Slider

ഡ്യൂപ്ലിക്കേറ്റ് കാമുകി

0


Image may contain: 1 person

ഇതെന്നാടാ നിന്റെ മാത്രം ഭാര്യ പ്രസവിക്കാൻ പന്ത്രണ്ടു മാസം എടുക്കുവോ ""രാവിലെ തന്നെ അച്ഛൻ നീട്ടി ചോദിച്ചു ""ചിലരങ്ങനെയാ അച്ഛാ ചിലപ്പോൾ അതിൽ കൂടുതൽ എടുക്കും"" ഞാൻ മറുപടി പറഞ്ഞു ...
ഇത് കേൾക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളായി ...അവളെ കെട്ടി കൃത്യം ഏഴാം മാസം ആയപ്പോൾ മുതൽ അച്ഛൻ ചോദിക്കുന്നതാണ്...""പ്രസവിക്കുന്നില്ലേ പ്രസവിക്കുന്നില്ലേ എന്ന് .......".
അച്ഛനിപ്പോൾ ചെറിയ ഓർമകുറവ് ഉണ്ട് ഏകദേശം ഒരു വര്ഷം മുൻപ് നടന്ന ഒരു സംഭവമാണ് അതിനു കാരണം

എനിക്ക് ഒരു പെൺകുട്ടിയുമായി ഒരു ബന്ധം ഉണ്ടായിരുന്നു... അവളെ എങ്ങനെ ഒഴിവാക്കും എന്ന് കഴിഞ്ഞ കുറച്ചു കാലമായി ഞാൻ ചിന്തിക്കുകയാണ് .എങ്ങനെയും അവളെ ഉപേക്ഷിക്കണം അത് മാത്രമാണ് എന്റെ മനസ്സിൽ .അതിനു വേണ്ടിയുള്ള കഠിന പരിശ്രമത്തിലായിരുന്നു ഞാനും എന്റെ മനസ്സും ...

ഒരാഴ്ച മുന്നെയാണ് ബ്രോക്കർ വന്നു ഒരു ആലോചന പറഞ്ഞത് .നല്ല ഒരു കുട്ടിയുണ്ട് ടീച്ചർ ആണ് അവിടെ സ്കൂളിൽ പഠിപ്പിക്കുകയാണ് എന്ന് .

കഴിഞ്ഞ കുറേക്കാലമായി പ്രണയം നടിച്ചു കൊണ്ട് നടന്ന എന്റെ ഡ്യൂപ്ലിക്കേറ്റ് കാമുകിയെ ഉപേക്ഷിക്കുന്ന കാര്യമോർത്തപ്പോൾ മനസ്സിൽ ആദ്യം നല്ല സന്തോഷം തോന്നി .. പിന്നീട അത് ചെറിയ വിഷമം ആയി മാറിയോ എന്നൊരു സംശയം..ഉത്സവത്തിന് വാങ്ങിക്കുന്ന പൊട്ടാസു തോക്കു പോകുമ്പോൾ ഉണ്ടാകുന്ന വിഷമം അടുത്ത തോക്കു വാങ്ങിക്കുമ്പോൾ തിരിച്ചു വരും അത്രേയുള്ളു ഇതും എന്നോർത്തു ഉണ്ടായ വിഷമത്തെ വന്ന വഴി തിരിച്ചു വിട്ടു.. .
ടീച്ചറിന്റെ ആലോചനയും ഇവളെയും താരതമ്യം ചെയ്യാൻ പോലും പറ്റില്ല ..അത്രയ്ക്ക് താഴെ ആണിവൾ ...എനിക്കുള്ള ജോലിയിൽ നിന്ന് കിട്ടുന്ന ശമ്പളം എന്റെ ആവശ്യങ്ങൾക്കു പോലും തികയില്ല .. കുറച്ചു സ്ഥലം ഉള്ളത് കൊണ്ടാണ് എല്ലാ ആലോചനയിലും എനിക്ക് പരിഗണന കിട്ടുന്നത് ..

അങ്ങനെ അവളെ ഒഴിവാക്കാൻ തീരുമാനിപ്പിച്ചുറപ്പിച്ച ആ ദിവസം ഞാൻ അവളുമായി സംസാരിക്കാൻ തുടങ്ങി ..

അവൾക്കു എന്നോടുള്ള ആത്മാർഥമായ പ്രണയം അതാണ് എന്നിൽ നിന്നും അവളെ അകറ്റാൻ ഉള്ള പ്രധാന തടസ്സം ...അവളും എന്നെ പോലെ സമയം പോകാൻ വേണ്ടിയുള്ള പ്രണയം ആയിരുന്നെങ്കിൽ എല്ലാം എളുപ്പമായേനെ .
എന്തെങ്കിലും കാരണം കിട്ടാതിരിക്കില്ല .എന്തെലുംകാരണം അവളായിട്ടു തന്നെ ഉണ്ടാക്കാറുണ്ട് .നിസ്സാര ഒരു കാരണം മതി അത് ഞാൻ പെരുപ്പിച്ചു വലുതാക്കിയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉടക്ക് ,എന്നും ഉടക്ക് തന്നെ

അവൾക്കു മേൽ ഞാൻ അടിച്ചേൽപ്പിച്ചിരിക്കുന്ന കുറെ നിബന്ധനകൾ ഉണ്ട് അവയെല്ലാം പാലിച്ചില്ലെങ്കിൽ ഞാൻ അന്ന് വലിയ ഉടക്കുണ്ടാക്കാറുണ്ട് .അവൾ കരഞ്ഞു ഫോൺ വച്ചിട്ട് പോകും.. കാരണങ്ങൾ എന്റെ തന്നെ ആണെങ്കിലും കരഞ്ഞു പോയ അവളെ വിളിക്കാൻ ഞാൻ ശ്രമിക്കാറില്ല .എപ്പോഴോ ഉറങ്ങിപ്പോകുന്ന ഞാൻ അവളുടെ കരച്ചിലടങ്ങിയ ശേഷം വരുന്ന ഫോൺ കോളുകൾ എടുക്കാറുമില്ല .....

കഴിഞ്ഞ കുറച്ചു കാലമായി എനിക്കവളുടെ ആവിശ്യം രാത്രികാലങ്ങളിൽ മാത്രമേ ഉണ്ടാകാറുള്ളൂ ..അങ്ങനെ ഉള്ളപ്പോൾ മാത്രമാണ് ഞാൻ അവളെ വിളിക്കാറുള്ളത് ..

ഇന്നെന്തായാലും ഈ ബന്ധം അവസാനിപ്പിക്കണം ഇത് നീണ്ടു പോയാൽ ഇനി ചിലപ്പോൾ ഇതവസാനിപ്പിക്കാൻ പറ്റില്ല ...

ഇനി എനിക്കിഷ്ടം തോന്നിയാലും ഈ ബന്ധത്തതിന് സമ്മതിക്കാൻ മാത്രം ബോധമില്ലാത്തവരല്ല എന്റെ വീട്ടുകാർ അച്ചൻ ഒരു കമ്മ്യൂണിസ്റ് ആയതു കൊണ്ട് ചിലപ്പോൾ സമ്മതിച്ചേക്കും പാവപ്പെട്ടവന് പണക്കാരന്റെ പണം പിടിച്ചു കൊടുക്കണമെന്ന് അച്ചൻ എപ്പോളും പറയാറുണ്ട് ...

ഞാൻ വാങ്ങിക്കൊടുത്ത മൊബൈൽ മാത്രം ബാലൻസ് ഷീറ്റിൽ ആസ്തിയായി എഴുതാൻ ഉള്ള അവൾക്കു എന്നെ കെട്ടുന്നത് മൂലം ഉണ്ടാകുന്ന സാമ്പത്തിക സമത്വത്തിനു അച്ഛന് വല്യ എതിർപ്പ് കാണാൻ വഴിയില്ല

പക്ഷെ 'അമ്മ ....എന്നെ ഏറ്റവും അധികം സ്നേഹിക്കുന്നതു എന്റെ അമ്മയാണ് .ഇവളെ എങ്ങാനും കെട്ടേണ്ടി വന്നാൽ ,ഞാനീ ബന്ധം എങ്ങാനും പറഞ്ഞാൽ 'അമ്മ തലകറങ്ങി വീഴുന്നത് സ്വപനം കണ്ട എന്നെ ഉണർത്തിയത് അവളുടെ "ചേട്ടായീ" എന്നുള്ള വിളിയാണ് ..
ആ വിളി കേൾക്കാൻ നല്ല രസമാണ് ...അതിൽ അവളുടെ സ്നേഹം മുഴുവൻ ഉണ്ട് ...

"ങ്ങും "" ഇല്ലാത്ത ഗാംഭീര്യം വരുത്തി ഞാൻ മൂളി ..

"ചേട്ടായീ ഞാനിന്നൊരു സിനിമയ്ക്ക് പോയി ...പകല് മുഴുവൻ ചേട്ടായീനെ വിളീച്ചാരുന്നു പൊക്കോട്ടെ എന്ന് ചോദിക്കാനാരുന്നു .പക്ഷെ ചേട്ടായീ എടുത്തില്ല ഫ്രണ്ട്സ് എല്ലാരും ഉണ്ടാരുന്നു നല്ല രസമാരുന്നു ..അതിലെ ഒരു പാട്ടു സീനിൽ നമ്മള് പണ്ട് വാഗമണ്ണിൽ പോയ ആ തടാകം ഇല്ലേ അതൊക്കെ കാണിക്കുന്നുണ്ടാരുന്നു ഞാൻ ചേട്ടായിയെ ഓർത്തിരിക്കുവാരുന്നു മുഴുവൻ സമയവും """ അവളുടെ മണികിലുങ്ങുന്നത് പോലുള്ള സംസാരം കേട്ടതും ഇത് നിർത്താനുള്ള ഒരു കാരണം കിട്ടിയ സന്തോഷത്തിൽ മനസ്സിൽ ചിരിച്ചുകൊണ്ട് ചോദിച്ചൂ ...

""ആരൊക്കെയാരുന്നു ഫ്രണ്ട്സ് "" വളരെ പ്രതീക്ഷയോടെ ആണ് ചോദിച്ചത് ....

""അനുവും അനുവിന്റെ കുറച്ചു കസിൻസും "" അവൾ പറഞ്ഞു

""കസിൻസ് എന്ന് പറഞ്ഞാൽ ബോയ്സ് ഒക്കെ ഉണ്ടായിരിക്കുമല്ലോ ""പ്രതീക്ഷയോടെ ഞാൻ ചോദിച്ചു ..

""ഇല്ലെട്ടായീ മൊത്തം പെൺപിള്ളാരുന്നല്ലോ ..ബോയ്‌സ് ഉണ്ടേൽ ഞാൻ പോകുവോ.. ചേട്ടായിയെ എനിക്കറിയില്ല ?''

അവിടെ ഞാൻ ചമ്മി എന്റെ പ്രതീക്ഷകൾ പകുതി അസ്തമിച്ചു ..പക്ഷെ അവൾ പറഞ്ഞതിന്റെ വാലിൽ എനിക്ക് ഉള്ളത് ഉണ്ടായിരുന്നു ....

""ചേട്ടായിയെ എനിക്കറിയാന്മേലെ"" അതിന്റെ വരികൾക്കിടയിലൂടെ വായിച്ചു ഞാൻ സംതൃപ്തനായി .

അതെന്ന നീ അങ്ങനെ പറഞ്ഞെ എന്നെ നീ ഒരു സംശയ രോഗി ആയാണോ നീ കണ്ടത് ""ഞാൻ ആദ്യത്തെ എന്റെ അസ്ത്രം എയ്തു...

""അങ്ങനല്ല ചേട്ടായീ ഞാനുദ്ദേശിച്ചേ ഒരു തമാശക്ക് ഞാൻ....""അവളെ മുഴുവിപ്പിക്കാൻ ഞാൻ അനുവദിച്ചില്ല ...

""നീ ഒന്നും പറയണ്ട ...ഇങ്ങനാണേൽ ജീവിതകാലം മുഴുവൻ നീ എന്നെ സംശയരോഗി ആക്കി മാറ്റി ഭ്രാന്താശുപത്രിയിൽ കൊണ്ടുപോയി ഇടുമല്ലോ ""ഒറ്റ ശ്വാസത്തിൽ ഞാൻ പറഞ്ഞു ...

ചേട്ടായീ അനാവശ്യം പറയരുത് ...ഞാൻ അങ്ങനെ ഒന്നുമല്ല ചോദിക്കാതെ സിനിമയ്ക്ക് പോയതാണ് പ്രശ്നമെങ്കിൽ അത് പറയണം അല്ലാതെ ചുമ്മാ അതും ഇതും പറഞ്ഞു ഉടക്കുണ്ടാക്കാൻ വരരുത് ...അവളുടെ ശബ്ദം കനത്തു .... .

അവളുടെ ശബ്ദം കനത്തതും എന്റെയും വാശി കൂടി എന്നെ കാത്തിരിക്കുന്ന ടീച്ചറിനെ മാത്രം മനസ്സിൽ ഓർത്തു ഞാൻ പറഞ്ഞു ഇങ്ങനാണേൽ ഈ ബന്ധം നമുക്കിവിടെ വച്ച് അവസാനിപ്പിക്കാം .അതെങ്ങനാ അമ്മയെപ്പോലെ അല്ലെ മോളും വരൂ.. ഉടുത്തൊരുങ്ങി ഇറങ്ങിക്കോളും വേശ്യകളെപ്പോലെ .

""ചേട്ടായീ"" അവൾ നീട്ടി വിളിച്ചു ..."അമ്മയെ പറയരുത് എന്റെ 'അമ്മ അങ്ങനെ ഒന്നുല്ലാരുന്നു ..ചേട്ടായിക്കറിയാല്ലോ സത്യം .'അമ്മ മരിച്ചത് അതിനല്ല അവൾ ഏങ്ങലടിച്ചു കരഞ്ഞു .. ഈ ഒരു ചെറിയ കാര്യത്തിന്റെ പേരിൽ പാവം മരിച്ചുപോയ എന്റമ്മയെ പറയണ്ടാരുന്നു ..ഞാൻ അങ്ങനെ ആയതു എന്റെ ചേട്ടായീടെ മുന്നിൽ മാത്രമാണ് പറഞ്ഞു .ചേട്ടായിക്ക് ഇത് നിർത്തണമെങ്കിൽ ഇങ്ങനൊന്നും പറയണ്ടായിരുന്നു ..

ഞാൻ പറഞ്ഞത് അല്പം കടന്നു പോയി എന്നെനിക്കു തന്നെ തോന്നി..മറ്റൊരാളുടെ കാമവെറിക്ക് മുന്നിൽപെട്ടുപോയ നിരപരാധിയായ അവളുടെ 'അമ്മ ആത്മഹത്യ ചെയ്യുമ്പോൾ നാട്ടുകാർ അവർക്കൊരു പേര് ചാർത്തിക്കൊടുത്തിരുന്നു ..അത് വിളിക്കാൻ ആ കാമവെറിയനും മുന്നിൽ തന്നെ ഉണ്ടായിരുന്നു ..

കുറ്റബോധത്തിനും മുകളിൽ എന്റെ സ്വാർത്ഥത പറന്നു നടന്നു
.സാധാരണ പത്തു മിനിറ്റ് കഴിയുമ്പോൾ വിളിക്കുന്നതാണ് ...അന്ന് അത് ഉണ്ടായില്ല ..കുറച്ചു നേരം ഞാൻ കാത്തിരുന്നു ...ഇങ്ങനെ പോയാൽ ഇതിനൊരു തീരുമാനവും ഉണ്ടാവില്ല ...ഞാൻ അവൾക്കു ഫേസ്ബുക്കിൽ മെസ്സേജ് അയച്ചു ....

""ഡീ വാ ഫോണെടുക്ക് "" ..ഞാൻ വീണ്ടും വീണ്ടും അയച്ചു ..ഒന്നിനോടും അവൾ പ്രതികരിച്ചില്ല ..പക്ഷെ എല്ലാം അവൾ കാണുന്നുണ്ടായിരുന്നു ...

ഇനി അവളെങ്ങാനും ആത്മഹത്യ ചെയ്യുമോ എന്നുള്ള ഭയം എന്നെ പിടികൂടി ...അടുത്ത മെസ്സേജ് അയക്കാൻ തുടങ്ങുന്നതിനു മുന്നേ അവിടുന്നെന്തോ ടൈപ്പ് ചെയ്യുന്നതായി കാണിച്ചു ,,ഞാൻ കാത്തിരുന്നു ..

ചേട്ടായീ ...എന്റെ 'അമ്മ ആരുമായിക്കൊള്ളട്ടെ.... ഈ ബന്ധം ഞാൻ നിർത്തിയാൽ എനിക്ക് നഷ്ട്ടപ്പെട്ടതൊക്കെ തിരിച്ചു തരാൻ കഴിയുമോ ..ചേട്ടായിക്ക് മാത്രം ഞാൻ തന്നതൊക്കെ എനിക്ക് തിരിച്ചു തരാൻ പറ്റുമോ...""

ഞാൻ ഒന്നും തിരിച്ചയച്ചില്ല ...

എന്താ ചേട്ടായീ ഒന്നും മിണ്ടാത്തെ അതോ എല്ലാം മറന്നതാണോ ??

വാഗമണ്ണിലേക്കുള്ള വഴിയിൽ ചേർന്നിരിക്കാത്തതിന് ചേട്ടായി എന്നെ ഇറക്കി വിട്ടത് ....ചേർന്നിരിക്കില്ല എന്ന് പറഞ്ഞപ്പോൾ എന്നെ ഭീഷണിപ്പെടുത്തി ചേർത്തിരുത്തിയത് ...പറ ചേട്ടായീ .....

ഞാൻ കരഞ്ഞു പറഞ്ഞതല്ലേ ചേട്ടായീ കെട്ടിക്കഴിഞ്ഞേ എന്നെ തൊടാവുള്ളു എന്ന് എന്നിട്ടും പൈൻ മരക്കാട്ടിൽ ആളൊഴിഞ്ഞ സ്ഥലത്തു വച്ച് എന്നെ ചുംബിച്ചത് ...പറ ....
..

എന്തിനാ ചേട്ടായീ ഈ ഫോൺ എനിക്ക് വാങ്ങി തന്നത്....എന്നോടുള്ള സ്നേഹത്തെ കൊണ്ടാണോ ...അല്ല ഒരിക്കലുമല്ല ..ആളില്ലാത്ത സമയം എന്റെ നഗ്നത കണ്ടു ആസ്വദിക്കാൻ അല്ലെ ??

എല്ലാത്തിനും മറുപടിയായി കീബോര്ഡിലെ എം എന്ന അക്ഷരം അമർത്തിക്കൊണ്ടിരുന്നു ....

ഇന്നിവിടെ എല്ലാരും ഉണ്ട് വന്നു വീട് കണ്ടിട്ട് പോകാമെന്നു പറഞ്ഞു എന്നെ വിളിച്ചത് വീട് കാണാൻ ആരുന്നോ ചേട്ടായീ ..

അന്ന് ചേട്ടായിയെ ഞാൻ തള്ളി മാറ്റി ഓടിയിട്ടും എനിക്ക് വയ്യ എന്ന് പറഞ്ഞിട്ടും എന്നെ വെറുതെ വിടാതിരുന്നത്.. എന്റെ നെറ്റി കതകിൽത്തട്ടി മുഴച്ചിട്ടും എന്റെ വേദനപോലും മനസ്സിലാക്കാതെ എന്നെ തറയിലേക്ക് തള്ളിയിട്ടതൊക്കെ എളുപ്പത്തിൽ മറക്കണമല്ലേ ഞാൻ ""

"മനസ്സിൽ അവളോട് സ്നേഹം എവിടെയോ തോന്നി തുടങ്ങിയിരുന്നു ..
ഒഴിവാക്കാം എന്നുറപ്പോടെ പ്രേമിക്കുകയാണെന്നു അഭിനയിച്ചപ്പോൾ ഒരിക്കലും വിചാരിച്ചില്ല കുറച്ചെങ്കിലും അവളെ സ്നേഹിക്കാൻ പറ്റുമെന്ന് ......പക്ഷെ ഇവളെ ഒഴിവാക്കിയേ പറ്റു .ഞാൻ എന്നോട് തന്നെ പറഞ്ഞു ..

""അതൊക്കെ കഴിഞ്ഞ കഥകളാണ് എല്ലാം സംഭവിച്ചു പോയി ..എന്നോട് ക്ഷമിക്കൂ ....എനിക്കിപ്പോ നല്ല ഒരു ആലോചന വന്നിട്ടുണ്ട് അത് നടക്കണം ...നീയും പ്രാർത്ഥിക്കണം .......""ഞാൻ ടൈപ്പ് ചെയ്തു എന്റർ അടിച്ചു ...

"ഓഹോ അപ്പൊ അതാരുന്നല്ലേ കാര്യം ..ഇത് പറഞ്ഞാൽ പോരാരുന്നോ ഞാൻ നേരത്തെ ഒഴിവാകില്ലായിരുന്നോ ചേട്ടായീ അതിനാണല്ലേ ഇത്രയൊക്കെ .....""അവളുടെ പേരിന്റെ നേരെ കത്തിയിരുന്ന പച്ച വെളിച്ചം അണഞ്ഞുപോയി .....

കിടന്നപ്പോൾ മുഴുവൻ അവളുടെ മുഖം ആയിരുന്നു ...ചെറിയ സ്നേഹം തോന്നി എങ്കിലും ശരീരത്തിന് വേണ്ടി മാത്രം സ്നേഹിച്ചവളെ നൈസ് ആയിട്ട് ഒഴിവാക്കിയ ഒരു സന്തോഷം മനസ്സിലെവിടെയോ തിളങ്ങി നിന്നു ..

പിറ്റേ ദിവസം രാവിലെ വലിയ ഒരു ബഹളം കേട്ടാണ് ഞാൻ ഉണർന്നത് ...."ഇറങ്ങഡീ വെളിയിൽ ""അച്ഛനാണ് ....

ജനലിൽ കൂടെ വെളിയിലേക്കു നോക്കാൻ ചെന്ന എന്റെ പുറത്തു ആദ്യത്തെ അടി വീണു ....""നാണം കെട്ടവനെ കുടുംബത്തിന്റെ മാനം കളയാനായിട്ട് ഏതെങ്കിലും പെണ്ണിന്റെ പുറകെ പോയി അവളെ പിഴപ്പിച്ചിട്ട് വന്നേക്കുവാണല്ലേ ""ചേട്ടനാണ്

""ഇറങ്ങി വാടാ ഇവിടെ "ചേട്ടൻ എന്റെ കൈയ്യിൽ ബലമായി പിടിച്ചു പുറത്തേക്കു കൊണ്ടുപോയി .....

അവിടെ മൊബൈലും പിടിച്ചു കണ്ണുമിഴിച്ചിരിക്കുന്ന അമ്മയെ ആണ് ഞാൻ കണ്ടത് ....തൊട്ടപ്പുറത്തു ചിരിച്ചു കൊണ്ട് നിക്കുന്ന ഇ ഞാൻ നൈസ് ആയിട്ടൊഴിവാക്കി വിട്ട പഴയ കാമുകിയും ....

അമ്മയുടെ കയ്യിലോട്ട് ഞാൻ നോക്കി .. ഇത് ആ ഫോൺ തന്നെ അവൾക്കു ഞാൻ വാങ്ങിക്കൊടുത്ത അതെ ഫോൺ ......

അവളെ ഞാൻ നോക്കി .."യാതൊരു ഭാവഭേദവുമില്ലാതെ അവളെന്നെ നോക്കി ചിരിച്ചുകൊണ്ട് നിക്കുന്നു ..ഞാൻ അമ്മയുടെ അടുത്തേക്ക് ചെന്നു .

'അമ്മ എന്നെ ദയനീയമായി ഒന്ന് നോക്കി ... ...ഇത്രയും കാലം ഞാൻ പെറ്റുവളർത്തിയ എന്റെ മകൻ ഒരു പെണ്ണിനെ നശിപ്പിക്കാൻ മാത്രം വളർന്നല്ലോ എന്ന ചിന്തയാകാം ആ നോട്ടത്തിനു പിന്നിലെന്നു ഞാൻ ഊഹിച്ചു

അച്ഛൻ എന്റെ പുറകിൽ തലക്കു മുകളിൽ കൈ വച്ച് എന്തൊക്കെയോ പറയുന്നുണ്ടാരുന്നു ..പറയുകയല്ല പ്‌രാകുകയാണ് ""നശിച്ച ജന്മം """

'അമ്മ അവിടെ നിന്നും എഴുന്നേറ്റ് അവളെ അകത്തേക്ക് കൂട്ടിക്കൊണ്ടു പോയി ..അവർ തമ്മിൽ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു ,,,,അവളുടെ കയ്യിൽ ഒരു ബാഗും വേറെ എന്തൊക്കെയോ ഉണ്ടായിരുന്നു ......

അവളിറങ്ങി വന്നിരിക്കുകയാണെന്നും ഞാൻ അവളെ ചെയ്ത കഥകൾ എല്ലാം തെളിവ് സഹിതം അവർക്കവൻ കാണിച്ചുകൊടിത്തിരുന്നു ,,അതിനാണവൾ ഇന്നലെ എന്റെ കുറ്റസമ്മതം രേഖപ്പെടുത്തിയത് ...ഇത്രയും എനിക്ക് മനസ്സിലായത് അച്ഛൻ പറഞ്ഞപ്പോളാണ് .......

"നിനക്ക് വേറെ ആരെയും കിട്ടിയില്ലേ ആ ദാരിദ്ര്യം പിടിച്ച കുഞ്ഞപ്പന്റെ മകളെ അല്ലാതെ ""അച്ഛന്റെ ചോദ്യത്തിൽ അത് വരെ അച്ഛൻ വായിച്ച ദാസ് ക്യാപിറ്റൽ മറന്നു എന്ന് എനിക്ക് മനസ്സിലായി ..

എന്നെ ഞെട്ടിച്ചതു 'അമ്മയാണ് ..അവളോട് ബാഗൊക്കെ ഇവിടെ തന്നെ വച്ചിട് വീട്ടിൽ പോയി അച്ഛന്റെ അനുഗ്രഹം വാങ്ങി വരാൻ പറഞ്ഞു തിരിച്ചയച്ചു ....

നാളെ തന്നെ കല്യാണം നടത്തണം എന്നും ആ കുട്ടി രണ്ടു മാസം ഗർഭിണി ആണെന്നും 'അമ്മ പറയുന്നത് കേട്ട് അച്ഛനുണ്ടായ തലകറക്കം എനിക്ക് ബോധം വന്നിട്ട് കൃത്യം ഏഴു മിനിട്ടിനു ശേഷം ആണ് മാറിയത് ..എഴുന്നേറ്റു വന്ന അച്ഛൻ എന്തോ പിച്ചും പേയുമാണ് പറഞ്ഞു കൊണ്ടിരുന്നത് അന്ന് മുതൽ ആണ് അച്ഛന് ചെറിയ മറവി തുടങ്ങിയതും ..

അമ്മയ്ക്ക് പ്രതീക്ഷിച്ചിരുന്ന തലകറക്കം അച്ഛനിൽ കണ്ട ഞാൻ മുഖം കഴുകി അടുക്കളയിൽ അമ്മയുടെ അടുത്തേക്ക് ചെന്നു ..'അമ്മ എനിക്കു മുഖംതരാതെ മാറി നടന്നു ....

നാളെ കെട്ടാൻ റെഡി ആയിക്കോ അമ്പലത്തിൽ വച്ച് നിന്നെ കെട്ടിക്കുവാ കുറെ സ്വപ്‌നങ്ങൾ ഉണ്ടാരുന്നു ...ഇനി വിധി അനുസരിച്ചു നടക്കട്ടെ....."എന്തിനാടാ ആ പാവപ്പെട്ട കൊച്ചിനോട് ഈ ചെയ്ത്ത് ചെയ്തത് ആദ്യമായിട്ടല്ല അവൾ ഇവിടെ വരുന്നത് അല്ലെ "എന്ന് ചോദിച്ചു അമ്മ മൊബൈൽ എന്റെ കയ്യിൽ വച്ച് തന്നു .......

ഞാൻ ആ മൊബൈലിൽ നോക്കി തുറന്നു കിടന്ന ചാറ്റ് ഞാൻ കണ്ടു ഇന്നലെ പറഞ്ഞ എല്ലാ കാര്യങ്ങളും ഒരു മെസ്സേജ് പോലും ഡിലീറ്റ് ചെയ്യാതെ ആണ് അവൾ അമ്മയെ അവൾ ഏൽപ്പിച്ചത് ....

""പിന്നെയെ അവൾ ഗർഭിണി ആണെന്ന് ഞാൻ ചുമ്മാ പറഞ്ഞതാ അല്ലേൽ നിന്റെ അച്ഛൻ സമ്മതിക്കില്ല ...അങ്ങേരു കാര്യം മാർക്സ് എൻഗൽസ് എന്നൊക്കെ പറയുമെങ്കിലും സ്വന്തം കാര്യം വരുമ്പോ പുള്ളിടെ രീതിക്കെ നിക്കുവൊള്ളൂ.....'അമ്മ കൂട്ടിച്ചേർത്തു ..

എനിക്ക് പറയാൻ ന്യായീകരണങ്ങൾ ഒന്നും ഉണ്ടായില്ല .അതുണ്ടാക്കാൻ പാടില്ലല്ലോ ...

അമ്മയ്ക്കിതു എങ്ങനെ പറയാൻ സാധിക്കുന്നു ..ഇത്രേം പപ്രശ്നങ്ങൾ ഉണ്ടായിട്ടും എങ്ങനെ ഇതൊക്കെ അതിജീവിച്ചു ന നില്ക്കാൻ സാധിക്കുന്നു ഞാൻ അതിശയിച്ചു അമ്മയെ നോക്കി നിന്നു ........

കല്യാണത്തിന്റെ ആദ്യ നാളുകളിൽ അവളെ ഞാൻ ഒരു ശത്രുവായി തന്നെ കണ്ടു ....അവള് ചെയ്ത പ്രവർത്തി അവളെ ഒരിക്കലും എനിക്ക് സ്നേഹിക്കാൻ പറ്റാത്ത രീതിയിലാരുന്നു എന്ന് ഞാൻ ഉറച്ചു വിശ്വസിച്ചു ...പിന്നീടെപ്പോളോ എന്റെ സ്വാർതഥത വിട്ടുമാറിയപ്പോൾ അവളുടെ സ്നേഹം എന്നെ കീഴടക്കി ...അവളുടെ ഭാഗത്തു നിന്ന് ചിന്തിച്ചപ്പോൾ ഞാൻ ചെയ്ത അപരാധത്തിന്റെ വലിപ്പം മനസ്സിലാക്കി അവളെ ഞാൻ സ്നേഹിച്ചു തുടങ്ങി ......ഇന്ന് അവളെന്റെ യാണ് എന്റെ മാത്രമാണ് ....

അന്ന് 'അമ്മ പറഞ്ഞ രണ്ടുമാസത്തെ ഗര്ഭത്തിന്റെ കണക്കു വച്ച് അച്ഛൻ വീണ്ടും ചോദിച്ചു """പന്ത്രണ്ടു മാസമായിട്ടും എന്താടാ നിന്റെ ഭാര്യ പ്രസവിക്കാത്തെ ??"".. അവളുടെ തീയതി ആയി ഇരിക്കുവാനെന്നു അച്ഛനോട് ഇനി ചോദിക്കുമ്പോൾ പറയണം എന്ന് വിചാരിച്ചു ഞാൻ അവളുടെ നിറ വയറിൽ ചുംബിച്ചു .....


By: Anwin George

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo