Showing posts with label ArunVSajeev. Show all posts
Showing posts with label ArunVSajeev. Show all posts

കണയങ്കോട്ട് ഏലി റിട്ടേൺസ് I Arun V Sajeev

 

രാത്രികാലങ്ങളിൽ കണയങ്കോട് ജോസ് ടാക്കീസിൽ സെക്കൻഡ് ഷോ കഴിഞ്ഞ് പോകുന്ന ചെറുപ്പക്കാരെ തടഞ്ഞുനിർത്തി ചുണ്ണാമ്പുചോദിച്ച് മയക്കിയെടുത്തശേഷം.. കൊന്നുതിന്നുന്നവളായിരുന്നു കണയങ്കോട് ഏലിയെന്ന രക്തയക്ഷി. തത്ഫലമായി സെക്കൻഡ്ഷോക്ക് ആളില്ലാതാവുകയും, തീയറ്ററിൽ കളക്ഷൻ കുറയുകയും ചെയ്തപ്പോൾ തീയറ്ററുടമ ജോസിന്റെ ആവശ്യപ്രകാരം യക്ഷിയെത്തളക്കാൻ കമ്മട്ടി മറ്റത്തച്ഛൻ അവിടെ എത്തിച്ചേരുന്നു. ഇരുമ്പാണി നെറ്റിയിൽ തറച്ച് യക്ഷിയെ ബന്ധിച്ച അച്ഛൻ അവളെ യക്ഷികളുടെ പുനരധിവാസ കേന്ദ്രമായ റാഹേലമ്മയുടെ അഗതിമന്ദിരത്തിൽ എത്തിക്കുന്നു.
(തുടർന്ന് വായിക്കുക.)
കണയങ്കോട്ട് ഏലി റിട്ടേൺസ്
*****************************
കമ്മട്ടിമറ്റത്തച്ചൻ നെറ്റിയിൽ ആണികയറ്റി, റാഹേലമ്മയുടെ കാഞ്ഞിരം പുനരധിവാസകേന്ദ്രത്തിലേൽപ്പിച്ച കണയങ്കോട്ട് ഏലിയിപ്പോൾ ശാന്തയും,സത്സ്വഭാവിയുമാണ്.
കാര്യംപറഞ്ഞാൽ അച്ചൻ നീട്ടിയ നാലരയിഞ്ച് കമ്പിയാണിയിൽ കയറിപ്പിടിച്ച്, അവളുടെ ആമ്പിയറ് മുക്കാലും ചോർന്നുപോയെങ്കിലും.. പഴയശീലം പൂർണ്ണമായും അവളെയങ്ങ് വിട്ടൊഴിഞ്ഞിരുന്നില്ല!. അതുകൊണ്ട് ഇടക്ക് ചോരകുടിക്കണമെന്ന ആഗ്രഹം അവളിൽ ഉടലെടുത്തിരുന്നു. ഇത്തരം അവസരങ്ങളിൽ ആപ്പിഫിസിന്റെ ചുവന്നബോട്ടിലെടുത്ത് അഞ്ഞൂറ്
എം. എൽ ഒറ്റവലിയ്ക്ക് കുടിച്ച് ഏമ്പക്കംവിടാനും, പൊട്ടിച്ചിരിക്കണമെന്ന് തോന്നുമ്പോൾ ആരും കാണാതെ ബ്ലൂടൂത്ത് മൈക്കുമായ് പറമ്പിന്റെ മൂലക്ക്പോയ് നിന്ന് അത് എക്കോമോഡിലാക്കിയ ശേഷം ഒന്നോരണ്ടോ ''ഹാ, ഹാ " എന്നു പറയാനും റാഹേലമ്മ അവളെ ശീലിപ്പിച്ചെടുത്തു.
യക്ഷികളുടെ അംഗീകൃത യൂണിഫോമായ വൈറ്റും, വൈറ്റും തന്നെയാണ് ആ കേന്ദ്രത്തിലേയും വസ്ത്രമെന്നതിനാൽ കരിമ്പനയിൽ നിന്നും പോരുമ്പോൾ മാറിയുടുക്കാനായ് കൊണ്ടുവന്ന കല്യാൺ സിൽക്സിൽനിന്നു "എടുത്ത " രണ്ടുജോടി വെളുത്തസാരിയും അവൾക്ക് ഉപകാരപ്പെട്ടു.(യക്ഷികൾക്ക് ഷട്ടറിട്ടാലും കടയിൽക്കയറി സാരിയെടുക്കാം. അല്ലാതെ ഇതൊക്കെ ഇവർക്ക് എവിടുന്ന് കിട്ടാൻ?!)
അങ്ങനെ പാലപ്പൂവിന്റെ നിറമുള്ള തൂവെള്ള വസ്ത്രവുംധരിച്ച്, പാലയിൽ താമസിച്ചുകൊണ്ടിരുന്നപ്പോളുണ്ടായിരുന്ന ആംബിയൻസ് ക്രിയേറ്റ്ചെയ്യാനായ് അത് കംഫോർട്ട് ഫാബ്രിക് കണ്ടീഷനറിൽ മുക്കിപ്പിഴിഞ്ഞുടുത്ത് ഒരു കുഞ്ഞാടിനെപ്പോലെ വിലസിയ അവൾ, താമസംവിനാ സെന്ററിലെ മറ്റന്തേവാസികളുടെ കണ്ണിലുണ്ണിയായ് മാറി.
ആ മന്ദിരം മൂന്നുബ്ലോക്കുകളായാണ് നിർമ്മിച്ചിരുന്നത്. കരിമ്പനയെന്നും, പാലയെന്നും പേരിട്ടിരിക്കുന്ന രണ്ട് ബ്ലോക്കുകളിൽ യക്ഷികൾ താമസിച്ചുവന്നപ്പോൾ.. ഡ്രാക്കുളക്കാസിലിലെ താമസക്കാർ പാലക്കാട്ടുനിന്നും വന്ന കുറെ വയസ്സന്മാരായ ഒടിന്മാരായിരുന്നു!. ഒടിയൻ സിനിമാ ഇറങ്ങിയതിൽപ്പിന്നെ മാർക്കറ്റുപോയ അവർക്ക് ഏറ്റവും അരോചകമായിത്തോന്നിയ കാര്യം കാലത്തെ പഴങ്കഞ്ഞി കുടിക്കാനായി റാഹേലമ്മ വന്ന് വിളിക്കുന്നതായിരുന്നു!. "ഒടിയന്മാർക്ക് ഇച്ചിരെ കഞ്ഞിയെടുക്കട്ടെ..?" എന്ന് റാഹേലമ്മ ചോദിക്കുമ്പോൾ, പരസ്പരംനോക്കി അവർ മ്യൂച്ചൽ ഫണ്ടിന്റെ പരസ്യത്തില് റിസ്ക്ഫാക്ടർ പറയും പോലെ ആർക്കും മനസ്സിലാകാത്ത ഭാഷയിൽ കണമണാ എന്ന് റാഹേലമ്മയുടെ തന്തക്കും,തള്ളക്കും വിളിച്ചുപോന്നു.
യക്ഷികൾക്ക് മന്ദിരത്തിലെ മുറ്റമടി, പാത്രംതേപ്പ്, തുണിയലക്ക്, പാചകം തുടങ്ങിയ ജോലികൾ ചെയ്യേണ്ടതായുണ്ടായിരുന്നു.മലയാളം സീരിയലിൽ നിന്നുംവന്ന ഒന്നുരണ്ടു യക്ഷികൾ അടുക്കളയിൽപ്പോലും പട്ടുസാരിയുംചുറ്റി, പൊട്ടുംകുത്തി കഞ്ഞിവെക്കുകയും, കറിക്കരിയുകയും ചെയ്തുപോന്നു.
ഒടിയന്മാർക്ക് യക്ഷികളെ അപേക്ഷിച്ച് താരതമ്യേന ലഘുജോലികളായിരുന്നു ചെയ്തിരുന്നത്. അവർ മട്ടുപ്പാവിലെ ഗ്രോബാഗിൽ പയറ്കൃഷി ചെയ്യുകയും, ഒടിവിദ്യ മറന്നു പോകാതിരിക്കാൻ അതിലെ പച്ചപ്പയർ ഒടിക്കുകയും ചെയ്തുപോന്നു. ഒരിക്കൽ ടൈം പാസിന് ഒടിവിദ്യ പ്രയോഗിച്ച് ഒരു ഹർത്താൽത്തലേന്ന് പോത്തായി മാറിയ അന്തേവാസിയായ ഒരു ഒടിയനെ നാട്ടുകാര് പിടിച്ച് ഫ്രൈ ആക്കിയതിൽപ്പിന്നെ അവരാരും ആ പണിക്ക് മുതിർന്നില്ല. പോത്ത്
ഒടിയനായാലും; കേരളത്തിലെകുടിയന് ഹർത്താല് വന്നാൽ കടിച്ചുവലിക്കാൻ ബീഫ് ഫ്രൈയ്യും,കുടിച്ചുമരിക്കാൻ സെലിബ്രേഷൻ റമ്മും, മസ്റ്റായതിനാൽ, ആ ഒടിവിദ്യ ചുരുട്ടി മൂലക്കുവെച്ച് ബാക്കിയുള്ളവർ ഗ്രേവിയിൽ മുങ്ങാതെ കാലംകഴിച്ചുപോന്നു.
അങ്ങനെയിരിക്കെ കണയംകോട്ട് ഏലിക്ക് അസഹ്യമായ പല്ലുവേദന വന്നു!. ആക്ടീവ് സാൾട്ടുള്ള കോൾഗേറ്റിട്ട് തേച്ചിട്ടും ഒട്ടും കുറവില്ലാത്തൊരു പല്ലുവേദന. ചോരകുടിക്കാനായ് ഉപയോഗിച്ചിരുന്ന തേറ്റപ്പല്ലുകൾ പുറത്തിറക്കാതെ അകത്ത് മോണയിൽത്തന്നെ വച്ചിരുന്നതിനാൽ ദശവളർന്നുമൂടി..ആകെപ്രശ്നമായതായിരുന്നു കാരണം!.
വേദന സഹിക്കാൻ വയ്യാതായപ്പോൾ ഏലി, റാഹേലമ്മയോടൊപ്പം ടൗണിലെ ദന്താശുപത്രിയിൽ പോയി തന്റെ പല്ലെടുക്കുവാനായ് തീരുമാനിച്ചു.
റാഹേലമ്മ ഏലിയേയും കൂട്ടിപ്പോയത് കുടുംബദന്തിസ്റ്റായ ഐപ്പ് തരകന്റെ "രൂപതാ "പല്ലാശുപത്രിയിലായിരുന്നു. അവിടെ അപ്പോൾ ഉണ്ടായിരുന്നത് തരകന്റെ മകൻ ടുട്ടു തരകനായിരുന്നു. നാട്ടിൽ ലോക വായിനോക്കിയായ് നടന്ന്, പത്താംതരം തട്ടീംമുട്ടീം പാസായ അവനെ പാരമ്പര്യം നിലനിർത്താനായ് മംഗലാപുരത്തുള്ള ഏതോ സ്വാശ്രയക്കോളേജിൽ വിട്ട് കാശുകൊടുത്ത് പഠിപ്പിച്ച് ഡോക്ടറാക്കി എടുത്തതായിരുന്നു മിഷ്ടർ തരകൻ.
എവറഡിയുടെ ടോർച്ചെടുത്ത് ഏലിയുടെ വായിൽ അടിച്ചു നോക്കിയ ശേഷം ഡോക്ടർ ടുട്ടു BDS ഇങ്ങനെ പറഞ്ഞു " ഇത് കാശ് കൊറച്ച് ചിലവാകണകേസാ.. മോണക്ക് പഴുപ്പുണ്ട്. പല്ലെടുത്തിട്ട് റൂട്ട് കനാല് ചെയ്യണം.
വേദനകാരണം റൂട്ട് കനാലല്ല സൂയസ്സ്കനാല് വരെ ചെയ്യാൻ വില്ലിംഗായ ഏലിയെ.. എക്സാമിനേഷൻ ചെയറിൽ കിടത്തിയശേഷം, ടുട്ടു ഡോക്ടർ
വിറയാർന്ന കരങ്ങളോടെ കൊടിലെടുത്ത് അവളുടെ പല്ലിൽപ്പിടിച്ച് ആഞ്ഞൊരുവലി. ഒറ്റ വലിക്കുതന്നെ സാധനംപോന്നു.. പക്ഷെ ആ കൊടിലിന്റെ അറ്റത്തുണ്ടായിരുന്നത് പല്ലായിരുന്നില്ല. കൈവിറ കൊണ്ട് പിടുത്തം മാറിപ്പോയ ടുട്ടു ഊരിയെടുത്തത് കമ്മട്ടി മറ്റത്തച്ചൻ ഏലിയുടെ നെറ്റിയിൽ അടിച്ചു കയറ്റിയ നാലരഇഞ്ചിന്റെ കമ്പിയാണിയായിരുന്നു..
പെട്ടെന്നവിടെ യക്ഷികളുടെ ദേശീയ ഗാനമായ നിഴലായ് ഒഴുകിവരും ഞാൻ എന്നഗാനം അലയടിക്കാൻ തുടങ്ങി.
അപ്പോൾ അങ്ങുദൂരെ ഒരു മലഞ്ചെരുവിൽ തനിക്കുചുറ്റും കൂടിനിന്ന വിശ്വാസികളോട് കമ്മട്ടി മറ്റത്തച്ഛൻ ഇങ്ങനെ പറഞ്ഞു. "വകഭേദം സംഭവിച്ച വിനാശകാരിയായ ഒരു ശക്തിയാണിപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. കഴിയുന്നതും ഭവനങ്ങളിൽത്തന്നെ ഇരിക്കുക. നിർബന്ധമായും മുഖാവരണം ധരിക്കുക. ഇടക്ക് സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക. "
അരുൺ -

മോഹൻ ബംഗ്ളാവ് (നോവലൈറ്റ്) ഭാഗം 3 I Arun V Sajeev

അവരോട് പറയേണ്ട മറുപടിയെക്കുറിച്ച്, രണ്ടാമതൊരുവട്ടം ആലോചിക്കേണ്ട കാര്യമേ പീറ്ററിന് ഉണ്ടായിരുന്നില്ല..! അവന് വേണ്ടതപ്പോൾ; ആ നശിച്ച സ്ഥലത്തുനിന്നും എങ്ങെയെങ്കിലും ഒന്ന് രക്ഷപെടുക എന്നതുമാത്രമായിരുന്നു. അതിനുവേണ്ടി അവർ പറയുന്നതെന്തും ചെയ്യാൻ പീറ്റർ തയ്യാറുമായിരുന്നു. അവിടെ നിന്നും ലഭിക്കുന്ന പണത്തിന്റെ കാര്യം പോലും അവന് രണ്ടാമത്തെ ആവശ്യം മാത്രമായിരുന്നു. ആ ഭിത്തിയിൽ ചാരി ഇരുന്നുകൊണ്ടവൻ അടഞ്ഞ വാതിലിന്ന് നേർക്കുനോക്കി ഉച്ചത്തിലിങ്ങനെ വിളിച്ചുപറഞ്ഞു.
"നിങ്ങൾ പറഞ്ഞത് എനിക്ക് സമ്മതമാണ്.. എത്രയും വേഗം ഞാനാ താക്കോൽ എടുത്തുതരാം.. എനിക്ക് കുടിക്കുവാനായ് കുറച്ച് വെള്ളംവേണം.. അതിന് മുൻപ് ഈ കെട്ടൊന്നഴിച്ച് മാറ്റണം." ഇങ്ങനെ പറഞ്ഞശേഷം വാതിൽ തുറക്കുന്നതും കാത്ത് പ്രതീക്ഷയോടെ പീറ്റർ അവിടേക്കുതന്നെ നോക്കിയിരുന്നു.
കുറച്ച് സമയം കഴിഞ്ഞപ്പോൾ
അവന് മുൻപിൽ ആ വാതിൽ വീണ്ടും തുറക്കപ്പെട്ടു...ഇത്തവണ അതുതുറന്നത് റേച്ചലായിരുന്നില്ല.. എഴുപതിനോടടുത്ത് പ്രായം തോന്നിക്കുന്ന ഒരു വൃദ്ധനായിരുന്നു മുറിയിലേക്കുവന്നത്. പഴയ ഫാഷനിലുള്ള ഷർട്ടും, പെഡൽപുഷാറും, തൊപ്പിയും ധരിച്ചിരുന്ന അയാൾ; കാഴ്ച്ചയിൽ ഒരു ആംഗ്ളോ ഇന്ത്യനെപ്പോലെ തോന്നിച്ചു. അയാൾ മുറിയിലേക്ക് കയറിയപ്പോൾ അവിടെയാകെ മദ്യത്തിന്റെ രൂക്ഷഗന്ധം പരക്കുന്നതായ് പീറ്ററിന് അനുഭവപ്പെട്ടു. അവന്റെ അരികിലേക്ക് സാവധാനം നടന്നടുത്ത അയാൾ, തന്റെ പാന്റിന്റെ പോക്കറ്റിൽ നിന്നും ഒരു നീളൻ തുകലുറ പുറത്തേക്കെടുത്തു. അതിൽ നിന്നും ഊരിയെടുത്ത.. മൂർച്ചയേറിയ, തിളങ്ങുന്നൊരു കഠാരയുമായ് അയാൾ പീറ്ററിന്റെ നേർക്ക് നടന്നുചെന്നു. ഭയന്ന് പിന്നോട്ടു നിരങ്ങിനീങ്ങിയ പീറ്ററിനെനോക്കി.. പേടിക്കേണ്ട എന്നാഗ്യം കാട്ടിയ ശേഷം അയാള്‍ കത്തികൊണ്ട് അവന്റെ കാലുകളിലെ കെട്ടുകൾ സാവധാനം അറുത്ത് മാറ്റുവാനായ് തുടങ്ങി.
പീറ്റർ വീണ്ടും ആശയക്കുഴപ്പത്തിലായി,
''ആ സ്ത്രീയെക്കൂടാതെ ഇയാളും ഇവിടുണ്ടായിരുന്നോ..?! ഇവരെക്കൂടാതെ ഇനി മറ്റാരെങ്കിലുംകൂടി കാണുമോ ഇവിടെ ??. പെട്ടെന്നുതന്നെ ആ ചിന്ത ഉപേക്ഷിച്ച അവൻ മനസ്സിൽ ഇങ്ങനെ പറഞ്ഞു. അങ്ങനെ ആയാൽത്തന്നെ തനിക്കെന്താ..? ആ താക്കോലെടുത്ത് കൊടുക്കണം, കിട്ടുന്ന ഉരുപ്പടിയുംവാങ്ങി നാടുവിടണം. ആ തോന്നൽ അവനെ ഉന്മേഷവാനാക്കി. കൈകാലുകളിലെ ബന്ധനത്തിൽനിന്നും മോചിതനായ പീറ്റർ ഭിത്തിയിൽചാരി സാവധാനം എഴുന്നേറ്റുനിന്നു. എർവശത്തെ അലമാരയുടെ മങ്ങിയ നിലക്കണ്ണാടിയിൽ തന്റെ പ്രതിബിംബം കണ്ടപ്പോൾ പീറ്ററിന് അതിശയം തോന്നി..
ദേഹത്താസകലം പോറലുകളും, മുറിവുകളുമൊക്കെയായ് കീറിപ്പറിഞ്ഞ വസ്ത്രങ്ങളുംധരിച്ച് പൊടിയിൽക്കുളിച്ച നിലയിൽ അവനാകെ പ്രാകൃതരൂപം പൂണ്ടിരുന്നു.
അല്പസമയം കഴിഞ്ഞപ്പോൾ മിനറൽ വാട്ടറിന്റെ ഒരു കുപ്പിയുമായ് റേച്ചൽ ആ മുറിയിലേക്ക് കടന്നുവന്നു. എന്നിട്ട് വൃദ്ധനെ നോക്കിപ്പറഞ്ഞു
''പപ്പാ; ലൊക്കേഷൻ മാപ്പ് നോക്കി താക്കോലിരിക്കുന്ന സ്ഥലത്തിന്റെ വിവരം ഇവന് ഡിറ്റെയിലായിട്ട് പറഞ്ഞ്കൊടുക്കണം. അമ്പലത്തിലേക്ക് കടക്കാനുള്ള വഴിയും, കീ യുടെ പൊസിഷനും ഒക്കെ " കഴിഞ്ഞ തവണത്തെതുപോലെ പിഴവുകൾ ഒന്നും ഉണ്ടാവരുത്. എന്നിട്ട് പീറ്ററിന് നേരെ തിരിഞ്ഞ് അവർ കൈയ്യിലിരുന്ന വെള്ളക്കുപ്പി അവന് നല്കി.
പീറ്ററാ കുപ്പി തുറന്ന് ആർത്തിയോടെ പകുതിഭാഗം വെള്ളം ഒറ്റയടിക്കകത്താക്കി. അവന് നല്ല ആശ്വാസം തോന്നി. ദാഹം കൊണ്ട് ആകെ വലഞ്ഞ അവസ്ഥയിലായിരുന്നു അവൻ. ബാക്കിവെള്ളംകൂടി കുടിച്ചുതീർത്ത് കുപ്പി തറയിലേക്ക് വെച്ച പീറ്ററിനെനോക്കി റേച്ചൽ തുടർന്നു. "ഇതെന്റെ പപ്പ മിഖായേൽ സാന്റിയാഗോ. ഞാൻ നിന്നോട് പറഞ്ഞ രഹസ്യം അറിയാവുന്ന മൂന്നാമത്തെ ആൾ..
ഞങ്ങളിരുവരും കൂടിയായിരുന്നു ഇത്തവണ ഈ ദൗത്യം ചെയ്യുവാനായ് തീരുമാനിച്ചത്. അതിനുവേണ്ടി മാസങ്ങൾക്ക് മുൻപെ ഞങ്ങൾ നഇവിടെ എത്തിച്ചേരുകയും ചെയ്തു. പക്ഷെ ആ നിലവറ തുറക്കുന്ന കാര്യത്തിൽ മാത്രം ഞങ്ങൾ പരാജയപ്പെട്ടു.
താന്ത്രിക വിധിപ്രകാരം പ്രത്യേക ബന്ധനങ്ങളാൽ സംരക്ഷിച്ചിട്ടുള്ള വാതിലാണ് ആ അറക്കുള്ളത്. അതിനെ മറികടക്കാൻ കഴിവുള്ള ഒരാളുടെ സഹായം
ഇല്ലാതെ ആ അറതുറക്കകയെന്നത് അസാധ്യമാണ്. ഞങ്ങളതിനുള്ള പോംവഴി തേടുകയായിരുന്നു. അപ്പോളാണ് നീ ഈ പ്രദേശത്തെത്തുന്നത് .നിമിത്തപ്രകാരം നീ അതിന് പ്രാപ്തനാണ്..! അത്തരം കാര്യങ്ങൾ തിരിച്ചറിയാനുള്ള കഴിവ് പപ്പാക്കുണ്ട്. പപ്പായുടെ അനുമാനപ്രകാരം നിന്നെപ്പൊതിഞ്ഞ് ഒരു "രക്ഷാവലയം " നിലകൊള്ളുന്നുണ്ട്... പപ്പായുടെ വാക്കുകളിൽ പറഞ്ഞാൽ "എ ഡിവൈൻ ഓറ " അത് നിന്നെ ഏതാപത്തിൽ നിന്നും കാത്തുരക്ഷിക്കും.
അതുകൊണ്ട് നിനക്ക് ഈ ദൗത്യം നിറവേറ്റാൻ കഴിയും.ഇക്കാര്യം മനസ്സിലാക്കിയ ഞങ്ങൾ; നിന്നെ തന്ത്രപൂർവ്വം ഇവിടേക്ക് വരുത്തുമായിരുന്നു. നിനക്കുകിട്ടിയ നിലവിളക്കിന്റെ മേൽത്തട്ടും, ആ കിണ്ടിയും ഒക്കെ നിന്നെ ഇങ്ങോട്ടേക്കാകർഷിക്കാൻ ഞാൻ കൊണ്ടുപോയിട്ടതായിരുന്നു. നീ അതിൽ വീഴുമെന്ന് എനിക്കുറപ്പായിരുന്നു. നീയറിയാതെതന്നെ നിന്റെ ഓരോനീക്കവും ഞങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്നുമുണ്ടായിരുന്നു.
പീറ്റർ അവിശ്വസനീയതയോടെ റേച്ചലിനെ നോക്കി. ഒരു പുച്ഛച്ചിരിയോടെ അവന്റെ നോട്ടം അവഗണിച്ച ആ സ്ത്രീ തന്റെ ശബ്ദത്തിൽ ഗൗരവം കലർത്തി അവനോട് തുടർന്നു.
ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക.. നീ ചെയ്യാൻ പോകുന്ന ജോലി അത്ര എളുപ്പമുള്ളതൊന്നുല്ല...പ്രതിബന്ധങ്ങൾ ഏറെ മറികടക്കേണ്ടതായ് വരും. ആ താക്കോലിന് കാവലായ് അദൃശ്യ ശക്തികൾ ഉണ്ടാകും.. പക്ഷെ അതെടുക്കാൻ നിനക്ക് കഴിയും. ഇനിയെല്ലാം നിന്റെ മിടുക്ക് പോലിരിക്കും. പപ്പാ അതിന് വേണ്ട കാര്യങ്ങൾ വിശദമായ്ത്തന്നെ നിനക്ക് പറഞ്ഞുതരും."
അത്രനേരം താൻ ചെയ്യാൻ പോകുന്നത് ഒരു നിസ്സാര കാര്യമാണെന്നു കരുതിയിരുന്ന പീറ്ററിന്.. അതിന്റെ ഗൗരവം മനസ്സിലായപ്പോൾ, ചെറിയ ഭയംതോന്നിത്തുടങ്ങി. പക്ഷെ റേച്ചൽ പറഞ്ഞ; തന്നെ ഏതാപത്തിൽ നിന്നും കാത്തുസൂക്ഷിക്കാൻ കഴിവുള്ള; ആ വസ്തു.. പുണ്യാളന്റെ മുടിയിഴയുള്ള വെന്തിങ്ങയാണ് എന്നറിയാവുന്ന അവൻ; താൻ ഏതുപ്രതിബന്ധങ്ങളേയും നേരിടാൻ തയ്യാറാണ് എന്നമട്ടിൽ റേച്ചലിനെ നോക്കി സമ്മതഭാവത്തിൽ തലയാട്ടിക്കാണിച്ചു.
"ആദ്യം നീ പോയ് കുളിച്ച് ഈ വസ്ത്രമൊക്കെ മാറി ഭക്ഷണം കഴിക്കുക, നീ പൊന്തയിൽ ഒളിപ്പിച്ചിരുന്ന ബാഗ് ദാ അപ്പുറത്തെ മുറിയിൽ കൊണ്ടുവന്ന് വെച്ചിട്ടുണ്ട്. പിന്നെ പപ്പായോട് താക്കോലിരിക്കുന്ന സ്ഥലത്തേക്കുറിച്ചും, അതെടുക്കേണ്ട രീതിയെക്കുറിച്ചും വിശദമായ് ചോദിച്ച് മനസ്സിലാക്കുക. അതിനുശേഷം
ഇന്ന് രാത്രി നീയീ ദൗത്യവുമായ് ഇവിടെനിന്നും യാത്ര ആരംഭിക്കുക. നാലുദിവസമാണ് ഞങ്ങൾ നിനക്കനുവദിച്ച് തരുന്ന സമയം. താക്കോൽ ലഭിച്ചാൽ മടങ്ങിവരിക.. ഇല്ലെങ്കിൽ ഈ പ്രദേശത്തേക്കുറിച്ചും, ഇവിടെ നടന്ന സംഭവങ്ങളേക്കുറിച്ചും എന്നെന്നേക്കുമായ് മറന്നേക്കുക.'' ഇതും പറഞ്ഞ് റേച്ചൽ മുറിയിൽനിന്നും വെളിയിലേക്ക് പോയി.
കുളിച്ച് ഭക്ഷണം കഴിച്ചശേഷം.. പീറ്ററ് മിഖായേലിനു പിന്നാലെ അയാളുടെ മുറിയിലേക്ക് ചെന്നു. ബംഗ്ലാവിന്റെ മുൻഭാഗത്ത് നിന്നും, പോർച്ചുകടന്നുവരുമ്പോൾ കാണുന്ന വശത്തായിരുന്നു മിഖായേലിന്റെ മുറി. പോർച്ചിന്റെ ഭാഗത്തേക്കു തുറക്കുന്ന മൂന്നു ജനൽപ്പാളികളും ആ മുറിക്കുണ്ടായിരുന്നു. മുറിയുടെ ഭിത്തിയിലും,തറയിലുമൊക്കെയായ് അനേകം രേഖാചിത്രങ്ങളും, തുകലിന്റെ ചട്ടയുള്ള കുറെ പുസ്തകങ്ങളും അവിടെയാകെ ചിതറിക്കിടന്നിരുന്നു. ചൗക്കാളം വിരിച്ചിരുന്ന ഒരു കട്ടിൽചൂണ്ടി പീറ്ററിനോട് അതിൽ ഇരിക്കാൻ പറഞ്ഞ മിഖായേൽ; എതിർ വശത്തായിട്ടിരുന്ന മേശക്ക് സമീപമുള്ള കസേരയിലേക്ക് ചെന്നിരുന്നു. എന്നിട്ട് ആ മേശയുടെ ഒരു വശത്തിരുന്ന രേഖാചിത്രം ചുരുളഴിച്ച് അതിൽ നിവർത്തിവെച്ചു. പിന്നെ ഒരുനിമിഷം എന്തോ ആലോചിച്ച അയാൾ ; അലമാര തുറന്ന് ഒരു മദ്യക്കുപ്പിയും, രണ്ട് ഗ്ലാസ്സുകളുമെടുത്ത് വെളിയിലേക്ക് വെച്ചു.
ഒരു ഗ്ലാസ്സിൽ മദ്യം പകർന്ന് പീറ്ററിന് നേരെ നീട്ടിക്കൊണ്ട് മിഖായേൽ പറഞ്ഞു.
"പത്രോസ്...നീയിപ്പോൾ ഏറ്റെടുത്ത് ചെയ്യാൻ പോകുന്ന കാര്യത്തിനിറങ്ങും മുൻപ് : അതിനുവേണ്ടി ഞാൻ നടത്തിയ പ്രയത്നങ്ങളെക്കുറിച്ച് കുറെയെങ്കിലും നീ മനസ്സിലാക്കിയിരിക്കണം.. എങ്കിലെ ആ ലക്ഷ്യത്തിന്റെ വില നിനക്ക് അറിയാൻ പറ്റൂ.. "
മിഖായേൽ ഒരു മുഖവുരയോടെ പീറ്ററിനോട്
സംസാരിക്കാൻ തുടങ്ങി.
"ഞങ്ങൾ തലമുറകളായ് നാവികരാണ്. പോർട്ട്ഗീസിൽ നിന്നും വന്ന ഗാമയുടെ പിന്മുറക്കാർ..പറങ്കികൾ."
വാക്കുകൾ ഓരോന്നായ് പെറുക്കിയെടുത്തുപറയും പോലുള്ള അയാളുടെ ശബ്ദം, അഗാധതയിൽ നിന്നും കാതിലേക്ക് ഒഴുകിയെത്തുന്നതു പോലെ പീറ്ററിന് തോന്നി. തന്റെ ഗ്ലാസ്സിൽ നിന്നും ഒരുസിപ്പ് മദ്യം നുകർന്ന ശേഷം മിഖായേൽ അവനെ നോക്കിത്തുടർന്നു..
''യാത്രികരായിരുന്നു ഞങ്ങൾ.. കരയിലേയും കടലിലേയും, പൊന്നുതേടി അലയുന്ന സെയിലേർസ്.. ഒളിഞ്ഞും,തെളിഞ്ഞും കിടക്കുന്ന നിധികൾ തേടിയുള്ള ഞങ്ങളുടെ ഈ സഞ്ചാരത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. അങ്ങനെ കൈമാറ്റപ്പെട്ടുവന്ന ഈ രേഖകളുമായി ഞാൻ ഇന്ത്യയിലേക്കെത്തുന്നത് എൺപത്തിരണ്ടിലാണ്. പിന്നീട് കേരളത്തിലെത്തിയ ഞാൻ ഇവിടുത്തുകാരിയായ ഒരു സ്ത്രീയെ വിവാഹം കഴിച്ച് മട്ടാഞ്ചേരിയിലെ ജൂതത്തെരുവിൽ താമസം ആരംഭിച്ചു. അന്നുമുതൽ എന്റെ മുന്നിൽ ഒരു ലക്ഷ്യം മാത്രമായിരുന്നു ഉണ്ടായിരുന്നത്. എങ്ങനെയെങ്കിലും ഈ നിധി കൈക്കലാക്കുക. ഇതെന്റെ ഏഴാമത്തെ ദൗത്യമാണ്. അതിനർത്ഥം ഇതിന് മുൻപ് പരാജയപ്പെട്ട ആറ് ദൗത്യങ്ങൾ ഉണ്ടായിരുന്നു എന്നത് തന്നെ. പക്ഷെ ഇത്തവണ തോറ്റുപിന്മാറാൻ ഞാൻ ഒരുക്കമല്ല എനിക്കാ നിധി കിട്ടിയേതീരൂ. എന്നിട്ട് അതുമായ് ഈ നശിച്ച നാടുവിട്ട് എന്റെ വാഗ്ദത്തഭൂമിയിലേക്ക് മടങ്ങണം. ഇനിയെത്രകാലം ജീവിച്ചിരിക്കും എന്നെനിറിയില്ല പക്ഷെ എന്റെ മരണം അതെന്റെ മണ്ണിലാവണം. മിഖായേലിന്റെ കണ്ണുകൾ വല്ലാതെതിളങ്ങി.
തലേന്നുമുതൽ നടന്നുകൊണ്ടിരിക്കുന്ന ഓരോ സംഭവങ്ങളും പീറ്ററിന്റെ ഉള്ളിൽ അത്ഭുതവും, ഭയവും നിറച്ചുകൊണ്ടിരുന്നു. ഒരു കഥ കേൾക്കുന്ന കൊച്ചുകുട്ടിയുടെ കൗതുകത്തോടെ മിഖായേലിന്റെ വാക്കുകൾ ശ്രദ്ധിച്ച് കേട്ടുകൊണ്ടിരുന്ന പീറ്ററിന്റെ മുൻപിലേക്കപ്പോൾ; മിഖായേൽ.. കാളൂർ മനയുടെയും, മനപ്പറമ്പിന്റെയും രേഖാചിത്രം ചുരുൾ നിവർത്തി വെച്ചു.
*******
സമയം ഇഴഞ്ഞുനീങ്ങിക്കൊണ്ടിരുന്നു ബംഗ്ലാവിനും പരിസരത്തും ഇരുൾ പരന്ന് തുടങ്ങി മിഖായേലിനോടും, റേച്ചലിനോടും യാത്രപറഞ്ഞ് പീറ്റർ ബംഗ്ലാവിന് പുറത്തേക്കിറങ്ങി.. അവൻ ആ മുറ്റം മറികടക്കുമ്പോൾ ആ ബംഗ്ലാവിനുള്ളിൽ എവിടെ നിന്നോ ഇടവിട്ട് ഒരു നേർത്തതേങ്ങൽ മുഴങ്ങിക്കേൾക്കും പോലെ പീറ്ററിന് തോന്നി. അതിനെ അവഗണിച്ച് പീറ്റർ ആ മതിൽച്ചാടിക്കടന്നു.
(തുടരും)

മോഹൻ ബംഗ്ലാവ് നോവലൈറ്റ് I ഭാഗം 2 I Arun V Sajeev


 ഒന്നാംഭാഗം ലിങ്ക്
https://www.facebook.com/nallezhuth/posts/1186154308468105
ആ വെപ്രാളത്തിനിടയിൽ നീക്കിവെച്ചിരുന്ന ഓടിനിടയിലായുള്ള കഴുക്കോലിൽ അള്ളിപ്പിടിച്ച പീറ്റർ എങ്ങനെയൊക്കെയോ താഴെവീഴാതെ ആ കൂരയിൽ തൂങ്ങിക്കിടന്നു !.
പെട്ടെന്നുണ്ടായ ആ വീഴ്ച്ചയിൽ അവന്റെ ദേഹംതട്ടി, ഇളക്കിവെച്ചിരുന്ന ഓടുകളിൽ രണ്ടെണ്ണം കൂരയിലൂടെ നിരങ്ങിയിറങ്ങി മുറ്റത്തേക്ക് വീണ് ചിന്നിച്ചിതറിയിരുന്നു.. അതുവരെ അവിടെ ഉണ്ടായിരുന്ന നിശബ്ദതയെ ഭഞ്ജിച്ച് ആ ശബ്ദം എവിടെയൊക്കെയോ തട്ടി പ്രതിധ്വനിച്ചു. അവിചാരിതമായുണ്ടായ ഈ സംഭവം പീറ്ററിനെ ഒന്ന് ഭയപ്പെടുത്തി. പിടിവിട്ട് താഴേക്കു പോയാൽ തന്റെ അവസ്ഥയും ആ ഓടിന് തുല്യമാകുമെന്ന ചിന്ത അവനെ ഉൾക്കിടിലം കൊള്ളിച്ചു. പൊടുന്നനെ സമചിത്തത വീണ്ടെടുത്ത പീറ്റർ പഴയ സ്ഥലത്തേക്കുതന്നെ വലിഞ്ഞുകയറി. ആ വീഴ്ച്ചയിൽ അവന്റെ ഷർട്ടിന്റെ മുൻഭാഗമാകെ കീറിപ്പറിയുകയും..നെഞ്ചിലും, മുഖത്തും മുറിവുകളുണ്ടാവുകയും ചെയ്തിരുന്നു. ഓടിളക്കിമാറ്റിയ വിടവിനരികിൽ എത്തിയ അവൻ; കരുതലോടെ അതിന് സമീപത്തായ് ഇരുന്നശേഷം മുഖത്തും, മുടിയിഴകളിലും പറ്റിയ പായൽ തുടച്ചുനീക്കി.. പിന്നെ ആ വിടവിലൂടെ കാൽ താഴേക്കിട്ട് കഴുക്കോലിൽ തൂങ്ങി മച്ചിലേക്ക് ചാടിയിറങ്ങി.
നൂറുക്കണക്കിന് വവ്വാലുകൾ തൂങ്ങിക്കിടന്നിരുന്ന മച്ചിന്റെ ഉൾവശം മുഴുവൻ അവയുടെ വിസർജ്ജ്യത്താൽ രൂക്ഷഗന്ധം വമിക്കുന്ന നിലയിലായിരുന്നു. പീറ്റർ താഴേക്കിറങ്ങിയപ്പോളുണ്ടായ ഒച്ച കേട്ട്, കഴുക്കോലിൽ തൂങ്ങിക്കിടന്ന നരിച്ചീറുകൾ ഇളകി വല്ലാത്ത ശബ്ദം പുറപ്പെടുവിച്ച് അതിനുള്ളിലൂടെ തലങ്ങുംവിലങ്ങും പറക്കാൻ തുടങ്ങി.. അതിൽ ചിലതൊക്കെ അവന്റെ ദേഹത്ത് വന്നിടിക്കുകയും, ശരീരത്തിൽ അള്ളിപ്പിടിക്കുകയും ചെയ്തു. ദേഹത്ത്നിന്നും അവയെ എങ്ങനെയൊക്കെ: പറിച്ചെറിഞ്ഞ പീറ്റർ: അവയിൽ നിന്നും രക്ഷനേടുന്നതിനായ്.. ഇരുകൈകളും തലയിൽവെച്ച് ആ മച്ചിൽ മുട്ടുകുത്തി അനങ്ങാതെ കുറച്ച്സമയം കമിഴ്ന്നിരുന്നു.
ഒടുവിൽ ആ ബഹളം ഒന്നടങ്ങിയപ്പോൾ, തറയിൽ നിന്നും എഴുന്നേറ്റ അവൻ, തന്റെ കൈയ്യിലിരുന്ന സിഗരറ്റ് ലാമ്പിന്റെ പിൻവശത്തായുള്ള ടോർച്ച്തെളിച്ച് താഴേക്കിറങ്ങാനുള്ള വാതിൽ തിരയാൻ തുടങ്ങി..
ഏറെ നേരത്തെ അന്വേഷണത്തിനൊടുവിൽ ഭിത്തിയോട് ചേർന്നുള്ളൊരു ഭാഗത്തായ് അവനത് കണ്ടെത്തി.. അതിന്റെ വിടവിലൂടെ കൈകടത്തി മുകളിലേക്ക് വലിച്ച പീറ്ററിനെ അത്ഭുതപ്പെടുത്തിക്കൊണ്ട് ചെറിയൊരു ഞരങ്ങൽ ശബ്ദത്തോടെ ആ വാതിൽ മുകളിലേക്ക് തുറന്നുവന്നു. അതിന്റെ അകവശത്തുനിന്നുമുള്ള പൂട്ട് തുറന്നനിലയിലായിരുന്നു കിടന്നിരുന്നത് !. ആ വഴിയിലൂടെ ലാംപിന്റെ ടോർച്ച് തെളിച്ച് നോക്കിയ പീറ്ററിന്റെ കണ്ണുകൾ, താഴെ നടുത്തളത്തിലേക്കിറക്കുന്ന ഗോവണികൂടി കണ്ടപ്പോൾ സന്തോഷംകൊണ്ട് വല്ലാതെ തിളങ്ങി.
ഒട്ടും സമയം പാഴാക്കാതെ അവനാ ഗോവണി വഴി താഴേക്കിറങ്ങാൻ തുടങ്ങി. ചുറ്റുപാടും കണ്ണുകൾകൊണ്ട് പരതി അവസാനത്തെ പടിയുമിറങ്ങി നടുത്തളത്തിലേക്ക് കാൽതൊട്ടനിമിഷം.. പീറ്ററിന്റെ തലക്കുപിന്നിൽ എന്തോ ഒരു വസ്തുവിനാൽ ആഞ്ഞൊരു പ്രഹരമേറ്റു. അടിയേറ്റ ഭാഗത്ത് ഇരുകൈകളും പൊത്തിപ്പിടിച്ച് അവൻ ഒരാർത്തനാദത്തോടെ ബംഗ്ലാവിന്റെ നടുത്തളത്തിലേക്ക് കമിഴ്ന്നുവീണു.. ഒരു നൊടിയിൽ കണ്ണിലേക്ക് പടർന്നുകയറിയ ഇരുട്ടിനൊപ്പം തനിക്കുചുറ്റുമുള്ള ലോകം കീഴ്‌മേൽ മറിയുംപോലെ പീറ്ററിന് തോന്നി. ഒന്നു പിടഞ്ഞശേഷം ഒരു ഞരക്കത്തോടെ അവൻ നിശ്ചലനായ്.
ആ വീഴ്ചയിൽ ബോധരഹിതനായ്പ്പോയ പീറ്റർ പിന്നെ ഉണർന്നത് ജനലിന്റെ പായൽമൂടിയ ചില്ലുപാളിവഴി അരിച്ചെത്തിയ സൂര്യപ്രകാശം മുഖത്തുതട്ടിയപ്പോഴായിരുന്നു. പതിയെ കണ്ണുകൾ തുറന്ന അവന്റെ ബോധമണ്ഡലത്തിലേക്ക് തലേ രാത്രിയിലെ സംഭവങ്ങൾ ഓരോന്നായ് തെളിഞ്ഞുവന്നു. തലക്കുപിന്നിൽ പ്രഹരമേറ്റ ഭാഗത്ത് അസഹ്യമായ വേദനതോന്നിയ അവൻ, തറയിൽ നിന്നും പിടഞ്ഞെഴുന്നേൽക്കാനായ് ശ്രമിച്ചു. പക്ഷെ അതിന് കഴിയാത്തവിധം തന്റെ കൈകാലുകൾ തുണികൊണ്ട് വരിഞ്ഞ്ബന്ധിച്ച നിലയിലാണെന്ന് പീറ്ററിന് മനസ്സിലായി. പീറ്റർ അവിടെക്കിടന്നുകൊണ്ട് ചുറ്റുപാടും കണ്ണുകളോടിച്ചു.. താനിപ്പോൾ കിടക്കുന്നത്, ഗോവണിക്ക് ചുവട്ടിലുള്ള നടുത്തളത്തിലല്ലെന്നും, തന്നെ ആരോ അവിടെ നിന്നും വലിച്ചിഴച്ച് ഒരു മുറിയിലെത്തിച്ച ശേഷം കൈകാലുകൾ ബന്ധിച്ച് അതിനുള്ളിൽ അടച്ചിരിക്കുകയാണെന്നും പീറ്ററിന് മനസ്സിലായി. തന്നെ ബന്ധിച്ചിരിക്കുന്ന കുരുക്ക് അഴിച്ചെടുക്കുവാക്കാൻ മൂന്നുനാല് വട്ടം ശ്രമിച്ച അവൻ, അത് വിഫലമായപ്പോൾ, തറയിലൂടെ ഉരുണ്ട് വാതിലിനരുകിലേക്ക്ചെന്നു. എന്നിട്ട് തറയിൽ എഴുന്നേറ്റിരുന്ന് അടഞ്ഞുകിടന്ന വാതിൽപ്പാളിയിൽ തന്റെ ചുമലുകൊണ്ട് ആഞ്ഞിടിച്ചു. അതിനുപക്ഷെ ഒരിളക്കവും സംഭവിച്ചില്ല. ഒരു വട്ടംകൂടി ഇതാവർത്തിച്ച അവൻ
"തുറന്ന് വിടെടാ എന്നെ.. " യെന്ന് അവിടിരുന്ന് ഉച്ചത്തിൽ ആക്രോശിച്ചു. മറുപടി ഒന്നും ഉണ്ടാകാത്തതുകൊണ്ട് രണ്ടുമൂന്നു വട്ടംകൂടി അവൻ അതാവർത്തിച്ചു. കരിവീട്ടിയിൽ കൊത്തുപണികളോടെ നിർമ്മിച്ചിരുന്ന ആ വാതിൽപ്പാളിയിൽ ചുമലുകൊണ്ടിടിച്ച് തോൾ വേദനിച്ച് തുടങ്ങിയപ്പോൾ പീറ്റർ തന്റെ ശ്രമം ഉപേക്ഷിച്ച് തറയിൽ മലർന്നുകിടന്നു. വിശപ്പും,ദാഹവും അപ്പോൾ അവനെ വല്ലാതെ അലട്ടാൻ തുടങ്ങിയിരുന്നു.
അധികം വലിപ്പമില്ലാത്ത ഒരു മുറിയായിരുന്നു അത്. നിറം അടർന്നു തുടങ്ങിയ ഭിത്തികളിൽ ഈർപ്പം പായലുകൾ തീർത്തിരുന്നു. കനത്ത തേക്കിൻ പാളികളാൽ തീർത്തമച്ചും.. മാറാലയും,പൊടിപടലങ്ങളും മൂടിയ അകവശവും ആൾപ്പെരുമാറ്റമില്ലാത്തതിന്റെ എല്ലാ സൂചനയും നല്കി. കാലങ്ങളായ് ഉപയോഗിക്കാതെ കിടന്ന മുറിയുടെതറയിൽ ആകെ പടർന്നുകിടന്ന പൊടിയിലൂടെ തന്നെ വലിച്ചിഴച്ച് കൊണ്ടുവന്നതിന്റെ പാടും,ആരോ ചെരിപ്പിട്ടുനടന്ന പാടുകളും അവൻ കണ്ടു.
കുറച്ച് സമയത്തെ നിശബ്ദതക്ക് ശേഷം മുറിയുടെ പുറത്തുനിന്നും ഒരു കാൽപ്പെരുമാറ്റം പീറ്റർ കേട്ടു. അത് തന്നെ പൂട്ടിയിട്ടിരിക്കുന്ന വാതിലിന് സമീപത്തേക്കാണ് വരുന്നതെന്ന് മനസ്സിലാക്കിയ അവൻ..വാതിലിനരികിൽനിന്നും കരുതലോടെ ഒരു മൂലയിലേക്ക് ഇഴഞ്ഞുമാറി. ഏത് നിമിഷത്തിലും ഒരാക്രമണം അവൻ പ്രതീക്ഷിച്ചു.
വാതിലിന്റെ ഓടാമ്പൽ സാവധാനം ഇളകുന്ന ശബ്ദം കേട്ട് അവൻ ശ്വാസമടക്കി അവിടേക്കുതന്നെ ദൃഷ്ടിപതിപ്പിച്ചു. ഒരു ഞരക്കത്തോടെ തുറന്ന് വന്ന വാതിൽപ്പാളികൾക്കപ്പുറം മങ്ങിയ വെളിച്ചത്തിൽ അവൻ ഒരു രൂപംകണ്ടു. ഒരു വട്ടം കൂടി അവിടേക്ക് നോക്കിയ പീറ്ററിന്റെ കണ്ണുകളിൽ ആശ്ചര്യംനിഴലിച്ചു. ആ വാതിലിന് വെളിയിൽ നിന്നത് അവൻ പ്രതീക്ഷിച്ചതുപോലെ കരുത്തനായ ഒരു പുരുഷനായിരുന്നില്ല!. പകരം ദീർഘകായയായ ഒരു സ്ത്രീ അവിടെ തന്നെ നോക്കി നിൽക്കുന്നതുകണ്ട പീറ്റർ ഒട്ടൊന്നമ്പരന്നു. താൻ ഏറെ നിരീക്ഷിച്ചിട്ടും ഈ വീട്ടിൽ ആൾപ്പെരുമാറ്റത്തിന്റെ ലാഞ്ചന പോലും ഉണ്ടായിരുന്നില്ല. ഇവർ ആരാണ്..?!. ആരായാലും ശത്രുതന്നെ..അവൻ വാതിൽക്കലേക്ക് നോക്കി ഉച്ചത്തിൽ പറഞ്ഞു. "എന്നെ ഇവിടെ കെട്ടിയിട്ട നിന്റെ മറ്റവനോട് ഇതൊന്ന് അഴിച്ച് മാറ്റാൻ പറ..എന്നിട്ട് ഒളിച്ചിരിക്കാതെ നേരെവന്ന് മുട്ടാൻ പറ. അതാ ആണുങ്ങൾക്ക് ചേരണ പണി. "
ഒരു നിമിഷത്തെ നിശബ്ദതക്ക് ശേഷം ആ രൂപത്തിൽ നിന്നും അവന് മറുപടി ലഭിച്ചു
"നീ വെറുതെ കിടന്നൊച്ചവെക്കണ്ട.. എത്ര ഉറക്കെ ശബ്ദിച്ചാലും ഒരു കുഞ്ഞുപോലും അത് കേൾക്കില്ല. ഇതും പറഞ്ഞ് ആ വാതിൽകടന്ന് ആ സ്ത്രീ മുറിക്കുള്ളിലേക്ക് വന്നു. സൂര്യപ്രകാശത്തിൽ ഇപ്പോൾ അവന് അവരെ വ്യക്തമായ് കാണാം. നീലനിറത്തിലുള്ള ജീൻസും,ക്രീം കളർ കുർത്തയും ധരിച്ചിരുന്ന അവർക്ക് അഞ്ചര അടിക്ക്മേൽ ഉയരവും, തടിച്ച ശരീരപ്രകൃതവുമായിരുന്നു. കാഴ്ച്ചയിൽ നാല്പതിനോടടുത്ത് പ്രായം തോന്നിക്കുന്ന അവരുടെ വാക്കുകൾക്ക് അസാമാന്യ ആഞ്ജാ ശക്തിയുമുണ്ടായിരുന്നു.
ആ രൂപവും, ഒട്ടും കൂസലില്ലാത്ത അവരുടെ പെരുമാറ്റവും പീറ്ററിന്റെ ഉള്ളിലെ ധൈര്യത്തെ അപ്പാടെ ചോർത്തിക്കളഞ്ഞു.അവന്റെ കണ്ണുകളിൽ ദൈന്യത നിഴലിച്ചു.അത് മനസ്സിലാക്കിയിട്ടെന്നവണ്ണം അവർ അവനെ നോക്കി പറഞ്ഞു. ഞാൻ റേച്ചൽ തോമസ്.. ഒരു ആർക്കിയോളജിസ്റ്റാണ്. ഞാൻ പറഞ്ഞത് എന്താണെന്ന് നിനക്ക് മനസ്സിലായില്ലെങ്കിൽ കുറച്ചുകൂടി ലളിതമായ് പറഞ്ഞ് തരാം.. പുരാവസ്തുക്കളെക്കുറിച്ച് ഗവേഷണം നടത്തുന്ന ഒരാൾ..പഴയകൊട്ടാരങ്ങളും, വർഷങ്ങൾ പഴക്കമുള്ള ഇതുപോലുള്ള കെട്ടിടങ്ങളുമൊക്കെയാണ് എനിക്ക് താത്പര്യമുള്ള വിഷയം. അങ്ങനെയാണ് ഞാനീ ബംഗ്ലാവിനെക്കുറിച്ചറിയുന്നതും ഇവിടേക്ക് വന്നതും.''
ഒന്നു നിർത്തിയ അവർ, അവന്റെ സമീപത്തേക്ക് അല്പം കൂടി അടുത്തുവന്നിട്ട് പറഞ്ഞു. "നിന്റെ അറിവിലേക്കായ് ഒരു കാര്യം കൂടി ഞാൻ പറയാം..
നമ്മൾ രണ്ടുപേരും ഇവിടെ എത്തിയിട്ടുള്ളത് ഒരേ ലക്ഷ്യത്തിനായാണ്. നീ വന്നത് വളരെ ചെറിയ കാര്യത്തിനാണെങ്കിൽ.. എന്റെ ലക്ഷ്യം വളരെ വലിയ ഒന്നാണ്. ഇതുകൂടി നീ കേൾക്കുക നമ്മൾ പരസ്പരം സഹായിച്ചാൽ ഇതിനുള്ളിൽ ആരും അറിയാതെ കിടക്കുന്ന അളവറ്റ സമ്പാദ്യം നമുക്ക് പങ്കിട്ടെടുക്കാം."
പീറ്റർ ഒന്നും മനസ്സിലാവാത്ത ഭാവത്തിൽ റേച്ചലിന്റെ മുഖത്തേക്ക് നോക്കി.
അവനെ ശ്രദ്ധിക്കാതെ റേച്ചൽ തുടർന്നു .. "ഈ കെട്ടിടത്തിന്റെ രൂപം പണ്ടിങ്ങനെ ആയിരുന്നില്ല..ചോള രാജഭരണക്കാലത്ത് നായാട്ടിനെത്തുന്ന രാജാവിന് വിശ്രമിക്കാൻ വേണ്ടി പണിത വസതിയായിരുന്നു ആദ്യമിത. പിന്നീട് രാജാവിന്റെ ഒരു ആശ്രിതൻ കൈവശപ്പെടുത്തുകയായിരുന്നു. കാലാകാലങ്ങളായ് പല അവകാശികളിലൂടെ കൈമറിഞ്ഞ ഈ ബംഗ്ലാവിപ്പോൾ കോട്ടയത്തുള്ള മോഹൻ എന്ന പ്ളാൻററുടെ സ്വന്തമാണ്. പക്ഷെ അവരാരും അറിയാതെപോയ ഒരു രഹസ്യം ഈ കെട്ടിടത്തിലുണ്ട്!. ചേരന്മാരുടെ പടയോട്ടകാലത്ത് ഒളിപ്പിച്ചുവെച്ച ഉരുപ്പടികളുടെ അമൂല്യമായ ഒരു നിധിശേഖരം ഇതിന്റെ രഹസ്യ അറയിലുണ്ട്!.പത്ത് തലമുറകൾക്ക് സുഖമായ് കഴിയാൻതക്ക മൂല്യമുള്ള സമ്പത്ത്.''
പീറ്റർ തെല്ലമ്പരപ്പോടെ അവർ പറയുന്നത് ശ്രദ്ധിച്ച് കേട്ടു..എന്തായാലും താൻ കരുതിയത് പോലെ ഇവർ ശത്രുവല്ല. തന്നെയുമല്ല ഇവർ പറയുന്നത് സത്യമാണെങ്കിൽ ഇവിടെ നിന്നും ലഭിക്കാൻ പോകുന്നത് താൻ കരുതിയതുപോലെ പഴയ ഓട്ടുപാത്രമോ വിളക്കുകളോ ഒന്നുമായിരിക്കുകയില്ല.. ഇത്രനാളത്തെ തന്റെ എല്ലാ കഷ്ടപ്പാടുകളും തീർക്കാൻ തക്കവണ്ണമുള്ള ഒരമൂല്യസമ്പത്താണ് തന്റെ കൈവശം വന്നുചേരാൻ പോകുന്നത്. അവന്റെ മുഖം സന്തോഷം കൊണ്ടുവിടർന്നു.
ആ ഭാവമാറ്റത്തെ പാടെ അവഗണിച്ചുകൊണ്ട് റേച്ചൽ തുടർന്നു..
പക്ഷെ ആ അറതുറക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പത്താനകൾ ചേർന്നു ശ്രമിച്ചാൽപോലും തകർക്കാൻ കഴിയാത്ത കനത്ത വീട്ടിപ്പാളികളുള്ള വാതിൽ തുറന്നെങ്കിലേ അതിനകത്തേക്ക് കടക്കാൻ പറ്റു, പിന്നെയും ഏറെക്കടമ്പടകൾ കടന്നാലെ നിധി ഇരിക്കുന്നിടത്ത് എത്തിച്ചേരാൻ പറ്റൂ.തച്ചുശാസ്ത്ര വിദഗ്ദർ നിർമ്മിച്ചിട്ടുള്ള ആ വാതിലിന്റെ ഏഴുചുറ്റുകളുള്ള മണിപ്പൂട്ട് തുറക്കാൻ.. യഥാർത്ഥ താക്കോൽ തന്നെ വേണം താനും. അവിടെയാണ് നീ നിന്റെ മിടുക്ക് തെളിയിക്കേണ്ടത്. എനിക്ക് ലഭ്യമായ അറിവ്പ്രകാരം, ഇപ്പോളാ താക്കോലിരിക്കുന്നത് മേല്പത്തൂർമനയിലാണ്. മനപ്പറമ്പിലെ പൂജ മുടങ്ങിക്കിടക്കുന്ന ചെറിയമ്പലത്തിലെ പീഠത്തിനടിയിലെ രഹസ്യ അറയിലാണ് അതിന്റെ ഇപ്പോഴത്തെ സ്ഥാനം.
നിന്നെപ്പോലൊരു പഠിച്ചകള്ളന് അത് കൈക്കലാക്കുവാൻ വലിയ ബുദ്ധിമുട്ടുണ്ടാകില്ല. അതിൽ നിന്റെ മിടുക്ക് തെളിയിച്ചാൽ ഈ നിലവറയിലെ പാതിസമ്പാദ്യം നിനക്കുള്ളതാണ്.
"നിങ്ങളീപ്പറയുന്നതൊക്കെ സത്യമാണെന്ന് ഞാൻ എങ്ങനെ വിശ്വസിക്കും?. "പീറ്റർ അവരോട് ചോദിച്ചു.
"ചില ചോദ്യങ്ങൾക്ക് ഉത്തരമില്ല.അതിനൊട്ടു പ്രസക്തിയുമില്ല..അതുകൊണ്ടാണ് ഞാൻ നിന്റെ പേരുപോലും ചോദിക്കാത്തത് ചോദ്യങ്ങൾ വേണ്ട..ഉത്തരം മാത്രം മതി"
നിന്റെ മുന്നിൽ രണ്ട് വഴികളാണുള്ളത്. ഒന്നുകിൽ പട്ടിണികിടന്ന് ആരും വരാത്ത ഈ മുറിക്കുള്ളിൽ മരിച്ച് വീഴാം... അല്ലെങ്കിൽ അളവറ്റ സമ്പത്തിന്നുടമയായ് ശിഷ്ടകാലം ജീവിക്കാം..ഏത് വഴി തിരഞ്ഞെടുക്കണം എന്നത് നിന്റെ മാത്രം ചുമതലയാണ്. നീയല്ലെങ്കിൽ മറ്റൊരാൾ. എനിക്ക് സാധ്യതകൾ പലതാണ്.പക്ഷെ ഇപ്പോൾ എന്റെ മുന്നിലെ ഏറ്റവും എളുപ്പവഴി ഇതാണ്. നിനക്ക് ചിന്തിക്കാൻ ഞാൻ ഒരു മണിക്കൂർ സമയംതരാം..അതിനുള്ളിൽ ഉത്തരം വേണം. പിന്നൊരു കാര്യം; ഈ വിവരം പുറത്തറിയിച്ച് എന്നെ ചതിക്കാനാണ് ഭാവമെങ്കിൽ പിന്നെ നീയീ ഭൂമിക്ക് മുകളിൽ ഉണ്ടാവില്ല. ഇത് ഇതിന് ഉത്തരം നല്കിയതിന് ശേഷം മാത്രം നിന്റെ കെട്ടുകളഴിക്കുന്ന കാര്യം ചിന്തിക്കാം. ഇത്രയും പറഞ്ഞ ശേഷം ഞൊടിയിടയിൽ മുറിക്ക് വെളിയിലേക്കിറങ്ങിയ ആ സ്ത്രീ; പീറ്ററിന് മുന്നിലേക്ക് ആ വാതിൽ കൊട്ടിയടച്ചു.
(തുടരും)

മോഹൻ ബംഗ്ലാവ് I നോവലൈറ്റ് I Arun V Sajeev I ഭാഗം 1

 

നിലാവെളിച്ചം തളംകെട്ടിനിന്നിരുന്ന ആ രാത്രിയിൽ, തഴച്ചുവളർന്നുനിൽക്കുന്ന കമ്മ്യൂണിസ്റ്റുപച്ചകളുടെ മറപറ്റി പലവിധ ചിന്തകളുമായ് കാട്ടുപൊന്തയിലൂടെ മുന്നോട്ടുനടക്കുമ്പോൾ കള്ളൻപീറ്റർ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു. ദേഹത്തുരസിയ കൊടിത്തൂവവള്ളികൾ തീർത്ത തിണർപ്പിലനുഭവപ്പെട്ടുകൊണ്ടിരുന്ന അസഹ്യമായ ചൊറിച്ചിലിൽ.. കാൽച്ചുവട്ടിൽ നിന്നും വാരിയെടുത്ത പച്ചമണ്ണ് അമർത്തിതടവിക്കൊണ്ട് അവൻ മനസ്സിലിങ്ങനെ പറഞ്ഞു.
"ഇതോടെ ഇപ്പണി നിർത്തണം.. അവര് പറഞ്ഞപോലെ ആ അറ തുറക്കുമ്പം കിട്ടണതും മേടിച്ച് എളുപ്പന്ന് കൊടകിനോ,മൈസൂറിനോ കടക്കണം. ഇനിയൊള്ളകാലം വല്ല കൃഷിയോ,കച്ചവടമോ ഒക്കെ ചെയ്തങ്ങ് കൂടാം.. പോലീസിനെപ്പേടിച്ച് ജീവിച്ച് മടുത്തു."
കൈയ്യിൽ അവശേഷിച്ച മണ്ണ് നിലത്തേക്കിട്ട്. കൈ രണ്ടും ലുങ്കിയിൽ തുടച്ച് അവൻ വീണ്ടും നടക്കാൻ തുടങ്ങി.
" ഇഷ്ടംപോലെ ഉരുപ്പടികള് കാണുവായിരിക്കും അറക്കകത്ത്.. ഒരു തരത്തില് അത് കിട്ടണതൊരു പൊല്ലാപ്പാ..കാശായിട്ടായിരുന്നു നല്ലത്. എന്നതായാലും ഇത്രേം വലിയൊരു കോളൊപ്പിച്ചുതന്നതിന് പുണ്യാളന് സ്തുതി!. "
നടപ്പിനിടയിൽ മുകളിലേക്കൊന്ന് നോക്കിയിട്ടവൻ കഴുത്തിൽക്കിടന്ന ചരടിലെ വെന്തിങ്ങ എടുത്ത് ഇരുകണ്ണുകളിലും തൊട്ടു.
ആ വെന്തിങ്ങ അവന്റെ തലതൊട്ടപ്പൻ പത്രോസ് വൈദ്യന്റെ കൈയ്യിൽ നിന്നും പീറ്ററിന് കിട്ടിയതായിരുന്നു.. അതിനുള്ളിൽ പുണ്യാളന്റെ മുടിയിഴ ഉണ്ടെന്നാണ് മരണക്കിടക്കയിൽ വെച്ച് വൈദ്യൻ അവനോട് പറഞ്ഞത്.. " അവന്റെ കഴുത്തിലതുകെട്ടിയിട്ട് വിറയാർന്ന ചുണ്ടുകളാൽ വൈദ്യൻ പറഞ്ഞ വാക്കുകളപ്പോൾ പീറ്ററിന്റെ കാതിൽ അലയടിച്ചു. ''എടാ കുഞ്ഞെർക്കാ നീ ഒരിക്കലും ഇത് കൈമോശപ്പെടുത്തരുത്.. നിന്നെ ഏതാപത്തിൽ നിന്നും രക്ഷിക്കാനുള്ള കഴിവ് ഇതിനുണ്ട്. തലമുറകളായി കൈമാറി വന്ന വെന്തിങ്ങായാ ഇത്. എനിക്കെന്റെ അപ്പാപ്പൻ തന്ന മൊതലാ. ഇനി നെനക്കാ ഇതിന്നവകാശം.. ഇതിനുള്ളില് പുണ്യാളന്റെ മുടിയിഴ സൂക്ഷിച്ചുവെച്ചിട്ടുണ്ട്.. ഏതാപത്തിലും ഇതുനിന്നെ തുണക്കും. "
അത്കഴുത്തിൽ കെട്ടിയതിൽപ്പിന്നെ പീറ്ററിന് വല്ലാത്തൊരു ധൈര്യമാണ്. ഏത് പാതിരാക്കും, ഏത് അപകടംപിടിച്ച സ്ഥലത്തും ഒറ്റക്കവൻ പോകും. നാളിതുവരെ തന്നെ ആപത്തിൽ നിന്നും കാത്തത് ആ വെന്തിങ്ങയും, അതിലെ മുടിയിഴകളുമാണെന്ന് പീറ്റർ ഉറച്ച് വിശ്വസിച്ചു!.
പൊടുന്നന്നെ ഒരു രാപ്പക്ഷി ഇരുളിലൂടെ ചിറകടിച്ച് അവനരികിലുള്ള
മരത്തിലേക്ക് വന്നിരുന്നു. എന്നിട്ടത് ആ രാത്രിയുടെ നിശബ്ദതയെ ഭഞ്ജിച്ച് ഭയപ്പെടുത്തുന്ന ശബ്ദത്തിൽ മൂന്നുനാല് വട്ടം ചിലച്ചു. അതിന്റെ ആ കരച്ചിൽ കേട്ടപ്പോൾ.. കാതോരത്തിരുന്നാരോ "കൊത്തിച്ചുട്, കൊത്തിച്ചുട്" എന്ന് പറയുന്നതു പോലെയാണെന്ന് പീറ്ററിനുതോന്നി.
"മിക്കവാറും അവരെന്നെ നോക്കിയിരുന്ന് മുഷിഞ്ഞിട്ടുണ്ടാകും.. ദിവസം രണ്ടാകുന്നുപോയിട്ട്. പക്ഷെ " ഈ സാധനം " കൈയ്യിലിരിക്കുന്നിടത്തോളം കാലം.. ഞാനില്ലാണ്ട് അവർക്ക് തന്നത്താനെയൊന്നും ചെയ്യാൻ പറ്റത്തില്ല." അരയിലിരുന്ന കടലാസ് പൊതിയിൽ പീറ്റർ ഒന്നുകൂടി തൊട്ടു.
''ഒരു കണക്കിനോർത്താല് ഇതെനിക്ക് കിട്ടേണ്ട സംഗതി തന്നെയാ.. അല്ലേ; ഒരു പരിചയവുമില്ലാത്ത ഈ നാട്ടിലുവന്ന് ഒളിച്ച് താമസിക്കാൻ തോന്നേണ്ട കാര്യം വല്ലതും എനിക്കുണ്ടോ?!.
ഉപേക്ഷിച്ച നിലയിൽ മുന്നിൽക്കണ്ട ഒരു വളക്കുഴിക്കപ്പുറത്തേക്ക് ചാടിക്കടന്ന പീറ്റർ തന്റെ നടപ്പിന് കുറച്ചുകൂടി വേഗതകൂട്ടി.
"അന്വേഷിച്ച് പോയ സാധനം കൈയ്യുമ്മലോട്ട് വരാൻ, ശരിക്കും കഷ്ടപ്പെട്ടു.. എന്തൊക്കെയോ പ്രശ്നങ്ങളുള്ള സ്ഥലവാരുന്നു അത്!. ഒരു വഴിക്കെറങ്ങീട്ട് ജീവിതത്തിലിന്നേവരെ ഇത്രേം തടസ്സം ഒണ്ടായിട്ടില്ല..! അല്ലേ പണീംതീർത്ത്, കിട്ടണതും മേടിച്ച് എപ്പഴേ സ്ഥലം വിടാരുന്നു. "
പൊളിഞ്ഞുവീഴാറായ ഒരു പഴയ ഇരുവാക്കൈയ്യാലവരെ നീണ്ടതായിരുന്നു ആ കാട്ടുപൊന്ത. അതിൽ നിന്നും വെളിയിലേക്ക് കടന്ന അവൻ; കൈയ്യാലയിലെ കല്ലുകളടർന്ന കുത്തുപടവിറങ്ങി, താഴെ റബ്ബറില കൊണ്ട് പുതപ്പിട്ട ഒരുനീളൻ വഴിയുടെ അരികിലേക്കെത്തി.
"ഇനി പേടിക്കാനില്ല.. ഈ സമയത്ത് ഇതുവഴി ആരും വരത്തില്ല. ലയത്തിന്നരികീന്ന് കൊറെ ദൂരം എത്തീട്ടൊണ്ട്. അല്ലേത്തന്നെ പട്ടാപ്പകല് പോലും ആളുവരാത്ത ഈ കാട്ടുവഴിക്ക് ഈ നട്ടപ്പാതിരാക്ക് ആരുവരാൻ..?!"
ആ വഴിയിലേക്കു കടന്ന അവൻ,
കാലുകൾ ഉയർത്തിച്ചവിട്ടി അല്പം ശബ്ദമുണ്ടാക്കി നടക്കാൻ തുടങ്ങി. കള്ളന്റെ പദചലനം മാർജ്ജാരഗമനമായിരിക്കണമെന്ന് പീറ്ററിനറിയാം, പക്ഷെ അറിയാതൊന്ന് തൊട്ടാൽ പോലും ജീവനെടുക്കാൻ കഴിവുള്ള, ഉഗ്രവിഷം പേറുന്ന ഇഴജന്തുക്കളുടെ താവളമായ ഇത്തരം സ്ഥലങ്ങളെന്നുള്ള ഉത്തമബോധ്യം അവനുണ്ടായിരുന്നു.
"കഴിഞ്ഞ പ്രാവശ്യം എതിരുവശത്തെ പറമ്പിക്കൂടിയാ ഇങ്ങോട്ടേക്ക് വന്നത്.. പക്ഷെ ലയത്തിന്നരികീന്ന് കൊരച്ചോണ്ടുവന്ന ആ പട്ടി ഇത്തവണ കണക്ക്കൂട്ടലുകളെല്ലാം തെറ്റിച്ചു. അതിന്റെ കൺവെട്ടത്തുനിന്നും മാറിയാ കാട്ടുപള്ളയൊള്ള ഈ നശിച്ച വഴിയേ വരേണ്ടവന്നത്. "
പീറ്റർ തന്നത്താൻ അരിശംകൊണ്ടു.
രാത്രിക്ക്, നല്ലതണുപ്പുണ്ടായിരുന്നിട്ടുകൂടി ദീർഘ നേരത്തെ നടപ്പുകൊണ്ട് അവന്റെ ദേഹമാകെ വിയർപ്പ് ചാലുകൾ രൂപപ്പെട്ടിരുന്നു. തിണർപ്പിൽ ചൊറിഞ്ഞപ്പോഴുണ്ടായ പോറലുകളെ നീറ്റിക്കൊണ്ട് അത് പടർന്നൊഴുകിയപ്പോൾ; മനസ്സിൽ നിന്നും തികട്ടിവന്ന പച്ചത്തെറി ആ പട്ടിയെ വിളിച്ച് പീറ്റർ അല്പസമയം അവിടെനിന്ന് കിതപ്പടക്കി.
അടിവാരത്തുനിന്നും ഇരുളിന്റെ മറപറ്റിയുള്ള അവന്റെ നടപ്പുതുടങ്ങിയിട്ട് മണിക്കൂറ് കുറെയായിരുന്നു.. " ടൗണിലേ ചായക്കടേന്ന് കടലക്കറികൂട്ടി രണ്ടുകുറ്റി പുട്ടും കഴിച്ച് എട്ടുമണിക്കത്തെ ടി.വി വാർത്തേംകണ്ട് നടക്കാൻ തുടങ്ങിയതാണവൻ..ഓരോ ചുവടും വളരെ ശ്രദ്ധിച്ചാണ് വെച്ചത്ത്. പരിചയക്കാരും, അപരിചിതരും കള്ളന് ഒരുപോലെ പ്രശ്നക്കാരാണ്. "
കിതപ്പിന് അല്പം ശമനം വന്നപ്പോൾ..
ഇരുചെവിയും മൂടിക്കെട്ടിയിരുന്ന തോർത്തഴിച്ച് അരയിൽ മുറുക്കിക്കെട്ടി പീറ്റർ വീണ്ടും മുന്നോട്ട് നീങ്ങി. ഒരു വളവ് തിരിഞ്ഞപ്പോൾ കുറച്ചുമുന്നിലായ്ക്കണ്ട വലിയ മതിൽക്കെട്ട് അവന്റെ ഉള്ളിൽ വല്ലാത്തൊരാനന്ദം നിറച്ചു..താൻ ലക്ഷ്യത്തിലേക്കടുത്തിരിക്കുന്നു. കുറച്ച് സമയം കൂടി കഴിഞ്ഞാൽ തന്റെ ജീവിതത്തിന്റെ ഗതിമാറാൻ പോകുന്നു.. "ആനക്കെടുപ്പതും പൊന്നുണ്ടേ.. ആയിരപ്പറ മുത്തുണ്ടേ "ഒരു മൂളിപ്പാട്ട് പീറ്ററിന്റെ ഉള്ളിൽ വിരിഞ്ഞു. !.
ആ മതിൽക്കെട്ടിന് സമീപത്തേക്ക് പതുങ്ങിച്ചെന്ന പീറ്റർ, എന്തോ തിരയും പോലെ അതിന്റെ ചുവട്ടിലൂടെ കുറച്ചുദൂരം നടന്നു.. ഒരിടത്തെത്തിയപ്പോൾ..ഒന്നുനിന്ന അവൻ, അടിവശത്തെ കല്ലടർന്നുണ്ടായ ഒരു പഴുതിൽ കാലുറപ്പിച്ച് മതിലിന് മുകളിലേക്ക് വലിഞ്ഞുകയറി, മുകളിലെത്തിയ ശേഷം അവിടെത്തന്നെ പതുങ്ങിയിരുന്നുകൊണ്ട് അവൻ ആ പരിസരമാകെ ഒന്ന് കണ്ണോടിച്ചു.
അന്ന് പൗർണ്ണമി ആയിരുന്നു.. നിലാവിൽ തിളങ്ങിനിന്നിരുന്ന, മോഹൻബംഗ്ളാവിന് പഴമയുടെ പ്രൗഢിക്കൊപ്പം വല്ലാത്തൊരു നിഗൂഢതയും ഉണ്ടായിരുന്നു.
കൂട്ടമായ് പറന്നുനീങ്ങുന്ന നരിച്ചീറുകളുടെ ചിറകടി ശബ്ദവും, ഇടക്കിടക്ക് മുഴങ്ങിക്കേൾക്കുന്ന മൂങ്ങകളുടെ നേർത്ത മൂളലും, ചെറുതായ് വീശുന്ന പിശറൻ കാറ്റിൽ റബ്ബറിലകൾ ഉലയുന്ന ഒച്ചയുമൊഴിച്ചാൽ,പരിസരമാകെ വല്ലാത്തൊരുമൂകത തളംകെട്ടി നിന്നിരുന്നു.
ഇരുന്നിടത്തുനിന്നും ഒറ്റക്കുതിപ്പിന് താഴേക്കെത്തിയ പീറ്റർ നിലാവിനെ മറച്ച്, റബ്ബർ മരങ്ങൾ മുറ്റത്തുതീർത്ത നിഴലിലൂടെ പതിയെ മുന്നോട്ട് നീങ്ങി. ആ നിഴൽ അവസാനിക്കുന്നിടത്തായ് ഒന്നുനിന്ന അവൻ, ഷർട്ടിനുള്ളിലിരുന്ന കടലാസ് പൊതി അല്പംകൂടി താഴ്ത്തി വെച്ചശേഷം, മുറ്റം മുറിച്ചുകടന്ന് കാർപോർച്ചിലേക്ക് കയറി. പൊടിപടലങ്ങൾ മൂടിയ ഒരു വിന്റെജ് എൻഫീൽഡ് ബൈക്ക്, ഉപേക്ഷിച്ച നിലയിൽ അതിനുള്ളിൽ ഇരിപ്പുണ്ടായിരുന്നു.. പോർച്ചിന്റെ പിന്നിലെ തൂണിന്റെ ഓരം ചേർന്ന് അടുക്കള ഭാഗത്തേക്ക് കടന്ന അവൻ, ചായ്പ്പിനോടുചേർന്ന മുറിയുടെ പാതി അടഞ്ഞുകിടന്ന ജനാലക്കരികിലായ് ചെന്നുനിന്നു. പെട്ടെന്ന് വീശിയ തണുത്ത കാറ്റിൽ ഒന്നുലഞ്ഞ ജനാലപ്പാളികൾ സാവധാനം അവന് മുൻപിലേക്കപ്പോൾ തുറന്നുവന്നു.
********
രണ്ട് മാസങ്ങൾക്ക് മുൻപ് കിഴക്കേച്ചെരുവിലെ റബ്ബർ എസ്റ്റേറ്റിൽ ടാപ്പിംഗ് ജോലിക്കെന്ന വ്യാജേന ഒളിവിൽ കഴിയുമ്പോളാണ് കള്ളൻ പീറ്ററ്, ആദ്യമായ് ആ കെട്ടിടംകാണുന്നത്. ടാപ്പിംഗ് നിലച്ച റബ്ബർമരങ്ങൾ ചുറ്റുംവളർന്ന് ഒരു കോട്ടപോലെ നിൽക്കുന്ന പുരയിടത്തിന്റെ ഒത്തനടുവിലായ്, പഴയ രീതിയിൽ പണികഴിപ്പിച്ച ഒരു പടുകൂറ്റൻ ബംഗ്‌ളാവ്. സിമന്റുപാളികൾ അടർന്ന് പച്ചപ്പായൽപുതച്ച അതിന്റെ മതിൽക്കെട്ടിന്, താഴിട്ടുപൂട്ടിയ നിലയിൽ..തുരുമ്പുപിടിച്ചൊരു ഇരുമ്പുഗേറ്റും, ആ ഗേറ്റിനുമുകളിലായ് ഇരുമ്പുപട്ടകൾ വിളക്കിച്ചേർത്തുണ്ടാക്കിയ ഇംഗ്ലീഷ് അക്ഷരങ്ങളാൽ രേഖപ്പെടുത്തിയ ''മോഹൻബംഗ്ളാവ് " എന്നൊരു പേരും ഉണ്ടായിരുന്നു.
തീർത്തും വിജനമായ ആ ചുറ്റുപാടിൽ അങ്ങനെയൊരു കെട്ടിടം അവന്റെ ഉള്ളിൽ വല്ലാത്തൊരാകാംക്ഷ ജനിപ്പിച്ചു. പലവട്ടം ഒളിഞ്ഞുനിന്ന് നിരീക്ഷിച്ചിട്ടും അകത്തോ, പുറത്തോ ആൾപ്പെരുമാറ്റം ഉള്ളതായ് പീറ്ററിന് തോന്നിയില്ല. അവന്റെ ആ നിരീക്ഷണത്തിൽ ബംഗ്ലാവിന് ചുറ്റുപാടും വളർന്നു നിന്നിരുന്ന പൊന്തകൾക്കിടയിൽ നിന്നും.. ഒരു ഓട്ടുരുളിയും, നിലവിളക്കിന്റെ മുകൾത്തട്ടും അവന് ലഭിക്കുകയും ചെയ്തു. ഒരു കള്ളന്റെ ഉള്ളിൽ അന്തർലീനമായ്ക്കിടന്നിരുന്ന ചോദനകളെ ഉണർത്താൻതക്ക സവിശേഷതകളെല്ലാം ആ സാധനങ്ങൾക്കുണ്ടായിരുന്നു.
മോഹൻബംഗ്ലാവ് പീറ്ററിന്റെ ഉള്ളിൽ പുതിയൊരു ഉത്സാഹവും, ഉന്മേഷവും നിറച്ചു.
അങ്ങനെയാണ്, ഒരുവൈകുന്നേരം.. അവിരാ മുതലാളിയോട് അതുവരെയുള്ള പറ്റുംതീർത്ത്, വീടുവരെ പോയിവരാം എന്നും പറഞ്ഞ്, പീറ്ററ് ഷെഡ്ഡിൽനിന്നും ഇറങ്ങുന്നത്. അന്നുരാത്രി ബംഗ്ളാവിൽ കയറുന്നതിനുവേണ്ട തയ്യാറെടുപ്പുകൾ അതിന് ഏറെ മുന്നേതന്നെ അവൻ നടത്തിയിരുന്നു. അതിനുള്ള ഒരു എളുപ്പവഴിയും പല ദിവസങ്ങളിലായ്, നടത്തിയ രഹസ്യ നിരീക്ഷണങ്ങളുടെ ഫലമായ് അവൻ കണ്ടുവെക്കുകയും ചെയ്തിരുന്നു.
ഇരുളുംവരെ അടുത്തുള്ളൊരു പൊന്തയിൽ ഒളിച്ചിരുന്ന പീറ്റർ, നിലാവ് വീണുതുടങ്ങിയപ്പോൾ, തന്റെ ബാഗ് അവിടൊളിപ്പിച്ച്, മതിൽക്കെട്ട് ചാടിക്കടന്ന് വീടിന്റെ മുൻഭാഗത്തെത്തി. അവിടെ നിന്നും വീടിന്റെ പുറകുവശത്തേക്ക് കടന്ന അവൻ, കിണറിന്റെ കരയിൽ ചെന്നുനിന്നു. എന്നിട്ട് ഒരു വട്ടംകൂടി ചുറ്റുംനോക്കി തന്നെ ആരും ശ്രദ്ധിക്കുന്നില്ലന്നുറപ്പ് വരുത്തിയ ശേഷം, ഒച്ചയുണ്ടാക്കാതെ കപ്പിയിൽനിന്നും തൊട്ടികെട്ടിയിരുന്ന കയറഴിച്ചെടുത്ത് അതിന്റെ ബലം പരിശോധിച്ചു. പ്ളാസ്റ്റിക്ക് കൊണ്ടുണ്ടാക്കിയ ആ കയറിന്റെ വെള്ളത്തിൽ മുങ്ങിക്കിടന്നഭാഗം ദ്രവിച്ചനിലയിൽ ആയിരുന്നുവെങ്കിലും, തൊട്ടിയോടുചേർന്നവശത്തിന് അവൻ പ്രതീക്ഷിച്ചതുപോലെ;ഒരാൾക്ക് തൂങ്ങിക്കയറാൻ തക്ക ഉറപ്പൊക്കെ ഉണ്ടായിരുന്നു.
കയറുമായ് ചിമ്മിനിയുടെ അരികിലേക്ക് നടന്ന പീറ്റർ, ബലമുള്ള വശം അഴികളുള്ള ചിമ്മിനിയുടെ ജനലിലേക്ക് എറിഞ്ഞ് കൊരുത്തെടുത്തു. എന്നിട്ട് അതിൽ തൂങ്ങി ബംഗ്ലാവിന്റെ മേൽക്കൂരയിലേക്ക് കയറി. പായൽമൂടിക്കിടന്ന മേൽക്കൂരയുടെ ഓടുകൾക്ക്, പലഭാഗത്തും വഴുക്കൽ ഉണ്ടായിരുന്നു. എങ്കിലും, തികഞ്ഞ ഒരഭ്യാസിയുടെ മെയ്വഴക്കത്തോടെ അവൻ അതിലൂടെ അള്ളിപ്പിടിച്ചും, നിരങ്ങിനീങ്ങിയും പ്രധാന കൂരക്ക് മുകളിലായെത്തി.
ആ നീക്കത്തിന്നിടയിൽ അവന്റെ കൈത്തണ്ടയിലും, കാൽമുട്ടുകളിലും ചെറിയ പോറലുകൾ പറ്റിയെങ്കിലും, അധികം കുഴപ്പങ്ങളൊന്നുമില്ലാതെ തന്റെ ലക്ഷ്യത്തിന്റെ പാതിപൂർത്തിയാക്കിയതിൽ പീറ്റർ ആശ്വാസംകൊണ്ടു.
ഒരു നിമിഷം അവിടെനിന്ന് ചെവിവട്ടംപിടിച്ചിട്ടവൻ തന്റെ ഇരുകാലുകളും കൂരയുടെ ഇരുവശങ്ങളിലുമായ് ഉറപ്പിച്ച് രണ്ടുനിരയിലായുള്ള നാലോടുകൾ സാവധാനം ഇളക്കി മാറ്റി. നാലാമത്തെ ഓട് മാറ്റുമ്പോൾ .. ആ വിടവിലൂടെ മച്ചിൽ നിന്നും, പുറത്തേക്ക് ചിറകടിച്ചെത്തിയ നരിച്ചീറിൻ കൂട്ടത്തിൽ നിന്നും രക്ഷപെടാൻ, അവനൊന്ന് പിന്നിലേക്കാഞ്ഞു. ഒട്ടും പ്രതീക്ഷിക്കാതുണ്ടായ ആ സംഭവത്തിൽ കൂരയൂടെ മുകളിൽ നിന്നും തെന്നിയ പീറ്റർ വേച്ചു പിന്നാക്കം വീണ് താഴേക്ക് നിരങ്ങിനീങ്ങി.
(തുടരും)

Written by Arun V Sajeev

ഇറമ്പിലമ്മാൻ | Arun V Sajeev


 "ഇറമ്പിലമ്മാൻ മരിച്ചു. "
തലേരാത്രി ഉണ്ടായ നെഞ്ചുവേദന കൊണ്ട് ഇറമ്പിലമ്മാൻ ഇഹലോകവാസം വെടിഞ്ഞുവെന്ന ഈ വാർത്തയും പേറിയാണ് തിരുവാൻകുന്നിൽ അന്ന് നേരംപുലർന്നത്. പാൽക്കാരൻ സുബ്രൻ തന്റെ സൈക്കിളിൽ നിന്നുമിറങ്ങാതെ, ഈ കാര്യം ചായക്കടക്കാരൻ ശങ്കരേട്ടനോട് വിളിച്ചുപറയുമ്പോൾ, അയാൾ സമോവറിരിക്കുന്ന അടുപ്പിന് തീ കൊളുത്തുന്നതേ ഉണ്ടായിരുന്നുള്ളൂ.
ഇത് കേട്ടതും ശങ്കരേട്ടൻ ആരോടെന്നില്ലാതെ പറഞ്ഞു "ഇന്നലെ വൈകുന്നേരംകൂടെ ഇവിടെവന്ന്..ചെറുകടീം വാങ്ങി, ഒള്ള പഴത്തൊലിയും കെട്ടിപ്പെറുക്കിപ്പോയതാരുന്നു.. മനുഷ്യന്റെ കാര്യം ദാ ഇത്രേയൊക്കെയേ ഒള്ളൂ !. "
നാട്ടിടവഴികൾ താണ്ടി വാർത്ത തിരുവാൻകുന്നിലെമ്പാടും പടർന്നപ്പോൾ, അന്നാട്ടിലെ വിവാഹം കഴിഞ്ഞ ആണുങ്ങൾ ആശ്വാസം കൊള്ളുകയും, സ്ത്രീകൾ തങ്ങളുടെ മാറിന് കുറുകെ ഇട്ടിരുന്ന മേൽമുണ്ട് വലിച്ച് നേരെയിടുകയും ചെയ്തു.
************
തിരുവാൻകുന്ന് ഗ്രാമത്തിലെ എണ്ണംപറഞ്ഞ ധനികനും, പരിശ്രമശാലിയായ കർഷകനുമായിരുന്നു ഇറമ്പിലമ്മാൻ. ആറടി ഉയരവും, വെളുത്തുതടിച്ച ശരീരപ്രകൃതവുമുള്ള അമ്മാന്
വയസ്സ് എഴുപതിനോടടുത്തായിരുന്നു. ചെറുപ്പകാലം മുതൽക്കേയുള്ള തന്റെ അദ്ധ്വാനശീലം കൊണ്ട് ഈ പ്രായത്തിലും, ദേഹപുഷ്ടിക്കൊത്ത ആരോഗ്യം കൈമുതലായുള്ള അമ്മാൻ..തിരുവാൻകുന്നിലെ ഗ്രാമവീഥികളിലൂടെ ഇരുകൈകളും വീശി നടന്നുവരുന്ന കാഴ്ച്ച, കാണേണ്ട ഒരരങ്ങുതന്നെ ആയിരുന്നു.
അമ്മാന്റെ യഥാർത്ഥ പേര് നാണുവെന്നായിരുന്നു. അത് തിരുവാൻകുന്നുകാർക്കിടയിൽ ഇറമ്പിലമ്മാൻ എന്നായ് മാറിയതിനുപിന്നിൽ രസകരമായൊരു കഥയുണ്ട്. തിരുവാൻകുന്ന് ഗ്രാമത്തെച്ചുറ്റിയൊഴുകുന്ന
താന്നിപ്പുഴയാറിന്റെ ഇറമ്പുകളിലും, കുളിക്കടവുകളോട് ചേർന്നുള്ള കുറ്റിക്കാടുകളിലും, പതിവായ് ചുറ്റിത്തിരിയുന്ന ഒരു സ്വഭാവം നാണുഅമ്മാവനുണ്ടായിരുന്നു. ഈ പ്രകൃതം കാരണം പുഴയിൽ കുളിക്കാൻ വരുന്ന സ്ത്രീകൾ അമ്മാവനെ ഒരു ശല്യക്കാരനായാണ് കണ്ടിരുന്നത്. അവരിലാരോ ആണ് നാണുഅമ്മാവനെ, ഇറമ്പിലമ്മാവൻ എന്നാദ്യം വിശേഷിപ്പിച്ചത്. ആദ്യമൊക്കെ ഒളിഞ്ഞും, പിന്നീട് തെളിഞ്ഞും ആളുകൾ അമ്മാവനെ ഈ പേര് വിളിക്കാൻ തുടങ്ങി. കാലക്രമത്തിൽ ഇറമ്പിലമ്മാവൻ എന്ന വിളിപ്പേര് ലോപിച്ച് ഇറമ്പിലമ്മാൻ എന്നായിത്തീരുകയും, തിരുവാൻകുന്നിലെ ആബാലവൃദ്ധം ജനങ്ങൾ അമ്മാവനെ ഈ പേര് വിളിച്ച് തുടങ്ങുകയും ചെയ്തു. എന്നാൽ രസകരമായ വസ്തുത ആളുകൾ തന്നെ ഇങ്ങനെ വിളിക്കുന്നതിൽ അമ്മാവന് തെല്ലും പരിഭവമുണ്ടായിരുന്നില്ല എന്നതാണ്!.സ്വന്തം പേര് വെളിപ്പെടുത്തേണ്ട അവസരം വരുമ്പോൾ ചിലപ്പോഴൊക്കെ അമ്മാവനും "ഇതു ഞാനാടാ.. ഇറമ്പിലമ്മാൻ " എന്ന മട്ടിൽ ആ വിളിപ്പേര് പറയുകയും ചെയ്തുപോന്നിരുന്നു.
ഇറമ്പിലമ്മാൻ ആളൊരു രസികനും, പരോപകാരിയും മേൽ പ്രസ്താവിച്ച 'ആ'ദോഷമൊഴിച്ചാൽ മറ്റു ദു:ശ്ശീലങ്ങളൊന്നുമില്ലാത്തവനും ആയിരുന്നു. പക്ഷെ സ്ത്രീവിഷയത്തിൽ അമ്മാൻ അഗ്രഗണ്യനാണെന്നും, പല ദിക്കുകളിലുമുള്ള സ്ത്രീകളുമായി ഈ പ്രായത്തിലും അമ്മാൻ രഹസ്യബന്ധം പുലർത്തുന്നുണ്ടെന്നും ഉള്ള സംഗതി തിരുവാൻകുന്നിലെ മുതിർന്നവർക്കിടയിൽ പരസ്യമായ രഹസ്യവുമായിരുന്നു.
അമ്മാന് ബന്ധുക്കളോ, സ്വന്തക്കാരോ ആയി നിലവിൽ ആരും ഉള്ളതായിട്ട് നാട്ടുകാരുടെ അറിവിൽ ഇല്ലായിരുന്നു!. അങ്ങനെ ഒരാളെപ്പോലും ഇക്കാലയളവിന്നുള്ളിൽ അവരാരും കണ്ടിട്ടുമില്ല. അമ്മാന്റെ തിരുവാൻകുന്നിലേക്കുള്ള വരവിനെക്കുറിച്ച് വാമൊഴിയായുള്ള അറിവിൻപ്രകാരം, വിവാഹശേഷം തെക്കൂന്നെങ്ങാണ്ട്.. ഭാര്യയോടൊപ്പം തിരുവാൻകുന്നിലെത്തിയ ടിയാൻ, വസ്തുവകകളും, വീടും വാങ്ങി ഇവിടെ താമസം തുടങ്ങുകയായിരുന്നുവെന്നാണ്.
തിരുവാൻകുന്നിലെത്തി ഒരുവർഷം തികയുംമുമ്പേ ഇറമ്പിലമ്മാന്റെ ഭാര്യ, ഭർത്താവിന്റെ പരസ്ത്രീബന്ധത്തിൽ പൊറുതികെട്ട് അയാളെയുപേക്ഷിച്ച്, മറ്റൊരുത്തന്റെകൂടെ പോയെന്നും പഴമക്കാര് പറയുന്നുണ്ട്. അവർ പരമസാധുവും, സുന്ദരിയുമായ ഒരു സ്ത്രീ ആയിരുന്നുവത്രേ!
പിന്നീട് വേറേ വിവാഹം കഴിക്കാതിരുന്ന അമ്മാൻ, തന്റെ വീട്ടിൽ കുറെ കാലികളും, ആടുകളും, നായ്ക്കളുമൊക്കെയായി ഒറ്റക്കങ്ങു പൊറുക്കാൻ തുടങ്ങി. താമസംവിനാ ഇറമ്പിലമ്മാന്റെ വീട് തിരുവാൻകുന്നിലെമ്പാടുമുള്ള പുരുഷപ്രജകളുടെ പ്രധാന താവളമായ് മാറി. അവിടിരുന്ന് ഇറമ്പിലമ്മാന്‍ തനിക്കുചുറ്റും തമ്പടിക്കുന്ന ആ യുവകേസരികളോട് പലദേശങ്ങളിലും പോയി, താൻ തരുണീമണികളോടൊത്തു ശയിച്ച വീരസാഹസകഥകൾ വിളമ്പി. അങ്ങനെ വളരെപ്പെട്ടന്നുതന്നെ അവരുടെ മുമ്പില്‍ അമ്മാൻ താരപരിവേഷമുള്ളവനും, അവരുടെയൊക്കെ ആരാധനാപാത്രവുമായി മാറി. തന്റെ സമപ്രായക്കാരായ ഏറെ ആളുകൾ ആ നാട്ടിലുണ്ടായിരുന്നുവെങ്കിലും, അമ്മാന്റെ ചങ്ങാതിമാർ തിരുവാൻകുന്ന് ഗ്രാമത്തിലെ വിവാഹം കഴിയാത്ത യുവാക്കളായിരുന്നു. കാലങ്ങൾക്കു മുൻപെ തുടങ്ങിയ ഈ പതിവ് ഇപ്പോഴും അമ്മാൻ തുടർന്നു പോന്നിരുന്നു. അവർക്കുവേണ്ടി എന്തുസഹായം ചെയ്യാനും അമ്മാന് മടിയില്ലായിരുന്നു. തിരുവാൻകുന്നിലെ കൈരളി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന് സ്വന്തം കെട്ടിടം നിർമ്മിച്ച് നല്കിയതും, അവിടേക്ക് വേണ്ട വിനോദോപകരണങ്ങൾ വാങ്ങി നല്കിയതും അമ്മാനായിരുന്നു. ഇടക്കൊക്കെ അവരോടൊപ്പം സ്കൂൾ മൈതാനത്ത് പന്ത് കളിക്കാനും, ശങ്കരേട്ടന്റെ ചായപ്പീടികയിലെ തെയിലസഞ്ചി പിഴിഞ്ഞുണ്ടാക്കുന്ന ചുവന്ന കടുപ്പൻ ചായകുടിക്കാനുമൊക്കെ അമ്മാൻ സമയം കണ്ടെത്തിയിരുന്നു. കളിക്കിടയിലും മറ്റും അവരുതങ്ങളിലുണ്ടാകുന്ന തർക്കങ്ങൾ പറഞ്ഞ് തീർക്കുന്ന മധ്യസ്ഥനും അമ്മാനായിരുന്നു.അമ്മാന്റെ തീർപ്പുകൾ അവർക്ക് സ്വീകാര്യവുമായിരുന്നു.
അങ്ങനെ തന്റെ ഈ ജീവിതകാലയളവിൽ, തിരുവാൻകുന്നിലെ മൂന്നുനാലു തലമുറകൾക്ക്, സ്ത്രീവിഷയത്തിൽ മാനസഗുരുവും,മറ്റുകാര്യങ്ങളിൽ ഉറ്റ ചങ്ങാതിയുമായി മാറിയ അമ്മാൻ, അവർക്കൊക്കെ, ഉപദേശങ്ങളിലൂടെ സ്ത്രീജാതികളായ പത്മിനിയെയും, ശംഖിനിയെയും, ചിത്രിണിയെയും, ഹസ്തിനിയെയും തിരിച്ചറിയാനുള്ള അടയാളങ്ങളും, അവരെയൊക്കെ വശംവദരാക്കേണ്ട മാർഗ്ഗങ്ങളും പകർന്നുനല്കി. തനിക്ക് ചുറ്റും കൂടുന്നവരോടെക്കെ അമ്മാൻ പതിവായ് പറയുന്ന ഒരു കാര്യം ഉണ്ടായിരുന്നു. "വെറും വയറെ കാച്ചാതെ കുടിക്കുന്ന ആട്ടിൻ പാല്, പിന്നെ ഒരു പച്ചമുട്ട..കൽപ്പം സേവിക്കുന്നതിന് സമമാ.. എന്റെ ഈ ചൊടിയും, കരുത്തുമൊക്കെ ഞാൻ അങ്ങനെ ഉണ്ടാക്കി എടുത്തതാ. നിങ്ങളും ഇതൊരു ശീലമാക്കണം."
ഇത്തരം ഉപദേശങ്ങളിൽ ആവേശംപൂണ്ട്, ആശാന്റെ പാഠങ്ങൾ പ്രയോഗത്തിൽവരുത്താൻശ്രമിച്ച ശിഷ്യഗണങ്ങളിൽ ചിലർക്ക് പ്രതിഫലമായ് ലഭിച്ചത് മർദ്ദനവും, മാനഹാനിയുമൊക്കെ ആയിരുന്നു .. എങ്കിലും തങ്ങള്‍ അമ്പേ പരാജയപ്പെട്ടിടത്ത്, ഈ പ്രായത്തിലും അമ്മാൻ വിജയിച്ചുകൊണ്ടിരിക്കുന്ന കഥകളിൽ അത്ഭുതംപൂണ്ട അവരൊക്കെ, ഇറമ്പിലമ്മാന്റെ ചരിതങ്ങൾ പൊടിപ്പും തൊങ്ങലും വെച്ച് കാലാകാലങ്ങളായ് തിരുവാൻകുന്നിലെമ്പാടും പാടിനടക്കാൻ തുടങ്ങി. അങ്ങനെ അമ്മാന്റെ തലവെട്ടം കാണുമ്പോഴേക്കും അവിടുള്ള സ്ത്രീകൾ വഴിമാറി നടക്കാനും, ഭാര്യാസമേതരായി പോകുന്ന പുരുഷന്മാർ അതിർത്തികാക്കുന്ന ജവാന്മാരെപ്പോലെ ജാഗരൂകരാകാനും തുടങ്ങി.
കാര്യങ്ങൾ ഇങ്ങനെയൊക്കെയായിരുന്നിട്ടും തിരുവാൻകുന്നിലെ താമസക്കാരായ സ്ത്രീകളൊന്നും അമ്മാന്റെ കഥകളിലില്ലായിരുന്നു. അതേക്കുറിച്ച ചോദിക്കുമ്പോൾ, "ഓ, ഞാനൊന്നു വിരല് ഞൊടിച്ചാൽ നടക്കാത്തതായിട്ടൊന്നും ഒരിടത്തും ഇല്ലന്നെ. പിന്നെ, എന്നെ മോഹിപ്പിക്കണവളുമാര് ഇന്നാട്ടിലൊട്ടില്ലാതാനും. അങ്ങനെ ഒരുത്തി വരട്ടെ. അന്നേരം നോക്കാം." എന്നായിരുന്നു മറുപടി.
എന്നിരുന്നാലും നാട്ടിലെ ആദ്യകാലഗണിക, അമ്മിണിയമ്മായിയുടെ ഇളയപുത്രൻ, ഇറമ്പിലമ്മാന്റേതാണ് എന്നായിരുന്നു തിരുവാൻകുന്നിൽ പൊതുവെ ഉള്ള സംസാരം. അവന്റെ സ്കൂൾരജിസ്ട്രറിൽ പിതാവിന്റെ സ്ഥാനത്ത് എഴുതിയിരിക്കുന്ന പേരും, ഒപ്പും അമ്മാന്റെതാണത്രേ! "ങ്ങ്ഹാ, ഒരബദ്ധം പറ്റിപ്പോയി. എന്നതായാലും എന്റെ ചോരയല്ലേ? എന്നാപ്പിന്നെ അവന്റെ പഠിത്തോം, അവരുടെ ചെലവും ഞാൻ നോക്കാമെന്നങ്ങുവെച്ചു” എന്നായിരുന്നു അതിനെക്കുറിച്ചുള്ള കൃസൃതിച്ചോദ്യള്‍ക്കുള്ള അമ്മാന്റെ മറുപടി. അതിന്നുശേഷമാണത്രേ അമ്മിണിഅമ്മായി തന്റെ തൊഴില് നിറുത്തി മാന്യമായ് ജീവിക്കാൻതുടങ്ങിയത്.
അങ്ങനെ മൊത്തത്തിൽപ്പറഞ്ഞാൽ, പെണ്ണുങ്ങളുള്ള വീട്ടിൽ കയറ്റാൻ കൊള്ളാത്തവനെങ്കിലും..ഉള്ളിൽ നന്മയുള്ളവനും, ആളുകൊണ്ടും, അർത്ഥംകൊണ്ടും ഉപകാരിയും ആണ് അമ്മാനെന്നായിരുന്നു തിരുവാൻകുന്നുകാരുടെ ഏകകണ്ഠമായ അഭിപ്രായം.
***************"
ഇറമ്പിലമ്മാന്റെ മരണവിവരമറിഞ്ഞ് നാട്ടുകാരെല്ലാം ചെറു സംഘങ്ങളായ് ആ വീട്ടിലേക്കെത്താൻ തുടങ്ങി. വെയിലിനുതെളിച്ചം കൂടുന്നതനുസരിച്ച് സംഘങ്ങളുടെ എണ്ണവും കൂടിവന്നു. പതിവില്ലാത്ത ആൾക്കൂട്ടം വീടിന്റെ പരിസരത്തുകണ്ട് അമ്മാന്റെ വളർത്തുനായ ചെമ്പൻ അവന്റെ ചങ്ങല ബന്ധിച്ചിരുന്ന ഇരുമ്പ് കുറ്റിക്ക് ചുറ്റും അസ്വസ്ഥതയോടെ ഉഴറി നടന്നു. ഇതിനിടയിൽ അരികിലൂടെ കടന്നുപോയ ചിലർക്ക് നേരെ അവൻ മുരണ്ടുകൊണ്ട് കുതിച്ചുചാടുകയും, പതിവായ് കാണുന്നവരെ വാലാട്ടിക്കാണിക്കുകയും ചെയ്തു. ആരോ ചായക്കടയിൽ നിന്നും രാവിലെ വാങ്ങിക്കൊടുത്ത ദോശ, തിന്നാതെ ഉറുമ്പരിച്ച നിലയിൽ അവന്റെ പാത്രത്തിൽ കിടപ്പുണ്ടായിരുന്നു. നേരമേറെ വൈകിയിട്ടും കൂടുതുറന്ന് വിടാത്തതിൽ പ്രതിഷേധിച്ച് അമ്മാന്റെ കോഴികൾ തൊഴുത്തിനരികിലെ കൂട്ടിൽ നിന്നും ഇടവിട്ട് നീട്ടിയും കുറുക്കിയും പ്രതിഷേധ ശബ്ദങ്ങളും പുറപ്പെടുവിച്ചുകൊണ്ടിരുന്നു.
വീട്ടിലേക്കെത്തിയ നാട്ടുകാർ കൂട്ടം തിരിഞ്ഞ് , വീടിന് സമീപത്തുള്ള തെങ്ങിൻചുവട്ടിലും, പശു ഒഴിഞ്ഞ തൊഴുത്തിന്റെ വശങ്ങളിലുമൊക്കെ നിന്ന് പതിഞ്ഞ ശബ്ദത്തിൽ സംസാരിക്കാൻ തുടങ്ങി. അവരുടെ ആ ചര്‍ച്ചയില്‍ പലകാര്യങ്ങളും ഉയര്‍ന്നുവന്നു. ചിലർ ചോദിച്ചു
“ആര് മരണാനന്തരകര്‍മ്മങ്ങള്‍ ചെയ്യും? "
"മറ്റു ബന്ധുക്കൾ ഇല്ലാത്തനിലയ്ക്ക് അമ്മിണിയുടെ മോൻ അത് ചെയ്യട്ടെ." മറ്റൊരു കൂട്ടർ മറുപടി പറഞ്ഞു. "അങ്ങനെ ഉറപ്പിക്കാൻ വരട്ടെ, ആര് പറഞ്ഞു വേറെ ബന്ധുക്കളില്ലെന്ന്?" ഇറമ്പിലമ്മാന് പല ദിക്കുകളിലുള്ള സ്ത്രീകളുമായും ബന്ധമുണ്ട്. അതെല്ലാം ഈ നാട്ടുകാർക്ക് അറിയാവുന്ന കാര്യവുമാണ്. ഒരു പക്ഷേ അവരിലും ഇതുപോലെ അവകാശികളുണ്ടാവാം." വേറെ ചിലർ എതിർവാദം ഉന്നയിച്ചു. അമ്മാന്റെ ഭാരിച്ച സ്വത്തു മുഴവൻ അമ്മിണിയുടെയും, മകന്റെയും കൈവശം വന്നുചേരുന്നതിൽ അസൂയപൂണ്ടവരായിരുന്നു ഇതിനു പിന്നിൽ.
"അതും ശരിയാ..ഇവര് പറയണതിലും ന്യായമുണ്ട്. പിന്നീട് അവകാശികൾ വന്നാൽ അത് കേസും പുക്കാറുമൊക്കെയാകും. " കുറെപ്പേർ അവരോടൊപ്പം ചേർന്നു. അങ്ങനെ വളരെപ്പെട്ടെന്ന്
വിരുദ്ധാഭിപ്രായമുള്ള രണ്ടു ചേരികൾ അവിടെ രൂപം കൊണ്ടു. "
പതിഞ്ഞ ശബ്ദത്തിൽ തുടങ്ങിയ ആ തർക്കം, ഒത്തുതീർപ്പാകാതെ ശബ്ദകോലാഹലവും,വെല്ലുവിളികളും ഒക്കെയായ് മാറിയപ്പോൾ നാട്ടിലെ പ്രമാണിമാർ ഇതിനൊരു പരിഹാരമുണ്ടാക്കാനായ് മുൻകൈയ്യെടുത്തു. ഇറമ്പിലമ്മാൻ ഇക്കാര്യത്തിന് തീർപ്പായി എന്തെങ്കിലും രേഖ തയ്യാറാക്കിവെച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ അവർ തിരുമാനിച്ചു. അങ്ങനെ പാടത്തിന്നക്കരെ താമസിക്കുന്ന മാളികവീട്ടിൽ ഔസേപ്പുവക്കീലിന്റെയും, തിരുവാൻ കുന്നിലെ പലചരക്ക് കടക്കാരൻ അപ്പുവാശാന്റെ മരുമകൻ പോലീസുകാരൻ രമേശന്റെയും നേതൃത്വത്തിൽ രണ്ടുമൂന്ന് പേർ വീടിനുള്ളിൽ കയറി തിരച്ചിൽ ആരംഭിച്ചു.
ആ തേടലിനൊടുവിൽ, അമ്മാൻ പതിവായ് കിടന്നിരുന്ന വീട്ടിക്കട്ടിലിന്റെ ചുവട്ടിലുണ്ടായിരുന്ന കാൽപ്പെട്ടിയിൽ നിന്നും അവർക്കൊരു താക്കോൽക്കൂട്ടം കിട്ടി. അതുപയോഗിച്ച് അമ്മാന്റെ പൂട്ടിക്കിടന്ന തടി അലമാര തുറന്ന അവർക്ക് അധികം ബുദ്ധിമുട്ടാതെതന്നെ അതിന്റെ ഉള്ളറയിൽനിന്നും, പ്ളാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ് ഭദ്രമായ് സൂക്ഷിച്ച നിലയിൽ ഒരു മുദ്രപ്പത്രം ലഭിച്ചു.
അതുമായി മുൻവാതിലിനരികിലേക്കെത്തിയ തിരച്ചിലുകാരെക്കണ്ട് അവിടെക്കൂടിയിരുന്നവരുടെ ദൃഷ്ടി അങ്ങോട്ടേക്ക് തിരിഞ്ഞു. പൊടുന്നനെ അതുവരെ അവിടെ മുഴങ്ങിക്കേട്ട ശബ്ദകോലാഹലങ്ങളൊതുങ്ങി ഒരു നിശബ്ദത പരന്നു. അവരെ എല്ലാം ഒന്നുനോക്കിയിട്ട് ഔസേപ്പ് വക്കീൽ രമേശന്റെ കൈയ്യിൽ നിന്നും ആ മുദ്രപ്പത്രം വാങ്ങി, എല്ലാവർക്കും കേൾക്കത്തക്ക വിധം അതിൽ എഴുതിയിരുന്നത് അല്പം ഉറക്കെ വായിച്ചു.
"തിരുവാൻകുന്നു കാരുടെ അറിവിലേക്കായി ഉത്തമ ബോധ്യത്തോടെ ഞാൻ എഴുതി തയ്യാറാക്കിയ മരണപത്രം. എന്റെ കാലശേഷം ഇതിൽ എഴുതിയിരിക്കും പോലെ എന്റെ സ്വത്തുവകകളിൽ പാതി അവകാശം, പുരയ്ക്കലെ അമ്മിണിക്കും, അവളുടെ മകനും ആണ്. അവൻ എന്റെ സ്വന്തം പുത്രനല്ലെങ്കിലും, മനസ്സാ ഞാൻ അങ്ങനെ കരുതുന്നു. അവനാണ് എനിക്ക് കൊള്ളിവെക്കേണ്ടത്. മറുപാതി എന്റെ മുൻ ഭാര്യക്കുള്ളതാണ്. ഒരിക്കലും ഒരു വിവാഹജീവിതം നയിക്കാൻ കഴിവില്ലാത്തവനായിരുന്ന ഞാൻ, അക്കാര്യം മറച്ചുവെച്ചാണ് അവളെ കല്യാണം കഴിച്ചത്. ആ തെറ്റിന് പരിഹാരമായ് ഞാനാണ് അവളെ മറ്റൊരു വിവാഹത്തിന് പ്രേരിപ്പിച്ചതും, അനുയോജ്യനായ ഒരാളെ കണ്ടെത്തി അതു നടത്തിയതും. ചുവടെ കൊടുത്തിരിക്കുന്ന വിലാസത്തിൽ അന്വേഷിച്ചാൽ അവളെ നിങ്ങൾക്കു കണ്ടെത്താനാകും.
എന്ന് നാണു. "
അതു വായിച്ചുകേട്ടപ്പോൾ, പറഞ്ഞറിയിക്കാനാവാത്ത എന്തൊക്കെയോ വികാരവിക്ഷോഭങ്ങളാൽ തങ്ങൾ നിശ്ചലരായിപ്പോകുന്നതായ് അവിടെക്കൂടിയിരുന്നവർക്കു തോന്നി. സ്വയം മെനഞ്ഞെടുത്ത അനേകം കഥകളുമായ് സമർത്ഥമായ് തങ്ങളെയെല്ലാം കബളിപ്പിച്ചുകൊണ്ടിരുന്ന ആ മനുഷ്യനോട് അവർക്കപ്പോൾ തെല്ലും ദേഷ്യം തോന്നിയില്ല. തന്റെ കുറവുകളെ മൂടിവെക്കാൻ അയാൾ മെനഞ്ഞ കെട്ടുകഥകളേക്കാൾ, തിരുവാൻ കുന്നുകാരുടെ മനസ്സിലപ്പോളുണ്ടായിരുന്നത് നാണുമ്മാവന്റെ ചെയ്തികളിലെ നന്മകൾ മാത്രമായിരുന്നു.
അന്ന് പകൽ വിടവാങ്ങിയപ്പോൾ തിരുവാൻകുന്നിനെ തഴുകി പടിഞ്ഞാറെ ചക്രവാളത്തിലേക്കുമടങ്ങിയ ചുവന്ന സൂര്യന്നൊപ്പം, ഇറമ്പിലമ്മാന്റെ ചിതയിലെ അവസാനത്തെ കനലും കെട്ടണഞ്ഞു.
പക്ഷേ, ഇരുട്ട് പരന്നുതുടങ്ങിയ ആ നേരത്തും ഇതൊന്നുമറിയാതെ, ചിലർ അമ്മാനെയും പ്രതീക്ഷിച്ചിരിപ്പുണ്ടായിരുന്നു!. തനിക്കും, തന്റെ മക്കൾക്കും പതിവായ് കിട്ടിക്കൊണ്ടിരുന്ന ആറ്റിറമ്പിലെ പയർവള്ളികളുടെ ഇളംതലപ്പുമായ് ഇറമ്പിലമ്മാന്‍ എത്തേണ്ട നേരം ഏറെവൈകി എന്നറിയിച്ചുകൊണ്ട്, അമ്മാന്റെ വെളുമ്പിയാട് ആ വീടിന്റെ പിൻഭാഗത്തെ കൂട്ടിൽക്കിടന്ന്‍ ഉച്ചത്തിൽ കരഞ്ഞുകൊണ്ടേയിരുന്നു.
(അവസാനിച്ചു)

Written by Arun V sajeev

ആലീസ് ഇൻ പാഞ്ചാലിനാട്

 


നല്ലെഴുത്തിന്റെ സ്വന്തം അരുൺ.വി.സജീവ് എഴുത്തിലേക്ക് വന്നിട്ട് വളരെക്കുറച്ച് നാളുകളെ ആയിട്ടുള്ളൂ. തന്റെ ജീവിതഗന്ധിയായ കഥകളിലൂടെയും കവിതകളിലൂടെയും നമ്മെ രസിപ്പിക്കുകയും, ചിരിപ്പിക്കുകയും, സങ്കടപ്പെടുത്തുകയും ഒപ്പം അമ്പരപ്പിക്കുകയും ചെയ്യുന്ന അദ്ദേഹം ആസ്വാദകരായ നിരവധി പേരേ എഴുത്തിന്റെ ലോകത്തിലേക്ക് കൈ പിടിച്ചു നടത്തുകയും ചെയ്തു.

നല്ലെഴുത്ത് പ്രസിദ്ധീകരിച്ച 'ജാലകക്കാഴ്ചകൾ' എന്ന കഥാസമാഹാരത്തിലൂടെയും ഒട്ടനവധി ആരാധകരെ സൃഷ്ടിച്ച് മുന്നേറുകയാണ് ആ അനുഗ്രഹീത തൂലിക.
ഏവരും സ്വപ്നം കാണുന്ന മലയാള സിനിമയിലേക്ക് തന്റെ ആദ്യ ചിത്രമായ 'ആലീസ് ഇൻ പാഞ്ചാലിനാടുമായി' അദ്ദേഹം എത്തുന്നു. അതിൽ ഒരു ചെറിയ വേഷം ചെയ്യാൻ എനിക്കും ഭാഗ്യമുണ്ടായി.
ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം മെയ് 28ന് കേരളത്തിലെ പ്രമുഖ തീയറ്ററുകളിൽ പ്രദർശനത്തിന് തയ്യാറായിട്ടുള്ള 'ആലീസ് ഇൻ പാഞ്ചാലിനാടിന്റെ' കഥ തിരക്കഥാ പങ്കാളിയാണ് അരുൺ, സംവിധാനം സുദിൻ വാമറ്റം.
വ്യത്യസ്തമായ കഥയും, അപ്രതീക്ഷിത ക്ലൈമാക്സും, മികച്ച ലൊക്കേഷനുകളും, മനോഹരമായ ക്യാമറാവർക്കും, ഒഴുക്കോടു കൂടിയ ദൃശ്യാനുഭൂതി പകർന്ന് തരുന്ന സംവിധാനമികവും, പ്രതിഭകളുടെ മികച്ച അഭിനയവും, ഇമ്പമാർന്ന ഗാനങ്ങളും ഒക്കെയായി.. പാഞ്ചാലി നാടെന്ന അത്ഭുതലോകവുമായി 'ആലീസ് ഇൻ പാഞ്ചാലിനാട്' ഒഫീഷ്യൽ പോസ്റ്റർ റിലീസിന് ഹൃദയം നിറഞ്ഞ
ആശംസകൾ
.
- ഗണേശ് -

വെളിപാടിന്റെ രഹസ്യം, അഥവാ വെളിച്ചപ്പാടിന്റെ പ്രതികാരം

.


*********************************
തിരുനടക്കുമുൻപിൽ ഭക്തിയോടെ തൊഴുതുനിന്ന ദുശ്ശാസനക്കുറുപ്പ്,
പൊടുന്നനേ... ''കാവിലമ്മേ നീ കാത്തോളണേ.. " എന്ന് ഉച്ചത്തിൽ ഒരു നിലവിളി ശബ്ദം അങ്ങോട് പുറപ്പെടുവിച്ചു!. എന്നിട്ട് തന്റെ കൈയ്യിലിരുന്ന ഒരുയെമണ്ടൻ തേങ്ങാ, സർവ്വശക്തിയും എടുത്ത് ഉടകല്ലിലേക്ക് നീട്ടി എറിഞ്ഞു!.

പൊട്ടൻഷ്യൽ എനർജി ഈക്വൽടു.. മാസ് ഇൻറു, ഗ്രാവിറ്റി ഇൻറു, ഹൈറ്റ് എന്ന ഫോർമുല ഉൾക്കൊണ്ടുകൊണ്ട് വായുവിലൂടെ കുതിച്ച് പാഞ്ഞ ആ കല്പതരൂഫലം നേരെപോയി കല്ലിലിടിച്ച് " oപ്പേ" എന്ന വലിയ ശബ്ദത്തിൽ പൊട്ടിത്തെറിച്ചു.

തികച്ചും ശാന്തമായിരുന്ന ദേവാലയാന്തരീക്ഷത്തിലെ നിശബ്ദതയെ ഭഞ്ജിച്ചുകൊണ്ട്
അപ്രതീക്ഷിതമായ് മുഴങ്ങിക്കേട്ട ഈ നിലവിളിയും, വെടിശബ്ദവും വെളിച്ചപ്പാട് നീലാണ്ടനെ ഞെട്ടിത്തരിപ്പിച്ചു.. കുളപ്പടവിലിരുന്ന് ഉടവാള് രാകിമൂർച്ചകൂട്ടിക്കൊണ്ടിരുന്ന അയാൾ വാളുമെടുത്ത് "ഭഗവതീ... " എന്ന നീട്ടിയുള്ള വിളിയുമായ് പരിഭ്രാന്തനായ് ശ്രീകോവിലിന് മൂന്നു വലംവെച്ചു.

ഇതുകണ്ട് ആകാശത്തേക്ക് നോക്കി കൈകൂപ്പിയ കുറുപ്പ്, സമീപംനിന്ന ഭാര്യ മണ്ഡോദരിയോട് പറഞ്ഞു.. "എല്ലാം ദേവികേട്ടു മണ്ഡൂ... ഇത്തവണ ആറാംവാർഡ് നിനക്കുതന്നെ .. ദാ കണ്ടില്ലേ ദേവി വെളിച്ചപ്പാടിലൂടെ നിമിത്തം കാട്ടിയേക്കണു!. "
ഓട്ടത്തിനിടയിൽ ബലിക്കല്ലിലിടിച്ച് ചെറുവിരലിന്റെ നഖംപറിഞ്ഞ വെളിച്ചപ്പാട്; ദുശ്ശാസനക്കുറുപ്പിന്റെ ഈ പറച്ചില്കേട്ട് ചൂടൻ ചേമ്പ് വിഴുങ്ങിയാൽ പുറപ്പെടുവിക്കുന്ന ''ഹൗ.. "എന്ന പോലെ കേട്ടുകൊണ്ടിരുന്ന തന്റെ വേദനാ ശബ്ദത്തെ ങ്ങ്ഹേ..! എന്ന ആശ്ചര്യമാക്കി മാറ്റി വാ പൊളിച്ച് കാലും തിരുമ്മിനിന്നു.

*******
വാമനപുരം പഞ്ചായത്തിലെ ആറാംവാർഡ്, നിലവിൽവന്ന കാലം മുതൽ ഭരിച്ചുപോന്നത് ദുശ്ശാസനക്കുറുപ്പായിരുന്നു. അതിന് വേണ്ടിയാണ് കുറുപ്പ് മുതലാളിപ്പാർട്ടിയിൽ ചേർന്നതും, മണ്ഡലംസെക്രട്ടറി ആയതും.

കുറുപ്പിന്റെ നാളിതുവരെയുള്ള ഭരണവകയിൽ കിട്ടിയതാണ് വീട്ടിലെ വലിയ എരുത്തിലും, അതിലെ ഗോക്കളും, യൂറോപ്യൻ ക്ലോസറ്റുവെച്ച കക്കൂസുമൊക്കെ!. മക്കൾക്കും, മരുമക്കൾക്കും വകമാറ്റിയ ഇനങ്ങളുടെ ലിസ്റ്റ് വളരെ നീണ്ടതാകയാൽ അതിവിടെ ചേർക്കുന്നില്ല. ക്രാന്തദർശികളായ കുറുപ്പിന്റെ മാതാപിതാക്കൾ തങ്ങളുടെ മകന്റെ ശാസന(ഭരണം) ''ദു: " തന്നെയാവും എന്ന് ജനിച്ചകാലത്തെ മനസ്സിലാക്കിയിട്ടാവണം, ടിയാന് ഇത്തരത്തിലൊരു പേരിട്ടത്. ആറാം വാർഡ്കാർക്ക് കുറുപ്പിന്റെ എല്ലാ കൈയ്യിട്ടുവാരലും അറിയാമെങ്കിലും.. നൂറ്റ്ക്ക്പത്ത് പലിശക്കാശ് വാങ്ങിയിട്ടായാലും പത്തു പുത്തൻ കടംതരാൻ കുറുപ്പദ്ദേഹമെ നാട്ടിലൊള്ളൂ.. എന്ന ചിന്തയിൽ, അവർ വിരലിൽ മഷി പുരട്ടുമ്പോൾ അങ്ങ് കഴുതയാകാൻ തീരുമാനിക്കും. അതാണല്ലോ ജനാധിപത്യത്തിന്റെ ഒരിദ്!.

എന്നാൽ ഇത്തവണ കുറുപ്പിന്റെ എല്ലാ പ്രതീക്ഷകളേയും തെറ്റിച്ചു കൊണ്ടായിരുന്നു ആ പ്രഖ്യാപനം വന്നത്. ആറാം വാർഡ് ഇക്കുറി വനിതാസംവരണവാർഡായ്മാറിയിരിക്കുന്നു. ഇതുകേട്ടതും കുറുപ്പ് തന്റെ ഇടനെഞ്ച് അമർത്തിത്തടവി..! അതിനൊരു കാരണം കൂടി ഉണ്ട്.. ഏറെ നാളത്തെ ശ്രമഫലമായി വാമനപുരത്തെ വലിയതോടിന് കുറുകെ ഒരു തടയണ പണിയാനുള്ള അനുമതി കുറുപ്പ് നേടി എടുത്തിരുന്നു.
ഇതൊരു ''തടയണ " കാര്യമായതിനാൽ, രണ്ടാം നിലയുടെ വാർപ്പ് പണിക്കുളള കമ്പിയും, സിമൻറും അതിൽ നിന്നും ചൂണ്ടാനുള്ള ശ്രമത്തിലായിരുന്നു കുറുപ്പ്.
അപ്പോഴാണ് ഈ വാർത്ത വന്നത്.

ഇതിനെന്താണൊരു പോംവഴി എന്നു ചിന്തിച്ച് വേവലാതി പൂണ്ട കുറുപ്പ് ഒരുദിനം ഉമ്മറത്ത് തല മാന്തി ഇരുന്നപ്പോഴാണ് കൈയ്യിൽ ഒരു കുറ്റിച്ചൂലുമായ്.. കുട്ടിത്താറാവിനെേപ്പോലെ ഭാര്യ മണ്ഡോദരിയമ്മ ആ തിരുമുൻപിൽ പ്രത്യക്ഷപ്പെട്ടത്.

ആ വരവ് കണ്ടതും കുറുപ്പിന്റെ മുഖത്ത് എലിപുന്നെല്ലുകണ്ടതുപോലൊരു ചിരി തെളിഞ്ഞുവന്നു. കാര്യം നാലാംക്ലാസ്സും ഗുസ്തിയുമാണെങ്കിലും, ആഡംബരത്തിലും, ഇംഗ്ലീഷ് പരിജ്ഞാനത്തിലും മുൻപന്തിയിലുള്ളവളായിരുന്നു മണ്ഡോദരിയമ്മ.. നാടൊട്ടുക്കും ഇളക്കി മറിക്കാൻ പ്രപ്ത!. പണ്ടൊരിക്കൽ ദുശ്ശാസ്സനക്കുറുപ്പ് "സണ്ണിലിയോണിനെ " കാണാൻ പോയെന്ന് പറഞ്ഞ് നാട്ടിൽ ഭൂകമ്പം സൃഷ്ടിച്ചതായിരുന്നു പ്രധാന നേട്ടം..! യാത്രകഴിഞ്ഞ് കുറുപ്പ് മടങ്ങി എത്തിയപ്പോഴാണ് കാണാൻ പോയത് ''സൺ ഇൻ ലോയെ " ആയിരുന്നുവെന്ന് നാട്ടുകാർക്ക് പിടികിട്ടിയത്!.

തനിക്കു പകരം അറിവിന്റെ ആ നിറകുടത്തെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ കുറുപ്പ് മനസ്സാ തീരുമാനമെടുത്തു.
എതിർ സ്ഥാനാർത്ഥി റാഹേലമ്മ ആയിരിക്കുമെന്നകാര്യം ഉറപ്പാണ്. തന്നെ എങ്ങനെയെങ്കിലും പരാജയപ്പെടുത്തുക എന്നതാണ് ആ തരകന്റെയും കൂട്ടരുടേയും ലക്ഷ്യം. എങ്ങനേയും ഭരണം വിട്ടുകൊടുക്കാതിരിക്കുക. രണ്ടാം നിലയുടെ വാർപ്പ് ജോലികൾ തടയണകൊണ്ട് തീർക്കുക.
ആ ലക്ഷ്യത്തോട് കൂടി കുറുപ്പ് കരുക്കൾ നീക്കാൻ തുടങ്ങി.

എന്തായാലും പത്രികാ സമർപ്പണത്തിന് ഇനിയും, മൂന്നുനാല് ദിവസം സമയമുണ്ട്.. അതുവരെ ഇരുചെവി അറിയാതെ കാര്യങ്ങൾ നീക്കണം. ചുറ്റും ശത്രുക്കളാ. ഇങ്ങനെ ചിന്തിച്ച കുറുപ്പ്..സഭാതർക്കം മൂലം പള്ളിയിൽ കയറി മെഴുകുതിരി കത്തിക്കാൻ റാഹേലമ്മക്ക് പറ്റാത്തതുകൊണ്ട്;
ആദ്യ പടിയായ് ഭക്തി വകുപ്പിൽ ഒരു മുൻതൂക്കം നേടുന്നതിന് വേണ്ടിയാണ്.. ഭാര്യയുമായ് കാലത്തെ അമ്പലത്തിൽ എത്തിയതും, തേങ്ങാഉടച്ചതും, ഈ സംഭവവികാസങ്ങൾ ഉണ്ടായതും.

*******
വേദന തിങ്ങിയ വദനവുമായ് നിന്ന വെളിച്ചപ്പാടിനോട്.. കുറുപ്പ് ശബ്ദം താഴ്ത്തി തന്റെ സന്ദർശനോദ്ദേശം അറിയിച്ചു. കൂടെ ഒരു ചെറുഗാന്ധിയേയും തൃക്കൈയ്യിൽ വെച്ചുകൊടുത്തു. ആ ആവേശത്തിൽ
ഓതിയ മന്ത്രജലം മണ്ഡോദരിയമ്മയുടെ നിറുകിലൊഴിച്ച് വെളിച്ചപ്പാട് നീലാണ്ടൻ ഉറഞ്ഞ്തുള്ളി.

അനന്തരം ക്വാറന്റൈനിൽ പോയ വെളിച്ചപ്പാട് നാട്ടുകാർക്ക് മുൻപിൽ ഇങ്ങനെ ഒരു വെളിപാട് നടത്തി.. "കോവിഡ് പോസിറ്റീവ് ആയ എന്റെ പ്രഥമ സമ്പർക്കപ്പട്ടികയിൽ.. കുറുപ്പും, ഭാര്യയും പെട്ടിട്ടുണ്ട്. ഇനി പതിനാല് ദിവസത്തേക്ക് അവരെ ഒരുകാരണവശാലും വെളിയിൽ ഇറങ്ങാൻ നിങ്ങൾ സമ്മതിച്ചേക്കരുത്. " വെളിച്ചപ്പാടിന്റെ ആ വെളിപ്പെടുത്തലിൽ.. നാളുകൾക്ക് മുൻപ് കുറുപ്പ് വകമാറ്റിയ ഒരു സൗജന്യ ശൗചാലയത്തിന്റെ വാതിൽ മലർക്കെത്തുറന്നങ്ങനെ കിടപ്പുണ്ടായിരുന്നു!.

അരുൺ -

സൂരരെ പോട്ര


സൂര്യ നായകനായ് അഭിനയിച്ച സുധാ കൊംഗരാ പ്രസാദ് സംവിധാനം ചെയ്ത തമിഴ്ചലച്ചിത്രം.. സൂരരെ പോട്ര, പരിമിതമായ സാഹചര്യത്തിൽ നിന്നുകൊണ്ട്, വ്യവസ്ഥിതികളോട് പൊരുതി ജയിച്ച കാപ്റ്റൻ GR ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച സിനിമയാണ്.
ഒരു സാധാരണക്കാരന്റെ മകനായ് ഇടത്തരം കുടുംബത്തിൽ ജനിച്ച GRG അനേകം പ്രതിസന്ധികൾ തരണം ചെയ്ത് അക്കാലത്ത് കോമൺ പീപ്പിൾസിന് വേണ്ടി ഒരു എയർലൈൻസ് കമ്പനി " എയർഡെക്കാൻ " ആരംഭിച്ചത് വാഴ്ത്തപ്പെടേണ്ട ഒരു ചരിത്രം തന്നെയാണ്. അദ്ദേഹമാണ് സാധാരണക്കാരനു കൂടി വ്യോമയാത്ര സാധ്യമാകും വിധത്തിൽ യാത്രാക്കൂലിയിൽ കുറവുണ്ടാക്കാൻ മുൻകൈ എടുത്തത്.
കിംഗ്ഫിഷർ എയർലൈൻസും ഇത്തരം ഒരു സംരഭമായിരുന്നെങ്കിലും, അതിന്റെ പിന്നിൽ ഇന്ത്യകണ്ട വലിയൊരു സാമ്പത്തിക തട്ടിപ്പ്കാരനായിരുന്നു ഉണ്ടായത്. വിധിവശാൽ എയർ ഡക്കാൻ ചതിയിലൂടെ കൈക്കലാക്കി അയാൾ ക്യാപ്റ്റനെ ക്രമേണ ആ കമ്പനിയിൽ നിന്നും പുറം തള്ളുകയും ചെയ്തു. ഒരാൾ ചെയ്യുന്ന സദ്:പ്രവൃത്തി ചെറുതെങ്കിലും, അത് മഹത്തരമാകുന്നത് അയാൾ അതു ചെയ്യുമ്പോളുള്ള സാഹചര്യം കൊണ്ടും, അതിന് വേണ്ടി നടത്തുന്ന ആത്മാർത്ഥമായ പരിശ്രമം കൊണ്ടുമാണ്.
അത്തരത്തിൽ ചിന്തിക്കുമ്പോൾ GRG യുടെ പരിശ്രമം വാഴ്ത്തപ്പെടേണ്ടത് തന്നെയാണ്.
സംവിധായികയോടൊപ്പം ശാലിനി ഉഷാദേവി തിരക്കഥ രചിച്ചപ്പോൾ സംഭാഷണം എഴുതിയിരിക്കുന്നത് വിജയ് കുമാറാണ്. നെടുമാരനായ് സൂര്യയും, ബൊമ്മിയായ് അപർണ്ണബാലമുരളിയുമൊക്കെ തകർത്തഭിനയിച്ച ചിത്രത്തിന്റെ ടൈറ്റിൽ ഒരു ഓർമ്മപ്പെടുത്തലാണ്.
പറഞ്ഞുകേട്ട ചരിത്രത്തേക്കാളധികമുണ്ട് പറയാതെ പോയവരുടെ ചരിത്രം. കണ്ടിരിക്കേണ്ടതും, പ്രചോദനം പകരുന്നതുമായ ഒന്നാണ് ഈ സിനിമ.
ധീരർ വാഴ്ത്തപ്പെടട്ടേ..
Written by
Arun V Sajeev

ഫോർ ദ പീപ്പിൾ


(നർമ്മ കവിത)
****************
പാർട്ടിക്കാരഞ്ചാറു
പേരൊത്തുചേർന്നിട്ട്..
പുഞ്ചിരിച്ചന്തിക്ക്
വീട്ടിലെത്തി.
പോർട്ടിക്കോക്കുള്ളി-
ലേക്കേറി ഇരുന്നവർ
നിർത്താതെ വാക്കാൽ
കസർത്തുകാട്ടി..
ഓർത്തിടേണം,ചേട്ടാ
ബൂത്തിലെത്തീടുമ്പോൾ..
കാർത്തികേയന്നു-
തന്നോട്ടിടേണം.
ഈവട്ടം കൂടിയീ
പാർട്ടി ഭരിച്ചെന്നാൽ..
കീഴാറ്റുകുന്നിന്റെ
മോന്ത മാറും..!
പാലാരിവട്ടത്തെ
പാലത്തിനൊത്തൊരു
ചേലൊത്തപാലം
പുഴക്ക് തീർക്കും..!
വറ്റാത്ത പൂഞ്ചിറ
മൂടിയിട്ടവിടൊരു
ലുലുവിനെ വെല്ലുന്ന
മാളുയർത്തും..!
വീട്ടുപടിക്കലേക്കെത്തുന്ന
റോഡെല്ലാം
ലാറ്റക്സു ചേർത്തു
മിനുക്കിനൽകും..!
പുന്നക്ക ആട്ടി
എടുക്കുന്ന
എണ്ണക്കായ്
ഹൈടെക് മില്ലും
പണിതുയർത്തും..!
ഗൾഫിക്കിടക്കണ
ഇന്നാട്ടുകാർക്കായി
ഒത്താൽ എയർപോർട്ടും
ഞങ്ങൾ തീർക്കും..!
ചേട്ടൻ മടിക്കാതെ
ചെയ്യേണം ഓട്ടൊന്ന്
തോർത്ത് ചിഹ്നത്തി -
ലിതോർത്തുകൊണ്ട്.
വാഗ്ദാനധോരണി
കേട്ടു തഴമ്പിച്ച
കാതുപൊത്തീട്ടപ്പോൾ
ഞാനും ചൊല്ലി..
ഈ വട്ടമെങ്കിലും
ഗട്ടറിൽ വീണെന്റെ
നട്ടെല്ലൊടിയാതിരുന്നാമതി!.
അരുൺ -
You, Lini Jose, Midhun Midhun and 101 others
114 Comments
2 Shares
Like
Comment
Share

 

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo