ഒരു കല്യാണ കഥ
***************************
"അളിയാ, സാബു... എനിക്കിത് സഹിക്കണില്ല്യടാ..
എനിക്കവളെ കാണണം... അവളെ വേറൊരുത്തൻ കെട്ടണത് എനിക്ക് കാണണം. അവള് ഇനി എന്റെ അല്ല എന്ന് എന്റെ മനസ്സിനെ പറഞ്ഞു വിശ്വസിപ്പിക്കാൻ എനിക്ക് അവളെ കാണണം; എന്റെ വർഷയെ..."
***************************
"അളിയാ, സാബു... എനിക്കിത് സഹിക്കണില്ല്യടാ..
എനിക്കവളെ കാണണം... അവളെ വേറൊരുത്തൻ കെട്ടണത് എനിക്ക് കാണണം. അവള് ഇനി എന്റെ അല്ല എന്ന് എന്റെ മനസ്സിനെ പറഞ്ഞു വിശ്വസിപ്പിക്കാൻ എനിക്ക് അവളെ കാണണം; എന്റെ വർഷയെ..."
ഇതൊക്കെ കേട്ട് വട്ടായ സാബു പറഞ്ഞു "ടാ... ഗഡി നീ ഇങ്ങനെ കെട്ന്ന് മോങ്ങാണ്ടിര്ന്നേ... നിനക്ക് പോണംന്ന് അത്ര നിർബന്ധണോ? ആ പ്രാവിൻക്കൂട് ഷാപ്പീ പോയി രണ്ട് എണ്ണം പൂശീട്ട് വാളും വച്ച് ഇരുന്നാ പോരെ??... അതാടാ ഇപ്പൊ വേണ്ടത് ഈ സിറ്റുവേഷന്. അതൊക്കെ പോട്ടെ ആ കൂതറ നിന്നെ കല്യാണം വിളിച്ചിട്ടുണ്ടോ?"
"ഇല്ലടാ.. പക്ഷെ എനിക്ക് പോണം. കഴിഞ്ഞാഴ്ച്ച തമ്മിൽ അവസാനം കണ്ടപ്പോൾ ഞാനറിഞ്ഞതാടാ അവളുടെ സ്നേഹം. ഞാൻ അവൾക്ക് സ്നേഹസമ്മാനമായി കൊടുത്ത 5 ഗ്രാമിന്റെ സ്വർണ്ണമോതിരം എന്റെ ഓർമ്മയ്ക്ക് വേണമെന്ന് വാശി പിടിച്ച് അവൾ നെഞ്ചോട് ചേർത്ത് വച്ച് കരഞ്ഞ കരച്ചിൽ... സഹിക്കാൻ വയ്യടാ. കല്യാണത്തിന് എന്നോട് വരണ്ട എന്നാ അവള് പറഞ്ഞേക്കണേ. പക്ഷെ എനിക്ക് പോണം... നീ എന്റെ കൂടെ വരണം അളിയാ..." വിമൽ പറഞ്ഞു.
ആഹ് ബെസ്റ്റ്. അപ്പൊ ഇവിടെം പോയി മ്മ്‌ള് കുമ്മനടിക്കണം അല്ലെ. ന്തൂട്ട് തേങ്ങയായാലും പൂവാം. വാ... മ്മ്‌ക്ക് ഇത് പുത്തരിയല്ലലോ. പിന്നെ ഒരു കാര്യം, അവിടെ പോയി ഒടുക്കത്തെ തീറ്റ തിന്നണം. നിന്റെ കാശു കുറെ തിന്നതാ അവൾ. അവൾ തേച്ചിട്ട് പോയതാന്നു വിശ്വസിക്കാത്തത് നീ മാത്രാ... എന്തൂട്ടായാലും നീ കേറ് അമ്മാടം വരെ പോകേണ്ട കേസല്ലേ ഉള്ളു. വണ്ടീല് ഒരു 30 രൂപക്ക് പെട്രോളടിക്കണംട്ടോ; അത് നിന്റെ ചിലവിലാട്ടോ വിമലേ.... അവർ നേരെ അമ്മാടത്തെ കല്യാണ ഹാളിലേക്ക് വിട്ടു.
അളിയാ സാബൂ... ദേ കെട്ട് കഴിഞ്ഞു. നോക്കെടാ എന്റെ പെണ്ണാകേണ്ടവള് വേറൊരുത്തന്റെ താലിയും കഴുത്തിലിട്ട് ചിരിച്ച് നിൽക്കണത്. വാ നമുക്കൊന്നു പോയി വിഷ് ചെയ്തിട്ട് വരാം.
ഉവ്വ.. അതൊക്കെ പിന്നെ. നീ വാ ആദ്യം ഫുഡടിക്കാം. പിന്നെയാകാം നിന്റെ വിഷും കോപ്പുമൊക്കെ. ദേ അവിടെ സീറ്റുണ്ട്.. വാ..
ഭക്ഷണം ഒക്കെ കഴിഞ്ഞില്ലേ. ഇനി വാ നമുക്ക് പോയി നവദമ്പതികളെ കണ്ടു ആശംസിക്കാം. പതിയെ ആളുകൾക്ക് പുറകെ അവരും കയറി. വിതുമ്പുന്ന മനസ്സോടെ വിമൽ അവരെ വിഷ് ചെയ്തു. സാബു ചെറുക്കാനോട് എന്തോ വിടുവായിത്തം പറയുന്നതിനിടയിൽ വിമൽ അവസാനമായി വർഷയുടെ വലതു കയ്യിൽ പിടിച്ചു. ഒരു നിമിഷം അങ്ങനെ പിടിച്ച് കണ്ണിൽ നോക്കി നിന്നതിനു ശേഷം ഒന്നും മിണ്ടാതെ വിമൽ ആ വേദി വിട്ടിറങ്ങി. തിരിഞ്ഞ് നോക്കാതെ അവൻ നടന്നു, ആരും അവന്റെ കണ്ണുകൾ നിറഞ്ഞ് പോയാൽ കാണാതിരിക്കാൻ ഒരു കൂളിംഗ് ഗ്ലാസ്സും എടുത്ത് വച്ച് ഒരു ചിരിയും ചുണ്ടിൽ ഫിറ്റ് ചെയ്ത്... പക്ഷെ ആ തിരക്കുകൾക്കിടയിലും വർഷ അവനെ തേടുകയായിരുന്നു...
തിരികെ വന്ന് വണ്ടിയിൽ കയറിയ വിമൽ എന്തോ ഓർത്തോർത്ത് ചിരിക്കാൻ തുടങ്ങി. സാബുവിനൊന്നും മനസ്സിലായില്ല. "ടാ ന്തൂട്രാ കന്നാലീ നീ ഈ ചിരിക്കണെ.. എനിക്കൊന്നും പിടികിട്ടണില്ല"
വിമൽ പറഞ്ഞു.. " ടാ സാബു... നീയടക്കം നമ്മുടെ ചങ്കുകൾ ഒക്കെ പറഞ്ഞിട്ടും അവളെന്നെ തേച്ചതാണെന്നു ഞാൻ മനസ്സിലാക്കിയില്ലെന്നാണോ!!!?. എന്റെ 5 ഗ്രാമിന്റെ മോതിരവും കൊണ്ട് അങ്ങ് പോകാമെന്നാ അവൾ കരുതിയേ. നീ ദേ ഇത് കണ്ടാ? അവളുടെ കയ്യിലെ 2 പവനോളം വരുന്ന മോതിരമാ. അവിടെ വേദിയിൽ വച്ച് അവൾക്ക് കൈ കൊടുത്തപ്പോൾ നീ പിന്നെ എന്താ കരുതിയേ? യാത്ര പറയുകയാണെന്നോ? എന്റെ കാശു കുറെ തിന്നതാ അവൾ. ഇത്രയെങ്കിലും ഞാൻ ചെയ്തില്ലേൽ ഞാനൊരു ആണാണെന്നു പറഞ്ഞ് നടന്നിട്ടെന്തിനാടാ... നീ വണ്ടി വിട് പ്രാവിൻക്കൂട് ഷാപ്പിലേക്ക്..."
ഇനി നേരത്തെ പറഞ്ഞ ആ സീൻ ഒന്ന് വായിച്ചു നോക്കിയേ... ' വിമൽ അവസാനമായി വർഷയുടെ വലതു കയ്യിൽ പിടിച്ചു. ഒരു നിമിഷം അങ്ങനെ പിടിച്ച് കണ്ണിൽ നോക്കി നിന്നതിനു ശേഷം ഒന്നും മിണ്ടാതെ വിമൽ ആ വേദി വിട്ടിറങ്ങി. തിരിഞ്ഞ് നോക്കാതെ അവൻ നടന്നു, ആരും അവന്റെ കണ്ണുകൾ നിറഞ്ഞ് പോയാൽ കാണാതിരിക്കാൻ ഒരു കൂളിംഗ് ഗ്ലാസ്സും എടുത്ത് വച്ച് ഒരു ചിരിയും ചുണ്ടിൽ ഫിറ്റ് ചെയ്ത്... പക്ഷെ ആ തിരക്കുകൾക്കിടയിലും വർഷ അവനെ തേടുകയായിരുന്നു... '
_ഗിരീഷ്_

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക