Showing posts with label SureshMenon. Show all posts
Showing posts with label SureshMenon. Show all posts

വാട്ട്സപ്പുകൾക്ക് പറയാനുള്ളത് I Suresh Menon


 "ഹായ് സ്മിത "
വണ്ടി പാർക്ക് ചെയ്ത് ഹൈപ്പർ മാർക്കറ്റിന്റെ അകത്തേക്ക് കയറുന്ന സ്മിതയെ നോക്കി രവിചന്ദ്രൻ വിളിച്ചു ... സ്മിത തിരിഞ്ഞു നോക്കി ... ഒരു നിമിഷം വിശ്വസിക്കാൻ കഴിഞ്ഞില്ല ...
"ഹായ് രവി ... വാട്ട് എ സർപ്രൈസ്... ന്താ ഇവിടെ ... "
"എനിക്കിങ്ങോട്ട് ട്രാൻസ്ഫറായി "
" ഹോ അത് ശരി... വരുണിനും ഇങ്ങോട്ട് ട്രാൻസ്ഫറായി ... "
കുറച്ചുനേരം ഇരുവരും മുഖത്തേക്ക് നോക്കി ....ഒന്നും മിണ്ടിയില്ല ....പിന്നെ പതിയെ ഇരുവരും തലതാഴ്ത്തി ...
ഹൈപ്പർ മാർക്കറ്റിന്റെ വിശാലമായ ഗ്രൗണ്ട് ഫ്ലോറിലൂടെ ഇരുവരും പ്രത്യേകിച്ചൊന്നും പറയാതെ മുന്നോട്ട് നടന്നു...
"സമിത നിനക്ക് ചോക്ക്ലേറ്റ് ഐസ് ക്രീം ഇഷ്ടമായിരുന്നില്ലെ ... വാ "
സമീപത്ത് കണ്ട ഐസ് ക്രീം കൗണ്ടറിലേക്ക് അവർ നീങ്ങി ... ചായം തേച്ച ചാരു ബഞ്ചിൽ മുഖത്തോട് മുഖം നോക്കി അവർ ഇരുന്നു ....
"ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത എന്താണെന്ന് അറിയാമൊ "
സ്മിതയുടെ ചോദ്യത്തിന് രവി പുരികമുയർത്തി ....
" ഇന്ന് ആഗസ്റ്റ് പതിനാറ് .... ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ പിറ്റെന്നാൾ നമുക്കും കിട്ടി സ്വാതന്ത്ര്യം .... ഓർമ്മയില്ലെ ...."
" ഓർക്കുന്നു സ്മിത .... കോടതിയുടെ അനുവാദത്തോടെ നമ്മൾ ഡൈവോഴ്സ് നേടിയ ദിവസം ....അല്ലെ "
" ഉം "
ചോക്ലേറ്റ് ഐസ് ക്രിം അവരുടെ ഇടക്ക് കയറി
" രവിയുടെ വൈഫിന്റെ പേര് "
" സമുദ്ര "
"ഹൊ എ റെയർ നെയിം "
"എത്ര കുട്ടികളാ "
" ഒരാൺകുട്ടി .... സരോജ് ... ഇപ്പൊ മൂന്ന് വയസ്സായി "
" സ്മിതയെക്കുറിെച്ചൊന്നും പറഞ്ഞില്ല "
"ഹസ്ബന്റ് വരുൺ ... ഇവിടെ മറൈൻ എൻ ജീനിയറാ.... മക്കളൊന്നും ആയില്ല "
" ആളെങ്ങിനെ ...."
"ഹോ ഒന്നും പറയണ്ട പക്കവർക്കോഹിളിക്ക് ... ഇപ്പൊ പുള്ളിക്കാരൻ മറൈൻ എൻജിനീയറിങ്ങ് മായി ബന്ധപെട്ട് ഒരു ബിസിനസ്സ് സംരംഭത്തിലാണ് ....."
"എങ്ങിനെ സമയം കളയുന്നു ...... "
"ഫ്ലാറ്റിൽ ഒറ്റക്കിരുന്ന് എനിക്ക് മതിയായി രവി .... ജോലി ബിസിനസ്സ് എന്നൊക്കെ പറഞ്ഞ് വരുൺ ഫ്ലാറ്റിലെത്താൻ വളരെ വൈകും ... ... റൊമാൻസൊക്കെ എന്നോ നഷ്ടം വന്നു ..."
"ഞാനൊരു കാര്യം പറയട്ടെ രവി ...."
"ഉം പറ ....."
" ചിലപ്പൊ തോന്നും നമ്മുടെ ഡൈവോഴ്സ് വേണ്ടിയിരുന്നില്ല എന്ന് ....വെറുതെ ഒരു വാട്സപ്പ് ചാറ്റിന്റെ പുറത്ത് ........"
" ലീവ് ഇറ്റ് ... അതെല്ലാം അടഞ്ഞ അദ്ധ്യായങ്ങളായില്ലെ ....."
"രവി നിന്റെ ഫോൺ നമ്പർ താ ...."
സ്മിത അത് ഫീഡ് ചെയ്തു ...
" ഇത് തന്നെയാണൊ വാട്സപ്പും "
" യെ സ്.... ഞാൻ രാത്രി ടെക്സ്റ്റ് ചെയ്യാം ....
"ഒ ക "
"ടാ മെസ്സേജ് അയക്കുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടൊ "
" ഏയ് നീ ധൈര്യമായി അയച്ചൊ "
അവർ യാത്ര പറഞ്ഞ് പിരിഞ്ഞു ....
രാത്രി ഭക്ഷണം കഴിഞ്ഞ് വരാന്തയിൽ തണുത്ത കാറ്റും കൊണ്ടിരിക്കുമ്പോഴാണ് രവിയുടെ ഫോണിൽ വാട്സപ്പ് മെസ്സേജിന്റെ വരവറിയിച്ചു കൊണ്ട് ബീപ്പ് സൗണ്ട് വന്നു
"ഹായ് രവി .... ഭക്ഷണം കഴിഞ്ഞൊ ...."
"ഉം "
"എന്തായിരുന്നു സ്പെഷ്യൽ ......."
"ഇന്ന് ചപ്പാത്തിയും ചിക്കൺ മസാല യും "
"വൈഫ് എങ്ങിനെ ... നല്ല കുക്കാണൊ "
"യെസ് എക്സലന്റ് "
" എന്നെ പോലെയല്ല അല്ലെ" ... കൂടെ പൊട്ടിച്ചിരിക്കുന്ന ഇമോജികളും ...
രവി മറുപടി ഒന്നും അയച്ചില്ല
" സമുദ്ര എവിടെ ... അടുത്തുണ്ടൊ ......."
" ഇല്ല ഞാൻ ബാൽക്കണിയിൽ ഇരിക്കുന്നു :അവൾ ബെഡ് റൂമിൽ മോനെ യുറക്കുന്നു ... "
" രവി : ഐ ഫീൽ സൊ റിലാക്സ്ഡ് ... എന്താണെന്ന് അറിയില്ല .... ടാ .."
"ഉം . "
"നിനക്കെന്നോട് പ്രത്യേകിച്ച് ഒന്നും പറയാനില്ലെ ...."
" കുറെ പറയാനുള്ളപ്പോൾ ഒന്നും പറയാൻ പറ്റില്ല
എന്ന് കേട്ടിട്ടില്ലെ ... ഞാൻ ആ അവസ്ഥയിലാണിപ്പോൾ "
" സത്യത്തിൽ ഐ ആം ബ്ലെസ് ഡ് രവി ...നിന്നെ ഇവിടെ കണ്ടുമുട്ടിയതിൽ .....ഒന്ന് സംസാരിക്കാൻ മനസ്സ് തുറന്ന് കാര്യങ്ങൾ പങ്കു വെക്കാൻ ഒരാളെയെങ്കിലും കിട്ടിയല്ലൊ... "
രണ്ടു പേരും ഓൺലൈൻ ആയിരുന്നെങ്കിലും കുറച്ചു നേരം മെസ്സെജുകൾ ഒന്നും പരസ്പരം അയക്കാതെ ഇരുവരും മൊബൈലിൽ നോക്കിയിരുന്നു ....
"രവി നാളെ വൈകിട്ട് നീ ഫ്രീയാണൊ ... "
" ഉം .. ന്തെ ...."
എനിക്കാലില്ലിപുട്ട് ഫുട്ട് വെയേർസിൽ ഒന്ന് പോണം ..ഒരു ചെറിയ പർച്ചേസ് ....."
" വരുൺ ....?
"വരുൺ ബാഗ്ലൂരിലേക്ക് പോയി ... എന്റെ കയ്യിൽ രണ്ടുമൂന്ന് atm കാർഡുകൾ :: തന്നു ...അത് പോരെ ..... "
സ്മിത കുറെ സ്മൈലികളും കൂട്ടിനയച്ചു ...
പർച്ചേസും കഴിഞ്ഞ് കടൽക്കരയിൽ കാറിൽ വന്നിറങ്ങിയപ്പോൾ സ്മിത വല്ലാത്ത സന്തോഷത്തിലായിരുന്നു ..... കടൽക്കരയിൽ കപ്പലണ്ടിയും കൊറിച്ച് അവളങ്ങനെ തിരകളെയും നോക്കിയിരുന്നു ....
"കടലിനെ ഒരു പാടിഷ്ടായൊ ......." തിരകളെ നോക്കിയിരിക്കുന്ന രവിയുടെ കവിളിൽ കൈവിരലുകൾ മെല്ലെ കുത്തി സ്മിത ചോദിച്ചു ..
" ... എത്രായിരം കിലോമീറ്റർ സഞ്ചരിച്ചാണ് ഈ തിരകൾ ഇവിടെ എത്തുന്നതല്ലെ ... ഓരോ മണൽ തരികളെയും പുൽകി പിൻവാങ്ങുമ്പോഴെക്കും ദാ വരുന്നു പുതിയ തിരകൾ ... അവയെയും ഈ മൺതരികൾ കെട്ടിപിടിച്ചുമ്മവെക്കുന്നു .... സ്നേഹിക്കാനും
ഉമ്മ
വെക്കാനും കെട്ടിപിടിക്കാനും എത്രയോ തിരകൾ എന്ത് രസാലെ "
സ്മിത രവിയുടെ കൈവിരലുകൾ തന്റെ കൈവിരലുകളുമായി കോർത്ത് പിടിച്ചു ....
" നീ എന്താ ഒന്നും മിണ്ടാത്തെ ... "
" ഏയ് ഒന്നുമില്ല .... ഞാനും ഓർക്കുകയായിരുന്നു ... " രവി തുടർന്നു.ഈ തിരകൾക്കും ഈ മണൽത്തരികൾക്കും എന്തെങ്കിലും ഒരു എഴുതിവെച്ച നിയമങ്ങളുണ്ടൊ ... ഒന്നുമില്ല ... അവരുടെ ഇഷ്ടം പോലെ അവരുടെ പ്രണയം പതഞ്ഞ് പതഞ്ഞ് പൊങ്ങിക്കൊണ്ടെയിരിക്കുന്നു ......"
"മരിക്കാത്ത എത്രയോ പ്രണയങ്ങൾ ഉണ്ട് ...അല്ലെ ഈ ഭൂമിയിൽ ... ഇല്ലെ"
"ഉം " രവി യൊന്ന് മൂളി ...
"
"എന്തിനൊക്കെയൊ വേണ്ടി ആർക്കൊക്കെയോ വേണ്ടി അടിച്ചമർത്തപെട്ട ഇഷ്ടങ്ങൾ ... പ്രണയങ്ങൾ .... ഞാൻ നിന്റെ യും നീ എന്റെതുമായി ജീവിച്ചിരുന്ന കാലത്ത് സത്യത്തിൽ അടിച്ചമർത്തപെട്ടത് നമ്മുടെ പ്രണയമല്ലെ .... നമ്മൾ അതെക്കുറിച്ച് ആ കാലത്ത് മറന്നു പോയി "
"അടിച്ചമർത്തപെടുന്ന പ്രണയങ്ങൾ പിന്നീട് ഒരു വലിയ ദുരന്തമായി മാറിയേക്കാം രവി ........ അല്ലെ :
രവിയുടെ ചുമലിൽ തല വെച്ച് അസ്തമയ സൂര്യ
നെ നോക്കി സ്മിതയിരുന്നു
" നിനക്കിപ്പൊൾ ഇങ്ങനെയിരിക്കുന്നതിൽ എന്തെങ്കിലും കുറ്റബോധം തോന്നുന്നൊ രവി ....."
ഇല്ലെന്നർത്ഥത്തിൽ രവി തലയാട്ടി ...
" എനിക്കും ....അല്ലെങ്കിതന്നെ എന്തിനാ കുറ്റബോധം ... ... നമ്മൾ എന്ത് കുറ്റം ചെയ്തു ...
... ആരും കുറ്റം ചെയ്യാൻ വേണ്ടി ഒന്നും ചെയ്യുന്നില്ല ...അങ്ങിനെ ആയി പോകുന്നു ... അവരറിയാതെ ......"
.....................
പതിവ് പോലെ അന്നും ഭക്ഷണം കഴിഞ്ഞ് ബാൽക്കണിയിലിരുന്ന് മാനത്തെ പൂർണ്ണ ചന്ദ്രനെയും നോക്കി രവിയിരുന്നു ...സമുദ്ര കുട്ടിയെ ഉറക്കാനായി ബെഡ് റൂമിലും ...പെട്ടെന്നാണ് സമുദ്രയുടെ മൊബൈൽ ഫോൺ ശബ്ദിച്ചത്
"ഏട്ടാ ഒന്നു നോക്കിയെ... അമ്മയാണെങ്കി ഞാൻ അങ്ങോട്ട് വിളിക്കാം എന്ന് പറഞ്ഞേക്ക് ....."
തൊട്ടടുത്ത മുറിയിൽ വച്ചിരുന്ന സമുദ്രയുടെ മൊബൈൽ രവി കയ്യിലെടുത്തു ... അമ്മയാണ് ... വെറുതെ വിളിച്ചതാണ് ... വിശേഷങ്ങൾ പങ്കു വെച്ച് രവി ഫോൺ താഴെ വച്ചു ...പെട്ടെന്നാണ് വാട സപ്പ് ബീപ്പ് സൗണ്ട് വന്നത് ...രവി നോക്കി .... ഒരു വിജയ് മോഹന്റെ മെസ്സേജ് ...
"ഹായ് സമുദ്ര ... കുട്ടിയെ ഉറക്കി കഴിഞ്ഞില്ലെ"
കുറച്ചുനേരം വിജയ് മോഹൻ ഓൺലൈൻ ആയിരുന്നു .പിന്നെ പതിയെ ഓഫ് ലൈനായി ...
ഒരു കൗതുകത്തിനായി രവി സമുദ്രയുടെ വാട്സപ്പിലൂടെ ഒന്ന് വിരലോടിച്ചു ...
" ഗുഡ് മോണിങ്ങ് സമുദ്ര " .
"ഹായ് വിജയ് : ഇന്ന് നേരത്തെയാണല്ലൊ :
"ഒരു ചെറിയ ടെംപറേച്ചർ... അത് കൊണ്ട് ഇന്ന് ഒഴിവു ദിനമാക്കി ...."
" ഒരു ചുക്കു കാപ്പിയിട്ട് കുടിക്ക് "
: എനിക്കറിഞ്ഞൂടാ ...നീയിട്ടു താ സമുദ്ര ........."
"ശരി ... ഏറ്റു ചുക്കു കാപ്പിറഡി.വായ പൊളിച്ചെ ഒഴിച്ചു തരാം "
"ആ "
" വിജയ് ..ഞാൻ കുറച്ചു കഴിഞ്ഞ് വരാം ലേശം പണിയുണ്ട് "
" ടാ എത്ര ദിവസമായി നീ യൊരു സെൽ ഫിതന്നിട്ട് ....... "
" അച്ചോടാ ... ഇന്ന് തരാം ട്ടാ ... കുളിയെല്ലാം കഴിയട്ടെ "
" നിന്റെ കയ്യിൽ ഒരു മഞ്ഞ ചുരിദാർ ഇല്ലെ.. അതിട്ട് അയക്ക് "
"യാ ഷുവർ "
ബൈ
ബൈ
ഒരു നേർത്ത പുഞ്ചിരിയോടെ രവി ഫോൺ താഴെ വച്ചു ... പതിയെ കണ്ണുകളടച്ച് കസേരയിൽ ചാരിയിരുന്നു ...
"മരിക്കാത്ത പ്രണയങ്ങൾ ഈ ഭൂമിയിൽ എത്രയോ ഉണ്ട് ചിലത് നാം അറിയുന്നു ...ചിലത് അറിയുന്നില്ല ..... സ്മിതയുടെ വാക്കുകൾ രവിയുടെ ചെവിയിൽ മുഴങ്ങി
" അടിച്ചമർത്തപെടുന്ന പ്രണയങ്ങൾ പിന്നീട് ഒരു വലിയ ദുരന്തമായി മാറിയേക്കാം അല്ലെ ....."
ചിന്തകൾ രവിയുടെ നെഞ്ചിടിപ്പ് കൂട്ടിയപ്പോൾ അയാൾ തന്റെ കൈവിരലുകൾ മുടിയിഴകളിലൂടെ ഓടിച്ചു കൊണ്ടേയിരുന്നു ....
നിയമങ്ങളില്ലാത്ത ലോകത്ത് പ്രണയം ആവോളം ആസ്വദിക്കുന്ന .... അറിഞ്ഞു കൊണ്ട് ഒരു തെറ്റും ചെയ്യാത്ത തിരയെയും തീരങ്ങളെയും ഓർത്ത് ....
(അവസാനിച്ചു)

ചിമ്മിനിവിളക്ക് | നുറുങ്ങ് കഥ | Suresh Menon


 "ടീ ഇന്ന് രാത്രി നീ ഫ്രീ ആണോ "
അതെയെന്നവൾ തലയാട്ടി
"നിന്റെ കെട്ടിയോൻ ഇപ്പഴും തളർന്ന് കിടപ്പല്ലെടീ...ന്നാ ഇത് കയ്യിൽ വെച്ചൊ ... നാളെ മരുന്നു മേടിക്കാം "
അവളുടെ കയ്യിൽ ഒരു കെട്ട് നോട്ട് വെച്ചു കൊടുത്ത് സിഗററ്റിന്റെ കറ പിടിച്ച പല്ലു കാട്ടി അയാൾ വികൃതമായി ചിരിച്ചു
" ഞാൻ രാത്രിയങ്ങ് വരാം "
അവൾ ഒന്നും മിണ്ടാതെ മുന്നോട്ട് നടന്നു
കിണറ്റിൻ കരയിൽ നിന്ന് തല വഴി തണുത്ത വെള്ളമൊഴിച്ച് കുളികഴിഞ്ഞ് അവൾ .തളർന്നു കിടക്കുന്ന ഭർത്താവിന് കഞ്ഞിയും മരുന്നും നൽകി ഉറക്കി കിടത്തി ഒറ്റമുണ്ടും ഇടുങ്ങിയ ബ്ലൗസും ധരിച്ച് പായയിൽ അയാളെയും കാത്ത് മലർന്ന് കിടന്നു ...
സമീപത്ത് കത്തിച്ചു വച്ച ചിമ്മിനി വിളക്കിന്റെ നാളം അവൾ സൂക്ഷിച്ചു നേക്കി ...
"തന്റെ കഴുത്തിൽ കിടക്കുന്ന താലി തിരിച്ച് വെച്ചപോലെ ആ നാളം തിളങ്ങുന്നത് കണ്ട അവൾ തേങ്ങി ......"
മാടികുത്തിയ കൈലി മുണ്ടുമുടുത്ത് പാതി ചാരിയ വാതിൽ തുറന്ന് അയാളുടെ കാലുകൾ അകത്തേക്ക് പ്രവേശിച്ചപ്പോൾ കഴുത്തിലെ താലി ഊരി വിറക്കുന്ന കൈകളാൽ അവൾ തലയിണക്കടിയിൽ ഭദ്രമായി വേദനയോടെ ഒളിപ്പിച്ചു ....
(അവസാനിച്ചു)

വെള്ളം | ഒരു നുറുങ്ങ് കഥ | Suresh Menon

 

കാടു കയറി കാടിറങ്ങി
ക്ഷീണിച്ച് തൊണ്ട വരണ്ട്
പൊളിഞ്ഞു വീഴാറായ
ആ കുടിലിന് മുൻപിലെത്തി
അയാൾ അകത്തേക്ക് നോക്കി വിളിച്ചു ചോദിച്ചു
" കുറച്ച് വെള്ളം തരുമൊ "
മുപടിയില്ല ..അയാൾ ആവുന്നത്ര
ഉച്ചത്തിൽ കൂവി
" കുറച്ച് വെള്ളം തരാമൊ ... കുടിക്കാൻ "
" ഇല്ല തരാൻ പറ്റില്ല ...."
മറുപടി പറഞ്ഞ ആസ്ത്രീ ശബ്ദം കേട്ട അയാൾക്ക് ക്രോധം ഇരട്ടിച്ചു
" ദാഹിക്കുന്നവന് കുറച്ച് വെള്ളം കൊടുത്തൂടെ ... ദുഷ്ട ...."
ദാഹം സഹിക്കവയ്യാതെ അയാൾ വേച്ചുവേച്ച് മുന്നോട്ട് നീങ്ങി ... വീഴുമെന്നായപ്പോൾ മരത്തിന്റെ ചില്ലയിൽ മുറുകെ പിടിച്ചു .... കരിയിലകളിൽ കാൽ പെരുമാറ്റം കേട്ട അയാൾ കണ്ണു തുറന്ന് നോക്കി
മേലാസകലം അഴുക്കും പൊടിയും .... ചെമ്പിച്ച ചകിരിനാരുപോലെ അലക്ഷ്യമായി കിടക്കുന്ന മുടി .... അഴുക്ക് നിറഞ്ഞ നീണ്ട നഖങ്ങൾ നിറഞ്ഞ കൈവിരലുകൾക്കിടയിൽ ചെറുതായി പൊട്ടിയ വൃത്തിയില്ലാത്ത ഒരു പ്ലാസ്റ്റിക്ക് പാത്രത്തിൽ നിറയെ വെള്ളവുമായി ഒരു പയ്യൻ ....
" അമ്മക്ക് തുണിയില്ല മാറിയുടക്കാൻ ...ഉള്ളതെല്ലാം കീറിപ്പറഞ്ഞ് ....അതാ പുറത്തേക്ക് വന്ന് വെള്ളം തരാഞ്ഞെ "
നഗ്നത മറക്കാതെ ധൈര്യമായി പുറത്തേക്കിറങ്ങാൻ അസ്തമയസൂര്യനെ നോക്കിയിരിക്കുന്ന ആ കുടിലിനുള്ളിലെ രണ്ടു കണ്ണുകളോട് അയാൾ ആവർത്തിച്ചാവർത്തിച്ച് മാപ്പുപറഞ്ഞു കൊണ്ടേയിരുന്നു അപ്പോൾ ----

Written by Suresh Menon

ഡ്രൈവർ ദാസനും കണ്ടക്ടർ വിജയനും

 

യാത്രക്കാർ ഇറങ്ങിയപ്പോൾ കണ്ടക്ടർ വിജയൻ ഡബിൾ ബല്ലടിച്ചു .... ഡ്രൈവർ ദാസൻ വണ്ടി മുൻപോട്ടെടുത്തു.... വാട്സപ്പിൽ മെസ്സജ് വന്ന ശബ്ദം കേട്ട് ദാസൻ ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് മൊബൈൽ കയ്യിലെടുത്തു ....
"അച്ഛാ എനിക്ക് IAS സെലക്ഷൻ കിട്ടി ... റാങ്ക് ലിസ്റ്റിൽ ഉണ്ട് ... അച്ഛൻ വേഗം വീട്ടിലേക്ക് വാ"
മകൻ ഹരികൃഷ്ണന്റെ മെസ്സജ് വന്നതും ദാസന് വിശ്വസിക്കാനായില്ല. സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു
" വിജയാ ടാ വിജയാ " സന്തോഷം കൊണ്ടയാൾ ഉറക്കെവിളിച്ചു ... വിജയനെ കാണാതായപ്പോൾ
പിറകിലേക്ക് നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു
" ടാ വിജയാ മ്മടെ ഹരികൃഷ്ണന് IAS കിട്ടി ....നീ അറിഞ്ഞാ....''
"ങ്ങടെ ഒരു സ്വപ്നം ആയിരുന്നില്ലെ ദാസേട്ടാ അത്.... സന്തോഷായിട്ടാ .."
കമ്പിയിൽ പിടിച്ച് മുന്നോട്ട് നടന്നുനീങ്ങി ദാസന്റെ അരികിലെത്തിയ വിജയൻ പെട്ടെന്നാണ് അത് കണ്ടത്
" ദാസേട്ടാ ചെക്കന്മാര് ബൈക്കില് ... റോങ്ങ് സൈഡാ .... ബ്രേക്ക് ചവിട്ടി ....."
വിജയൻ ഉറക്കെ പറഞ്ഞതും ദാസന്റെ കയ്യിൽ നിന്ന് പാളിപ്പോയ വണ്ടി എതിരെ കയറി വന്ന ബൈക്കിനെ ഇടിച്ച് തെറിപ്പിച്ചതും പെട്ടെന്നായിരുന്നു ... ബൈക്ക് ഓടിച്ചിരുന്ന യുവാവ് ബൈക്കിനോടൊപ്പം റോഡിൽ ഉരുണ്ടു തെന്നിമാറി വീഴുകയും പിറകിലിരുന്ന പയ്യൻ തെറിച്ച് റോഡരികിൽ നിന്ന വലിയ മരത്തിൽ ഇടിച്ച് ചോരയിൽ കുളിച്ച് മണ്ണിൽ ബോധമറ്റ് വീഴുകയും ചെയ്തു ....
ബസ്സ് നിർത്തി ദാസനും വിജയനും ചാടി പുറത്തേക്കിറങ്ങി .... ആൾക്കൂട്ടങ്ങൾക്കിടയിലൂടെ അവർ മുന്നോട്ട് കുതിച്ചു
" ചതിച്ച് ... ദാസേട്ടാ... ഈ വീണ് കിടക്കണത് മ്മടെ മോൻ ഹരികൃഷ്ണനാ ...."
"മോനെ......." ഒരു ഭ്രാന്തനെപ്പോലെ ദാസൻ അലറി
........................
ഒരു വലിയ സദസ്സിന് മുമ്പിൽ ഹരികൃഷ്ണൻ ഒരു കഥ പറയുമ്പോലെ ഇത്രയും പറഞ്ഞ് നിർത്തിയപ്പോൾ സദസ്സ് തികഞ്ഞ നിശബ്ദത പാലിച്ചു കൊണ്ട് കേട്ടുകൊണ്ടിരുന്നു ....
വർഷങ്ങൾ പഴക്കമുള്ള ഗവ ആർട്ട്സ് കോളേജിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു പൂർവ്വ വിദ്യാർത്ഥി കൂടിയായ ജില്ലാ കലക്ടർ ഹരികൃഷ്ണൻ ....
ഹരികൃഷ്ണൻ തുടർന്നു
" ഈ ഗവർമ്മണ്ട് കോളേജിന്റെ മുന്നിലുള്ള ജംങ്ക്ഷനിലാണ് അന്ന് വർഷങ്ങൾക്ക് മുൻപ് ആ അപകടം സംഭവിച്ചത് ... രക്തത്തിൽ കുളിച്ചു കിടന്ന ഞാൻ മരിച്ചെന്ന് കരുതി എന്റെ അച്ഛൻ പാവം കുഴഞ്ഞ് വീഴുകയായിരുന്നു ....എന്റെ ....എന്റെ അച്ഛനെ എനിക്ക് .... എനിക്ക് ... എന്നെന്നേക്കുമായി നഷ്ടപെടുകയായിരുന്നു "
ഒന്നു നിർത്തി ഹരികൃഷ്ണൻ തുടർന്നു.....
"എന്റെ അച്ഛനും വർഷങ്ങളായുള്ള ഈ കലാലയ മുത്തശ്ശിയുടെ ഒരു പൂർവ്വവിദ്യാർത്ഥിയായിരുന്നു "
ഹരികൃഷ്ണന്റെ തൊണ്ടയിടറി ... ഒരു നിമിഷം കണ്ണുകളടച്ചു .....
" ഞാൻ അയച്ച ഒരു വാട്സപ്പ് മെസ്സേജാണ് എന്റെ അച്ചന്റെ മരണത്തിന് കാരണമെന്ന ചിന്ത ഇന്നും എന്നെ ശക്തമായി വേട്ടയാടുന്നു .... അന്ന് ഞാനാ മെസ്സെജ് അയച്ചില്ലായിരുന്നെങ്കിൽ ...."
ഹരികൃഷ്ണൻ ഒന്നു വിതുമ്പി ... കണ്ണുകൾ തുടച്ചു ....
" അവസാനമായി എനിക്കൊന്നെ പറയാനുള്ളു ...വിരൽ തുമ്പുകളാൽ നമ്മൾ കുത്തി വിടുന്ന
മെസ്സജുകളേക്കാൾ എത്രയോ വലുതാണ് ജീവിതാനുഭവങ്ങൾ നമുക്ക് തരുന്ന മെസ്സേജുകൾ ... അത് മറക്കരുത് "
സദസ്സ് മുഴുവനായി എഴുന്നേറ്റ് നിന്ന് ഹരികൃഷ്ണന്റെ വാക്കുകൾക്ക് ഒരു നീണ്ട കയ്യടി നൽകിയപ്പോൾ .... ഏറ്റവും പിറകിലായി മറ്റൊരു പൂർവ്വ വിദ്യാർത്ഥിയായ കണ്ടക്ടർ വിജയൻ നിർത്താതെ കയ്യടിച്ചു കൊണ്ടിരിക്കയായിരുന്നു
" ദാസേട്ടാ ങ്ങള് കേട്ടില്ലെ ...മ്മടെ ഹരികൃഷ്ണൻ പ്രസംഗിച്ചത് .... ങ്ങളെ ക്കുറിച്ച് ഓൻ കുറെ പറഞ്ഞ് ... എനിക്ക് ഭയങ്കര സന്തോഷായിട്ടാ .... എത്ര കാലായി ദാസേട്ടാ മ്മള് രണ്ടു പേരും കൂടി ബസ്സോടിച്ചിട്ട് ... ങ്ങള് വണ്ടി എടിക്കീന്ന് ...ഞാൻ ഡബിൾ ബല്ലടിച്ച് ....."
നിർത്താത്ത ആ കയ്യടികൾക്കിടയിലും വിജയന്റെ മനസ്സ് തന്റെ പ്രിയപ്പെട്ട ദാസേട്ടനോട് ഇതെല്ലാം പതിയെ പറയുകയായിരുന്നു ... ....കൂട്ടത്തിൽ വികൃതി കാണിച്ചു പൊട്ടിച്ചിരിച്ചു കൊണ്ട് കൊച്ചു കൊച്ചു കണ്ണീർ കുഞ്ഞു ങ്ങൾ വിജയന്റെ കവിളിലേക്ക് തുരുതുരാ വീണു കൊണ്ടെയിരുന്നു
(അവസാനിച്ചു)
സുരേഷ് മേനോൻ

സദാനന്ദൻ മാഷിന്റെ കുട


 " മോനെ അച്ഛൻ ....", അമ്മയുടെ ഫോണിലൂടെയുള്ള വാക്കുകൾ കേട്ടപ്പോൾ റിജുവിന് എന്തോ പന്തികേട് തോന്നി ....

"ന്താ മ്മെ . "
" മോനെ ....." പിന്നെ ഒരു തേങ്ങിക്കരച്ചിലായിരുന്നു ....
.................
സദാനന്ദൻ മാഷ് മരിച്ചു .... മലയാളവും കണക്കും പഠിപ്പിക്കുന്ന ആ ഗ്രാമത്തിലെ ഏവരുടെയും പ്രിയപ്പെട്ട മാഷ്.... മാഷിന്റെ വീട്ടിലേക്ക് വിവരമറിഞ്ഞ് നാട്ടുകാർ ഇരച്ചുകയറി
പതിവു പോലെ രാവിലത്തെ ചായ കുടി കഴിഞ്ഞ് പത്രം വായിച്ചു കൊണ്ടിരുന്നതാണ് ....എന്തൊ .. അസ്വസ്ഥത തോന്നി .... ഭാര്യയെ വിളിച്ചു .... ആ കയ്യിലേക്ക് കുഴഞ്ഞുവീണു ....
പിന്നെ .....സ്ക്കൂളിലെ സഹപ്രവർത്തകർ .... സുഹൃത്തുക്കൾ .... കുട്ടികൾ .... നിറഞ്ഞ വേദനയോടെ മാഷിന് വിട പറഞ്ഞപ്പോൾ ആ ഗ്രാമം മൊത്തം തേങ്ങി .....
എല്ലാവരും പിരിഞ്ഞു ... ആ വീട് ശാന്തമായി ..ആ വലിയ പഴയ വീടിന്റെ കോലായിൽ മകൻ റിജുവും ഭാര്യ രാജിയും മകൾ അപർണ്ണയും പറമ്പിൽ അച്ഛൻ വിശ്രമിക്കുന്ന സ്ഥലത്തേക്ക് നോക്കിയിരുന്നു ..... റിജു തല തിരിച്ച് ചുമരിലേക്ക് നോക്കി .... അച്ഛന്റെ വലിയ കുട തൂക്കിയിട്ടിരിക്കുന്നു .... അതിന്റെ പിടിയിൽ ഒരു ചെമ്പ് തകിടുകൊണ്ട് വളപോലെ
പിടിപ്പിച്ചിട്ടുണ്ട് ....അതാണ് ആ കുടയുടെ ഭംഗി ....
തനിക്ക് സ്പെഷ്യൽ ക്ലാസ് ഉള്ള ദിവസം അച്ഛന്റെ സ്പെഷ്യൽ പെർമിഷൻ മേടിച്ച് ആ കുട താൻ കോളേജിൽ കൊണ്ടുപോകുമായിരുന്നു .... റിജു ഓർത്തു ... കോളേജിലെ എല്ലാവർക്കും ആ കുട ഒരു കൗതുക വസ്തുവായിരുന്നു ....അതും ചൂടി തിരിച്ചു വരുമ്പോൾ ഒരു പ്രത്യേക ഗമയായിരുന്നു .... ഓരോന്ന് ഓർത്തു കൊണ്ടിരുന്നപ്പോൾ റിജുവിന്റെ കണ്ണുനനഞ്ഞു .....
അടുക്കളയിൽ നിന്ന് പണിയും കഴിഞ്ഞ് മുണ്ടിന്റെ കോന്തലയിൽ കൈ തുടച്ച് അമ്മ ദേവയാനി റിജുവിന്റെ അടുത്ത് വന്നിരുന്നു ... തന്റെ ഭർത്താവ് വിശ്രമിക്കുന്ന പറമ്പിന്റെ കോണിലേക്ക് നോക്കിയിരുന്നു ....
"എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ... അച്ഛനെയും അമ്മയെയും എന്റെ കൂടെ കുറെ കാലം താമസിപ്പിക്കുകയെന്ന് ... ഒന്നും നടന്നില്ല "
റിജു. വേദനയോടെ പറഞ്ഞു ....
"അമ്മയെങ്കിലും ഞങ്ങടെ കൂടെ വാ"
റിജുവിന്റെ ഭാര്യ രാജി അത് പറഞ്ഞ് അമ്മയുടെ കയ്യിൽ പിടിച്ചു ....
"മോളെ അച്ഛനുണ്ടായപ്പൊ പോകാൻ കഴിഞ്ഞില്ല .... അന്നെനിക്കാശയുണ്ടായിരുന്നു ... നിങ്ങടെ കൂടെയൊക്കെ താമസിക്കാൻ .... നിങ്ങക്കറിയാലൊ .... ഈ സ്ഥലം വിട്ട് അച്ഛന് എവിടെയും പോകാൻ ഇഷ്ടമല്ല ....ഇനിയിപ്പൊ അച്ചനില്ലാതെ ഞാനുമില്ല ... "
അമ്മ ഒന്നു നിർത്തി തുടർന്നു.
" അച്ഛൻ കാര്യമായിട്ട് വെള്ളവും ഭക്ഷണവും കൊടുത്ത് വളർത്തുന്നതാണ് ... ഈ പശുക്കളെയും പൂച്ചയെയും നായയെയും തത്തമ്മയെയും .....പിന്നെ ഈ ചെടികൾ .... കൃഷി .... ഈ വീട് ....പറമ്പ് ..... അടച്ചിട്ടാൽ എല്ലാം നശിക്കും .... അച്ഛന് സഹിക്കില്ല മക്കളെ അത് "
അമ്മ കണ്ണുതുടച്ചു കൊണ്ട് പറഞ്ഞു .... കുറച്ച് നേരം എല്ലാവരും മൗനം പൂണ്ടു ...
"അമ്മേ ഞാൻ മടങ്ങി പോകുമ്പൊ അച്ഛന്റെ ഈ കുട കൊണ്ടു പൊക്കോട്ടെ "
" അതിനെന്താ കൊണ്ടു പൊക്കൊ .... സൂക്ഷിക്കണം.... കളയരുത്.... എന്നെ കല്യാണം കഴിച്ച് കൊണ്ടു വരുമ്പോളെ ഈ കുട അച്ഛന്റെ കയ്യിലുണ്ട് "
....................................
ദുബായ് മലയാളം ആർട്ട്സ് ലവേഴ്സ് അസോസിയേഷൻ അന്ന് ഒരു വൻ സ്വീകരണമൊരുക്കി .... തിരഞ്ഞെടുത്ത ഒരു സദസ്സിന്റെ മുന്നിൽ ദുബായിലെ ഇന്ത്യൻ സ്ക്കൂൾ അദ്ധ്യാപകനായ ശ്രീധറിന് കേരള സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചതിന്റെ ആഘോഷമായിരുന്നു അത്.-- ശ്രീധർ എഴുതിയ " സദാനന്ദൻ മാഷിന്റെ കുട" എന്ന പുസ്തകമാണ് അവാർഡിനർഹമായത് ..... സാഹിത്യം ഇഷ്ടപെടുന്നവർക്കായി ചടങ്ങിന് ഓൺ ലൈൻ സംവിധാനം ഒരുക്കിയതിനാൽ ശ്രീധറിന്റെ വാക്കുകൾക്കായി ലോകത്തിന്റെ പല മൂലകളിലും ജനങ്ങൾ ആകാംക്ഷയോടെ കാത്തിരുന്നു
പ്രസംഗിക്കാനായി ശ്രീധർ എഴുന്നേറ്റപ്പോൾ തന്നെ സദസ്സ് കരഘോഷം മുഴക്കി
" നമസ്ക്കാരം ... അമേരിക്കൻ എഴുത്തുകാരൻ ജോസഫ് ഹെല്ലറിന്റെ ഒരു വാചകമുണ്ട് .... ഒരു പുസ്തകം ഉത്തമ കലാസൃഷ്ടിയാകുന്നത് അത് എഴുതുമ്പോഴൊ വായിക്കുമ്പോഴോ അല്ല ...മറിച്ച് അത് മനസ്സിൽ തട്ടി ആസ്വദിക്കപെടുമ്പോഴാണ് .... സദാനന്ദൻ മാഷിന്റെ കുട നിങ്ങൾ ആസ്വദിച്ചു എന്നുള്ളതാണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരം .... അതിന് മുൻപിൽ ഞാൻ ആദ്യമായി എന്റെ നന്ദി നിറഞ്ഞ നമസ്ക്കാരം രേഖപെടുത്തട്ടെ ... " സദസ്സ് വീണ്ടും കയ്യടിച്ചു
" ഒരു കഥ എഴുതാൻ എനിക്ക് ഇത് വരെ ബുദ്ധിമുട്ട് തോന്നിയിട്ടില്ല ... കാരണം അവിടെ ഞാനും എന്റെ ഇഷ്ടങ്ങളും മാത്രമെയുള്ളു... എന്റെ ഇഷ്ടങ്ങളെ തൃപ്തിപെടുത്താൻ എനിക്ക് നിമിഷങ്ങൾ മതി ....അപ്പൊൾ എന്റെ എഴുത്ത് എനിക്ക് വളരെ ശ്രേഷ്ടമായി തോന്നും.... എന്നാൽ എപ്പോഴെല്ലാം നിങ്ങൾ വായനക്കാരുടെ ഇഷ്ടങ്ങൾ, അനിഷ്ടങ്ങൾ ,നിങ്ങളുടെ ചിന്തകൾ, എന്നെ കീഴ്പെടുത്തുന്നുവൊ അപ്പോഴെല്ലാം ഞാനും എന്നിലെ എഴുത്തുകാരനും തമ്മിൽ ഒരു യുദ്ധഭൂമിയിലേക്ക് പ്രവേശിക്കയാണ് ... അവിടെ ഹതാശയനാകാതെ പിടിച്ചു നിൽക്കലാണ് എന്റെ ലക്ഷ്യം ....അതിൽ വിജയിക്കുമ്പോൾ ഞാൻ നിങ്ങളിൽ ഒരുവനാകുന്നു .... നമ്മൾ ഒരുമിച്ച് വായിക്കുന്നു ..സദാനന്ദൻ
മാഷിന്റെ കുട നമുക്ക് പ്രിയപെട്ടതാകുന്നു ....."
ശ്രീധറിന്റെ വാക്കുകൾ കേട്ട സദസ്സ് നിർത്താതെ കയ്യടിച്ചു കൊണ്ടിരുന്നു ....
കുറച്ചു നേരത്തെ നിശബ്ദതക്ക് ശേഷം ശ്രീധർ തുടർന്നു
" സുഹൃത്തുക്കളെ ഇന്ന് എന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു സംഭവം നടന്നു ... നിങ്ങളുമായി എനിക്കത് പങ്ക് വെക്കണം .....:
സദസ്സ് വീർപ്പടക്കി കാത്തിരുന്നു ...ശ്രീധറിന്റെ വാക്കുകൾക്കായി ...
"സദാനന്ദൻ മാഷിന്റെ കുട എന്ന എന്റെ കഥയിലെ പോലെ ഞാൻ എന്നും നന്ദിയോടെ ഓർക്കുന്ന ഒരു കുടയുണ്ട് .... അച്ഛനില്ലാതെ അമ്മയില്ലാതെ ജീവിക്കുന്ന കാലം. ചോർന്നൊലിക്കുന്ന കൂരയെക്കാൾ നല്ലത് പുറത്തെ മഴ കൊണ്ട് സ്ക്കൂളിൽ പോകുന്നതാണ് നല്ലതെന്ന് ചിന്തിച്ചിരുന്ന ഒരു ബാല്യം ... അന്ന് മഴതുള്ളികൾ എന്റെ മേൽ ഏൽക്കാതെ എന്നെ സംരക്ഷിച്ചു കൊണ്ട് സ്ക്കൂളിൽ എത്തിച്ചിരുന്നു ഒരു കുട....
എനിക്ക് അക്ഷരങ്ങളും ധനവും തന്ന് എന്നെ ഇന്നത്തെ ഞാനാക്കിയ എന്നെ സംരക്ഷിച്ച എന്റെ പ്രിയപ്പെട്ട അദ്ധ്യാപകന്റെ കുട.... ഉടുക്കാൻ തുണിയില്ലാതെ പുറത്തിറങ്ങാൻ മടിച്ചിരിക്കുമ്പോൾ സ്വന്തം മകന്റെ കുപ്പായവും ട്രൗസറും എനിക്കായി കൊണ്ടു തന്ന് എന്റെ നാണം മറച്ച ഒരു മാഷിന്റെ
കുടയുടെ കഥ ... പിടിയിൽ ചെമ്പ് തകിട് വളപോലെ പിടിപ്പിച്ച മനോഹരമായ ഒരു കുട... ഇന്ന് ഇന്ന് ആ കുട എന്റെ കയ്യിലെത്തി ....എന്റെ പ്രിയപ്പെട്ട മാഷിന്റെ കുട.... എന്റെ സ്ക്കൂളിലെ വിദ്യാർത്ഥിനിയായ മാഷുടെ കൊച്ചുമോളാണ് ആ കുട ഇന്നെനിക്ക് തന്നത് .... ഇതാണ് എന്റെ ആ പ്രിയപ്പെട്ട കുട... "
ശ്രീധർ ആ കുട സദസ്സിനായി കാണിച്ചു കൊടുത്തു .... ഒരു സിനിമയുടെ ക്ലൈമാക്സ് കാണുന്ന പോലെ സദസ്സ് നിശബ്ദമായി അത് കണ്ടു കൊണ്ടിരുന്നു ....
പിന്നീട് നീണ്ട കരഘോഷമായിരുന്നു ....
" എന്റെ എന്റെ ജീവനാണ് ഈ കുട" .... ശ്രീധറിന്റെ തൊണ്ടയിടറി ....
.......................
അന്നു രാത്രി പതിവ് പോലെ റിജു അമ്മയെ വിളിച്ചു
"അമ്മ കണ്ടില്ലെ ഇന്ന് ശ്രീധറിന് നൽകിയ സ്വീകരണം "
" ഊം കണ്ടു ....ഞാൻ ഓൺലൈനിൽ എല്ലാം കണ്ടു ..... സന്തോഷായി അവൻ വലിയ എഴുത്തുകാരനായി പോയി അല്ലെ ...... "
" അത് പിന്നെ ആവാതിരിക്കുമൊ അമ്മെ .... സ ദാനന്ദൻ മാഷിന്റെ ചോരയല്ലെ അവനും ... "
അമ്മ ഒന്നു മൂളി
ചോത്തി പെണ്ണായ ദേവുവിനെ കെട്ടിയാൽ രണ്ടിനെം കൊന്ന് ചേറിൽ താഴ്ത്തുമെന്ന വല്യമ്മാന്റെ ഉഗ്രശാസനക്ക് മുന്നിൽ മനസ്സില്ലാമനസ്സോടെ തന്റെ കഴുത്തിൽ താലി കെട്ടിയ മാഷ് .... ആദ്യ രാത്രി തന്നെ തന്റെ കൈകൾ കൂട്ടി പിടിച്ച് പൊട്ടിക്കരഞ്ഞു കൊണ്ട് എല്ലാം തുറന്നു പറഞ്ഞ സദാനന്ദൻ മാഷ്.... അന്ന് ദേവു ആറ് മാസം ഗർഭിണിയായിരുന്നു .... പിന്നീട് മാഷിന് ധൈര്യം നൽകി കൂടെ നിന്ന് അവൾക്ക് വേണ്ട എല്ലാ സംരക്ഷണവും നൽകി... ദേവു മരിച്ചപ്പോൾ റിജുവിനെ പോലെ തന്നെ ശ്രീധറിനെയും സ്വന്തം മകനെ പോലെ സ്നേഹിച്ചു .....
"അമ്മെ ....."
റിജുവിന്റെ ശബ്ദം ദേവയാനിയമ്മയെ ചിന്തയിൽ നിന്നുണർത്തി .....
"അമ്മ എന്താ ആലോചിക്കണെ പഴയ കാര്യങ്ങളാണൊ "
"ഊം "
"അമ്മെ ആ കുട ഞാനവന് കൊടുത്തുട്ടാ ...."
"നന്നായി മോനെ .... അത് എന്ത് കൊണ്ടും അവന്റെ കൈകളിലാണ് എത്തിച്ചേരേണ്ടത് ... അച്ഛന് സന്തോഷമായിക്കാണും .....അവൻ അത് വച്ച് ഇനിയും ഒരു പാട് കഥകളെഴുതും .... അത് ... അതവന് ഒരു പാട് അനുഭവങ്ങൾ നൽകിയതാണ് " "
" മോനെ അമ്മയൊന്ന് ചോദിക്കട്ടെ "
" ചോദിക്കമ്മെ "
" നിനക്ക് എല്ലാം അറിയാം എന്ന സത്യം നീ ശ്രീധറിനോട് പറഞ്ഞൊ "
" ഇല്ലമ്മെ ഞാനൊന്നും പറഞ്ഞിട്ടില്ല "
" വേണ്ട പറയണ്ട ... ചില ബന്ധങ്ങൾ അറിയാതിരിക്കുന്നതാണ് ഭംഗി മോനെ .... ഈ അമ്മക്ക് ഓർക്കാൻ ഒരു പാട് നല്ല ഓർമ്മകളുണ്ട് .... അച്ഛനില്ലാത്ത ഈ സമയത്ത് അമ്മക്ക് കൂട്ടിന് ഈ ഓർമ്മകളെയുള്ളു... അച്ഛന്റെ ആ പ്രിയപ്പെട്ട കുട അമ്മക്ക് തന്ന ഒരു പാട് ഓർമ്മകൾ .... അത് അമ്മയോടു കൂടി എരിഞ്ഞു തീരട്ടെ ... "
അമ്മയുടെ വാക്കുകൾ കേട്ട റിജുവിന്റെ കണ്ണുകൾ നനഞ്ഞു ... ഫോൺ താഴെ വച്ചു
"സന്തോഷായില്ലെ മാഷെ .... മാഷിന്റെ കുട പ്രിയപ്പെട്ട മോന്റെ കയ്യിൽ തന്നെ എത്തി ചേർന്നുട്ടാ .... അവൻ ലോകമറിയുന്ന എഴുത്തുകാരനാകും ... സംശയമുണ്ടൊ മാഷിന് .... കൂട്ടിന് മാഷിന്റെ കുടയില്ലെ ... പിന്നെന്തിനാ സംശയം ....."
പറമ്പിന്റെ ഒരു മൂലയിൽ വിശ്രമിക്കുന്ന സദാനന്ദൻ മാഷിനെ ജനൽ ക്കമ്പികളിലുടെ നോക്കിക്കൊണ്ട് ദേവയാനിയമ്മ പതിയെ മന്ത്രിച്ചു ......
(അവസാനിച്ചു )
Written by Suresh menon

സണ്ണി പറഞ്ഞു തന്ന ചില കാര്യങ്ങൾ


ഇന്നലെ ദുർഗ്ഗാഷ്ടമി ആയിരുന്നല്ലോ. ഒരു മുൻകരുതൽ എന്ന നിലക്ക് ഞാൻ സണ്ണിയെ ഒന്ന് വിളിച്ചു.
അവൻ പറഞ്ഞു

"ഡാ നീ വെറുതെ ഭയപ്പെടേണ്ട.ഒന്നും സംഭവിക്കില്ല... ആരും നടക്കാത്ത വഴികളിലൂടെ നടന്നു ഞാനതിനെ വേരോടെ ഇങ് പറിച്ചെടുത്ത് കളഞ്ഞതല്ലെ..."

"എന്റെ സണ്ണി നീ അന്ന് നടന്ന വഴികളെല്ലാം സർക്കാര് ഏറ്റെടുത്ത് ഹൈവേ ആക്കി മാറ്റി.. ദുർഗ്ഗാഷ്ടമിയല്ലെ ഒരു മുൻകരുതൽ എന്ന നിലക്ക് കുറച്ചു tips പറഞ്ഞു താ"

രാവിലെ പച്ചക്കറി മേടിക്കാൻ പുറത്തുപോയി തിരിച്ചു വന്നപ്പോൾ സണ്ണി പറഞ്ഞത് ഓർത്തു

ഒരു കാരണവശാലും വാതിലിൽ കൈ കൊണ്ട് മുട്ടരുത്.. പ്രത്യേകിച്ച് കയ്യിൽ വടിയോ കുടയൊ ഉണ്ടെങ്കിൽ അത് വാതിലിൽ ഒട്ടും സ്പർശിക്കാതെ നോക്കണം . കാളിംഗ് ബെൽ മാത്രമേ അടിക്കാവു.."

പറഞ്ഞപോലെ കാളിംഗ് ബെൽ അടിച്ചു

"പഴയത് പോലെ യാരത്‌ എന്നവൾ ചോദിച്ചില്ല മറിച്ച് ചേട്ടനല്ലെ എന്നു ചോദിച്ചത് കേട്ടപ്പോൾ സന്തോഷമായി

ഉച്ചയൂണ് കഴിഞ്ഞ് ഒന്ന് മയങ്ങി എഴുന്നേറ്റപ്പോൾ ചായയുമായി അവള് അരികിൽ വ ന്നു

"ചേട്ടാ അപ്പുറത്തെ വീട്ടിലെ രാജലക്ഷ്മിക്ക്‌ സാരി മേടിക്കാൻ ഞാൻ കൂടെ ചെല്ലണമെന്നു പറയുന്നു..ഞാൻ പോ ക്കോട്ടെ....

സണ്ണി പറഞ്ഞതോർത്തു.

"സാരിയോ ബ്ലൗസോ ചുരിദാ റോ എന്ത് മേടിക്കണമെന്നു പറഞ്ഞാലും ചുമ്മാ പോക്കൊളാൻ സമ്മതിച്ചേ ക്കണം. .."

ഒട്ടും അമാന്തിച്ചില്ല

"നീ തീർച്ചയായും പോണം എന്നുമാത്രമല്ല നിന ക്കിഷ്ടപെട്ട മസാലദോശ യും ഐസ്ക്രീമും കഴിച്ചിട്ട് വന്നാൽ മതി. "

ആയിരം രൂപ എടുത്തു അവളുടെ കൈയിൽ കൊടുക്കുമ്പോൾ ആ മുഖത്ത് ഒരു വല്ലാത്ത സന്തോഷം ആയിരുന്നു

Spb യുടെ ഓർമ്മക്കായി കിടക്കുന്നതിന് മുൻപ് "ഇളയനില" കേൾക്കുന്ന പതിവ് ഉണ്ടായിരുന്നു എനിക്ക് ...

"ഒരു കാരണവശാലും നാളെ തമിൾ പാട്ട് കേൾക്ക രു ത്..അത്യാവശ്യമാണെന്ന് തോന്നിയാൽ പഴയ എന്തെങ്കി ലും മലയാളം പാട്ടുകൾ മാത്രമാകാം. അതും ഭക്ഷണത്തിന് ശേഷം...

സണ്ണി പറഞ്ഞത് അക്ഷരം പ്രതി ഞാൻ അനുസരി ച്ചു

"യാതൊരു കാരണവശാലും തെക്കിനി വടക്കിനി കിഴക്കിനി പടിഞ്ഞാറിനി പോയിനി വന്നിനി എന്നിങ്ങനെ നിയിൽ അവസാനിക്കുന്ന വാക്കുകൾ ഉപയോഗിക്കരുത്. ശ്രദ്ധിക്കണം "

അതും ഞാൻ ശ്രദ്ധിച്ചു

"വീട്ടിൽ ചിലങ്കയുണ്ടോ. എങ്കിൽ മാറ്റണം."

മകള് ഭരതനാട്യം പഠിച്ചിരുന്ന കാലത്ത് ഉപയോഗിച്ച ചിലങ്ക പെട്ടിക്കുള്ളിൽ ഉണ്ടായിരുന്നു.അവള് കാണാതെ അതെടുത്ത് ഞാൻ അപ്പുറത്തെ പറമ്പിലേക്ക് വലിച്ചെറിഞ്ഞു

രാത്രി കിടക്കുമ്പോൾ സണ്ണി പറഞ്ഞതനുസരിച്ച്
"അവളുടെ മുടിയിൽ തഴുകി നിനക്കൊന്നും ഇല്ല എന്റെ മോൾക്ക് ഒന്നുമില്ല എന്ന് വെറുതെ മന്ത്രങ്ങൾ ഉരുവിട്ട് കൊണ്ടേയിരുന്നു. ..."

അവള് സുഖമായി ഉറങ്ങി.. എപ്പോഴാണ് ഞാൻ ഉറങ്ങിയതെന്ന് അറിഞ്ഞില്ല

രാവിലെ കുറച്ചു വൈകിയാണ് എഴുന്നേറ്റത്
ഒരു ചിലങ്കയുടെ ശബ്ദം കേട്ടപ്പോൾ ഞെട്ടിപ്പോയി

"ചേട്ടാ ഇത് കണ്ടോ അപ്പുറത്തെ പറമ്പിലെ ചേമ്പിൻ താള് പറിക്കാൻ പോയപ്പോ കിട്ടിയതാണ്..നല്ല ഒരു ചിലങ്ക.. ഏതു തെണ്ടിയാണവോ ഇതൊക്കെ പറമ്പിലേക്ക് വലിച്ചെറിയുന്നത്"

ഒരു ഇളിഭ്യ ചിരി ചിരിച്ചുകൊണ്ട് ഞാൻ അവളുടെ മുഖത്തേക്ക് നോക്കിയിരുന്നു

"ചേട്ടാ ഈ ചിലങ്ക കണ്ടോ .ഇത് പണ്ട് ച ന്ദ്രഗുപ്തന്റെ കാലത്ത് ഉപയോഗിച്ചിരുന്ന ചിലങ്കയാണ്"

"ങ്ങേ..."ഞാൻ ഞെട്ടിപ്പോയി...പെട്ടെന്ന് സണ്ണി പറഞ്ഞതോർത്തു..

"ചിലങ്ക കയ്യിൽ പിടിച്ചു അതിനെ പ്രശംസിച്ചു സംസാരിച്ചാൽ ചുമ്മാ അങ്ങ് പ്രശംസിച്ചോണം...മടിക്കരുത്"
താനും വിട്ടില്ല...

"അയ്യോ മോളെ ... ചന്ദ്രഗുപ്തൻ മാത്രമല്ല .. രാമ ഗുപ്തൻ രവി ഗുപ്തൻ പിന്നെ അശോകൻ ഹർഷവർധൻ ബാഹുബലി ഭരതൻ പത്മരാജൻ ജോൺ എബ്രഹാം ഇവരുടെയൊക്കെ രാജ സദസ്സിൽ നർത്തകിമാർ ഈ ചിലങ്ക യാണ് അണിഞ്ഞിരുന്നത്..."

"ആണോ ചേട്ടാ...."

അവള് വല്ലാതെ ഹാ പ്പിയായി
"ചേട്ടാ ഞാനിതൊന്ന് അണിഞ്ഞു നോക്കട്ടെ."
അപ്പുറത്തേക്ക് പോയി

ഞാൻ മൊബൈൽ കയ്യിലെടുത്ത് സണ്ണിയെ വിളിച്ചു

"ഡാ സണ്ണി എന്തുവടെ ഇത്.പണ്ടൊക്കെ അഷ്ടമി ക്കായിരുന്നു പ്രശ്നം.ഇതിപ്പോ നവമിയിലോട്ട് മറിയല്ലോ"

"ഹ നീ വിഷമിക്കണ്ടതില്ല..ഞാൻ പറഞ്ഞിട്ടില്ലേ പത്തോ ഇരുപതോ വർഷങ്ങൾക്കു ശേഷം ഇത് തിരിച്ചു വരാനുള്ള സാധ്യത തള്ളിക്കളയാൻ പറ്റില്ല എന്ന്..ഇനി ഇത് തിരിച്ചു വന്നാൽ നവമിയിലേക്കോ അവിടെനിന്ന് ദശമിയിലേക്കോ പ ടർന്നെന്ന് വരാം.... ഞങളുടെ ഭാഷയിൽ ഇതിന് ...."

"മിണ്ടിപ്പോകരുത് നീ...നിങ്ങളുടെ ഭാഷ ...ഇത് കേട്ട് കേട്ട് മടുത്തു"

"ഹ നീ ചൂ ടാകതെ. .be calm..നമുക്ക് ശരിയാക്കാം..തൽക്കാലം ഞാൻ പറഞ്ഞുതന്ന ടിപ്സ്. നീ നവമിയിലും ഫോളോ ചെയ്യുക...എന്നിട്ടും കുറവില്ലെങ്കിൽ ദശമി ദിവസം അതിരാവിലെ നാല് മണിക്ക് എ ന്നെവിളിക്കുക..ഞാൻ നമ്മുടെ പഴയ തിരുമേനിയു മായി അങ്ങ് വരാം...നമുക്ക് മറ്റെ പ്രയോഗം ഒരിക്കൽ കൂടി അപ്ലൈ ചെയ്യാം"

"ഏതു പ്രയോഗം"

"ഡേയ്. നീ മറന്നോ. മറ്റെ ഡമ്മി വെച്ച് ചക്രം തിരിക്കണ പരിപാടി....."

"സണ്ണി......."

ഞാൻ അലറി

"ഹ നീ വിഷമിക്കേണ്ട... ഞാനില്ലെ കൂടെ..."

"ഡാ സണ്ണി അപ്പോ ഈ ചക്രവും വണ്ടിയും എവിടെ കിട്ടും.."

"അതൊക്കെ എന്റെ store റൂമിൽ സൂക്ഷിച്ചുവച്ചിട്ടുണ്ട്.
ഒന്ന് പൊടിതട്ടിയെടുത്താൽ മതി..നീ ധൈര്യ മായിരിക്ക്""

ഡാ സണ്ണി ആ മറ്റെ പഴയ ഡാൻസർ രാമനാഥൻ എവിടെ യാണിപ്പോൾ..."
"അത് നീ എനിക്ക് വിട്ടേക്ക്..പുള്ളി ഇവിടെ അടുത്ത് ഓൺലൈൻ ഡാൻസ് ക്ലാസ്സ് എടുത്തു ജീവിക്കയാണ്‌..ഞാൻ രാവിലെ വരുമ്പോൾ പുള്ളിയെ പിക് ചെയ്തു വരാം..."
"വണ്ടി ചക്രം തിരുമേനി ഡാൻസർ എല്ലാം നിന്റെ കസ്റ്റഡിയിൽ ഉണ്ടല്ലേ"
"ഞങൾ ഒരു ഗ്രൂപ് ആയാണ് ഇപ്പൊ പരിപാടികൾ...ജീവിച്ച് പൊണ്ടെടെയ്.."

ഒന്ന് നിർത്തി സണ്ണി തുടർന്നു
"ഡേയ് പിന്നെ..നിനക്കെന്റെ ഒരു വീക്നെസ് അറിയാമല്ലോ. ആരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിച്ചാൽ മാത്രമേ എനിക്കൊരു എനർജി കിട്ടു..അതുകൊണ്ട് ഒന്നുരണ്ടു വഴികൾ നീ കണ്ട് വെക്കണം...."

"ശരി..."

ഫോൺ കട്ട് ചെയ്തു..ബൈക്കിന്റെ ചാവിയെ ടുത്ത് പുറത്തേക്കിറങ്ങി...

"എങ്ങോട്ടാ. ചേട്ടാ...
"ഞാനിപ്പോ വരാം...ഒന്ന് രണ്ടു വഴികൾ കണ്ടുപിടിക്കണം...""

അവള് ഒന്നും മനസ്സിലാകാതെ എന്നെ തന്നെ നോക്കി കൊണ്ട് നിന്നു...

അപ്പോഴും ആ കയ്യിൽ ചിലങ്കയുണ്ടായിരുന്നു....


Written by Suresh Menon

സേതുമാധവൻ്റെ ടേബിൾ ലാമ്പ്


കോളിംഗ്ബൽ ശബ്ദിച്ചപ്പോൾ ചുടു ചായ കുടിച്ചു കൊണ്ടിരിക്കയായിരുന്ന ഫ്ലാറ്റ് നമ്പർ 304 ലെ സക്കറിയ എഴുന്നേറ്റു...

"ആരാണാവൊ ഈ രാവിലെ "

ഒരു ചെറിയ നീരസത്തോടെ മുറുമുറുത്ത് കൊണ്ട് സക്കറിയ വാതിൽ തുറന്നു.
"ഹാ സാറൊ വന്നാട്ടെ"

ഫ്ലാറ്റ് 309 ലെ മാത്തമാറ്റിക്സ് പ്രഫസർ അനന്തനാരായണയ്യർ ചിരിച്ചു കൊണ്ട് നിൽക്കുന്നു
അനന്തനാരയണയ്യർ അകത്തേക്ക് കയറി സോഫയിൽ ഇരുന്നു

" ഞാൻ നിങ്ങളുടെ സമയം മിനക്കെടുത്തുന്നില്ല... നെക്സ്റ്റ് സൺഡേ ഞങ്ങളുടെ വെഡ്ഡിങ്ങ് ആ നിവേഴ്സറിയാണ് ഇരുപത്തി ഏഴ് വർഷം തികയുന്നു " .... അന്ന് നമ്മുടെ സ്വിമ്മിംഗ് പൂൾ ലോണിൽ വെച്ച് ഒരു ചെറിയ ഗെറ്റ് റ്റുഗദർ :സക്കറിയയും കുടുംബവും തീർച്ചയായും വരണം "

" സംശയമെന്താ എപ്പൊ വന്നുന്ന് ചോദിച്ചാ പോരെ "

" അധികം ആൾക്കാരൊന്നുമില്ല നമ്മുടെ ഇവിടെയുള്ള പതിനഞ്ച് ഫ്ലാറ്റിലെ താമസക്കാർ മാത്രം "

" നിർമ്മല അയ്യരുടെ പാട്ട് കാണുമല്ലൊ "

പ്രഫസറുടെ ഭാര്യ നിർമ്മല അയ്യരുടെ പാട്ടിനെക്കുറിച്ച് സക്കറിയ ചോദിച്ചു
പ്രൊഫസർ ഒന്ന് ചിരിച്ചു

"അപ്പൊ ശരി വൈഫിനോടും മകനോടും പറയുക "
"ശരി"

പ്രഫസർ യാത്ര പറഞ്ഞിറങ്ങി....

"ടീ അലീസെ " ഭാര്യ അലീസിനെ വിളിച്ചു കൊണ്ട് സക്കറിയ ബെഡ് റൂമിലേക്ക് ചെന്നു: ബെഡ്ഷീറ്റ് മാറ്റുന്ന തിരക്കിലായിരുന്നു ആലീസ് .....

" അടുത്താഴ്ചക്കുള്ള പരിപാടി വന്നിട്ടുണ്ട് .. പട്ടരുടെയും പട്ടത്തിയുടെയും വിവാഹ വാർഷികം "

സക്കറിയ ബഡ്ഢിൽ കയറി കിടന്നു

'' ഞാൻ പലപ്പോഴും പറഞ്ഞിട്ടുണ്ട് ... ബഡ്ഷീറ്റ് വിരിച്ചിടുന്നതിന് മുൻപ് ചാടിക്കയറിക്കിടക്കരുതെന്ന് "
ആലീസ് നീരസം പ്രകടിപ്പിച്ചു

"ഞാനതല്ല ആലോചിക്കുന്നത്: മിക്കവാറും ഞായറാഴ്ച്ചകളിൽ എന്തെങ്കിലും ഒക്കെ പരിപാടി കാണും ...ബർത്ത് ഡേ വിവാഹ വാർഷികം പാലുകാച്ചൽ നൂല് കെട്ട് ഓർമ്മ ദിനം ....ടീ ഇതിനൊക്കെ ഗിഫ്റ്റ് മേടിച്ച് ഞാൻ വലഞ്ഞു .... ഓരോ ഗിഫ്റ്റിനും ന്താ വില.... ഇത് മൊതലാവുല മോളെ....ന്തെങ്കിലും വഴി കണ്ടെ പറ്റു"

ആലീസ് കിടക്കയിൽ നിന്ന് സക്കറിയയെ തള്ളിമാറ്റി

" ദേ കഴിഞ്ഞയാഴ്ച മോന് കിട്ടിയ ആ ടേബിൾ ലാമ്പില്ലെ... അത് നന്നായി പാക്ക് ചെയ്തങ്ങ് കൊടുക്കാം "

"അത് മോശമല്ലെ .... അവരെങ്ങാനും അറിഞ്ഞാൽ ...."

"പിന്നെ.... അവരെങ്ങിനെ അറിയാനാ.... നമ്മളത് ഉപയോഗിച്ചിട്ട് പോലുമില്ല.... എന്ന് മാത്രമല്ല കഴിഞ്ഞയാഴ്ച നമുക്കത് തന്നത് ഗിരിയും കുടുംബവുമാണ് .... അവർക്ക് മൂന്ന് മാസം മുമ്പ് കിട്ടിയത് മോഹനചന്ദ്രൻ്റെയും ഉഷയുടെയും കയ്യിൽ നിന്നാണ് "

"ഇതൊക്കെ നിനക്കെങ്ങിനെ അറിയാം....."

"ഇതൊക്കെ എനിക്ക് മാത്രമല്ല ..... ഇവിടെ താമസിക്കുന്ന എല്ലാവർക്കും അറിയാം.... ഈ ടേബിൾ ലാംപ് മാറ്റിംമറിച്ചും എല്ലാവരും ഗിഫ്റ്റ് ആയി കൊടുക്കുന്നുണ്ട് ....."

"എന്നാ നീയൊരു പണി ചെയ്യ് ... അതിനെ മനോഹരമായി പാക്ക് ചെയ്ത് വെക്ക് ... നമുക്കത് കൊടുക്കാം "

ഒന്നു നിർത്തി സക്കറിയ തുടർന്നു

" എന്നാലും നിർമ്മല അയ്യർക്ക് ഗിഫ്റ്റ് കൊടുക്കുമ്പോൾ ടേബിൾ ലാമ്പ് മതിയൊ പെണ്ണെ"

"അയ്യടാ .... നിർമ്മല അയ്യരുടെ പേരങ്ങ് പറയുമ്പോൾ വായീന്നി താ വെള്ളമൊലിക്കുന്നു"

"ടീ നിങ്ങള് പെണ്ണുങ്ങൾക്ക് അസൂയയാ അവരെ കാണുമ്പോ.... അമ്പത്തിയഞ്ച് കഴിഞ്ഞു .... ന്നാലും സാരിയുടുത്ത് വന്ന് നിന്നാൽ എന്നാ സ്ട്രക്ച്ചറാ എൻ്റെ യമ്മച്ചീ.... ഹോ "

"ഇവിടുത്തെ മിക്ക പെണ്ണുങ്ങൾക്കും അറിയാം അവരിങ്ങ് പുറത്തേക്ക് വന്നാൽ ഇവിടുത്തെ ആണുങ്ങളെല്ലാം വായും പൊളിച്ച് നിൽപ്പാണെന്ന്...... നാണമില്ലല്ലൊ "
ആലീസ് സ്വൽപ്പം നീരസത്തോടെ പറഞ്ഞു

"അത് വിട് നീയിങ്ങ് വന്നെ ഒരു കാര്യം പറയട്ടെ'' സക്കറിയ ലേശം ശൃംഗാരം ചേർത്ത് തുടങ്ങി

" ങ്ങാ ഞാനിപ്പൊ ങ്ങനെ വരുന്നില്ല.... "
"ടീ ആലീസെ നിനക്കറിയാലൊ ഈ
ഞായറാഴ്ച ഹോളിഡേയുടെ ഒരു പ്രത്യേക ത... രാവിലെ ഒമ്പത് മണിയോടെ എഴുന്നേറ്റ് ഒരു നല്ല ചൂടൻ കാപ്പി കുടിച്ച് ജനൽപ്പാളികളിലൂടെ വരുന്ന സൂര്യരശ്മിയേറ്റ് വീണ്ടും അങ്ങിനെ കിടക്കുമ്പോൾ ഈ ആണുങ്ങളിൽ ഒരു പ്രത്യേക തരത്തിലുള്ള വീര്യം അങ്ങിനെ പടർന്നു കയറും.... അത് പുരുഷന്മാ രിൽ നിന്ന് സത്രീകൾക്ക് കിട്ടുന്ന ഒരു വരമാണ് ....അത് കളഞ്ഞു കുളിക്കരുത് ആലീസെ :..."

"ഒന്നു ചുമ്മാതിരിയെൻ്റെ അച്ഛായാ .... പത്താം ക്ലാസിൽ പഠിക്കണ ചെക്കനാ അപ്പുറത്തെ മുറിയിലിരിക്കണെ - .. അപ്പോഴാ അങ്ങേരുടെ ഒരു വരം ....."

"അയ്യോ ആലീസെ അങ്ങിനെ പറയല്ലെ....വരങ്ങൾ നഷ്ടപ്പെടുത്താനുള്ളതല്ല ....."

"അതേയ് ആയൂർവ്വേദ വിധിപ്രകാരമുള്ള മരുന്ന് ഇട്ട് തിളപ്പിച്ച നല്ല ചുക്കുവെള്ളം ഞാനുണ്ടാക്കി വെച്ചിട്ടുണ്ട്.... അതെടുത്ത് കുടിക്ക് .... അപ്പൊ ഈ വരമൊക്കെ അങ്ങ് വലിഞ്ഞു പൊക്കോളും.... രാവിലെ തന്നെ ഓരോ നമ്പറുമായി ഇറങ്ങിക്കോളും " സക്കറിയക്ക് പിടികൊടുക്കാതെ ആലീസ് ബെഡ് റൂമിൽ നിന്ന് പുറത്തേക്കിറങ്ങി

......

അനന്തനാരായണയ്യരുടെയും നിർമ്മല അയ്യരുടെയും വെഡ്ഡിങ്ങ് ആനിവേഴ്സറി പാർട്ടി ആഘോഷം സ്വിമ്മിങ്ങ് പൂൾ ലാണിൽ നടക്കുന്നു ..... ഇനി ഗിഫ്റ്റ് കൊടുക്കേണ്ട സമയം.... ഓരോ ദമ്പതികളും അവരവരുടെ സമ്മാനങ്ങൾ അയ്യർ ഫാമിലിയെ ഏൽപ്പിക്കുന്ന തിരക്കിലായിരുന്നു .... സമ്മാനം കൊടുത്ത് തിരികെ വന്ന ആലീസിനെ മാലതി
തോണ്ടി വിളിച്ചു

" സമ്മാനം ടേബിൾ ലാമ്പാണല്ലെ ...''
"ഏയ് ... ടാബിൾ ലാമ്പൊ .... ഏത് ടാബിൾ ലാമ്പ്: ഇത് ഇച്ഛായൻ ഇന്നലെ മേടിച്ച ഒരു നല്ല ഫ്ലവർ വേസാ:- ''

ആലിസ് ഒരു വളിച്ച ചിരിയോടെ പറഞ്ഞു

" ഉവ്വ്വ്വ്.... ഫ്ലവർ വേസ്..... കണ്ടാലും പറയും.... ആറ് മാസം മുമ്പ് ഞങ്ങൾക്ക് കിട്ടിയതാ ഇത്.... പിന്നെ സമീറിൻ്റെ ബർത്ത് ഡേക്ക് കൊടുത്ത് ഒഴിവാക്കി "
മാലതി വായ പൊത്തി ചിരിച്ചു കൊണ്ട് പറഞ്ഞു

ആലീസ് ചമ്മൽ പുറത്ത് കാണിക്കാതെ ഭക്ഷണം വച്ചേടത്തേക്ക് നീങ്ങി....

ഭക്ഷണം കഴിക്കുന്ന ഭർത്താവിൻ്റെയടുത്തേക്ക് ആലീസ് ചെന്നു

"നാണക്കേടായി അച്ഛായാ.... ആ മാലതിക്ക് മനസ്സിലായി..... അത് ടേബിൾ ലാമ്പാണെന്ന് ആറു മാസം മുമ്പ് അവൾ കൊടുത്ത് ഒഴിവാക്കിയതാ.. -- ."

സക്കറിയക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല

"ടീ അതിവിടെ അറിയാൻ ഇനി ആരും ബാക്കിയില്ല: ലവന്മാർ മൊത്തം എന്നോട് ചോദിച്ചു ' ടേയ് അത് ടേബിൾ ലാമ്പല്ലെയെന്ന്.... അവന്മാർ അത് മുൻപെ കൊടുത്ത് ഒഴിവാക്കിയതാ.... ഞാൻ വേറൊരു കാര്യം പറയാം" സക്കറിയാ ശബ്ദം താഴ്ത്തി പറഞ്ഞു

"അടുത്ത മാസം അവസാനത്തെ ഞായറാഴ്ച രാജകൃഷ്ണൻ്റെ മകളുടെ അരങ്ങേറ്റം --- അയ്യരും ഭാര്യയും ആ ടേബിൾ ലാമ്പ് രാജകൃഷ്ണൻ്റെ മകളുടെ വീട്ടിൽ എത്തിക്കും"

ആലീസ് ആരും കാണാതെ വായ പൊത്തി ചിരിച്ചു....

.......

ആരുടെയും പ്രതീക്ഷ തെറ്റിക്കാതെ വിമലാ അയ്യർ രാജകൃഷ്ണൻ്റെ മകളുടെ അരങ്ങേറ്റത്തിന് സമ്മാനം നൽകിയപ്പോൾ ...അത് കണ്ട സദസ്സിലുണ്ടായിരുന്നവർ പരസ്പരം അടക്കി ചിരിച്ചു:

" ടേബിൾ ലാമ്പ് ---- ടേബിൾ ലാമ്പ് :..." എല്ലാവരും പിറുപിറുത്തു ----- "

ആ കുടുംബങ്ങളുടെ ഇടയിൽ ടേബിൾ ലാമ്പ് പലവട്ടം പ്രദക്ഷിണം വച്ചു കൊണ്ടെയിരുന്നു.... ആർക്കും പിടികൊടുക്കാതെ ....

....................

അന്ന് ഒരു ഡിസംബർ രാത്രിയിൽ ആ ഫ്ലാറ്റ് സമുച്ചയത്തിൻ്റെ ആഡിറ്റോറിയം തികച്ചും അപ്രതീക്ഷിതമായ ഒരു സൗഹൃദക്കൂട്ടായ്മക്ക് സാക്ഷ്യം വഹിച്ചു
മൈക്ക് കയ്യിലെടുത്ത് അസോസിയേഷൻ പ്രസിഡണ്ട് ജോസഫ് സർ പരിപാടിക്ക് തുടക്കം കുറിച്ചു

" ഇന്ന് നമുക്കേവർക്കും അഭിമാനിക്കാവുന്ന ഒരു ദിവസമാണ് .... നമ്മെ വിട്ടു പോയ പഴയ സെക്യുരിറ്റി രാമേട്ടൻ്റെ മകൻ സേതുമാധവൻ ഇന്ന് നമുക്കൊരു അഭിമാനമാണ് ... ഇന്ന് ഇദ്ദേഹം വെറുമൊരു സേതുമാധവനല്ല... സേതുമാധവൻ IAS.... എന്ന് മാത്രമല്ല ഈ നഗരത്തിൽ അദ്ദേഹം ഡിസ്ട്രിക്റ്റ് കളക്ടർ ആയി അടുത്താഴ്ച ചാർജെടുക്കുകയാണ് ...." അത് കേട്ട സദസ്സ് ഒന്നടങ്കം കൈയ്യടിച്ചു....

"നമ്മുടെ പ്രിയപ്പെട്ട രാമേട്ടൻ്റെ മകൻ ആണ് ഈ നഗരത്തിൻ്റെ കളക്ടർ എന്നുള്ളത് നമുക്ക് എത്രകണ്ട് അഭിമാന മാ ണ് ... നമുക്ക് സേതുമാധവന് ഒരു സ്റ്റാൻഡിങ്ങ് ഓവേഷൻ നൽകാം"

എല്ലാവരും എഴുന്നേറ്റ് ആദരപൂർവ്വം കയ്യടിച്ചു കൊണ്ടെയിരുന്നു

" ഇനി സേതുമാധവൻ നിങ്ങളോട് സംസാരിക്കും"
സേതു മൈക്കിന്നരികിലേക്ക് നീങ്ങി
സദസ്സിനെ നോക്കി കൈകൂപ്പി

" ഇവിടുന്ന് നിങ്ങൾ പിരിച്ചു നൽകി എൻ്റെ അച്ഛൻ്റെ കയ്യിൽ ശമ്പളമായി നൽകുന്ന ആ തുകയാണ് എന്നെ ഇന്ന് ഈ നിലയിലെത്താൻ പ്രാപ്തനാക്കിയതിൽ ഒരു വലിയ പങ്ക് വഹിച്ചത് .അത് കൊണ്ട് തന്നെ ഞാൻ നിങ്ങളോടെല്ലാം അങ്ങേയറ്റം കടപെട്ടിരിക്കുന്നു ..... നിങ്ങൾക്കെല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ നന്ദി..... ഇത് കാണാനും കേൾക്കാനും എൻ്റെ അച്ഛനില്ലാതെ പോയി എന്നുള്ളത് ഈ സമയം എന്നെ വല്ലാതെ നൊമ്പരപെടുത്തുന്നു .... അച്ഛൻ്റെ ഏറ്റവും പ്രിയപെട്ടവരായിരുന്നു ഇവിടുത്തെ ഓരോ കുടുംബവും.... അത്രമാത്രം ഇഷ്ടമായിരുന്നു അച്ഛന് നിങ്ങളെ ... ഞാനിപ്പോഴും ഓർക്കുന്നു... എനിക്ക് IAS കിട്ടി എന്ന അറിഞ്ഞ ആ നിമിഷം അച്ഛൻ ഓടി വന്നത് ഇങ്ങോട്ടേക്കാണ് .... നിങ്ങളെ ഏവരെയും വിവരം അറിയിക്കാൻ......"

ഒരു നിമിഷം സേതുമാധവൻ ഒന്ന് വിതുമ്പി: കണ്ണടയൂരി കണ്ണൊന്ന് തുടച്ചു:
സദസ്സ് ഒരു നിമിഷം നിശബ്ദമായി .....

"സോറി ഞാനൊരു നിമിഷം എന്നെ തന്നെ മറന്നു പോയി --- "സേതു തുടർന്നു

" എന്നാൽ എനിക്ക് മറ്റൊരു കാര്യം നിങ്ങളോട് പറയാനുണ്ട് '... സംതിങ്ങ് ഇൻ്ററസ്റ്റിങ്ങ്...."സദസ്സ് ചെവി കൂർപ്പിച്ചു ----

".... എനിക്കേറ്റവും ഇഷ്ടപ്പെട്ട ഒരു ടേബിൾ ലാമ്പ് -- എനിക്ക് രാത്രിയിൽ പഠിക്കാനായി അച്ഛൻ മേടിച്ചു തന്നതായിരുന്നു അത്.... പീലി വിടർത്തി നിൽക്കുന്ന മനോഹരമായ ഒരു മയിലിൻ്റെ രൂപത്തിലുള്ള ടേബിൾ ലാമ്പ് "

ഇത് കേട്ട് സദസ്സിലുള്ളവർ മുഖത്തോട് മുഖം നോക്കി....

" എനിക്ക് ഒരു പാട് ഇഷ്ടമായിരുന്നു ആ ടേബിൾ ലാമ്പ് .... എന്നാൽ അന്നിവിടെ അപർണ്ണ എന്നൊരു പെൺകുട്ടിയുണ്ടായിരുന്നു ... എൻ്റെ അച്ഛന് അവളെ വലിയ സ്നേഹമായിരുന്നു.... അച്ഛൻ അവളെക്കുറിച്ച് ഒരു പാട് എന്നോട് പറഞ്ഞിട്ടുണ്ട് ... അപർണ്ണ ബി എ ഇംഗ്ലീഷ് ലിറ്ററേച്ചറിന് പഠിക്കയിരുന്നു .... ഇതേ പോലുള്ള ഒരു തണുത്ത ഡിസംബർ മാസം: അപർണ്ണയുടെ പിറന്നാളായിരുന്നു .... അച്ഛന് എന്തെങ്കിലും സമ്മാനം കൊടുത്തെ പറ്റു.... പാവം അച്ഛൻ്റെ കയ്യിൽ പണവും ഇല്ല ---- എനിക്കിഷ്ടപ്പെട്ട ആ ടേബിൾ ലാമ്പ് കൊടുത്തോട്ടെയെന്ന് അച്ഛൻ ചോദിച്ചു... മനസ്സില്ലാ മനസ്സോടെ ഞാൻ കൊടുത്തു... ടേബിൾ ലാമ്പിൻ്റെ അടിവശത്തായി ഒരു ചെറിയ അടപ്പുണ്ട്: ഒരു ചെറിയ കുസൃതി ഞാനൊപ്പിച്ചു .... ഇത് വരെ കാണാത്ത അപർണക്കായി ഒരു ചെറിയ
പിറന്നാൾ സന്ദേശം ഞാനതിൽ എഴുതിയിട്ടു... അപർണ്ണക്ക് ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ...സേതു
പിന്നീട് അച്ഛൻ്റെ മരണം:..IAS ഉമായി ബന്ധപെട്ടുള്ള ഉത്തരേന്ത്യൻ ജീവിതം: ക്രമേണ ഞാൻ അപർണ്ണയെ മറന്നു .....
ഇന്ന് ഇപ്പോൾ അപർണ്ണ ഇവിടെയുണ്ടെങ്കിൽ എനിക്കൊന്ന് കണ്ടാൽ കൊള്ളാമെന്നുണ്ട്: കൂടെ ആ ടേബിൾ ലാമ്പും .......

സദസ്സ് കുറച്ച് നേരത്തേക്ക് നിശബ്ദമായി: പലരും തല താഴ്ത്തിയിരിക്കയായിരുന്നു ....സേതുമാധവന് ഒന്നും മനസ്സിലായില്ല

" അങ്കിൾ " സദസ്സിൽ നിന്ന് ഒരു കൊച്ചു പെൺകുട്ടി നീട്ടി വിളിച്ചു

"എൻ്റെ വീട്ടിലുണ്ട് ആ ലാമ്പ് :ഞാനിപ്പൊ കൊണ്ടു വരാം..."

നിമിഷങ്ങൾക്കകം നീല പാവാട ധരിച്ച ആ പെൺകുട്ടി ടേബിൾ ലാമ്പുമായി വന്ന് സേതുവിനെ ഏൽപ്പിച്ചു: വർഷങ്ങൾക്ക് ശേഷം തൻ്റെ പ്രിയപ്പെട്ട ആ ടേബിൾ ലാമ്പിനെ സേതു കൗതുകത്തോടെ നോക്കി.... ഏവരും നോക്കി നിൽക്കെ അടിയിലെ അടപ്പ് സേതു പതിയെ ഊരി..... അതിൽ നിന്ന് കുറെപേപ്പർതുണ്ടുകൾ താഴേക്ക് വീണു....

സദസ്സിലുണ്ടായിരുന്നവർ അതെന്താണെന്ന് അറിയാൻ ആകാംക്ഷയോടെ തല ഉയർത്തി നോക്കി..... വീണു കിടന്ന ആ പേപ്പർ തുണ്ടുകൾ കൈക്കുള്ളിലാക്കി സേതു താൻ പണ്ടെഴുതിയ ആ പിറന്നാൾ സന്ദേശം തിരഞ്ഞെടുത്ത് വായിച്ചു

"അപർണ്ണക്ക് ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ ... സേതു:... "

"അപർണ്ണ ഈ സദസ്സിൽ ഉണ്ടെന്ന് ഞാൻ കരുതുന്നു..... ഉണ്ടെങ്കിൽ ...."

പെട്ടെന്ന് ജോസഫ് സാർ എഴുന്നേറ്റ് സേതുവിൻ്റെ ചെവിയിൽ എന്തോ മന്ത്രിച്ചു.... ഒരു നിമിഷം ഒന്നും പറയാനാകാതെ സേതു മററു പേപ്പർ തുണ്ടുകൾ ഓരോന്നായി തുറന്നു
........ ....................

ചുകന്ന അലരിപൂക്കൾ ആ കുഴിമാടത്തിന് മുകളിൽ ഒരു മേലാപ്പ് പോലെ പൂത്ത് നിന്നിരുന്നു.... അതിന് ചുവട്ടിൽ ആകുഴിമാടത്തിന് മുമ്പിലായി കണ്ണുകൾ അടച്ച് സേതു നിന്നു

"തലക്കായിരുന്നു പരുക്ക്.... സ്പോട്ടിൽ തന്നെ ജീവൻ പോയി.... " ജോസഫ് സാറിൻ്റെ വാക്കുകൾ ചെവിയിൽ വീണ്ടും മുഴങ്ങി കേൾക്കുമ്പോലെ

---- എവിടെ നിന്നോ വീശിയടിച്ച ഒരു ഇളം കാറ്റിൽ ആ കുഴിമാടത്തിന് മുകളിൽ ചിതറി വീണ ഓരോ അലരി പൂവിനും ഓരോരോ കാര്യങ്ങൾ പറയാനുണ്ടായിരുന്നു ----- അപർണ്ണ സേതുവിനെഴുതി വച്ച ആ കൊച്ചു കൊച്ചു കടലാസ് തുണ്ടുകൾ പോലെ ---- സേതു ആ പൂക്കളിലേക്ക് നോക്കി...., അത് സംസാരിക്കാൻ തുടങ്ങി

''ഹായ് സേതു പിറന്നാൾ ആശംസകൾ കിട്ടികെട്ടൊ: താങ്ക്സ് ''

"ഹായ് സേതു അച്ഛൻ്റെ പുന്നാരമോ നാണല്ലെ.... അച്ഛൻ എപ്പോഴും സേതുവിനെക്കുറിച്ച് എന്നോട് പറയാറുണ്ട് "

"ഇന്നലെ ഞാൻ കാറിൽ പോകുമ്പോൾ സേതുവിനെ കണ്ടു ട്ടൊ ----- ബ്ലാക്ക് പാൻ്റും നേവി ബ്ലൂ കളർ ഷർട്ടും ... അടിപൊളി ലുക്കായിരുന്നുട്ടൊ.... അച്ഛൻ പറഞ്ഞു ലൈബ്രറിയിലേക്ക് പോകയാണെന്ന് "

"സേതു എനിക്ക് സേതുവിൻ്റെ അച്ഛനെ എന്തൊരിഷ്ടമാണെന്നൊ ... നല്ലൊരച്ഛൻ... സേതുവിൻ്റെ ഭാഗ്യമാണത്"

"സേതു നമ്മളിതുവരെ പരിചയപ്പെട്ടില്ലല്ലൊ: ഇപ്പൊ വേണ്ട അച്ഛൻ്റെ ഏറ്റവും വലിയ ആഗ്രഹമാണ് മകൻ ഒരു IAട കാരനായി കാണണമെന്ന് ... ഒരു കാരണവശാലും സേതുവിൻ്റെ ശ്രദ്ധ വേറൊന്നിലേക്ക് പോകരുത് "

"ഞാനിന്നൊരു കൊച്ചു കവിതയെഴുതി... വായിച്ചു നോക്കിയെ... ഷ്ടായൊ "

"സേതു നീ IAs കാരനായി വരുമ്പോൾ നിന്നെ ഞാൻ വന്നു കാണും.... എനിക്ക് നിന്നോട് കുറെ കാര്യങ്ങൾ പറയാനുണ്ട്.... അന്ന് എൻ്റെ ഒരു കൊച്ചു സമ്മാനമായി നിനക്ക് ഈ ടേബിൾ ലാമ്പ് ഞാൻ തിരിച്ചു നൽകും: നിൻ്റെ പ്രിയപ്പെട്ട ടേബിൾ ലാമ്പ് "

സേതു ആ പൂക്കളിൽ ഉമ്മ വച്ചു....ഇതളുകൾ നനഞ്ഞപ്പോൾ സേതു മനസ്സിലാക്കുകയായിരുന്നു :: താൻ ഇത്രയും നേരം കരയുകയായിരുന്നെന്ന് ....ചുണ്ടുകൾ കൂടി പിടിച്ച് വിതുമ്പലടക്കി ആ കുഴിമാടത്തിന് മുമ്പിൽ സേതു ഒരു നിമിഷം മുട്ടുകുത്തിയിരുന്നു .....

തിരിഞ്ഞു നടക്കുമ്പോൾ കാറ്റിൽ കൊഴിഞ്ഞു വീഴുന്ന അലരി പൂക്കൾക്ക് അപ്പോഴും പറയാൻ ഒരുപാടുണ്ടായിരുന്നു....

ഇത് വരെ അപർണ്ണക്ക് സേതുവിനോട് പറയാൻ കഴിയാതെ പോയ കാര്യങ്ങൾ


By Suresh Menon

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo