നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വീണ്ടും കണയങ്കോട്ട് ഏലി I Jolly Chakramakkil


 കടുത്ത തേറ്റനൊമ്പരം കാരണം റാഹേലമ്മയേയും കൂട്ടി ടുട്ടു തരകൻ BDSന്റെ " Smile O Smile " ക്ലിനിക്കിലെത്തിയ ഏലി തന്റെ പല്ലിന്റെ റൂട്ട് ക്ലിയറാക്കാൻ ടുട്ടുവിന്റെ യന്ത്രകസേരയിൽ മലർന്നു കിടന്നു വാ പൊളിച്ചു.
പരിചയ കുറവും വെപ്രാളവും പേടിയും ഒക്കെ ചേർന്ന് ടുട്ടു വലിച്ചു പറിച്ചെടുത്തത് കമ്മട്ടിമറ്റത്ത് കത്തനാര് മൂർദ്ധാവിൽ അടിച്ചു കയറ്റിയ ആ നാലര ഇഞ്ച് കമ്പിയാണിയായിരുന്നു.
അതിനിടയിൽ കമ്പിയാണി തട്ടി , ഏലിയുടെ തേറ്റ മൂടിയിരുന്ന മോണ കീറികിട്ടുകയും ചെയ്തു.
സ്തംഭനത്തിൽ നിന്നും , മോണവേദനയിൽ നിന്നും മോചിതയായ ഏലി.
കസേരയിൽ കിടന്നുകൊണ്ടു തന്നെ വലിയ വായിൽ കോട്ടു വാ രണ്ട് , നെടുവീർപ്പ് മൂന്നോ നാലോ
ഒന്നു രണ്ടു മൂക്കുചീറ്റൽ എന്നിവ ക്രമം പോലെ ചെയ്ത ശേഷം.
എളിയിൽ നിന്നും ടേപ്പ് റെക്കാർഡർ എടുത്ത് പ്ലേ ബട്ടൺ അമർത്തി.
പ്ലേ തുടങ്ങുകയായി
"നിഴലായ് ഒഴുകി വരും ... യാമങ്ങൾത്തോറും ... … !
യക്ഷികളുടെ ദേശീയഗാനം അവിടെയെങ്ങും അലയടിച്ചു തുടങ്ങി. അപകടം മണത്ത റാഹേലമ്മ എണീറ്റ് പുറത്തേക്ക് ഒറ്റ വിടീൽ വെച്ചുകൊടുത്തു.
വഴിയിൽ ആദ്യം കണ്ട ഓട്ടോയ്ക്ക് കൈകാണിച്ചു നിർത്തി അതിൽ കയറി വീട് പിടിച്ചു .
ഏലി തന്റെ കണ്ണൊന്നു ചുവപ്പിച്ചു നോക്കി ഓക്കെ.
തന്റെ തേറ്റ രണ്ടു മൂന്നു തവണ കയറ്റി ഇറക്കി നോക്കി അതും ഓക്കെ .
പെർഫക്റ്റ് ഓക്കെ !.
മച്ചാനെ ഇതുപോരെ അളിയാ !
എന്നും പറഞ്ഞു .
ചാടിയെണീറ്റ ഏലി അന്തം വിട്ടു നിൽക്കുന്ന തരകപുത്രൻ ടുട്ടുവിന്റെ കഴുത്തിൽ തേറ്റ ആഴ്ത്തിയിറക്കി ചുടുരക്തം കുടിക്കാൻ തുടങ്ങി. ആവശ്യത്തിനും അതിലേറെയും രക്തം വലിച്ചു കുടിച്ച ശേഷം ,
ഏലി ചുമരിൽ തൂക്കിയിട്ട BDSന്റെ വ്യാജ സർട്ടിഫിക്കറ്റ് വലിച്ചുകീറി ചിറി തുടച്ച് അത് ചുരുട്ടി കൂട്ടിയെറിഞ്ഞു വെളിയിലിറങ്ങി.
ഇനി വിജനതയുള്ള വഴി വേണം
ഏലി ഇടത്തോട്ടുള്ള വഴി നോക്കി വിജനം, വലത്ത് നോക്കി അതും വിജനം, നേരെയുള്ളത്, പുറകിലുള്ളത് അതും വിജനം .
വിജനത്തോടുവിജനം .
ഇനിയെന്തു ചെയ്യും എന്നോർത്ത് തലയ്ക്ക് കൈ കൊടുത്ത ഏലി സൈക്കിൾ മുക്കിലേക്ക് തന്നെ മടങ്ങാൻ തീർച്ചപ്പെടുത്തി. അങ്ങിനെ ഏതാണ്ടൊരു ഊഹം വച്ച് അങ്ങോട്ട് ഒഴുകി നീങ്ങവേ.
പെട്ടെന്നാരു ജീപ്പ് അടുത്ത് ബ്രേക്കിട്ട് നിറുത്തി. അതിൽ നിന്നും SI ചാടിയിറങ്ങി.
" മാസ്കിടാതെ എങ്ങോട്ടാ യാത്ര !
രൂഭാ...500 അടച്ചേച്ച് പോയാ മതി!
റസീത് നീട്ടി കൊണ്ട് SI മുരണ്ടു.
പല്ലു നേരയാക്കാൻ വച്ച നോട്ടുകെട്ടിൽ നിന്നും 500 എടുത്ത് ഏലി SI യ്ക്ക് നീട്ടി.
ഇതിനിടെ കോൺസ്റ്റബിൾ വന്ന് N95 മാസ്ക് എടുത്ത് ഏലിയെ ധരിപ്പിച്ചു.
" കൊറോണ യാന്നറിയില്ലേ കറങ്ങി നടക്കാതെ വേഗം വീട്ടി പോ …. !
SI ജീപ്പ് സ്റ്റാർട്ട് ചെയ്ത് അടുത്ത മാസ്ക് രഹിതനെ തേടി പോയീ.
ഏലി ഒഴുകിയലഞ്ഞ് ഒടുക്കം സൈക്കിൾ മുക്കിലെത്തി ചേരുമ്പോൾ
തളർന്നവശയായി തീർന്നിരുന്നു.
പനയിൽ വലിഞ്ഞു കയറി ഒന്നു ചായാമെന്നോർത്ത് നോക്കുമ്പോൾ . കുറ്റിച്ചുവടെ പന മുറിച്ചു പോയിരിക്കുന്നു.
നിരാശയായി പനക്കുറ്റിയേലിരുന്നു ഏലി ഓരോന്നോർത്തു.
പ്രേതസദനത്തിൽ കരിമ്പന ബ്ലോക്കിൽ സന്തോഷത്തോടെ കഴിഞ്ഞിരുന്ന നാളുകൾ അവളുടെ ഓർമ്മയിൽ ഓടിയെത്തി.
നിലാവുള്ള രാത്രികളിൽ ടെറസ്സിനു മുകളിൽ മുടി വിടർത്തിയിട്ട് ഉലാത്തുമ്പോൾ അക്കരെ ഡ്രാക്കുള ബ്ലോക്കിലെ ഒടിയൻമാരിൽ മിടുക്കനായ മാണിക്യൻ മട്ടുപ്പാവിൽ കൃഷി ചെയ്യുന്ന ഗ്രോബാഗിലെ പയറു ശേഖരിച്ചു തന്നെയും നോക്കി ഒടി ക്കുന്നതും. മുറ്റം ചെത്തിക്കോരിയ പോലുള്ള മോന്തയിൽ ചിരി വിടരുന്നതും. എല്ലാം വല്ലാതെ തികട്ടി വന്നു.
ഒരിക്കൽ ഒടിമറഞ്ഞ് ഒരു മയിലായി. പറന്നിപ്പുറം വന്നതും . "മായാമയൂരം പീലിനീർത്തിയോ" എന്ന് പാടി പീലി വിരിച്ചാടിയതും . ആ വിടർന്ന പീലിയിൽ ഒരെണ്ണം താൻ വലിച്ചു പറിച്ചെടുത്തതും
ഒരു വേള ഏലി വല്ലാത്തൊരു വിമ്മിഷ്ടത്തോടെ ഓർത്തു.
ഒരാഴ്ചയാണ് മാണിക്യൻ ചന്തിയും തടവി തന്നോട് ഗർവ്വിച്ച് മുഖവും വീർപ്പിച്ച് നടന്നത്.
ഏലി ഗ്യാപ്പിലൊരു നെടുവീർപ്പിടാൻ നോക്കുമ്പോഴാണ് മാസ്ക് വലിയ പ്രയാസമായി അനുഭവപ്പെട്ടത്.
അത് വലിച്ചൂരാൻ നോക്കുമ്പോൾ പട്ടി ചകിരിപൊളി കടിച്ച് അത് പല്ലിൽ
കൊരുത്ത അവസ്ഥയാണ്
ഊരാനൊക്കുന്നില്ല.
തേറ്റയിൽ ഉടക്കി നിൽപ്പാണ്.
ഇനി റാഹേലമ്മയുടെ അടുത്തു പോകാനൊക്കില്ല കത്തനാരുടെ ശുപാർശയില്ലാതെ അവിടെ എടുക്കത്തില്ല.
what to do.?! ( വാട്ട് റ്റു ഡു )
ഏതായാലും കത്തനാരുടെ അടുത്തേയ്ക്കു പോകാം .
ഏലി ഏങ്ങി വലിഞ്ഞ്
കമ്മട്ടിമറ്റത്ത് കത്തനാരുടെ മേടയിൽ ചെല്ലുമ്പോൾ .
കത്തനാര് കോലായയിൽ
ചാരുകസേരയിൽ കാലുoനീട്ടി കൃപാസനം പത്രം കൊണ്ട് ,നാളുകളായുടെ അലച്ചിലിൽ കാലിൽ വന്നു ചേർന്ന ആണികളിൽ വീശി കൊണ്ടിരിക്കയായിരുന്നു. ആണിരോഗം കലശലായ ശേഷം കത്തനാരിപ്പ
പഴയ പണിക്കൊന്നും പോകാറില്ല.
മേടയിൽ തന്നെയാണ്.
പകരം പണി പഠിക്കാൻ അസിസ്റ്റന്റായി ഒരു ന്യൂ ജെൻ വന്നു ചേർന്നിട്ടുണ്ട് . പ്രീസ്റ്റ് എന്നാ പറയുക കത്തനാരൊക്കെ പണ്ടേ പഴഞ്ചനാണത്രേ .
പ്രീസ്റ്റ് കാരമൽ ബണ്ഡിറ്റ് .
ഗേയ്റ്റിങ്കൽ അനക്കം കേട്ടപ്പോൾ അവനാവുമെന്നാണ് കരുതിയത്.
കിതച്ചും തുപ്പിയും ഏലി വന്ന് കത്തനാരുടെ കാലിൽ വീണു. പ്രാണവേദനയോടെ കത്തനാരു ചോദിച്ചു
" എന്നാ കാര്യം …..!
അച്ചോ എന്നെ രക്ഷിക്കണം !
ആ അലവലാതി വായ്നോക്കി അച്ചനടിച്ച ആണി ഊരിയെടുത്തു.
എനിക്ക് മോചനം തരണം !
പ്ലീസ് ... അച്ചോ..
ഞാൻ കാലു പിടിക്കാം ..!
" അതു വേണ്ട കത്തനാർ കാലു വലിച്ചെടുത്തു കൊണ്ടു പറഞ്ഞു.!
നീ ആ ഷെൽഫീന്ന് അഞ്ചിഞ്ച് നീളമുള്ള ബോൾട്ടും
അതിന്റെ വാഷറും നട്ടും എടുത്തോണ്ടു വാ
10 - 12 സ്പാനറും അവിടെ കാണും .
ഷെൽഫിനരികിലേയ്ക്ക് നീങ്ങിയ ഏലി
എലിപ്പെട്ടിയിൽ മൾട്ടിമീറ്റർ വച്ച പോലുള്ള
സാധനമെടുത്ത് തിരിച്ചും മറിച്ചും നോക്കി അച്ചനോടു ചോദിച്ചു ഇതെന്താണച്ചോ ഡിജിറ്റൽ എലിപ്പെട്ടിയോ : !
"നീയതവിടെ വച്ചേ വേണ്ടാത്തതൊക്കെ തൊടണ്ട കാര്യമെന്നാ.!
അതാ ബണ്ഡിറ്റ് കുഞ്ഞിന്റെയാ . പ്രേതോമീറ്ററാണ്. എന്നു വച്ചാൽ
DZD ഡാർക്ക് സോൺ ഡിറ്റക്റ്റർ .
പ്രേത സാന്നിദ്ധ്യം അറിയാനുള്ള
പുതിയ പുതിയ വിദ്യകളാ .
ഞങ്ങളെ കാലത്ത് ഇതിന്റെ ഒന്നും കാര്യമില്ലാർന്നു.
" അപ്പ ഇതെന്നാ ച്ചോ... ഫ്ലാസ്കിന്
എൽ ഈ ഡി പിടിപ്പിച്ചിരിക്കണത്.!
" ശ്ശോ... അതൊന്നും തൊടണ്ട
അന്യന്റെ വസ്തുക്കൾ തൊട്ടു കളിക്കരുതെന്നല്ലേ കൽപ്പനകൾ പഠിപ്പിച്ചിട്ടുള്ളത്.!
"ന്നാലും എന്നതാണച്ചോ... അറിയാന കൊണ്ടാ !
" അത് ബി.പി.എസ്സ്.റ്റി (BPST) എന്നു പറയുo
ബ്ലൂറ്റൂത്ത് പവേർഡ് സ്പിരിറ്റ് റ്റോർച്ചറർ !
ഇതു വച്ചാണ് ഇപ്പ അനുസരിക്കാത്ത വകകളെ സിംപിളായിട്ട് ഒതുക്കുന്നത് .!
"നീയാ നട്ടും ബോൾ ട്ടും എടുത്തു വന്നേ
നേരം ഇരുട്ടിയാൽ എനിക്ക് കണ്ണു പറ്റത്തില്ല.
കത്തനാർ പഴയ ആണി പഴുതിലൂടെ
അഞ്ചിഞ്ച് ബോൾട്ട് വാഷറിട്ട് മൂർദ്ധാവിലൂടെ ഇറക്കി താഴെ അണ്ണാക്കിൽ വാഷറും നട്ടും 10 - 12 സ്പാനറെടുത്ത് മുറുക്കി ഉറപ്പിച്ചു. എവിടെ നിന്നോ എന്തെന്നില്ലാത്ത ഒരാശ്വാസം ഏലിയെ തഴുകിയെത്തി.
"രാവിലെ റാഹേലമ്മയുടെ അടുത്തു കൊണ്ടു വിടാം കത്തനാർ പറഞ്ഞു നിറുത്തി.!
ഏലി കുശിനിയിൽ കയറി വൈകുന്നേരത്തിന് അത്താഴത്തിന് അരി കഴുകി അടുപ്പത്തു വച്ചു.
ഒരു പാത്രം നിറയെ ചൂടുവെള്ളം എടുത്ത് അൽപ്പം ഉപ്പും ഒരു നുള്ളു പൊട്ടാസ്യം പെർമാഗ്നറ്റും ചേർത്തു. കത്തനാരുടെ അടുത്തു ചെന്ന് പതിയെ ആണി നിറഞ്ഞ കാൽപാദങ്ങൾ കഴുകി തുടയ്ക്കുവാൻ തുടങ്ങി. കത്തനാരുടെ കണ്ണുകൾ പതിയെ അടഞ്ഞു വന്നു കൈയ്യിലെ കൃപാസനം പത്രം തറയിലൂർന്നു വീണു.
രാവിലെ മുറ്റമടിച്ചു വാരുന്ന ശബ്ദം കേട്ടാണ് കത്തനാര് കണ്ണു തുറന്നത് ഏറെ കാലത്തിനു ശേഷമാണ് ഒരു സുഖനിദ്ര കത്തനാരെ അനുഗ്രഹിച്ചത്.
കണ്ണു തുറക്കുമ്പോൾ ഏലി മുറ്റമടിച്ചു വാരുകയാണ്.
" ഞാനിവിടെ നിന്നോളാമച്ചോ.. ഏലി ചൂലിന്റെ മൂട് തെങ്ങിൽ മുട്ടി കൊണ്ടു പറഞ്ഞു. : .
രാവിലെ തോട്ടീന്ന് അൽപ്പം കരിമീൻ പിടിച്ചിട്ടുണ്ട് കോമ്പലയിൽ കോർത്ത കരിമീൻ ഉയർത്തി പിടിച്ചു കൊണ്ട് ഏലിമൊഴിഞ്ഞു.
"കത്തനാർക്ക് കരിമീൻ മപ്പാസോ
കരിമീൻ പൊള്ളിച്ചതോ ഏതാണിഷ്ടം.!
" കരിമീൻ പൊള്ളിച്ചതായിക്കോട്ടെ !
കത്തനാർ ചിരിച്ചോണ്ട് പറഞ്ഞു ,
2021 - 04 - 29
( ജോളി ചക്രമാക്കിൽ )
പ്രിയ സുഹൃത്തുക്കളെ ഏലിയെ ഞാൻ ഇവിടെ കത്തനാരെ ഏൽപ്പിക്കുകയാണ്.
പ്രിയ സുഹൃത്ത് Arun.V. Sajeev ആണ്
ഏലിയ്ക്കൊരു പല്ലുവേദന വന്നപ്പോൾ ദന്തിസ്റ്റിന്റെ അടുത്തു കൊണ്ടുപോയത്.
ആ കഥയുടെ ലിങ്ക് തരാം. - https://www.nallezhuth.com/2021/05/i-arun-v-sajeev.html
വായിക്കുക.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot