നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വാകമരത്തിലെ പഴംപൊരികൾ

Image may contain: 1 person, selfie, closeup and indoor

ചുട്ടെടുത്ത ദോശ ചൂട് പോകാതിരിക്കാൻ കാസറോളിൽ വച്ചശേഷം , വെളിച്ചെണ്ണയിൽ മൂപ്പിച്ചെടുത്ത വറ്റൽമുളകും ഉള്ളിയും ഇഞ്ചിയും വെളുത്തുള്ളിയും കറിവേപ്പിലയും കുഴിയമ്മിയിലേക്കിട്ട് അല്പം ഉപ്പും ചേർത്ത് ഇടിച്ചെടിത്ത് അതിന്റെ കൊതിപ്പിക്കുന്ന മണം ആസ്വദിച്ച് , വറുത്തപ്പോൾ ബാക്കി വന്ന എണ്ണ കൂടി അതിലേക്ക് ചേർത്തിളക്കിയപ്പോഴാണ് ഫോൺ ബല്ലടിക്കുന്നത് സരസ്വതി ടീച്ചർ കേട്ടത് .
സ്പൂൺ കൊണ്ട് അല്പം ചമ്മന്തിയെടുത്ത് ഉള്ളം കയ്യിലേക്കിട്ട് നാവിൻതുമ്പു കൊണ്ട് ഒന്ന് രുചിച്ച് അതിന്റെ പാകം നോക്കിക്കൊണ്ടാണ് ടീച്ചർ ഫോണിനടുത്തേക്ക് നടന്നത് .
അല്പം കൂടി ഉപ്പ് വേണമെന്ന് ടീച്ചറിന് തോന്നി .
പതിവ് പ്രഭാത ഭക്ഷണം എന്നൊന്ന് ടീച്ചറിനില്ല. തേങ്ങ അരച്ച് കടുകു താളിച്ച് നീട്ടിയെടുത്ത ചമ്മന്തിയോ ഉരുട്ടു ചമ്മന്തിയോ ഇടിച്ചെടുത്ത മുളക് ചമ്മന്തിയോ കൂട്ടി ചൂടോടെ രണ്ട് ദോശ , കടുപ്പം കുറഞ്ഞൊരു ചായയും .
അല്ലെങ്കിൽ , ചെറുപയറും ചിരകിയതേങ്ങയും രണ്ടു നുള്ള് ജീരകവും ചേർത്ത് നെയ്യിൽ കടുക് താളിച്ച കഞ്ഞി ,ഒപ്പം ചൂട് ചാരത്തിലിട്ട് ചുട്ടെടുത്ത രണ്ട് പപ്പടം ..
ചൂട് കുത്തരിച്ചോറിൽ പുളിയില്ലാത്ത കട്ടത്തൈരും അല്പം കടുകുമാങ്ങയും വറുത്തെടുത്ത തൈരുമുളകും ......
കുതിർത്ത് പൊടിച്ചെടുത്ത ഉണക്കലരി പുട്ടും നെയ്യും പഴവും ... അല്ലെങ്കിൽ തേങ്ങ വറുത്തരച്ച കടലക്കറി ...
ചുവന്നുള്ളിക്കൊപ്പം ചതച്ചെടുത്ത കാന്താരിമുളകിൽ വെളിച്ചെണ്ണയൊഴിച്ചെടുത്തത് കൂട്ടി പുഴുക്കിയ കപ്പയോ ചേനയോ ചേമ്പോ നനകിഴങ്ങോ ചെറുകിഴങ്ങോ ഏതെങ്കിലും ....
ടീച്ചർ ആഹാരത്തിന്റെ ആരാധികയാണ് ...
രുചിയുടെയും ....
നല്ല രുചിയോടെ ആഹാരമുണ്ടാക്കും .
തനിക്കൊരാൾക്ക് മാത്രമായി വൈവിധ്യത്തോടെ ആഹാരുണ്ടാക്കാൻ ടീച്ചർക്ക് മടിയില്ല.
അല്ലെങ്കിൽ ,
രുചികരമായി ഭക്ഷണമുണ്ടാക്കുന്നതിലും സ്വയം അതാസ്വദിച്ച് കഴിക്കുന്നതിലും ടീച്ചർ ആനന്ദം കണ്ടെത്തി.
കൈകൾ നൈറ്റിയിൽ തന്നെ തുടച്ച് ടീച്ചർ റിസീവറെടുത്തു ചെവിയോട് ചേർത്തു .
" അമ്മേ ..... ഗുഡ് മോണിംഗ് "
ഹലോ എന്ന് പറയും മുൻപെ സുദേവന്റെ ശബ്ദം ചെവിയിലേക്ക് വിണപ്പോൾ ടീച്ചറിന് അമ്പരപ്പായിരുന്നു .
ശബ്ദത്തിൽ നിന്ന് അതൊട്ടും മായ്ക്കാതെ ടീച്ചർ ചോദിക്കുകയും ചെയ്തു .
"നീയെന്താ മോനേ ഈ നേരത്ത് .......?"
ടീച്ചറിന്റെ ഒരേയൊരു മകനാണ് സുദേവൻ.
അമേരിക്കയിൽ സോഫ്റ്റ് വെയർ എൻജിനീയർ
.ഭാര്യയോടും അവളുടെ മാതാപിതാക്കളോടുമൊപ്പം ഏഴ് വർഷത്തോളമായി അവിടെയാണ് .
ഇടയ്ക്ക് മൂന്നോ നാലോ തവണ ഒറ്റയ്ക്ക് സുദേവൻ വന്നു പോയി .
"എന്താ മോനേ രാവിലെ തന്നെ .....?"
സുദേവന്റെ നിശബ്ദതയെയും തന്റെ ചിന്തകളെയും പാതിയിൽ മുറിച്ച് ടീച്ചർ വീണ്ടും ചോദിച്ചു ...
"വെറുതെയമ്മേ..... കിടക്കാൻ പോവ്വാണ് .ഒരു ജലദോഷം പോലെ ... അമ്മേടെ ഒച്ച കേൾക്കണംന്ന് തോന്നി ."
സുദേവന്റെ ശബ്ദത്തിന് നല്ല ക്ഷീണമുണ്ടായിരുന്നു .ഒരു പതർച്ചയും ...
കൂടുതലൊന്നും പറയാതെ സുദേവൻ ഫോൺ വച്ചു .ഒന്നും ചോദിക്കാതെ ടീച്ചറും .
ഇരുവർക്കും അതൊരു ശീലമായി മാറിയിരുന്നു .
എന്നിട്ടും സുദേവന്റെ ശബ്ദത്തിലെ പതർച്ചയും ക്ഷീണവും ജലദോഷം കൊണ്ടു മാത്രമാണെന്ന് , സ്വയം ആശ്വസിപ്പിക്കാൻ ടീച്ചർ തന്നോട് തന്നെ പറഞ്ഞു .
അടുത്തേക്ക് ചേർത്ത് നിർത്തി നിറുകയിലിത്തിരി രാസ്നാദി തടവിക്കൊടുക്കാനും തുളസിയില ചേർത്ത് ഒരു ചുക്കുകാപ്പിയുണ്ടാക്കിക്കൊടുക്കാനും ടീച്ചർ ആഗ്രഹിച്ചു .
അടുക്കളയിലെ മുളക് ചമ്മന്തിയിലേക്ക് ടീച്ചർ തിരിച്ചെത്തിയിട്ടും മനസ്സ് കനം വച്ച് സുദേവനിൽ തന്നെ നിന്നതേയുള്ളു .
അമ്മ നാട്ടിലൊറ്റയ്ക്ക് കഴിയുന്നത് സുദേവന് സങ്കടമാണ് .
മകൻയൊപ്പം അമേരിക്കയിൽ താമസിക്കാൻ ടീച്ചറിന് എതിർപ്പൊന്നുമില്ല.
പക്ഷേ ,ഇന്നു വരെ അമ്മ വരുന്നോ എന്ന് സുദേവൻ ചോദിച്ചിട്ടില്ല .....
അവന് ചോദിക്കാൻ പറ്റിയിട്ടില്ല.
പത്രത്തിലെ മാട്രിമോണിയൽ കോളത്തിൽ നിന്ന് ടീച്ചർ തന്നെയാണ് മായയുടെ ആലോചനകണ്ടെത്തിയത് .നാളും പൊരുത്തവും മറ്റ് കാര്യങ്ങളും ഒക്കെ അന്വേഷിച്ച് ഏതാണ്ട് ഉറപ്പിച്ച ശേഷമായിരുന്നു പെണ്ണ് കാണൽ .
പെണ്ണ് കണ്ട് വന്ന സുദേവന്റെ മുഖത്ത് അത്ര തെളിച്ചമുണ്ടായിരുന്നില്ല .
പല തവണ ചോദിച്ചപ്പോഴാണ് സുദേവൻ മറുപടി പറഞ്ഞത് ;
"അമ്മേ ..... കാണാൻ നല്ല കുട്ടി .ചുറ്റുപാടുകൾ ,കുടുംബം ഒന്നും കുഴപ്പം തോന്നിയില്ല .പക്ഷേ, എന്തോ ഒരു മാനസിക പൊരുത്തം തോന്നിയില്ല."
ടീച്ചർക്ക് അത് മനസ്സിലായില്ല.
"ജാതക പൊരുത്തമുണ്ടല്ലോ മോനേ ....."
"ഞാനിപ്പോ എന്താ പറയണ്ടേ ..... എനിക്കവൾ ചേരുമെന്നോ എന്റെ പെണ്ണാണന്നോ തോന്നിയില്ലമ്മേ .... എനിക്കിഷക്കേടൊന്നുമില്ല .... പക്ഷേ......."
അവൻ പൂർത്തിയാക്കാതെ വിട്ട ആ പക്ഷേയുടെ ബാക്കി കല്യാണം കഴിഞ്ഞ അന്ന് തന്നെ ടീച്ചർക്ക് മനസ്സിലായി .
അമേരിക്കയിൽ സ്ഥിരതാമസക്കാരായ മായയുടെ അച്ഛനും അമ്മയ്ക്കും മരുമകനെ അവർക്കൊപ്പം വേണമായിരുന്നു.
വിവാഹ ശേഷം ഒരു വലിയ ഡിമാന്റായി അവരത് അവതരിപ്പിച്ചപ്പോൾ മകന്റെ മനസമാധാനമോർത്ത് ടീച്ചർ അവരെ പിന്തുണയ്ക്കുകയാണ് ചെയ്തത് .
വീട്ടിൽ നിന്ന് അല്പ ദൂരം മാത്രമുള്ള എൻജിനിയറിംഗ് കോളേജിലെ അദ്ധ്യാപക ജോലി വിട്ട് അറിയാത്തൊരു നാട്ടിലേക്ക് പറിച്ചുനടപ്പെടാൻ സുദേവന് ആഗ്രഹമുണ്ടായിരുന്നില്ല;അമ്മയെ വിട്ട് പോകാനും .
ഇഷ്ടപ്പെട്ട ജോലി ....
സ്നേഹമുള്ള കുട്ടികൾ ...
സ്കൂൾ കുട്ടികൾക്ക് ട്യൂഷൻ ...
അമ്പലപ്പറമ്പിലെ ഫുട്ബോൾ കളി.....
വായനശാല .....
പൊതു സേവനം ....
അങ്ങനെ ഇട്ടു പോകാൻ വിഷമമുള്ള പലതും ....
അവൻ എല്ലാക്കാര്യത്തിലും അച്ഛനെപ്പോലെ ആയിരുന്നു .
സുദേവന്റെ അച്ഛനെക്കുറിച്ചോർത്തപ്പോൾ ടീച്ചറിന് പഴംപൊരിയുണ്ടാക്കണമെന്ന് തോന്നി .
നല്ല വിളഞ്ഞ് പഴുത്ത ഏത്തപ്പഴം നെടുകെ പിളർന്ന് മാവിൽ മുക്കി എണ്ണയിലേക്ക് ഇട്ടപ്പോഴാണ് വിരുന്നുകാരുണ്ടെന്ന് അമ്മാവൻ പറഞ്ഞത് .
മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടികൾക്കൊപ്പം പഴംപൊരി ചൂടാറാതെ പങ്കിടാനുള്ള തിരക്കിൽ വന്നതാരാണെന്ന് തിരക്കാതെ അവർക്ക് കട്ടൻ കാപ്പിയും പഴംപൊരിയും നൽകി മുറ്റത്തേക്കോടിയപ്പോൾ വാസുദേവൻ മാഷ് ആ പഴംപൊരിക്കാരിയെ ഹൃദയത്തിലേക്ക് ചേർത്തിരുന്നു.
സരസ്വതിയുടെ ഇഷ്ടമോ ഇഷ്ടക്കേടോ ചോദിക്കാതെ അദ്ധ്യാപകനായ വാസുദേവൻ മാഷിനൊപ്പം വീട്ടുകാർ പറഞ്ഞ് വിട്ടപ്പോൾ അല്പം പ്രതിഷേധം ഉള്ളിലുണ്ടായിരുന്നെങ്കിലും മാഷിന്റെ സ്നേഹത്തിലലിഞ്ഞപ്പോൾ സരസ്വതി സ്വന്തം വീട്ടുകാരെപ്പോലും മറന്നു , പലപ്പോഴും .
കൈപ്പുണ്യം കൊണ്ടും കരുതൽ കൊണ്ടും സരസ്വതി വാസുദേവൻ മാഷിന്റെ ഹൃദയ സഖിയായി .
കൂടുതൽ പഠിപ്പിച്ച് സ്കൂളിൽ ജോലി വാങ്ങിക്കൊടുത്ത് മാഷും .
സുദേവന്റെ രണ്ടാം പിറന്നാളിന്റെയെന്ന് നാലു മണിക്ക് ചായയ്ക്കൊപ്പം കഴിക്കാൻ പഴംപൊരിയുണ്ടാക്കവേയാണ് വിളിക്കാത്ത അതിഥിയായി നെഞ്ചുവേദനയെത്തിയത് .
മൂന്ന് ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം ടീച്ചറിനോട് പറയാതെ മാഷ് ഒറ്റയ്ക്ക് യാത്ര പോയി .
മുൻപൊരിക്കലും പതിവില്ലാത്തതുപോലെ ....
ഒറ്റയ്ക്കായെന്ന് ഓർക്കാനിഷ്ടപ്പെടാതെ മാഷിന്റെ അച്ഛനും അമ്മയ്ക്കും സുദേവനും വേണ്ടി ജീവിച്ചു .
സുദേവന്റെ പല രുചിയിഷ്ടങ്ങളും വാസുദേവൻ മാഷിന്റേതിന് സമാനമായിരുന്നു.
പരിപ്പും മുരിങ്ങയിലയും തേങ്ങയരച്ച് നെയ്താളിച്ച് ഒഴിച്ചുകറി വച്ചപ്പോഴൊക്കെ സുദേവൻ വയറ് നിറയെ ചോറുണ്ടു .... അച്ഛനും അമ്മയും കണ്ണീരോടെയും .
കുരുമുളക് ചതച്ചിട്ട ചേന മെഴുക്കുപുരട്ടിയും വറ്റൽമുളകും ചുവന്നുള്ളിയും ചതച്ചു ചേർത്ത് വെളിച്ചെണ്ണയൊഴിച്ച കായമെഴുക്കുപുരട്ടിയും തേങ്ങ വറുത്തിട്ട മത്തങ്ങ എരിശ്ശേരിയും മല്ലിയും മുളകും തേങ്ങയും വറുത്തരച്ച സാമ്പാറും ഉണ്ടാക്കിയപ്പോഴൊക്കെ മനസുകൊണ്ട് ടീച്ചർ മാഷിനും വിളമ്പിയിരുന്നു .
മനസിൽ നിറയെ മാഷ് നിറഞ്ഞ് കണ്ണുകൾ പുകയുമ്പോഴൊക്കെ ടീച്ചർ പഴംപൊരിയുണ്ടാക്കി .
ഹൃദയത്തിലെന്നും നിറഞ്ഞു നിന്നിരുന്നൊരു നഷ്ടബോധത്തെ രുചികൾ കൊണ്ട് ഓർമ്മകളിലൂടെ തിരിച്ചെടുക്കാനുള്ള പാഴ്ശ്രമമാണതെന്ന് പലപ്പോഴും ടീച്ചർ ഒാർക്കാറുണ്ട്.
എന്നിട്ടും , വെറുതെയെങ്കിലും പ്രിയപ്പെട്ടവർ പ്രിയ രുചികൾ നുകരാൻ അദൃശ്യരായി തീൻ മേശയ്ക്കരികിലെത്തുമെന്ന് ടീച്ചർ വിശ്വസിച്ചു .
സുദേവൻ അമേരിക്കയ്ക്ക് പോയതോടെ സുദേവന്റെ പ്രിയ രുചികളും ടീച്ചറിന്റെ കണ്ണുകളെ പുകച്ച് നീരൊഴുക്കി .
സുദേവന്റെ പ്രിയ വിഭവങ്ങൾ മേശയിൽ ആറിത്തണുത്ത് ഒറ്റയ്ക്കിരുന്നു .
സങ്കടമോ വേദനയോ എന്ന് തിരിച്ചറിയാനാകാത്ത സുദേവന്റെ ശബ്ദം കൂടുതൽ തവണ മനസിനെ അസ്വസ്ഥമാക്കിയപ്പോൾ വാസുദേവൻ മാഷിന്റെ അസ്ഥിത്തറയ്ക്ക് മുന്നിലിരുന്ന് ടീച്ചർ ഉച്ചത്തിൽ കരഞ്ഞു ,ആദ്യമായി .
ആ അമ്മയുടെ ഹൃദയ നൊമ്പരമേറ്റുവാങ്ങി പ്രകൃതി അനക്കമറ്റു നിന്നു.
രാത്രി , സുദേവന്റെ വിളിക്കായി ടീച്ചർ കാത്തിരുന്നു .
സുദേവനോട് സംസാരിച്ച ശേഷമാണ് ടീച്ചർ അത്താഴം കഴിക്കാറ് ....
പൊടിയരിക്കഞ്ഞിയും തേങ്ങയും വറ്റൽമുളകും ചുട്ടരച്ച ചമ്മന്തിയും ടീച്ചറിനെ കാത്തിരുന്നു .
സാധാരണ ടീച്ചറിന് അധികമൊന്നും പറയാനുണ്ടാവില്ല. എന്തെങ്കിലും നാട്ടുവിശേഷങ്ങളല്ലാതെ ....
അങ്ങനെയേ പാടുള്ളുവെന്ന് ടീച്ചർ തീരുമാനിച്ചിരുന്നു .
എന്നാൽ ,
സുദേവൻ ഓരോ പൊട്ടും പൊടിയും വരെ പറഞ്ഞു ...
ചിലപ്പോൾ ചില അഹാരങ്ങളെ കൊതി പറയും. .....
ഇതു വരെ ഒരു കുഞ്ഞിക്കാൽ കാണാനാവാത്ത സങ്കടം പറയും ....
പിന്നിൽ നിന്ന് മായയുടെ ആക്രോശങ്ങൾ കേൾക്കുന്ന ദിവസങ്ങളിൽ പാതിയിൽ മുറിഞ്ഞ് പോയ ഫോൺ വിളികൾ ടീച്ചറിന് സമ്മാനിച്ച ഉറക്കമില്ലാത്ത രാത്രികൾ അനവധിയായിരുന്നു .
അവർക്കിടയിലെ പ്രശ്നമെന്താണെന്ന് ടീച്ചർ ഒരിക്കലും ചോദിച്ചിട്ടില്ല .
സുദേവന്റെ 'പക്ഷേ ' മനസ്സിൽ കിടന്നിരുന്നതുകൊണ്ട് ......
ഒരു കുഞ്ഞുണ്ടായാൽ മായയുടെ സ്വഭാവത്തിന് മാറ്റം വരുമെന്ന് ടീച്ചർ പറഞ്ഞതാണ് ......
സുദേവനത് ചിരിച്ചു കളഞ്ഞു , വേദനയോടെ......
"എന്നെയോർത്ത് അമ്മവേദനിക്കുന്നതു പോലെ എനിക്ക് വയ്യമ്മേ .... അതോർക്കുമ്പോ ഇല്ലാതിരിക്കുന്നതാ നല്ലതെന്ന് തോന്നുന്നു ."
സ്കൂളിലും കോളേജിലും പഠിച്ചിരുന്നപ്പോൾ ക്ലാസ് കഴിഞ്ഞ് വന്ന് ചായയ്ക്കും സുദേവന്റെ അച്ഛമ്മയുണ്ടാക്കുന്ന ശർക്കരയും തേങ്ങയും ഏലയ്ക്കയും ചേർത്ത് വാഴയിലയിൽ മടക്കി ഉരുളിയിൽ ചുട്ടെടുക്കുന്ന അടയ്ക്കുമൊപ്പം അച്ഛമ്മയോടും അമ്മയോടുമായി അവൻ വിശേഷങ്ങൾ പങ്കുവയ്ക്കുന്ന സമയങ്ങളിൽ ഇതാണ് ജീവിതത്തിലെ ഏറ്റവും മനോഹര നിമിഷങ്ങളെന്ന് ഒരു പാട് തവണ ടീച്ചറിന് തോന്നിയിട്ടുണ്ട് .
സുദേവന് ജോലി കിട്ടും മുൻപേ തന്നെ ഒന്നര മാസത്തെയിടവേളകളിൽ അച്ഛനും അമ്മയും പോയപ്പോഴും സുദേവനുണ്ടല്ലോ എന്ന് ടീച്ചർ ആശ്വസിച്ചിരുന്നു .
സുദേവൻ വിളിച്ചപ്പോൾ ഒരു പാട് രാത്രിയായി .
"ഓഫീസിൽ ആണമ്മേ ... എന്തോ വയ്യന്ന് തോന്നുന്നു ... ലീവ് എടുത്ത് ഇറങ്ങാൻ പോവ്വാണ് .... ഒന്നുറങ്ങണം ...."
ഒരു സാധാരണ ജലദോഷത്തിനും ചെറിയ പനിയ്ക്കും അപ്പുറം സുദേവന്റെ മനസ്സിലെ വിഷമം തോണ്ടി പുറത്തിടാൻ ടീച്ചർ മടിച്ചു .
എന്നിട്ടും സുദേവൻ പറഞ്ഞു ;
" അമ്മയെ കാണാൻ കൊതിയാവുന്നു. "
ടീച്ചറിന്റെ കണ്ണ് നിറഞ്ഞു .
" പഴയത് പോലെ അമ്മേടെയടുത്തിരുന്ന് വിശേഷം പറയാൻ ..... അമ്മേടെ കൈ കൊണ്ട് നിറുക കുളിർക്കെ എണ്ണ വയ്ക്കാൻ ..... പയറിട്ട കഞ്ഞിയും കുരുമുളക് ചമ്മത്തിയും കഴിക്കാൻ ...."
വല്ലാതെ തിങ്ങി നിറയുന്ന സങ്കടം കൊണ്ടാവണം സുദേവന്റെ വാക്കുകൾ മുറിഞ്ഞു .തെറിച്ചുവീണ ഒരു ഏങ്ങലിന്റെ ചീള് ടീച്ചറിന്റെ ഹൃദയം മുറിച്ചു .
" അമ്മയെ കെട്ടിപ്പിടിച്ച് കരയണംന്ന് തോന്നുവാ ......"
തോർത്തിന്റെയറ്റം കൊണ്ട് ടീച്ചർ വായ പൊത്തിപ്പിടിച്ചു ...
" ഞാൻ വിസയും ടിക്കറ്റും അയയ്ക്കട്ടെ ...? അമ്മയിങ്ങ് വരാമോ...?"
നേർത്ത ശബ്ദത്തിൽ സുദേവൻ ചോദിച്ചു .
" ഒന്നും സാരമില്ല. എന്റെ മോനിങ്ങ് പോരെ ... അമ്മയിവിടുണ്ട്. ..."
എന്ന മാത്രം പറഞ്ഞ് ടീച്ചർ ഫോൺ വച്ചു.
എങ്ങോട്ടെന്നറിയാതെ ഇറങ്ങി നടക്കണമെന്ന് ടീച്ചറിന് തോന്നി. തിരികെ വരാതെ എവിടെയെങ്കിലും അവസാനിക്കണമെന്നും .
തനിക്കായ് കാത്തിരിക്കുന്ന കഞ്ഞിയെ മറന്ന് ശൂന്യമായ വയറോടെ ടീച്ചർ ഉറക്കത്തെക്കാത്തു .
നിറയൗവനത്തിന് നടുവിൽ സുദേവന്റെ അച്ഛൻ തന്നെ തനിച്ചാക്കിപ്പോയപ്പോൾ പോലും തനിക്കിത്രയും ഏകാന്തത തോന്നിയിരുന്നില്ല .
തുണയായും പ്രതീക്ഷയായും സ്വപ്നമായും സ്വന്തമായും സുദേവൻ ഉണ്ടായിരുന്നു .
നടന്നുകൊണ്ടിതന്ന ഒറ്റയടിപ്പാതയുടെ അവസാനം കാണാനാകാതെ അലഞ്ഞപ്പോഴാണ് ടീച്ചറാ വാകമരത്തിന്റെ ചുവട്ടിലെത്തിയത് .
മഞ്ഞപ്പൂക്കൾ നിറഞ്ഞു നിന്ന വാകമരത്തിൽ ധാരാളം പഴം പൊരികൾ കായ്ച്ചു കിടന്നു .
കൈകൾ കൊണ്ട് പറിക്കാനാവാത്തത്ര ഉയരത്തിലായിടും ടീച്ചർ കൈ നീട്ടി .....
കൊത്തിയെടുത്ത പഴംപൊരിത്തുണ്ടുമായി ഒരു മഞ്ഞക്കിളി ടീച്ചറിന്റെ കൈകളിൽ വന്നിരുന്നു.
അതിന്റെ കണ്ണ് നിറഞ്ഞിരുന്നു.
ആ കിളി അമ്മേയെന്ന് വിളിച്ചെന്ന് ടീച്ചറിന് തോന്നി.
അതിന് സുദേവന്റെ ശബ്ദമാണെന്നും ...
ടീച്ചർ കരഞ്ഞു .
അവൾക്ക് മുഴുത്ത വട്ടാണെന്ന് ആരോ വിളിച്ചു പറയുന്നുണ്ടായിരുന്നു.
വാകമരത്തിൽ ചുറ്റിയിട്ടിരുന്ന ചങ്ങലയുടെ അറ്റം ടീച്ചറിന്റെ കാലിൽ ' കെട്ടിയ ആൾക്ക് വാസുദേവൻ മാഷിന്റെ മുഖമായിരുന്നു.
അരികിലെ നീർച്ചാലിൽ സ്വർണ്ണത്തലമുടിയഴിച്ചിട്ട് കാലിൽ ചിലമ്പുമായിരിക്കുന്ന യക്ഷിയുടെ പ്രതിബിംബം കണ്ടു .
പറന്നകലും മുൻപ് വേദനിക്കും വിധം, മഞ്ഞക്കിളി നെഞ്ചിലേക്ക് ആഞ്ഞ് കൊത്തിയപ്പോൾ ടീച്ചറിന് ശ്വാസം മുട്ടി .
തൊണ്ടയിൽ തടവിച്ചമച്ചു കൊണ്ട് എഴുന്നേറ്റ് വെള്ളം കുടിച്ചപ്പോൾ വിക്കി നിറുകയിൽ കയറി വീണ്ടും വീണ്ടും ചുമച്ചു .
വാകമരച്ചുവട്ടിലേക്ക് പോകാൻ മഞ്ഞക്കിളിയെക്കാണാൻ ടീച്ചർ വീണ്ടും ഉറക്കത്തെ ത്തേടി ..
പുലർച്ചെ കനത്ത മഴ പെയ്തു തോർന്നപ്പോഴാണ് ടീച്ചർ ഉറക്കമുണർന്നത് ...
മേശയിലിരുന്ന കഞ്ഞി കാടിപ്പാത്രത്തിലൊഴിച്ചു .വിശപ്പ് എവിടെയോ ഒളിച്ചിരുന്നു .
ടീച്ചർ ഭക്ഷണമുണ്ടാക്കാൻ മറന്ന് പഴംപൊരികൾ നിറഞ്ഞ് കിടന്ന വാകച്ചുവട്ടിൽ തന്നെയിരുന്നു.
പിന്നെ ,
പത്തായത്തിൽ ചാക്കിൽ പൊതിഞ്ഞ് വച്ചിരുന്ന പഴുത്ത ഏത്തപ്പഴമെടുത്ത് ഓരോന്നും രണ്ടും മൂന്നുമായി പിളർന്ന് പഞ്ചസാരയും ജീരകവും മഞ്ഞൾപ്പൊടിയും ചേർത്ത് കലക്കിയ മൈദയിൽ മുക്കി പഴംപൊരികൾ ഉണ്ടാക്കി; ഒരു മുറം നിറയെ .
ബന്ധുക്കളും സുദേവന്റെ കൂട്ടുകാരുമായി പത്തു പതിനഞ്ച് പേർ വീട്ടിലേക്ക് കയറി വന്നു .
ടീച്ചർ അവരെ ശ്രദ്ധിച്ചില്ല.
വരാന്തയ്ക്കരികിൽ നിന്ന രാജമല്ലിയുടെ ചില്ലകളിൽ നൂലുകൾ കൊണ്ട് ഓരോ പഴംപൊരിയും കെട്ടിത്തൂക്കി . മഞ്ഞപ്പൂവുകൾക്കിടയിൽ വിളഞ്ഞ് പഴുത്ത കായകൾ പോലെ .
വന്നവർ അന്തം വിട്ടുനിന്നു.
പട്ടിയെ കെട്ടിയിട്ടിരുന്ന തുടലഴിച്ചെടുത്ത് രാജമല്ലിയിലും സ്വന്തം കാലിലുമായി കെട്ടി , ടീച്ചർ നനഞ്ഞ മണ്ണിലേക്കിരുന്നു .
"എന്റെ സുദേവൻ വരും മഞ്ഞക്കിളിയായി ..... വാകമരത്തിൽ വിളയുന്ന പഴംപൊരികൾ കഴിക്കും ... എന്റെയടുത്തിരിക്കും .... അമ്മേയെന്ന് വിളിക്കും ...."
ആ ഓർമ്മയിൽ ടീച്ചറൊന്ന് ചിരിച്ചു .
കരച്ചിൽ പോലെ .......
വീട്ടിലേക്ക് പോകും വഴി തിരക്കൊഴിഞ്ഞ പാതയോരത്ത് നിറയെ മഞ്ഞപ്പൂക്കളുള്ള പേരറിയാത്തൊരു മരത്തിൽ സുദേവൻ തൂങ്ങി മരിച്ചുവെന്ന വാർത്ത ആരോട് പറയണമെന്നറിയാതെ വന്നവർ വിങ്ങിപ്പൊട്ടി ....
ടീച്ചർ വീണ്ടും പറഞ്ഞു ;
"എന്റെ സുദേവൻ വരും..... വാകമരത്തിലെ പഴംപൊരികൾ കഴിക്കാൻ ......"
അലറിപ്പാഞ്ഞെത്തിയ ഒരു മഴ ആ അമ്മയുടെ തീയാളുന്ന ശിരസിന് മിതേ തകർത്ത് പെയ്തു തുടങ്ങി.
Dr. ശാലിനി ck

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot