നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സുധാമണി (കഥ)

image


വിയർത്തൊട്ടിയ കഴുത്തും മുഖവും സാരിത്തുമ്പു കൊണ്ട് അമർത്തി തുടച്ചു,വള്ളിപൊട്ടാറായ ചെരുപ്പിൽ കാലമർത്തി പിടിച്ചു, സുധാമണി “മഹാലക്ഷ്മി പിക്കിൾസി”ന്റെ പടി ചവിട്ടുമ്പോൾ , ജോലിക്കാരുടെ രജിസ്റ്റർ സൂക്ഷിച്ചിരിക്കുന്ന കുടുസു മുറിയിലെ ചുവരിലെ ക്ലോക്കിൽ സമയം 9 .10

“ഇന്ന് സുധ രക്ഷപ്പെട്ടു. മുതലാളി താമസിച്ചേ വരൂ “
രെജിസ്റ്ററിനു മുന്നിൽ ഇരുന്ന അച്ചുവേട്ടൻ ചിരിച്ചു കൊണ്ടങ്ങനെ പറഞ്ഞപ്പോഴാണ് സുധാമണി നേരെ ചൊവ്വേ ശ്വാസം വിട്ടത്.

ഒപ്പ് വെച്ചതിനു ശേഷംവസ്ത്രം മാറാനായി സ്ത്രീകൾക്കായുള്ള മുറിയിലേക്കവൾ നടന്നു.

ഇടുങ്ങിയ മുറിയിൽ തലങ്ങും വിലങ്ങും കെട്ടിയ അയകളിൽ തൂക്കിയിട്ടിരിക്കുന്ന പല നിറങ്ങളിലെ ചുരിദാറുകളിൽ നിന്നും സാരിയിൽ നിന്നും വമിക്കുന്ന വിയർപ്പുമണം മൂക്കിലേക്ക് തുളഞ്ഞു കയറി. ഒരു ദിവസമെങ്കിലും നേരത്തെ വന്നു ഈ ദുർഗന്ധം ഒഴിവാക്കണമെന്നു അവൾക്കു ആഗ്രഹമുണ്ടെങ്കിലും നടക്കാറില്ല.

സുധാമണി വാതിൽ അടച്ച്, ഇട്ടിരുന്ന വസ്ത്രം മാറാതെ ഉടുത്തിരുന്ന സാരി തുമ്പു മടക്കി അരയിൽ കുത്തി .അയയിൽ കിടന്ന ” സുധാമണി “എന്ന പച്ച നൂൽ കൊണ്ട് പേരെഴുതിയ ഏപ്രൺ തപ്പിയെടുത്തു അതിനു മേലെ ധരിച്ചു. അഴിഞ്ഞു കിടന്നിരുന്ന മുടി കൈ വിരലുകളാൽ കോതി ഒതുക്കി ഉയർത്തി കെട്ടി . ചെളിപിടിച്ച ചുവരിൽ തൂക്കിയ ചെറിയ മുഖ കണ്ണാടിയിലേക്കവൾ സൂക്ഷിച്ചു നോക്കി.

ഒരു മുടി പോലും മുഖത്തേക്കു വീഴരുത്. സൂപ്പർ വൈസർക്കു അത് നിര്ബന്ധമാണ് . വീട്ടുകാരി സ്നേഹത്തോടെ വെച്ചുണ്ടാക്കുന്ന ഭക്ഷണത്തിൽ മുടി കണ്ടാൽ സഹിക്കാത്ത ഭർത്താക്കന്മാരുണ്ട്. കാശു കൊടുത്തു വാങ്ങുന്ന അച്ചാറിൽ അന്യസ്ത്രീകളുട മുടി കണ്ടാൽ അവരൊട്ടും സഹിക്കില്ല.

സുധാമണി ബാഗിൽ നിന്നും പ്ലാസ്റ്റിക് ക്യാപ്പെടുത്തു ശ്രദ്ധയോടെ തലയിൽ അണിഞ്ഞു.
വാതിൽ തുറന്ന് സുധ പാക്കിങ് സെക്ഷനിലേക്കു നടന്നു,.

അന്തരീക്ഷത്തിലെ വായുവിൽ പടർന്ന, എണ്ണയിൽ വറുത്ത നാരങ്ങായുടെയും മാങ്ങയുടെയും ഗന്ധത്തിനു പിന്നാലെ കായത്തിന്റെ വാസനയും സുധ ആസ്വദിച്ച് കൊണ്ട്…

“ആഹാ .. ദേ രാധേ .. സുധയെത്തി. നീ വൈകിയോ? “കാലുകൾ നീട്ടി തറയിലിരുന്നു, നിറഞ്ഞ പ്ലാസ്റ്റിക് കവറുകൾ കൂട്ടി ഒട്ടിക്കുന്ന അമ്മിണിയേടത്തി ലോഹ്യം ചോദിച്ചു. പുറത്തോട്ടു ഉന്തി നിൽക്കുന്ന പല്ലുകൾക്കിടയിലൂടെ മുഖത്തേക്കു തെറിച്ച ഉമിനീർ അവർ തോള് പൊക്കി തുടച്ചു

സുധ മറുപടി ചിരിയിൽ ഒതുക്കി, ജോലി ആരംഭിച്ചു.

ഇരുണ്ട മുറിയിൽ നാലിലേറെ ട്യൂബ് ലൈറ്റുകൾ പ്രകാശം ചൊരിഞ്ഞു കൊണ്ടിരുന്നു. പുറത്തെ സൂര്യ പ്രകാശത്തെ തോല്പിക്കുന്ന വെളിച്ചവും ചൂടും അതിനുണ്ടെന്നു സുധാമണിക്കു തോന്നി. നെറ്റിയിലെ വിയർപ്പു തുടച്ചു, തലയിലെ ക്യാപ് വലിച്ചിടുമ്പോൾ ആ കുടുസു മുറിയിലെ ചൂടിനെക്കാൾ പൊള്ളലായിരുന്നു പിന്നിൽ നിന്നും അമ്മിണിയേടത്തി തൊടുത്തു വിട്ട വാക്കുകൾക്കു..

" അല്ല സുധേ , നീ എന്തൊരു മനുഷ്യത്തിയാ . ഇന്നലെയല്ലേ പൊന്നു പോലെ നീ വളത്തി വലുതാക്കിയ മോൻ അവന്റെയച്ഛന്റെ കൂടെ ഇറങ്ങി പോയേ ? എന്നിട്ടും നീയിന്ന് പണിക്കു വന്നോ ?ഞാനാണേൽ പച്ച വെള്ളം കുടിക്കാതെ കരഞ്ഞു നെലോളിച്ചു ഒരു കോലമായേനെ "

ഈയിടെയാണ് ഇവരുടെ മകനെ പോലീസ് പിടിച്ചത് . മോഷണമെന്നോ പീഡനമെന്നോ ഒക്കെ അറസ്റ്റിനു പിന്നിലെ കാരണങ്ങൾ കേട്ടപ്പോൾ സുധാമണി അതിലേക്കു ശ്രദ്ധിച്ചുമില്ല. ആവശ്യമില്ലാത്ത കാര്യങ്ങളിൽ ശ്രദ്ധ ചെലുത്താൻ സുധാമണിക്കു ഇഷ്ടമല്ല. സമയവുമില്ല എന്ന് പറയുന്നതാവും നേര്. ഇതുപോലെ തറയിലിരുന്നു അവരന്ന് കണ്ണ് തുടച്ചത് സുധയോർത്തു.

" പോയവൻ പോയി . ഇനിയും ഉണ്ട് അഞ്ചാറ് വയറുകൾ പെരക്കകത്തു .അതോർത്ത് മാത്രം പണിക്ക് വന്നതാ." അന്ന് സുധാമണി മാത്രമാണ് അവർക്കൊപ്പം നിന്നത്.
സുധയുടെ ആശ്വാസവാക്കുക്കൾ കേട്ട് അങ്ങിനൊരുത്തനെ ഞാൻ പെറ്റിട്ടില്ല സുധേന്നു പറഞ്ഞു അമ്മിണിയേടത്തി അവളുടെ തോളിലേക്ക് ചാരി .

സുധാമണിയോടുളള അമ്മിണിയേടത്തിയുടെ ചോദ്യത്തിന് മറുപടി കൊടുത്തത് തൊട്ടടുത്ത് നിന്ന രാധയാണ് .
"അല്ലേലും വേറെ കെട്ട്യോളുണ്ടെന്നും പറഞ്ഞല്ലേ നല്ല ഒന്നാന്തരം സർക്കാർ ജോലിക്കാരനെ കെട്ടി രണ്ടു കൊല്ലം കഴിഞ്ഞു വേണ്ടെന്നു വെച്ചത്? ആരേലും ചെയ്യണ പണിയാണോ . അയാൾക്കു നോക്കാൻ പാങ് ഉണ്ടേൽ നിനക്ക് എന്തോ ബുദ്ധിമുട്ടു സുധേ ? നിന്റെം മോന്റേം കാര്യം അയാൾ വൃത്തിയായി ചെയ്യുന്നുണ്ടായിരുന്നില്ലേ ? ഇപ്പോൾ എന്തായി? പട്ടിണി കിടന്നും മുണ്ടു മുറുക്കിയും നീ വളർത്തി വലുതാക്കിയ മോനേം കൊണ്ട് അയാളങ്ങു പോയി... ആ ചെക്കനോ .. പാലം കടക്കുവോളം മതിയായിരുന്നു നീ. അല്ലേലും ഇവൾക്കൊരെല്ലു കൂടുതലാ "

"സുധേ .. കെട്ടിയവനെന്ന കാലമാടന്റെ കൈ കൊണ്ട് ചാവാനാ എന്റെ വിധി. അതിനു മുന്നേ ഞാൻ വല്ല കുളത്തിലും ചാടി ചാവും. കൂടെ എന്റെ മക്കളേം കൊണ്ട് പോവും " രണ്ടു ദിവസം മുന്നെയാണ് വീട്ടിലേക്കു നടക്കുമ്പോൾ രാധ സുധയോട് പറഞ്ഞത്.നിന്നെ പോലെ എനിക്കിത്തിരി ധൈര്യം ഭഗവാൻ തന്നില്ലല്ലോ സുധേ എന്ന് സങ്കടപ്പെട്ടതു, നീയാണ് പെണ്ണെന്നു അഭിനന്ദിച്ചത്.
വേണ്ടാത്തത് പറയല്ലേ രാധേന്നു പറഞ്ഞു സുധാമണി അവളെ ശകാരിച്ചു.

"രാധേ ... അന്ന് ഞാനവിടെ അയാളുടെ കൂടെ പൊറുത്തിരുന്നേൽ വല്ല കൊളത്തിലും ചാടി ചത്തേനെ ..കൂടെയെന്റെ കൊച്ചിനേം കൊണ്ട് പോയേനെ .ഇപ്പോ എനിക്കൊരു സങ്കടോമില്ല . അവനെ നല്ലോണം തന്നെ വളർത്തി. വളർന്നപ്പോൾ അവന്റെ ആവശ്യങ്ങൾ നടത്തി കൊടുക്കാൻ ബുദ്ധിമുട്ടും ഉണ്ട്. അവനെ ബൈക്ക് വേണമെന്നും വിലകൂടിയ ഫോൺ വേണമെന്നും പറയുമ്പോൾ അച്ചാർ കമ്പനിയിലെ പണിയും വെച്ച് ഞാനെന്ത് ചെയ്യാൻ ? അവന്റെ സർക്കാർ ഉദ്യോഗമുള്ള അച്ഛന്റെ കൂടെയല്ലെ പോയത്.. പോട്ടെ. ഈ പ്രായത്തിലിനി അവനമ്മേടെ ആവശ്യമില്ല. "

പറഞ്ഞു കഴിഞ്ഞു, അഭിപ്രായം കേൾക്കാൻ നിൽക്കാതെ
സുധാമണി അച്ചാർ നിറച്ചു കഴിഞ്ഞ കവറുകളുമായി അകത്തെ മുറിയിലേക്ക് നടന്നു.

**
അന്നും “മഹാലക്ഷ്മി പിക്കിൾസി”ന്റെ പടി സുധാമണിചവിട്ടുമ്പോൾ , ജോലിക്കാരുടെ രജിസ്റ്റർ സൂക്ഷിച്ചിരിക്കുന്ന കുടുസു മുറിയിലെ ചുവരിലെ ക്ലോക്കിൽ സമയം 9 .10.
അന്നും അവളുടെ ഭാഗ്യത്തിന് രെജിസ്റ്ററിനു മുന്നിൽ അച്ചുവേട്ടൻ . സുധാമണി സാരിയുടെ മേലെ ഏപ്രൺ കെട്ടി ,മുടി പൊക്കി കെട്ടി ,ക്യാപ് ധരിച്ചു ജോലിക്കു തയ്യാറായി.

"അല്ല സുധേ ,നിന്നെ രണ്ടു ദിവസം കാണാതിരുന്നപ്പോൾ ഞാൻ കരുതി നീ അങ്ങേരുടെ കൂടെ പൊറുക്കാൻ പോയീന്നു . മനുഷ്യന് നേരെയാവാൻ നേരം അധികം വേണ്ടേ." അമ്മിണിയേടത്തി ആദ്യം കുശലാന്വേഷണം നടത്തി.

" ചേച്ചി ,ഞാനൊന്ന് പത്രമാഫീസ് വരെ പോയി. ഈ വക കാര്യങ്ങൾ പരിചയമില്ലാത്ത കൊണ്ട് രണ്ടു ദിവസം നടക്കേണ്ടി വന്നു .എന്നാലും കാര്യം നടന്നു." സുധ ചിരിച്ചു

"അതെന്താ .. നീ വേറെ കെട്ടാൻ പോവാണോ ?. അല്ല കാണാനൊരു ചേലൊക്കെ ഉണ്ട്. വയസും മൂപ്പില്ലല്ലോ " പതിവ് പോലെ രാധ കളിയാക്കി

സുധ തൊട്ടടുത്ത സ്റ്റാൻഡിൽ വെച്ചിരുന്ന പിഞ്ചി തുടങ്ങിയ തുണി സഞ്ചി തുറന്നതിൽ നിന്നുമൊരു പത്രമെടുത്തു രാധക്ക് നേരെ നീട്ടി.

" രണ്ടു ദിവസമായി രാത്രിയിൽ വീടിന്റെ വാതിൽക്കൽ ഒരു തട്ടലും മുട്ടലും ബഹളം. ചെക്കൻ കൂടെ ഇല്ലെന്നറിഞ്ഞിട്ടു തന്നെ വരുന്നവരാണെ .നീ പറഞ്ഞത് പോലെ എനിക്കത്ര പ്രായം ആയില്ലല്ലോ രാധേ.. "

ഇറുക്കിപിടിച്ച കണ്ണുകളുമായി രാധ സുധ കൊടുത്ത പത്രത്തിലെ വാക്കുകൾ തപ്പി തടഞ്ഞുറക്കെ വായിച്ചു -

" സാമാന്യ സൗന്ദര്യവും നല്ല ആരോഗ്യവുമുള്ള, തന്റേതല്ലാത്ത കാരണത്താൽ വിവാഹ മോചിതയുമായ,ബാധ്യതകളിലാത്ത മുപ്പത്തിയെട്ടുകാരിക്ക് പുനർ വിവാഹത്തിന് വരനെ ആവശ്യമുണ്ട്. ജാതി , പണം, ജോലി എന്നിവ പരിഗണിക്കുന്നില്ല. മനുഷ്യനായാൽ മതി “

* സാനി മേരി ജോൺ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot