നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കോമാളി

Image may contain: 1 person, eyeglasses and closeup

.....
അന്നൊരു തിങ്കളാഴ്ച്ചയായിരുന്നു.
സമയം ഏകദേശം പതിനൊന്നിനോടടുത്തു.
അമ്മ ഡ്യുട്ടിയിലാണ്.രാവിലത്തേ ഷിഫ്റ്റ് കഴിഞ്ഞിറങ്ങി ഒരു ചായബ്രേക്കെടുത്തിട്ട് ഉച്ചയ്ക്കത്തേ ഷിഫ്റ്റിനായി കയറി.
ഉച്ച ഷിഫ്റ്റിലെ പ്രധാന ജോലി അച്ഛൻ രാവിലെ വാങ്ങിക്കൊടുത്ത പത്ത് പതിനഞ്ച് നെയ്മത്തിയുടെ പോസ്റ്റ്മാർട്ടമാണ്.
റിസൾട്ടറിയാൻ തെക്കേതിലെ പുളളിപ്പൂച്ചയും പതിവുകാരൻ കാലൻ കാക്കയും തൊട്ടുമുന്നിൽത്തന്നെയുണ്ട്.
ഞാനാണെങ്കിൽ അകത്തേ ബാത്ത്റൂമിലേ ഫ്ലഷ് വർക്ക് ചെയ്യിക്കാനുള്ള കിണഞ്ഞ ശ്രമത്തിലും.
പുത്തൻപെണ്ണ് വരുമ്പോൾ ഫ്ലഷ് വർക്ക് ചെയ്തില്ലെങ്കിൽ നാണക്കേട് എനിക്കാണേ.
ഏത് പുത്തൻ പെണ്ണാണന്നല്ലേ....?
എന്റെ പെണ്ണേ.....
അടുത്താഴ്ച്ച എന്റെ കല്യാണമാണേ
അച്ഛനും അതിന്റെ ആവശ്യത്തിനായി പുറത്തു പോയേക്കുവാ കാലത്തേ.....
ഇറയത്ത് തൂക്കിയ ഓട്ട്മണി ഇടതടവില്ലാതെ ശബ്ദിച്ചു.
അതൊരു മോഹമായിരുന്നു എനിക്ക്. വീട് ചെറുതാണെങ്കിലും മുൻവാതിലിലെ കതകിൽ ഒരു നിറപറയും നിലവിളക്കും കൊത്തിയതാവണമെന്നും.....
കോളിംഗ് ബെല്ലിന് പകരം ഒരു നാക്കുള്ള ഓട്ട്മണി വേണമെന്നതും.
അത് രണ്ടും സാധിച്ചൂട്ടോ....
" ഉണ്ണീ...... അതാരാന്ന് നോക്കിക്കേടാ...."
അടുക്കളയിൽ നിന്നും അമ്മയുടെ ശബ്ദം.
പോസ്റ്റ്മാർട്ടം കഴിഞ്ഞിട്ടുണ്ടാവണം.
ഫ്ലഷിന്റെ പണി പാതിയിൽ നിർത്തി ഞാനെണീറ്റ് കതക് തുറന്നു.
തിണ്ണയിലിട്ടിരുന്ന ചുവന്ന കസേരയിൽ അമ്മുവിന്റെ അച്ഛനിരിക്കുന്നു.
അതേ..... എന്റെ പ്രതിശ്രുതവധു അമ്മുവിന്റെ അച്ഛൻ.
ഞാനെന്തോ ചോദിക്കാൻ തുടങ്ങും മുമ്പേ അദ്ധേഹം പറഞ്ഞു.
"മോനേ.... കുടിക്കാൻ ഇത്തിരി വെള്ളം വേണം... "
അദ്ധേഹം വല്ലാതെ പരവശനായിരുന്നു.
ഞാൻ അടുക്കളയിൽ കയറി അമ്മയോട് കാര്യവും പറഞ്ഞ് ഫ്രിഡ്ജിലിരുന്ന തണുത്ത വെള്ളക്കുപ്പിയുമെടുത്ത് അദ്ധേഹത്തിന്റെ അടുത്ത് എത്തിയതും.....
ആർത്തിയോട് അദ്ധേഹമാ കുപ്പിവാങ്ങി അതിലെ വെള്ളം ഒറ്റയടിക്ക് കുടിച്ചു തീർത്തു.
എന്താ..... അച്ഛാ കാര്യം വല്ലാണ്ടങ്ങ് ക്ഷീണിതനായിരിക്കുന്നല്ലോ അങ്ങ്...?
അദ്ധേഹം ഒന്നും മിണ്ടാതെ കുനിഞ്ഞിരുന്നു.
"എവിടെയോ കല്യാണം ക്ഷണിക്കാൻ പോയി വരുന്ന വഴിയായിരിക്കും അദ്ധേഹം അതാ ക്ഷീണം.... ഞാനിത്തിരി സംഭാരം എടുക്കാം... ആ... ക്ഷീണമങ്ങ് മാറട്ടെ.... "
അമ്മ അടുക്കളയിലേയ്ക്ക് പോയി.
" അച്ഛനെവിടെപ്പോയിമോനേ....?"
അദ്ധേഹമെന്നോട് ചോദിച്ചു.
അച്ഛൻ ആ വണ്ടിക്കാർക്ക് അഡ്വാൻസ് കൊടുക്കാൻ പോയതാ.
" വരാൻ താമസിക്കുമോ മോനേ...?"
ഇത് ചോദിക്കുമ്പോഴേയ്ക്കും അച്ഛന്റെ ഹെർക്കുലീസ് മുറ്റത്ത് ബ്രേക്കിട്ടു.
"ആഹാ.... ഇതാരാ...? എന്താന്നാ ഈ വഴിക്കൊക്കെ...? ക്ഷണമൊക്കെ തീർന്നോ...?"
അച്ഛൻ കുശലാന്വേഷണം നടത്തി സോപാനത്തിലിരുപ്പുറപ്പിച്ചു.
"നിങ്ങളെന്നോട് ക്ഷമിക്കണം... എനിക്കൊരു കാര്യം പറയാനുണ്ട് ഞാനതിനാ വന്നത്.... "
അദ്ധേഹം പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
അച്ഛനെന്റെ മുഖത്തേയ്ക്ക് നോക്കി.
ഞാനും തെല്ലാശങ്കയിലായി
"എന്താന്നാ... കാര്യം...'' അച്ഛന് ആകാംഷയായി.... എനിക്കും.
"അമ്മു...... അമ്മു.......... "
''അമ്മുവിനെന്തു പറ്റി.. .?"
" അവള് നമ്മെയൊക്കെ ചതിച്ചു..... അവളിന്ന് കാലത്ത് പാലിന് പോയിട്ട് തിരികെ വന്നില്ല അടുത്തുള്ള ഒരു ഓട്ടോക്കാരനുമായി അടുപ്പത്തിലായിരുന്നു എന്ന്. അവന്റെ വീട്ടിലുണ്ടെന്നാ അറിയാൻ കഴിഞ്ഞത്.."
ഇത് കേട്ടുകൊണ്ടുവന്ന അമ്മയുടെ കയ്യിലിരുന്ന സംഭാരപ്പാത്രം താഴെവീണു ചിതറി....
"ഈശ്വരാ..... ചതിച്ചോ....?എന്തൊരു തന്തയില്ലാഴ്കയായിപ്പോയി.... ''
അച്ഛൻ പൊട്ടിത്തെറിച്ചു.
"ദൈവമേ..... നാട്നീളെ കല്യാണവും ക്ഷണിച്ചല്ലോ.... എന്തൊരു നാണക്കേടായിപ്പോയി.... ഇനി മനുഷ്യരുടെ മുഖത്തെങ്ങനെ നോക്കും..?"
അമ്മയും ഉച്ചത്തിലെന്തൊക്കെയോ പുലമ്പി...
"തന്റെ വളർത്തുദോഷമാടോ.....കാരണം
ഒന്നേയുള്ളേലും ഉലക്കയ്ക്കടിച്ച് വളർത്തണമെന്നാ.... പഴമക്കാര് പറയുന്നേ... താനത് ചെയ്തില്ല അതാ പറ്റിപ്പോയത്.... എങ്ങാണ്ട് പന്നക്കൂട്ടങ്ങള്...."
അച്ഛന്റെ ശകാരവർഷങ്ങൾ ഒന്നൊന്നായി ആ മനുഷ്യന്റെ മേൽ പതിക്കുമ്പോഴും കുനിഞ്ഞിരുന്ന് കരയുകയാണ് ആ പാവം... താനിതെല്ലാം കേൾക്കാൻ അർഹനാണ് എന്ന മട്ടിൽ.
പൊന്നുപോലെ വളർത്തിയ മകളുടെ വക സമ്മാനം.
അച്ഛാ..... വേണ്ടച്ഛാ....അദ്ധേഹത്തേ ഒന്നും പറയരുത് ഈ പാവം എന്ത് പിഴച്ചു...? നമുക്കുമില്ലേ ഒരു പെൺകുട്ടി..?
നാളെ അച്ഛനും ഈ അവസ്ഥയിൽ മറ്റൊരു വീട്ടിൽ ഇങ്ങനെ ഇരിക്കില്ലെന്നുറപ്പുപറയാനാകുമോ...?
" ഇല്ലെടാ...... ഞാനിങ്ങനെ ഇരിക്കില്ല. ഇങ്ങനെ ഒരവസ്ഥ എനിക്ക് വന്നാൽ അവള് പോയി പൊറുക്കുന്ന വീട്ടുമുറ്റത്ത്
പിറ്റേന്ന് കാലത്ത് എന്റെ ജഡം കണ്ടാവും അവളുണരുന്നത്...."
അച്ഛൻ വാചാലനായി.
ഇല്ലച്ഛാ.... അങ്ങനെയൊന്നും സംഭവിക്കില്ല.... വെറുതേ പറയുന്നതാ അതൊക്കെ.... അങ്ങനെ സംഭവിച്ച ചരിത്രവുമില്ല.
നമ്മൾ ഇദ്ധേഹത്തിന്റെ സ്ഥാനത്ത് നിന്നൊന്ന് ചിന്തിച്ചു നോക്കച്ഛാ.... ഒറ്റമകളുടെ വിവാഹത്തിനായി എല്ലാമൊരുക്കി കാത്തിരുന്ന ഈ അച്ഛനല്ലേ നാണക്കേടും മാനക്കേടും....?
നമുക്കെന്ത്....? ക്ഷണിച്ചവരോട് കാര്യം പറയുക ഒരിത്തിരി ബുദ്ധിമുട്ടുണ്ടാകും എന്നാലും ഈ മാതാപിതാക്കൾ അനുഭവിക്കുന്ന ഒരു മാനസികാവസ്ഥ എന്തായിരിക്കും അച്ഛാ ഇപ്പോൾ...?
കണ്ണുംതുടച്ച് തലയും കുനിച്ച് ആ മനുഷ്യൻ ഞങ്ങൾക്കിടയിലൂടെ മുറ്റത്തേയ്ക്കിക്കിറങ്ങി.
ആ... മുഖത്ത് എന്തൊക്കെയോ തീരുമാനിച്ചുറച്ച പോലെയുള്ള ഭാവമായിരുന്നു അപ്പോൾ.
ഞാൻ പേടിച്ചു.... അച്ഛൻ പറഞ്ഞപോലെ
ഇദ്ധേഹമെന്തെകിലും കടുംകൈ......?
ഞാനും അദ്ധേഹത്തിന് പിറകേ മുറ്റത്തേയ്ക്കിറങ്ങി.
"നീയിനി.... എങ്ങോട്ടാടാ....? അങ്ങേരുടെ പിറകേ.... നീയങ്ങേരേ ആശ്വസിപ്പിക്കാൻ പോകാതെ കല്യാണം മുടങ്ങിയെന്ന് എല്ലാരോടും വിളിച്ചു പറയാൻ നോക്ക്.
ബോംബേന്നും, ബാഗ്ലൂരീന്നും, ചെന്നേന്നും വരാനിരിക്കുന്നവർ അവരുടെ ടിക്കറ്റെങ്കിലും ക്യാൻസൽ ചെയ്യട്ടെ.
അച്ഛൻ എനിക്ക് നേരേ തിരിഞ്ഞു.
''അതേയതേ...... അതെങ്കിലും നടക്കട്ടെ "
അമ്മയും അച്ഛനൊപ്പം കൂടി.
റോഡിലേയ്ക്കിറങ്ങിയപ്പം ആ മനുഷ്യൻ എന്റെ കരങ്ങൾ കവർന്ന് അദ്ധേഹത്തിന്റെ നെഞ്ചോട് ചേർത്തു.
"മോനെന്നോട്.... പൊറുക്കണം.... എനിക്കാമോനേ... തെറ്റ് പറ്റിയത്... ഞാനാ തെറ്റുകാരൻ... "
അദ്ധേഹം കൊച്ചു കുട്ടികളേപ്പോലെ വിതുമ്പി.....
താങ്കളെന്ത്പിഴച്ചു....??
ഞാൻ കാണാൻ വന്നപ്പോഴും ആ കുട്ടിയോട് ചോദിച്ചതല്ലേ.... ആരെങ്കിലും മനസ്സിലുണ്ടോന്ന്....?
അന്നവൾ പറഞ്ഞു അങ്ങനെയൊന്നുമില്ലെന്ന്.... അതോ... ഇതിപ്പം അത് കഴിഞ്ഞ് ഇഷ്ടം തോന്നിയതാണോ....?
"അല്ല മോനേ.... അവൾക്ക് ഇങ്ങനെ ഒരിഷ്ടമുണ്ടെന്ന് അവളെന്നോട് പറഞ്ഞാരുന്നു. ഞാനാണതെതിർത്തത്
അവളൊരു ഓട്ടോക്കാരന്റെ കൂടെ ജീവിക്കുന്നത് കാണാനല്ല മോനേ ഈയച്ഛൻ കൊതിച്ചത്.... "
"മോൻ വരുന്ന ദിവസം ഞാനാണവളോട് പറഞ്ഞത് അവന്റെ കാര്യമെങ്ങാനം ഇവിടെ മിണ്ടിയാൽ എന്റെ ശവം നീ കാണുമെന്ന്.... അതാ.... അന്നവളങ്ങനെ പറഞ്ഞത്. "
അവിടെയാണ് നിങ്ങൾക്ക് തെറ്റിയത്.... അപ്പോൾ നിങ്ങളാണ് തെറ്റുകാരൻ... നിങ്ങൾ മാത്രം.
പെൺകുട്ടികളുടെ മനസ്സു കാണാൻ ഇന്നത്തെ മാതാപിതാക്കൾ ശ്രമിക്കുന്നില്ല... പ്രത്യേകിച്ച് അച്ഛൻന്മാർ.
അവരുടെ ഇഷ്ടങ്ങൾ എന്തെന്ന് മനസ്സിലാക്കാതെ തങ്ങളുടെ ഇഷ്ടങ്ങൾ അവരുടെ മേൽ അടിച്ചേൽപ്പിക്കുകയാണ് ഇന്ന് പലരും.
അപ്പോളാണ് ഈ അബദ്ധങ്ങൾ സംഭവിക്കുന്നത്... ഒന്ന് ചോദിക്കട്ടെ... ഈ ഓട്ടോക്കാരൻ സ്വജാതിയാണോ...?
" അതേ.... മോനേ... ന്നാലും...."
എന്റെ മാഷേ.... നിങ്ങളേത് ലോകത്താ ജീവിക്കുന്നത്....? നന്നായി കഷ്ടപ്പെടാൻ മനസ്സുണ്ടെങ്കിൽ ഇന്ന് ഒരു ഓട്ടോക്കാരൻ ആയിരവും രണ്ടായിരവും വരെ സമ്പാദിക്കും ഒരു ദിവസം.
വൈകിട്ട് അവന്റെ കുടുംബത്തോടൊപ്പമിരുന്ന് അവന് അത്താഴമുണ്ണാനും കഴിയും.
ഞങ്ങളേപ്പോലുള്ള പ്രവാസികൾക്ക് അതിലൊരിത്തിരികൂടി കൂടുതൽ കാശ് കിട്ടിയെന്നിരിക്കാം (ചിലർക്ക്).
അല്ലാതെ നിങ്ങളുടെ മോൾക്ക് അവളാഗ്രഹിക്കുന്ന രീതിയിൽ ഒരു ജീവിതം കൊടുക്കാനാവില്ല ഒരു പ്രവാസിക്ക്.
കെട്ടിക്കഴിഞ്ഞ് പിറ്റേമാസം പോകുന്ന ഞാൻ വരുന്നത് ചിലപ്പോൾ ഒന്നോ രണ്ടോ വർഷം കഴിഞ്ഞായിരിക്കാം.
ഈ.... ജീവിതത്തേക്കാൾ എത്രയോ നല്ലതാണ് ആ ഓട്ടോക്കാരനുമായുള്ള ജീവിതം...?
അവന്റെ കുടുംബവുമായുള്ള ആ ജീവിതമാണ് അവനുള്ള മിച്ചം.
ഒരു മിനിട്ട് താങ്കളിവിടെ നില്ല് ഞാനിപ്പം വരാം.
കല്യാണം കഴിഞ്ഞ് പുത്തൻപെണ്ണുമായി കറങ്ങി നടക്കാൻ ഞാൻ വാങ്ങിയ പുത്തൻ ബുള്ളറ്റിന്റെ പിറകിൽ അമ്മുവിന്റെ അച്ഛനേയും കയറ്റി അവളിറങ്ങിപ്പോയ വീട് ലക്ഷ്യമാക്കി ഞാൻ നീങ്ങി.
വീടിന്റെ പടിയ്ക്കൽ വണ്ടി വച്ച് ഞങ്ങളിരുവരും മുറ്റത്തേയ്ക്ക് കടക്കവേ നിരവധി ആളുകൾ ഞങ്ങൾക്ക് ചുറ്റും കൂടി.
ഞങ്ങളെന്തോ പ്രശ്നം സൃഷ്ടിക്കാൻ വന്നതാണെന്ന ധാരണയിൽ.
മുന്നിൽ നിന്ന ആ ഓട്ടോക്കാരനോട് ഞാൻ പറഞ്ഞു.
സുഹൃത്തേ ഞങ്ങളൊരു പ്രശ്നം ഉണ്ടാക്കാനോ കുട്ടിയേ കൂട്ടിക്കൊണ്ടുപോകാനോ വന്നതല്ല.
എനിക്ക് ആ പെൺകുട്ടിയോട് ഒരു വാക്ക് ചോദിക്കണം അത്രമാത്രം..
ആദ്യം ഓട്ടോക്കാരനും കൂട്ടുകാരും അതിനനുവദിച്ചില്ല. അപ്പോ.... ഓട്ടോക്കാരന്റെ അച്ഛനാണ് അമ്മുവിനേ മുറ്റത്തേയ്ക്ക് വിളിച്ചിറക്കിയത്.
അതിൽനിന്നൊരു കാര്യം എനിക്ക് മനസ്സിലായി അയാളും ഒരു പെൺകുട്ടിയുടെ അച്ഛനായിരിക്കണം.
ഞാനവളോട് പരസ്യമായി ചോദിച്ചു ഏതായാലും നിനക്കെന്നേ വേണ്ടാന്ന് വച്ച സ്ഥിതിക്ക്.... എനിക്ക് നിന്നേയും
വേണ്ടാ.. അപ്പോൾ പിന്നെ നിശ്ചയിച്ച ദിവസം തന്നെ നിനക്കിഷ്ടപ്പെട്ട ആളുമായി നിന്റെ വിവാഹം നടത്തിത്തരാൻ നിന്റെ അച്ഛന് സമ്മതമാണെങ്കിൽ അതല്ലേ നല്ലത്...?
നിനക്ക് ഒളിച്ചോടി എന്ന നാണക്കേടും മാറും ഇദ്ധേഹത്തിന് കുടുംബത്തിന്റെ മാനവും രക്ഷിക്കാം....
എന്ത് പറയുന്നു....?
എങ്ങും നിശബ്ദത.. അവൾ ഓട്ടോക്കാരന്റെ മുഖത്തേയ്ക്ക് നോക്കി.
നിങ്ങൾക്കാർക്കും ഒരു നഷ്ടവും വരില്ല. നഷ്ടം എനിക്കാണ് എന്റെ കുടുംബത്തിനാണ്.അത് ഞാൻ സഹിച്ചോളാം.
വേണമെങ്കിൽ എനിക്ക് മാനനഷ്ടത്തിന് കേസുകൊടുക്കാം.... ഞാനെന്തിനാ ഈ പാവത്തിനേ ക്രൂശിക്കുന്നത്...?
അദ്ധേഹം ഒരച്ഛന്റെ സ്ഥാനത്ത് നിന്നേ കാര്യങ്ങൾ കണ്ടുള്ളു. മകളുടെ മനസ്സ് കാണാൻ അദ്ധേഹം ശ്രമിച്ചില്ല എന്നതാണ് സത്യം.
ഒരാളേ മനസ്സിൽ വച്ചുകൊണ്ട് മറ്റൊരാളുടെ മുഖത്ത് നോക്കി അയാളേ ഇഷ്ടമാണെന്ന് ഒരിക്കലും ഒരു പെൺകുട്ടി പറയരുത്....
അതിനി ആര് ചാവുമെന്ന് പറഞ്ഞാലും ആരും ചാവാൻ പോണില്ല അത് പിന്തിരിപ്പിക്കാനുള്ള ഒരു ശ്രമം മാത്രമാണ്.
പക്ഷേ..... ഒരു കാര്യമോർക്കുക പെണ്ണ് കാണാൻ വരുമ്പോൾ കണ്ട പെണ്ണ് എനിക്കിഷ്ടമായി എന്ന് ഒരാണിന്റെ മുഖത്ത്നോക്കി പറയുമ്പോ.... അവന്റെ മനസ്സിൽ വിരിയുന്ന മഴവില്ലിന് ഏഴ് നിറമല്ല എഴുപത് നിറങ്ങളായിരിക്കും.
ആ... നിറം മങ്ങിപ്പോകുമ്പോഴുള്ള അവസ്ഥ അനുഭവിച്ചവർക്ക് മാത്രമേ പറയാനാകു.....
ഇപ്പോൾ ഇവിടെ കോമാളിയായത് ഞാനാണ്.... ഞാൻ മാത്രം...
സാരമില്ല ജീവിതത്തിൽ എല്ലാ വേഷവും കെട്ടണമെല്ലോ... വില്ലനും ... നായകനും... കോമാളിയും എല്ലാം... എങ്കിലല്ലേ ആ നാടകത്തിന് തിരശ്ശീല വീഴു...
ആ.... ഓട്ടോക്കാരന്റെ അച്ഛൻ എണീറ്റ് വന്ന് എന്റെ കരം ഗ്രഹിച്ച് പറഞ്ഞു.
" അങ്ങ്.... വലിയവനാണ്..... വലിയ മനസ്സിനുടമയാണ്.... അങ്ങയെ ദൈവം രക്ഷിക്കട്ടെ.... "
വീർപ്പുമുട്ടിനിന്ന അമ്മു അവളുടെ അച്ഛന്റെ നെഞ്ചിലേക്ക് വീണ് ആർത്ത് കരഞ്ഞു....
ഞാനെന്റെ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്ത് ഒന്നുകൂടി അവിടേയ്ക്ക് നോക്കി....
ആ..... മുറ്റത്ത് നിന്ന പത്ത്നൂറ് കണ്ണുകളിൽ നിന്ന് കനവ് പെയ്യുന്നുണ്ടായിരുന്നു.....
ഞാനതിൽ നനയുന്നതിന്റെ ഒരു സുഖമറിയുന്നുണ്ടായിരുന്നു.....
നൂറനാട് ജയപ്രകാശ്......

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot