നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അപ്പനും പറമ്പിൽ നിന്ന തേക്കും.

Image may contain: 1 person, closeup

മരുഭൂമിയിലെ കഷ്ടപ്പാടിന്റെ ഫലമായി നാളികേരത്തിന്റെ നാട്ടിൽ ഒരു പതിനഞ്ചു സെന്റ് സ്ഥലവും വലിയ പഴക്കമില്ലാത്ത ഒരു വീടും വാങ്ങിക്കുവാൻ എനിക്ക് സാധിച്ചു.
അപ്പനായിരുന്നു ബ്രോക്കെർ. ആധാരം എഴുതിക്കഴിഞ്ഞപ്പോൾ അപ്പൻ എന്റെ മുന്നിൽ തലചൊറിഞ്ഞുകൊണ്ട് നിന്നു.
"എന്തുപറ്റി അപ്പാ?"ഞാൻ ചോദിച്ചു.
"ബ്രോക്കെർ കമ്മിഷൻ....'അപ്പൻ തലചൊറിച്ചിൽ വേഗതയിലാക്കി.
"അതിന് അപ്പനല്ലേ എന്നെ ഈ സ്ഥലം കാണിച്ചത്?" ഞാൻ ചോദിച്ചു.
"അത് തന്നെയാ ഞാനും പറയുന്നത്. കച്ചവടം നടന്നു കഴിയുമ്പോൾ എല്ലാവരും എനിക്ക് കമ്മിഷൻ തരാറുണ്ട്. ഫോറിൻ കരാണെങ്കിൽ കണക്കുപറയാതെ തന്നെ എന്തെങ്കിലും തരും'
"അപ്പനെന്താ അപ്പാ ഇനിയും നന്നാകാൻ നോക്കാത്തത്?
ഞാൻ കുറെ പണം അപ്പന്റെ കൈയിൽ വെച്ചുകൊടുത്തു.
പറമ്പിന്റെ മൂലക്കായി നിന്നിരുന്ന തടിയൻ തേക്കുമരത്തിൽ നോക്കി അപ്പൻ നെടുവീർപ്പിട്ടപ്പോൾ ഞാൻ ചോദിച്ചു.
"ഈ തേക്ക് വെട്ടി വിറ്റാൽ എന്ത് കിട്ടും"
അപ്പൻ വീണ്ടും തല ചൊറിഞ്ഞു "വണ്ണം ഉണ്ടെങ്കിലും അകം പൊള്ളയാണ്. പതിനായിരം ചോദിക്കാം.ഒരെഴായിരം കിട്ടുമായിരിക്കും"
വർഷങ്ങളായി നാട്ടിൽ ഇല്ലാത്ത എനിക്ക് തേക്കിന്റെ വിലയെക്കുറിച്ച് ധാരണ ഇല്ലല്ലോ?.
താമസിക്കുന്ന വീട്ടിലെ ഫർണിച്ചറുകൾ തേക്കിന്റെ തന്നെ വേണമെന്നുള്ളത് ഭാമയുടെ നിർബന്ധമായിരുന്നു.
"നമുക്ക് പറമ്പിൽ നിൽക്കുന്ന വലിയ തേക്ക് മുറിച്ച് ആവശ്യമുള്ള ഫർണിച്ചറുകൾ പണിയാം "
ഭാമ പറഞ്ഞു. വീടിന്റെ കാര്യത്തിലും ഫർണിച്ചറിന്റെ കാര്യത്തിലും എന്നേക്കാൾ ഐഡിയ അവൾക്കാണ്.
"എടീ അതിന്റെ അകം മുഴുവനും പൊള്ളയാണ്."
ഞാൻ പറഞ്ഞപ്പോൾ ഭാമ എന്നെ രൂക്ഷമായി നോക്കി
"നിങ്ങളൊരു തിരു മണ്ടനായിപ്പോയല്ലോ...
നല്ല കാതലുള്ള തടിയാണ്..."
"അപ്പോൾ അപ്പൻ.... "ഞാൻ സംശയിച്ചു ഭാമയെ നോക്കി..
അവൾ അലറി "വായിൽ നോക്കി നിൽക്കാതെ ആ രമേശനെ വിളിച്ചു കാണിക്ക്"
രമേശനാണ് ഞങ്ങളുടെ ആസ്ഥാന തച്ചൻ.
രമേശൻ വന്നു നോക്കി......
"ചേട്ടാ ഒരു വീട്ടിലേക്കുള്ള മുഴുവനും ഫർണീച്ചർ പണിയുവാനുള്ള തടിയുണ്ട്."
പണിക്കൂലിയുടെ അഡ്വാൻസ് ആയി കുറച്ചു പണവും രണ്ടു പെഗ്ഗും എന്നോട് വാങ്ങിച്ചു സ്ഥലം വിട്ട രമേശനെ പിന്നെ കാണുന്നത് ഒരു മാസം കഴിഞ്ഞാണ്.
അപ്പോഴേക്കും എനിക്കും ഭാമക്കും തിരിച്ചു പോകുവാനുള്ള സമയം ആയിരുന്നു
അപ്പൻ എന്നെ ആശ്വസിപ്പിച്ചു.
"നീ ധൈര്യമായി പോടാ...തിരിച്ചു വരുമ്പോൾ വീട് നിറച്ചും ഫർണീച്ചറുകൾ കണ്ട് നിന്റെ കണ്ണു തള്ളും"
ഞാൻ ഭാമയുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവൾ എന്നെ കണ്ണടച്ച് കാണിച്ചു. രമേശൻ എനിക്ക് ധൈര്യം നൽകി.
"സാറ് ധൈര്യമായി പൊയ്ക്കോ....ഞാൻ നോക്കിക്കൊള്ളാം"
മനസില്ലാമനസോടെ ഞാൻ തല കുലുക്കി.
ഗൾഫിൽ ചെന്ന് പിറ്റേദിവസം മുതൽ അപ്പന്റെ വക ലിസ്റ്റ് എനിക്ക് കിട്ടികൊണ്ടിരുന്നു.
തടി വെട്ടുകൂലി, തടി ലോറിയിൽ കയറ്റിയ കൂലി, ആനക്കും പാപ്പാനും കൊടുത്തത് ലോറിക്കൂലി,
തടി അറപ്പുകൂലി പണിക്കൂലി എന്നു വേണ്ട ദിവസങ്ങൾ ചെല്ലും തോറും അപ്പന്റെ ആവശ്യങ്ങൾ കൂടി വന്നു. നാട്ടിലെ കൂലിയെക്കുറിച്ച് ഒരു ധാരണയും ഇല്ലാത്ത ഞാൻ അപ്പൻ പറയുന്ന പണം അയച്ചു കൊടുത്തു കൊണ്ടിരുന്നു.
അങ്ങിനെ എല്ലാം കൂടി മൂന്നാല് ലക്ഷം രൂപ മാറിക്കിട്ടി.
"പുതിയ ഫർണിച്ചർ വാങ്ങിച്ചാൽ ഇത്രയും ആകുകയില്ലായിരുന്നു" ഭാമ പറഞ്ഞു.
"സാരമില്ല സ്വന്തം പറമ്പിലെ തേക്കുകൊണ്ട് പണിയിപ്പിച്ച ഫർണിച്ചറുകൾ ഇപയോഗിക്കുമ്പോൾ ഒരു പ്രേത്യേക സുഖം തന്നെ കിട്ടും'" ഞാൻ അവളെ ആശ്വസിപ്പിച്ചു
നാട്ടിൽ ചെന്ന ഞങ്ങൾ ഫർണീച്ചർ കണ്ടപ്പോൾ ഞെട്ടിപ്പോയി
.
ഒരു സെറ്റിയും....പിന്നെ ഒരു ഡൈനിങ്ങ് ടേബിളും ആറു കസേരകളും മാത്രം.
"ഞാൻ പറഞ്ഞില്ലേ തടിയുടെ അകം പൊള്ളയാണെന്ന് ' അപ്പൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
"നിങ്ങൾ ആ രമേശനെ വിളിച്ചു ചോദിക്ക് മനുഷ്യാ "കലിപൂണ്ട ഭാമ അലറി.
പിന്നെ അപ്പന്റെ പൊടിപോലും കണ്ടിട്ടില്ല.
രമേശൻ സാധാരണയായി അധികം സംസാരിക്കാറില്ല.വസന്ത പിടിച്ച കോഴിയെപ്പോലെ തൂങ്ങിയിരിക്കുന്ന അവൻ രണ്ടെണ്ണം അകത്തുചെന്നാൽ പിന്നെ ഉഷാറാകും. നാലെണ്ണമടിച്ചാൽ മനസ്സിലുള്ളത് മുഴുവനും വിളിച്ചു പറയും. അഞ്ചണ്ണം അടിച്ചാൽ പിന്നെ കരച്ചിലും പിഴിച്ചിലും ആകും.
.ഞാനൊരു ഫുൾ ബോട്ടിൽ അവന്റെ മുൻപിൽ വെച്ചുകൊടുത്തു.
നാലെണ്ണം അടിച്ചുകഴിഞ്ഞപ്പോൾ രമേശൻ എന്നോട് പറഞ്ഞു.
"സാർ എന്നോട് ക്ഷമിക്കണം.... തങ്കപ്പെട്ട സാറിനെ ചതിക്കുവാൻ കൂട്ടൂ നിന്നതിന് എന്നോട് ക്ഷമിക്കണം.."അവൻ എന്റെ കാലുകളിലേക്കു വീണു.എനിക്ക് ഒന്നും മനസ്സിലായില്ല. ഒരു പെഗ്ഗുകൂടി ഞാൻ അവന് കൊടുത്തു. കരഞ്ഞുകൊണ്ട് അവൻ പറഞ്ഞു.
"ഈ ഫർണീച്ചറുകൾ സാറിന്റെ പറമ്പിലെ തേക്കുകൊണ്ട് പണിതത് അല്ല. ഇവയൊന്നും തേക്കിന്റെ ഉരുപ്പടികളുമല്ല. "
ഞെട്ടിപ്പോയ ഞാൻ ചുറ്റിനും നോക്കി.
ഭാഗ്യം ഭാമ കേൾക്കുന്നില്ല!!!
"അപ്പോൾ പറമ്പിൽ നിന്നിരുന്ന തേക്ക്?" ഞാൻ ചോദിച്ചു.
"അത് അപ്പൻ ഒന്നരലക്ഷം രൂപക്ക് തടി വെട്ടുകാർക്ക് വിറ്റു"
"സാർ അറിഞ്ഞാൽ കുഴപ്പം ആകുകയില്ലേ എന്ന്‌ ഞാൻ ചോദിച്ചപ്പോൾ എന്റെ കൈയ്യിൽ ആയിരം രൂപ തന്നിട്ട് അപ്പൻ പറയുവാണ്...... അവന്റെ കയ്യിൽ പൂത്ത പണമുണ്ടെങ്കിലും ഒന്നും അറിഞ്ഞു തരില്ല.എനിക്കും വട്ടചിലവുകൾ നടക്കേണ്ടേ മാത്രവുമല്ല അവൻ ഒരു പൊട്ടനാ....അവനിതൊന്നും അറിയുവാൻ പോകുന്നില്ല എന്ന് "
"അപ്പാ എന്നോട് ഈ ചതി വേണ്ടായിരുന്നു" ഞാൻ പിറുപിറുത്തു.
അനിൽ കോനാട്ട്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot