നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പുലിക്കഥ



~~~~~~
പുലിക്കഥയിത് വരെ
~~~~~~
വേട്ടയ്ക്കിടയിൽ പരിക്ക് പറ്റി ശൗര്യം ചോർന്നുപോയ നായകൻ പാച്ചൻ പുലി ക്ഷീണവും തളർച്ചയും കാരണം വേട്ടയ്ക്ക് പോകാതാകുകയും, പട്ടിണി മൂലം കലിപ്പ് മോഡിൽ ആയ പാച്ചന്റെ ഭാര്യ മാളു പുലി അയൽവാസിയായ കുറുക്കന്റെ കൂടെ ഒളിച്ചോടുമെന്നു ഭീഷണി മുഴക്കുകയും ചെയ്യുന്നു. കുറ്റപ്പെടുത്തലുകളും പരിഹാസങ്ങളും കേട്ട് മടുത്ത പാച്ചൻ പുലി ഗുഹയിൽ നിന്നും ഇറങ്ങി കാട് വിട്ടുപോകുന്നു. നിരാശ ബാധിച്ച പാച്ചൻ പുലി കാടിന്റെ അതിർത്തിയിൽ വെച്ചിട്ടുള്ള കെണിയിൽ കേറി ആ കൂട്ടിൽ കിടക്കുന്നു. ഉപേക്ഷിക്കപ്പെട്ട കൂടാണെന്നും ആട്ടിൻകുട്ടി പാവയാണെന്നും താൻ പുലിശശി ആയെന്നും മനസ്സിലാക്കിയ പാച്ചൻ പുലി വീണ്ടും നിരാശനാകുന്നു. ഇതേസമയം നാട്ടിൽ കോഴി മോഷണത്തിന് പോയ പാണ്ടൻ പുലിയെ പട്ടിയിൽ നിന്ന് രക്ഷിക്കാൻ എടുത്തു ചാടിയ പാച്ചൻ പുലിക്ക് പരിക്ക് പറ്റുന്നു. നിസ്സഹായവസ്ഥയിൽ ആയ പാച്ചൻ പുലിയും പട്ടിയും മുഖാമുഖം. നിശ്ശബ്ദതയിലേക്ക് പെട്ടെന്ന് മരമുകളിൽ നിന്ന് കൊമ്പൊടിഞ്ഞു ഒരു കുരങ്ങു അലറിക്കൊണ്ടു കൊമ്പടക്കം വീഴുന്നു. ആ ശബ്ദത്തിൽ പാച്ചൻ പുലിയും പട്ടിയും ഞെട്ടുന്നു.
തുടർന്ന് വായിക്കുക.
~~~~~~~~~~~
നിന്നിടത്തു നിന്നും പാച്ചനും പട്ടിയും അനങ്ങിയപ്പോൾ അവിടെ ഉണ്ടായത് ബാഹുബലി v/s കാലകേയൻ യുദ്ധത്തിൽ ഉണ്ടായ അതേ പൊടിപടലങ്ങളായിരുന്നു.. !!!
പൊടി ഒന്നടങ്ങിയപ്പോൾ അവിടെ പുലിയുടെ രണ്ട് നഖം, പട്ടിയുടെ നാല് പല്ല് , രണ്ടുപേരുടെയും പൊഴിഞ്ഞ രോമങ്ങൾ ഓരോ കിലോ വീതം വിത്ത് ഏതെങ്കിലും ഒരാളുടെ ദീനരോദനം... എന്നിവയൊക്കെ നിങ്ങളിൽ ആരെങ്കിലും പ്രതീക്ഷിച്ചെങ്കിൽ പ്രതീക്ഷിച്ചവരേ....നിങ്ങൾ ചമ്മിപ്പോയി. കാരണം അവിടെ അത്രേം വട്ടത്തിൽ ഒരു പുല്ല് പോലുമുണ്ടായിരുന്നില്ല.
പെട്ടെന്നുണ്ടായ ശബ്ദത്തിൽ ഞെട്ടിയ പാച്ചൻ പുലിയും പട്ടിയും അറിയാതെ അനങ്ങിയപ്പോൾ ചുണ്ടുകൾ പരസ്പ്പരം കൂട്ടിമുട്ടുകയും യാതൊരു വിധ പ്രണയ കാമ വിചാരങ്ങൾ കൂടാതെ തമ്മിൽ ചുംബിക്കുകയും...പെട്ടെന്ന് അതിശക്തമായി ഞെട്ടി .... പിടഞ്ഞകന്നു ... ആ അകലലിൽ ബാലൻസ് തെറ്റി നിലത്തു വീണു ... ഉരുണ്ടു.. എഴുന്നേറ്റ് ... പട്ടി നാട്ടിലേക്കും , പാച്ചൻ കാട്ടിലേക്കും ഓടിയപ്പോൾ ഉണ്ടായ പൊടി പടലങ്ങൾ മാത്രമായിരുന്നു അത്. ടാറിടാത്ത റോഡ് ആയാൽ ഇതാ കുഴപ്പം ... അപ്പടി പൊടിയാണെന്നെ.
എങ്ങിനെയാ ഇപ്പൊ ആ ഓട്ടം വിവരിക്കാ... അരമണിക്കൂർ മുമ്പേ ഓടിയ പാണ്ടൻ പുലിയെ അഞ്ചു മിനിറ്റുകൊണ്ടു പാച്ചൻ പുലി മറി കടന്നു. അത്രയ്ക്ക് സ്പീഡിലായിരുന്നു പാച്ചന്റെ പാച്ചിൽ.... പാണ്ടനെ കണ്ടതും തൊട്ടടുത്തുള്ള കുറ്റിക്കാടുകളുടെ നടുവിലുള്ള തുറസ്സായ സ്ഥലത്തേക്ക് പാച്ചൻ കടന്നു... അവിടെയാ വീണു... പാണ്ടനും പിന്നാലെ വന്നു. ഓട്ടത്തിന്റെ കിതപ്പ് അടങ്ങിയപ്പോഴാണ് പാച്ചന് കാലിൽ വേദനയുണ്ടെന്നത് ഓർമ്മ വന്നത്. ഉടനെ തന്നെ നാക്ക് നീട്ടി വേദനയുള്ള ഭാഗത്ത് നക്കാൻ തുടങ്ങി. കിതച്ചതിന്റെ വിയർപ്പാണോ വേദനയുടെ കണ്ണീരാണോ എന്നറിയില്ല പാച്ചന്റെ മുഖത്ത് നനവുണ്ടായിരുന്നു.
പാച്ചന്റെ നക്കലും കണ്ടോണ്ടാണ് പാണ്ടൻ പുലി കയറി വന്നത്. വന്നപാടെ വായിലെ കോഴിയെ താഴെയിട്ടിട്ട് പാച്ചനോടായി ഒരു ചോദ്യം.
" നീയിതിന്റെ ഇടയ്ക്ക് എങ്ങോട്ട് പോയി...? ഞാനോർത്തു നീയിപ്പോ ഗുഹയിൽ എത്തിയിട്ടുണ്ടാകുമെന്നു. "
അപ്പോഴാണ് അപ്പോൾ മാത്രമാണ് പാച്ചൻ പുലി അലറി കരഞ്ഞു പോയത്. അല്ല എങ്ങിനെ കരയാതിരിക്കും. ഒന്നാം ലോക മഹായുദ്ധത്തിനുണ്ടായ അത്രയും കാരണങ്ങൾ അവിടെ നടന്നിട്ടും അതും പാണ്ടൻ പുലിയെ രക്ഷിക്കാൻ വേണ്ടി എടുത്തു ചാടി ഉണ്ടായിട്ടും ഒന്നും അറിയാതെയുള്ള ആ ചോദ്യം കേട്ടാൽ കയ്യില്ലാത്തവൻ വെപ്പുകൈ ഫിറ്റ് ചെയ്തു അടിക്കും ... പാച്ചൻ പുലി ആയതുകൊണ്ട് കരഞ്ഞതെ ഉള്ളൂ. അപ്പോഴാണ് പാണ്ടൻ പുലി പാച്ചൻ പുലിയുടെ മുൻകാൽ ശ്രദ്ധിച്ചത്.
" ങ്ങേ... ഇതെന്തു പറ്റി നിന്റെ കാലിന്... നല്ല വേദനയുണ്ടോ അതുകൊണ്ടാണോ നീ കരയുന്നത്...? "
സത്യമായിട്ടും പാണ്ടൻ പുലി കരുതിയത് വേദന കൊണ്ടാണ് പാച്ചൻ പുലി കരയുന്നതെന്നാണ്.
" ദേ ആശാനാണെന്നൊന്നും നോക്കില്ല എടുത്തിട്ടു തൊഴിക്കും ഞാൻ... "
നല്ല ഉറക്കത്തിൽ നിന്നു വിളിച്ചുണർത്തി ചൊവ്വ ഭൂമിയുടെ ഇടതു വശത്തോ വലതു വശത്തോ എന്ന ചോദ്യം ചോദിക്കുമ്പോൾ ഉണ്ടാകുന്ന അതേ അമ്പരപ്പാണ് അത് കേട്ടപ്പോൾ പാണ്ടൻ പുലിയുടെ മുഖത്ത് വന്നത്.
" നീയെന്തിനാ ഇപ്പൊ എന്നോട് ചൂടാവുന്നത്. നിന്റെ സംസാരം കേട്ടാൽ ഞാൻ കാരണമാണ് നിനക്കിങ്ങിനെയൊക്കെ വന്നതെന്ന് തോന്നുമല്ലോ...? "
പാച്ചൻ വീണ്ടും കരഞ്ഞു പോയി അതും അതിദയനീയമായി ... നാട്ടിലെ സീരിയൽ അമ്മയിമാർ ( ബോത്ത് ... ടിവി ആൻഡ് അകത്തളം ) ഒന്നുമല്ല ആ കരച്ചിലിന് മുന്നിൽ.
" നിങ്ങള് ആ പട്ടീനെ വായ് നോക്കി അന്തം വിട്ടു നിൽക്കുമ്പോ നിങ്ങടെ സൈഡിൽ കൂടി ഞാൻ ചാടി വന്നത് നിങ്ങള് കണ്ടില്ലേ ..? " " ഗർങ്ങ്ങീ... ഗർങ്ങ്ങീ ...."എന്ന പുലിയേങ്ങൽ അടക്കമുള്ള കരച്ചിലിന് ശേഷമാണ് പാച്ചൻ പുലി പാണ്ടൻ പുലിയോട് ആ ചോദ്യം ചോദിച്ചത്.
" ങ്ങേ.... ? അത് നീയായിരുന്നോ...? ഞാൻ കരുതിയത് സൈഡിൽ കൂടി വേറെ പട്ടി ആക്രമിക്കാൻ വരുന്നെന്നാണ്... അതാ തിരിഞ്ഞു നോക്കാതെ ഓടിയത്. പാണ്ടെട്ടാ എന്നൊന്ന് ഉറക്കെ വിളിച്ചിരുന്നെങ്കിൽ... ഒരു കല്ലു തൊഴിച്ചെറിഞ്ഞിരുന്നെങ്കിൽ... ഞാൻ തിരിഞ്ഞു നിന്നേനെ. എന്തേ ഉണ്ണീ നീയത് ചെയ്തില്ല. "
" ഓ പിന്നേ... ഒടുക്കത്തെ വീഴ്ച്ചയിൽ മാനത്തെ നക്ഷത്രങ്ങൾ ബന്ധുമിത്രാദികളോട് കൂടെ വന്നു കണ്ണിന്റെ മുമ്പിൽ നിരന്നു നിൽക്കുമ്പോൾ ഞാൻ അവരെ എണ്ണി തീർക്കണോ നിങ്ങളെ വിളിക്കണോ..."
" ഹെന്ത്.... ? ഹോ മൈ പുവർ ബോയ്.... ആ പണ്ടാരം പട്ടി ഗടിച്ചൊടിച്ചതാണോ നിന്റെ ഈ ഗാൽ.... ദുഷ്ടനായ പട്ടീ... നിന്റെ വായിൽ മണ്ണെണ്ണ വീഴുമെടാ...മണ്ണെണ്ണ. "
" നിങ്ങളീ നശിച്ച നാടക ഡയലോഗ് ഒന്ന് നിർത്താമോ...പട്ടിയും കുട്ടിയും കടിച്ചതോന്നുമല്ല.. " തുടർന്ന് പാച്ചൻ പുലി ഉണ്ടായ സംഭവങ്ങൾ അക്കങ്ങളും അക്ഷരങ്ങളും ചേർത്തു കൃത്യമായി പറഞ്ഞു.
" അയ്യേ ഇത്രയ്ക്കെ ഉള്ളോ ഇതു വെറും ഉള്ക്ക്‌... ഇപ്പൊ ശരിയാക്കി തരാം. നീയാ ചെറിയ കല്ലിന്റെ മുകളിലേക്ക് പാദം മാത്രം കയറ്റി വെച്ചേ..."
പാച്ചൻ അങ്ങിനെ തന്നെ ചെയ്തു. അവിടെ സൈഡിൽ നിന്ന ഏതോ കാട്ടുചെടിയുടെ ഇലകൾ വായിൽ കടിച്ചെടുത്തു ചവച്ചു അതിന്റെ നീര് പാണ്ടൻ പുലി പാച്ചന്റെ വേദനയുള്ള കാലിലേക്ക് തുപ്പി. എന്നിട്ട് ഭൂമിയെ തൊടാതെ ഉയർന്നു നിൽക്കുന്ന പാച്ചന്റെ മുൻകാലിൽ പാണ്ടൻ പുലി തന്റെ മുൻകാലുകൾ അമർത്തി നിന്നു.
" ഗ്ർറാ...റാ...റാ....റാ...റോ... യോ " പാച്ചന്റെ അലർച്ച സ്വരങ്ങൾ ഏഴും കേറിയിറങ്ങി ഇറങ്ങിക്കേറി എങ്ങോട്ടോ പറന്നു പോയി.
" ഇപ്പൊ നോക്കി നോക്കിക്കേ... " പാണ്ടൻ പുലി പറഞ്ഞതനുസരിച്ചു നോക്കിയ പാച്ചൻ അത്ഭുതപ്പെട്ടു പോയി. വേദന മാറിയിരിക്കുന്നു.
" പാണ്ടേട്ടാ... വേദന പോയി... ഹോ നിങ്ങളൊരു സംഭവം തന്നെയാ കേട്ടോ.."
" ഇതൊക്കെ എന്ത്... പണ്ട് ഞാൻ കിഴക്കേ മലയുടെ ചെരുവിൽ വേട്ടയാടാൻ പോയ സമയം..."
" പാണ്ടേട്ടാ... വേണ്ട... നിർത്ത് നിർത്ത്... അല്ലെങ്കിൽ തന്നെ പുലികൾക്കിടയിൽ നിങ്ങൾക്ക് തള്ള് പാണ്ടൻ എന്നൊരു പേരുണ്ട്. ഇനി എന്നെ തള്ളി കൊന്ന് ആ പേരിന്റെ മോളിലൊരു തൂവൽ കുത്തണ്ട..."
" ആ ഇതാ കുഴപ്പം... ഈ സത്യം പറയുന്നവരെയും ഓർമ്മശക്തി കൂടുതലുള്ളവരെയും നാട്ടുകാര് തെണ്ടികൾ വിളിക്കുന്ന പേരാണ് തള്ളുകാർ... വന്ന് വന്ന് ഇപ്പൊ കാട്ടിലും ആ പേര് ഹിറ്റാവാൻ തുടങ്ങി... കേക്കണ്ടെങ്കി കേക്കണ്ട...
ആ അതൊക്കെ പോട്ടെ. നിന്നോടൊരു കാര്യം കുറെയായി ഞാൻ ചോദിക്കുന്നു. എന്താണ് നീ ഈ തേപ്പ് കിട്ടിയ കാമുകന്റെ പോലെ ആടിതൂങ്ങി നടക്കുന്നത്. എന്താ നിന്റെ പ്രോബ്ലം...? "
" ഓ ഒന്നുമില്ല..."
" നീ ഈ പഞ്ചാരപ്പുഴയിലെ പായൽ പോലെ തെന്നല്ലേ... കാര്യം പറ... "
ഒന്നു മടിച്ചെങ്കിലും പാച്ചൻ പുലി വേട്ടയ്ക്ക് പോയതും പാറ പതിനാറിന്റെ പത്തരമാറ്റു പണി തന്നതും മനസ്സ് മടുത്ത് കാട് വിട്ടു പോയി കെണി പുലിശശി ആക്കിയതും തുറന്നു പറഞ്ഞു.
" അത് ശരി... ഇത്രയ്ക്കെയുള്ളൂ കാര്യം... ഇതൊക്കെ നമുക്ക് ശരിയാക്കാമെടാ... "
പാണ്ടൻ പുലിയുടെ നിസ്സാരവൽക്കരിച്ചുള്ള ആ പ്രസ്താവന കേട്ട പാച്ചൻ പുലിയുടെ കണ്ണ് മിഴിഞ്ഞു.
" എന്ത് ശരിയാക്കാമെന്നു... എന്റെ പാണ്ടൻ പുലിയേട്ടാ നിസ്സാര സംഭവമല്ല ചോർന്നു പോയത് എന്റെ ശൗര്യം ആണ്... ശൗര്യം... "
" ഓ... പിന്നേ ഒരു ശൗര്യം... വേറാരുടെയും ചോരാത്ത പോലെ... നിനക്കറിയോ കഴിഞ്ഞ കൊല്ലം എന്തോ നിസ്സാര കാര്യത്തിന് വാക്ക് തർക്കം ഉണ്ടായപ്പോൾ ഇമ്മടെ പെമ്പ്രന്നോത്തി ബാക്ക് കാൽ വെച്ചു ഒരു കിക്ക് ചെയ്തത് ഇമ്മടെ 'പൃഷ്ഠടിയണ്ഡ' ത്തിലേക്കാണ്...
ഹോ നിന്നിടത്ത് നിന്ന് ഏഴു ഓട്ടൻതുള്ളൽ തുള്ളിപ്പോയി.... എല്ലാ ദൈവങ്ങളും കണ്മുമ്പിൽ വന്നു കുടിക്കാൻ വെള്ളം വേണോ മോനേ പാണ്ടാ എന്ന് വരെ ചോദിച്ചു...
കാറ്റ് പോയ ബലൂൺ പോലെ ഞാനും ചുരുണ്ടതാണ്. അന്നാണ് ഞാൻ കോക്കാൻകിളി കുന്നിലെ കീരൻ വൈദ്യരെ കുറിച്ചറിയുന്നത്.
കലങ്ങിയ സഞ്ചിയും കുഴങ്ങിയ ശിരസ്സുമായി ഞാൻ പോയി കൃത്യം ഏഴിന്റെ അന്ന് ഡബിൾ ആവേശവുമായി തിരിച്ചു വന്നു. ആ ആവേശമാണ് ഇപ്പൊ മുറ്റത്തും ഗുഹക്കകത്തും ഓടിക്കളിച്ചു കൊണ്ടിരിക്കുന്ന മൂന്ന് പുലിക്കുട്ടന്മാർ... "
" സത്യമാണോ പാണ്ടേട്ടാ നിങ്ങളീ പറയുന്നത്...??? " പാച്ചൻ പുലി ചോദിച്ചത് ബാഹുബലിയെ കൊന്നത് കട്ടപ്പ ആണെന്ന് അറിയുമ്പോ ഉണ്ടാകുന്ന അതേ ഞെട്ടലോടെയാണ് .
" നീ പോയിക്കിടന്നുറങ്ങി രാവിലെ കോക്കാൻകുന്നിലേക്ക് പോകാൻ നോക്ക്. കീരൻ വൈദ്യരോട് ഞാൻ പറഞ്ഞെന്ന് പറയണ്ട. എന്റെ ഫീസും കൂടി നീ കൊടുക്കേണ്ടി വരും പറഞ്ഞേക്കാം. "
" അടിപൊളി... അവിടേം തേച്ചാ... എന്നാലും എന്തൊരു തേപ്പാണ് ഇങ്ങളെന്റെ പാണ്ടേട്ടാ... തേപ്പ് ഗുരുവേ നമ ഹ... ഇപ്പൊ അതല്ല പ്രശ്നം... വീട്ടിലേക്ക് എങ്ങിനെ പോകുമെന്നാണ്. കയ്യും വീശി കേറിച്ചെന്നാൽ മാളു പുലി ഒരു സ്വൈര്യം തരില്ല. വിശന്നിട്ടാണെങ്കിൽ വയ്യ. "
അവസാനം പറഞ്ഞത് പാണ്ടന്റെ കാൽച്ചുവട്ടിൽ കിടക്കുന്ന കോഴിയെ നോക്കിയിട്ടായിരുന്നു. എന്തിനോ വേണ്ടി ഒലിച്ചിറങ്ങിയ തുപ്പൽ ഭൂമിയെ ലക്ഷ്യമാക്കി അതിവേഗം താഴേക്ക് ഒഴുകുമ്പോൾ ആ ശ്രമം തടഞ്ഞു പാച്ചൻ നാക്കുകൊണ്ടു അത് വടിച്ചെടുത്ത് വായിലേക്ക് തന്നെ നിക്ഷേപിച്ചു.
" ഇത് നാടനാ...? " കോഴിയെ നോക്കിയാണ് ചോദ്യം
" ഏയ്... അല്ലെടാ... അമേരിക്കയിൽ നിന്ന് വന്നതാ...ഇപ്പൊ ഫ്‌ളൈറ്റ് ഇറങ്ങിയതെയുള്ളൂ. അപ്പോ തന്നെ പിടിച്ചു... എന്തേയ്...??? ... ഇതിൽ നോക്കി വെള്ളമിറക്കണ്ട മോനേ.. രാവിലെ സഞ്ജൂന്റെ അടുത്തു പോയപ്പോ അവനവിടെ ഇല്ല. പിന്നെ ചെക്കനെ കൊണ്ട് തന്തേനെ തല്ലീ എന്നു വിളിപ്പിക്കണ്ടല്ലോയെന്നു കരുതി വെറുതെ നാട്ടിലേക്ക് പോയി വെറുതെ ഒരു കോഴീനെ പിടിച്ചതിനാണ് നാട്ടുകാരും പട്ടികളും ഇത്രേം ബഹളമുണ്ടാക്കിയത്. "
പാണ്ടൻ പുലി പറഞ്ഞു തീർന്നതും പെട്ടെന്ന് കുറ്റിക്കാടിന്റെ ഒരു സൈഡ് തകർത്തുകൊണ്ടു എന്തോ ഒന്ന് അവരുടെ നടുവിലേക്ക് തന്നെ ധിം എന്ന് വന്നു പതിച്ചു. ഞെട്ടിത്തെറിച്ചു പാണ്ടൻ പുലിയും പാച്ചൻ പുലിയും നിന്നിടത്ത് നിന്ന് അറിയാതെ ചാടിപ്പോയി.
എന്താണ് അത്...?
എഴുതി തീരുന്ന വരെ ഒന്ന് വെയിറ്റ് ചെയ്യണേ
Sanjay Krishna.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot