് കറങ്ങുന്നതോന്നൽ ആകെ ഭ്രാന്ത് പിടിപ്പിക്കുന്നു. ഇന്നലെ രാവിലെ വരെ തന്റെ എല്ലാമെല്ലാമായിരുന്ന മിയ ഇന്നലെ ഉച്ചമുതൽ റോഷന്റെ ഭാര്യയാണ്. അവൾ തേച്ചിട്ട് പോയതൊന്നുമല്ല. താനും കൂടെ നിന്നാണ് ഇന്നലെ പള്ളിയിൽ വച്ച് അവളുടെ താലിക്കെട്ട് നടന്നത്. മജന്താ കളർ മന്ത്രകോടിയണിഞ്ഞ് മനോഹരിയായി നിന്ന മിയ തന്റെ മനോമുകരത്തിൽ രാത്രി മുഴുവനും ചിരിച്ച് തെളിഞ്ഞ് നിന്നത് ഒരു സത്യം തന്നെയാണ്.
ഒന്നു കൂടെ സൂക്ഷിച്ചു നോക്കി മിയ അണിഞ്ഞിരിക്കുന്ന ചന്ദന നിറമുള്ള ലാച്ച . രണ്ടു വർഷം മുമ്പ് തന്നോട് സ്നേഹമാണെന്ന് തെളിയിക്കാൻ താൻ പറഞ്ഞിട്ട് അവൾ അണിഞ്ഞു വന്ന അതേവേഷം. അന്നത് കണ്ടപ്പോൾ കരളിൽ കുളിർ കോരിയിട്ടെങ്കിൽ ഇന്ന് കനൽ കോരിയിട്ട പോലൊരു ഫീലിംഗ്സ്.
ദൈവമേ അവൾ പറഞ്ഞ പോലെ ചെയ്തോ? മണിമാരനുമായുള്ള മധുവിധു രാത്രി, മണിയറയും പൊളിച്ചടുക്കി പോരും എന്ന് അന്നൊരിക്കൽ പറഞ്ഞപ്പോൾ ചിരിച്ചു തള്ളിയതാണ്. പടച്ച തമ്പുരാനേ പറഞ്ഞപ്പോലെ ചെയ്തോ? ഈ കൊച്ചിന്റെ ഒരു കാര്യം. ഇനി എന്തെല്ലാം ആണ് സംഭവിക്കാൻ പോകുന്നത് എന്നോർത്ത് ഒരു സമാധാനവും ഇല്ല.
ഉമ്മയുടെ വിളിയാണ് ചിന്തയിൽ നിന്നുണർത്തിയത്.
നീ ഇതുവരെ തുണി തിരുമ്പി കഴിത്തില്ലേ ,ദാ വാപ്പച്ചി എത്താറായി.
കഴിഞ്ഞു ഉമ്മച്ചീ, എല്ലാം കഴിഞ്ഞു. ഉള്ളിൽ നിന്ന് വന്ന വാക്കുകൾ പലതും ഓർമിപ്പിച്ചു.
പണ്ട് മുതലേ രാത്രി ഭക്ഷണത്തിനു ശേഷം നിസാർ റോയിയുടെ വീട്ടിലേക്കോ റോയി നിസാറിന്റെ വീട്ടിലേക്കോ ചെന്ന് രാത്രി അവർ കുറേ നേരം സംസാരിച്ച് ഇരിയ്ക്കാറുണ്ടായിരുന്നു.
അന്നും പതിവുപോലെ രാത്രി ഭക്ഷണത്തിനുശേഷം നിസാർ റോയിയുടെ വീട്ടിലേക്ക് ചെന്നു.
റോയിയും മിയയും അപ്പച്ചനും അമ്മച്ചിയും കൂടെ മെഴുതിരി വെട്ടത്തിൽ ഭക്ഷണത്തിനു മുന്നേയുള്ള രാത്രി പ്രാർത്ഥന എത്തിക്കുകയായിരുന്നു. അന്ന് മിയ ബൈബിളിൻ നിന്ന് വായിക്കാനായി എടുത്ത എടുത്ത ഏട് പഴയനിയമത്തിലെ ഉത്തമ ഗീതം ആയിരുന്നു. തന്റെ മനോഹരമായ ശബ്ദത്തിൽ മിയ ബൈബിൾ വായിക്കുന്നത് നിസാർ കേട്ടിരുന്നു.
1. ശലോമന്റെ ഉത്തമഗീതം.
2. അവൻ തന്റെ അധരങ്ങളാൽ എന്നെ ചുംബിക്കട്ടെ.
3. നിന്റെ പ്രേമം വീഞ്ഞിലും രസകരമായിരുന്നു. നിന്റെ തൈലം സൗരഭ്യമായതും, നിന്റെ നാമം പകർന്ന തൈലം പോലെ ഇരിക്കുന്നു അതു കൊണ്ട് കന്യകമാർ നിന്നെ സ്നേഹിക്കുന്നു.
4. നിന്റെ പിന്നാലെ എന്നെ വലിയ്ക്ക, നാം ഓടി പോക .....
ഇതെല്ലാം വായിച്ച് കൊടുത്തിട്ട് ഓരോ വരികളും മറ്റുള്ളവർക്ക് ഏറ്റുചൊല്ലാനുള്ള ഇടവേളകളിൽ അവൾ തന്നെ നോക്കിയപ്പോൾ അവളൊരു മാലാഖയെ പോലെ സുന്ദരിയാണെന്ന് നിസാറിന് തോന്നി.
അടുത്ത ദിവസം തമ്മിൽ കണ്ടപ്പോൾ അതിനെപറ്റി ചോദിച്ചപ്പോൾ ഒന്നും പറയാതെ മിയ ഒരു ചെറു ചിരിയിൽ എല്ലാം പറഞ്ഞു.
തന്നോട് ഇഷ്ടമുണ്ടെങ്കിൽ നാളെ ചന്ദനകളർ ലാച്ച അണിഞ്ഞു വരാൻ പകുതി കളിയായും പകുതി കാര്യമായും നിസാർ പറഞ്ഞു.
അതിനടുത്ത ദിവസം അവൾ അണിഞ്ഞു വന്ന ചന്ദനക്കളർ ലാച്ചയിൽ അവൾ പറയാതെ പറഞ്ഞ സ്നേഹം വളർന്നുതുടങ്ങി.
നിസാർ നന്നായി ഓർക്കുന്നു ആ വർഷത്തെ ക്രിസ്തുമസ്സ് തലേന്ന് കരോൾ ടീമിന്റെ ലഘു നാടകം കാണാൻ അവൾ നിന്നിരുന്ന പഞ്ചാര മണലിൽ അവൾ പോയ് കഴിഞ്ഞ് അവളുടെ കാല്പാടുകൾ പതിഞ്ഞ പാടിൽ നഗ്നപാദനായ് നിന്ന നേരം പാലൊളി തൂകി നിന്ന ചന്ദ്രികയും ബാല്യകുതൂഹലങ്ങളോടെ കണ്ണു ചിമ്മി കാട്ടുന്ന നക്ഷത്ര കുഞ്ഞുങ്ങളും ഇളം മഞ്ഞിന്റെ ചെറുകുളിരും പൊന്നിളം കാറ്റും കലർന്ന സുഖശീതളിമയിൽ ഒരു നനുനനുത്ത സുഖമുള്ള പ്രണയരേണുക്കൾ അവളുടെ കാലടിപ്പാടുകളിൽ നിന്ന് തന്നിലേക്ക് പടർന്നു കയറിയ അനുരാഗ വീഞ്ഞിന്റെ ലഹരി വിവരണാതീതമാണ്. അതാണ് പ്രണയം. ഓർമ്മകളിൽ നിറയുന്ന അനുഭൂതി.
അല്ലാതെ കരളു നല്കിയാൽ കയ്യിലുള്ളതും മെയ്യിലുള്ളതും
കവർന്നെടുക്കുന്ന കള്ളച്ചൂതു കളിയല്ല പ്രണയം.
ലൈബ്രറി പുസ്തകങ്ങൾ തുറന്ന് വച്ച് ഒരുവരി പോലും വായിക്കാതെ മണിക്കൂറുകളോളം മിയയെ നോക്കിയിരുന്നു നിസാറും , രണ്ട് പാത്രങ്ങളുമായി വന്ന് അത് കഴുകാനിരുന്നോ അല്ലെങ്കിൽ രണ്ടു തുണിയുമായി വന്ന് അലക്കാനിരുന്നോ നിസാറിനെ നോക്കി ഇരിക്കുന്ന മിയയും തമ്മിലുള്ള പ്രണയം ആരുമറിയാതെ അവരുടെ ഇടയിൽ, അവരുടെ മനസ്സിൽ വളർന്നു പന്തലിച്ചു പൂവിട്ട് പരിമളം പരത്തി നിന്നു.
പൂമ്പാറ്റയും പൂക്കളും പോലെ നിലാവിന്റെ കുളിരും മുല്ലപ്പൂവിന്റെ കുളിരുമുള്ള അവരുടെ നനുനനുത്ത പ്രണയനദി സുഗമമായി ഒഴുകിയ നാളുകൾ.
അതിനിടയിൽ ആണ് മിയയെ പള്ളിയിൽ വച്ച് കണ്ടിഷ്ടപ്പെട്ട റോഷൻ എന്ന സോഫ്റ്റ് വെയർ എഞ്ചിനീയർ തന്റെ വീട്ടുകാരേ കല്യാണാലോചനയുമായി മിയയുടെ വീട്ടിലേക്ക് അയച്ചത്. അവരുടെ വീട്ടുകാർക്കും മിയയേയും അവളുടെ വീട്ടുകാരെയും നന്നായി ഇഷ്ടപ്പെട്ടു. പിന്നീട് എല്ലാം പെട്ടെന്നായിരുന്നു മനസ്സ് ചോദ്യവും കല്യാണമുറപ്പിക്കലും കല്യാണ ദിവസം തീരുമാനിക്കലും എല്ലാം പെട്ടെന്നായിരുന്നു. റോഷന് ഒരു മാസം കഴിഞ്ഞ് അമേരിക്കയിലേക്ക് പോകാനുള്ള വിസയെല്ലാം ശരിയായിട്ടുണ്ട്. അവിടെ ചെന്ന് രണ്ടു മാസത്തിനകം മിയയെ കൊണ്ടു പോകാം എന്നെല്ലാം തീരുമാനിച്ചുറപ്പിച്ചു.
ഒന്നും ചെയ്യാനാവാതെ പകച്ചുപോയി നിസാറും മിയയും. രണ്ടു വർഷത്തുള്ളിൽ ഒരു നല്ല ജോലി നേടി പെങ്ങളുടെ വിവാഹവും നടത്തി മിയയെ വിവാഹം കഴിക്കാം എന്ന ചിന്തയെല്ലാം ഒറ്റയടിക്ക് തകർന്നു പോയി.
തന്റെ കൂടെ എങ്ങോട്ടാണെങ്കിലും ഇറങ്ങി വരാൻ സമ്മതമാണെന്ന് പറഞ്ഞെങ്കിലും നിസാറിന്
അങ്ങിനെ മിയയെ കൊണ്ടുപോകാൻ പറ്റാത്ത സാഹചര്യം ആയിരുന്നു.
അങ്ങിനെ മിയയുടെ കല്യാണം തീരുമാനിക്കപ്പെട്ടു. കല്യാണത്തിനൊന്നും പങ്കെടുക്കാതെ ദൂരെയെവിടെ എങ്കിലും പോകാനുറച്ച നിസാറിനോട് മിയ പറഞ്ഞു
ലോകത്തെ ഒരു കാമുകനോടും കാമുകി പറഞ്ഞു കാണില്ല.
നിസാറിന്റെ സാന്നിധ്യത്തിലേ താൻ മിന്നുകെട്ടാൻ നിന്നു കൊടുക്കുകയുള്ളു എന്ന് . അതും പോരാഞ്ഞ് വെഡ്ഡിംങ്ങ്കാർഡ് സെലക്ട് ചെയ്തതും കല്യാണ സാരി സെലക്ട് ചെയതതും എല്ലാം നിസാറിന്റെ കൂടെ സഹായത്തോടെ ആയിരുന്നു. അങ്ങിനെ ഇന്നലെ കല്യാണം നടത്തിയ മിയയാണ് രാവിലെ പഴയ പോലെ തന്നെ നോക്കിയിരുന്ന് നിഷ്കളങ്കമായി പല്ലു തേക്കുന്നത്. പിന്നെ എങ്ങിനെ പകച്ച് പോകാതിരിക്കും.
കുറച്ചു കഴിഞ്ഞപ്പോൾ മിയ
നിസാറിനെ അടുത്തു കണ്ടപ്പോൾ പറഞ്ഞു.
ഞാൻ റോഷനോട് ഇന്നലെ രാത്രി പറഞ്ഞിട്ടുണ്ട്.
എനിക്ക് ഒരാളെ ഇഷ്ടമാണ്. ദയവായി എന്നെ ഒഴിവാക്കിത്തരണം, ഒരാഴ്ച കഴിഞ്ഞ് അമേരിക്കയിൽ പോ യിട്ട് അവിടെ നിന്ന് സ്വന്തം പ്രോഫഷണിൽ നിന്നുള്ള ഏതെങ്കിലും സുന്ദരിയെ കെട്ടി സുഖമായി ജീവിക്കണം എന്നും നമ്മൾ തമ്മിൽ ശരിയാകില്ല എന്നെല്ലാം. റോഷൻ ആകെ കലിപ്പിലാണ് എന്നോട് പിന്നെ ഒന്നും മിണ്ടിയിട്ടില്ല.
മിയാ എന്റെ സ്നേഹം നിനക്കറിയാം നിന്റെ സ്നേഹം എനിക്കുമറിയാം പക്ഷെ നമ്മുടെ സ്നേഹം മറ്റാർക്കും അറിയില്ല. അതങ്ങിനെ തന്നെയിരിക്കട്ടെ.
ഇനി നമ്മൾ എടുക്കുന്ന ഏതു തീരുമാനങ്ങളും ശരിയല്ലെങ്കിൽ അത് എത്ര കുടുംബങ്ങളെ കണ്ണീരിൽ ആഴ്ത്തും എന്നറിയില്ലേ. നിന്റെ അപ്പച്ചനും അമ്മച്ചിയും റോയിയും എന്റെ ബാപ്പയും ഉമ്മയും സഹോദരിയും റോഷനും റോഷന്റെ വീട്ടുകാരും നമ്മുടെ നാട്ടിലുള്ളവരും എല്ലാം നമ്മളെ എത്ര സ്നേഹിക്കുന്നു. അതെല്ലാം ഒരു നിമിഷം കൊണ്ട് നശിപ്പിക്കണോ. അതിലും വലുതായ കാര്യം നമ്മൾ രണ്ടുജാതി,രണ്ടുമതം.
കല്യാണം കഴിഞ്ഞ ഒരു കുട്ടി ഇതെല്ലാം ധിക്കരിച്ചു വന്നാൽ പിന്നെ വർഗീയ സംഘർഷങ്ങൾ ലൗ ജിഹാദ്, ഘർ വാപസി. ശിവമയം ശക്തിമയം യോഗാ സെന്റർ വഴക്ക് വക്കാണം. വൈറൽ ആയേക്കാവുന്ന അന്തി ചർച്ചകൾ ഇതെല്ലാം വേണോ?
എല്ലാവരുടേയും സന്തോഷം കെടുത്തിയിട്ട് നമ്മുക്ക് സന്തോഷമായി ജീവിക്കാൻ പറ്റുമോ? നമ്മുടെ നിഷ്കളങ്കമായ സ്നേഹം എന്നെന്നും നമ്മുടെ മാത്രം മനസ്സിൽ മാത്രം നിറഞ്ഞു നിൽക്കട്ടെ.
തമ്മിൽ തമ്മിൽ കുറെ സംസാരിച്ചതിനു ശേഷം
മിയ ഒരു തീരുമാനം എടുത്തു.
ശരി,അങ്ങിനെയെങ്കിൽ അങ്ങിനെയാകട്ടെ പക്ഷെ ഞാൻ റോഷനോട് എന്തു പറയും ഇന്നലെ അങ്ങിനെയെല്ലാം പറഞ്ഞതിന് ആകെ ദേഷ്യപ്പെട്ടിരിക്കുകയാണ് റോഷൻ.
അതാണോ കാര്യം അതിനു വഴിയുണ്ട്.
റോഷനോട് ചെന്ന് സ്നേഹത്തിൽ പറഞ്ഞാൽ മതി റോഷന് തന്നോടുള്ള സ്നേഹം അളക്കാനുള്ള ഒരു അഭിനയം ആയിരുന്നു ഇന്നലത്തെ കാര്യങ്ങൾ. അമേരിക്കയിൽ പോയി മറ്റു സുന്ദരികളെ കാണുമ്പോൾ തന്നെ മറക്കുമോ എന്നറിയാനുള്ള ഒരു ടെസ്റ്റ് ഡോസായിരുന്നു ആ പ്രകടനം എന്ന് പറഞ്ഞാൽ മതി.
പാവം മിയ കണ്ണീർ നിറഞ്ഞ പുഞ്ചിരിയോടെ റോഷന്റെ അടുത്തേക്ക് പോകുന്നത്
നോക്കി നിന്ന നിസാറിനും ഉള്ളിൽ വേദനയോടെ ചിരിച്ചു കൊണ്ട് നിൽക്കാനേ കഴിഞ്ഞുള്ളു.
.ഒരു കൈ കൊട്ട് ശബ്ദം കേട്ട് മിയ തിരിഞ്ഞു നോക്കി, നിസാറും തിരിഞ്ഞു നോക്കി. തങ്ങൾ പറഞ്ഞതെല്ലാം കേട്ടു നിൽക്കുന്ന റോഷനെയാണ് അവർ കണ്ടത്.
നിങ്ങളിനി ഒന്നും പറഞ്ഞ് ബുദ്ധിമുട്ടണ്ട, എനിക്ക് എല്ലാം മനസ്സിലായി. നിങ്ങളുടെ സ്നേഹത്തിന്റെ ആഴവും പരസ്പര വിശ്വാസവും ഞാൻ അറിഞ്ഞു. എല്ലാം കൊണ്ടും നിങ്ങൾ ഒന്നിച്ച് ജീവിക്കുന്നതാണ് നല്ലത്. ഇത്രയും സ്നേഹിച്ചിരുന്ന നിങ്ങൾക്ക് മറ്റാരേയും ഇതുപോലെ സ്നേഹിക്കാനാവില്ല. നിങ്ങളെ തമ്മിൽ ഒന്നിപ്പിക്കാൻ എല്ലാ സഹായങ്ങളും ഞാൻ ചെയും.
കേട്ടതെല്ലാം സത്യമാണെന്ന് അറിഞ്ഞ് ആനന്ദചിത്തരായ മിയയും നിസാറും പരസ്പരം കൺകളിൽ സ്നേഹം വായിച്ചെടുത്ത് നിന്നു പോയി, നിറഞ്ഞു തുളുമ്പിയത് ആനന്ദ കണ്ണീർ ആയിരുന്നു.

PS AnilkumarKumar

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot