The biggest ever archive in Malayalam Literature. 2.5 crores pageviews, 12000+ creations, 1500+authors and adding on....

New Posts

Post Top Ad

Your Ad Spot

Wednesday, October 24, 2018

പെൺ കോന്തൻ

 Image may contain: one or more people, eyeglasses and closeup

*********************
~ ഷറഫുദീൻ വഴുതയ്ക്കാട് ~
ഓർക്കാപ്പുറത്ത്....ഒരു ദിവസം എന്റെ കെട്ടിയോളു പെണ്ണ് ഒരാഴ്ച്ചക്കാലത്തെ ലീവ് വേണമെന്നാവശ്യപ്പെട്ടു!
പൊടുന്നനെ എന്റെ കരളിൽ നാലഞ്ചു ലഢു ഒരുമിച്ചു പൊട്ടിയെങ്കിലും ആ സന്തോഷം പുറത്തു കാട്ടാതെ ഒരു ഫോർമാലിറ്റിക്കു വേണ്ടിയെന്നോണം ഞാൻ തിരക്കി:
"എന്താ റീസൺ?"
"ഉമ്മാക്ക് സുഖമില്ല,തറവാട്ടിൽ പോയി ഒരാഴ്ച്ചയെങ്കിലും ഉമ്മാടെ അടുത്തു നിന്ന് ശുശ്രൂഷിക്കണം...."
അതായിരുന്നു റീസൺ.
പിന്നെ
ചോദ്യങ്ങളൊന്നുമുണ്ടായില്ല. അപ്പോൾത്തന്നെ ലീവ് സാംഗ്ഷൻ ചെയ്തു.
കൂടുതൽ ചികയാൻ
തുനിഞ്ഞാൽ അവൾ എന്നേയും കൊണ്ടേ പോകൂ എന്നെനിയ്ക്കറിയാമായിരുന്നു.
ഒരാഴ്ച്ചയെങ്കിൽ ഒരാഴ്ച്ച.
"അത്രയും നാളെങ്കിലും മനുഷ്യന് സ്വസ്ഥതയും സ്വതന്ത്ര്യവും കിട്ടുമല്ലോ."
എന്റെ ഉള്ളിലിരുന്ന് "മറ്റവൻ" അടക്കം പറഞ്ഞു.
"എന്നാൽപ്പിന്നെ രാവിലെ ഫസ്റ്റ് ബസ്സിനു തന്നെ പൊയ്ക്കോ!"
അതും പറഞ്ഞിട്ട് ഞാൻ ഉറക്കം വരുന്നതായി അഭിനയിച്ചു കിടന്നു.....
നിദ്ര വന്നെത്തും മുൻപ്തന്നെ അവളില്ലാത്ത ഒരാഴ്ച്ചക്കാലം എങ്ങനെയൊക്കെ ആഘോഷിക്കണമെന്ന പ്ലാനിംഗിലായിരുന്നു....ഞാൻ
എന്നത്തേയും പോലെ ഉണർന്ന് കണ്ണും തിരുമ്മിയിരുന്ന് ടീപ്പോയിലേയ്ക്കു നോക്കി.
ആവി പറക്കുന്ന ചായ അവിടെയില്ല!
അനുസരണയുള്ള ഭാര്യ ആദ്യ വണ്ടിക്കുതന്നെ സ്ഥലംവിട്ടിരിക്കുന്നു....!
ഉണ്ടാക്കി കുടിച്ചാലോയെന്ന് ഒരു
നിമിഷം ആലോചിച്ചുവെങ്കിലും പരീക്ഷണം വേണ്ടെന്നു വെച്ചു.
ഓഫീസിലേയ്ക്കു പോകും വഴി പട്ടരു ചമയുന്ന റെഡ്ഢിയുടെ കടയിൽ നിന്നും പ്രാതൽ...
ഇഡ്ഡലി ആറെണ്ണം കഴിച്ചിട്ടും അരവയർ നിറഞ്ഞില്ല.അവളുടെ മൂന്നു ദോശയിൽ കത്തലടങ്ങാറുള്ളതാണ്.
ഉച്ചയ്ക്ക് .....ഇല്ലാത്ത ലഞ്ച് ബോക്സിനായി ബാഗിൽ പരതി...
എന്നിട്ട് പ്യൂൺ ദുര്യോധനക്കുറുപ്പിനെ പറഞ്ഞയച്ച് പൊതിച്ചോറു വാങ്ങി പകുതി കഴിച്ച് ചടങ്ങു തീർത്തു.
മരവിച്ച നാവുമായി കെെ കഴുകി നിൽക്കുമ്പോൾ പിന്നിൽ നിന്നും അമർത്തിയൊരു മൂളൽ.... അശരീരിയായി വന്നു!
ആളാരെന്നും മൂളലിന്റെ അർത്ഥമെന്തെന്നും അറിയാ മായിരുന്നു.
"ഈയുള്ളോള് വെച്ചു വെളമ്പിക്കൊടുക്കുമ്പോ നൂറ് കുറ്റങ്ങളല്ലേ....ഉപ്പില്ലാ..പുളിയില്ലാ...എരിവില്ലാ...അനുഭവിച്ചോ!"
ശവത്തേലാണ് കുത്ത്.
കാര്യമാക്കിയില്ല.
സിവിൽ സപ്ളെെസിൽ ക്യൂ നിന്ന് കുപ്പിയൊപ്പിക്കാൻ ദുര്യോധനക്കുറുപ്പിനെത്തന്നെ ഏർപ്പാടാക്കി.
അയാൾക്കാവുമ്പോൾ നല്ല ശീലമുണ്ട്.
കുപ്പിക്കു കൂട്ടായിട്ട് പക്ക മേളങ്ങളെല്ലാമൊപ്പിച്ച് നേരത്തേ ഗേഹം പൂകി.
കമ്പനി കൂടാൻ വരാമെന്നേറ്റവന്മാരെ കാത്തിരുന്നു.....
കണ്ടില്ല...വീണ്ടും കാത്തിരുന്നു... കണ്ടില്ല...
ക്ഷമയുടെനെല്ലിപ്പടികണ്ടപ്പോൾ ഫോണെടുത്തു തൊടുത്തു .
പോളിന്റെ ഫോൺ അവന്റെ പെമ്പിളേടെ കെെയിലായിരുന്നു.
"അച്ഛായൻ വന്ന പാടേ നല്ല തലവേദനയാന്നും പറഞ്ഞു കേറി കെടക്കുവാ."
അവൻ ചതിച്ചു!
അടുത്തവനെ വിളിച്ചു.... കുറേനേരം ചിലച്ച ഫോൺ തനിയേ ചത്തു.... അടുത്ത ചതി!!
രണ്ടു പെൺ കോന്തന്മാരേയും മനസ്സിൽ മണ്ണുവാരിയിട്ട്...ശപിച്ചു!
ഇനിയെന്തുചെയ്യും?
തെല്ലിട ചിന്തിച്ചു....പിന്നേയും ചിന്തിച്ചു....
എന്തെല്ലാം സ്വപ്നങ്ങളായിരുന്നു...കൂട്ടായ കുടി മേളം...
ഒത്തുകിട്ടിയാലൊരു...ഒരു...ഒരു...
ഹൊ.. ഇനിയുമതൊക്കെ ചിന്തിച്ചു നിരാശപ്പെട്ടിട്ടെന്തു കാര്യം?
സുവർണ്ണാക്ഷര ലേബലണിഞ്ഞ കുപ്പിക്കുള്ളിൽക്കിടന്ന് അതേ വർണ്ണത്തിലുള്ള ദ്രാവകം കുലുങ്ങിച്ചിരിക്കുന്നു!
ആ ചിരിയിലൊരു കളിയാക്കലിന്റെ ഭാവമുണ്ട് എടുത്തെറിഞ്ഞുടച്ചു കളഞ്ഞാലെന്തെന്ന് ഒരു നിമിഷം ചിന്തിക്കാതിരുന്നില്ല.
അടുത്ത ചിന്ത അതെടുത്ത് വെള്ളം ചേർക്കാതെ ഒറ്റയ്ക്കങ്ങു മോന്തിയാലെന്താ?
എന്നുള്ളതായിരുന്നു.
അതിൽ പതിയിരിക്കുന്ന അപകടത്തെ ക്കുറിച്ച് പിന്നീടാണോർത്തത്....
കലിയും നിരാശയും ചേർന്നു തലയ്ക്കുള്ളിൽ താണ്ടവം തുടങ്ങി...
പിന്നെയൊട്ടും വെെകിയില്ല
നിറകുപ്പിയെടുത്ത് മുറ്റത്തെ മൂലയിലെ മഴക്കുഴിയിലേയ്ക്കൊരേറു കൊടുത്തു.
ദാഹിച്ചു വലഞ്ഞ് വരണ്ടുണങ്ങിക്കിടന്നിരുന്ന മഴക്കുഴിയുടെ ദാഹം ഒരല്പം ശമിച്ചുവെന്നു തോന്നി.
അടുത്ത പടിയായി പക്കമേളങ്ങളെല്ലാമെടുത്തു മുമ്പിൽ വെച്ച്
പെൺ കോന്തന്മാരും ചതിയന്മാരുമായ സ്നേഹിതന്മാരെ മനസ്സിൽ സാക്ഷി നിർത്തി കടിച്ചു പറിച്ചു തിന്ന് വയറിന്റെ കത്തലടക്കി.
മനസ്സിന്റെ കത്തൽ ഇനിയും ബാക്കി......
ഇരുൾ പരന്ന മുറ്റത്തൊരു കോണിൽ
കസേരയെടുത്തിട്ടിരുന്നു....
തനിക്കു മാത്രം സ്വന്തമായിത്തീർന്ന.... ഏകാന്തതയെ താലോലിച്ചു കൊണ്ട് എത്ര നേരമങ്ങനെ ഇരുന്നു വെന്നറിയില്ല....
മുപ്പതാണ്ടുകാലത്തെ ദാമ്പത്യത്തിന്റെ എപ്പിസോഡുകൾ റീ പ്ളേ ചെയ്തുകൊണ്ടിരുന്നപ്പോൾ...അവളോടുള്ള പ്രണയത്തിനു വീണ്ടും ചിറകു മുളച്ചു വെന്നു തോന്നി....
ആ ചിറകിലേറി പറക്കുന്നതിനിടയിൽ.....എവിടേയോ വെച്ച്....ചെറുതായൊന്നു മയങ്ങി...
ഏതോ ഒരു കെെ ചുമലിൽ തലോടി...
"മുറ്റത്തിരുന്നെന്തിനാണുറങ്ങുന്നത് അകത്തു പോയി കിടന്നൂടേ?"
ഞെട്ടിയുണർന്നു നോക്കുമ്പോൾ അടുത്താരുമില്ല!
എങ്കിലും അവളുടെ സാമീപ്യം ഞാനറിഞ്ഞു!
അരങ്ങുവാണിരുന്ന ഇരുളിനെ തുടച്ചു മാറ്റിക്കൊണ്ട് മുറ്റമാകെ
നിലാവൊഴുകിപ്പരന്നു....
അതു പിന്നെയെന്റെ ബോധ തലങ്ങളിലേയ്ക്കും വന്നു നിറയുന്നതായി തോന്നി..!
ഇരുളൊഴിഞ്ഞ പരിസരങ്ങളിലൊരിടത്ത് അതാ ഒരു രൂപം തെളിഞ്ഞു വരുന്നു...!
അത്...അതൊരു....സ്ത്രീ രൂപമാണ്...അതെ അതെന്റെ ഉമ്മായാണ്...!
പക്ഷേ...ഇഹലോകം വിട്ടു പോകുമ്പോളുണ്ടായിരുന്ന പ്രായാധിക്യം ഇപ്പോഴില്ല.
മടിയിൽ കിടത്തി കൊഞ്ചിച്ചു കൊഞ്ചിച്ച് തുരു തുരേയെന്നെ ഉമ്മ വെച്ചിരുന്ന എന്റെ സുന്ദരിയായ ഉമ്മ!
അതാ എന്നെ എടുത്തു താലോലിക്കാനെന്നോണം കെെകൾ നീട്ടിക്കൊണ്ട് എന്റടുത്തേയ്ക്കു വരുന്നു.....
പക്ഷേ.....അടുക്കും തോറും... ആ രൂപം... മാറുകയാണല്ലോ...അതെ..ഉമ്മായുടെ രൂപം എന്റെ പ്രിയപ്പെട്ട...ബീവിയുടെ...രൂപമായിമാറുകയാണ്......
എന്റെ ബീവിയാണ് എന്നെ വാരിപ്പുണരാനെന്നോണം ഇരു കരങ്ങളും നീട്ടി എന്നോടടുക്കുന്നത്....!
ഇന്നു വെളുപ്പിന് എന്നെ സ്വതന്ത്രനാക്കി വിട്ടിട്ട് തന്റെ തറവാട്ടിലേക്കു പോയ രൂപമായിരുന്നില്ല അത്!
മധു വിധു കാലത്തെ പ്രണയ പരവശയായ ആ ഓമന ബീവിയായിരുന്നു...
എന്നിലേയ്ക്കലിയുവാനെന്നോണം അടുത്തുകൊണ്ടിരുന്നത്...
അവൾ എന്റെ തടവറയായിരുന്നില്ല,
സമാധാനക്കേടായിരുന്നില്ല,കല്ലും കരടുമായിരുന്നില്ല.
മറിച്ച്...മധുരത്തേനും മാരി വില്ലും മറ്റു പലതുമായിരുന്നു.....
അർദ്ധ രാത്രിയിലെവിടേനിന്നോ ഒഴുകിപ്പരന്ന...കോട മഞ്ഞിൽ...
ആ രൂപം...മാഞ്ഞു...മാഞ്ഞു.. പോയി...ഞാനും ഇളം തണുപ്പിൽ മയങ്ങിയുറങ്ങിപ്പോയി......
പ്രഭാത രശ്മികൾ കൺപോളകളിൽ സൂചിമുനകളാഴ്ത്തിയപ്പോൾ മെല്ലെയുണർന്നു .
ഉറക്കം വിടാത്ത കണ്ണുകൾ ആവി പറക്കുന്ന ചായക്കപ്പിനായി ശൂന്യതയിൽ പരതി....
അപ്പോഴാണു പിന്നിലെവിടേയോ....കളിയാക്കുമ്മട്ടിലുള്ള ചിരി കേട്ടത് .....അത് അവളാണ്....ദുഷ്ഠ!
ഈയുള്ളവനെ ഒറ്റക്കു കളഞ്ഞിട്ട് പോയിരിക്കുന്നു.....!
"അയ്യോ,അതെന്തു പറച്ചിലാ? അപ്പോപ്പിന്നെ,ഇന്നലെ കരളിൽ കിടന്നു പൊട്ടിയ നാലഞ്ചു ലഡ്ഡുവോ?"
അതവനാണ് ആ ചെകുത്താൻ.
എനിക്കു എന്തെന്നില്ലാത്ത കലി കേറി.
" ലഡു,കുന്തം!ഇറങ്ങിപ്പോടാ,ചെകുത്താനേ ! "
സർവ്വ ശക്തിയുമെടുത്തു ഞാനലറി.
അലർച്ച കേട്ടപാടേ അവനിറങ്ങി സ്ഥലം വിട്ടു....
ഇനിയും ഒരു നിമിഷം പോലും അവളെ പിരിഞ്ഞിരിക്കാൻ എനിയ്ക്കാവില്ലെന്നു മനസ്സിലായി.
ഒടുവിലൊരു പെൺ കോന്തനാകാൻ തന്നെ ഞാൻ തീരുമാനിച്ചു.
അടുത്ത ബസ്സിനു ഞാൻ പുറപ്പെടുകയാണ്...അവളെ കൂട്ടി വരാൻ.

No comments:

Post Top Ad

Your Ad Spot