Showing posts with label GirishOllekkattu. Show all posts
Showing posts with label GirishOllekkattu. Show all posts

തെരുവുനായ് (ഗദ്യകവിത)

Image may contain: 1 person, smiling, outdoor

=====================
എച്ചിൽപൊതി കടിച്ചുകുടയുന്നതിനിടെ 
കല്ലെറിഞ്ഞവനെ 
നായ തലയുയർത്തി നോക്കി.
അവനോർത്തു; 
റെയിൽവേ ട്രാക്കിൽ മരിച്ചുകിടന്ന 
പെൺകുട്ടിയോട് 
ഇന്നലെ രാത്രിയിൽ ഇവൻ ചെയ്തതല്ലേ 
ഞാനും ഇപ്പോൾ ചെയ്തുള്ളൂ!
ഞാൻ ചെയ്തത് വിശന്നിട്ടാണ്, 
പക്ഷെ അവനോ?

-ഗിരീഷ്‌-

അവൾ സുമംഗലിയാണ് കഥോദയം - 1

Image may contain: 1 person, smiling, outdoor

തണുപ്പരിച്ചിറങ്ങുന്ന ഡിസംബർ രാവ്, അങ്ങകലെ ആകാശത്തിൽ പൊട്ടുകുത്തിയ പോലെ മിന്നുന്ന താരകങ്ങൾ. നാടാകെ ക്രിസ്തുമസ്സിന്റെ മുന്നോടിയായി തിളങ്ങുന്ന വർണ്ണ വിളക്കുകളും നക്ഷത്രാലങ്കാരങ്ങളും. പക്ഷെ ബാലൻ മാഷിന്റെ വീടിന്റെ മുറ്റത്ത് മാത്രം നെടുവീർപ്പുകളും മൗനവും മാത്രം തളം കെട്ടി നിൽക്കുന്നു.
" അവള് വന്നോ, ജയാ? " തുളസിത്തറയ്ക്കരുകിൽ ഇട്ട ചാരുകസേരയിൽ നിന്നും എണീക്കാൻ ശ്രമിച്ചു കൊണ്ട് ബാലൻ മാഷ് ചോദിച്ചു.
"ഇല്ല അമ്മാവാ." കണ്ണീർ തുടച്ചു കൊണ്ട് ജയൻ പറഞ്ഞു.
" ആസ്പത്രീന്നു ഇത്രടം എത്താൻ ഇത്രേം സമയം മതീലോ!!, പിന്നെന്താ വൈകണെ ആവോ ? എന്തായാലും അവള് വരുമ്പോളേക്കും എല്ലാം നന്നായി ഒരുക്കണം. ഒന്നിനും ഒരു കുറവും പാടില്ല. " ഒരു ദീർഘനിശ്വാസത്തോടെ ബാലൻ മാഷ് ആ ചാരുകസേരയിലേക്ക് തന്നെ മലർന്നു.
എവിടെ നിന്നോ വന്ന ഒരു ചെറുകാറ്റ് ബാലൻ മാഷിനെ തഴുകി പോയി. പക്ഷെ ആ കാറ്റിന്റെ തണുപ്പിന് മാഷിന്റെ ഉള്ളം തണുപ്പിക്കാനായില്ല. അമ്പത്തിമൂന്നു വർഷം നീണ്ട സന്തോഷപൂർണ്ണമായ ദാമ്പത്യത്തിനാണ് ഇന്ന് തിരശ്ശീല വീണത്. ഇത്രയും കാലം സുഖത്തിലും, ദുഖത്തിലും എല്ലാം കൂടെ ഉണ്ടായിരുന്ന മാഷിന്റെ സ്വന്തം 'ദേവകി', ഇന്ന് മാഷിനെ തനിച്ചാക്കി പോയി.
'കൈലാസം' എന്ന ആ ചെറുവീടിനെ പുതഞ്ഞു നിൽക്കുന്ന മൗനങ്ങൾക്കിടയിലേക്ക് ഒരു ആംബുലൻസ് വന്നു നിന്നു. ആരൊക്കെയോ കൂടെ ദേവകി ടീച്ചറുടെ മൃതശരീരം ഇറക്കി ആ വീടിന്റെ നടുത്തളത്തിലേക്ക് കിടത്തി. തന്റെ പ്രിയതമക്ക് വേണ്ടി ബാലൻ മാഷ് എല്ലാം വേണ്ടത് പോലെ ഒരുക്കിയിരുന്നു അവിടെ.
*************************************************************************************
" എന്താ ഇണ്ടായേ ജയാ ? ഇന്നലെ ആശൂത്രീൽക്ക് ന്നും പറഞ്ഞ് പോയതാണല്ലോ രണ്ടാളും ? ന്ന്ട്ട് പ്പോ ത് ന്തൂട്ടാ ഇണ്ടായേ ?"
" എന്താ പറയാ ചിറ്റേ!! ടീച്ചറമ്മയ്ക്ക് ഒരു പനി വന്നതാ. രണ്ടീസം ഇവിടെ മരുന്നും, കഷായോം ഒക്കെ ആയി നോക്കി. പിന്നെ അമ്മാവൻ നിർബന്ധിച്ച് കൊണ്ടോയതാ ആശൂത്രീൽക്ക്. അവിടെ ചെന്നപ്പോ അവര് ടെസ്റ്റും കാര്യങ്ങളും ഒക്കെ നടത്തീട്ടു പറഞ്ഞു മഞ്ഞപ്പിത്തത്തിന്റെ ആണ് അഡ്മിറ്റ് ചെയ്യണംന്നു. അവിടെ അഡ്മിറ്റ് ചെയ്തപ്പോ എന്നെ വിളിച്ചു പറഞ്ഞതാ. അപ്പോൾ ഞാൻ പോയി ഡ്രെസ്സും ഭക്ഷണവും ഒക്കെ എത്തിച്ചിട്ടാ പോന്നത്. ഇന്ന് വൈകീട്ട് തുളസിത്തറയിൽ വിളക്ക് തെളിയിക്കണം എന്ന് ടീച്ചറമ്മ വാശി പിടിച്ചപ്പോൾ അജയനെ വിളിച്ച് അവിടെ ആക്കി അമ്മാവൻ വീട്ടിലേക്ക് പോന്നു. ഒരു ഏഴു മണി ആയപ്പോളേക്കും ഒരു വിറയൽ വന്നു ടീച്ചറമ്മക്ക്. പെട്ടന്ന് തന്നെ എല്ലാം തീർന്നു. അത് അറിഞ്ഞപ്പോൾ മുതൽ ടീച്ചറമ്മയെ കാത്ത് ഇവിടെ എല്ലാം ഒരുക്കി കാത്തിരിക്കുകയാ അമ്മാവൻ. ഒന്ന് കരഞ്ഞത് പോലുമില്ല ഇത് വരെ. ആ തുളസിത്തറയോട് ചേർന്ന് ആ വിളക്ക് അണയാതെ നോക്കികൊണ്ട് ഇരിപ്പായിരുന്നു. ഇപ്പോള ദേ ടീച്ചറമ്മയെ കൊണ്ട് വന്നപ്പോൾ എണീറ്റ് അകത്തേക്ക് പോയത്."
" അല്ല ജയാ, ഹരിക്കുട്ടനെ അറിയിച്ചോ?"
" ഉവ്വ്, വിളിച്ചിരുന്നു ഞാൻ അമേരിക്കയിലേക്ക്. പക്ഷെ അവനു വരാൻ കഴിയൂലെന്നാ പറയണേ. ലീവ് ഇല്ല പോലും. ഹും!! ഒരേ ഒരു മകനാണെന്ന് പറഞ്ഞിട്ടെന്താ, അമ്മേനെ അവസാനമായി ഒരു നോക്ക് കാണാൻ വരാൻ പോലും ഉദ്യോഗം മുടക്കാൻ വയ്യ അവന്. അമ്മാവനോട് പറഞ്ഞപ്പോൾ, കർമ്മങ്ങളെല്ലാം അദ്ദേഹം ചെയ്തോളാം. അതാ ടീച്ചറമ്മയ്ക്കും ഇഷ്ടം എന്ന് പറഞ്ഞു"
****************************************************************************************
"ബാലൻ മാഷേ... കർമ്മത്തിനുള്ള സമയം ആയി. കുളിപ്പിക്കാൻ എടുക്കുകയാണ്..." ദേവകി ടീച്ചറുടെ അരികിലായി ആ തോളിൽ തല വച്ച് കിടന്നിരുന്ന ബാലൻ മാഷ് എണീറ്റു മാറി. " ഞാൻ കുളിപ്പിച്ചോളാം അവളെ. അവൾക്കും അതാ ഇഷ്ടാവാ. ഒരു നിമിഷം നിൽക്കൂട്ടോ, ന്റെ ദേവൂന് കുളിച്ചു മാറാനുള്ളത് ഞാൻ എടുത്തിട്ട് വരട്ടെ."
ബാലൻ മാഷ് മുറിയിൽ പോയി തുണികൾ എടുത്ത് വന്നു. ഇതിനോടകം തന്നെ മുറ്റത്ത് ദേവകി ടീച്ചറെ കുളിപ്പിക്കാനുള്ള കട്ടിലും, മറപ്പുരയും, വെള്ളവും എല്ലാം തയ്യാറായിക്കഴിഞ്ഞിരുന്നു. ബാലൻ മാഷ് തന്റെ പ്രിയതമയെ ആദ്യമായും അവസാനമായും കുളിപ്പിക്കുകയാണ്. അടക്കിപ്പിടിച്ച ചില തേങ്ങലുകളും, രാമായണം വായിക്കുന്ന ശബ്ദവും മാത്രം അവിടെ നിറഞ്ഞു നിൽക്കുന്നു. എല്ലാത്തിനും മൂകസാക്ഷി എന്ന പോലെ പ്രകൃതിയും നിൽക്കുന്നു. ഒരു കാറ്റു പോലും വീശുന്നില്ല, കിളികൾ എല്ലാം എന്തെ നിശബ്ദമായി?
ബാലൻ മാഷ് ഈറനോടെ തന്നെ നിന്ന് തന്റെ ദേവുവിനെ ഒരുക്കുകയാണ്, അവളുടെ അവസാനത്തെ യാത്രയ്ക്കായി.
" ന്റെ ദേവുട്ട്യേ നീ എന്നും, എപ്പോളും ചിരിച്ചു കൊണ്ടല്ലേ ന്നെ തോൽപ്പിക്കാറ്. ദേ പ്പളും അതന്നെ. എങ്ങന്യാ ദേവൂ ന്നെ പിരിഞ്ഞു പോകുമ്പോളും നിനക്ക് ചിരിക്കാൻ പറ്റണെ?
കണ്ണടച്ചിരുന്നാലും ആ കണ്ണിൽ ഇത്തിരി മഷിയെഴുതട്ടെട്ടോ ഞാൻ... എരിഞ്ഞോ ദേവൂ??? ന്താന്നറിയില്ല മഷി എഴുത്താഞ്ഞിട്ടും ന്റെ കണ്ണിൽ നിന്നും വെള്ളം വരണൂ...
പിന്നെ ദേ എന്നത്തേയും പോലെ തന്നെ ഇതാ ഈ നെറ്റിയിൽ ഞാൻ സിന്ദൂരം ചാർത്തുന്നു. നീ ഇപ്പോളും സുമംഗലിയാണ് ദേവുട്ട്യേ...
ആസ്പത്രിയിൽ പോവുമ്പോ കാലിലെ കൊലുസ്സ് അഴിച്ചു വച്ചതല്ലേ നീയ്യ്. ആ കൊലുസ്സിന് ന്റെ ദേവൂന്റെ കാലിൽ കിടക്കുമ്പോൾ തന്ന്യാ ചന്തം. ഞാൻ ഇടീച്ച് തരാട്ടോ...
എല്ലാം കഴിഞ്ഞല്ലോ. ഇനി യാത്രയാകാം....."
***************************************************************************************************
തെക്കേപ്പുറത്തെ മാവിൻതണലിൽ തന്റെ പ്രിയപ്പെട്ട ദേവു എരിഞ്ഞു തീരുകയാണ്., കണ്ണീര്‍ത്തുള്ളികളാല്‍ യാത്രപറഞ്ഞ മനസ്സില്‍ വറ്റാത്ത പ്രണയത്തിന്റെ, സ്നേഹ സമ്പന്നമായ ദാമ്പത്യത്തിന്റെ ഓര്‍മ്മകളുടെ ചെമ്പനീര്‍ ‍പൂക്കള്‍ നിറച്ചുകൊണ്ട് ബാലൻ മാഷ് ആ ചിതയിലേക്ക് നോക്കിപറഞ്ഞു
" ദേഹം മാത്രമേ യാത്രയാകുന്നുള്ളൂ, ദേഹി ഇപ്പോളും ദേ ന്റെ വലംകൈ പിടിച്ചുകൊണ്ട് ന്റെ കൂടെണ്ട്. പക്ഷെ; എങ്കിലും,ഇനി വയ്യ. ഇപ്പോൾ മുതൽ എല്ലാം ഓര്‍മകളായിത്തീരുന്നു. സ്വപ്നങ്ങള്‍ വറ്റിവരളുന്നതിനു മുമ്പു എനിക്കും വരണം കൂടെ. നമ്മൾ എന്ന ഇന്നലെയില്‍ നിന്ന് ഞാൻ എന്ന ഇന്നിലേയ്ക്ക് ആയി. ഇനി ഈ ഞാൻ എന്ന ഇന്നില്‍ നിന്ന് തിരിച്ച് നിന്നിലേയ്ക്കും നടന്നു തീർക്കാനുള്ള ദൂരമാണ് എന്റെ ബാക്കി ജീവിതം."
ബാലൻ മാഷിന്റെ കവിളിലൂടെ ഒഴുകിയ ഒരു തുള്ളി കണ്ണീരിൽ നേര്‍ത്ത വെയിലിന്റെ ചൂടേറ്റു; അപ്പോളേക്കും ഏതോ ഒരു തണുത്ത ഇളം തെന്നൽ ആ കണ്ണീരും തുടച്ചുക്കൊണ്ട് മാവിൻതണലിലൂടെ ഒഴുകി.
-ഗിരീഷ്-
13 മെയ് 2018

ഉടലിറക്കം


Image may contain: 1 person

മുൻപ് ഒരുപാട് തവണ അവനോട് യുദ്ധം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, "നീ വെറും നിഴലാണ്" എന്ന പുച്‌ഛം കലർന്ന പ്രതികരണത്തോട് സന്ധി ചെയ്യേണ്ടി വന്നിട്ടുണ്ടെനിക്ക്.
പകലിരവുകളിൽ ഞാനവന്റെ ഇടവും, വലവും, മുന്നിലും, പിന്നിലും, കാൽച്ചുവട്ടിലുമായി കൂടെ ഉണ്ടായിരുന്നു. എന്നിട്ടോ...!!!
അവനെന്ന അതാര്യതയുടെ ഒരു കറുത്ത പ്രതിരൂപമാവാനേ എനിക്ക് കഴിഞ്ഞിട്ടുള്ളൂ. ഇരുളടഞ്ഞ ഇരവുകളിൽ ഉടലിറക്കം നടത്താൻ ഒരുപാട് തവണ ശ്രമിച്ചിട്ടുണ്ട് ഞാൻ. പക്ഷെ..., ആ മുറിയിലേക്ക് കടന്നു വരുന്ന ഒരു പ്രകാശം എന്നെ അവനിലേക്ക് ബന്ധിച്ചു നിർത്തി.
അവന്റെ സായാഹ്നങ്ങളിൽ ചൂതാട്ടകേന്ദ്രങ്ങളിലും, മദ്യശാലകളിലും, ചുവന്ന തെരുവുകളിലുമെല്ലാം ഗത്യന്തരമില്ലാതെ അവനോടൊപ്പം അലയേണ്ടി വന്ന എന്റെ മടുപ്പ് പറഞ്ഞറിയിക്കാവുന്നതല്ല. അവൻ എന്നോട് ചെയ്ത ഏക പുണ്യം അവന്റെ വേഴ്ചകളിൽ നിന്നും എന്നെ അകറ്റി നിർത്തി എന്നത് മാത്രം. അവന്റെ തൂലിക കൊണ്ട് അവൻ നിങ്ങളെ മയക്കിയപ്പോളും, അനീതിക്കെതിരെ പൊരുതുന്ന യുവത്വത്തിന്റെ പ്രതീകമായി അവനെ നിങ്ങൾ ചിത്രീകരിച്ചപ്പോളും, അവന്റെ അധാർമീകതകൾ ഞാൻ ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു.
കാമവെറി പൂണ്ട അവന്റെ പ്രവർത്തികൾക്കുള്ള പ്രതിഫലമെന്നോണം ഇന്നലെ അവനിലാരോ ആഴ്ത്തിയ ആ തിളക്കമാർന്ന കത്തിയിലാണ് ഞാൻ ആദ്യമായി എന്റെ സ്വാതന്ത്ര്യം കണ്ടത്. അവന്റെ ചുടുരക്തം എന്നിലൂടെ ഒലിച്ചിറങ്ങുമ്പോളും, അവന്റെ പ്രാണൻ അവനിൽ നിന്നൂർന്നു പോകുമ്പോളും, അവന്റെ കരച്ചിലിനേക്കാൾ ഉച്ചത്തിൽ ഞാൻ ചിരിക്കുകയായിരുന്നു.
എനിക്കറിയാം എന്റെ അസ്തിത്വമാണ് ഇന്ന് ഈ ചിതയിൽ അഗ്നിക്കിരയായിക്കൊണ്ടിരിക്കുന്നത് എന്ന്. അവന്റെ കൂടെ ചവിട്ടി നടന്ന പാപങ്ങളെല്ലാം, ഞാൻ ഈ ചിതാഗ്നിയിൽ എരിച്ച് കളയുകയാണ്.
അവന്റെ ദേഹത്തെ വേർപ്പിരിഞ്ഞ ദേഹിയോടൊപ്പം, ഞാനും ആദ്യമായി സ്വതന്ത്രമായി സഞ്ചരിക്കുകയാണ്. അവന്റെ ദേഹിയും, ഞാനെന്ന ഈ നിഴലും അനുഭവിക്കുന്ന സ്വാതത്ര്യത്തിന്റെ അനുഭൂതി അതാണെനിക്ക് നിങ്ങളോട് പറയാനുള്ളത്. ഉടലിറക്കം നടത്തിയ നിഴലുകളുടെയും ആത്മാക്കളുടെയും ലോകത്തേക്ക് ഞങ്ങളും സഞ്ചരിക്കുകയാണ്. അവിടെ ഞങ്ങൾ അവരോടൊപ്പം ഒത്തുകൂടും; അടക്കി വച്ച പ്രണയവും, വിപ്ലവങ്ങളും പറയും. നടന്നു തീർത്ത വഴികളുടെ മനോഹാരിതയും ഭീകരതയും പറയും. അവിടെ മുതൽ ആരംഭിക്കുകയായി എന്റെ യഥാർത്ഥ സ്വാതന്ത്ര്യം. ഇനി ഒരു പകലിലും ഇരവിലും ആരുടെയും പ്രതിരൂപമാവില്ല എന്ന പൂർണ്ണസ്വാതന്ത്ര്യം.
-ഗിരീഷ്-

നെരിപ്പോട്

Image may contain: 2 people

ബയോപ്സി റിപ്പോർട്ടും വാങ്ങി ഡോക്ടറെ കാണിച്ച്, കുറിച്ച് തന്ന മരുന്നുകളും വാങ്ങി ബാഗിലിട്ട് അയാൾ ആ ഫാർമസിയുടെ മുന്നിൽ നിന്ന് ദീർഘമായി ഒന്ന് നിശ്വസിച്ചു. കാൻസർ അതിന്റെ അവസാന ഘട്ടത്തിൽ എത്തി, തന്റെ ദിവസങ്ങളെണ്ണപ്പെട്ടു കഴിഞ്ഞിരിക്കുന്നു എന്നാണു ഡോക്ടർ പറയാതെ പറഞ്ഞത്. കുറെ കൂടെ നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ചികിൽസിച്ച് മാറ്റാമായിരുന്നുത്രേ!!. കാശ് മുടക്കിയാൽ ഇപ്പോളും ചികിൽസിക്കാം, കീമോ, മരുന്നുകൾ എല്ലാമായി പരമാവധി മുന്നോട്ട് പോകാം; പക്ഷെ....
നിർവികാരനായി അയാൾ അവിടെ നിന്നും നടന്നു തന്റെ വീട്ടിലേക്കുള്ള ബസ്സ് കയറി. ടിക്കറ്റ് എടുത്ത്, ആദ്യം കണ്ട സീറ്റിൽ ഇരുന്നു. ഉള്ളിൽ നിറയെ ആധിയാണ് ഇപ്പോൾ; തന്റെ ഭാര്യ, മക്കൾ, ഒരുപാട് ആഗ്രഹിച്ചു കെട്ടിയ ആ വീട്...... നെടുവീർപ്പുകൾ മാത്രം അയാൾക്ക് ചുറ്റും നൃത്തം വച്ചു. ബസ്സ് വേഗത്തിൽ മുന്നോട്ട് പോയിക്കൊണ്ടിരുന്നു, അതേ വേഗത്തിൽ തന്നെ കാഴ്ചകൾ പുറകോട്ടും.
****************************
വീട്ടിലേക്ക് ചെന്ന് കയറിയ അയാളെ 'അച്ചായീ.....' എന്ന് നീട്ടി വിളിച്ചു കൊണ്ട് എതിരേറ്റത് മകൾ അമ്മുവാണ്. വന്ന പാടെ അവൾക്ക് എന്നും കിട്ടാറുള്ള പലഹാരങ്ങൾക്ക് വേണ്ടി അയാൾക്ക് നേരെ കൈ നീട്ടി. അയാൾ പക്ഷെ അന്നത് മറന്നിരുന്നു. അവൾ പിണക്കത്തോടെ കരഞ്ഞു കൊണ്ട് അടുക്കളയിലേക്ക് പോയി. റൂമിൽ ചെന്ന് വസ്ത്രം മാറുന്നതിനിടയിൽ ഭാര്യ ഒരു കട്ടൻ കാപ്പിയുമായി വന്നു.
" ഹമ് ഇതെന്തു പറ്റി? ഇന്നേ വരെ അമ്മൂസിനുള്ളതൊന്നും മറക്കാത്തതാണല്ലോ? അവള് ദേ നല്ല വഴക്കാ അവിടെ. സാരമില്ല, ഞാൻ വേറെ എന്തേലും ഉണ്ടാക്കി കൊടുത്തോളാം " ആ ചോദ്യങ്ങളും ഭാര്യയുടെ സംസാരവുമെല്ലാം അയാൾക്ക് വെറും മുഴക്കങ്ങൾ പോലെയേ ചെവിയിൽ കേൾക്കുന്നുണ്ടായിരുന്നുള്ളു. അയാൾ ഒന്നും മിണ്ടിയില്ല. അവളുടെ മുഖത്തേക്ക് ഒന്ന് നോക്കിയിട്ട് ആ കാപ്പി വാങ്ങി ഒറ്റ വലിക്ക് കുടിച്ച് ഗ്ലാസ് തിരിച്ചു കൊടുത്തു. അയാൾ നേരെ കുളിമുറിയിലേക്ക് കയറി.
ഷവർ തുറന്നിട്ട് അതിനടിയിൽ കുറെ നേരം അയാൾ നിന്നു. മനസ്സിൽ നടമാടിയിരുന്ന ആധി ഇപ്പോൾ ചെയ്തു തീർക്കാനുള്ള കർമ്മങ്ങളെ പറ്റിയുള്ള ചിന്തകൾക്ക് വഴിമാറിയിരിക്കുന്നു. എന്തായാലും ഇപ്പോൾ തൽക്കാലം ഈ വിവരങ്ങളെല്ലാം തന്റെ ഉള്ളിൽ തന്നെ മൂടിവെക്കാൻ അയാൾ തീരുമാനിച്ചു. അയാളോർത്തു; ഗവണ്മെന്റ് സർവ്വീസിൽ ആയതിനാൽ, തന്റെ കാലശേഷം ഭാര്യക്ക് ഒരു ജോലി കിട്ടും. പിന്നെ കിച്ചുവും അമ്മുവും ഇപ്പോൾ പഠിക്കുകയല്ലേ അവർ പഠിച്ച് ഒരു നിലയിൽ ആവുന്നത് വരെ മുന്നോട്ട് പോകാനുള്ളതൊക്കെ ഉണ്ടാക്കാൻ അത് മതി. നീക്കിയിരുപ്പ് ആയി ഒന്നുമില്ലെങ്കിലും, ഈ വീടും പിന്നെ കുറച്ച് സ്വർണ്ണങ്ങളും ഒക്കെ സ്വന്തമായി ഇരുപ്പുണ്ടല്ലോ. വെറുതെ മനസ്സിനെ ആശ്വസിപ്പിക്കാൻ അയാൾ ഒരു പാഴ്‌ശ്രമം നടത്തി. കുളി കഴിഞ്ഞ് ഇറങ്ങുമ്പോൾ, ഭാര്യയും മകളും ടി.വി കാണുന്നു. " കിച്ചു വന്നില്ലേടീ ?" അയാൾ വിളിച്ചു ചോദിച്ചു. " അവൻ ട്യൂഷനും കഴിഞ്ഞേ വരുള്ളുന്നു പറഞ്ഞിരുന്നു. പ്ലസ് ടു അല്ലെ., നാലക്ഷരം വേണേൽ പഠിക്കട്ടെ" അവൾ മറുപടി പറഞ്ഞു.
പതിവ് പോലെ അത്താഴവും കഴിഞ്ഞ് മുറ്റത്ത് ഉലാത്തുന്നതിനിടയിൽ അയാൾ മകനെ അരികിൽ വിളിച്ചു. "ടാ... കിച്ചു, നീ ഇങ്ങ് വന്നേ പറയട്ടെ. ഇതിനു ശേഷം എന്താ നിന്റെ പ്ലാൻ? എന്തെങ്കിലും ഉണ്ടോ?". ജീവിതത്തിൽ ഒരു ലക്ഷ്യവുമില്ലാതെ, വെറുതെ ഓളത്തിനൊത്ത് ഒഴുകി പോകുന്ന അവൻ അവന്റെ നീട്ടിവളർത്തിയ മുടിയും തഴുകികൊണ്ട് പറഞ്ഞു "ഒന്നും തീരുമാനിച്ചിട്ടില്ല. കൂട്ടുക്കാർ പറയുന്നത് എഞ്ചിനീയറിംഗ് നോക്കാം എന്നൊക്കെയാ. ഞാൻ ഒന്നും സീരിയസ് ആയി നോക്കിയിട്ടില്ല." ഈ മറുപടി കേട്ട അയാളുടെ മുഖത്ത് നിഴലിച്ച ഭാവം കാണാൻ അവനു കഴിഞ്ഞില്ല; പക്ഷെ അഴിയിട്ട ഒരു ജനലിനപ്പുറം കിടക്ക വിരിച്ച് കൊണ്ടിരുന്ന അവന്റെ അമ്മക്ക് അത് വായിച്ചെടുക്കാൻ കഴിഞ്ഞു. ആ സംസാരം അവിടെ തീർന്നു.
***************
കിടപ്പറയിൽ അയാളോട് ചേർന്ന് കിടന്ന് ആ നെഞ്ചിലെ രോമങ്ങളിലൂടെ കൈവിരലുകൾ ഓടിച്ചുകൊണ്ടവൾ ചോദിച്ചു
" എന്ത് പറ്റി ഇന്ന് ജയേട്ടന്? ഞാൻ വന്നപ്പോ തൊട്ട് ശ്രദ്ധിക്കണതാ. മുഖത്ത് വല്ലാത്ത വാട്ടം. പിന്നെ പതിവില്ലാതെ കിച്ചുവിനോട് ഭാവി കാര്യങ്ങൾ അന്വേഷിക്കണൂ, വീടിന്റെ ആധാരം എടുത്ത് നോക്കണൂ, ബാങ്കിലെ പാസ്സ്ബുക്ക് എടുത്ത് എന്നെ കണക്ക് ബോധിപ്പിക്കണൂ, പിന്നെ ആ ATM ന്റെ പിന് നമ്പർ ഒക്കെ തരണൂ. എന്താ ഇതിന്റെയൊക്കെ അർത്ഥം? ഒന്നും മനസ്സിലാവണില്ലെനിക്ക്."
ഒരു ദീർഘനിശ്വാസത്തോടെ അയാൾ അവളെ കൂടുതൽ തന്നിലേക്കടുപ്പിച്ച് മാറോടണച്ച് കൊണ്ട് പറഞ്ഞു. "ഒന്നൂല്യ രാജീ, ജോലി സംബന്ധമായ ചില യാത്രകൾ ഉണ്ട്. ചില ട്രെയിനിങ്ങുകൾ എല്ലാം. എപ്പോളാ പെട്ടന്ന് പോകേണ്ടി വരുന്നത് എന്നറിയില്ല. അതാ ഞാൻ എല്ലാം നിന്നെ പറഞ്ഞേൽപ്പിച്ചത്. പിന്നെ എന്തെങ്കിലും സാധനങ്ങൾ ഒക്കെ വാങ്ങാനുണ്ടെങ്കിൽ ആ വാസൂട്ടന്റെ കടയിൽ നിന്നും വാങ്ങിയാൽ മതി. ഇനി മുതൽ കിച്ചുവിനെ നല്ല ഒരു ലക്ഷ്യബോധമുള്ളവനാക്കണം നീ. അവന്റെ ഭാവി അത് നമ്മളായിട്ട് കളയാൻ പാടില്ല. എന്തെങ്കിലും ഒരു കൈത്തൊഴിൽ കിട്ടുന്ന മേഖലയിലേക്ക് അവൻ തിരിച്ചു വിടണം." പിന്നെയും അയാൾ എന്തൊക്കെയോ പറഞ്ഞു കൊണ്ടേയിരുന്നു. നടത്താൻ കഴിയാതെ പോയ പല ആഗ്രഹങ്ങളുടെയും പുലമ്പലുകൾ.......
" ഇതിനും മുൻപ് പലയിടത്തും ട്രെയിനിങ്ങിനു പോയിട്ടുള്ളതാണല്ലോ? അന്നൊന്നും ഇല്ലാത്ത ഉപദേശങ്ങൾ എന്താ ഇന്ന്? എന്തേലും മനോവിഷമം ഉണ്ടോ ജയേട്ടാ? ഞാൻ ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയതല്ലലോ എന്റെ ജയേട്ടനെ. എന്തേലും ഉണ്ടേൽ പറയ്. ഉള്ളിലുള്ള വിഷമം പങ്കു വച്ചാൽ ചിലപ്പോൾ കുറയും" അവൾ ആ മാറിൽ കിടന്നു കൊണ്ട് തന്നെ അയാളോട് പറഞ്ഞു. അയാൾ പറഞ്ഞു " ഒന്നും ഇല്ലെടി, വയസ്സായി വരികയല്ലേ അതിന്റെ കരുതലുകളും പ്രയാസങ്ങളുമാണെന്നു കൂട്ടിയാൽ മതി".
രാവിലെ മുതൽ ഉള്ള വീട്ടുജോലികളാൽ തളർന്ന രാജി ഉറക്കത്തിലേക്ക് വഴുതി വീണു. പക്ഷെ അന്ന് രാത്രിയിൽ അയാൾക്ക് മാത്രം ഉറങ്ങാൻ കഴിഞ്ഞില്ല. കിടക്കയിൽ നിന്നും എണീറ്റ് അയാൾ ജനലിനരികിൽ ചെന്ന് നിന്ന് പുറത്തേക്ക് നോക്കി. നിലാവില്ല,നക്ഷത്രങ്ങളില്ല രാത്രിയുടെ കറുപ്പ് കൂട്ടാൻ എന്ന പോലെ എങ്ങും കാർമേഘം മാത്രം. മുറിയിലേക്ക് വരുന്ന സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ അയാൾ രാജിയെ ഒന്ന് നോക്കി. പാവം! വല്ലാതെ ക്ഷീണിച്ച് മെലിഞ്ഞ് പോയിരിക്കുന്നു. ഈ വീട് ഉണ്ടാക്കിയെടുക്കുന്ന ഓട്ടത്തിനിടയിൽ അവളെ വേണ്ടത്ര ശ്രദ്ധിച്ചില്ല എന്നൊരു കുറ്റബോധം അയാളിൽ ഉണ്ടായി. എല്ലാം സ്വയം ചെയ്യാൻ കഴിവുള്ള പെണ്ണാണവൾ. തന്റെ മരണശേഷവും അവൾ എല്ലാ കാര്യങ്ങളും ഭംഗിയായി നോക്കും എന്നയാൾക്ക് തോന്നി. പെട്ടന്ന് ഒരു ഇടിമിന്നൽ ഉണ്ടായി. ആ പേടിയിൽ അമ്മു ഒന്ന് കരഞ്ഞു. അയാൾ ഓടി ചെന്ന് തന്റെ ഭാര്യയേയും മകളെയും ചേർത്ത് പിടിച്ചു... അയാളുടെ മനസ്സിലൂടെ ഒരു കൊള്ളിമീൻ പാഞ്ഞു.
ഉള്ളിൽ ഒരു നൂറു ചോദ്യങ്ങളും ആശങ്കകളും ഉള്ളിൽ യുദ്ധം നടത്തിയിട്ടും ഒരിറ്റു കണ്ണീർ പോലും അയാൾ പൊഴിച്ചില്ല. പക്ഷെ, വയ്യ...... കണ്ടു കൂട്ടിയ സ്വപ്നങ്ങളും നെയ്തുകൂട്ടിയ ആഗ്രഹങ്ങളും എല്ലാം ഇവിടെ ഉപേക്ഷിച്ച് പോകാൻ ഒട്ടും മനസ്സ് വരുന്നില്ല. ചികിത്സ നടത്തിയാലോ? രക്ഷപ്പെടാൻ സാധ്യത കൽപ്പിച്ചു നൽകിയിട്ടില്ല എന്നുള്ളതിനാൽ വെറുതെ സ്വന്തം കുടുംബത്തിന്റെ ഇപ്പോഴുള്ള സാമ്പത്തീക ഭദ്രത തകർക്കേണ്ട എന്നയാൾ തീരുമാനമെടുത്തു. ഇനിയുള്ള തന്റെ ദിനങ്ങൾ വിലപ്പെട്ടതാണ്. ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്.
അയാൾ ഭാര്യയുടെയും മകളുടെയും നെറുകയിൽ അമർത്തി ചുംബിച്ചു. ഈശ്വരൻ എന്ന എല്ലാവരേക്കാൾ വലിയ ഡോക്ടർ ഉണ്ടല്ലോ എന്ന ധൈര്യത്തിൽ, തന്റെ ഭാര്യക്കും മക്കൾക്കുമായി തനിക്കു ചെയ്തു തീർക്കാനുള്ള കാര്യങ്ങൾ തീരും വരെയെങ്കിലും ആയുസ്സ് നീട്ടി തരണേ എന്നുള്ള പ്രാർത്ഥനയുമായി അയാൾ ആ കിടക്കയിലേക്കമർന്നു. പുറത്ത് തുലാവർഷം എല്ലാവരിലും കുളിർമ്മ പകർന്നു കൊണ്ട് പെയ്തുകൊണ്ടിരുന്നപ്പോളും ജയന്റെ മനസ്സിൽ കൂടുതൽ കനലോടെ വലിയൊരു നെരിപ്പോട് എരിഞ്ഞുകൊണ്ടേയിരുന്നു.
-ഗിരീഷ്-

ആഗ്രഹങ്ങൾ

Image may contain: 1 person

ജൂബിലി മിഷൻ മെഡിക്കൽ കോളേജിൽ വർക്ക് ചെയ്യുന്ന എന്റെ ഒരു സുഹൃത്തിനെ കാണാൻ പോയപ്പോളാണ് ഞാൻ യാദൃശ്ചീകമായി അവളെ വീണ്ടും കാണുന്നത്. ഓപ്പറേഷൻ തിയ്യറ്ററിനു സമീപമുള്ള ഒരു റൂമിൽ ഭർത്താവിനെയും ചാരി ഒരു കട്ടിലിൽ തളർന്നിരിക്കുന്നു. അവളുടെ മകൾ അവളെ കെട്ടിപിടിച്ച് ഇരിക്കുന്നുമുണ്ട്. എന്തോ, ഉള്ളിലൂടെ ആ സമയത്ത് കടന്നു പോയ വിചാരം എന്താണെന്ന് പറയാൻ ഇപ്പോളും എനിക്കാവുന്നില്ല. കാരണം പഠിക്കുന്ന കാലത്ത് കോളേജിലെ വലിയ പ്രണയ ജോഡികൾ ആയിരുന്നു ഞങ്ങൾ. വിധിയുണ്ടായിരുന്നുവെങ്കിൽ ഒന്നിച്ചു ജീവിച്ചു മരിക്കേണ്ടവർ. പക്ഷെ പല കാരണങ്ങൾ കൊണ്ടും ഒന്നിക്കാനാവാതെ പോയി. അവളുടെ കല്യാണത്തിന് ശേഷം ഇന്നാണ് ഞാൻ അവളെ കാണുന്നത്, അതും ഈ ആശുപത്രിയിൽ വച്ച്. ആ മുറിയിലേക്ക് കടന്നു ചെല്ലാനോ, അവളോട് എന്താണ് അസുഖം എന്ന് ചോദിക്കാനോ എന്റെ മനസ്സ് അനുവദിച്ചില്ല. ഒരു തരം ജാള്യതയോ അതോ വിഷമമോ അതല്ല നഷ്ടബോധമോ എന്താണെന്ന് നിർവ്വചിക്കാനാവുന്നില്ല.
ഞാൻ ഫോണെടുത്ത് സാബുവിനെ വിളിച്ചു. "അളിയാ സാബു... എവിടെയാടാ?..... ഞാൻ ദേ ഇവിടെ ഓപ്പറേഷൻ തിയ്യറ്ററിനടുത്തുള്ള ആ മുറികളുടെ അടുത്തുണ്ട്." അവൻ ഇപ്പോൾ വരാം എന്ന് പറഞ്ഞിട്ടുണ്ട്. ഫോൺ പോക്കറ്റിലേക്ക് ഇട്ട് അവൾ കിടക്കുന്ന റൂമിനോട് ചേർന്ന് ഇട്ടിട്ടുള്ള വിസിറ്റർസ് ചെയറിൽ ഞാനിരുന്നു. തൊട്ടപ്പുറത്ത് ഓപ്പറേഷൻ തിയറ്ററിലേക്ക് കൊണ്ട് പോയവരെ കാത്ത് ബന്ധുക്കൾ ഇരിപ്പുണ്ട്. പ്രാർത്ഥനകളും ആശങ്കകളും എല്ലാം ഓരോരോ മുഖങ്ങളിലും പ്രകടമായി കാണാം. ഇതൊന്നും അലട്ടാത്ത ഒന്നുമറിയാത്ത കുഞ്ഞുങ്ങൾ അവിടൊക്കെ ഓടി കളിക്കുന്നുണ്ട്. ഇതൊക്കെ കാണുന്നുണ്ടെങ്കിലും എന്റെ കാതും ശ്രദ്ധയും എല്ലാം അവൾ കിടക്കുന്ന ആ മുറിയുടെ ഉള്ളിലേക്കാണ്. ഒരു നിമിഷത്തേക്ക് ഞാൻ കണ്ണുകളടച്ച് ആ പഴയ കോളേജ് കാലഘട്ടത്തിലേക്ക് പോയി.
സുന്ദരമായ ക്യാമ്പസ്, അവിടെ ഒരു പ്രമുഖ പാർട്ടിയുടെ നേതാവായി ഞാനും, എതിർ പാർട്ടിയുടെ നേതാവായി അവളും. ശെരിക്കും ഒരു സിനിമാ കഥ പോലെ ഞങ്ങളുടെ ഇടയിലെ പ്രണയവും, എല്ലാം കൂടെ ജീവിതത്തിലെ സുന്ദരമായ ഒരു കാലഘട്ടം. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരു പോലെ പരിചിതമായിരുന്നു ഞങ്ങളുടെ പ്രണയം. പലപ്പോഴും അവർ ചോദിച്ചിട്ടുണ്ട്, രണ്ടു വ്യത്യസ്ത ചിന്താഗതിയുള്ള പ്രസ്ഥാനങ്ങളിൽ വിശ്വസിക്കുന്ന നിങ്ങൾ എങ്ങനെ ഒരുമിച്ചു പോകുന്നു? എന്ന്. അന്ന് അതിനെല്ലാം അവൾ കൊടുത്തിരുന്ന ഒരു മറുപടിയുണ്ടായിരുന്നു. " എനിക്ക് കുറെ ആഗ്രഹങ്ങളുണ്ട്. അതെല്ലാം നടത്തിത്തരാം എന്ന് ഇവന് നേർച്ചയും ഉണ്ട്. അത് കൊണ്ടാണ് ഈ സഖാവുമായി ഇവൻ ഒത്തു പോകുന്നത് ". എല്ലാവരുടെയും അസൂയയോ അതോ പ്രസ്ഥാനങ്ങളുടെ വിഭിന്ന ചിന്താഗതികളുടെ സ്വാധീനമോ എന്നറിഞ്ഞു കൂടാ ,ഡിഗ്രി കഴിഞ്ഞ മൂന്നു മാസം കഴിയുമ്പോളേക്കും ഞങ്ങൾ പിരിയുകയും ചെയ്തു അവളുടെ കല്യാണവും കഴിഞ്ഞു.
അവളുടെ ആഗ്രഹങ്ങൾ സഫലീകരിച്ച് കൊടുക്കാൻ പറ്റാത്തതിന്റെ ദുഃഖത്തിൽ ഞാൻ കുറച്ചു നാൾ താടി വളർത്തി നോക്കി. ആ വളർത്തിയ താടിയും തടവി ഇടക്കിടെ അവളുടെ ഓർക്കൂട്ട് പ്രൊഫൈലും നോക്കി ഇരിക്കുമ്പോളാണ്, അവളെന്ന എന്റെ ഓർമകളുടെ ശവപ്പെട്ടിയിൽ ഒരു ആണി കൂടെ അടിക്കപ്പെടുന്നത്. അതായത് അവൾ ഒന്ന് പെറ്റു, ഒരു പെൺക്കുട്ടി. അതോട് കൂടെയാണ് ഇനിയും അവളെ ഓർത്ത് ഇരുന്നാൽ ശരിയാവില്ല എന്ന ബോധോദയം ഉണ്ടാവുന്നത്. അങ്ങനെ എങ്ങനെയൊക്കെയോ ദുബായിൽ ഉള്ള അളിയന്റെ കയ്യും കാലും പിടിച്ച് ഒരു വിസ ഒപ്പിക്കുന്നത്. കിട്ടിയ വിസ എന്ത് കുന്താമാണെന്നൊന്നും നോക്കാതെ അങ്ങോട്ട് കേറി പോയി. അവിടെ ചെന്നപ്പോളാ മനസ്സിലായത് അളിയന്റെ കോഫീ ഷോപ്പിലെ ഡെലിവറി ബോയുടെ വിസ ആണെന്ന്. എന്ത് കുന്തമായാലും അവിടെ കുറച്ച് നാൾ നിന്നു. പിന്നെ നല്ലൊരു കമ്പനിയിൽ ഓഫീസിൽ സ്റ്റാഫ് ആയി കേറി. ആ കമ്പനിയിൽ നിന്നു കൊണ്ട് ഉണ്ടാക്കിയതാ ഇന്ന് ഈ കാണുന്നതൊക്കെ. വലുതായൊന്നും പറയാനില്ലെങ്കിലും, 25 ലക്ഷം രൂപയിൽ കുറയാത്ത വിലമതിക്കുന്ന ഫ്‌ളാറ്റ്, പാർക്കിങ്ങിൽ കിടക്കുന്ന ഫുൾ ഓപ്ഷൻ മാരുതി ബലെനോ, ഒരു 500 CC ബുള്ളറ്റ് പിന്നെ ഭാര്യക്ക് വാങ്ങിക്കൊടുത്ത ഒരു ഹീറോ പ്ലഷർ......പോരെ...
ഹൂ........ എണ്ണിച്ചുട്ട അപ്പം പോലെ കിട്ടുന്ന ശമ്പളം കൊണ്ടാ ഇതിന്റെയെല്ലാം ലോൺ അടക്കുന്നത്. ആ പണി പോയാൽ തെണ്ടിയത് തന്നെ. ഇതൊക്കെ ആലോചിച്ച് ഇരിക്കുമ്പോളേക്കും സാബു വന്നു.
" ഇന്ന് കുറെ അധികം രോഗികൾ ഉണ്ടായിരുന്നു. അതാ വൈകിയേ " അവൻ പറഞ്ഞു. നിങ്ങൾ തെറ്റിദ്ധരിക്കണ്ട, അവൻ ഡോക്ടർ ഒന്നുമല്ല ഡോക്ടറുടെ റൂം ക്ലീൻ ചെയ്യന്നവനാ. രോഗികളെ നോക്കി ഡോക്ടർ പോയാലേ അവനു റൂമും ക്‌ളീൻ ചെയ്ത് ഇറങ്ങാൻ പറ്റൂ. ഞാൻ അവളുടെ റൂം ചൂണ്ടിക്കാണിച്ചു കൊണ്ട് ചോദിച്ചു " ഡാ ഈ റൂമിൽ ഉള്ള ആൾക്ക് എന്താ രോഗം? " അവൻ പറഞ്ഞു "അറിഞ്ഞൂടാ, പക്ഷെ ഓപ്പറേഷൻ ഉള്ളവരെയാ ഇവിടെ കിടത്താറുള്ളത്" ഇത്രേം പറഞ്ഞിട്ട് അവൻ ഡ്രസ്സ് മാറിയിട്ട് വരാം എന്ന് പറഞ്ഞ് ആശുപത്രിയുടെ പുറകിലേക്ക് പോയി.
ഞാൻ പിന്നെയും ആ റൂമിലേക്ക് ഒന്ന് പാളി നോക്കി. അവളെ ഓപ്പറേഷൻ ചെയ്യാനുള്ളവർക്ക് ധരിപ്പിക്കുന്ന ഉടുപ്പൊക്കെ ഇടീച്ചിട്ടുണ്ട്. മകളെ കെട്ടിപിടിച്ചു കരയുന്നുണ്ട് അവൾ, ഭർത്താവും അവളുടെ അമ്മയും അവളെ സമാധാനിപ്പിക്കുന്നുണ്ട്. പണ്ടേ വേദന ഭയങ്കര പേടിയാ സഖാവിനു, ഞാൻ ഓർത്തു. പെട്ടന്ന് അവളുടെ അമ്മയും മകളും കൂടെ ഒരു ഫ്‌ളാസ്‌കുമായി പുറത്ത് പോകുന്നത് കണ്ടു. ഒരിത്തിരി ഊളത്തരമാണെകിലും ഞാൻ അവളും ഭർത്താവും കൂടെ സംസാരിക്കുന്നത് മുറിക്ക് പുറത്തിരുന്നു കൊണ്ട് കേൾക്കാൻ ശ്രമിച്ചു. അവൾ അയാളുടെ ദേഹത്ത് ചാരി ഇരുന്നു കൊണ്ട് അവളുടെ ആഗ്രഹങ്ങൾ പറയുകയാണ്, പണ്ട് എന്നോട് പറഞ്ഞിരുന്ന അതേ ആഗ്രഹങ്ങൾ.
അവർ പറയുന്നത് വ്യക്തമല്ലെങ്കിലും, ഏകദേശം ഇത് പോലെ ഒക്കെ ആയിരുന്നു. " ഏട്ടാ... എനിക്ക് നിങ്ങളുടെ കൈപിടിച്ച് തൃശ്ശൂർ പൂരം മുഴുവൻ കാണണം. അത് പോലെ രാത്രിയിലെ വെടിക്കെട്ടും. പിന്നെ നമ്മൾ രണ്ടു പേരും മാത്രമായി നമ്മുടെ സ്വന്തം ബൈക്കിൽ കെട്ടിപ്പിടിച്ചിരുന്നു ലോങ്ങ് റൈഡുകൾ പോകണം. ഒരിക്കലെങ്കിലും വിളിക്കാത്ത കല്യാണത്തിന് പോയി വയറു നിറയെ ഭക്ഷണം കഴിക്കണം. പിന്നെ ഞാനും ഏട്ടനും മാത്രമുള്ള തണുത്ത രാത്രികളിൽ...................................(സെൻസർ ചെയ്തതാ). പിന്നെ ഞാനും ഏട്ടനും മോളും മാത്രമുള്ള സ്വർഗത്തിൽ കുറെ വര്ഷം ജീവിക്കണം. ഇതിനെല്ലാം ഞാൻ ഇന്ന് ഈ ഓപ്പറേഷൻ കഴിഞ്ഞ് തിരിച്ചു വരണം. പ്രാർത്ഥിക്കണേ ഏട്ടാ.. അഥവാ എനിക്കെന്തെലും സംഭവിച്ചാലും, നമ്മുടെ മോൾ..." അത്രയും ആയപ്പൊളേക്കും അവൾ പൊട്ടികരഞ്ഞു. അയാൾ അവളെ സമാധാനിപ്പിക്കുന്നുണ്ട്. എല്ലാം കേട്ട എന്റെ കണ്ണുകൾ അനുസരണയില്ലാതെ നിറഞ്ഞൊഴുകി കൊണ്ടേയിരുന്നു. എനിക്ക് നടത്തികൊടുക്കാൻ പറ്റാതിരുന്ന എന്റെയും കൂടെ ആഗ്രഹങ്ങൾ....
പെട്ടന്ന് ഒരു നഴ്സ് അവരുടെ മുറിയിലേക്ക് കയറി പോകുന്നത് കണ്ടു. മുഖം കഴുകാൻ ഞാൻ വാഷ് റൂം തേടിപ്പോയി. ഞാൻ വരുമ്പോൾ അവൾ കിടന്നിരുന്ന മുറി ലോക്ക് ചെയ്തിരിക്കുന്നു. നോക്കിയപ്പോൾ ഓപ്പറേഷൻ തിയ്യറ്ററിനു മുൻപിൽ അവളുടെ ഭർത്താവും, മകളും, അമ്മയും, ഉണ്ട്. പതിയെ ഞാൻ അയാളുടെ അടുത്ത് പോയി ഇരുന്നു. പാവം മനുഷ്യൻ!!! എല്ലാം സഹിച്ച് പിടിച്ച് നിൽക്കുന്നു. ഞാൻ അയാളുടെ കൈ പിടിച്ചു കൊണ്ട് ചോദിച്ചു. " സിജിത്തിന്‌ എന്നെ ഓർമ്മ ഉണ്ടോ? " എവിടെയോ കണ്ടു മറന്നിട്ടുണ്ടെന്ന രീതിയിലുള്ള മുഖഭാവം. ഞാൻ സ്വയം പരിചയപ്പെടുത്തി " രാജേഷ്, സനുവിന്റെ സുഹൃത്താണ്. നിങ്ങളുടെ കല്യാണത്തിന് തമ്മിൽ പരിചയപ്പെട്ടിട്ടുണ്ട് ".
മുഖത്തൊരു കൃത്രിമ ചിരി പടർത്തിക്കൊണ്ട് അയാൾ കസേരയിൽ നിന്നും എണീറ്റു, " ആ, ഓർക്കുന്നു." ഞങ്ങൾ പതിയെ നടക്കാനാരംഭിച്ചു. ഞങ്ങൾക്കിടയിലെ മൗനം ഞാൻ തന്നെ ഭഞ്ജിച്ചു."ഐ ഡോണ്ട് നോ, ഈസ് ഇറ്റ് ദി റൈറ്റ് ടൈം ടു ആസ്ക്..... എന്ത് പറ്റി അവൾക്ക്? നേരത്തെ തിയറ്ററിലേക്ക് കൊണ്ട് പോകുന്നത് കണ്ടു ? നിങ്ങളെല്ലാം വളരെ ടെൻസ്ഡ് ആയി കാണുന്നു. എനിതിങ് സീരിയസ്? " അയാൾ ഒന്നും മിണ്ടിയില്ല.ആ മൗനം എന്നെ പിന്നെയും പേടിപ്പിച്ചു. " ഐ ആം സോറി. ഞാൻ ചോദിച്ചത്... സീ..... പെട്ടന്ന്.." ഞാൻ വാക്കുകൾ കിട്ടാതെ വല്ലാതെ ആയിപ്പോയി. അപ്പോൾ അയാൾ പറഞ്ഞു......
" നോ മിസ്റ്റർ രാജേഷ്. അതല്ല എങ്ങനെ പറയും എന്നുള്ള ഒരു ബുദ്ധിമുട്ടു കൊണ്ടാ. സീരിയസ് ഒന്നുമല്ല. അവൾക്ക് മൂലക്കുരുവിന്റെ ഓപ്പറേഷൻ ആണ്. അവളാണേൽ പേടി ഒരൽപം കൂടുതൽ ഉള്ള കൂട്ടത്തിലാണേ.... അതിന്റെ ഒരു ടെൻഷൻ. അത്രേ ഉള്ളു. അല്ല താങ്കൾ എന്താ ഇവിടെ?" ഈ മറുപടി കേട്ടതും ഞാൻ ചിരിക്കണോ അതോ അവൾക് ആ ഓപ്പറേഷൻ തിയ്യറ്ററിൽ പോയി രണ്ടെണ്ണം കൊടുക്കണോ എന്ന ആശയക്കുഴപ്പത്തിലായി. ഞാൻ പറഞ്ഞു " ഞാൻ ഇവിടെ ഒരു പുതിയ സ്കാനിംഗ് മെഷീൻ ഡോണെറ്റ് ചെയ്യാൻ വന്നതാ. യു നോ, ഐ ആം എ ബിഗ് എന്റർപ്രണർ. സൊ ഇടക്ക് ഇങ്ങനെ ഓരോ ചാരിറ്റി ചെയ്യാറുണ്ട്. ഓക്കേ ദെൻ സീ യൂ" ഇത്രേം പറഞ്ഞ ഞാൻ എന്റെ ഡ്യൂപ്ലിക്കേറ്റ് റേ ബാൻ ഗ്ലാസും എടുത്ത് വച്ച് സ്ലോ മോഷനിൽ നടന്നു. എന്റെ പിന്നാലെ ഡ്രെസ്സും മാറി വരുന്ന സാബു " ഡാ രായ്‌ഷെ...., ഡാ രായ്‌ഷെ.... " എന്നും വിളിച്ചോണ്ട് ഓടി വരുന്നുണ്ടാരുന്നു.
-ഗിരീഷ്-

രമേശന്റെ ഒളിച്ചോട്ടം

രമേശന്റെ ഒളിച്ചോട്ടം
-----------------------------------------
ഈ കഥക്ക് പടായവരോ പടാവാൻ പോണോരോ ആയി ഒരു കണക്ഷനും ഇല്ല്യാട്ടോ. അങ്ങനെ എന്തൂട്ടേലും തോന്നീച്ചാ അതൊക്കെ നിങ്ങടെ തോന്നലാ. അല്ല പിന്നെ!!!!
എന്നത്തേയും പോലെ അതിരാവിലെ 11 മണിക്ക് എണീറ്റ് പ്രാതലും കഴിച്ച് നാട്ടു വഴിയിലെ കലുങ്കിൽ വന്നിരുന്ന് പല്ലിടയും കുത്തി ഇരുപ്പാണ് രമേശൻ. ഈ രമേശനാണ് നമ്മുടെ കഥാനായകൻ. ടിയാനെ പറ്റി പറയുകയാണെങ്കിൽ, പ്രത്യേകിച്ച് ഒന്നുമില്ല പറയാൻ. എന്നാലും പറയണമല്ലോ എന്നത് കൊണ്ട് മാത്രം പറയാം. വയസ്സ് '38' , ജോലി 'ചെയ്യാൻ താല്പര്യമില്ലാത്തോണ്ട് പ്രത്യേകിച്ച് ഒന്നുമില്ല', സ്വഭാവം 'അങ്ങനൊന്നില്ല'. പിന്നെ കുടുംബം എന്ന് പറയുമ്പോൾ, അച്ഛനും അമ്മയും ഈ ലോകത്തൂന്ന് സ്‌കൂട്ടായിട്ട് കൊല്ലങ്ങളായി. പിന്നെ ഉള്ളത് ഒരു അനിയനാ, അവൻ പെണ്ണും കെട്ടി മാന്യമായി ജോലി എടുത്ത് ജീവിക്കുന്നു. ആ അനിയന്റെ ചിലവിൽ രമേശനും ജീവിക്കുന്നു. എന്നിട്ടും രമേശനെ അറിയുന്ന എല്ലാരും അവനോട് ചോദിക്കും ' ഇതൊക്കെ ഒരു ജീവിതമാണോടാ? ' എന്ന്. "എന്താലേ!!!".
അങ്ങനെ ആ കലുങ്കിൽ ഒരു അന്തവും കുന്തവും ഇല്ലാതെ ചിന്തിച്ച് കുന്തിച്ച് ഇരിക്കുമ്പോളാണ് സ്ഥലത്തെ പ്രധാന മഞ്ഞപത്രമായ 'ഈച്ച രാജപ്പൻ' സൈക്കിളിൽ ഓടിക്കിതച്ച് ആ വഴി വരുന്നത് കണ്ടത്. " ടാ ഈച്ചെ, എങ്ങടാടാ നിന്നേം കൊണ്ട് ഈ സൈക്കിൾ പോണേ? രമേശൻ ചോദിച്ചു. ഉടനെ വന്നു മറുപടി " നിന്റെ അമ്മായിഅപ്പന്‌ വായു ഗുളിക വാങ്ങാൻ". വെറുതെ ചുണ്ടങ്ങ കൊടുത്ത് മത്തങ്ങാ വാങ്ങിയ രമേശനടുത്തേക്ക് രാജപ്പൻ വന്നിട്ട് പറഞ്ഞു, " ടാ ശവ്യെ, നീയറിഞ്ഞില്ലേ? നമ്മടെ ലോനപ്പേട്ടൻ പാരച്യൂട്ടിലിറങ്ങി.!!!" രമേശൻ ഇരുന്നിടത്ത് നിന്നും എണീറ്റ് കൊണ്ട് ചോദിച്ചു " എപ്പോ? ഞാനറിഞ്ഞില്ലാലോ!".
മുഖത്ത് ഒരു ലോഡ് പുച്‌ഛം വാരി വിതറിക്കൊണ്ട് രാജപ്പൻ പറഞ്ഞു,
" പിന്നെ... നിന്നെ അറിയിച്ചിട്ടല്ലേ അങ്ങേരു തൂങ്ങിച്ചാവാൻ പോവാ!!. കട്ടക്ക് കൂടെ നിന്നിരുന്ന പണിക്കാരി സരളയെ പോലും അറിയിച്ചില്ല മാപ്ല"
"അതല്ലടാ ഈച്ചേ അങ്ങേരു പടായത് ഞാനറിഞ്ഞില്ലെന്ന പറഞ്ഞെ. അതൊക്കെ പോട്ടെ; എന്താ അങ്ങേരു തൂങ്ങാൻ കാരണം എന്ന് വല്ലോം അറിഞ്ഞോ?". മഞ്ഞപത്രത്തിന്റെ കയ്യിൽ നിന്നും വല്ലതും കിട്ടുമോ എന്നറിയാനും കൂടെ വേണ്ടി രമേശൻ മുണ്ടൊന്നു മുറുക്കി കുത്തിക്കൊണ്ട് ചോദിച്ചു.
" അയ്യോ ഞാൻ പറഞ്ഞാൽ വെറുതെ എന്തേലും ഒക്കെ പറയുന്നതാണെന്നല്ലേ നിങ്ങളെല്ലാം പറയുന്നത്. അത് കൊണ്ട് എനിക്കൊന്നും അറിയാൻ മേലേ. എങ്കിലും മറ്റേ ആരൂല്യാത്ത ആ കൊച്ചിനെ അവിടെ വേലക്ക് കൊണ്ട് നിർത്തിയപ്പോളേ ഞാൻ പറഞ്ഞതാ അത് ഇങ്ങേരുടെ കൊച്ചാണെന്നു. അന്നാരും അത് വിശ്വസിച്ചില്ലലോ, ഇപ്പൊ അതിന്റെ പേരിൽ അവിടെ കലഹം ഉണ്ടായെന്നാ ഞാൻ കേട്ടേ. എന്തായാലും അങ്ങേരെ വൈകീട്ട് നാല് മണിക്ക് തെമ്മാടിക്കുഴിയിൽ കൊണ്ട് പോയി നടും. അതിലും മുൻപ് എനിക്ക് കുറെ സ്ഥലത്തു ഈ വാർത്ത എത്തിക്കാനുണ്ട്." ഇത്രയും ചീഞ്ഞൊരു വാർത്ത കയ്യിൽ നിന്നും ഇട്ടതിന്റെ ചാരിതാർഥ്യവുമായി ഈച്ച അടുത്ത ലക്ഷ്യത്തിലേക്ക് സൈക്കിളിൽ പറന്നു.
ഈച്ച പറഞ്ഞ കാര്യങ്ങൾ... ആ പെൺകുട്ടി... രമേശന്റെ മനസ്സ് അസ്വസ്ഥമായി. പറന്നകലുന്ന ഈച്ചയെ നോക്കി രമേശൻ പിന്നെയും ആ കലുങ്കിൻമേൽ കുത്തിയിരുപ്പ് തുടങ്ങി. ആ കലുങ്കിന് മുന്നിലെ പൈപ്പിൽ വെള്ളമെടുക്കാൻ വരുന്ന പെണ്ണുങ്ങൾ പതിവുപോലെ രമേശനെപ്പറ്റി കുറ്റം പറഞ്ഞു. അവർ ഒരു കൈ കൊണ്ട് ഉടുപ്പിന്റെ മുൻഭാഗം പൊത്തിപ്പിടിച്ച് കുനിഞ്ഞ് വെള്ളവും എടുത്ത് നടന്നു പോയി. പോകുന്ന പോക്കിൽ അവൻ കേൾക്കെ പറഞ്ഞു ' ഇതൊക്കെ നേരത്തും കാലത്തും പെണ്ണ് കെട്ടാത്തെന്റെയാ, നാശം! ആ ഇരിപ്പു കണ്ടില്ലേ..' ഇതൊന്നും പുത്തരിയല്ലാത്ത രമേശൻ അവരെ നോക്കി ഒരു വളിച്ച ചിരി ചിരിച്ചു. നടന്നകലുന്ന ആ പെണ്ണുങ്ങളെ നോക്കിക്കൊണ്ട് പതിയെ അവൻ അവന്റെ ഭൂതകാലത്തിലേക്ക് ഒന്ന് മനസ്സിനെ പായിച്ചു.
ഈ രമേശനും ഉണ്ടായിരുന്നു ഒരു പ്രണയം. തന്നെക്കാൾ വയസ്സിനു മൂത്ത ഒരുവൾ. പണ്ട് ബസ്സിൽ കിളി ആയി പോയിരുന്ന കാലത്ത് കൊത്തിയ ഒരു തൊണ്ടിപ്പഴമായിരുന്നു അവൾ. ആ കാലത്ത് അച്ഛനും അമ്മയും അനിയനും കൂടെ ഒറ്റക്കെട്ടായി നിന്ന് അവന്റെ കൊക്കിൽ നിന്നും ആ തൊണ്ടിപ്പഴത്തെ എടുത്ത് കളഞ്ഞു. അതിൽപ്പിന്നെ ആണ് രമേശൻ ഇങ്ങനായത്. പിന്നെ വീട്ടുക്കാർ കുറെ പഴങ്ങളെ തീറ്റിക്കാൻ നോക്കിയെങ്കിലും രമേശൻ ഒന്നും കൊത്തിയില്ലെന്നു മാത്രമല്ല ആ പഴങ്ങളൊക്കെ തട്ടിത്തെറിപ്പിക്കേം ചെയ്തു. അങ്ങനെ രമേശൻ ഒറ്റക്കാലിൽ നിന്നതോണ്ട് പണികിട്ടിയത് അനിയനാണ്. അവന്റെ ടൈം വന്നപ്പോൾ 'ചേട്ടൻ നിൽക്കുമ്പോൾ അനിയൻ കെട്ടണ്ട' എന്ന് അച്ഛനും അമ്മയും സംയുക്തമായി വാർത്താസമ്മേളനം നടത്തി പ്രസ്താവനയും ഇറക്കി. ഈ പ്രസ്താവന കേട്ട് പ്ലിങ്ങി പണ്ടാരമടങ്ങി പോയ അനിയൻ രമേശനെ പ്രാകി കൊണ്ട് സേലത്തുള്ള അമ്മാവന്റെ വർക്ക്ഷോപ്പിൽ വണ്ടി റിപ്പയറിങ് പഠിക്കാൻ പോയി. അങ്ങനെ പഠിച്ച് പഠിച്ച് അവൻ അവിടുന്ന് അമ്മാവന്റെ മോളെയും കൊണ്ട് വീട്ടിലേക്ക് വന്നു കേറുമ്പോൾ രമേശന് വയസ്സ് '33', അമ്മയുടെ ഓർമ്മകൾക്ക് വയസ്സ് '2'. വന്നു കയറിയ പെണ്ണിന്റെ ഭാഗ്യം കൊണ്ടോ എന്തോ അച്ഛനും പിന്നെ ഇന്നിങ്‌സ് അധികം നീട്ടിയില്ല. ആകെ കൂടെ ഉള്ള വീട് ഇരിക്കുന്ന 2 സെന്റ് ഭൂമി അച്ഛനും അമ്മയും കൂടി ബാങ്കുകളിൽ കൊണ്ട് ഭദ്രമായി പണയം വച്ചിരുന്നതിനാൽ മക്കൾ തമ്മിൽ സ്വത്തു തർക്കവും ഇല്ല. അതിന്റെ പലിശ ഒക്കെ കൂടി കൂടി അവർ അടുത്തമാസം വന്നു ജപ്തി ചെയ്തു കൊണ്ട് പൊക്കോളാം എന്ന് ഉറപ്പു തന്നിട്ടുണ്ട്. അങ്ങനെ ഭൂതകാലത്തിലെ കാര്യങ്ങൾ ഓർത്ത് കിളി പോയി ഇരുന്നിരുന്ന രമേശന് പെട്ടന്നാണ് ഒരു ഉൾവിളി ഉണ്ടായത്. ഉടനെ തന്നെ പറന്ന് പോയ കിളികളെ ഒക്കെ തിരിച്ചു പിടിച്ച് കൂട്ടിലിട്ട് അവൻ ലോനപ്പേട്ടന്റെ വീട്ടിലേക്ക് പുറപ്പെട്ടു.
രമേശൻ അവിടേക്ക് കയറി ചെല്ലുമ്പോൾ, പ്രതീക്ഷിച്ച പോലെ അവനു കാണേണ്ട കക്ഷി മുറ്റത്ത് തന്നെ ഉണ്ട്. നേരത്തെ പറഞ്ഞ നമ്മുടെ തൊണ്ടിപ്പഴത്തിനു ശേഷം രമേശന്റെ മനസ്സ് ഒന്നുടക്കിയത് ഇവിടെയാണ്. കൂടെക്കൂട്ടാൻ ഒരു തവണ ഒരുങ്ങിയതായിരുന്നു. പക്ഷെ; ലോനപ്പേട്ടന്റെയും, കുടുബാംഗങ്ങളുടെയും എതിർപ്പും, 'സ്വന്തമായി ഒരു ജോലിക്കെങ്കിലും പോയിട്ട് മതി ഈ വക സാഹസം' എന്ന അനിയന്റെ പരിഹാസവും ഒക്കെ കൊണ്ട് വേണ്ടെന്നു വെക്കേണ്ടി വന്നതാ. അതൊക്കെ കേട്ട് രക്തം തിളച്ചപ്പോൾ മമ്മദ് ഇക്കാടെ കടേൽ പോയി ഐസിട്ട ഒരു സർബത്ത് കുടിച്ചു. അത് കൊണ്ട് അന്നത്തെ ആ തിളക്കൽ നിന്നു. ഇപ്പോളാണെങ്കിൽ; ഈച്ച പറഞ്ഞത് പോലെയാണ് കാര്യങ്ങളുടെ കിടപ്പ് എങ്കിൽ, ലോനപ്പേട്ടന്റെ അടക്കം തീർന്നാലുടൻ ഇവിടെ അന്തരീക്ഷം ആകെ മാറി മാറിയും. അങ്ങേരെ അടക്കാൻ കൊണ്ടുപോകണ നേരത്ത്, ആളുകളുടെ ശ്രദ്ധ മറയുന്ന നേരത്ത്, ഒരു ഒളിച്ചോട്ടം.... അത് മാത്രമേ ഇവിടെ പ്രാവർത്തികമാകൂ. ചിന്തിച്ചു നിൽക്കുന്നതിനിടയിൽ ലോനപ്പേട്ടനെയും വഹിച്ചു കൊണ്ട് വയസ്സായ ഒരു ആംബുലൻസ് ചുമച്ചു കൊണ്ട് വന്നു നിന്നു.
***********************************************************************
നാട്ടിൽ നിന്നും ഒളിച്ചോടിയിട്ട് മണിക്കൂറുകളായി. ഇപ്പോൾ വടക്കുംനാഥന്റെ മുൻപിൽ ക്ഷീണിതരായി ഇരിക്കുകയാണ് അവർ. ഇനി മുന്നോട്ട് എന്ത് എന്നൊരു നിശ്ചയവുമില്ല രമേശന്, ഒരാവേശത്തിന് കിണറ്റിൽ ചാടിയാൽ നൂറാവേശത്തിനു കേറാൻ പറ്റൂല എന്ന പഴമൊഴി ഓർമ്മ വന്നു. വടക്കുംനാഥന്റെ ആ മണ്ണിൽ ഇത്തിരി നേരം അവൻ മലർന്നു കിടന്നു. അനിയന്റെ പോക്കറ്റിൽ നിന്നും ചൂണ്ടിയ കുറച്ച് നോട്ടുകൾ മാത്രം ഉണ്ട് പോക്കറ്റിൽ. പക്ഷെ അത് കൊണ്ട് അധികം നാൾ പിടിച്ചു നിൽക്കാനാവില്ല. പിന്നെ ഇനിയും ഈ നഗരത്തിൽ തുടരുന്നത് അപകടവുമാണ്. പോലീസിന്റെ കയ്യിലെങ്ങാനും പെട്ടാൽ.... അവന്റെ ഉള്ളൊന്നു കാളി. എങ്ങനെങ്കിലും ഇതിൽനിന്നും തലയൂരിയാൽ മതി എന്ന ചിന്തയിലാണ് അവൻ. പല വഴികൾ അവൻ ആലോചിച്ചു, ഒടുവിൽ അവന്റെ ഉള്ളിലെ സാത്താൻ അവനു കാണിച്ചുകൊടുത്ത വഴി കോയമ്പത്തൂരിലെ പവിഴാക്കയുടെ വീട്ടിലേക്കുള്ളതായിരുന്നു.അവിടെ എത്തി അക്കാക്ക് ബോധ്യപ്പെട്ടാൽ, നല്ല വില കിട്ടും. അവൻ മറ്റൊന്നും ആലോചിച്ചില്ല, കോയമ്പത്തൂരിലേക്ക് വെച്ച് പിടിച്ചു.
***********************************************************************
പവിഴാക്കയുടെ സാമ്രാജ്യത്തിൽ എത്തിക്കഴിഞ്ഞു അവർ. ഇനി ആർക്കും ഒന്നും ചെയ്യാനാവില്ല എന്ന് രമേശന് ഉറപ്പായിരുന്നു അത് കൊണ്ട് തന്നേ അവന്റെ പിരിമുറുക്കം ഒന്ന് കുറഞ്ഞു. അക്കായെ കാണാൻ അവൻ അക്ഷമനായി കാത്തുനിന്നു. കുറെ നേരത്തെ കാത്തിരിപ്പിനൊടുവിൽ അവർ അവനെത്തേടി മാളികയ്ക്ക് പുറത്തേക്ക് വന്നു. വലിയ വട്ട പൊട്ടും, നല്ല വൃത്തിയിൽ ഭംഗിയായി ഉടുത്തിരിക്കുന്ന പട്ടു ചേലയും, പിന്നെ കാലിലെ നല്ല സ്വർണ്ണ കൊലുസ്സും, വടിവൊത്ത മേനിയുമായി വരുന്ന അവരുടെ മാദക സൗന്ദര്യം അവൻ ആസ്വദിച്ചു. മുറുക്കി ചുവന്ന ചുണ്ടുകൾ കണ്ടപ്പോൾ അവനു നിയന്ത്രണം വിട്ടു പോകുന്ന പോലെ തോന്നി പക്ഷെ അവരുടെ വെറ്റിലച്ചെല്ലം പിടിച്ച കൂടെ നടക്കുന്ന കരുത്തനായ ഒരുത്തനെ കണ്ടപ്പോൾ അവനു സ്ഥലകാലബോധം വന്നു.
പവിഴാക്ക വന്ന് ഒരു കസേരയിൽ ഇരുന്നു. കാലിൽന്മേൽ കാൽ കേറ്റി വച്ച് കൊണ്ടും ഒരു പുതിയ വെറ്റിലയിൽ ചുണ്ണാമ്പ് തേച്ചു കൊണ്ടുമായി ഒരു പുരികം ഉയർത്തികൊണ്ട് അവർ അവനോട് ചോദിച്ചു "എങ്കെ തമ്പി ഉന്നോടെ ഐറ്റം?". രമേശൻ നിന്നിടത്തു നിന്നും മാറിക്കൊണ്ട് തന്റെ പിന്നിൽ മറഞ്ഞിരുന്ന കക്ഷിയെ കാട്ടി കൊടുത്തു. അക്കാ തന്റെ കണ്ണുകൾ കൊണ്ട് അടിമുടിയൊന്നു നോക്കിയിട്ട് ഇരുന്നിടത്ത് നിന്നും എണീറ്റു. പിന്നീട് അവർക്കു ചുറ്റുമായി നടന്നിട്ട് അവനോടായി ചോദിച്ചു " എവളവ്
വേണോം ഉനക്ക്?" അവൻ തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു " ചുരുങ്ങിയത് ഒരു ഒന്നര ലക്ഷമെങ്കിലും......" ഇത് കേട്ട അവർ ഉച്ചത്തിൽ അട്ടഹസിച്ചു."ഹ ഹ ഹ ഹ . ഇന്ത ഐറ്റത്തുക്ക് ഒൺട്ര ലച്ചമാ!!??? അടെങ്കപ്പാ.. ഉനക്ക് നാൻ അറുപതായിരം കൊടുപ്പേ. അതുമേ ജാസ്തി താൻ.". എന്ത്!! താൻ ഇത്രയും റിസ്ക് എടുത്ത് കൊണ്ടുവന്നിട്ട് വെറും അറുപതിനായിരം രൂപയോ? അത് ശരിയാവില്ലെന്ന് രമേശന് തോന്നി. അവൻ പിന്നെയും അവരോട് വില പേശി നിന്നു ഒന്നര ലക്ഷത്തിൽ നിന്നും ഒന്നേക്കാൽ വരെ അവൻ താഴ്ത്തി നോക്കി.
" അക്കാ ഇത് ഒരു 1973 മോഡൽ RD 350 അല്ലെ! നല്ല കിടിലൻ വിന്റേജ് 2 സ്‌ട്രോക് ബൈക്ക്. 350 CC , 39 bhp, 5 സ്പീഡ്, എയർ കൂൾഡ് എൻജിൻ. പോരാത്തതിന് നല്ല സൂപ്പർ കണ്ടിഷൻ. ഞാൻ കേരളത്തിന്നു ഇവിടം വരെ ഓടിച്ചു വന്നിട്ടും ഒരു പ്രശ്നവും ഇല്ല വണ്ടിക്ക്. അക്കയുടെ വിന്റേജ് കളക്ഷനിൽ ഇതൊരു മുതൽക്കൂട്ടായിരിക്കും. പിന്നെ ഇത്രേം റിസ്ക് എടുത്ത് വന്നതോണ്ട് ഒരു ലക്ഷമെങ്കിലും അക്ക തന്നേ മതിയാവു." രമേശൻ പറഞ്ഞു നിർത്തി. പവിഴാക്ക അവനോടായി പറഞ്ഞു. " ഇത് പാര് തമ്പീ, RD 350 പറ്റി നീ എനക്ക് സൊല്ലി തര വേണ, നീങ്കെ തൂക്കിട്ട് വന്ത ബൈക്കുക് ബുക്കും പേപ്പറും കെടയാത്, ഇന്ത തിരുട്ട്; വന്ത് ക്രിമിനൽ ഒഫൻസ്. സരി നീ ഒരു എൺപതായിരം വാങ്കി ഇടത്തേ കാലി പണ്ണ്."
അങ്ങനെ കുറെ നാളുകൾക്ക് ശേഷം ആദ്യമായി സ്വന്തം അദ്ധ്വാനം കൊണ്ട് ഉണ്ടാക്കിയ കാശുമായി കോയമ്പത്തൂരിൽ നിൽക്കുമ്പോൾ രമേശന് അവനോട് തന്നെ അസൂയ തോന്നി. കൂട്ടത്തിൽ ചെറിയൊരു പണി അനിയന് കൊടുത്തിട്ടു പോന്നതിന്റെ സന്തോഷവും. ആ പണി എന്താണെന്നല്ലേ?. അതായത് ഈ വണ്ടിയും ചൂണ്ടിക്കൊണ്ട് പോരുന്ന കൂട്ടത്തിൽ, രമേശന്റെ ഭാഷയിൽ പറഞ്ഞാൽ 'ഒരു സിൽപ്പ്' എഴുതി വച്ചിട്ടാണ് പോന്നത്. അതിൽ ഇപ്രകാരം എഴുതിയിരുന്നു. " ഈ ബൈക്കിന് എത്രയാ വില എന്ന് വച്ചാൽ ബാബുട്ടൻ തരും."
- ഗിരീഷ് -

ഒരു ആത്മഹത്യാക്കുറിപ്പ്

Image may contain: 1 person, outdoor

ഞാൻ ആത്മഹത്യ ചെയ്യുന്നു. എനിക്ക് ഇനി ഈ ജീവിതത്തിൽ ചെയ്തു തീർക്കാൻ ഒന്നും ബാക്കിയില്ല. മുന്നോട്ട് നോക്കുമ്പോൾ മരണമല്ലാതെ മറ്റൊന്നും എനിക്ക് കാണാനാവുന്നുമില്ല.
ജീവിതത്തിൽ പലയിടത്തും ഞാൻ തോറ്റു പോയിട്ടുണ്ട്. പക്ഷെ അപ്പോളൊക്കെ എന്നെ കൈപിടിച്ചുയർത്താൻ പലരും ഉണ്ടായിട്ടുണ്ട്. അല്ലാത്തപ്പോൾ എനിക്ക് സ്വയമേ അങ്ങനൊരു ശക്തി ഉണ്ടായിരുന്നു. പക്ഷെ ഇപ്പോൾ...

എന്റെ മരണം പലരെയും അല്പമെങ്കിലും വേദനിപ്പിക്കും. ചിലർക്ക് ഇതെന്റെ അഹങ്കാരമാണ് എന്ന് തോന്നും. പരിഹരിക്കാനാവാത്ത പ്രശ്നങ്ങൾ അല്ല എന്റേത് എന്നും തോന്നും. പക്ഷെ എനിക്കിനിയും വയ്യ. അടിക്കടി ഉണ്ടായ തോൽവികളിൽ, നഷ്ടങ്ങളിൽ എന്റെ മനസ്സ് തകർന്ന് പോയിരിക്കുന്നു. ഇനിയൊരു പ്രതീക്ഷയുടെ നാമ്പ് പോലും മുളക്കാൻ ഇടയില്ലാത്ത വിധം വരണ്ടു പോയിരിക്കുന്നു. ഞാൻ പോയാലും എനിക്ക് പകരക്കാർ വരും.
ഏകയായി വന്ന ഞാൻ ഏകയായി തന്നെ മടങ്ങുന്നു. ചെയ്തുപോയ തെറ്റുകൾക്ക് എല്ലാവരോടും മാപ്പ്. ക്ഷമിക്കുക.
എന്റെ മരണവാർത്ത കേൾക്കുമ്പോൾ ഒരു നിമിഷം നിങ്ങളെന്നെ ഓർത്തെടുക്കാൻ ശ്രമിക്കുക. അത്രയും മാത്രമേ നിങ്ങൾക്കിനി എനിക്ക് വേണ്ടി ചെയ്യുവാനുള്ളു. എങ്കിലും ഒരു നൊമ്പരം ഉണ്ട് എന്റെ ഉള്ളിൽ. ഒരിക്കലെങ്കിലും എന്റെ പ്രശ്നം എന്താണെന്ന് മനസ്സിലാക്കാൻ ആരും ശ്രമിച്ചില്ല. അല്പപ്രാണയായി ഞാൻ പിടഞ്ഞപ്പോളും എന്റെ അവസാന നീരും ഊറ്റിയെടുക്കാൻ എന്നെ ഭേദ്യം ചെയ്തതല്ലാതെ എനിക്കൊരിത്തിരി ഊർജ്ജം തരാൻ ആരും ശ്രമിച്ചില്ല.
ഈ വീഴ്ചയിൽ ഞാൻ എന്നെന്നേക്കുമായി തോറ്റ് പോയിരിക്കുന്നു. ഇനി ഒരു ഉയിർത്തെഴുന്നേൽപ്പ് ഉണ്ടാവില്ല. എല്ലാ പ്രകാശങ്ങളും അണഞ്ഞു പോയിരിക്കുന്നു. മരണം അതെന്റെ തൊട്ട് മുന്നിൽ എത്തിയിരിക്കുന്നു. എന്നെ കൈനീട്ടി വിളിക്കുന്നു. ഏറെ ദൂരമില്ല. നിരാശയുടെ പടുകുഴിയിൽ നിന്നും ശാശ്വതമായ ഒരു രക്ഷപ്പെടൽ. പോകുന്നു.
അവസാനയാത്ര പറയുകയാണ്. മടക്കമില്ലാത്ത യാത്ര. നന്ദി എല്ലാത്തിനും...
എന്ന് സ്വന്തം
ടി.വി. റിമോട്ട്
★★ഗിരീഷ്★★

രാമേട്ടൻ

Image may contain: 1 person, outdoor
തൃശ്ശൂർ നിന്നും കാഞ്ഞാണി പോകുന്ന വഴി അരിമ്പൂർ എന്നൊരു കൊച്ചു ഗ്രാമമാണ് എന്റെ ദേശം. പണ്ട് കാലത്ത്, അതായത് ബസ്സ് റൂട്ട് ഒക്കെ വന്നു തുടങ്ങിയ എഴുപതുകളിൽ ആ വഴി ആകെ മൂന്നു നാല് ബസ്സ് സർവീസുകളേ ഉണ്ടായിരുന്നുള്ളു. ബാക്കി മോട്ടോർ വാഹനങ്ങൾ എന്ന് പറയാനായിട്ട് ആ വഴി ഓടിയിരുന്നത് വിരലിലെണ്ണാവുന്ന ചില സ്വകാര്യ വാഹനങ്ങൾ മാത്രം. ബാക്കിയെല്ലാം കാളവണ്ടിയും, കാൽനടയാത്രക്കാരും ചുരുക്കം ചില സൈക്കിളുകളും.
തൃശ്ശൂർ നിന്നും കാഞ്ഞാണി, അന്തിക്കാട് വഴി തൃപ്രയാർ പോയിരുന്ന ഒരു ബസ്സിലെ (ബസ്സിന്റെ പേര് പറയുന്നില്ല) ഡ്രൈവർ ആയിരുന്നു നമ്മുടെ കഥാനായകൻ രാമേട്ടൻ (പേരും സാങ്കൽപ്പീകം). അത്യാവശ്യം വണ്ടി റിപ്പയറിങ്ങും പിന്നെ നല്ല പോലെ ഡ്രൈവിങ്ങും അറിയാവുന്നതോണ്ടാണ് രാമേട്ടൻ ആ ബസ്സിലെ സ്ഥിരം ഡ്രൈവർ ആയത്. ദിവസവും 5 മണിക്ക് രാവിലെ തൃപ്രയാറിൽ നിന്നും തുടങ്ങി ട്രിപ്പുകൾക്ക് ശേഷം രാത്രി 9.30 ന് തൃപ്രയാറിൽ തന്നെ അവസാനിക്കുന്ന തരത്തിലാണ് ബസ്സിന്റെ ട്രിപ്പ് ചാർട്ട്. ബസ്സിൽ കേറിയാൽ പിന്നെ മിക്കപ്പോഴും ഭക്ഷണം കഴിക്കാൻ മാത്രമാണ് പുറത്തിറങ്ങുക. അതിനു മാത്രമേ സമയം കിട്ടാറുള്ളൂ എന്നതാണ് സത്യം. എല്ലാം സമയ ബന്ധിതമാണ്, ഭക്ഷണം പോലും നിശ്ചിത സമയത്തിനുള്ളിൽ കഴിക്കണം എങ്കിലേ അടുത്ത ട്രിപ്പ് സമയത്തിന് എടുക്കാൻ പറ്റൂ. പലപ്പോഴും പ്രാഥമീക ആവശ്യം പോലും നടത്താൻ പറ്റാതെ പോകാറുണ്ടായിരുന്നു. ഇത്രയും കഷ്ടപ്പാട് ഉണ്ടെങ്കിലും ശമ്പളം കൂട്ടി ചോദിച്ചിട്ട് മുതലാളി ഇളിച്ചു കാണിക്കുന്നതല്ലാതെ ഒന്നും നടക്കുന്നില്ല.
അങ്ങനെയിരിക്കെ ഒരു ദിവസം ഉച്ച ഭക്ഷണത്തിന് ശേഷം പതിവ് പോലെ തൃപ്രയാർ നിന്ന് ബസ്സ് തൃശ്ശൂരിലേക്ക് യാത്ര തിരിച്ചു. ബസ്സ് നീങ്ങിത്തുടങ്ങി കുറച്ചായപ്പോഴേക്കും, ഉച്ചക്ക് കഴിച്ച ഭക്ഷണത്തിന്റെയോ അതോ കുടിച്ച രണ്ടു ഗ്ലാസ് മോരിന്റെയോ എന്നറിയില്ല രാമേട്ടന്റെ വയറ്റിൽ ഒരു പെരുമ്പറ മുഴക്കി കൊണ്ട് പ്രകൃതി അതിന്റെ വിളി തുടങ്ങി. പെരിങ്ങോട്ടുക്കര എത്താറായപ്പോഴേക്കും രാമേട്ടൻ ചെറിയ തോതിൽ അധോവായു എന്ന ധൂമകേതു വർഷിക്കാൻ തുടങ്ങിയിരുന്നു. അന്നത്തെ ബസ്സ് സർവീസ് ഇന്നത്തെ പോലെ സെക്കന്റുകൾ ഗ്യാപ്പിൽ അല്ലായിരുന്നത് കൊണ്ട് ഓരോ സ്റ്റോപ്പിലും നിർത്തിയാൽ ആളുകളുടെ സാധനങ്ങൾ വണ്ടിക്ക് മുകളിൽ നിന്നിറക്കുവാനും കയറ്റുവാനും ഒക്കെ അത്യാവശ്യം സമയമെടുത്തിരുന്നു. ഈ നിമിഷങ്ങളത്രയും ഓരോ യുഗങ്ങളായി അനുഭവപ്പെട്ടു ആ പാവത്തിന്.
എന്തായാലും ഇവിടെയൊന്നും കാര്യം സാധിക്കാനാവില്ല. തൃശ്ശൂർ എത്തിയാലെ എന്തെങ്കിലും നിവൃത്തി ഉള്ളൂ. രാമേട്ടൻ വീണ്ടും പ്രകൃതിയുടെ ആ വിളിയോട് മുഖം തിരിച്ചു. സകല ദൈവങ്ങളെയും വിളിച്ചു കൊണ്ട് (ആ)ശങ്ക അണക്കെട്ട് പോലെ പിടിച്ചു നിർത്തി. വീണ്ടും പ്രയാണം തുടങ്ങി. പവ്വർ സ്റ്റിയറിങ് ഇല്ലാതിരുന്നിട്ടും പുഷ്പം പോലെ എന്നും വണ്ടി ഓടിച്ചിരുന്ന രാമേട്ടൻ അന്ന് വളയം തിരിക്കാൻ നല്ലോണം നീലച്ചു. ക്ലച്ചും, ഗിയർ ഷിഫ്റ്റിംഗും, ബ്രേക്ക് ചവിട്ടലും എല്ലാം രാമേട്ടന് ബാലികേറാമല ആയി തുടങ്ങി. കടുക് മണി വ്യത്യാസത്തിന് ഒന്ന് അങ്ങോട്ടോ ഒന്ന് ഇങ്ങോട്ടോ അനങ്ങിയാൽ രാമേട്ടനും അണക്കെട്ടും തവിടുപൊടി. അന്തിക്കാട് എത്തിയപ്പോഴേക്കും സംഗതി എല്ലാം കൈവിട്ടു പോകും എന്ന അവസ്ഥയായി. സ്ഥിരമായി അവിടുന്നു കയറുന്ന വർക്കി മാപ്ല പതിവുള്ള മുറുക്കാൻ ഓഫർ ചെയ്തിട്ടും രാമേട്ടൻ അനങ്ങിയില്ല. പരമാവധി വേഗത്തിൽ ഓടിച്ചിട്ടും വണ്ടി നീങ്ങാത്തതു പോലെ അനുഭവപ്പെട്ടു ടിയാന്. മൂന്നു കിലോമീറ്റർ ദൂരെ ഉള്ള കാഞ്ഞാണി ഒക്കെ പിന്നേം ദൂരത്ത് കൊണ്ട് വെച്ചോ എന്നൊക്കെ തോന്നിത്തുടങ്ങി രാമേട്ടന്.
രാമേട്ടൻ വളയം പിടിക്കാൻ തുടങ്ങിയിട്ട് കുറെ വർഷമായെങ്കിലും ഇത്രയും ബുദ്ധിമുട്ടി വണ്ടി ഓടിക്കുന്നത് ആദ്യമായിട്ടാണ്. കണ്ടക്ടർ സുകുമാരൻ കുറെ നേരമായി ഇതെല്ലാം ശ്രദ്ധിക്കുന്നു. സുകു വന്ന് രാമേട്ടനോട് ചോദിച്ചു " എന്താ രാമേട്ടാ? എന്തൂട്ടാ പ്രശ്നം? കൊറേ നേരായല്ലോ വല്ലാത്തൊരു വെപ്രാളം!! " നീയൊന്നു പോയേര ശവ്യെ എന്ന് പറയണമെന്നുണ്ടെങ്കിലും, രാമേട്ടൻ ഒന്നും പറഞ്ഞില്ല പകരം മുഖം കൊണ്ട് എന്തോ ഒരു എക്സപ്രഷൻ ഇട്ടു. ഒന്നുമേ മനസ്സിലായില്ലെങ്കിലും സുകു തല ആട്ടിക്കൊണ്ട് ടിക്കറ്റ് കൊടുക്കാൻ പോയി.
കാഞ്ഞാണി കഴിഞ്ഞ് വണ്ടി പിന്നെയും മുന്നോട്ട് കുതിക്കുകയാണ്. രാമേട്ടന് മനസിലായി ഇനിയും പിടിച്ചു നിൽക്കാനാവില്ല പെരുമ്പുഴ പാടം എത്തിയാൽ അവിടെ ഇറങ്ങി കാര്യം സാധിക്കുക തന്നെ. ( പെരുമ്പുഴ പാടം ഏകദേശം ഒരു രണ്ടു കിലോമീറ്ററോളം നീണ്ടു കിടക്കുന്ന വിജനമായ ഒരു റോഡാണ്. പാടത്തിന് നടുവിലൂടെ ഉള്ള ഒരു നീണ്ട റോഡ്) പക്ഷെ വണ്ടിയിലുള്ളവർ ഇത് അറിയരുത്. അറിഞ്ഞാൽ മാനം പോകണ കേസാണ്, ആ മീൻകാരി സരളയും, പോത്ത് കച്ചോടാക്കാരൻ വർക്കി മാപ്ലയും ഒക്കെ അറിയുന്നതിലും ഭേദം ആകാശവാണിയിൽ കൊടുക്കുന്നതാ ഈ വാർത്ത.
പാടത്തേക് വണ്ടി കയറിയപ്പോൾ രാമേട്ടൻ സുകുവിനോടായി പറഞ്ഞു. " ടാ!!! ഒരു കുപ്പില് കൊറച്ച് വെള്ളോം കൊറച്ച് കോട്ടൺ തുണിയും ഇങ്ങ്ട് എട്ത്തേ വേഗം. " രാമേട്ടൻ വണ്ടി റോഡിൽ തന്നെ നിർത്തി, എഞ്ചിൻ ഓഫ് ചെയ്തില്ല. എന്നിട്ട് എണീറ്റ് നിന്നിട്ട് യാത്രക്കാരോടായി പറഞ്ഞു, " ദേ! ഒറ്റെണ്ണം ദിപ്പൊ ഇരിക്കണോട്ത്ത്ന്ന് എനങ്ങരുത്. വണ്ടിക്ക് എഞ്ചിനില് ലേശം പ്രശ്നംണ്ട്. കൊറച്ചേരായി തൊടങ്ങീട്ട്. ഇത്രേം വരെ ഞാൻ പിടിച്ചു നിന്നു, ഇനീം പറ്റില്ല. ഞാൻ വണ്ടിക്കടീല് ഒറ്റക്കാ പോയിട്ട് അത് ശരി ആക്കീട്ടാ വരാം. ദിവടിരുന്ന് ആരേലും എനങ്ങിയാൽ വണ്ടി തന്നെ കത്തിപോകും. അതോണ്ട് എല്ലാരും പ്രാർത്ഥിക്യാ സഹരിക്യ" ഇത്രയും പറഞ്ഞ് രാമേട്ടൻ വെള്ളവും തുണിയുമായി വണ്ടിക്കടിയിലേക്ക് പോയി.
രാമേട്ടൻ വണ്ടിക്കടിയിൽ പോയി കാര്യം സാധിച്ചു, എല്ലാം കഴിഞ്ഞ് കോട്ടൺ തുണിയും ഇട്ട് (ആ)ശങ്ക എല്ലാം മൂടിയിട്ട്, എല്ലാം കഴുകി തിരിച്ചു വരുമ്പോൾ രാമേട്ടന്റെ മുഖം ഒരു വിജയിയെ പോലെ തിളങ്ങിയിരുന്നു. വണ്ടിക്കടിയിൽ നിന്നും പുറത്ത് വന്ന് രാമേട്ടൻ ബസ്സിന്റെ ബോണറ്റ് തുറന്നു. കുറച്ചു നേരം അവിടെം ഇവിടെം നാല് തട്ട് തട്ടി. പുര നിറഞ്ഞു നിന്നിരുന്ന നാലു പെങ്ങന്മാരെ കെട്ടിച്ചു വിട്ട അത്രയും ആശ്വാസത്തിൽ തിരിച്ചു കയറി വന്ന് രാമേട്ടൻ എല്ലാവരോടുമായി പറഞ്ഞു, " എല്ലാം ഞാൻ ശരിയാക്കീട്ട്ണ്ട്. ഇനി പേടിക്കാനൊന്നുല്ല്യ." യാത്രക്കാരുടെയും കണ്ടക്ടർ സുകുവിന്റെയും മുഖം ആശ്വാസം കൊണ്ട് നിറഞ്ഞു. അവരെല്ലാം തന്നെ ആ വലിയ മനുഷ്യന്റെ തലക്കു ചുറ്റും ഒരു ദിവ്യ പ്രഭാവലയം കണ്ടു. വണ്ടി പിന്നെയും മുന്നോട്ട് നീങ്ങിത്തുടങ്ങി എല്ലാവരും രാമേട്ടന് സ്തുതി പാടാനും.
അത്രയും ജീവൻ രക്ഷിച്ച രാമേട്ടൻ അന്നുമുതൽ നാട്ടുകാരുടെ ചർച്ചാ വിഷയമായി പോരാത്തതിന് കണ്ണിലുണ്ണിയും. രാമേട്ടന്റെ വീരചരിതം പൊടിപ്പും തൊങ്ങലും വച്ച് അന്ന് യാത്ര ചെയ്തിരുന്നവർ പ്രചരിപ്പിക്കാനും തുടങ്ങി. അതോടെ അദ്ദേഹത്തിന് അഞ്ചു രൂപ ശമ്പളത്തിൽ വർദ്ധനവും ഉണ്ടായി. എന്താലേ !!!!!!! ഭാഗ്യം വരുന്ന ഓരോരോ വഴികളേ...
★★ഗിരീഷ്★★

പൊതിച്ചോറ്

Image may contain: 1 person, outdoor

കോളേജിലേക്ക് എന്നും പൊതിച്ചോറ് കൊണ്ടു വന്നിരുന്ന അവനെ ഒരു മാതിരിപ്പെട്ട എല്ലാ സുഹൃത്തുക്കളും അസൂയയോടെ ആണ് നോക്കിയിരുന്നത്. അവൻ ഉച്ചക്ക് കഴിക്കാൻ ഇരിക്കുമ്പോൾ തുറക്കുന്ന ആ പൊതിച്ചോറിൽ നിന്നും ഒരു മാസ്മരീക ഗന്ധം ഉയരും. ആ ഗന്ധത്തിൽ മനം മയങ്ങാത്തവർ ആരും തന്നെ ഉണ്ടായിരുന്നില്ല ആ ക്ലാസ്സിൽ. ആ പൊതിച്ചോറിൽ നിന്നും ഒരുപാട് പേർ പങ്കു പറ്റിയിരുന്നു. അധികം വിഭവങ്ങളൊന്നും ഉണ്ടായില്ലെങ്കിലും അപാര സ്വാദായിരുന്നു അവൻ കൊണ്ടു വരുന്ന ആ പൊതിച്ചോറിന്. എന്നും വാട്ടിയ ഇലയിൽ പൊതിച്ചോറ് കൊണ്ടു വന്നിരുന്ന അവൻ വലിയ തോട്ടങ്ങളും തോപ്പുകളും ഉള്ള വീട്ടിലെ ആണെന്ന് പലരും ധരിച്ചു വച്ചു.
ഒരിക്കൽ അവന്റെ ഒരു കൂട്ടുകാരി അവനോട് ചോദിച്ചു " നീയെന്താടാ എന്നും ഈ പൊതിച്ചോറ് കൊണ്ടു വരുന്നത്? എന്റെ വീട്ടിൽ ഒരു ഇലയട ഉണ്ടാക്കി തിന്നാൻ പോലും ഒരു വാഴ ഇല്ല. സത്യം പറഞ്ഞാൽ എനിക്ക് അസൂയ ഉണ്ട് നിന്നോട് ഈ കാര്യത്തിൽ". അവൻ മറുപടിയൊന്നും പറയാതെ വെറുതെ ഒന്ന് ചിരിച്ചു. പിന്നേം അവൾ ഇതു തന്നെ ചോദിച്ചോണ്ടിരുന്നപ്പോൾ അവൻ പറഞ്ഞു. "ഇതെന്റെ പ്രണയമാണ്...". ഈ മറുപടി കേട്ട അവൾ അവിടെ സ്തബ്ധയായി ഇരുന്നു പോയി. അവൻ പറഞ്ഞ മറുപടി എന്താണെന്ന് അവൾക്കു മാത്രമല്ല ആർക്കും മനസ്സിലായില്ല.
അങ്ങനെ ആ ബാച്ചിന്റെ ഫെയർവെൽ ദിവസം വന്നെത്തി. എല്ലാവരും അനുഭവം പങ്കു വെക്കുന്നതിനിടയിൽ അവന്റെ പൊതിച്ചോറും ചർച്ചാ വിഷയമായി. അതിനെ പറ്റി സംസാരിക്കാൻ അവൻ നിർബന്ധിതനായി. അവൻ പറഞ്ഞു തുടങ്ങി...
ഈ പൊതിച്ചോറ് ഞാൻ കഴിച്ച് തുടങ്ങിയത് ഈ കോളേജിലേക്ക് വന്നു തുടങ്ങിയതിനു ശേഷമാണ്. അതുവരെ എന്റെ ഉച്ചഭക്ഷണം ഞാൻ പഠിച്ചിരുന്ന ഞങ്ങളുടെ ഓർഫനേജിന്റെ സ്‌കൂളിൽ നിന്നുമായിരുന്നു. പിന്നീട് കോളേജിലേക്ക് വന്നു തുടങ്ങിയപ്പോളാണ് ഞങ്ങളുടെ ഓർഫനേജിലെ അമ്മമാർ ഇവിടെ പാലിയേറ്റീവ് കെയറിലെ കൂടെപിറപ്പുകൾക്ക് കൊടുത്തയാക്കാനായി ഉണ്ടാക്കുന്ന പൊതിച്ചോറിൽ നിന്നും ഒരു പൊതി എനിക്കും തന്നു വിട്ടു തുടങ്ങിയത്. അതും ഒറ്റക്ക് കഴിക്കാനല്ല പങ്കു വെച്ചു കഴിക്കാനാണ് അമ്മമാർ പറഞ്ഞിട്ടുള്ളത്. അതാണ് ഞാൻ പറഞ്ഞിട്ടുള്ളത് ഈ പൊതിച്ചോറ് എന്റെ പ്രണയമാണെന്ന്. സ്വാർത്ഥതയോടെ ഒന്നിനെയും സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവനേ എല്ലാത്തിനെയും മനസ്സ് തുറന്ന് പ്രണയിക്കാനാവൂ. ഈ പങ്കു വെക്കലാണ് എന്റെ പൊതിച്ചോറിലെ പ്രണയം.
** ഗിരീഷ് **

ഫേക്ക് ഐഡി ( ഒരു അനുഭവ കഥ)

ഫേക്ക് ഐഡി ( ഒരു അനുഭവ കഥ)
************************************
ഈ കഥ ഞാൻ മെമ്പറായിട്ടുള്ള മറ്റൊരു എഴുത്തു ഗ്രൂപ്പിൽ ഞാൻ ഇട്ടതാണ്. ഇത് പ്രസ്തുത ഗ്രൂപ്പിൽ തന്നെ ആദ്യം ഇടാൻ കാരണം എനിക്ക് ഈ അനുഭവം തന്നത് ആ ഗ്രൂപ്പ് ആയതു കൊണ്ടാണ്. ഒരുപാട് തവണ ഇതേ ഗ്രൂപ്പ് വിട്ടു പോയിട്ടും (വേറേം കുറെ ഗ്രൂപ്പിൽ ഉള്ളത് കൊണ്ടും പോസ്റ്റുകളുടെ ബാഹുല്യം കൊണ്ടും ആണേ) എന്റെ കുറെ നല്ല സുഹൃത്തുക്കൾ എന്നെ ഇവിടേക്ക് ആഡ് ചെയ്തു കൊണ്ടേയിരുന്നു (അവർക്കുള്ളത് ഞാൻ പിന്നെ കൊടുത്തോളാം). അങ്ങനെയിരിക്കെ....
എങ്ങന്നെയിരിക്കെ? അതായത് ഈ ഓഫീസ് ടൈമിൽ പോസ്റ്റും ഇട്ട് അതിനു കമ്മൻറ്സും കൊടുത്ത് ഇരുന്നപ്പോൾ ബോസ്സ് പിടിച്ച് ഫൈനൽ വാണിംഗ് തന്നിരിക്കെയാണ് ഈയുള്ളവന്റെ ബുദ്ധിയിൽ ഒരു 60ന്റെ ബൾബ് കത്തുന്നത്. അതെ 'ഫേക്ക് ഐഡി' അതായിരുന്നു ആ ബൾബ്. ഒരു ഫേക്ക് ഐഡി ഉണ്ടാക്കി അതിൽ നിന്നും പോസ്റ്റ് ചെയ്യാം. അപ്പോൾ പിന്നെ ആരും അറിയുകയും ഇല്ല.
ഉടനെ തന്നെ ലാപ്ടോപ്പ് തുറന്ന് ഒരു ഫേക്ക് ഐഡി ഉണ്ടാക്കി. സ്ത്രീ സംവരണം ഉറപ്പാക്കാനും പിന്നെ പോസ്റ്റുകൾക്ക് ഒരു റീച് കിട്ടാനും വേണ്ടി പിന്നെയും ബുദ്ധിയിൽ തെളിഞ്ഞ ഒരു 100ന്റെ ബൾബ് കൂടെ എടുത്തിട്ടു. മനസ്സിലായില്ല അല്ലെ? അതായത് ഉണ്ടാക്കിയ ഐഡിയിൽ നോം ഒരു ദീനിയായ പെണ്കുട്ടിയാണെന്നു വെച്ചങ്ങു കാച്ചി. പതിയെ എല്ലാവരും ചെയ്യുന്ന പോലെ ഒരു പൂവ് എടുത്ത് പ്രൊഫൈൽ പോട്ടം ആക്കി. പിന്നെ തോന്നി പൂവ് ശരിയാവില്ല, പോട്ടം മാറ്റി ഒരു പെണ്കിടാവിന്റെ ഓയിൽ പെയിന്റിംഗ് ആക്കി( വീണ്ടും ബൾബ് 😊). ആഹാ എന്റെ കഴിവിൽ ഞാൻ തന്നെ അഭിമാനിച്ചു. ആകെ മൊത്തം ആ അഭിമാനത്തിന്റെ ബൾബ് അടക്കം ആ പ്രൊഫൈൽ ഒരു 1000 വാട്ടിൽ വെട്ടി വെളുത്തു നിന്നു.
അങ്ങനെ ഐഡി ഉണ്ടാക്കി. ഇനിയെന്തേലും എഴുതി പോസ്റ്റേണ്ടേ എന്നാലോചിച്ചിരിക്കുമ്പോളാ ഓഫീസിലെ ഒരുത്തന്റെ ഫോണിൽ ഒരു ഫെമിനിസ്റ്റ് ചേച്ചിയുടെ പ്രസംഗം കേൾക്കാൻ ഇടയായത്. എന്റെ ദൈവമേ എനിക്ക് വയ്യ ദേ പിന്നേം ബൾബ് കത്തണ്. ഉടനടി കുത്തിപിടിച്ചിരുന്നെഴുതി ദൈവത്തിന്റെ സൃഷ്ടികളെ പറ്റി. ആണിനേയും പെണ്ണിനേയും പിന്നെ ഭിന്നലിംഗക്കാരെയും ഒക്കെ പറ്റി ഒരു ചെറിയ ചിന്ത. എഴുതിയ പാടെ എടുത്തിട്ട് അറിയാവുന്ന ഒന്ന് രണ്ടു ഗ്രൂപ്പുകളിൽ കൊണ്ട് ചെന്നിട്ടു. മഹാമനസ്ക്കരായ അഡ്മിൻ ചങ്ങാതിമാർ സ്നേഹപൂർവ്വം അതെല്ലാം അപ്രൂവ് ചെയ്തു തന്നു. പിന്നെ കട്ട വെയ്റ്റിംഗ് ആയി ലൈക്കിനും കമന്റ്സിനും വേണ്ടി.
ഈ സമയത്താണ് ആളെ കൊല്ലാനായിട്ട് വീക്കിലി റിവ്യൂ മീറ്റിംഗ് വന്നത്. സകല ബോസ്സുമാരെയും പ്രാകി മീറ്റിംഗിൽ പോയിരുന്നുറങ്ങി. ഫോൺ ഓഫ് ചെയ്യണം എന്നുള്ളത് കൊണ്ട് പോസ്റ്റിന്റെ നോട്ടിഫിക്കേഷൻസ് ഒന്നും ഫോണിലും അറിയാനും വഴിയില്ല. എങ്കിലും ഇരുന്നുറങ്ങിയ ആ നേരം കൊണ്ട് ഞാൻ കണക്കു കൂട്ടി ഒരു 100 ലൈക് കടന്നിട്ടുണ്ടാകണം. പിന്നെ ചുരുങ്ങിയത് ഒരു 30 കമന്റ്. ഹോ!!! ആദ്യ പോസ്റ്റുകൊണ്ട് തന്നെ ഞാനൊരു പ്രമുഖനാകും. അയ്യോ!!!! ഞാനല്ലലോ ഫേക്ക് അല്ലേ പ്രമുഖയാവുക???? ഉള്ളിൽ ഒരു മിന്നൽ പാഞ്ഞു രണ്ട് വെള്ളിടി വെട്ടി. പെട്ടന്ന് കണ്ണ് തുറന്നു വാച്ചിൽ നോക്കി; മണിക്കൂർ ഒന്ന് കഴിഞ്ഞിരിക്കുന്നു, മീറ്റിംഗ് തീരാറായി ചായയും ബിസ്കറ്റും വന്നിട്ടുണ്ട്. ആ സാരമില്ല ഫേക്ക് പ്രമുഖ ആയാലും അത് വഴി ഞാൻ തന്നെയല്ലേ പ്രമുഖനാകുന്നത് എന്ന് എന്നെ തന്നെ പറഞ്ഞു പറ്റിച്ചു ഞാൻ. ചായ കുടിച്ച് ഉറക്ക ക്ഷീണം ഒക്കെ കളഞ്ഞ് വീണ്ടും വന്ന് ലാപ്ടോപ്പ് തുറന്നു ഫേക്കിൽ ലോഗിൻ ചെയ്തു.
അക്കൗണ്ട് തുറന്ന എന്റെ എല്ലാ ബൾബും അടിച്ചു പോയ അവസ്ഥ ആയി. പോസ്റ്റിന് ആകെ കിട്ടിയത് ആകെ എട്ട് ലൈക്ക്. പക്ഷെ ; എഴുപതിമൂന്നേമുക്കാൽ ചില്ല്വാനം ഫ്രണ്ട് റിക്വസ്റ്റ്. നാൽപതു മെസ്സേജ്‌സ് ഫ്രം പതിനേഴു പീപ്പിൾ. എന്റെ ഫേക്ക് പരമ്പര ദൈവങ്ങളേ... യുക്തിവാദിയായ ഞാൻ അറിയാതെ വിളിച്ചു പോയി. ആഹ് എന്തായാലും കുറച്ചു പേരെ കൂടെ ചേർത്തേക്കാം എന്ന് കരുതി ആൾക്കാരെ ഒക്കെ നോക്കി.
ഒടിയനും, ചാത്തനും, മായവിയും, ലുട്ടാപ്പിയും എന്ന് വേണ്ട എല്ലാവരും ഉണ്ട്. പലരെയും അങ്ങനെ കൂടെ കൂടിയപ്പോൾ അതാ വരുന്നു ഈ കൂട്ടിയവന്മാരുടെ വക അപ്രീസിയേഷൻ. 'കഥ നന്നായിരുന്നു മോളു, സൂപ്പർ, നന്നായി എഴുത്തുന്നുണ്ടല്ലോ? കല്യാണം കഴിച്ചതാണോ? ' അങ്ങനെ അങ്ങനെ നീളുന്നു. ഈ പറഞ്ഞവന്മാരൊന്നും എഴുതിയ പോസ്റ്റിനു ലൈക്കോ കമന്റോ ഒന്നും തന്നിട്ടില്ല എന്നിട്ടാണ് ഇൻബോക്സിൽ വന്ന് അവാർഡ് തരുന്നത്. അങ്ങനെ ആരെയും പിണക്കണ്ട എന്ന് കരുതി എല്ലാവരോടും ' സന്തോഷം, നന്ദി ' എന്നീ വാക്കുകൾ വാരി വിതറി ഞാൻ മാനേജ് ചെയ്തു.
അങ്ങനെ അന്നത്തെ ഓഫീസിലെ കയിലുകുത്തതെല്ലാം കഴിഞ്ഞ് ഫ്‌ളാറ്റിലെത്തി കുളിച്ച് ഫ്രെഷായി ലാപ്ടോപ്പ് എടുത്ത് എഴുതാൻ കുത്തിയിരുന്നപ്പോൾ അതാ വരുന്നു നേരത്തെ പറഞ്ഞ ഒടിയനും ചാത്തനുമൊക്കെ. ഇപ്പോൾ ചാറ്റിന്റെ രീതി ഒക്കെ മാറി തുടങ്ങിയിരിക്കുന്നു.അത് അത്ര കണ്ട ശരിയാവില്ല എന്ന് കണ്ടപ്പോൾ പതുക്കെ ഞാൻ ആ മാരണങ്ങളെ ഒക്കെ അൺഫ്രണ്ട് ഹോമം നടത്തി സുക്കറണ്ണന്റെ വാളിൽ തറച്ചു. തീർന്നെന്നു കരുതി ഇരിക്കുമ്പോൾ അതാ വരുന്നു അതിലൊരു പ്രതികാര ദാഹിയായ ആത്മാവിന്റെ വിലാപം. ' യഥാർത്ഥ സ്നേഹം, അത് ആർക്കും വേണ്ട. സ്നേഹം തേങ്ങായാണ് മാങ്ങയാണ് വറീതേട്ടന്റെ കടയിലെ ചുക്കുണ്ടായാണ് ' എന്നൊക്കെ പറഞ്ഞ്. പിന്നേം ആ വിലാപം തുടർന്നപ്പോൾ ഫേസ്ബുക്കത്തൂർ ബ്ലോക്കാടൻ തിരുമേനിയെ വിളിപ്പിച്ച് ഒരു ബ്ലോക്ക് ക്രിയ അങ്ങ് നടത്തി ബ്രഹ്മത്തിങ്കലാക്കി.
ഇനി ഒരു രക്തരക്ഷസ്സും ശല്യപ്പെടുത്താതിരിക്കാൻ "ഇത് ഞമ്മന്റെ ഫേക്ക് ഐഡി ആണ്. എയുത്തിന്റെ അസുഖം ഉള്ളൊണ്ട് എയ്താൻ ബേണ്ടിട്ട് ഇണ്ടാക്കീതാ ഈ ഐഡി. ബെർതെ അങ്ങളമാരാരും സൗഹൃദ നിവേദനം എടുത്തോണ്ട് ബരണ്ടാന്നും പറഞ്ഞ്" ബോർഡും ബച്ചു. പറഞ്ഞിട്ടെന്താ പഴേ നായ, അതിന്റെ വാല്, അതേ കൊഴല് ഒന്നിനും ഒരു മാറ്റവുമില്ല. ശല്യങ്ങളെ എല്ലാം കൂടെ ഒഴിവാക്കിയപ്പോളേക്കും തൊണ്ടയിലെ വെള്ളം വറ്റി. ഇത്തിരി വെള്ളം എടുത്ത് കുടിച്ച് പുതിയ പോസ്റ്റിന്റെ പണിപ്പുരയിലേക്ക് കടന്നു. അപ്പോളും ആങ്ങളമാരുടെ ഇൻബോക്‌സ് കൗതുകം തുടർന്നുകൊണ്ടേയിരുന്നു.
എല്ലാം അവഗണിച്ച് പിന്നേം ഒരു പോസ്റ്റിട്ടു. ആ പോസ്റ്റും വെള്ളം കിട്ടാതെ ചത്തു. പക്ഷേ അപ്പോളും ചില ഇൻബോക്‌സ് ലൈക്കുകളും കമന്റുകളും കിട്ടിയിരുന്നു ആ കഥക്കും. പിന്നെ ഈ ആങ്ങളമാരുടെ കൗതുകം ഞാനും ഒന്ന് ഏറ്റു പിടിച്ചു. ചിലർക്ക് ഞാൻ റിപ്ലൈ കൊടുത്തു തുടങ്ങി. അറിയാണമല്ലോ വണ്ടി ഏത് ഡിപ്പോ വരെ പോകുമെന്ന്. ആദ്യം എല്ലാവർക്കും ഫാമിലി ഡീറ്റൈൽസ് ഒക്കെ അറിയണം. ചിലർ ഞമ്മന്റെ ഫേക്ക് ഐഡിടെ പേര് കണ്ടിട്ടാകണം ഞമ്മളെ തട്ടമിടാൻ പഠിപ്പിക്കാനും ബുർഖയുടെ മഹത്വം പഠിപ്പിക്കാനൊക്കെ തുടങ്ങി. മറ്റു ചിലരാകട്ടെ നമ്മുടെ സൗഹൃദം പളുങ്ക് പോലെ പരിശുദ്ധവും വളരെ ആത്മാർത്ഥവും അതെ സമയം ഭർത്താവ് അറിയാതെയും വേണം എന്ന് ചിണുങ്ങുന്നുണ്ടായിരുന്നു.
എല്ലാം കൂടെ കണ്ടപ്പോൾ ഈ ഫേക്ക് പരിപാടി കുട്ടൂസനും കൂട്ടരും കൂടി മായവിയെ പിടിച്ച് ചില്ലു കുപ്പിയിൽ കേറ്റുന്ന പോലെ ആകും എന്നെനിക്കു തോന്നി. എങ്ങനെ ബുദ്ധിപരമായി ചെയ്താലും അവസാനം മായാവി കുപ്പിയും പൊട്ടിച്ച് പോകും. അതോണ്ട് ഞാനൊരു കാര്യം തീരുമാനിച്ചു. സകല കീടങ്ങളെയും അൺഫ്രണ്ട് ഫ്യുരാടാൻ അടിച്ച് പുറത്താക്കി. അൽപ്പം ചാണക വെള്ളം തളിച്ച് അക്കൗണ്ട് ശുദ്ധമാക്കി. എന്നിട്ട് അക്കൗണ്ട് വിൽപ്പനക്ക് എന്ന പുതിയൊരു ബോർഡും തൂക്കി.
ഇനി സ്വന്തം അക്കൗണ്ടിൽ നല്ല ജൈവകൃഷി ആകാം, നല്ല പോസ്റ്റ് അമിനോആസിഡ് ഒക്കെ ഉണ്ടാക്കി വച്ചിട്ടുണ്ട്. എന്തായാലും ഫേക്ക് ഐഡിയിൽ ഇട്ട് ചീഞ്ഞ രണ്ടു പോസ്റ്റുകൾ (നല്ല പോസ്റ്റുകൾ ആയിരുന്നു, പക്ഷെ ആരും മൈൻഡ് ചെയ്തില്ല) വരുന്ന നല്ല പോസ്റ്റുകൾക്ക് വളമാകും എന്ന പ്രതീക്ഷയിൽ ഇനി ഒറിജിനൽ ഐഡിയിൽ നിന്നും പോസ്റ്റുകൾ വരും.
വാൽക്കഷ്ണം:- ഒരു സ്ത്രീ ഫേക്ക് ഐഡിയിലെ എനിക്ക് ഇത്രേം ശല്യമാണെങ്കിൽ എന്തായിരിക്കും ശരിക്കും ഉള്ള നമ്മുടെ സ്ത്രീജനങ്ങളുടെ അവസ്ഥ? അറപ്പു തോന്നുന്നു, ത്ഫൂ..... നാണമില്ലാതെ കുറെ ജന്മങ്ങൾ. അവർക്കെല്ലാം എന്റെ നടുവിരൽ നമസ്ക്കാരം.
- ഗിരീഷ് -

വേട്ടപ്പട്ടികൾ

വേട്ടപ്പട്ടികൾ
~~~~~~~~
എല്ലാം വളരെ പെട്ടന്നായിരുന്നു. നാല്പതു ദിവസത്തെ ലീവിന് നാട്ടിൽ പോയതാണ് രാജീവ്. ആദ്യത്തെ ആഴ്ചയിൽ തന്നെ പെണ്ണ് കാണലും കല്യാണ നിശ്ചയവും ഒക്കെ നടന്നു. ലീവ് കഴിഞ്ഞു തിരിച്ചു പോകുന്നതിനു മുൻപ് കല്യാണം നടത്താനിരിക്കെയാണ് അത് സംഭവിച്ചത്....
മിനി, അതായിരുന്നു അവളുടെ പേര്. എല്ലാ പെൺകുട്ടികളെയും പോലെ ഒരുപാട് സ്വപ്നങ്ങളും ആഗ്രഹങ്ങളും ഒക്കെ കൊണ്ട് നടന്നിരുന്ന പെൺകുട്ടി. എം.കോം ഒക്കെ കഴിഞ്ഞു നിൽക്കുന്ന അവൾ നാട്ടിൽ തന്നെ ഒരു സ്ഥാപനത്തിൽ ജോലിയും ചെയ്തു വരികയായിരുന്നു. ഇടക്കെ വരുന്ന പി.എസ്.സി. പരീക്ഷകളും ഒക്കെ എഴുതി ഒരു സർക്കാർ ജോലിയും പ്രതീക്ഷിച്ചു നിൽക്കുന്ന ഒരു സാധാരണ പെൺകുട്ടി. ചൊവ്വ ദോഷം എന്ന സ്ഥിരം കല്യാണം മുടക്കി അവളെ വീട്ടുക്കാരുടെ ഒക്കെ ഒരു വേദനയാക്കി നിർത്തുകയായിരുന്നു. ആ സമയത്താണ് രാജീവിന്റെ ആലോചന വരുന്നത്. ജാതകവും ബാക്കി കാര്യങ്ങളും എല്ലാം ഒത്തു വന്നത് കൊണ്ടും രാജീവിന് പെട്ടന്ന് തിരിച്ചു ഗൾഫിലേക്ക് പോകേണ്ടതിനാലും എല്ലാം, കല്യാണം വളരെ പെട്ടന്ന് തന്നെ നടത്താൻ തീരുമാനമായി.
കല്യാണത്തിന്റെ രണ്ടു ദിവസം മുൻപ് മിനിക്ക് ഒരു പി.എസ്.സി. പരീക്ഷ ഉണ്ടായിരുന്നു. വീടിനടുത്ത് തന്നെ ആയിരുന്നു പരരെക്ഷ സെന്റർ എന്നത് കൊണ്ട്‌ അച്ഛൻ കല്യാണത്തിരക്കിൽ ആയതു കൊണ്ടും അവൾ അന്ന് ഒറ്റക്കാണ് പരീക്ഷക്ക് പോയത്. പരീക്ഷ ഒക്കെ കഴിഞ്ഞ തിരിച്ച് ഇറങ്ങിയപ്പോളാണ് അറിഞ്ഞത് ഏതോ രാഷ്ട്രീയ കൊലപാതകം കാരണം മിന്നൽ പണിമുടക്ക് ആയതു കൊണ്ട് വാഹനങ്ങളും കടകളും ഒന്നും ഇല്ല. വീട് അടുത്തതായതു കൊണ്ട് അവൾക്ക് ഒട്ടും അങ്കലാപ്പ് ഉണ്ടായില്ല. അവൾ വീട്ടിലേക്ക് നടന്നു. പക്ഷെ വഴിയിൽ വച്ച് അവളെ ആരൊക്കെയോ പിന്തുടരുന്നത് പോലെ അവൾക്ക് തോന്നി. അവളുടെ കാലുകൾ ഹൃദയമിടിപ്പിനൊപ്പം വേഗം ചലിക്കാൻ തുടങ്ങി.
അവൾ പിന്തിരിഞ്ഞു നോക്കി, ഏതോ രണ്ടു നെറികെട്ടവന്മാർ അവളെ പിന്തുടരുന്നുണ്ട്. അവൾ ഓടാൻ തുടങ്ങി, സഹായത്തിനായി അവൾ ചുറ്റും നോക്കിയെങ്കിലും ആരെയും കണ്ടില്ല. വിജനമായ വഴിയോരത്തിൽ അവളെ രണ്ടു കൈകൾ കടന്നു പിടിച്ചു. ബഹളം വെക്കാൻ ശ്രമിച്ച അവളുടെ തലയിൽ എന്തോ ഭാരമേറിയ വസ്തു ആഞ്ഞു പതിച്ചു. രക്തം വാർന്നു നെറ്റിയിലൂടെ അവളുടെ മിഴികൾക്കു മുകളിലൂടെ ഒഴുകുന്നതും, ഏതോ ഒരു പൊന്തക്കാട്ടിലേക്ക് തന്നെ വലിച്ചിഴക്കുന്നതും ബോധം മറയുന്നതിനിടയിലും അവളറിഞ്ഞു.
കണ്ണ് തുറക്കുമ്പോൾ അവൾ ആശുപത്രിയിലാണ്.തലയ്ക്ക് വല്ലാത്ത ഭാരം തോന്നുന്നുണ്ട് അവൾക്ക്. തന്റെ ഉറ്റവരാരും അരികിലില്ല. അവൾ ചുറ്റും കണ്ണോടിച്ചു. അടുത്ത് കണ്ട നഴ്സിനോട് അല്പം വെള്ളം ചോദിച്ചു. നഴ്സ് അപ്പോളേക്കും ഡോക്ടറെ വിളിച്ചു. ഡോക്ടർ വന്നു നോക്കി അവൾക്ക് ഒരൽപ്പം വെള്ളം കൊടുത്തു. അവൾക് ഒന്നും ഓർത്തെടുക്കുവാൻ സാധിക്കുന്നുണ്ടായില്ല. താനെങ്ങനെ ഇവിടെ എത്തി എന്നവൾ ഡോക്ടറോട് ചോദിച്ചു. ഒക്കെ പതുക്കെ പറയാം ഇപ്പോൾ തല്ക്കാലം റസ്റ്റ് എടുക്ക് എന്ന് പറഞ്ഞ ഡോക്ടർ അവൾക്കൊരു സെഡേഷൻ ഇൻജെക്ഷൻ കൊടുത്തു. അവൾ വീണ്ടും മയക്കത്തിലേക്ക് വീണു തുടങ്ങി.
പുറത്ത് പ്രാർത്ഥനയോടെ ഇരുന്നിരുന്ന അവളുടെ ഉറ്റവരോട് "പേടിക്കനൊന്നുമില്ല, ഇന്ന് തന്നെ റൂമിലേക്ക് മാറ്റാം. തക്ക സമയത്ത് പോലീസുകാർ അവിടെ വന്നത് കൊണ്ട് അവളുടെ മാനവും, ജീവനും നഷ്ടപ്പെട്ടില്ല. നന്ദി പറയേണ്ടത് അവരോടും ദൈവത്തിനോടുമാണ്." എന്ന് ഡോക്ടർ പറഞ്ഞു. നിറഞ്ഞ കണ്ണുകളോടും കൂപ്പിയ കൈകളോടും കൂടി ആ കുടുംബം നിന്നു. പട്രോളിങ്ങിനിറങ്ങിയ പോലീസുകാർ ആ സമയത്ത് അവിടെ എത്തിയില്ലായിരുന്നുവെങ്കിൽ !!!.
പക്ഷെ ഇതേ സമയം ആ ആശുപത്രിക്ക് പുറത്ത് വിഷം തുപ്പി കൊണ്ട് കുറെ നാറിയ മാധ്യമങ്ങൾ അവളെ ഒരു റേപ്പ് ചെയ്യപ്പെട്ട പെൺകുട്ടി ആയി ചിത്രീകരിച്ചു കൊണ്ട് അവരുടെ ചാനലിന്റെ റേറ്റിങ് കൂട്ടാൻ മത്സരിച്ചു കൊണ്ടിരുന്നു. ലൈവ് ബ്രോഡ്‌കാസ്റ്റിങ്ങും ചർച്ചകളുമായി അവർ അവൾക്ക് സംഭവിച്ച ആ ദുരന്തം ആഘോഷിച്ചു. ആ വേട്ടപ്പട്ടികൾ അവളെയും അവളുടെ കുടുംബത്തിനെയും പേരും ജാതകവും എല്ലാം ഉൾപ്പെടെ പരസ്യപ്പെടുത്തിക്കൊണ്ട് ഏവർക്കും മുന്നിൽ തുറന്നു വെച്ചു. അവൾക്കൊന്നും സംഭവിച്ചിട്ടെല്ലെന്നു ലോകത്തോട് മുഴുവൻ വിളിച്ചു പറഞ്ഞിട്ടും ആരും ആദ്യം കേട്ട പീഡന വാർത്ത കൈവിടാൻ തയ്യാറായില്ല. സത്യം അറിയാതെ പടച്ചു വിടുന്ന ആ വാർത്തകൾ വിശ്വസിച്ച് കൊണ്ട് രാജീവിന്റെ ബന്ധുക്കൾ ആ കല്യാണത്തിൽ നിന്നും പിന്മാറുവാൻ തീരുമാനിച്ചു.
**********************************************************************************************
ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ആയി വീട്ടിൽ എത്തിയപ്പോളേക്കും അവൾക് അന്ന് നടന്നതെല്ലാം ഓർത്തെടുക്കാൻ സാധിച്ചു. നമ്മുടെ നാട്ടിലെ നിയമ വ്യവസ്ഥിതി അവളെ ആക്രമിച്ച ആ നരാധമന്മാരെ സുഖവാസത്തിനായി ജയിലിലേക്ക് അയച്ചിരുന്നു. ഇനി ജയിലും വിചാരണയും തെളിവെടുപ്പുമെല്ലാമായി അവർ ജനങ്ങളുടെ നികുതിപണം കൊണ്ട് തിന്നു കൊഴുക്കും. തനിക്കൊന്നും സഭവിച്ചിട്ടില്ലെങ്കിലും അന്ന് നടന്നതോർക്കുമ്പോൾ അവൾക് ഭീതി വിട്ടുമാറുന്നില്ല.
കല്യാണം മുടങ്ങിയെങ്കിലും രാജീവ് അവളെ നിരന്തരം ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ആശുപത്രിയിൽ അവളെ കാണാൻ ചെന്നുവെങ്കിലും, പോലീസുകാർ സന്ദർശകരെ അവിടെ അനുവദിച്ചിരുന്നില്ല. രാജീവിന്റെ കോളുകൾ മിനിയുടെ അച്ഛൻ നിരസിക്കുകയായിരുന്നു.അങ്ങനെ മിനി ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയതിന്റെ പിറ്റേന്ന് രാജീവ് മിനിയുടെ വീട്ടിലെത്തി. മിനിയോടും മിനിയുടെ വീട്ടുകാരോടും നേരിട്ട് സംസാരിക്കാൻ. രാജീവ് പറഞ്ഞു. " കല്യാണം വേണ്ടെന്നു വച്ചത് എന്റെ അറിവോടും സമ്മതത്തോടും കൂടിയല്ല. പിന്നെ മിനിക്ക് എന്തൊക്കെ സംഭവിച്ചാലും അവളെ ഞാൻ ഉപേക്ഷിക്കുവാനും ഒരുക്കമല്ല. ഞാൻ ആദ്യമായി പെണ്ണ് കണ്ട ഇഷ്ടപെട്ട കുട്ടിയാണ് മിനി, ചില ദിവസങ്ങൾക്ക് മുൻപ് എന്റെ ഭാര്യ ആകേണ്ടിയിരുന്നവൾ. ബന്ധുക്കൾ, നാട്ടുക്കാർ എന്നിവരേക്കാൾ എന്റെ തീരുമാനങ്ങൾക്ക് അനുസരിച്ച് ജീവിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. മിനിക്ക് സമ്മതമാണെങ്കിൽ അവളെ എന്റെ ഭാര്യയാക്കാൻ എനിക്ക് ഇപ്പോളും സമ്മതമാണ്. പിന്നെ എന്റെ വീട്ടുക്കാർ, അവരെ ഞാൻ പറഞ്ഞു മനസ്സിലാക്കികൊള്ളാം. "
രാജീവിന്റെ വാക്കുകൾ ആ വീട്ടിൽ ഉണ്ടാക്കിയ സന്തോഷത്തിനു അതിരില്ലായിരുന്നു. നാട്ടുകാരുടെയും മറ്റു ജനങ്ങളുടെ ഇടയിലൂടെയും മറ്റും ഈ നിമിഷം വരെ തല താഴ്ത്തി നടക്കേണ്ടി വന്ന ആ കുടുംബം ഒന്ന് ആശ്വസിച്ചു. അടുത്ത ശുഭ മുഹൂർത്തത്തിൽ വളരെ വേണ്ടപ്പെട്ടവർ മാത്രം
സംബന്ധിച്ച ഒരു ലളിതമായ ചടങ്ങിൽ മിനിയും രാജീവും ഒന്നിച്ചു. അന്ന് മിനി ഏറ്റവും സന്തോഷവതിയായിരുന്നു. അച്ഛൻ അവളെ രാജീവിന് കൈപിടിച്ച് കൊടുത്തപ്പോൾ അവൾക്കറിയാമായിരുന്നു; ഈ കൈകളിൽ താൻ എന്നും സുരക്ഷിതവും സന്തോഷവതിയും ആയിരിക്കുമെന്ന്.
-----------------ഗിരീഷ്-----------------
വാൽക്കഷ്ണം:- സ്ത്രീകളെ കാമർത്തമായ കണ്ണുകൾ കൊണ്ട് മാത്രം നോക്കുന്ന മനോരോഗികളുള്ള നാട്ടിലാണ് ഇപ്പോൾ നമ്മൾ ജീവിക്കുന്നത്. അവരെക്കാൾ ഭയാനകമാണ് ഒരു സ്ത്രീക്ക് എന്തെങ്കിലും അരുതാത്തത് സംഭവിച്ചാൽ അത് വച്ച് ചർച്ചകളും മറ്റും നടത്തി ആ സ്ത്രീയെയും കുടുംബത്തെയും ആകെ തളർത്തുന്ന മാധ്യമ വേശ്യകൾ ഉള്ള നാട്ടിൽ ജീവിക്കുക എന്നത്.


വിസ

വിസ
~~~~~
ഡിപ്ലോമ പഠിപ്പെല്ലാം കഴിഞ്ഞ ഒരു ചെറിയ ജോലി ആയി നാട്ടിൽ തന്നെ നില്കുംമ്പോളാ അച്ഛന്റെ നിരബന്ധത്തിനു വഴങ്ങി മനസ്സില്ലാമനസ്സോടെ മസ്കറ്റിലേക്ക് വിസക്ക് അപ്ലൈ ചെയ്യുന്നത്. കിട്ടാൻ ചാൻസ് ഉണ്ടെങ്കിലും പോകേണ്ടി വരല്ലേ എന്ന പ്രാർത്ഥനയോടെ ഞാനിരുന്നു.
മാസങ്ങൾ കടന്നു പോയി; വിസയുടെ ഒരു അനക്കവും ഇല്ല. ഞാൻ പതിയെ അത് മറന്നു. ചില പുതിയ കോഴ്‌സുകൾക്ക് ചേർന്ന് പഠനം തുടങ്ങി. ജോലിയോടൊപ്പം പഠനം; അതൊരു നല്ല സുഖമുള്ള ഏർപ്പാടായി എനിക്ക് തോന്നി. നാട്ടിലെ കൂട്ടുക്കാരുടെ കൂടെ ഉള്ള കറക്കങ്ങളും, അമ്മ ഉണ്ടാക്കി തരുന്ന നല്ല ഭക്ഷണവും എല്ലാം കഴിച്ചു സമാധാനമായി നടക്കുകയാണ്. ഇതിനിടയിൽ ഒരു ചെറിയ പ്രണയവും സീരിയസ്സ് ആയി തന്നെ നടക്കുന്നുണ്ട്.
അങ്ങനെയിരിക്കെ ഒരു ദിവസം ലീവ് എടുത്ത് തറവാട്ടമ്പലത്തിലെ ഉത്സവം കൂടി കൊണ്ടിരിക്കെയാണ് എന്നെ തേടി ആ ഇടിത്തീ വന്നത്; 'വിസ'. അത് കൊണ്ട് വന്ന പോസ്റ്റുമാനെ ഞാൻ മനസ്സറിഞ്ഞു പ്രാകിയെങ്കിലും അച്ഛൻ ഒരു അമ്പതു രൂപായെടുത്തു അയാളുടെ കയ്യിൽ കൊടുത്തു. അന്നത്തെ ദിവസം ഞാനൊഴികെ എല്ലാരും ആ ഉത്സവം നന്നായി ആഘോഷിച്ചു.
ഒരു നാട്ടിൻപുറമായതുകൊണ്ട് തന്നെ എനിക്ക് വിസ വന്ന വിവരം നാട്ടുക്കാർ മൊത്തം നിമിഷ നേരം കൊണ്ടറിഞ്ഞു. പിറ്റേ ദിവസം മുതൽ പുറത്തിറങ്ങിയാൽ ചോദ്യശരങ്ങളുമായി വരും ഓരോരുത്തർ; എന്നാ പോണേ? പോയാൽ എപ്പളാ വരാ? വന്നാൽ പിന്നെപ്പളാ പോകാ?. ഇതിനെല്ലാം പുറമെ ഒരു മാതിരി സഹതാപത്തോടെ ഉള്ള നോട്ടവും. എല്ലാം കൂടെ എനിക്ക് വട്ടായി. ഞാൻ പോകുന്നില്ലെന്ന് രണ്ടും കൽപ്പിച്ചു വീട്ടിൽ പറഞ്ഞെങ്കിലും അതൊന്നും ഏറ്റില്ല. ഏറ്റില്ലെന്നു മാത്രമല്ല എത്രയും വേഗം എന്നെ കെട്ടു കെട്ടിക്കാൻ തീരുമാനവുമായി. അനിയത്തിക്കും അച്ഛനും കൂട്ടത്തിൽ അളിയനും ആണ് വല്ലാത്ത തിടുക്കം. എനിക്ക് തീരെ ഉത്തരവാദിത്വം ഇല്ലെന്നാണ് അവരുടെ പക്ഷം. "പിന്നേ ഗൾഫിൽ പോകുന്നതാണല്ലോ ഉത്തരവാദിത്വം ഉണ്ടാകാനുള്ള മരുന്ന്!" ഇതും മനസ്സിൽ പറഞ്ഞ് ഞാൻ അവരെ നോക്കി. അമ്മ മാത്രം പറഞ്ഞു, "മോന് ഇഷ്ടല്യച്ചാൽ പോകണ്ട.എന്റെ കുട്ടി ഇവിടെ നിന്നോ " എന്ന്, പക്ഷെ കൂട്ടമായുള്ള മറ്റ് അസുരഗണങ്ങളുടെ ആക്രമണത്തിൽ എനിക്ക് അമ്മ കെട്ടി തന്ന ആനുകൂല്യത്തിന്റെ ആ പർണ്ണശാല തവിടു പൊടിയായി.
അങ്ങനെ തിയ്യതിയും നിശ്ചയിച്ച് ടിക്കറ്റും എടുത്ത് എന്നെ നാടുകടത്താൻ തീരുമാനമായി. മനസ്സിലാമനസ്സോടെ ഞാനും സമ്മതിച്ചു. അല്ലാതെ വേറെ വഴി ഇല്ലാലോ. പോരാത്തതിന് ഇപ്പോൾ കയ്യിലുള്ള ജോലി കൊണ്ട് സ്വന്തമായി ഒന്നും സമ്പാദിക്കാൻ ആകില്ലെന്നെനിക്കറിയാം. പെങ്ങളെ കെട്ടിച്ചയക്കണം, അച്ഛനേം അമ്മേം പൊന്നു പോലെ നോക്കണം. ഇതിനെല്ലാം പുറമെ നാളെ എന്റെ പ്രണയം വീട്ടിൽ അറിയിക്കുമ്പോൾ, അല്ല ഇപ്പോളെ കുറെയൊക്കെ അറിയാം. എങ്കിലും, അവളൊരു മുസ്‌ലിം പെൺകുട്ടി ആയതു കൊണ്ടും ഇത്തിരി സാമ്പത്തികം കുറവായതു കൊണ്ടും അല്ലറ ചില്ലറ കോലാഹലങ്ങൾ ഉണ്ടാകും എന്നെനിക്കറിയാം. അങ്ങിനെ വന്നാലും അവളെ കൈ വിടാൻ എനിക്കാവില്ല. അത് കൊണ്ട് തന്നെ ഒരു സമ്പാദ്യം ഇല്ലാതെ ഒന്നും നേരാവില്ലെന്നറിയാം. ഇത്രേം ഒക്കെ ആലോചിച്ചിട്ടാ പോകാം എന്ന തീരുമാനത്തിലെത്തിയത്.
അങ്ങനെ പോകുന്നതിന്റെ തലേന്നാൾ വന്നെത്തി. രാവിലെ എണീറ്റ് നോക്കുമ്പോൾ അളിയനും പെങ്ങളും വന്നിട്ടുണ്ട് വീട്ടിൽ. അനിയത്തി രാവിലെ തന്നെ കൂട്ടുകാരികളോട് ഏട്ടൻ ഗൾഫിൽ പോകുന്നതിന്റെ മേനി പറയുന്നു. അച്ഛനെ വണ്ടിടെ കാര്യം ഏർപ്പാടാക്കാൻ പോയിരിക്കുന്നു. കുളിയൊക്കെ കഴിഞ്ഞ് ഭക്ഷണം കഴിച്ചു പുറത്തു പോവാന്നു പറഞ്ഞ് ഇറങ്ങി.എന്നും പോകാറുള്ളിടത്തൊക്കെ പോകണം, ഇത്തിരി ഇരിക്കണം, കൂട്ടുക്കാരെ കണ്ട് യാത്ര പറയണം, എല്ലാത്തിനും മുൻപ് എന്റെ ശബാനയെ ഒന്ന് കാണണം. ഇത്തിരി നേരം ഒരുമിച്ചിരുന്നു സംസാരിക്കണം.
ബൈക്കെടുത്ത് ടൗണിലേക്ക് വിട്ടു. നേരത്തെ പറഞ്ഞതിൻ പ്രകാരം അവൾ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. ദൂരെ നിന്നും എന്നെ കണ്ടപ്പോളേ ആ മുഖം ഒന്ന് വിടർന്നു. എന്തൊക്കെ പറഞ്ഞാലും തട്ടം ഇട്ട പെണ്ണിനിത്തിരി മൊഞ്ചു കൂടുതലാ. കയ്യിലൊരു ബാഗും തൂക്കിപ്പിടിച്ച് ഹോസ്റ്റലിലേക്ക് പോകാൻ ഇറങ്ങിയതാണവൾ. (ആൾ എൻജിനീയറിങ്ങിനാട്ടോ പടിക്കണേ. നന്നായി പഠിച്ച് മെറിറ്റിൽ തന്നെയാ സീറ്റും വാങ്ങിയത്.) ഇത്തിരി നേരം ഇരുന്നു സംസാരിച്ചു, ഓരോ കാപ്പി കുടിച്ചു ഇന്ത്യൻ കോഫി ഹൌസിൽ നിന്നും. ബില്ല് കൊടുത്തിറങ്ങി അവളെയും കൊണ്ട് ബസ്സ്റ്റാൻഡിൽ എത്തി. എന്തോ അവിടെ നിന്നും രണ്ടു വഴിക്ക് പോകാൻ എനിക്കും അവൾക്കും മനസ്സ് വരുന്നുണ്ടായില്ല. " എങ്കിൽ ഞാൻ പോകട്ടെ.... ബസ്സ് ഇപ്പൊ എടുക്കും. അപ്പൊ പോയി വന്നിട്ട് വേഗം എന്നേം കെട്ടി കൂടെ പൊറുക്കാൻ നോക്ക്.. " ഇത്രേം പറഞ്ഞു കൊണ്ട് അവൾ ബസ്സിലേക്ക് കേറി.
ബസ്സ് നീങ്ങിത്തുടങ്ങി, സൈഡ് സീറ്റിൽ ഇരുന്നവൾ കൈ വീശി കാണിച്ചു. പെട്ടെന്നെന്തോ ആ ബസ്സിലേക്ക് ഞാനും ചാടിക്കയറി. അവളുടെ അടുത്ത് പോയി ഇരുന്നു. ഞാനും വരുന്നുണ്ട് ഇത്തവണ നിന്നെ കൊണ്ട് ചെന്നാക്കാൻ എന്നും പറഞ്ഞു കൊണ്ട്. പെണ്ണിന്റെ മുഖം ചുവന്നു തുടുത്തു സന്തോഷം കൊണ്ട്. കൂട്ടത്തിൽ രണ്ടു തുള്ളി കണ്ണീരും. അങ്ങനെ അവളെ അവിടെ ഹോസ്റ്റലിൽ കൊണ്ട് ചെന്നാക്കി ബാക്കി എല്ലാം തീർന്ന് വീട്ടിലെത്തിയപ്പോൾ സന്ധ്യ ആയി.
കുളിയെല്ലാം കഴിഞ്ഞ് കൊണ്ട് പോകാനുള്ള ഡ്രസ്സ് ഒക്കെ എടുത്തു വക്കുന്നതിനിടയിൽ അമ്മ വന്നു കയ്യിൽ കുറച്ച പൊതികളും കുപ്പികളുമൊക്കെ ആയി. " കണ്ണാ... ഇത് കുറച്ച് അച്ചാറും എണ്ണയും ഉണ്ണിയപ്പവുമൊക്കെയാ. എന്റെ മോന് തന്നയക്കാൻ ഈ അമ്മക്ക് ഇതേ ഉള്ളു." ഡ്രസ്സ് അല്ലാതെ ഒന്നും കൊണ്ടുപോകില്ലെന്നു കരുതിയ ഞാൻ 'അമ്മ കൊണ്ട് വന്നതൊന്നും മടക്കിയില്ല. ഒക്കെ ഒന്നും മിണ്ടാതെ വാങ്ങി പെട്ടിയിൽ വച്ചു. ഭക്ഷണം കഴിക്കാൻ എല്ലാവരും ഒരുമിച്ചിരുന്നു. "നാളെ പുലർച്ചെ പോകണം എയർ പോർട്ടിൽ, ഏഴരക്കാണ് വിമാനം. നീ വേഗം കഴിച്ചിട്ട് കിടന്നോ.. " അച്ഛൻ പറഞ്ഞു.യാത്രയയക്കാൻ അളിയൻ മാത്രമേ വരുന്നുള്ളു എന്നാണ് തീരുമാനം.
കഴിച്ചിട്ട് ഞാൻ പോയി കിടന്നു ഉറക്കം വരുന്നില്ല. ഫോണെടുത്ത് ശബാനയെ ഒന്ന് വിളിച്ചു. ഇത്തിരി നേരം ഒക്കെ വർത്തമാനം പറഞ്ഞ് പിന്നെ രണ്ടാൾക്കും സങ്കടം സഹിക്കാനാവായതായപ്പോൾ കട്ട് ചെയ്തു. എന്നിട്ട് ഒന്നും മിണ്ടാതെ ഞാൻ കണ്ണടച്ച് കിടന്നു. കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്. എന്റെ മുറി, എന്റെ വീട്, എന്റെ നാട്, എന്റേത് എന്ന് പറയാവുന്നതെല്ലാം ഉള്ള ഈ മണ്ണ്, ഇതൊന്നും വിട്ടു പോകാൻ മനസ്സ് വരുന്നില്ല. നേരം കുറെ പോയി പിന്നെയും. ഉറങ്ങാനാവാതെ ഞാൻ തിരിഞ്ഞും മറിഞ്ഞും കിടന്നു.
പെട്ടന്ന് എന്റെമുറിയിലേക്ക് ആരോ വരുന്നത് പോലെ എനിക്ക് തോന്നി. അല്ല, തോന്നലല്ല, എന്റെ മുടിയിൽ ആരോ തഴുകുന്നു. അടക്കി പിടിച്ച ഒരു ചെറു കരച്ചിൽ എനിക്ക് കേൾക്കാം. എന്റെ അമ്മയായിരുന്നു അത്. ഞാൻ ഉറങ്ങിയത് പോലെ കിടന്നു. 'അമ്മ എന്റെ അരികിലിരുന്നു. എന്റെ നെറുകയിൽ ചുംബിച്ചു. അമ്മയുടെ കണ്ണീരു വീണെന്റെ കവിൾത്തടം നനഞ്ഞു.കുറച്ചു നേരം അങ്ങനെ ഇരുന്നിട്ട് അമ്മ എഴുന്നേറ്റ് പോയി. പിന്നെയും ഒന്ന് രണ്ടു തവണ ഇത് ആവർത്തിച്ചു. ഓമനിച്ച് വളർത്തിയ മകനെ വിട്ടുപിരിയാനാവാത്ത ഒരമ്മയുടെ വിഷമം, അതെന്നെ വല്ലാതെ ഉലച്ചു കളഞ്ഞു. ഒരു പക്ഷെ ഉറക്കം നടിച്ചില്ലായിരുന്നുവെങ്കിൽ ആ സങ്കടകടൽ അത്രയെങ്കിലും പെയ്തൊഴിയില്ലായിരുന്നു.
പുലർച്ചെ എഴുന്നേറ്റ് വൃശ്ചികത്തിലെ ആ തണുപ്പുള്ള വെളുപ്പാൻക്കാലത്തു നല്ല കിണർ വെള്ളത്തിൽ ഒരു കുളിയും പാസ്സാക്കി പോകാനൊരുങ്ങി. അയ്യപ്പന്മാരുടെ ശരണം വിളികൾ എവിടെയും ഉയർന്നു കേൾക്കാം. യാത്രക്കൊരുങ്ങുമ്പോൾ അതെനിക്കൊരു പോസിറ്റീവ് ഫീൽ തന്നു. അച്ഛന്റേം അമ്മേടേം കാൽ തൊട്ടു വണങ്ങി പോകാനൊരുങ്ങുമ്പോൾ 'അമ്മ പറഞ്ഞു. " മോനെ നിന്റെ ഇഷ്ടങ്ങൾക്കൊന്നും ഞങ്ങൾ എതിരല്ല. ശബാന നല്ല കുട്ടിയാ, നിനക്കു നല്ലൊരു ജോലിയും വരുമാനവുമൊക്കെ ആയാലേ അവളെ നമുക്ക് ഇവിടേക്ക് കൊണ്ട് വരാൻ പറ്റൂ. ഇതൊക്കെ അറിയാവുന്നതു കൊണ്ടാ നിന്റെ അച്ഛൻ നീ പോകണം എന്നിത്രേം നിർബന്ധം പിടിച്ചത്. നീ അവളോട് പഠിപ്പിൽ ശ്രദ്ധിക്കാൻ പറയ്. വേറൊന്നും ആലോചിച്ചു രണ്ടാളും വിഷമിക്കണ്ട." അമ്മ ഇത്രേം പറഞ്ഞു തീർന്നപ്പോളേക്കും ഞാൻ കരഞ്ഞു തുടങ്ങിയിരുന്നു. നേരം വൈകുന്നു എന്നും പറഞ്ഞ അച്ഛൻ ധൃതി വച്ചപ്പോൾ വേഗം കാറിൽ കയറി.
എല്ലാരോടും യാത്ര പറഞ്ഞ് കാറിൽ കയറി, കാർ നീങ്ങിത്തുടങ്ങി. ഞാനെന്റെ വീട്ടിലേക്ക് തിരിഞ്ഞൊന്നു നോക്കി. അവിടെ എന്റെ വീടിന്റെ മുറ്റത്ത് രണ്ടു സ്നേഹമരങ്ങളെ ഞാൻ കണ്ടു. എപ്പോൾ വേണമെങ്കിലും എനിക്ക് ഓടി കയറി ചെല്ലാവുന്ന രണ്ട് സ്നേഹ തണൽ മരങ്ങൾ...
**** ഗിരീഷ് ****

ഒരു കല്യാണ കഥ


ഒരു കല്യാണ കഥ
***************************
"അളിയാ, സാബു... എനിക്കിത് സഹിക്കണില്ല്യടാ..
എനിക്കവളെ കാണണം... അവളെ വേറൊരുത്തൻ കെട്ടണത് എനിക്ക് കാണണം. അവള് ഇനി എന്റെ അല്ല എന്ന് എന്റെ മനസ്സിനെ പറഞ്ഞു വിശ്വസിപ്പിക്കാൻ എനിക്ക് അവളെ കാണണം; എന്റെ വർഷയെ..."
ഇതൊക്കെ കേട്ട് വട്ടായ സാബു പറഞ്ഞു "ടാ... ഗഡി നീ ഇങ്ങനെ കെട്ന്ന് മോങ്ങാണ്ടിര്ന്നേ... നിനക്ക് പോണംന്ന് അത്ര നിർബന്ധണോ? ആ പ്രാവിൻക്കൂട് ഷാപ്പീ പോയി രണ്ട് എണ്ണം പൂശീട്ട് വാളും വച്ച് ഇരുന്നാ പോരെ??... അതാടാ ഇപ്പൊ വേണ്ടത് ഈ സിറ്റുവേഷന്. അതൊക്കെ പോട്ടെ ആ കൂതറ നിന്നെ കല്യാണം വിളിച്ചിട്ടുണ്ടോ?"
"ഇല്ലടാ.. പക്ഷെ എനിക്ക് പോണം. കഴിഞ്ഞാഴ്ച്ച തമ്മിൽ അവസാനം കണ്ടപ്പോൾ ഞാനറിഞ്ഞതാടാ അവളുടെ സ്നേഹം. ഞാൻ അവൾക്ക് സ്നേഹസമ്മാനമായി കൊടുത്ത 5 ഗ്രാമിന്റെ സ്വർണ്ണമോതിരം എന്റെ ഓർമ്മയ്ക്ക് വേണമെന്ന് വാശി പിടിച്ച് അവൾ നെഞ്ചോട് ചേർത്ത് വച്ച് കരഞ്ഞ കരച്ചിൽ... സഹിക്കാൻ വയ്യടാ. കല്യാണത്തിന് എന്നോട് വരണ്ട എന്നാ അവള് പറഞ്ഞേക്കണേ. പക്ഷെ എനിക്ക് പോണം... നീ എന്റെ കൂടെ വരണം അളിയാ..." വിമൽ പറഞ്ഞു.
ആഹ് ബെസ്റ്റ്. അപ്പൊ ഇവിടെം പോയി മ്മ്‌ള് കുമ്മനടിക്കണം അല്ലെ. ന്തൂട്ട് തേങ്ങയായാലും പൂവാം. വാ... മ്മ്‌ക്ക് ഇത് പുത്തരിയല്ലലോ. പിന്നെ ഒരു കാര്യം, അവിടെ പോയി ഒടുക്കത്തെ തീറ്റ തിന്നണം. നിന്റെ കാശു കുറെ തിന്നതാ അവൾ. അവൾ തേച്ചിട്ട് പോയതാന്നു വിശ്വസിക്കാത്തത് നീ മാത്രാ... എന്തൂട്ടായാലും നീ കേറ് അമ്മാടം വരെ പോകേണ്ട കേസല്ലേ ഉള്ളു. വണ്ടീല് ഒരു 30 രൂപക്ക് പെട്രോളടിക്കണംട്ടോ; അത് നിന്റെ ചിലവിലാട്ടോ വിമലേ.... അവർ നേരെ അമ്മാടത്തെ കല്യാണ ഹാളിലേക്ക് വിട്ടു.
അളിയാ സാബൂ... ദേ കെട്ട് കഴിഞ്ഞു. നോക്കെടാ എന്റെ പെണ്ണാകേണ്ടവള് വേറൊരുത്തന്റെ താലിയും കഴുത്തിലിട്ട് ചിരിച്ച് നിൽക്കണത്. വാ നമുക്കൊന്നു പോയി വിഷ് ചെയ്തിട്ട് വരാം.
ഉവ്വ.. അതൊക്കെ പിന്നെ. നീ വാ ആദ്യം ഫുഡടിക്കാം. പിന്നെയാകാം നിന്റെ വിഷും കോപ്പുമൊക്കെ. ദേ അവിടെ സീറ്റുണ്ട്.. വാ..
ഭക്ഷണം ഒക്കെ കഴിഞ്ഞില്ലേ. ഇനി വാ നമുക്ക് പോയി നവദമ്പതികളെ കണ്ടു ആശംസിക്കാം. പതിയെ ആളുകൾക്ക് പുറകെ അവരും കയറി. വിതുമ്പുന്ന മനസ്സോടെ വിമൽ അവരെ വിഷ് ചെയ്തു. സാബു ചെറുക്കാനോട് എന്തോ വിടുവായിത്തം പറയുന്നതിനിടയിൽ വിമൽ അവസാനമായി വർഷയുടെ വലതു കയ്യിൽ പിടിച്ചു. ഒരു നിമിഷം അങ്ങനെ പിടിച്ച് കണ്ണിൽ നോക്കി നിന്നതിനു ശേഷം ഒന്നും മിണ്ടാതെ വിമൽ ആ വേദി വിട്ടിറങ്ങി. തിരിഞ്ഞ് നോക്കാതെ അവൻ നടന്നു, ആരും അവന്റെ കണ്ണുകൾ നിറഞ്ഞ് പോയാൽ കാണാതിരിക്കാൻ ഒരു കൂളിംഗ് ഗ്ലാസ്സും എടുത്ത് വച്ച് ഒരു ചിരിയും ചുണ്ടിൽ ഫിറ്റ് ചെയ്ത്... പക്ഷെ ആ തിരക്കുകൾക്കിടയിലും വർഷ അവനെ തേടുകയായിരുന്നു...
തിരികെ വന്ന് വണ്ടിയിൽ കയറിയ വിമൽ എന്തോ ഓർത്തോർത്ത് ചിരിക്കാൻ തുടങ്ങി. സാബുവിനൊന്നും മനസ്സിലായില്ല. "ടാ ന്തൂട്രാ കന്നാലീ നീ ഈ ചിരിക്കണെ.. എനിക്കൊന്നും പിടികിട്ടണില്ല"
വിമൽ പറഞ്ഞു.. " ടാ സാബു... നീയടക്കം നമ്മുടെ ചങ്കുകൾ ഒക്കെ പറഞ്ഞിട്ടും അവളെന്നെ തേച്ചതാണെന്നു ഞാൻ മനസ്സിലാക്കിയില്ലെന്നാണോ!!!?. എന്റെ 5 ഗ്രാമിന്റെ മോതിരവും കൊണ്ട് അങ്ങ് പോകാമെന്നാ അവൾ കരുതിയേ. നീ ദേ ഇത് കണ്ടാ? അവളുടെ കയ്യിലെ 2 പവനോളം വരുന്ന മോതിരമാ. അവിടെ വേദിയിൽ വച്ച് അവൾക്ക് കൈ കൊടുത്തപ്പോൾ നീ പിന്നെ എന്താ കരുതിയേ? യാത്ര പറയുകയാണെന്നോ? എന്റെ കാശു കുറെ തിന്നതാ അവൾ. ഇത്രയെങ്കിലും ഞാൻ ചെയ്തില്ലേൽ ഞാനൊരു ആണാണെന്നു പറഞ്ഞ് നടന്നിട്ടെന്തിനാടാ... നീ വണ്ടി വിട് പ്രാവിൻക്കൂട് ഷാപ്പിലേക്ക്..."
ഇനി നേരത്തെ പറഞ്ഞ ആ സീൻ ഒന്ന് വായിച്ചു നോക്കിയേ... ' വിമൽ അവസാനമായി വർഷയുടെ വലതു കയ്യിൽ പിടിച്ചു. ഒരു നിമിഷം അങ്ങനെ പിടിച്ച് കണ്ണിൽ നോക്കി നിന്നതിനു ശേഷം ഒന്നും മിണ്ടാതെ വിമൽ ആ വേദി വിട്ടിറങ്ങി. തിരിഞ്ഞ് നോക്കാതെ അവൻ നടന്നു, ആരും അവന്റെ കണ്ണുകൾ നിറഞ്ഞ് പോയാൽ കാണാതിരിക്കാൻ ഒരു കൂളിംഗ് ഗ്ലാസ്സും എടുത്ത് വച്ച് ഒരു ചിരിയും ചുണ്ടിൽ ഫിറ്റ് ചെയ്ത്... പക്ഷെ ആ തിരക്കുകൾക്കിടയിലും വർഷ അവനെ തേടുകയായിരുന്നു... '
_ഗിരീഷ്_

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo