Slider

ഒരു സർദാർജി പ്രണയം

0
Image may contain: 1 person
***********************
വോട്ടവകാശം കിട്ടിയ പ്രായം. ഒപ്പം വീട്ടിൽ ആരൊക്കെയോ വന്ന് കുട്ടിയെ കെട്ടിക്കുമോ, കെട്ടിക്കാറായോ എന്നൊക്കെ ചോദിക്കാൻ തുടങ്ങിയ കാലം.
ശ്ശോ .. അതൊക്കെ കേൾക്കുമ്പോൾ മനസില് ആവശ്യത്തിനും അനാവശ്യത്തിനും നാണമൊക്കെ വരുന്നുണ്ട്. പക്ഷെ അതൊക്കെ അങ്ങനെ പ്രകടിപ്പിച്ചാൽ കല്യാണത്തിന് റെഡി ആണ് എന്ന് വീട്ടുകാർ മനസിലാക്കുമല്ലോ. പാടില്ല.
മറ്റൊന്നുമല്ല, അത്യാവശ്യം കറങ്ങി നടപ്പും വായിനോട്ടവും, അടിച്ചു പൊളിക്കലും കാവിലെ തെയ്യവും തിറയും, പാലൈസ് , ഐസ് ക്രീം എന്നീ ഐറ്റംസ് അമ്പലപറമ്പിൽ ഇരുന്നു കഴിക്കൽ എന്നു വേണ്ട സകലതും, കെട്ടിയാൽ സ്റ്റോപ്പ് ആകും. അതോണ്ട് എനിക്ക് ഇപ്പൊ കെട്ടേണ്ട എന്നും പറഞ്ഞു നടക്കുന്ന സുന്ദരമായ കാലം.
എന്നാലും കെട്ടാൻ പോകുന്ന ചെക്കനെ കുറിച്ചു സങ്കൽപ്പിക്കാനൊക്കെ തുടങ്ങിയിരുന്നു. കട്ടി മീശയും, താടിയും നല്ല ഹൈറ്റും ഒക്കെ ഉള്ള ഒരാൾ.. അങ്ങനെ സങ്കൽപ്പിച്ചു നടക്കുന്ന കാലത്താണ് മിലിറ്ററികാരോട് കടുത്ത പ്രണയം തോന്നുന്നത്. കെട്ടുന്നെങ്കിൽ ഒരു പട്ടാളക്കാരനെ തന്നെ , ഉറപ്പിച്ചു. വന്ന ആലോചനയിൽ പട്ടാളം പോയിട്ട്, പോലീസ് പോലും വന്നില്ല. ആകെ നിരാശയും കൊണ്ട് നടക്കുന്ന കാലം.
ജാതകം നോക്കാൻ പോകാൻ അമ്മയ്ക്ക് പണ്ടേ കുറച്ചു മിടുക്ക് കൂടുതലാണ്. ആ മാരണം ( അമ്മയല്ല, ജാതകം) ചില്ലറ എടങ്ങേറല്ല ഉണ്ടാക്കിയത് എന്റെ ജീവിതത്തിൽ. അതു പിന്നെ പറഞ്ഞു തരാം. അപ്പൊ പറഞ്ഞു വന്നത് , 'അമ്മ ജാതകം കൊണ്ട് പോയി നോക്കാൻ തുടങ്ങി.
ജാതകവശാൽ കുട്ടിക്ക് പട്ടാളക്കാരനെ പറ്റില്ല്യാത്രേ. ആ ജ്യോത്സ്യൻ ആറ്റുനോറ്റുണ്ടായ എന്റെ സങ്കല്പത്തിലേക്ക് കവടിപ്പലക എറിഞ്ഞു എല്ലാം പൊളിച്ചടുക്കി.
എന്നാലും പട്ടാളക്കാരൻ വരുമെന്ന് പ്രതീക്ഷിച്ചു അങ്ങനെ നടക്കുന്ന കാലം. നാട്ടിൽ മരുന്നിനു പോലും പട്ടാളക്കാര് ഇല്ലായിരുന്നു. ഉണ്ടെങ്കിൽ ഒരു പട്ടാള പ്രണയം, മൊട്ടിട്ടേനെ. എവിടെ മൊട്ടിടാൻ ,ഇടും മുന്നേ എന്റെ അമ്മ അതു നുള്ളിയെടുത്തു മുന്നിലെ തോട്ടിലെ വെള്ളത്തിൽ ഒഴുക്കിയേനെ. എന്നാലും ആഗ്രഹങ്ങൾക്ക് ഒരു പഞ്ഞവും നുമ്മടെ മനസിൽ ഇല്ലായിരിന്നു.
അങ്ങനെ ഇരിക്കേ ഇലക്ഷൻ വന്നു. പ്രായപൂർത്തിയായി എന്നു നാട്ടിലെ പതിനെഴുകാരി പെണ്പിള്ളേർക്ക് ചെക്കന്മാരെ കാണിക്കാൻ ഉള്ള സുവർണ്ണാവസരം. കാർന്നോമ്മാരും അമ്മച്ചിമാരും നീണ്ടു നിൽക്കുന്ന വരികളിൽ ചെക്കന്മാർക്ക് പെണ്ണ് തിരയും.
നമ്മൾക്ക് പിന്നെ പട്ടാളക്കാരനോടുള്ള അഡിക്ഷൻ നിമിത്തം ആ വക കാര്യത്തിൽ ഒട്ടും താൽപര്യമില്ലായിരുന്നു.
അങ്ങനെ അന്ന് രാവിലെ തന്നെ വോട്ടു ചെയ്യാൻ പോയി. നടന്നു നടന്നു ജംഗ്ഷൻ എത്തിയപ്പോ ദേ മുന്നിൽ നിൽക്കുന്നു അവൻ!!....
നമ്മുടെ സ്വപ്നത്തിലെ നായകനെ പോലെ. മീശ, താടി, ഹൈറ്റ്, ഒപ്പം പട്ടാളവും. എല്ലാം കൊണ്ടും നമ്മക്ക് അതായത് എന്റെ സ്വന്തം ഹൃദയത്തിനു ഡബിൾ ഓകെ. നടക്കുന്ന നടത്തം മെല്ലെ വേഗത കുറച്ചു. ആളെ അടിമുടി ഒന്നു നോക്കി.
യ്യോ!!!! ആള് ഒരു സർദാർജി ചെക്കൻ. ദൈവമേ പണി പാളി. സ്റ്റോപ്... ഹൃദയം പറഞ്ഞിട്ടും എന്റെ കണ്ണു അതു കേട്ടില്ല, കേട്ട ഭാവം നടിച്ചില്ല. പക്ഷെ എന്റെ അന്തം വിട്ടു കുന്തം വിഴുങ്ങിയ പോലെ ഉള്ള മിഴിച്ച കണ്ണുകൾ അവൻ കണ്ടു. ആ സർദാർജി. എന്നെ ഞെട്ടിക്കാനോ എന്തോ അറിയില്ല, അവൻ ഉച്ചത്തിൽ കൂടെയുള്ള പട്ടാളക്കാരനെ വിളിച്ചു. അതു വരെ ആമയെ പോലെ പോയ ഞാൻ ഒച്ചകേട്ടതും മുയലിനെ പോലെ ഓടി. പിന്നിൽ നിന്നും അപ്പോഴും ഉച്ചത്തിൽ ചിരി കേൾക്കുന്നുണ്ടായിരിന്നു.
"എന്നാലും ന്റെ കൃഷ്‌ണാ നീ എന്റെ സ്വപ്നത്തിനെ പഞ്ചാബിൽ കൊണ്ടു പോയി ജനിപ്പിച്ചല്ലോ" എന്നോർത്തു പരിഭവിച്ചു വോട്ടും ചെയ്തു വീട്ടിലേക്ക് തിരിച്ചു വരുമ്പോഴും സർദാർജി ചെക്കൻ തോക്കും പിടിച്ചു അവിടെ തന്നെ നിൽക്കുന്നുണ്ടായിരിന്നു. എത്ര വട്ടം നോക്കരുത് എന്നു പറഞ്ഞിട്ടും അനുസരണയില്ലാതെ എന്റെ കണ്ണുകൾ അവനെ നോക്കി. "എന്റെ പഞ്ചാബിൽ ജനിച്ച സ്വപ്നമേ, ന്നാലും ഇങ്ങനെ എന്റെ മുന്നിൽ വരണ്ടായിരുന്നു. "
പിറ്റേന്ന് ക്ലാസ്സിൽ പോകുമ്പോഴും , ഇലക്ഷൻ റിസൾട്ട് അറിയും വരെയും ഒരു മാസത്തോളം അവർ അവിടെ ഉണ്ടായിരുന്നു. എന്നും ക്ലാസ്സിൽ പോകുമ്പോൾ കണ്ടു കണ്ടു അവൻ ചിരിക്കാൻ തുടങ്ങി. ചിരി മാത്രം ആയത് കൊണ്ടു കുഴപ്പമില്ലായിരുന്നു. അവനെങ്ങാനും മിണ്ടിയാൽ പിന്നെ ആ വഴി പോകില്ലാന്ന് ഉറപ്പിച്ചിരുന്നു, ഹിന്ദി നമുക്ക് പണ്ടേ ദഹിക്കാത്ത ഭാഷയാണ്. അതു കൊണ്ട് തന്നെ.
അങ്ങനെ സർദാർജി കണ്ടാൽ ചിരിക്കുന്ന സ്റ്റേജ് ആയി, പിന്നെ ആരോ കേൾക്കാൻ വേണ്ടിയുള്ള ഗുഡ്‌ മോർണിംഗ് പറച്ചിൽ വരെ അവൻ എത്തി. തിരിച്ചു അങ്ങോട്ടു ഒന്നും പറയാതെ ഞാനും നടന്നു പോയിക്കൊണ്ടിരുന്നു.
ഇലക്ഷൻ റിസൾട്ട് അറിഞ്ഞു, എല്ലാ കോലാഹലവും കഴിഞ്ഞു, പിറ്റേന്ന് രാവിലെ ക്ലാസ്സിലേക്ക് പോകുമ്പോൾ ഒരു വലിയ മിലിറ്ററി വാൻ എന്നെയും കടന്ന് പോയി. വെറുതെ ഒരു നോക്കിന്‌ കണ്ടു അതിൽ കൈവീശികാണിക്കുന്ന ചിരിക്കുന്ന ആ മുഖം. ഒന്നു നോക്കി തല താഴ്ത്തി ഞാനും നടന്നു നീങ്ങി വാനിന് പുറകിലായി. അതിൽ നിന്നും അപ്പോഴും ആ കണ്ണുകൾ ഒരു യാത്ര പറച്ചിൽ നടത്തുന്നുണ്ടായിരുന്നു. ഇനിയൊരിക്കലും കണ്ടു മുട്ടാത്ത കണ്ണുകൾ പരസ്പരം യാത്ര പറയുകയായിരുന്നു. വെറുതെ തോന്നിയ ആരാധനയ്ക്കപ്പുറം എന്തോ ഒരു കൗതുകം.....
എന്നാലും എന്റെ സർദാർജി ഇജ്ജ് എന്റെ കരളിന്റെ വടക്ക് കിഴക്കേ മൂലയ്ക്ക് ഇരിക്കുന്നുണ്ട് ഇപ്പോഴും നല്ലോർമ്മയായി...
പിന്നീട് വന്ന പാട്ടാളക്കാരന്റെ ആലോചന എന്റെ അമ്മ, ജ്യോത്സ്യന്റെ വാക്കും കേട്ട് കണ്ണിൽ ചോരയില്ലാതെ റീജക്റ്റ് ചെയ്തു.
അങ്ങനെ പിന്നെയും ഒരു നാല് കൊല്ലം കഴിഞ്ഞു എന്നെ കെട്ടിച്ചു വിട്ടു...
ഓർത്തു ചിരിക്കാൻ ഓർമ്മകളിൽ ഇനിയുമേറെ....
✍️ സിനി ശ്രീജിത്ത്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo