പാലക്കുഴി എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഞങ്ങളുടെ സ്വന്തം ഠൗൺ യു.പി.എസിൽ ഹെഡ്മാസ്റ്റർ ശിവശങ്കരപ്പിള്ള സാർ ഉഗ്രപ്രതാപിയായി വാണരുളുന്ന കാലം. അന്ന് അവിടെ പഠിച്ചിരുന്ന എല്ലാവർക്കും, മൊട്ടയടിച്ച് - താടി വളർത്തി - കറുത്ത നിറവും, ആറടി ഉയരവുമുള്ള സാറിനെ കണ്ടാലുടൻ, അദ്ദേഹമൊന്ന് നോക്കിയാലുടൻ, ഭയഭക്തിപൂർവ്വം ഇറ്റിക്കാൻ രണ്ടു തുള്ളി മൂത്രം കരുതലുണ്ടായിരുന്നു, എപ്പോഴും.
അദ്ദേഹം അങ്ങനെയാണ്, അടിക്ക് പ്രത്യേകിച്ച് കാരണം ഒന്നും വേണ്ട... താമസിച്ച് വന്നാൽ - ക്ലാസിലിരുന്ന് സംസാരിച്ചാൽ - പിറകോട്ട് നോക്കിയാൽ - ഒന്നു ചിരിച്ചാൽ - ക്ലാസിന് വരാതിരുന്നാൽ - എന്നു വേണ്ട എല്ലാത്തിനുമുള്ള ചോദ്യവും ഉത്തരവും പടക്കം പൊട്ടുമ്പോലുള്ള ആ അടിയാണ്.
മുണ്ടിൻ തുമ്പ് ഒന്നുയർത്തിപ്പിടിച്ച് റോന്തുചുറ്റുന്നതിനിടെ തന്റെ റഡാറിൽ വീഴുന്ന കുറേപ്പേരേ പൊക്കി നിർത്തിയിട്ട് അവരിലൊരാളേ വടിയെടുക്കാനായി ഓഫീസിലേക്ക് റൂമിലേക്ക് പറഞ്ഞയയ്ക്കും. തലയറുക്കാൻ ഭീകരർ വരിവരിയായി നിർത്തിയിരിക്കുന്ന ബന്ദികളെപ്പോലെയാകും അപ്പോൾ മറ്റുള്ളവർ. ചിലർ ഉറക്കെ കരയും, ചിലർ നിന്ന നിൽപ്പിൽ മൂത്രമൊഴിക്കും, മറ്റു ചിലർ കഴുമരത്തിന് മുന്നിൽ നിന്ന സദ്ദാമിനെപ്പോലെ നിർന്നിമേഷരായി അനിവാര്യമായ വിധിയെ വരവേറ്റ് നിൽക്കും.
ഒരു കുട്ടയിൽ നിറയെ പല നീളത്തിലും കനത്തിലും വച്ചിരിക്കുന്ന വടികളിൽ ഒരെണ്ണം ബന്ദികളിൽ ഒരാൾ എടുത്ത് കൊണ്ടുവരണം. ആദ്യ അടികൊള്ളൽ ഈ ബന്ദിയുടെ അവകാശമാണ്. വടി കൊടുത്തിട്ട് സാറിന്റെ നീട്ടിപ്പിടിച്ച ഇടം കൈയ്യിലേക്ക് ബന്ദിയുടെ വലംകൈ കൊടുത്ത് ഒരു ശകുന്തള പോസ് പോലെ തിരിഞ്ഞു നിൽക്കണം. ആ നിൽപ്പിലാണ് കുറ്റപത്രം കേൾപ്പിക്കുന്നത് എന്നിട്ട് ''oപ്പേ" ഒറ്റയടിയാണ് .... അതോടെ ബാക്കിയുള്ളവർ കാറ്റുപോയ കുരങ്ങ് ബലൂൺ മോഡലിലേക്കെത്തും. സാറാകട്ടെ പെട്ടന്ന് ചടങ്ങ് തീർത്ത് അടുത്ത റൗണ്ട് തിരച്ചിൽ തുടരും.
ലേഡീസാണ് പ്രതികളെങ്കിൽ കൈ നീട്ടി നിൽക്കണം. ഇടതു കൈയ്യോ വലതുകൈയ്യോ നീട്ടാമെന്നതാണ് അവർക്കാകെയുള്ള ഒരു റിലാക്സേഷൻ. ഏതു കൈയ്യായാലും തുടർന്നുള്ള രണ്ട് ദിവസത്തേക്ക് അവർക്കും പ്രാഥമിക കാര്യങ്ങൾക്കുൾപ്പെടെ പരസഹായം ആവശ്യമായി വരും.
അങ്ങനെഎല്ലാ ദിവസവും ദീപാവലി മോഡലിൽ പൊട്ടലുകളും ചീറ്റലുകളും കമ്പിത്തിരികളും തറച്ചക്രവും അമിട്ടും ബോംബുകളുമൊക്കെയായ ഒരു യുദ്ധകാലത്തിനൊടുവിലായിരുന്നു ഞങ്ങളുടെ ക്ലാസ് മീറ്റിംഗ് എന്ന ഫെയർവെൽ പ്രോഗ്രാം.
അധ്യയനവർഷാവസാനം നടക്കുന്ന ക്ലാസ് മീറ്റിംഗ് ആണ് അന്നത്തെ ആകെയുള്ള ഒരാഘോഷം. 5 രൂപയാണ് പിരിവ്. ഓരോ ദിവസവും ഓരോ ക്ലാസിനാണ് മീറ്റിംഗ്. മീറ്റിംഗിന്റെ അന്നൊരു ജഗപൊകയാണ്. ക്ലാസ് റൂം ഒരു 4D DTS തീയറ്ററാക്കി മാറ്റുന്ന പരിപാടിയാണ് ഉച്ചവരെ. ക്ലാസ് തൂത്ത് വൃത്തിയാക്കൽ - വർണ്ണക്കടലാസ് വെട്ടി പലവിധ തോരണങ്ങളാക്കി അലങ്കാരങ്ങൾ - കളർ ചോക്കുകൊണ്ട് ബോർഡിൽ ചിത്രം വര - ഇതിനിടെ ക്ലാസിൽ മുതിർന്നവർ കടയിൽ പോയി സാധനങ്ങൾ വാങ്ങും ചന്ദനം, നാരങ്ങ, പനിനീര്, രസ്ന കലക്കിയത്, പഴം, വിവിധ മിഠായികൾ, കപ്പ് കേക്ക് (അത് മാത്രം സാമ്പത്തികമനുസരിച്ച്) എന്നിവയെല്ലാം ഒരുക്കിവയ്ക്കും.
മറ്റ് ടീച്ചേഴ്സിന്റെ സാന്നിധ്യത്തിൽ, ക്ലാസ് ടീച്ചറുടെ നേതൃത്വത്തിൽ ഉച്ചക്ക് ശേഷം മീറ്റിംഗിന് തുടക്കമിടും. പാട്ട്, പ്രസംഗം - മിമിക്രി നാടകം തുടങ്ങിയ കലാപരിപാടികൾ അരങ്ങേറും. ജാതി മത ഭേദമന്യേ ക്ലാസിൽ എത്തുന്നവർക്ക് ചന്ദനം തൊടീലും, പനിനീര് തളിയും, അവസാനം നാരങ്ങാ കൊടുപ്പും ഒഴിച്ചുകൂടാൻ പറ്റാത്ത ചടങ്ങായിരുന്നു അന്ന്.
ക്ലാസിലെ ജൂനിയർ യേശുദാസ് മനോജിന്റെ പാട്ടും ആക്ഷൻഹീറോ ശരവണന്റെ നാടകവുമായിരുന്നു അക്കുറി ഞങ്ങളുടെ ക്ലാസ് മീറ്റിംഗിന്റെ മെയിൻ അട്രാക്ഷനായി തീരുമാനിച്ചത്.
സ്ത്രീജനങ്ങൾക്കിടയിൽ ഈ സ്റ്റാറുകളുടെ ജനസമ്മതി അന്നേ എന്നിൽ അലോരസമുണ്ടാക്കിയിരുന്നു. ആകെയുള്ള എന്റെ പിടിവള്ളിയായ കഥകളിക്ക് കൂടെ പഠിക്കുന്ന ആരാധകർ ഇല്ലാത്തതും, പബ്ലിസിറ്റിക്കായി ചെയ്ത സ്ത്രീ വേഷം "പാഞ്ചാലി" എന്ന ഇരട്ടപ്പേരായി തിരിഞ്ഞു കൊത്തിയതും എന്നിലെ അസൂയ നന്നായി വളർത്തി.
"അച്ഛനുമമ്മയും പറഞ്ഞിട്ട് കേൾക്കാതെ മകൻ സമരത്തിനു പോയി ഏറുകൊണ്ട് മരിക്കുന്ന ഇതിനെന്ത് പുതുമ?" ''തല പൊട്ടി രക്തം വരുന്നതു കൊണ്ടാണോ ഇതിന്റെ പേര് രക്തപുഷ്പാഞ്ജലി എന്നിട്ടത് അയ്യേ?" ആ നാടകം പൊളിക്കാൻ എന്നാൽ കഴിയുന്ന ഒരെളിയ ശ്രമം നടത്തി നോക്കി.
ചില ഒറ്റയാൾ പ്രകടനം കൊണ്ട് ജഗതി ചേട്ടൻ ചളി സിനിമകൾ പോലും സൂപ്പർ ഹിറ്റാക്കിയ പോലെ, വേണമെങ്കിൽ ഞാൻ ഒരു വേഷം ചെയ്ത് നാടകം വിജയിപ്പിക്കാമെന്ന് അവനെ അറിയിച്ചു. "പാഞ്ചാലീ എന്റെ ഇടി വേണോ? ഒന്നു പൊക്കോണം ഇവിടുന്ന്" എന്ന കൈ ചുരുട്ടിയുള്ള ഒറ്റ വിരട്ടലിൽ 'ജഗതി' പറപറന്നു.
മീറ്റിംഗിന്റെ തലേന്ന് ഞാൻ ഉറ്റ സുഹൃത്ത് അമലുമായി ചേർന്ന് നാടകീയമായി പ്രഖ്യാപനം നടത്തി. "ഞങ്ങളും ഒരു നാടകം ഇറക്കുന്നു പേര് ഒരു സിബിഐ ഡയറിക്കുറിപ്പ് ...റോളെടുക്കാൻ ആർക്കെങ്കിലും താൽപ്പര്യമുണ്ടോ?"
''ഞാനുണ്ട് ...ഞാനുണ്ട്.... ഞാനുണ്ട് ''
അന്നത്തെ ഇന്റർവലിൽ നിരവധി പേർ അഭിനയമോഹവുമായി എന്റെ മുന്നിലെത്തി. ഞങ്ങളെ കളിയാക്കിയവരെയല്ലാം നിഷ്കരുണം സ്ക്രീൻ ടെസ്റ്റിൽ പരാജയപ്പെടുത്തി ആ കൊച്ചു 'കെ.മധു -എസ്.എൻ സ്വാമിമാർ' പ്രതികാരം തീർത്തു.
കുറച്ചു പേരെ മാത്രം തിരഞ്ഞെടുത്ത് ഒരു കഥ റെഡിയാക്കി. ഏഴാം ക്ലാസ് സാറ്റലൈറ്റ് വിപണിയിൽ വൻ ചലനം സൃഷ്ടിച്ച ആ കഥ ഇപ്രകാരമായിരുന്നു. '' ഒരു വേലക്കാരൻ മരിച്ചു കിടക്കുന്നു. സംഭവസ്ഥലത്തേക്ക് ചുവന്ന കുറിയിട്ട് സി.ബി.ഐ ഓഫീസർ കടന്നു വരുന്നു. ചോരയൊലിക്കുന്ന ബോഡി കണ്ടപാടെ വീട്ടുടമസ്ഥനെ ചോദ്യം ചെയ്യുന്നു. അയാളുടെ രക്തം എടുക്കുന്നു. വേലക്കാരന്റെ ബോഡിക്കടിയിൽ നിന്ന് അയാളുടെ ഡയറി എടുത്തു വായിക്കുന്നു. തുടർന്ന് വേലക്കാരന്റെ രക്തവും വീട്ടുടമസ്ഥന്റെ രക്തവും ഒന്നാണെന്ന് പറഞ്ഞ് അയാളെ അറസ്റ്റ് ചെയ്യുന്നു. കുതറി ഓടാൻ ശ്രമിക്കുന്ന ഉടമസ്ഥനെ മറ്റ് രണ്ട് സി.ബി.ഐ ഓഫീസർമാർ ഡസ്ക് ചാടിക്കടന്ന് പിടികൂടുന്നു. ശുഭം.
നെഗറ്റീവ് ക്യാരക്ടർ അമൽ ഏറ്റെടുത്തു. വേലക്കാരനായി ബിജുവും സഹായി ഓഫീസർമാരായി നല്ല തണ്ടും തടിയുമുള്ള പ്രശാന്തിനേയും തോമസിനേയും തീരുമാനിച്ച് സി.ബി.ഐ ഓഫീസർ ഇന്റർവൽ വരാനായി കാത്തിരുന്നു.
ഇതിനിടെ കഥാപാത്രമായി മാറിക്കഴിഞ്ഞ മറ്റ് ഓഫീസർമാർ പിൻബഞ്ചിൽ റിഹേഴ്സൽ എടുക്കുന്ന വിവരം ഞാനറിഞ്ഞില്ല. പെട്ടന്നുണ്ടായ നിശബ്ദതയുടെ കാര്യമറിയാൻ ജനലിലൂടെ പുറത്തേക്കു നോക്കിയപ്പോൾ മറ്റു ചിലർക്കൊപ്പം ഡസ്കിനു മുകളിലൂടെ ചാടിയതിന് പ്രശാന്തിനേയും തോമസിനേയും പിടിച്ചു നിർത്തിയിരിക്കുന്നതാണ് കണ്ടത്. അങ്ങോട്ട് നോക്കിയ എന്നെ സാർ കൈയ്യാട്ടി ക്ലാസിൽ നിന്ന് പുറത്തേക്ക് വിളിച്ച് കമ്പെടുത്തുവരാൻ അയച്ചു. അവിടെക്കണ്ട കമ്പുകൾ ഗുണമേൻമ, നീളം, ആയം, കനം എന്നിവയുടെ അടിസ്ഥാനത്തിൽ ഞാൻ തരം തിരിച്ചു. അവ അന്തരീക്ഷത്തിൽ ചുഴറ്റി നോക്കി ഏറ്റവും അഴകും ആരോഗ്യവുമുള്ള ഒരെണ്ണവും കൊണ്ടാണ് സാറിന്റടുത്ത് ചെന്നത്. അടി കിട്ടി വരുന്നവരെ ഗുരുതരമായ കൃത്യവിലോപം ചുമത്തി സർവ്വീസിൽ നിന്ന് പിരിച്ചുവിടാൻ ആദർശ ധീരനായ ആ സിബിഐ ഓഫീസർ തീരുമാനിച്ചു. തിരിച്ച് നടക്കാനൊരുങ്ങിയ എന്നോട് "നില്ലെടാ അവിടെ നീ വീട്ടിൽ പോയാൽ ഒന്നും പഠിക്കത്തില്യോ ടാ" എന്നു ചോദിച്ച് സാർ തന്റെ ഇടം കൈ നീട്ടിപ്പിടിച്ചു. എന്നിട്ട് യാതൊരു ടെൻററും റീടെൻററും വിളിക്കാതെ എന്റെ പുറകിൽ സാമാന്യം നല്ല ശബ്ദത്തോടു കൂടി മനോഹരമായി പണിതു, എട്ടു വരിപ്പാത മോഡലിൽ ഫ്ലൈ ഓവർ ഉൾപ്പെടെ രണ്ടെണ്ണം !!
ആദ്യ അടിയിൽത്തന്നെ കെട്ട് പൊട്ടിയ പമ്പരമായി മാറിയ സി.ബി.ഐ ഓഫീസറിൽ നിന്ന് കരച്ചിലിന് പകരം ഒരു കാറ്റാണ് പുറത്തേക്ക് പോയത്. രണ്ടാമത്തെ അടിയിൽ കഥയും സ്ക്രിപ്റ്റും കഥാപാത്രങ്ങളും എന്തിന് ലൊക്കേഷൻ വരെ പൊളിഞ്ഞു പാളീസായി. എന്നെ നോക്കി അടക്കിച്ചിരിക്കുന്ന, നേരത്തെ നടന്ന സ്ക്രീൻ ടെസ്റ്റിൽ പരാജിതരായ കൂട്ടുകാരെ അവഗണിച്ച് വിഷമത്തിൽ നിന്ന ക്ലാസ് ടീച്ചർ സാവിത്രിക്കുട്ടിയമ്മ സാറിനെ ഒന്നു നോക്കിക്കൊണ്ട് പിൻഭാഗം തകർന്ന ആ രഥം ക്ലാസിലെ സ്വന്തം സ്ഥലത്ത് പാർക്ക് ചെയ്യാൻ ഞാൻ വൃഥാ ശ്രമിച്ചു. പക്ഷെ കഷണങ്ങളാക്കിയ ബീഫ് രണ്ടു പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞുവച്ചിരിക്കും പോലെ മാറിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും പിന്നാമ്പുറം. നന്നായിട്ടൊന്നിരുന്നാൽ പൊട്ടി പ്പോകുമോ എന്ന പേടിയാൽ കൈ രണ്ടും കുത്തി നിതംബ സംരക്ഷണസേനയുടെ സഹായത്താൽ പാർക്കിലെ ഊഞ്ഞാൽ പോലെ അന്നു മുഴുവൻ ജീവിച്ചു തീർത്തു. ''നിന്നെ കാണിച്ചു തരാമെടാ പട്ടീ'' എന്ന മുഖഭാവമായിരുന്നു കഥാപാത്രത്തിൽ നിന്നും പുറത്തു വന്ന് ചന്തി തടവി നിന്ന മറ്റു രണ്ടു സി.ബി.ഐ ഓഫീസർക്കും എന്നോടപ്പോൾ.
വഴിയിൽ വച്ച് സാറിനെ കണ്ടപ്പോൾ " അവൻ ഈയിടെ കുറച്ച് ഉളപ്പാണ്, സാറൊന്ന് ശ്രദ്ധിക്കണം" എന്ന അമ്മയുടെ ഒരു ചെറിയ കുശലപ്രശ്നമാണ് എന്റെ നാടക ജീവിതം തകർത്തത്. അന്നുവരെ ഈശ്വരപ്രാർത്ഥന, ദേശീയ ഗാനം, അൽപ്പസ്വൽപ്പം കഥകളി ഒക്കെയായി ടീച്ചേഴ്സിന്റെ മക്കൾക്കൊപ്പം കിട്ടുന്ന പരിഗണനയിൽ അഹങ്കരിച്ചിരുന്ന ഞാൻ എന്റെ ബംബറിന്റെ മധ്യത്ത് നീലയിൽ ചുവന്ന ബോർഡർ ഉള്ള രണ്ടു വരയായി ആ അഹങ്കാരത്തെ മാറ്റിയെടുത്തു.
പിറ്റേന്നത്തെ ഫെയർവെൽ മീറ്റിംഗിൽ കൂടുതൽ നേരം നിന്നും പിന്നെ പിൻഭാഗത്തിന്റെ വളരെ കുറച്ച് സ്ഥലം മാത്രം ബെഞ്ചിലേക്ക് ചാരി വച്ചും ഞാൻ സമയം ചിലവഴിച്ചു. ശരവണന്റെ സ്നേഹപൂർവ്വമായ ക്ഷണം സ്വീകരിച്ച് സമരക്കാരിൽ ഒരാളായി അഭിനയിക്കുകയും, മനോജിന്റെ സഹകരണത്താൽ സമൂഹ ഗാനത്തിൽ പങ്കെടുക്കുകയും ചെയ്തപ്പോഴേക്കും ഏതാണ്ട് 75% പാവമായി മാറിക്കഴിഞ്ഞിരുന്നു ഞാൻ.
അധ്യാപകർക്കു നേരേ വേണ്ടതിനും വേണ്ടാത്തതിനും ചന്ദ്രഹാസമെടുക്കുന്ന ഇന്നത്തെ സമൂഹം, പണി കഴിയും മുമ്പ് പൊട്ടിപ്പൊളിഞ്ഞ് പോകുന്ന റോഡുകളെ ഓർമ്മിപ്പിക്കുന്നു. എന്നാൽ യാതൊരു ആധുനിക സജ്ജീകരണങ്ങളും യന്ത്രസാമഗ്രികളും എൻജിനിയറിംഗ് മികവുമില്ലാതിരുന്ന അക്കാലത്ത് ഒരു പൂ പറിക്കുന്ന ലാഘവത്തോടല്ലേ സാറൊരു എട്ടു വരി നാഷണൽ ഹൈവേ, എന്നെന്നും ഓർമ്മിക്കാൻ എനിക്ക് പണിഞ്ഞിട്ടത് !!.
എന്റെ അസൂയയ്ക്കും അഹങ്കാരത്തിനും കുറുകെ പണിഞ്ഞ ശങ്കരപ്പിള്ളസാർ മെമ്മൊറിയൽ ഹൈവേ....
- ഗണേശ് -
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക