Slider

ഒറിഗാമി I Linijose

0
 

പാഴ്‌വസ്തുക്കളിൽ നിന്നും സുന്ദരമായ കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നതിൽ വിദഗ്ദ്ധയായ എന്റെ ഇന്നത്തെ ചിന്തകൾ മുഴുവനും കാക്കത്തൊള്ളായിരം അറകളുള്ള ഒരു ഹൃദയം നിർമ്മിക്കുന്നതിനെ കുറിച്ചായിരുന്നു...
അതേ 'കാക്കത്തൊള്ളായിരം' അറകളുള്ള ഒരു ഹൃദയം... ഇതാ ഞാൻ എന്റെ സകല കഴിവുകളും തേച്ചുമിനുക്കി എടുത്തിരിക്കുന്നു. ഇന്ന്... ഇന്നു തന്നെയാണ് അതിന് പറ്റിയ സുദിനം.
എന്നിൽ ഇത്രനാളും തുടിച്ച, ഹൃദയത്തെ വേദനിപ്പിക്കാൻ എനിക്ക് ആവില്ലല്ലോ. മെല്ലെ മെല്ലെ ശ്വാസം പിടിച്ചു ഞാൻ എന്റെ നെഞ്ചിൻകൂട് തുറന്നു. പിന്നെ ഒട്ടും വേദനിപ്പിക്കാതെ തുടിക്കുന്ന ഹൃദയം പതിയെ പുറത്തേക്ക് എടുത്തു.
മൂർച്ചയേറിയ എൻ കൈനഖങ്ങളാൽ ഞാനതിനെ മെല്ലേ പിളർന്നു. അതേ, നിങ്ങൾക്ക് തെറ്റിയില്ല. അതിൽ ആകെ നാല് അറകളേ ഉണ്ടായിരുന്നുള്ളൂ! വടക്കുകിഴക്ക് മൂലയിലുണ്ടെന്ന് ഞാൻ വിശ്വസിച്ചിരുന്ന ആ രഹസ്യഅറ ഏറെ അന്വേഷിച്ചു.! നിരാശതന്നെ ഫലം.
പ്രണയവും, വിരഹവും, കഷ്ടതകളും കഠിനാധ്വാനവും കൊണ്ട് ഏറെ ക്ഷീണിച്ച പാവം ഹൃദയത്തോട് എനിക്ക് വലിയ അനുകമ്പ തോന്നി.
എന്തുകൊണ്ട് നനഞ്ഞാൽ കുതിർന്നുപോകുന്ന കടലാസ്സുകൊണ്ട് ഒരു ഹൃദയം എന്നുള്ളതാണ് ഇപ്പോഴുള്ള വലിയ സന്ദേഹം അല്ലേ?
മഴവെള്ളത്തിൽ ഒഴുക്കിവിടാൻ കളിക്കൂട്ടുകാരൻ എനിക്കായി ഉണ്ടാക്കിത്തന്ന ആ കടലാസുവഞ്ചികൾ... നനയാതെ ഇന്നും ഓർമ്മകളിൽ.!
പേടിത്തൊണ്ടിയായ കൂട്ടുകാരിയെ ഭയപ്പെടുത്തി കരയിപ്പിക്കാൻ, അതുകണ്ടു പൊട്ടിച്ചിരിക്കാൻ മെനഞ്ഞെടുത്ത കടലാസ്സ് സർപ്പങ്ങൾ. ഫണം വിടർത്തി ഇന്നും ചിന്തകളിൽ.
ആ കൂമ്പിയ താമരമൊട്ട്... എട്ടാംക്ലാസ്സുകാരിയ്ക്ക് ആദ്യമായി കിട്ടിയ ആ പ്രണയ സമ്മാനം.അതും കടലാസ്സിൽ ആയിരുന്നില്ലേ? വിടരാതെ പോയ ഒരു നഷ്ടപ്രണയം.
കലാലയകാലത്ത് കളിയായി എയ്യ്ത കടലാസ്സസ്ത്രങ്ങൾ. അതുവന്നു എന്റെ കവിളിൽ തറച്ചപ്പോൾ, ഞാൻ നോക്കിയ ആ നോട്ടത്തിന് ഏതൊരു കൂരമ്പിനേക്കാളും മൂർച്ചയായിരുന്നെന്ന അവന്റെ വാക്കുകൾ, ഇന്നലെ കേട്ടപോലെ.
കടലാസ്സുവിമാനങ്ങൾ... കോളേജിലക്ഷന് ബാക്കിവന്ന പലവർണ്ണ നോട്ടീസുകൾ കൊണ്ട് അഞ്ചാംനിലയിൽ നിന്നും പറത്തിവിട്ട ആ കടലാസ്സുവിമാനങ്ങൾ... എന്റെ ചുറ്റും എന്നും ഇരമ്പമില്ലാതെ പറക്കുന്ന ആ വിമാനങ്ങൾ.
ഏറെ നാളുകളായി കാത്തുവച്ചിരുന്ന മിനുസ്സമാർന്ന കടുംചുവപ്പു നിറമുള്ള ആ കടലാസ്സുതാളുകൾ ശ്രദ്ധയോടെ മുറിച്ച് അതിലേറെ ശ്രദ്ധയോടെ മടക്കുകൾ തീർത്ത് ഞാനെന്റെ പുതിയ ഹൃദയത്തിന് രൂപം നല്കാൻ തുടങ്ങി.
ഓരോ നിമിഷാർദ്ധത്തിലും ഓരോ അറകൾ. അങ്ങനെ ഞാൻ മനക്കണ്ണാൽ കണ്ട കാക്കത്തൊള്ളായിരം അറകളുള്ള ഹൃദയം ഇതാ രൂപപ്പെട്ട് കഴിഞ്ഞിരിക്കുന്നു.
എന്റെ പ്രിയപ്പെട്ടവരെ ഒളിപ്പിച്ചുവെയ്ക്കാൻ, എന്റെ ഇഷ്ടങ്ങളും, രഹസ്യങ്ങളും, കണ്ടെത്തലുകളും, നിരീക്ഷണങ്ങളും, ഒക്കെ ആരുമറിയാതെ സൂക്ഷിച്ചുവയ്ക്കാൻ എനിക്കായി സ്വയം നിർമ്മിച്ച ഒരു ഹൃദയം.
മനോഹരമായ ആ ഹൃദയത്തെ ഞാൻ എന്റെ അധരങ്ങളോട് ചേർത്തു മൃദുലമായി
ഉമ്മ
വച്ചു... അതേ ആദ്യചുംബനം അത് എന്റേത് തന്നെയായിരിക്കണം.
പിന്നെ ശൂന്യമായ എന്റെ നെഞ്ചിൻകൂടിനുള്ളിലേക്ക് ഞാൻ ആ ഹൃദയത്തെ ചേർത്തുവച്ചു. കൈവിരലുകളാൽ മെല്ലെ തഴുകി, ഒരു മുറിപ്പാടുപോലും അവശേഷിക്കാതെ ഭദ്രമായി അടച്ചു... ഒരു ദീർഘശ്വാസം എടുത്തു. ഇതാ അത് എന്നോട് ചേർന്ന് തുടിച്ചു തുടങ്ങിയിരിക്കുന്നു.
ഇതാ അവിടെ ആരോ എങ്ങി എങ്ങി കരയുന്നുവല്ലോ. നിമിഷങ്ങൾ പാഞ്ഞു കൊണ്ടിരുന്നത് ഞാൻ അറിഞ്ഞതേയില്ല. വെട്ടി കീറിയ എന്റെ പഴയ ഹൃദയം വേദനയിൽ പുളയുമ്പോഴുള്ള പിടച്ചില്ലല്ലേ അത്!
വേണ്ട... എനിക്ക് വേണ്ട...നാല് അറകളുള്ള, എന്തുമേതും തിങ്ങിനിറഞ്ഞ ക്ഷീണിച്ച, വ്രണിതമായ ആ ഹൃദയം എനിക്കിനി വേണ്ടേ വേണ്ട.
നിശ്ചലമായ ഒരു പാഴ്സ്തു എന്നപോലെ പോലെ അതിനെ തൂക്കിയെടുത്ത് ചവറ്റുകുട്ടയിലേക്ക് എറിയുമ്പോൾ കാക്കത്തൊള്ളായിരം അറകളുള്ള മനോഹരമായ എന്റെ പുതുഹൃദയത്തിൽ നിന്നും ഒരു അട്ടഹാസം ഉയരുന്നുവോ.!
ഒറിഗാമി- പേപ്പർ മടക്കി ഉണ്ടാക്കുന്ന രൂപങ്ങൾ.
ലിനി ജോസ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo