നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കൗസല്യപുരത്തെ രാജകുമാരൻ !അവനുണ്ടൊരു രാജകുമാരി (കഥ )


(രാജകുമാരന്റെയും കുമാരിയുടെയും കഥ വായിച്ചിട്ടു കുറെ നാളുകൾ ആയില്ലേ? എഴുതുന്ന എനിക്കും വായിക്കുന്ന നിങ്ങൾക്കും ഒരു ചേഞ്ച് ആയിക്കോട്ടെ.)

കൗസല്യപുരത്തെ വീരനും ധീരനുമായ മഹാരാജാവായിരുന്ന ദ്രുതവീര മഹാരാജാവ്. അദ്ദേഹത്തിന്റെ ഒരേ ഒരു മകനും അടുത്തകിരീടാവകാശിയുമായിരുന്നു ദ്രുത സേന കുമാരൻ. പിതാവിനെപ്പോലെ തന്നെ സർവ്വഗുണ സമ്പന്നനും ദയാലുവും സുന്ദരനുമായ കുമാരന് വിവാഹപ്രായമെത്തി. മകന് സ്വയവരമൊരുക്കാൻ രാജൻ തീരുമാനിച്ചു. ആ നാട്ടിൽ നിന്നും തൊട്ടടുത്ത ദേശങ്ങളിൽ നിന്നും വിവാഹപ്രായത്തിലെത്തിയ സുന്ദരികളായ കന്യകകളെ, ജാതി മത ഭേദമന്യേ അടുത്ത പൗർണമി നാളിൽ കൊട്ടാരങ്കണത്തിലേക്കു ക്ഷണിച്ചുകൊണ്ടുള്ള വിളംബരവുമായി ഭടന്മാർ നാടൊടുക്കും പാഞ്ഞു.
ഒരു ദിവസം വൈകുന്നേരം പതിവുപോലെ വേഷപ്രച്ഛന്നനായി കുമാരൻ തന്റെ പ്രധാന സേന നായകനോടാപ്പം നദിക്കരയിലൂടെ നടക്കുകയായിരുന്നു. താമസിയാതെ അവർ നദിക്കരയില് ഇരുന്നു കുമാരന്റെ ഇഷ്ടവിനോദമായിരുന്നചൂണ്ടയിടൽ തുടർന്നു . അങ്ങിനെ രണ്ടുപേരും അനേകം ചെറുതും വലുതുമായ മത്സ്യങ്ങളെ പിടിച്ചു. ഒടുവിൽ കുമാരന്റെ ചൂണ്ടയിൽ ഒരു വലിയ മൽസ്യം കുടുങ്ങി. സേന നായകൻ മത്സ്യത്തെ കൈ വശമുള്ള കുട്ടയിലേക്കു മാറ്റാൻ ശ്രമിച്ചപ്പോൾ മൽസ്യം മനോഹരമായ സ്ത്രീ ശബ്ദത്തിൽ ഇപ്രകാരം അപേക്ഷിച്ചു -
" അല്ലയോ കുമാരാ.. എന്നെ വെറുതെ വിടുക. അപ്രകാരം ചെയ്താൽ അടുത്ത പൗർണമി നാളിൽ നടക്കുന്ന അങ്ങയുടെ വിവാഹത്തിന് സർവ മംഗളങ്ങളും വന്നു ഭവിക്കും "
മത്സ്യത്തിന്റെ സംസാരം കേട്ടപ്പോൾ ഇതപൂർവ സിദ്ധിയുള്ള മൽസ്യം തന്നെയെന്ന് കുമാരന് മനസിലായി. മത്സ്യത്തെ കുമാരന്റെ വിവാഹം കഴിയുന്ന വരെ തങ്ങളുടെ പക്കൽ സൂക്ഷിക്കാമെന്ന സേന നായകന്റെ തീരുമാനത്തെ അവഗണിച്ചു കുമാരൻ അതിനെ നദിയിലേക്കു തിരിച്ചു വിട്ടു. നദിയിലൊന്ന് മുങ്ങി പൊങ്ങി വന്ന മൽസ്യം കുമാരനോട് വീണ്ടും പറഞ്ഞു -
"അല്ലയോ കുമാരാ ,വിവാഹ നാളിൽ അനേകം കന്യകകൾ അങ്ങയുടെ പത്നി പദം അലങ്കരിക്കാനായി എത്തി ചേരും. അതിൽ ഏറ്റവും വിരൂപയായ കന്യകയെ വിവാഹം കഴിച്ചാൽ കുമാരന് സർവ മംഗളങ്ങളും വന്നു ഭവിക്കും"
ഇപ്രകാരം പറഞ്ഞു മൽസ്യം നദിയിലേക്കു ഊളിയിട്ടു മറഞ്ഞു.
കൊട്ടാരത്തിലേക്കു തിരിച്ചു നടക്കുമ്പോൾ കുമാരൻ ചിന്താ വിവശനായി.
"കുമാരാ കേവലമൊരു മത്സ്യത്തിന്റെ വാക്കുകൾ കേട്ട് കുമാരൻ വിഡ്ഢിത്തരം ചെയ്യരുത് .സുന്ദരനായ കുമാരന് വേണ്ടി അതി സുന്ദരിയായ ഒരു രാജകുമാരി തന്നെ വന്നെത്തും “
കുമാരന്റെ മനസിന്റെ ചാഞ്ചല്യം മനസിലാക്കി സേന നായകൻ അദ്ദേഹത്തെ ഓർമിപ്പിച്ചു.
തങ്ങൾക്കുണ്ടായ വിചിത്രമായ അനുഭവം ഇരു ചെവി അറിയരുതെന്ന് ചട്ടം കെട്ടി കുമാരൻ സേന നായകനെ പറഞ്ഞയച്ചു.
ആ ദിനം വന്നെത്തി.
പൗർണമി!
ഭടന്മാർ കൊട്ടാരത്തിന്റെ പ്രധാന പ്രവേശന കവാടം കന്യകകളുടെ പ്രവേശനത്തിനായി മലർക്കെ തുറന്നിട്ടു . ഇരു വശങ്ങളിലും തോഴികൾ താലവും അതിൽ പൂക്കളുമായി അണി നിരന്നു.
അങ്കണത്തിൽ പണിതുയർത്തിയ അലങ്കരിച്ച പന്തലിലേക്ക് സർവ്വാഭരണ വിഭൂഷിതനായി കുമാരനും കുടുംബവും പ്രവേശിച്ചു. അവരവർക്കു നിശ്ചയിച്ച സിംഹാസനങ്ങളിൽ ഉപവിഷ്ടരായി.
അന്നാട്ടിൽ നിന്നും തൊട്ടടുത്ത നാടുകളിൽ നിന്നും വന്നു ചേർന്ന അതി സുന്ദരികളായ കന്യകകൾ അങ്കണത്തിൽ എത്തിചേർന്ന് തുടങ്ങി.പലരും കടും നിറത്തിലുള്ള വസ്ത്രങ്ങൾ കൊണ്ടും സ്വർണാഭരണങ്ങൾ കൊണ്ടും തങ്ങളുടെ അഴകിന് മാറ്റു കൂട്ടി . തോഴികൾ അവരെ നെറ്റിയിൽ തിലകം ചാർത്തിയും പൂക്കൾ നൽകിയും സ്വാഗതം ചെയ്തു.
ഒടുവിൽ കന്യകകളുടെ പ്രവേശനത്തിനുള്ള നിശ്ചിത സമയം കഴിഞ്ഞപ്പോൾ പ്രവേശന കവാടം അടക്കാൻ സേന നായകൻ ഒരുങ്ങുമ്പോൾ ചുവന്ന വസ്ത്രങ്ങൾ അണിഞ്ഞു അവൾ എത്തിയത്. വസ്ത്രങ്ങൾക്ക് ചേർന്ന മൂട് പടം കൊണ്ട് അവൾ മുഖം മൂടിയിരുന്നു. എങ്കിലും ഒതുങ്ങിയ അരക്കെട്ടും നിറഞ്ഞ മാറിടങ്ങളും മാൻ പേടയെ പോലെ അടിവെച്ചു നടക്കുമ്പോൾ ദൃശ്യമാവുന്ന കാല്പാദങ്ങളും അവളുടെ മുഖം ഒരു അപ്സരസിനെ പോലെ സുന്ദരമെന്ന് വിളിച്ചു പറഞ്ഞു. അവളുടെ ചേതോഹരമായ ഉടൽ കണ്ടു കൊതി പൂണ്ടു സ്ത്രീകളടക്കം പലരും ആ മൂട് പടമൊന്ന് മാറ്റിയിരുന്നെങ്കിൽ എന്നാശിച്ചു.
ഒടുവിൽ ..
കുമാരന്റെ സ്വയം വരത്തിനുള്ള സമയമായി ..
തോഴിമാരുടെ അകമ്പടിയോടെ കുമാരൻ തനിക്കിണങ്ങുന്ന കന്യകയെ തിരഞ്ഞെടുക്കാൻ തയ്യാറായി. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ കുമാരൻ ഓരോ കന്യകയുടെയും അടുത്തേക്കു നടന്നു. അവർ ഓരോരുത്തരും വശ്യമായ പുഞ്ചിരിയോടെ കുമാരനെ കടക്കണ്ണെറിഞ്ഞു. എന്നാൽ കുമാരൻ ആരെയും ഗൗനിക്കാതെ ചുവന്ന പരവതാനി വിരിച്ച തറയിലൂടെ മുന്നോട്ടു നടന്നു. ഏറ്റവും ഒടുവിൽ മൂട് പടമിട്ട കന്യകയുടെ അരികിലെത്തി. കന്യക കുമാരനെ കണ്ടതും മൂട് പടം മെല്ലെ മാറ്റി .
കുമാരന്റെ അരികിൽ നിന്ന തോഴിമാർ ആ കാഴ്ച കണ്ടു ഞെട്ടി. കുമാരനാകട്ടെ, തൊട്ടടുത്ത് നിന്ന തോഴിയുടെ കൈയിലെ താലത്തിൽ നിന്നും പൂമാലയെടുത്തു അവളുടെ കഴുത്തിലേക്ക് അണിഞ്ഞു. അടുത്ത നിമിഷം അവൾ വീണ്ടും മുഖ പടം വലിച്ചിട്ടു. കുമാരൻ അവളുടെ കരം ഗ്രഹിച്ചു. താൻ വരിച്ച വധുവിനെ മഹാരാജാവിനു റാണിക്കും പരിചയപ്പെടുത്താനായി മുന്നോട്ടു നടന്നു.
പിന്നാലെ നടന്ന തോഴിമാർ പരസ്പരം പിറുപിറുത്തു " ഈ കുമാരന് ഇതെന്തു പറ്റി ?"
തോഴിമാരുടെ സംസാരം കേട്ട സേന നായകൻ കാര്യമന്വേഷിച്ചു . തോഴികളിൽ ഒരാൾ അയാളോട് പറഞ്ഞു " ഇത്ര വിരൂപയായ മനുഷ്യ സ്ത്രീയെ ഞങ്ങൾ കണ്ടിട്ടില്ല. കുമാരൻ വരിച്ചത് ഒരു രാക്ഷസിയെയാണ് . തുറിച്ചു നിൽക്കുന്ന കണ്ണുകളും ഉന്തിയ പല്ലുകളും കരിപോലെ കറുത്ത മുഖവും ചുള്ളിക്കമ്പു പോലെ മുടിയുമുള്ള രാക്ഷസി. ഇനി ഈ രാജ്യത്തിന് എന്തെല്ലാം ആപത്തുകൾ വന്നു ഭവിക്കുമോ .?"
സേനാനായകനു പെട്ടെന്ന് തന്നെ താനും കുമാരനും ചൂണ്ടയിൽ നിന്നും വിട്ടയച്ച മത്സ്യത്തിന്റെ കാര്യം ഓര്മ വന്നു. ഒരു പക്ഷെ ആ മൽസ്യം ആവുമോ ഈ കന്യക ? അയാൾ ധൃതിപ്പെട്ടു കുമാരന്റെ അരികിലേക്ക് നടന്നു.
അപ്പോഴേക്കും കുമാരനും വധുവും മാതാപിതാക്കളുടെ അടുത്തേക്ക് എത്തിയിരുന്നു. അവർ ഇരുവരും രാജാവിന്റെയും റാണിയുടേയും കാൽക്കൽ നമിച്ചു ആശിർവാദം വാങ്ങി. തുടർന്ന് റാണി, പുത്രൻ വരിച്ച കന്യകയുടെ കൈയിലേക്ക് പൂമാല നീട്ടി. അവൾ അത് കുമാരന്റെ കഴുത്തിൽ അണിഞ്ഞാലേ വിവാഹ കർമ്മം വിധിപ്രകാരം പൂർത്തിയാവു. സേനാനായകൻ അത് തടയുന്നതിനായി അതിവേഗം പന്തലിലേക്ക് നടന്നു. പക്ഷെ അപ്പോഴേക്കും
കന്യക വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ മാല കുമാരന്റെ കഴുത്തിൽ അണിഞ്ഞു. ഇതേ സമയം വലിയൊരു ശബ്ദാരവത്തോടെ പ്രധാന കവാടം തുറക്കപ്പെട്ടു. പന്തലിലേക്ക് മനോഹരമായി അലങ്കരിച്ചയൊരു രഥം ആനയിക്കപ്പെട്ടു. അതിൽ നിന്നും അയൽരാജ്യത്തെ മഹാരാജാവ് മംഗള സേനനും അദ്ദേഹത്തിന്റെ അതിസുന്ദരിയായ റാണി മാളവിക ദേവിയും ഇറങ്ങി. ആലിംഗനത്തോടെ ദ്രുത വീരനും റാണിയും അവരെ സ്വാഗതം ചെയ്തു.
മംഗള സേനൻ മഹാരാജാവിന്റെ ഇരുകൈകളും ചേർത്ത് പിടിച്ചു.
"രാജൻ എന്റെ മകൾ മൃണാളിനി ദേവിയെയാണ് അങ്ങയുടെ പുത്രൻ വധുവായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇതിൽ പരം ആഹ്ലാദത്തിന് വേറെ എന്ത് വേണം ? "
ദ്രുതവീരന്റെ കണ്ണുകളിൽ ആനന്ദാശ്രുക്കൾ പൊഴിഞ്ഞു " അല്ലയോ രാജൻ ! മംഗള പുരി എന്ന അയൽ രാജ്യം എനിക്കെന്നും ഒരു അത്ഭുതമായിരുന്നു. അവിടത്തെ സൈന്യ ബലത്തെയും ആതിഥ്യ മരാദ്യകളെയും കുറിച്ച് കേട്ടറിയാത്തവർ ആരുണ്ട് ? ഇനി അത് നമ്മുടെ രാജ്യത്തിന് കൂടെ അവകാശപ്പെട്ടതെന്നു അറിയുമ്പോൾ അതില്പരം സന്തോഷം മറ്റെന്താണ് ?"
ഇതേ സമയം ദ്രുത വീരന്റെ മഹാറാണി മുന്നോട്ടു വന്നു വധുവിന്റെ മൂടുപടം ഉയർത്തി .കൂടെ നിന്ന തോഴിമാർ ഇനിയും ആ ഭീകര ദൃശ്യം കാണാനാവാതെ കണ്ണ് പൊത്തി .
ദ്രുത സേനനും തന്റെ വധുവിനെ കാണാൻ ശക്തിയില്ലാതെ കണ്ണുകൾ താഴ്ത്തി നിന്നു .
" ഹേ കുമാരാ .. ഇത്ര സുന്ദരിയായ ഇവൾ മനുഷ്യ സ്ത്രീയല്ല. അപ്സരസ് തന്നെയെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം " റാണി പുത്രവധുവിനെ ആലിംഗനം ചെയ്തു.
മാതാവിന്റെ വാക്കുകൾ കേട്ട് ദ്രുത സേനൻ ശിരസ്സുയർത്തി തന്റെ വധുവിനെ നോക്കി. കുമാരനു കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.മൃണാളിനിയാവട്ടെ , നീണ്ടിട്ടം പെട്ട മിഴികളും വശ്യ സുന്ദരമായ പുഞ്ചിരിയുമായി കുമാരനെ നോക്കി.
കുമാരന്റെ മുഖത്ത് നിന്നും ആകാംഷ വായിച്ചറിഞ്ഞു മാളവിക റാണി എല്ലാവരോടുമായി പറഞ്ഞു " അല്പം മുന്നേ കുമാരൻ വരിച്ച കന്യക ഇത്ര മനോഹാരിയായിരുന്നില്ല. നിങ്ങളിൽ ചിലരെങ്കിലും അവളെ കണ്ടു കാണും .അതിനുളള കാരണം ഞാൻ പറഞ്ഞു തരാം "
തോഴിമാരെ നോക്കി അവർ തുടർന്നു
" മൃണാളിനിയെ ഗർഭിണിയായിരുന്ന സമയം. ഞാനെന്റെ തോഴിയോടൊത്തു ഉദ്യാനത്തിൽ ഉലാത്തുന്ന സമയത്തു എനിക്ക് വല്ലാത്ത ദേഹാസ്വാസ്ഥ്യം തോന്നി. അടുത്ത് കണ്ട ഇരിപ്പിടത്തിൽ എന്നെ ഉപവിഷ്ടയാക്കി തോഴി എനിക്ക് പാനം ചെയ്യാനുള്ള ജലത്തിനായ് കൊട്ടാരത്തിലേക്കു നടന്നു. ആ സമയം അവിടെ ഒരു സന്യാസി ഭിക്ഷ യാചിച്ചു വന്നു. എന്നാൽ ക്ഷീണം കൊണ്ട് മയങ്ങിപ്പോയ ഞാൻ ജലത്തിനായി കേഴുന്ന ആ ഭിക്ഷാം ദേഹിയുടെ വിളി കേട്ടില്ല "
മഹാറാണി നെടുവീർപ്പോടെ തുടർന്ന് " അതിൽ അദ്ദേഹം വല്ലാതെ കോപിഷ്ഠനായി എന്നെ ശപിച്ചു .
“അല്ലയോ റാണി, വിശന്നു തളർന്നു വന്ന എനിക്ക് ജലപാനം പോലും തരാത്ത നീ ഒരു മൽസ്യമായ് ജീവിതകാലം മുഴുവൻ ജലത്തിൽ വസിക്കാൻ ഇടയാകട്ടെ .
അദ്ദേഹത്തിന്റെ ശാപവാക്കുകൾ കേട്ട തോഴി അദ്ദേഹത്തിനോട് എനിക്ക് വേണ്ടി യാചിച്ചു. ഈ സമയത്താണ് ഞാൻ ഉണരുന്നതും. പൂർണ ഗർഭിണിയായിരുന്ന എന്നോട് സന്യാസിക് അലിവ് തോന്നി. പക്ഷെ ഒരിക്കൽ ഉരുവിട്ട ശാപം പിൻവലിക്കാൻ മുനികൾക്കു കഴിയില്ലല്ലോ. പകരം അദ്ദേഹം എനിക്ക് ശാപമോക്ഷം തന്നു. "
എല്ലാവരും ആ കഥ കേൾക്കാൻ ആകാംഷ ഭരിതരായി.
" ഹേ മഹാറാണി, നിനക്ക് പിറക്കുന്നത് ഒരു പെൺകുഞ്ഞു ആയിരിക്കും. അതി സുന്ദരിയായ അവളെ മറ്റാരെയും കാണാൻ അനുവദിക്കാതെ വളർത്തുക. അല്ലെങ്കിൽ അവൾ വളരുമ്പോൾ അവളെ മോഹിച്ചു കുമാരന്മാരെത്തും . കൗസല്യപുരം എന്ന രാജ്യത്ത് അവൾക്കു അനുയോജ്യനായ ഒരു കുമാരൻ ജനിച്ചിട്ടുണ്ട്. വിവാഹ പ്രായമെത്തുമ്പോൾ നിന്റെ മകൾ വിരൂപയായി പരിണമിക്കും. കുമാരൻ സ്വയംവരം ചെയ്യുന്നത് നിന്റെ മകളെ ആണെങ്കിൽ അന്ന് നിനക്ക് ശാപമോഷം ലഭിക്കും. അല്ലെങ്കിൽ മരണം ഭവിക്കും”
മാളവിക റാണിയുടെ കഥ കേട്ട എല്ലാവരും സന്തോഷ ചിത്തരായി .
എങ്കിലും കുമാരന്റെ മാതാവിന് സംശയം ."എന്ത്‌കൊണ്ടാണ് കുമാരൻ അതി സുന്ദരിമാരായ കന്യകളെ ഒഴിവാക്കി മുഖം പോലും കാണാതെ ഈ കന്യകയെ തന്നെ വരിക്കാൻ കാരണം? "
അതിനു മറുപടി പറഞ്ഞത് സേനാനായകനാണ് " മഹാറാണി ഞങ്ങളുടെ ചൂണ്ടയിൽ ഒരിക്കൽ ഒരു വലിയ മൽസ്യം കുടുങ്ങി. അത് ഞങ്ങളോട് പറയുകയുണ്ടായി സ്വയം വരത്തിനു ഏറ്റവും വിരൂപയായ കന്യകയെ വിവാഹം ചെയ്താൽ കുമാരനെ സർവ്വ മംഗളങ്ങളും ഭവിക്കുമെന്നു . മറ്റു കന്യകകളെ കണ്ട ബുദ്ധിമാനായ കുമാരനെ മൂടുപടമിട്ട കന്യക തന്നെ വിരൂപ എന്ന് മനസിലായി. "
“എങ്കിലും എന്ത് കൊണ്ടാണ് പുഴയിൽ കിടന്ന മത്സ്യത്തെ ഇതു വരെ ആരും ചൂണ്ടയിൽ കുരുക്കാതിരുന്നത്?” മഹാറാണിക്ക് വീണ്ടും സംശയം.
"കുമാരിയെ പോലെ തന്നെ മൽസ്യത്തെയും ഞങ്ങൾ പുറത്താരെയും കാണിക്കാതെ വളർത്തുകയായിരുന്നു. ഒടുവിൽ കുമാരന്റെ വിവാഹ വാർത്ത അറിഞ്ഞപ്പോൾ റാണിയെ നദിയിൽ നിക്ഷേപിച്ചതാണു " മംഗള സേനൻ ചിരിച്ചു.
അങ്ങിനെ ദ്രുത സേന കുമാരനും മൃണാളിനി രാജ കുമാരിയും ഒരുപാടു ഒരുപാടു നാൾ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിച്ചു.
**
“അല്ല ശാരി , കുമാരൻ വരുന്നതിനു മുന്നേ ആ മത്സ്യത്തെ വേറെ ആരെങ്കിലും പിടിച്ചു കൊണ്ട് പോയിരുന്നെങ്കിലോ ?”
കഥ കേട്ട് മാളു ഉറങ്ങി കഴിഞ്ഞപ്പോൾ രവിയേട്ടന്റെയാണ് സംശയം
"കേട്ടിട്ടില്ലേ ? കഥയിൽ ചോദ്യമില്ല രവിയേട്ടാ " മാളുവിനെ പുതപ്പിച്ചു കൊണ്ട് ഞാൻ പറഞ്ഞു
" ഉം, പൊട്ടത്തരമാണെങ്കിലും കേട്ടിരിക്കാൻ നല്ല രസമുണ്ട് "രവിയേട്ടൻ ചിരിച്ചു.
"ശാരി, നിനക്ക് എവിടുന്നാണ് മാളുവിനെ ഉറക്കാൻ ദിവസവും ഓരോ കഥകൾ ?"
മഹാറാണിയെപോലെ രവിയേട്ടനും സംശയങ്ങൾ.
"അത് പിന്നെ.. എനിക്കും പണ്ടൊരിക്കൽ ഒരു സന്യാസി വരം തന്നിട്ടുണ്ട്. ഇഷ്ടമുള്ളപ്പോൾ ഇഷ്ടമുള്ളത്ര കഥകൾ വരുന്ന ഒരു കുടുക്ക. "
തലവഴി പുതപ്പിട്ടു മൂടി ഞാനും ഉറങ്ങാൻ കിടന്നു.
*** സാനി മേരി ജോൺ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot