Slider

#വളപ്പൊട്ടുകൾ

0
"ടീ കുരുത്തം കെട്ടവളേ നിന്നോടു ഞാനെത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട് പാവാടയുടെ അറ്റമെടുത്ത് എളിയിൽ തിരുകരുതെന്ന്.അതെങ്ങനാ നാട്ടിലുള്ള ആണുങ്ങളെ മുഴുവനും വിളിച്ചു അകത്തുകയറ്റാനുളള നിന്റെ മോഹമേ അതിവിടെ നടക്കൂല്ല.അസത്തേ"
" ഞാനീ തൊഴുത്തിലെ ചാണകം വാരുകയല്ലേ അമ്മേ.തുണി അഴുക്കാകാതിരിക്കാനാ എളിയിൽ കുത്തിയത് അമ്മയിങ്ങനെയൊന്നും പറഞ്ഞെന്നെ വിഷമിപ്പിക്കരുതെ"
"പോടീ എരണംകെട്ട മൂധേവി.നീയീവീട്ടിൽ വലതുകാൽവെച്ചു കയറിയപ്പോൾ തുടങ്ങിയ ദുശ്ശകുനമാ.എന്റെ മോന്റെ ജീവനെടുത്ത ഒരുമ്പെട്ടോളേ നീ നശിച്ചു പോകത്തേയുള്ളടീ.ചുമ്മാതല്ല നീയിങ്ങനെ മച്ചിയായി പോയത്"
അമ്മയിയമ്മയുടെ വായിൽനിന്നും ഇതുകൂടി കേട്ടതോടെ സർവ്വനിയന്ത്രണങ്ങളും വിട്ടു മാളു പൊട്ടിക്കരഞ്ഞുകൊണ്ടു അകത്തേക്കോടി.
ബെഡ്ഡിൽ കിടന്നവൾ മതിയാവോളം പൊട്ടിക്കരഞ്ഞു.കരഞ്ഞു കഴിഞ്ഞപ്പോൾ നെഞ്ചിനുളളിൽ നിന്നും വലിയൊരു ഭാരമൊഴിഞ്ഞു പോയതുപോലെ.
എല്ലാവരെയും പോലെ വലിയ പ്രതീക്ഷകളുമായിട്ടാണു മനുവേട്ടന്റെ വധുവായി താൻ ദേവാംഗനയിലേക്കു വലതുകാൽ വെച്ചുകയറിയത്.മനുവേട്ടന്റെയമ്മക്കു വല്യതാല്പര്യമില്ലായിരുന്നു ഈ വിവാഹമെന്ന് തനിക്കു പലപ്പോഴും തോന്നിയട്ടുണ്ട്.അപ്പോഴൊക്കെ മനുവേട്ടൻ പറയും.
"ഞാനൊരൊറ്റ മകനായതിനാൽ അമ്മയൊരുപാട് ലാളിച്ചാണു വളർത്തിയത്.അച്ഛൻ നേരത്തെതന്നെ ഞങ്ങളെ ഉപേക്ഷിച്ചിട്ടു മറ്റൊരു പെണ്ണുമായി ഒളിച്ചോടി.അതിൽ പിന്നെയാ അമ്മയിങ്ങനെ ആയത്.നീയതൊന്നും കണ്ടില്ല കേട്ടില്ലാന്നു നടിച്ചാൽ മതി"
സത്യത്തിൽ ദേവകിയമ്മയോട് തനിക്കു വെറുപ്പിനു പകരം സഹതാപം തന്നെയായിരുന്നു.ചെറുപ്പത്തിലെ വിധവക്കും സമാനമായി ജീവിച്ച സ്ത്രീ.പലപ്പോഴും ദുർമുഖം കാണിച്ചപ്പോഴും പുഞ്ചിരിയോടെ തന്നെ നേരിട്ടു.
വിവാഹം കഴിഞ്ഞ് ഒരുവർഷം ആയപ്പോഴാണു പ്രശ്നങ്ങൾ തുടങ്ങിയത്.അമ്മായിയമ്മക്കു കുഞ്ഞിക്കാൽ കാണാൻ വലിയ ആഗ്രഹമായിരുന്നു.തന്റെ കുഴപ്പം കൊണ്ടാണു ഗർഭിണിയാകാത്തതെന്നാണു അമ്മയുടെ വാദം.തനിക്കും മനുവേട്ടനും മാത്രമേ അറിയുമായിരുന്നുളളൂ രഹസ്യങ്ങളെല്ലാം.മനുവേട്ടനു ഒരാക്സിഡന്റിൽ അച്ഛനാകാനുളള കഴിവ് നഷ്ടപ്പെട്ടിരുന്നു.അതുമറച്ചാണു തന്നെ വിവാഹം കഴിച്ചത്.ഒടുവിലെല്ലാം ഏറ്റുപറഞ്ഞു പൊട്ടിക്കരയുന്ന മനുവേട്ടനെ അപമാനിക്കാൻ കഴിയാത്തതിനാൽ ആ രഹസ്യം തനിക്കും ഒളിപ്പിച്ചു വെക്കണ്ടിവന്നു.
അമ്മ പലപ്പോഴും പരിഹസിക്കുമ്പഴും മനുവേട്ടൻ തുറന്നു പറയാനൊരുങ്ങിയതാണ്.
"അവൾക്കല്ല കുഴപ്പം അമ്മയുടെ മകനാണെന്ന്"
താൻ തടഞ്ഞതുകൊണ്ട് അദ്ദേഹം സത്യങ്ങൾ തുറന്നു പറഞ്ഞില്ല.അമ്മയടക്കം എല്ലാവരും മച്ചിപ്പശു എന്നുവിളിച്ചപ്പഴും സങ്കടങ്ങളെല്ലാം മനുവേട്ടനോടു തുറന്നു പറഞ്ഞാമാറിൽ വീണു പൊട്ടിക്കരയുമായിരുന്നു.
മനുവേട്ടന്റെ മനസ്സിലെ കുറ്റബോധമൊടുവിൽ മദ്യപാനത്തിൽ എത്തിച്ചേർന്നു.അമിതമായ കുടി അദ്ദേഹത്തെ രോഗബാധിതനാക്കി.ഒടുവിലെന്നെ തനിച്ചാക്കി മനുവേട്ടൻ എന്നിൽ നിന്നു മരണത്തിലേക്കകന്നു പോയി.മരണസമയത്ത് ഏട്ടൻ പറഞ്ഞിരുന്നു.
"അമ്മ പാവമാണു ഞാനില്ലെങ്കിലും നീയവരെ കൈവിടരുതെന്ന്"
അന്ന് അദ്ദേഹത്തിനു നൽകിയവാക്ക് താനിന്നും പാലിക്കുന്നു.എന്തൊക്കെ ആക്ഷേപിച്ചാലും സഹിക്കുന്നു എല്ലാം.
സൗന്ദര്യമൊരു ശാപമാണെന്ന് ഇന്നു ശരിക്കും മനസ്സിലാവുന്നുണ്ട്.മനുവേട്ടനുളളപ്പോൾ ബഹുമാനം നൽകിയവരിന്നു ദ്വയാർത്ഥം വരുന്ന കമന്റുകൾ പാസാക്കുന്നു.ഏറ്റവും വേദനിപ്പിക്കുന്നത് തന്നെക്കാൾ ഇളയവർ ചൂഴ്ന്നു നോക്കുന്നത് കാണുമ്പഴാണു.ഒരുവിധവയായി കഴിഞ്ഞാൽ ഒരു സ്ത്രീയെന്താല്ലാം അനുഭവിക്കണം.
ഓർമ്മകളിൽ നിന്നും മനസ്സ് പിൻ വലിഞ്ഞതോടെ മാളൂ അടുക്കളയിൽ കയറി ജോലികളെല്ലാം ചെയ്തു തീർത്തു.ഉച്ചഭക്ഷണം കഴിഞ്ഞു ഒന്നുമയങ്ങീട്ട് റ്റീവിയും കണ്ടിരിക്കുമ്പോഴാണു അമ്മ വീണ്ടും യുദ്ധം ആരംഭിച്ചത്.ഒടുവിൽ വഴക്കു മൂർച്ഛിച്ചപ്പോൾ മാളൂന്റെ സാധനങ്ങളെല്ലാം ദേവകിയമ്മ വെളിയിലേക്ക് എറിഞ്ഞു.
മാളൂനെയും വെളിയിലാക്കി അവർകതകടച്ചു.മാളൂന്റെ വീട്ടുകാരെ വിളിച്ചു വരുത്തി അവളെയിവിടെ താമസിപ്പിക്കാൻ പറ്റില്ലെന്നു തീർത്തു പറഞ്ഞു.
രണ്ടുവർഷക്കാലം താൻ ജീവിച്ച വീട് നിറമിഴികളാൽ ഒരിക്കൽക്കൂടി മാളു കണ്ടു.സ്വന്തം വീട്ടിലും താനൊരു ബാദ്ധ്യതയാവുന്നു എന്നവൾക്കു അധികം താമസിയാതെ മനസിലായി.വിവാഹാലോചനയിലൂടെ അവളത് തിരിച്ചറിഞ്ഞു.ഒടുവിൽ എല്ലാവരുടെയും സമ്മർദ്ദങ്ങൾക്കു വഴങ്ങിയവൾ വീണ്ടും വിവാഹിതയായി.
രാഹുലുമായുളള ജീവിതം സന്തോഷം നിറഞ്ഞതായിരുന്നു.രാഹുലിന്റെയും രണ്ടാം വിവാഹമായിരുന്നു.ഭാര്യക്കു വിവാഹത്തിനു മുമ്പ് തന്നെയൊരു രഹസ്യബന്ധമുണ്ടായിരുന്നു.ഒടുവിലവളുടെ നിർബന്ധത്തിനു വഴങ്ങി വിവാഹമോചനം നേടി.ജീവിതത്തിൽ ഒറ്റപ്പെട്ടുപോകുന്ന എന്ന തോന്നലിലാണു മാളൂനെ വിവാഹം കഴിക്കുന്നത്.
മൂന്നാം മാസം മാളു ഗർഭിണിയായി.വിവരമറിഞ്ഞു ദേവകിയമ്മ ഇരുകൈകളിൽ കൊള്ളാവുന്നത്ര കിറ്റിൽ ബേക്കറിയും ഫ്രൂട്ട്സും വാങ്ങി അവളെ കാണാൻ വന്നത് മാളൂനു അത്ഭുതമായിരുന്നു.
ആശ്ചര്യപ്പെട്ടു നിൽക്കുന്ന അവളുടെ നിറുകയിൽ ചുംബിച്ചശേഷം അവർ പറഞ്ഞു.
"മനു മരണസമയത്തെല്ലാം എന്നോട് തുറന്നു പറഞ്ഞു മോളെ.നിനക്ക് പുതിയൊരു ജീവിതം കിട്ടണം.അമ്മയെപ്പോലെ മോളുടെ ജീവിതം ആകരുതെന്ന് ആഗ്രഹിച്ചു.അതിനാലാണ് ഇല്ലാത്ത കാരണം കണ്ടെത്തി നിന്നോട് വഴക്കിട്ടത്.അല്ലാതെ പറഞ്ഞാൽ നീ സമ്മതിക്കില്ല.രാഹുൽമോൻ എന്റെയകന്നൊരു ബന്ധത്തിലുളള കുട്ടിയാ.ഞാനാണ് നിനക്കായവനെ കണ്ടെത്തിയത്"
അമ്മ പറഞ്ഞതു ശരിയാണെന്ന് രാഹുൽ തലകുലുക്കി സമ്മതിച്ചു. വലിയൊരു പൊട്ടിക്കരച്ചിലോടെയവൾ ദേവകിയമ്മയെ കെട്ടിപ്പിടിച്ചു.ആ അമ്മ അവളെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു.
"ഇനി ഈ അമ്മ രാഹുൽ മോന്റെയും മകളുടെയും കൊച്ചുമകന്റെ കൂടെയുമാണു താമസിക്കുന്നത്"
അതു പറഞ്ഞതും ദേവകിയമ്മയും കൂടെക്കരഞ്ഞു.
അപ്പോഴൊരു നേർത്തൊരു ശബ്ദം കാതിൽ പതിച്ചതുപോലെ മാളൂനു തോന്നി.
"എനിക്കു സന്തോഷമായി മാളൂട്ടി..നീ വീണ്ടും സുമംഗലിയായല്ലോ"
മനുവേട്ടന്റെ സാമിപ്യം തന്നിൽ നിറയുന്നതുപോലെ മാളൂനു അനുഭവപ്പെട്ടു"
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo