നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സിതാരയുടെ ജനനം I Anish Francis


 “നിങ്ങള്ക്ക് എങ്ങിനെ ആത്മഹത്യ ചെയ്യാനാണ് ഇഷ്ടം ?”
വെളുത്ത ചെക്ക് ഷര്ട്ടും അയഞ്ഞ കറുത്ത പാന്റ്സും ധരിച്ച മനശ്ശാസ്ത്ര വിദഗ്ധന് ഞങ്ങളോട് ചോദിച്ചു.നിങ്ങള്ക്ക് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണസാധനം ഏതെന്നു തിരക്കുന്ന മാതിരിയായിരുന്നു ആ ചോദ്യം.
ക്ലാസ് നടക്കുന്ന ഹാളില് ഞങ്ങള് എട്ടു പേരോളം ഉണ്ടായിരുന്നു.ആറു പുരുഷന്മാര് .രണ്ടു സ്ത്രീകള്.
ഒരു അടച്ചു പൂട്ടിയ സര്ക്കാര് സ്കൂളിലെ വൃത്തിയുള്ള ക്ലാസ് മുറികളില് ഒന്നിലായിരുന്നു ക്ലാസ്.
കാട് കയറിയ മുറ്റം.ഒടിയാറായ കൊടിമരം.ക്ലാസ് ജനാലയുടെ വെളിയില് ഇടിഞ്ഞു പൊളിയാറായ സ്കൂള് മതിലിന്റെ മുകളിലിരുന്നു രണ്ടു കാക്കകള് തൂവല് മിനുക്കി.
ഡോക്ടര് ചോദിച്ച ചോദ്യത്തിനു ആരും ഉത്തരം പറഞ്ഞില്ല.
“ഇയാള് ഇതെന്തിനാണ് നമ്മളോട് ചോദിക്കുന്നത് ?” എന്റെ അടുത്തിരുന്ന വില്സ് സിഗരറ്റിന്റെ ഗന്ധമുള്ള വെളുത്ത ഖദര് ഷര്ട്ട് അണിഞ്ഞ മനുഷ്യന് ചോദിച്ചു.
ആ ചോദ്യം ന്യായമായിരുന്നു.
ഞങ്ങള്ക്ക് ഈ ക്ലാസ് ഏര്പെടുത്തിയത് പോലീസ് ഉദ്യോഗസ്ഥരായിരുന്നു.പരാജയപ്പെട്ട ആത്മഹത്യാശ്രമത്തിനുശേഷം ജീവിതത്തിലേക്ക് വീണ്ടും പ്രവേശിക്കുന്നതിന് മുന്പായി പോലീസ് ഞങ്ങള്ക്ക് വേണ്ടി ക്രമീകരിച്ച ക്ലാസ്.ഇനി ഒരിക്കലും ആ ശ്രമം തുടരാതിരിക്കാന്.
“എനിക്ക് വണ്ടി കയറി മരിക്കുന്നതാണ് ഇഷ്ടം.”
മുന്പിലത്തെ ബഞ്ചിലിരുന്ന മഞ്ഞ ചുരിദാര് അണിഞ്ഞ പെണ്കുട്ടി പറഞ്ഞു.ക്ലാസില് ആ ചോദ്യത്തിന് ആകെ ഉത്തരം പറഞ്ഞത് അവളായിരുന്നു.അവളുടെ ഉത്തരം ക്ലാസ് എടുക്കുന്നയാളെ പരിഭ്രമിപ്പിക്കുകയും ചെയ്തു.
സ്കൂള് മതില്ക്കെട്ടിനോട് ചേര്ന്ന് നില്ക്കുന്ന കപ്പളത്തിലെ പാതി പഴുത്ത കപ്പളങ്ങ കാക്ക കൊത്തിതിന്നുന്നത് നോക്കിയിരുന്ന എന്നെ ക്ലാസിലേക്ക് മടക്കിക്കൊണ്ട് വന്നത് അവളുടെ മറുപടിയായിരുന്നു.
അവളുടെ മറുപടി എന്നില് കൗതുകമുണര്ത്തി.ക്ലാസ് എടുത്തുകൊണ്ടിരുന്ന അദ്ധ്യാപകന് അവളോട്‌ എന്തോ ചോദിക്കുകയും അവള് അതിനു എടുത്തടിച്ച പോലെ മറുപടി പറയുകയും ,അയാളുടെ മുഖം വീണ്ടും വിളറുകയും ചെയ്യുന്നതിനിടെ ,ഞാന് ഡസ്കില് അവളുടെ ചിത്രം വരയ്ക്കാന് തുടങ്ങി.
അതിവേഗം,പാഞ്ഞു വരുന്ന ഒരു ജീപ്പിടിച്ചു മരിക്കാന് കാത്തു റോഡില് കുത്തിയിരിക്കുന്ന അവളുടെ ചിത്രം ഞാന് കോറിയിട്ടൂകൊണ്ടിരുന്നു.
“എന്നാലും വണ്ടിയിടിച്ചു ചാകുന്നത് വളരെ ഭീകരമാണ്.”എന്റെ അടുത്തിരുന്ന ഖദര്ധാരി വീണ്ടും പിറുപിറുത്തു.
“അതെന്താ ?” ഞാന് തിരക്കി.അതിനിടയില് വരച്ചുകൊണ്ടിരുന്ന പേനയുടെ നിബ് ഒടിഞ്ഞപ്പോള് ഞാന് അയാളുടെ പേന വാങ്ങി വരതുടര്ന്നു.
‘അതാ വാഹനത്തിനോട് ചെയ്യുന്ന ദ്രോഹമാണ്.” അയാള് ദു:ഖപൂര്വ്വം പറഞ്ഞു.
എനിക്കയാള് പറഞ്ഞത് മനസ്സിലായില്ല.
“യന്ത്രങ്ങള്ക്കും ജീവനുണ്ട്.” ഒരു നിമിഷത്തെ നിശബ്ദതക്ക് ശേഷം അയാള് പറഞ്ഞു.
“നിങ്ങള് എങ്ങിനെയാണ് ആത്മഹത്യക്ക് ശ്രമിച്ചത്‌?”ഞാന് ചോദിച്ചു.
“ഓ ,പതിവ് മാര്ഗം.കെട്ടിതൂങ്ങല്.” അയാള് വിരസതയോടെ പറഞ്ഞു.
“പിറകിലെ ബഞ്ചിലിരിക്കുന്നവര്
ആത്മഹത്യാമാര്ഗങ്ങളെക്കുറിച്ചാണോ ചര്ച്ച ചെയ്യുന്നത് ?”
അധ്യാപകനായ ഡോക്ടര് ,ക്ലാസ് നിയന്ത്രിക്കുന്ന മട്ടില് ഞങ്ങളോടു ചോദിച്ചു.അയാളുടെ മുഖത്ത് ഒരു ചമ്മിയ ചിരിയുണ്ടായിരുന്നു.വണ്ടിയിടിച്ചു മരിക്കാന് ആഗ്രഹിച്ച പെണ്കുട്ടിയുടെ ചോദ്യങ്ങള്ക്ക് നേരാംവണ്ണം മറുപടി കൊടുക്കാന് കഴിയാഞ്ഞതിന്റെയാവും ആ ചമ്മല് എന്ന് എനിക്ക് തോന്നി.
“ഒന്നുമില്ല സര് .” ഖദര്ധാരി ഈര്ഷ്യയടക്കി പറഞ്ഞു.
“മിക്കവാറും ഈ ക്ലാസ് കഴിയുമ്പോള് ഞാന് ഒന്ന് കൂടി ആത്മഹത്യ ചെയ്യും.” എന്റെ ചിത്രത്തിലേക്ക് നോക്കി ഖദര്ധാരി വീണ്ടും പിറുപിറുത്തു.
“അല്ല ,നിങ്ങള്ക്ക് സംശയങ്ങള് ഒന്നുമില്ലേ...നോക്ക് ഈ ക്ലാസ് നിങ്ങളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനാണ്...ഈ സമയം നിങ്ങള് നന്നായി ഉപയോഗിക്കണം.”
ഡോക്ടര് പറഞ്ഞു.
ക്ലാസ് നിശബ്ദമായി.
“എന്താ ആരും ചോദിക്കാത്തത് ?ധൈര്യപൂര്വ്വം ചോദിക്കൂ..” ഡോക്ടര് വീണ്ടും പ്രോത്സാഹിപ്പിച്ചു.
“സര് ,ആ ചോദ്യം ചോദിച്ച പെണ്കുട്ടിയുടെ പേരെന്താണ് ?” ഞാന് എഴുന്നേറ്റുനിന്ന് ചോദിച്ചു.
പെട്ടെന്ന് എല്ലാവരും തിരിഞ്ഞു എന്നെ നോക്കി.ചിലരുടെ മുഖത്ത് ഒരു ചിരിയുണ്ടായിരുന്നു.വണ്ടിയിടിച്ചു മരിക്കാന് ആഗ്രഹിച്ച പെണ്കുട്ടിയുടെ മുഖത്ത് ഒരു കൗതുകവും.
“കൊള്ളാം ,നല്ല സംശയം!ഇത് പോലെയുള്ള സംശയങ്ങള് അല്ല ഡോക്ടര് ഉദ്ദേശിച്ചത് !” ക്ലാസിന്റെ ഏറ്റവും പിറകിലിരുന്നു ഞങ്ങളെ വീക്ഷിച്ചുകൊണ്ടിരുന്ന പോലീസ് ഉദ്യോഗസ്ഥന് എന്നെ ശാസിച്ചു.
“എന്റെ പേര് സിതാര.” പെട്ടെന്ന് ആ പെണ്കുട്ടി എഴുന്നേറ്റു എന്നെ നോക്കി പറഞ്ഞു.അവളുടെ മുഖത്ത് പുഞ്ചിരിയോ ,മുന്പ് കണ്ട കൗതുകത്തിളക്കമോ ഉണ്ടായിരുന്നില്ല.ഞാന് അതൊട്ടും പ്രതീക്ഷിച്ചിരുന്നില്ല താനും.
“എന്റെ പേര് രവികുമാര്.ഞാന് വിഷം കഴിച്ചാണ് ആത്മഹത്യ ചെയ്യാന് ശ്രമിച്ചത്.സത്യം പറയാമല്ലോ ,അതൊട്ടും സുഖമുണ്ടായിരുന്നില്ല.നിങ്ങള് ഒരിക്കലും കെമിക്കല്സ് ഉപയോഗിക്കരുത്.”
അപ്പോഴേക്കും രണ്ടാം ബഞ്ചില് മൂലക്കിരുന്ന യുവാവ് ആരും ചോദിക്കാതെ സ്വയം പരിചയപ്പെടുത്തി.
ഞാന് ഇരുന്നു വര തുടരവേ ക്ലാസിലെ ബഹളം കൂടി.ഓരോരുത്തരായി സ്വയം പരിചയപ്പെടുത്തുവാനും തങ്ങള് അവലംബിച്ച ആത്മഹത്യാമാര്ഗങ്ങളെക്കുറിച്ച് ചര്ച്ച ചെയ്യാനും തുടങ്ങി.
ക്ലാസിന്റെ നിയന്ത്രണം കൈവിടുന്നതായും തങ്ങളുടെ പ്രാധാന്യം നഷ്ടപ്പെടുന്നതായും ഡോക്ടര്ക്കും പോലീസ് ഉദ്യോഗസ്ഥനും തോന്നിക്കാണണം.
പോലീസ് ഉദ്യോഗസ്ഥന് ചാടി എഴുന്നേറ്റു ഡസ്കില് കോപത്തോടെ കൈ തട്ടി.
“ഇതെന്താ ചന്തയോ !?ഡോക്ടറുടെ ക്ലാസ് കേള്ക്കാനാണ്‌ നിങ്ങളെ വിളിപ്പിച്ചത്.അല്ലാതെ പരസ്പരം സംസാരിക്കാനല്ല.” അയാള് പറഞ്ഞു.
ക്ലാസ് പൊടുന്നനെ നിശബ്ദമായി.
“എനികൊരു കാര്യം ചോദിക്കാനുണ്ട്.”സിതാര എഴുന്നേറ്റു പോലീസ് ഉദ്യോഗസ്ഥനു നേരെ തിരിഞ്ഞുനിന്നു.അയാളുടെ മുഖം അവളുടെ നോട്ടമേറ്റ് ഒരു നിമിഷം വിളറി.
“സാറും ഡോക്ടറും ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടോ ?” അവള് ചോദിച്ചു.
അവളുടെ ചോദ്യത്തിന് മറുപടി പറയാതെ രണ്ടുപേരും വിഷണ്ണരായി.
ഞാന് അപ്പോള് ഡസ്കില് അവളുടെ ആത്മഹത്യാശ്രമത്തിന്റെ ചിത്രം വര തുടരുകയായിരുന്നു.ആ ചിത്രം ഇപ്പോള് വികസിച്ചിരിക്കുന്നു.
ലൈറ്റ് തെളിച്ചു പാഞ്ഞു വരുന്ന മൂന്നു വാഹനങ്ങള്.അവയുടെ മുന്പില് ,റോഡില് തല കുമ്പിട്ടിരിക്കുന്ന യുവതി.ഏറ്റവും മുകളില് ‘സിതാരയുടെ മരണം’ എന്ന ചിത്രത്തിന്റെ പേരും.
“നിങ്ങളെക്കാള് ഈ വിഷയത്തില് അറിവ് ഞങ്ങള്ക്ക് തന്നെയാണ്.”
പോലീസ് ഉദ്യോഗസ്ഥന്റെയും ഡോക്ടറുടെയും മൗനത്തിലേക്ക് സിതാരയുടെ മറുപടി ഒരു കല്ല്‌ പോലെ ചെന്ന് കൊണ്ടു.
ചര്ച്ചകള് അവസാനിച്ചശേഷം ,ക്ലാസ് പിരിഞ്ഞു.
ക്ലാസ് തീര്ന്നതറിയാതെ ഞാന് അപ്പോഴും ചിത്രം വരക്കുകകയായിരുന്നു.
“വരച്ചു തീര്ന്നോ ?” അവള് അടുത്തു വന്നിരുന്നത് ഞാന് അറിഞ്ഞില്ല.
ഞെട്ടിത്തരിച്ചു ഞാന് അവളുടെ മുഖത്ത് നോക്കി.നിലാവ് പിന്വാങ്ങാന് തുടങ്ങുന്ന ഒരു വിളറിയ പുലരിപോലെ .ഒരു മഴവില്ലിന്റെ അവ്യക്തമായ അറ്റം പോലെ.
‘തീരാറായി.”ഞാന് ദുര്ബ്ബലമായ സ്വരത്തില് പറഞ്ഞു.
“എന്റെ തലക്ക് എന്ത് പറ്റി.?’അവള് ചിത്രത്തിലേക്ക് നോക്കി ചോദിച്ചു.
“ആദ്യം തലകുമ്പിട്ടിരിക്കുന്നതായാണ് വരച്ചത്.പിന്നെ തല നിവര്ത്തിപിടിച്ചിരിക്കുന്നതായി വരച്ചു.” ഞാന് പറഞ്ഞു.
“അതെന്താ ?” അവള് ചോദിച്ചു.
ഞാന് മറുപടി പറയാതെ വിഷമിച്ചു.
“ആ വെട്ടിയും തിരുത്തിയും വൃത്തികേടാക്കിയ തലയാണ് എന്റെ ശരിക്കുമുള്ള തല.ആ തല വണ്ടികള് തച്ചുടച്ചു ഇല്ലാതാകാനാണ് ഞാന് ആഗ്രഹിച്ചത്‌.” അവള് പറഞ്ഞു.
“ഇപ്പോഴും സിതാര അത് ആഗ്രഹിക്കുന്നുണ്ടോ ?” ഞാന് ചോദിച്ചു.
“നിങ്ങള് എന്തിനാണ് മരിക്കാന് ശ്രമിച്ചത്‌ ?” എന്റെ ചോദ്യത്തിന് മറുപടി പറയാതെ അവള് മറുചോദ്യം ചോദിച്ചു.
“അത്..അതൊരു രഹസ്യമാണ്.” ഞാന് പറഞ്ഞു.
“എനിക്ക് രഹസ്യങ്ങള് വളരെ ഇഷ്ടമാണ്.” സിതാര പറഞ്ഞു.
“വളരെ അടുപ്പമുള്ളവരോടെ ഞാന് രഹസ്യങ്ങള് പറയാറുള്ളു.”
ഞാന് പറഞ്ഞത് കേട്ടു അവള് ആദ്യമായി ചിരിച്ചു.
ഞങ്ങള് ആ ക്ലാസില്നിന്നിറങ്ങി , സ്വര്ണ്ണം നിറം പൂണ്ട വൈകുന്നേരത്തിലേക്ക് നടക്കാന് തുടങ്ങി.
പോകുന്നതിനു മുന്പ് ഞാനാ ചിത്രത്തില് ചില തിരുത്തലുകള് നടത്തി.
പാഞ്ഞുവരുന്ന വാഹനങ്ങളെ നോക്കി ചിരിച്ചുകൊണ്ടിരിക്കുന്ന പെണ്കുട്ടി.അവളുടെ ആത്മവിശ്വാസത്തിനു മുന്നില് ആ വാഹനങ്ങള് എല്ലാം ചവിട്ടി നിര്ത്തുകയാണ്.
'സിതാരയുടെ ജനനം 'എന്ന പുതിയ തലക്കെട്ട് ഞാനാ ചിത്രത്തിന് നല്കി.
(അവസാനിച്ചു)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot