Slider

തളിർക്കാത്ത ചില്ല

0
Image may contain: one or more people, closeup and indoor
" ചുംബന പൂകൊണ്ട് മൂടി എന്റെ
തമ്പുരാട്ടീ നിന്നെ ഉറക്കാം.. "
ആ പാട്ടുകളിൽ കൂടി അവൻ പറയുന്നത് എന്നോടല്ലേ. അതെ , എന്നോടുതന്നെ. അവൻ പാടുമ്പോൾ അവന്റെ കണ്ണുകൾ എന്നെനോക്കി എന്തൊക്കെയോ പറഞ്ഞു.
എന്റെ വിടർന്നകണ്ണുകൾ അവനെ പൊതിഞ്ഞു നിന്നു. അവന്റെ പ്രണയം പാട്ടുകളിൽ കൂടി എന്നോട് പറഞ്ഞു.
"ആദ്യമായ് കണ്ടനാൾ പാതിവിരിഞ്ഞുനിൻ പൂമുഖം.
കൈകളിൽ വീണൊരു മോഹന വൈഡൂര്യം നീ..പ്രിയസഖീ.. "
ഞാൻ കണ്ണുകളാൽ എന്റെ പ്രണയം അവനെ അറിയിച്ചു.
അവന്റെ പേര് വരുൺ. ഞങ്ങൾ ക്ലാസ്സ് മേറ്റ് ആണ്. ഡിഗ്രീ സെക്കന്റിയർ.
വരുൺ ആണ് കോളെജിലെ ആസ്ഥാന ഗായകൻ. അവനുചുറ്റും നിരവധി ആരാധകരും. അതിനാൽത്തന്നെ അവന് അഹങ്കാരം കൂടുതലായിരുന്നു. ഒഴിവ് സമയങ്ങളിലെല്ലാം അവനെകൊണ്ട് പാട്ടുപാടിപ്പിക്കുകയാണ് കുട്ടികളുടെ പണി. അവനാണെങ്കിൽ യേശുദാസാണെന്ന ഭാവത്തിലാണ് ഇരിപ്പും പാട്ടും.
" ഈറൻമേഘം പൂവുംകൊണ്ട്...
പൂജയ്ക്കായ് ക്ഷേത്രത്തിൽ പോകുമ്പോൾ.....
പൂക്കാരി നിന്നെ കണ്ടു ഞാൻ... "
എന്തോ അവന്റെ നോട്ടം എന്റെ മുഖത്തായിരുന്നു.
അറിയാതെ എന്റെ മുഖം നാണത്താൽ കുനിഞ്ഞു. പിന്നീടുള്ള നോട്ടങ്ങൾക്കെല്ലാം ഒരു കാന്ത ശക്തി...
"നീലമലർ പൂങ്കുയിലേ നീ കൂടെപ്പോരുന്നോ..
നിൻ ചിരിയാൽ ഞാനുണർന്നു..
നിന്നഴകാൽ ഞാൻ മയങ്ങി.. "
അവന്റെ ശബ്‌ദം എന്റെ മനസ്സിൽ കുളിർമഴയായി പെയ്തിറങ്ങി..
"കറുത്തപെണ്ണേ.. നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ.. "
......
എന്നവൻ പാടുമ്പോൾ, കണ്ണുകൾ കൊണ്ട് ഞാനും പാടി..
"തുടിച്ചുതള്ളും മനസ്സിനുള്ളിൽ തനിച്ച്
നിന്നെ ഞാൻ നിനച്ചിരിപ്പുണ്ടേ.. " എന്ന്.
ഒരു വരിപോലും പാടാൻ കഴിവില്ലാത്ത എന്നിൽ അവനൊരു ഗാനമായി നിറഞ്ഞു.
ഒരിക്കൽ നീണ്ടവരാന്തയിലൂടെ ഞങ്ങൾ നടക്കുമ്പോൾ വരുൺ പറഞ്ഞു..
"ജോ... നിനക്കറിയുമോ.. ഈ പാട്ടുകൾ മുഴുവൻ ഞാൻ പാടുന്നത് എന്തിനാണെന്ന്... "
" ഇല്ല... "
" നിനക്കുവേണ്ടിയാണ്.. ജോ... നിനക്കുവേണ്ടി മാത്രം.. എന്റെ പാട്ടുകളിൽ നീ മാത്രമേ ഉള്ളൂ..പെണ്ണേ.. "
എന്റെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു. മനസ്സ് കുതിച്ചു തുള്ളി.
അവൻ വീണ്ടും പാടി..
"ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട്..
.........................
ഋതുക്കൾ നമുക്കായ്പണിയും
സ്വർഗ്ഗത്തിൽ.. "
അന്ന് അവസാനത്തെ കോളേജ് ഡേയ്ക്ക് അവൻ പാടിയ മൂന്ന് പാട്ടുകളിൽ ഒന്നൊരു കവിതയായിരുന്നു.
" കാലമിനിയുമുരുളും, വിഷുവരും ,
വർഷംവരും , തിരുവോണം വരും,
പിന്നെ, യോരോ തളിരിനും പൂവരും , കായ്‌വരും -അപ്പോളാരെന്നും
എന്തെന്നും ആർക്കറിയാം.. ??
നമുക്കിപ്പൊഴീയാർദ്രതയെ ശാന്തരായ്
സൗമ്യരായെതിരേൽക്കാം..
വരിക സഖീ, യരികത്തു ചേർന്നു നിൽക്കൂ..
പഴയൊരു മന്ത്രം സ്മരിക്ക നാമനോന്യം
ഊന്നു വടികളായ് നിൽക്കാം :
ഹാ.. ! സഫലമീ യാത്ര.. "
നിർത്താതെയുള്ള കൈ അടികൾ ഇന്നും കാതിൽ മുഴങ്ങുന്നു.
മൂന്നു വർഷത്തെ ഡിഗ്രീ പഠനം പൂർത്തിയാക്കി പിരിയുമ്പോൾ മനസ്സ് വല്ലാതെ പിടഞ്ഞു. അഡ്രസ്സ് വാങ്ങിക്കുകയോ കത്തെഴുതുകയോ ചെയ്തില്ല. നിന്നെ തേടി ഞാൻ വരും എന്ന് വരുൺ വാക്കുതന്നു.
പിന്നീട് കുറെ പ്രാവശ്യം പള്ളിയിൽ പോകും വഴികണ്ടു.
ഒരിക്കൽ പറഞ്ഞു..
" ജോ.. എന്റെ വീട്ടിലെ സാഹചര്യം നിനക്കറിയാല്ലോ... ഒരു ചെറിയ ജോലി വിദേശത്ത് ശരിയായിട്ടുണ്ടെന്നും അധികം വൈകാതെ പോകുമെന്നും. "
പിന്നീട് വരുണിനെ ഞാൻ കണ്ടിട്ടില്ല. യാതൊരറിവും ഇല്ല. കാത്തിരിപ്പ് തന്നെ കാത്തിരിപ്പ്.
"മറന്നുപോയതെന്തേ.. നീ
അകന്നുപോയതെവിടെ.. ? ഞാൻ മൗനമായ് പാടി.. !

ഒടുവിൽ മറ്റൊരാളിന്റെ ഭാര്യയായി. വരുണിനെ മറന്നു. നല്ലൊരു ഭാര്യയായി കുടുംബിനിയായി ഞാൻ മാറി. കാലം പുതിയ, പുതിയ ഓർമ്മകൾ തന്നുകൊണ്ടിരുന്നു.
എന്നാൽ..
കഴിഞ്ഞ ദിവസം റെയിൽവേ സ്റ്റേഷനിൽ വച്ച് വരുണിനെ ഞാൻ വീണ്ടും കണ്ടു. ഒട്ടും പ്രതീഷിക്കാതെ.. പ്രായം രണ്ടുപേർക്കും മാറ്റം വരുത്തിയെങ്കിലും ആത്മാവിൽ കൊത്തിവച്ച ചിത്രമായതിനാൽ ഒറ്റ കാഴ്ചയിൽ തന്നെ ഒരു മിന്നൽ ശരീരത്തിലൂടെ പാഞ്ഞുപോയി.
പരസ്പരം കണ്ണുകളിൽ നോക്കി ഒന്നും മിണ്ടാനാവാതെ നിന്നു...
" സുഖമോ ദേവി.. സുഖമോ ദേവീ..
സുഖമോ... സുഖമോ.. ?"
വിഷാദം മുറ്റിയ അവന്റെ മുഖം എന്നോട് ചോദിക്കും പോലെ തോന്നി.
ആദ്യത്തെ അമ്പരപ്പ് മാറിയപ്പോൾ ഞങ്ങൾ സംസാരിച്ചു , വിശേഷങ്ങൾ പറഞ്ഞു. വീട്ടിലെ കഷ്‌ടപ്പാടും മൂന്ന് സഹോദരിമാരെ കല്യാണം കഴിച്ചയച്ചതും , അമ്മ രോഗിയായതും ഇപ്പോൾ മരണപെട്ടതും. ജീവിക്കാൻ വേണ്ടിയുള്ള നെട്ടോട്ടത്തിൽ എന്നെ കൂടെ കൂട്ടാൻ പറ്റാത്തതും എല്ലാം.
ഞാൻ എന്റെ കുടുംബത്തെക്കുറിച്ചും , സന്തോഷകരമായ ജീവിതത്തെ പറ്റിയും പറഞ്ഞു.
നന്നായി.. ജോ.. എന്റൊപ്പമാണ് നീ ജീവിച്ചതെങ്കിൽ ഇത്രയും സന്തോഷം നിനക്ക് നൽകാൻ എനിക്കാവില്ലാരുന്നു..
"വരുണിന്റെ കുടുംബമൊക്കെ.. ?" ഞാൻ ചോദിച്ചു
" എന്റെ കുടുംബം ഞാനാണ്. ബാധ്യതകൾ എല്ലാം തീർത്തപ്പോഴേയ്ക്കും നമ്മൾ വയസ്സനായി.. പിന്നെ പെണ്ണുകെട്ടാൻ തോന്നിയില്ല.. ഈ ജീവിതവും സുഖമാണ്. സ്വസ്ഥമാണ്.. ഹഹാ.. "
വരുൺ ചിരിച്ചു. തെളിമയില്ലാത്തൊരു ചിരി.
കണ്ടതിൽ സന്തോഷമറിയിച്ചു വരുൺ യാത്രപറഞ്ഞു. അവസാനം എന്നെ ആകമാനം ഒന്നു നോക്കി ഒടുവിൽ എന്റെ താലിയിലേയ്ക്കും..
ശൂന്യമായ മനസ്സോടെ ഞാൻ ആ പോക്ക് നോക്കി നിന്നു..
"കൊതിച്ച ജീവിതം കിട്ടിയില്ലെങ്കിൽ വിധിച്ച ജീവിതം ആസ്വദിക്കുക "
അകലെ.. അകലെ... ആരോ.. !!!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo