നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ആത്മകഥ :- പ്രണയം

വീണ്ടും ആത്മകഥാംശവുമായി ഞാൻ എത്തി..എല്ലാവരും വായിച്ചു അഭിപ്രായം അറിയിക്കുമല്ലോ..


Image may contain: 1 person, child
*******************************

രചന:- ഭവിത വത്സലൻ
ഹാക്കിൾ മോഷ്ടാവ്..എന്തുട്ടാ ഈ ഹാക്കിൾ ഹാക്കർ പോലെ എന്തെങ്കിലും ആണെന്ന് ചിന്തിക്കാൻ വരട്ടെ.. വഴിയേ മനസിലാകും...അതേ ഇത് ഇവളുടെ കഥയാണ്...നമ്മുടെ ഈ നായികയെ ഒരു മോഷ്ടാവ് കൂടി ആക്കിയ പ്രണയകഥ...

ഈയുള്ളവൾ ഒമ്പതാം തരത്തിൽ പഠിക്കുമ്പോഴാണ് സ്കൂളിൽ സ്കൗട് ആൻഡ് ഗൈഡ്സ് വരുന്നത്.. അസംബ്ലി ക് പോയാൽ അര മണിക്കൂർ നിൽക്കുമ്പോഴേക്കും ബോധം പോകുക എന്ന അപൂർവ പ്രതിഭാസം ഉള്ളതിനാൽ തന്നെകൊണ്ട് ഈ വക കാര്യങ്ങൾ പറ്റില്ല എന്ന പൂർണ്ണ ബോധ്യത്തോടെ ഈയുള്ളവളും ഗൈഡ്സി നു പേരു നൽകാൻ പോയി....പക്ഷെ ഗെയിഡ്സ്നു മൂന്നുകൊല്ലം വേണം പെണ്കുട്ടികൾക് സർട്ടിഫിക്കറ്റ് കിട്ടാൻ രണ്ടുകൊല്ലത്തേക് മാത്രമായി പറ്റില്ല എന്നു ബീന ടീച്ചർ അറിയിച്ചതോടെ ഗെയിഡ്സ് മോഹം അവിടെ ഉപേക്ഷിച്ചു..
എങ്കിലും അവരുടെ യൂണിഫോമും അതിലേറെ അവരുടെ തൊപ്പിയിലെ ചുവന്ന തൂവലും അവളെ ഹടാതെ ആകർഷിച്ചിരുന്നു.. അതായത് രമണാ ആ തൂവൽ അത് അവൾക് വല്ലാതെ അങ്ങു ബോധിച്ചിരുന്നു എന്നു.. പിന്നീടുള്ള രണ്ടു കൊല്ലം പലരുടെയും തൊപ്പിയിൽ ഞെളിഞ്ഞിരുന്നു " നിനക്കു എന്നെ കിട്ടില്ലെടി " എന്നു പറഞ്ഞു തന്നെ നോക്കി ഗോഷ്ടി കാണിക്കുന്ന ആ ചുവന്ന തൂവൽ എന്നെങ്കിലും തന്റെ കയ്യിൽ എത്തും എന്നു അവളും വിശ്വസിച്ചിരുന്നു.. എന്തെങ്കിലും ആഗ്രഹിച്ചാൽ അത് ലഭിക്കാൻ ലോകം കൂടെ നിൽക്കും എന്നു വിശ്വാസമുള്ളതിനാൽ ആ തൂവൽ ഭ്രാന്ത് മനസിൽ അങ്ങിനെ ഉറച്ചു കിടന്നു..കാണുമ്പോഴൊക്കെയും തൂവലിനെ
അവൾ പ്രണയിച്ചു കൊണ്ടേയിരുന്നു.. ഒരു നേർത്ത നീറ്റൽ ആയി അത് അവളെ വേട്ടയാടുന്നുണ്ടായിരുന്നു...
അങ്ങിനെയാണ് പ്ലസ് ടു കഴിഞ്ഞു അവിടെ എത്തിച്ചേരുന്നത്..

""ഗവണ്മെന്റ് പോളി ടെക്നിക്ക് കോളേജ് കണ്ണൂർ.. ""

പഠിച്ചതിൽ വെച്ചു മൂന്നു കൊല്ലം ജീവവായു പോലെ ഒത്തിരി കൂട്ടുകാരെയും സ്നേഹം നിറഞ്ഞ അദ്ധ്യാപകരെയും ഒത്തിരി നല്ല സീനിയർസ് നെയും തന്ന സ്വർഗ്ഗ ഭൂമി.. ഭൂമിയിൽ സ്വർഗമുണ്ടെങ്കിൽ അത് ഇതാണ് ഇതാണ് എന്നു ഓരോ വിദ്യാർത്ഥിയും ഏറ്റു പറയുന്ന കലാലയം...

അച്ഛൻ പഠിച്ച അതേ പോളിടെക്നിക് കോളേജിന്റെ പടി കയറുമ്പോൾ
ഇവൾക് ഏറെ സന്തോഷം ആയിരുന്നു..
ഓറഞ്ച് പെയിന്റടിച്ച കെട്ടിടങ്ങളും തണൽ മരങ്ങളും വിശാലമായ കളിസ്ഥലവും മനസിൽ എന്നും നനവുള്ള ഓർമകളാണ്.. കൊച്ചു കൊച്ചു മരങ്ങൾക്ക് താഴെ ചിലയിടങ്ങളിൽ ഇണക്കുരുവികളും മറ്റുചിലയിടങ്ങളിൽ സൗഹൃദ കൂട്ടായ്മയും അടുത്തുള്ള ഗ്രാൻഡ്മാ ഷോപ്പിലെ ചായയും പപ്സും വീണ്ടും അവിടേക്കു പറന്നുചെല്ലാൻ കൊതിപ്പിക്കും.. എസ് എഫ് ഐ യുടെ ചുവന്ന കൊടിയും അഴികൾ അടർത്തു മാറ്റി പുറത്തു ചാടാൻ പ്രേരിപ്പിക്കുന്ന ജനൽ കമ്പി കളും കാന്റീനിലെ ബോണ്ടയും തൊട്ടപ്പുറത്തെ ഐടി ഐ പിള്ളേരും ഓർമകളിലെ ചിതലരിക്കാത്ത ചിത്രങ്ങൾ ആവുന്നത് ഇവിടെ മാത്രം വീശുന്ന വടക്കൻ കാറ്റിന്റെ പ്രത്യേകത ആണോ ആവോ....

ആദ്യ ദിവസത്തെ റാഗിങ് കഴിഞ്ഞതോടെ സീനിയേർസുമായി നല്ല അടുപ്പം ആയി.വായാടിത്തരം ചിലപ്പോഴൊക്കെ ഇവൾക് ചെകുത്താനും ചിലപ്പപ്പോഴൊക്കെ മലാഖയുമായിരുന്നു. മാലാഖ ആയ വായാടിത്തരത്തിന്റെ അനന്തര ഫലമായിരുന്നു അവിടെ കിട്ടിയ ചേട്ടൻ മാരും ചേച്ചിമാരും...
അങ്ങിനെ ഇരിക്കെ ആണ് തോമസ് സാറിന്റെ കപാസിറ്ററും ട്രാന്സിസ്റ്ററും തമ്മിൽ പൊരിഞ്ഞ യുദ്ധം നടക്കുമ്പോൾ എൻ സി സി യൂണിഫോം ഇട്ട ചങ്ക് ചേട്ടന്മാർ ജഗദീഷേട്ടനെ പോലെ
"ഏച്ചുച്ചമി" പറഞ്ഞു ക്ലാസ്സിൽ രംഗ പ്രവേശനം ചെയ്യുന്നത്...

'എൻ സി സി നാഷണൽ കേഡറ്റ്. '

ഇവളുടെ പ്രീയപ്പെട്ട സീനിയേർസ്ചേട്ടന്മാർ പ്രഗിയേട്ടൻ സന്ദിപേട്ടൻ ശ്രീകുലേട്ടൻ ഈ മൂവർ സംഘമാണ് കോളേജിൽ എൻ സി സി യെ നയിക്കുന്നത്... കൂടെ പെണ്കുട്ടികളെ നയിക്കാൻ മൂന്ന് കൊല്ലം വെയിൽ കൊണ്ടിട്ടും ഇത്തിരി പോലും കരുവാളിപ് ഏൽക്കാത്ത സുന്ദരിയും എല്ലാവരുടെയും പ്രീയങ്കരിയും ആയ പ്രീയങ്ക ചേച്ചിയും....

ഫസ്റ്റഇയർ എൻ സി സി ക് പേര് നൽകാൻ താല്പര്യമുള്ളവരുടെ ലിസ്റ്റ് എടുക്കുക എന്നതാണ് ഉദ്യമം..എൻ സി സി ക് പേര്
നൽകാൻ പറഞ്ഞപ്പോൾ ഇവൾ നൽകിയില്ല.
പണ്ടത്തെ തൂവൽ മോഹം സട കുടഞ്ഞു എഴുന്നേറ്റുവെങ്കിലും ആ മോഹത്തെ നിലക്കുനിർത്തുവാൻ തക്കവണ്ണം "" മടി "" എന്ന വികാരം ശക്തിപ്രാപിച്ചിരുന്നു.. പരേഡ് ,ക്ലനിങ് ,ക്യാമ്പ് അതിനോട് വല്യ മമത ഒന്നും ഇല്ലാത്തതാണ് കാരണം..
അങ്ങിനെ ഒന്നു രണ്ടു മാസങ്ങൾ കടന്നു പോയി.. തൂവലും വെച്ചു നടക്കുന്ന എൻ സി സി ടീം ഇവളുടെ ഹൃദയത്തിൽ മുറിവുകൾ ഉണ്ടാക്കിക്കൊണ്ടിരുന്നു... തൂവൽ പൂർവാധികം സുന്ദരി ആയിരിക്കുന്നു.കാണുമ്പോഴൊക്കെയും തന്നെ നോക്കി കൊഞ്ഞനം കുത്തി കാണിക്കുന്നു...

അങ്ങിനെ ഇരിക്കെ ആണ് ഒരു കുട്ടി എൻ സി സി യിൽ നിന്നു അപ്രതീക്ഷിതമായി ഒഴിവായി പോകുന്നത്... .. തത് സ്ഥാനത്തേക് താല്പര്യമുണ്ടോ എന്ന മൂവർ സംഘത്തിന്റെ ചോദ്യം വീണതും ഈയുള്ളവൾക് മനസിൽ ലഡു പൊട്ടി.. താൻ പേരു നൽകാഞ്ഞിട്ടും വീണ്ടും ഈ ചോദ്യം ,തന്നെ തേടി വന്നിരിക്കുന്നു.. എന്തെങ്കിലും ആഗ്രഹിച്ചാൽ അത് ലഭിക്കാൻ ലോകം കൂടെ നിൽക്കും എന്നതാവും ആദ്യം ഒഴിവാക്കിയിട്ടും വീണ്ടും തന്നെ തേടി ഈ ചോദ്യം വന്നത്..

തൂവൽ.. മനസീന്റെ വടക്കുകിഴക്കെ മൂലയിൽ കാലങ്ങളായി കടന്നു കൂടിയ ഒരു വട്ട്.. ഒരു തൂവൽ പ്രണയം.. അത് തലയിൽ ചൂടുന്നത് മനസിൽ കണ്ടു രണ്ടും കല്പിച്ചു റെഡി എന്നു ഈയുള്ളവൾ മൊഴിഞ്ഞു....

അങ്ങിനെ ആ മൂവർ സംഘത്തിനൊപ്പം എൻ സി സി റൂമിൽ പോകുന്നു.. ഒഴിവാക്കി പോയ കുട്ടിയുടെ എൻ സി സി ഡ്രസ്, ബൂട്ട്, തൊപ്പി എന്നിവ എടുത്തു തരുന്നു..

""അയ്യേ.. ഈ തൊപ്പി എനിക്ക് വേണ്ട..""

""വേണ്ടെന്നോ.. ഇത് ഇടാതെ അവിടെ കയറ്റില്ല""

"" എനിക് ഇത് വേണ്ട എന്നു പറഞ്ഞാൽ വേണ്ട.. ഞാനില്ല എൻസിസിക്. "

"കാര്യം പറ കൊച്ചേ.. ഇതിനു എന്താ പ്രശനം""

""ഇതിൽ തൂവൽ ഇല്ല.. എനിക് തൂവൽ ഉള്ളത് വേണം.. ""

അവര് തന്ന തൊപ്പിയിൽ തൂവൽ ഉണ്ടായിരുന്നില്ല...
മൂവർ സംഘം ചിരിക്കുന്നു..

""തൂവൽ അല്ല കഴുതെ.. അതിനു ഹാക്കിൾ എന്നു പറയും അത്പോലെ തൊപ്പി അല്ല അതിനു ബാരറ്റ് ക്യാപ് എന്നു പറയും ..വെറും ക്യാപ് എന്നു പറഞ്ഞാലും മതി.. അവളുടെ ഒരു തൊപ്പി ,തൂവൽ.. എവിടുന്നു വരുന്നെടെയ്""(പുച്ഛം നിറഞ്ഞു നിൽക്കുന്നു....)

"" ഓഹ് തന്നെ തന്നെ.. എനിക് ആ പറഞ്ഞ സാദനം വേണം.. അല്ലെങ്കിൽ ഈ പണിക് ഞാനില്ല..""

എന്റെ മടി എന്ന വികാരത്തെ കെട്ടിപ്പൂട്ടി ഈ
പണിക് വന്നത്തിന് പിന്നിൽ ഈ ഒരു ഉദ്ദേശം മാത്രമാണെന്ന് അവർക് അറിയില്ലല്ലോ..
ഹാക്കിൾ നാളെ തരം എന്ന പ്രഗിയേട്ടന്റെ ഉറപ്പിൽ അന്ന് വീട്ടിലേക്... പിറ്റേന്ന് കാലത്തു ചെന്നു ഹാക്കിൾ അന്വേഷിച്ചു..

കിട്ടി.. കിട്ടിപോയി.. തന്റെ പ്രണയം..തൂവൽ... മൂന്നു കൊല്ലമായി താൻ മനസിൽ കൊണ്ടുനടന്ന ആരും അറിയാത്ത പ്രണയം... വിക്കറ്റ് കിട്ടിയ ശ്രീശാന്തിന്റെ സന്തോഷപ്രകടനം മുഴുവൻ എനിക്കും കാണിക്കാൻ തോന്നി... പക്ഷെ കുലസ്ത്രീ ഉള്ളിൽ കിടന്നതിനാൽ ഒന്നു പുഞ്ചിരിക്കുക മാത്രം ചെയ്ത് അതുമായി നേരെ ക്ലാസിലേക് ഓടി... അന്ന് വൈകിറ്റു അതുമായി വീട്ടിൽ എത്തിയതും എൻ സി സി യൂണിഫോമിൽ ഹാക്കിൾ തലയിൽ ചൂടി വീട് മുഴുവൻ ഓടി നടന്നു.. അടുത്ത വീട്ടിൽ പോയി ധീരവനിതയെ അവർക്കൊക്കെ കാട്ടി കൊടുത്തു.. ഇന്നത്തെ പോലെ സെൽഫികൾ ഇല്ലായിരുന്നു... കോൾ വിളിക്കാൻ മാത്രമുള്ള നോക്കിയ മൊബൈൽ ആണ് ഉണ്ടായിരുന്നത്...ഇന്നായിരുന്നെങ്കിൽ സെൽഫി കൊണ്ട് വെറുപ്പിച്ചേനെ. അച്ഛന്റെ കയ്യിലുള്ള സദാ കാമറയിൽ ചറപറ ഫോട്ടോസ് എടുത്തു... അന്ന് തന്നെ ഫോട്ടോസ് കഴുകി വാങ്ങാൻ അച്ഛനെ ചട്ടം കെട്ടുകയും ചെയ്തു..

ശനിയാഴ്ച ആണ് എൻ സി സി പരേഡ് പഠിപ്പിക്കുന്നത്.. ഹോസ്റ്റലിനു മുന്നിലെ വിശാലമായ ഗ്രൗഡിൽ "സാംമനെ ചൽ ,പിച്ചെമൂഡ് "നും കോറസ് മായി ഹോസ്റ്റൽ പയ്യനസും റെഡി ആയി നിൽക്കും..

അങ്ങിനെ പരേഡ് സ്റ്റാർട്ട് ചെയ്തു..
"സാവ്ധാൻ "(അറ്റെൻഷൻ )
""വിശ്റാം"" ( സ്റ്റാൻഡ് അറ്റ് ഈസ്)

""പരേഡ് സാമ് നെ തേ സ് ചൽ. .."" (പരേഡ് മുന്നോട്ടു പോകാൻ)

ദാണ്ടേ പോകുന്നു ബൂട്ട് മോഹൻലാൽ തല കുത്തിമറിയും പോലെ രണ്ടു വട്ടം കറങ്ങി മുന്നിലെ ഹിന്ദികാരൻ സാറിന്റെ മൂട്ടിൽ ചെന്നു പടേം ഒരു ഇടി..പാക്കിസ്ഥാൻ ബോഡറിൽ നിന്നും വെടി ഉണ്ട ഏറ്റു വാങ്ങിയ വീരജവാന്റെ നിസ്സഹായവസ്ഥയിൽ അത്യന്ധം വേദനയിൽ തിരിഞ്ഞു നോക്കി... പെട്ടന്ന് സ്ഥലകാല ബോധം വന്നപ്പോലെ അലറി.. ആരാണ് ഇത് ചെയ്തത്.. തന്നിലെ പിടിക്കപ്പെട്ട കുറ്റവാളി ഒരു സഹായത്തിനായി ചേട്ടന്മാരെ നോക്കി.. കശ്മലന്മാർ എല്ലാരും നാട്ടിൽ കണ്ട ബന്ധം പോലുമില്ലാത്ത ആകാശത്തിൽ നോക്കി നിൽക്കുന്നു..
""സോറി സാർ.. ""
പറഞ്ഞപ്പോൾ ന്യൂകമേഴ്സ് ആയതിനാൽ അദ്ദേഹം ഒക്കെ പറഞ്ഞു.. പോയി വീണ്ടും ബൂട്ട് അണിഞ്ഞു.. അങ്ങേരു ഹിന്ദയിൽ അത് മുറുക്കി കെട്ടാൻ പറഞ്ഞു.. പരേഡ് വീണ്ടും തുടങ്ങി..

""പരേഡ് പീച്ചേ മൂഡ്.. "" (തിരിഞ്ഞു പിന്നോട്ടു നടക്കാൻ)

ദാണ്ടേ പോകുന്നു അടുത്ത ബൂട്ട് മുന്നിലെ പെങ്കൊച്ചിന്റെ മൂട്ടിലേക്..
""അയ്യോ... ""
എന്നു പെങ്കൊച്ചിന്റെ നിലവിളി കേട്ടതും ഹിന്ദിവാല സാർ കൊലക്കുറ്റം ചെയ്ത പ്രതിയെ കൂട്ടു അങ്ങേരുടെ അടുത്തേക് വിളിച്ചു..
അവൾ ഉള്ളിൽ തികട്ടി വന്ന ഭയത്തോടെ വിറച്ചു പറഞ്ഞു..
"" രണ്ടാമതും സോറി സാർ.. ഇട്സ് ടൂ ലൂസ്... ""

അപ്പോഴേക്കും ശ്രീകുലേട്ടൻ വന്നു പറഞ്ഞു ""സോറി സാർ.. ബൂട്സ് കംപ്ലീറ്റ് കഴിഞ്ഞിരുന്നു.. ഒഴിവായി പോയ കുട്ടിയുടെ ബൂട്ട് ആണ് അവൾക് നൽകിയത്.. അത് അല്പം വലുതാണ്.. അടുത്ത ക്ലാസ്സിൽ ശരിയാക്കാം...""

അടുത്ത പീച്ചെമൂഡിൽ വീണ്ടും അത് തന്റെ മൂട്ടിൽ പതിഞ്ഞലോ എന്ന ഭയം കാരണ പാവം ഹിന്ദി വാല സാർ മൊഴിഞ്ഞു...
" ഈ ലഡ്കിയെ ആ തെങ്ങിന്റെ മൂട്ടിലെങ്ങാനും കൊണ്ടു പോയി ഇരുത്തുക. ബൂട്ട് ഒക്കെ ആക്കിയിട്ടു മതി പരേഡ്.ഇന്നു അവളെ പരേഡിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു.... "
ഹോസ്റ്റൽ ബോയ്സ് അവിടെ നിന്നും കോമഡി പടം കാണും പോലെ എല്ലാം ആസ്വദിച്ചു...അതിന്റെ തുടർഫലം ഇവൾ നടക്കുന്ന വഴികളിൽ ഒക്കെയും പിന്നീടുള്ള കുറെ കാലം
"സാമ്നേ തേസ് ചൽ അതാ പോയി ബൂട്ട്
പീച്ചേമ്മൂഡ് അതാ പോയി ബൂട്ട്""
എന്ന കോറസ് ആയിരുന്നു...

അന്ന് വീട്ടിൽ എത്തിയതും രാവിലെ മുതൽ നിന്ന ക്ഷീണവും ആകെ ഒരു പരവേശവും കാരണം ഡും ഒരു വീഴ്ച.. ബോധം പോയി.. ഗ്ലൂക്കോസ് കയറ്റുന്നതിനിടയിൽ ഡോക്ടർ ചോദിച്ചു.. കഴിയുന്ന പണിക് പോയാൽ പോരെ എന്നു..

അങ്ങിനെ എൻ സി സി എന്ന ആ രാജ്യസ്നേഹം അന്ന് അവിടേം കൊണ്ട് അവസാനിപ്പിക്കേണ്ടി വന്നു.. .പിറ്റേന്ന് തന്നെ ഡ്രെസ്സും ബൂട്ടു ക്യാപും ആയി എൻ സി സി റൂമിലേക്.. "ലേല് അല്ലു" പറഞ്ഞു എല്ലാം തിരിച്ചേല്പിച്ചു.. ബോഡി സ്ട്രോങ് അല്ല.. ഇതു വേണ്ട എന്നു ഡോക്ടർ പറഞ്ഞ പ്രകാരം അത്യന്തം വേദനയിൽ അവിടെ നിന്നു തിരിച്ചു നടക്കുമ്പോഴും , ഒരു ദിവസത്തെ പരേഡ് പഠനവും യൂണിഫോമും ക്യാപ്പും തെറിക്കുന്ന ബൂട്ടും ഒക്കെ ജീവിതത്തിലെ ഒരിക്കലും മായാത്ത ചിത്രങ്ങൾ ആയി മാറിക്കഴിഞ്ഞിരുന്നു....

*******************************

കാലങ്ങൾ നേട്ടങ്ങളുടെ പിന്നാലെ ഓടാൻ തുടങ്ങിയപ്പോൾ എവിടെയൊക്കെയോ നമുക്കു നഷ്ടമായത് നമ്മുടെ തന്നെ ചില ചെറിയ സന്തോഷങ്ങൾ ആയിരുന്നു..രണ്ട് മൂന്ന് ദിവസംമുന്പ് വീട്ടിലെ ചില്ലുലമാര തുറന്നു നോക്കുമ്പോള് എന്നത്തെയും പോലെ സുന്ദരിയായി,പ്രായം തളര്ത്താത്ത പോരാട്ട വീര്യത്തിന്റെ അടയാളമായി എന്സിസി മുദ്രയും ഹാക്കിളും ....

അന്ന് അലക്കിയ എൻ സി സി ഡ്രെസ്സും ക്ലീൻ ചെയ്ത ബൂട്ടും ക്യാപ്പും ഒക്കെ ഭദ്രമായി പൊതിഞ്ഞു കവറിലാക്കി തിരിച്ചു ഏല്പിച്ചപ്പോൾ അതിൽ മോഷണം പോയ സാധങ്ങൾ ആരും തിരിച്ചറിഞ്ഞില്ല...തിരിച്ചേല്പിച്ച ക്യാപിൽ
എൻ സി സി മുദ്രയും ഹാക്കിൾ ഉം ഉണ്ടായിരുന്നില്ല.. അത് മോഷ്ടിക്കപ്പെട്ടിരുന്നു.. ഇന്നും ഇവളുടെ ചില്ലലമാരയിൽ ഭദ്രമായി ആ ഹാക്കിൾ കിടക്കുന്നു..

ഒരിക്കലും നഷ്ടമാവാത്ത തന്റെ പ്രണയത്തിന്റെ ഓർമ്മയ്ക്കായി എന്ന പോലെ.....ആ ഹാക്കിൾ.....

ജീവിതത്തിൽ നമ്മൾ പലപ്പോഴും അങ്ങിനെ ആണ്.. ഒരാവശ്യവും ഇല്ലാത്ത അല്ലെങ്കിൽ നമുക്കു മാത്രം പ്രീയപ്പെട്ടതായി നമ്മുടെ ഉള്ളിൽ കടന്നു കൂടുന്ന ചില പ്രാന്തുകൾ ഉണ്ട്.. അതിനു പിന്നാലെ പോയി അതു നേടിഎടുക്കുമ്പോൾ കിട്ടുന്ന ഒരു തരം ആത്മ സംതൃപ്തി ഉണ്ട്.. പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു വികാരം.. അത് അനുഭവിച്ചറിയുക തന്നെ വേണം...
രചന:- ഭവിത വത്സലൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot