Ajoy Kumar
ശ്യാമയുടെ കേണൽ അമ്മാവനും ഞങ്ങളും ഒരേ കോമ്പൌണ്ടിൽ ആയിരുന്നു താമസം എങ്കിലും അവിടെ പോയി ഒരു കുപ്പി ചോദിയ്ക്കാൻ പണ്ട് എനിക്ക് മടിയായിരുന്നു, കല്യാണം കഴിഞ്ഞു വന്ന നാളുകളിൽ ആ കൊമ്പൻ മീശ കണ്ടാലെ പേടി ആയിരുന്നു എന്ന് പറയാം , വളരെ നല്ല സെൻസ് ഓഫ് ഹ്യൂമർ ഉള്ള ആളാണെങ്കിലും മൂക്കത്ത് അരിശവും അലമാരയിൽ കുപ്പിയും ലോക്കറിൽ തോക്കുമായാണ് അങ്കിളിന്റെ നടപ്പ് ,ദേഷ്യം വന്നാൽ അപ്പൊ വെടി ആണ്, പിന്നെയെ ഉള്ളു ചോദ്യം
ഏതോ ഒരു ഹർത്താൽ ദിനത്തിൽ ആണെന്ന് തോന്നുന്നു ഞാൻ രണ്ടും കൽപ്പിച്ച് പോയി കുപ്പി ചോദിക്കുന്നത് ,ഓടാൻ സൌകര്യത്തിനു വേണ്ടി ഞാൻ പുറകോട്ടു നടന്നാണ് പോയത്, പക്ഷെ പേടിച്ച പോലെ ഒന്നും സംഭവിച്ചില്ല
യെസ് മൈ ബോയ് ? ടെൽ മി ? അങ്കിൾ വെളുത്ത മീശ വിറപ്പിച്ചു കൊണ്ട് ചോദിച്ചു
മീശ കണ്ടു കവാത്ത് മറന്ന ഞാൻ പറഞ്ഞു ...ഇന്ന് വർത്താൽ ആയതു കൊണ്ട് ഒരു കുപ്പി വ്യാണം
വാട്ട് വർത്താൽ ?
വർത്താൽ അല്ല ഹർത്താൽ .ആജ് ഹർത്താൽ ഹേ, മുച്ചേ എക്ക് ബോത്തൽ ചാഹിയെ ഹേ ഇടക്കൊക്കെ ഹോ അല്ലെങ്കിൽ ഹും വേണമെകിൽ ഹൈ
അച്ചാ , യൂ വാണ്ട് ലിക്കർ ?
ഓ തന്നെ
വിസ്കി ? ബ്രാണ്ടി ഓർ റം ?
വിസ്ക്കിണ്ടിറം, ഞാൻ വെപ്രാളത്തിൽ പറഞ്ഞു
എന്താ?
എല്ലാം ഓരോ കുപ്പി പോരട്ടെയെന്ന്
ബുൾ ഷിറ്റ്.....വെയർ ഈസ് മൈ ഗൺ
ബ്രാണ്ടി ,ബ്രാണ്ടി.. മതി അങ്കിൾ
അങ്ങനെ അതും വാങ്ങി ബാഗിലിട്ട് കൃത്യം പൈസയും കൊടുത്ത് ഞാൻ നേഴ്സറി വിട്ട പിള്ളേർ രണ്ടു കാലും മാറി മാറി പൊക്കി ചാടി തുള്ളി പോകുന്ന പോലെ വീട്ടിലേക്കു പോയി
കൃത്യം അടുത്ത മാസം ആണ് വീണ്ടും ഏതോ ഒരു ഹർത്താലിന്റെ പേരും പറഞ്ഞ് ഞാൻ അടുത്ത കുപ്പി വാങ്ങുന്നതും ,അതും കൊണ്ട് തുള്ളി ചാടി വരുന്ന വഴി മൂട് ഇടിച്ചു വീണതും കുപ്പി മാത്രം പൊട്ടാതെ കാത്തതും
അങ്ങനെ മൂന്നു തവണ കുപ്പി വാങ്ങിയപ്പോൾ ശ്യാമ പറഞ്ഞു, സംഗതി ഒക്കെ കൊള്ളാം, ഇത് ഒരു പതിവാക്കിയാൽ അങ്കിളിനു ദേഷ്യം വരും,
ഞാൻ പറഞ്ഞു, ശേ,കൃത്യം പൈസ കൊടുത്തല്ലേ, മാസാമാസം അങ്കിളിനു കിട്ടുന്ന കുപ്പികളിൽ കേവലം ഒരെണ്ണം ഞാൻ വാങ്ങുന്നത് ,
അങ്ങനെ അടുത്ത മാസം അങ്കിളിന്റെ ബെർത്ത് ഡേക്ക് ഞാൻ ശ്യാമയെ നിർബന്ധിച്ച് അങ്കിളിന്റെ വീട്ടിലേക്കു കൊണ്ട് പോയി , സമ്മാനമായി നല്ല ഒരു നീല പീറ്റർ ഇംഗ്ലണ്ട് ഫുൾ സ്ലീവ് ഷർട്ടും വാങ്ങിച്ചു കൊണ്ടാണ് പോയത്, . താങ്ക് യൂ എന്ന് പറഞ്ഞ് അങ്കിൾ അത് വാങ്ങിച്ച് മേശപ്പുറത്തു വെച്ചു . കുറച്ചു നേരം അവിടെ ഇരുന്ന ശേഷം ഞാൻ ചോദിച്ചു ,
അങ്കിൾ കുപ്പി എന്തെങ്കിലും ?
ലെറ്റ് മീ ടെൽ യൂ ആൻ ഇൻസിഡന്റ് .ഒൺസ് അപ്പോൺ എ ടൈം, ഒരു കോന്തൻ ,അതായത് ഇവിടത്തെ അസോസിയേഷൻ പ്രസിഡന്റ് , അയാൾ എന്നോട് കുപ്പി ചോദിച്ചു, ഒരു തവണ ഞാൻ കൊടുത്തു
ഓഹോ, ഞാൻ വായും തുറന്നു സംഭവം കേട്ടു, എന്നിട്ട് ?
എന്നിട്ട് അടുത്ത തവണ പിന്നെയും വന്നിരിക്കുന്നു , ഞാൻ ചോദിച്ചു എന്താ ? സാറെ കുപ്പി ഉണ്ടോന്ന് ? ഭാ, കൺട്രി ഫെലോ , ഞാൻ ആട്ടി ,തനിക്കു തരാൻ അല്ല ബ്ലഡി ഇഡിയറ്റ് എനിക്ക് ആർമി കുപ്പി തരുന്നത് ,
ഹഹഹഹഹ ,ഞാൻ പൊട്ടിച്ചിരിച്ചു ,എന്നെക്കൊണ്ടു വയ്യ, അത് കലക്കി അങ്കിൾ ,എന്നാൽ ഞങ്ങൾ അങ്ങോട്ട് ? ബ്രാണ്ടി വല്ലതും ഉണ്ടോ?
പിന്നെ ഒരു തവണ, ആ എൻ ആർ ഐ ഇല്ലേ? ആ ഗോപി
ങാ അയാൾ? ആ പൊങ്ങച്ചക്കാരൻ, അയാൾ ? എനിക്ക് രസം കയറി
ഒരിക്കൽ അവൻ ഓടിക്കൊണ്ട് വന്നു, പാർട്ടി ആണ് സാർ , കട അടച്ചു പോയി, കുപ്പി ഉണ്ടോന്ന്...
ഓ, എന്നിട്ട്, കൊടുത്തോ ?
കൊടുക്കാനോ? ഞാൻ ചോദിച്ചു, ബ്ലഡിബെഗ്ഗർ ,നിനക്ക് കുപ്പി തരാൻ ആണോടാ ഞാൻ വാങ്ങിച്ച് വെക്കുന്നത് ?
ഹഹഹഹ, അങ്ങനെ തന്നെ വേണം അയാൾക്ക്, കലക്കി അങ്കിൾ,
ഉം,ഞാൻ തോക്ക് എടുക്കുന്നതിനു മുൻപേ അയാൾ ഓടികളഞ്ഞു
ഹഹഹഹഹഹ, അയ്യോ അയ്യോ, എനിക്ക് വയ്യ, ഞാൻ ചിരിച്ചു മറിഞ്ഞു,
ശ്യാമ പറഞ്ഞു, നമുക്ക് പോകാം, അജോയ്, സമയമായി
ങ പോകാം, അങ്കിൾ ഞങ്ങൾ പോട്ടെ? കുപ്പി വല്ലതും ഉണ്ടെങ്കിൽ....
അജോയ്, ശ്യാമ ചാടി എന്റെ ചെവിയിൽ പറഞ്ഞു, അങ്കിൾ അജോയ് കുപ്പി ചോദിച്ച ദേഷ്യത്തിൽ ആണ് ഈ കഥ ഒക്കെ പറഞ്ഞത് ,പിന്നേം പിന്നേം കുപ്പി ഉണ്ടോ കുപ്പി ഉണ്ടോ, വേഗം വാ പോകാം,
ഹേ ,അതൊന്നുമല്ല,ഞാൻ പറഞ്ഞു, നമ്മൾ ഇപ്പൊ ഷർട്ട് ഒക്കെ കൊടുത്തല്ലേ ഉള്ളു,
വെൻ ഐ വാസ് ഇൻ ജയ്പ്പൂർ ,ഒരു യങ്ങ് മാൻ ലൈക് യൂ, കുപ്പി കുപ്പി കുപ്പി, ഞാൻ സഹി കെട്ട് ചാടി അകത്തു കയറി തോക്കെടുത്ത് മൂന്നു വെടി, പിന്നെ അവനു കുപ്പി ഉപയോഗിക്കേണ്ടി വന്നില്ല
ഹഹഹഹഹ,പാവം,ചത്തു അല്ലെ? അങ്കിൾ ഇനി പിന്നെ കഥ കേൾക്കാൻ വരാമേ, എന്തെങ്കിലും കുപ്പി ഇരിപ്പുണ്ടോ? റം ആയാലും മതി
ആാഹാ,ഇത്രയും നേരം ഞാൻ പറഞ്ഞിട്ടും....അമ്മിണീ തോക്കെവിടെ? അങ്കിൾ അലറി
ശ്യാമ എന്നെയും പിടിച്ചെടുത്തു കൊണ്ട് പുറത്തേക്ക് ഓടി ,പകുതി ആയപ്പോൾ കൈ വിടുവിച്ചു ഞാൻ തിരിച്ചു വന്നു,അങ്കിൾ തോക്ക് തുണി കൊണ്ട് തടവി പൊടി എല്ലാം കളയുന്നു, അടുത്ത് ഒരു ഗ്ലാസിൽ ഐസ് ക്യൂബ്സ് ഇട്ട ബ്രാണ്ടി ,
എന്താ?
കുപ്പി
ങേ?
അല്ല, കുപ്പി അല്ല, കുപ്പി അല്ല, ആ ഷർട്ട്
ഷർട്ട് ?
സത്യത്തിൽ അത് അങ്കിളിനു വാങ്ങിച്ചതല്ലായിരുന്നു
ങേ , അല്ലേ? പിന്നെ?
എനിക്ക് വേണ്ടി വാങ്ങിച്ചതാണ് , അറിയാതെ എടുത്തു കൊണ്ട് വന്നതാ ,തിരികെ തന്നാൽ എനിക്ക് ഇടാമായിരുന്നു , തരുവോ? പ്ലീസ്
ഭാ, അഹങ്കാരീ ,ടുമീൽ ടുമീൽ ടുമീൽ. അങ്കിൾ ആകാശത്തേക്ക് മൂന്നു തവണ നിറയൊഴിച്ചു ,പട പടാ എന്നൊരു ശബ്ദം
പിന്നെ ഒന്നും ഓർമ്മയില്ല, വെടി കൊണ്ട് പൊട്ടിയ കോണ്ക്രീറ്റ് കഷണം തലയിൽ വീണ് അങ്കിളിന്റെ ബോധം പോയപ്പോൾ ഞാൻ ആ ബ്രാണ്ടി ഗ്ലാസ് ഉൾപ്പടെ വിഴുങ്ങി ഷർട്ടും എടുത്തു കൊണ്ട് ഓടി കോർപ്പറേഷൻ അതിർത്തി കടന്നു
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക