"നാദിയ"
ഉത്സവോം പെരുന്നാളും ഗാനമേളയും വായ്നോട്ടവും എല്ലാമായി നുമ്മടെ ആറംഗ ടീമിനൊപ്പം അടിച്ചുപൊളിച്ചു നടക്കുന്നതിനിടെയാണ് അച്ഛൻ ഗൾഫിലേക്കൊരു വിസ ശരിയാക്കി എട്ടിന്റെ പണി തന്നത്.
" എടാ മനോജേ...അറബീന്റെ വീട്ടിലെ ഡ്രൈവറ് പണിയല്ലേ.....സ്വർഗം അല്ലെ സ്വർഗം.....അറബീന്റെ അടുക്കളപ്പണിക്ക് ചുരുങ്ങിയത് ഒരു ഫിലിപ്പൈനി എങ്കിലും ഉണ്ടാവും ഒളേം വളച്ചു അടിച്ചു പൊളിച്ചു ജീവിക്കാടാ.... അറബിക്ക് മോളുണ്ടെങ്കിൽ പിന്നെ പറയണ്ടാ.. പക്ഷേങ്കില് അവളുമാരോട് കളിക്കുമ്പം സൂക്ഷിക്കണം കേട്ടാ.....അവർക്കു നമ്മളെ കാണുമ്പോ ചില മറ്റേ വിചാരങ്ങളൊക്കെ ഉണ്ടാവും.അവർക്കെന്തെങ്കിലും പൂതി നമ്മളോട് തോന്നിക്കയിഞ്ഞാപിന്നെ പോക്കാ...നൊ പറഞ്ഞാൽ അവര് നമ്മളെ കൊല്ലും യെസ് പറഞ്ഞാൽ അറബി നമ്മടെ തലയെടുക്കും."
മൂന്നു മാസം വിസിറ്റിങ് വിസയിൽ ദുബായിൽ പോയി ഉപ്പാന്റെ പൈസേം മുടിച്ചു പണിയൊന്നും ശരിയാവാതെ മടങ്ങി വന്ന ഷുക്കൂറിന്റെ അനുഭവജ്ഞാനം നിറഞ്ഞ ഉപദേശം.മൂന്നു മാസം കൊണ്ട് അഞ്ചാറ് അറബി സുന്ദരിമാരുടെ വാട്സ്ആപ് നമ്പറും നേടി തിരിച്ചുവന്ന അവനോട് കൂട്ടത്തിൽ എല്ലാവര്ക്കും അസൂയ ഇല്ലാതില്ല.
ഈ ഷുക്കൂറിന്റെ ദുബായ് തള്ള് കേട്ടതിൽ പിന്നെ കുറഞ്ഞത് ഒരു അറബി പെണ്ണിനെയെങ്കിലും പ്രേമിക്കണം എന്നൊരു പൂതി എനിക്കും ഉണ്ടായിരുന്നു.
പ്രതീക്ഷിച്ചതുപോലെ തന്നെ അറബിയുടെ വീട്ടിലെ ഔട്ട് ഹൗസിൽ തന്നെ താമസം.ഷുക്കൂർ പറഞ്ഞതുപോലെതന്നെ അറബിക്കൊരു പതിനെട്ടു വയസ്സുകാരി മോളും,പിന്നെ കാണുമ്പോ പതിനെട്ടാണോ അമ്പത്തെട്ടാണോ പ്രായം എന്നു ഇടയ്ക്കിടെ ആശങ്ക തോന്നിക്കുന്ന ഒരു അടുക്കളക്കാരി ഫിലിപ്പൈനിയും ഉണ്ട്.
ഡ്രൈവിംഗ് ലൈസൻസിന്റെ കാര്യങ്ങൾ എല്ലാം ശരിയായിക്കഴിഞ്ഞപ്പോൾ ആ വീട്ടിലെ എന്റെ ജോലിയും തീരുമാനി ക്കപ്പെട്ടു.
വീട്ടിലേക്ക് അവശ്യമുള്ള സാധനങ്ങൾ വാങ്ങിക്കൊണ്ടുവരിക.പിന്നെ അറബിയുടെ മോൾക്ക് അവശ്യമുള്ളപ്പോൾ അവളുടെ ഡ്രൈവറായി കൂടെ പോവുക.
ആദ്യത്തെ തവണ തന്നെ സൗമ്യമായി ചിരിച്ചുകൊണ്ടാണ് 'നാദിയ' കാറിൽ കേറിയത്.യാത്രയ്ക്കിടയിൽ എന്റെ പേരും മറ്റും നാദിയ ചോദിച്ചറിഞ്ഞു.
യാത്രകളുടെ എണ്ണം കൂടുന്തോറും നാദിയ എന്നോട് അടുത്തുകൊണ്ടിരുന്നു.എന്നെ "മന്നു"എന്നായിരുന്നു അവൾ വിളിക്കാറ്.ഹിന്ദിയും ഇംഗ്ലീഷും അറബിയും കലർന്ന ഭാഷയിൽ അവൾ വാ തോരാതെ സംസാരിക്കുമ്പോൾ ഞാൻ കാറിന്റെ സെന്റർ മിറർ ലൂടെ ആ സുറുമയിട്ട കണ്ണുകളുടെ സൗന്ദര്യം ഒപ്പിയെടുത്തുകൊണ്ടിരുന്നു.
ഒരു വെള്ളിയാഴ്ച്ച ദിവസം.
"എടാ ഷുക്കൂറെ നീ പറഞ്ഞത് എത്ര ശരിയാ...ഇവിടുത്തെ അറബീന്റെ മോൾക്ക് ഒറ്റ നോട്ടത്തിൽ തന്നെ എന്നോട് പ്രേമം തൊടങ്ങീന്നാ തോന്നണെ.ഞാൻ ഇതുവരെ പിടി വിട്ടുകൊടുത്തിട്ടില്ല...ശരിയെടാ നീ ഫോൺ വെച്ചോളൂ...അവൾ എന്നെ വിളിക്കുന്നുണ്ട്.എന്തെങ്കിലും ആവുമ്പോ ഞാൻ വിളിക്കാം.ബൈ..."
"മന്നൂ....നമുക്കൊരിടം വരെ പോണം വണ്ടിയെടുക്കൂ."
നാദിയയുടെ കാൾ കട്ട് ആയ ഉടനെ ഞാൻ കാറിന്റെ ചാവിയുമെടുത്ത് പുറത്തേക്കിറങ്ങി.
അന്നാദ്യമായി നാദിയ കാറിന്റെ മുൻ സീറ്റിൽ ഇരുന്നു.അവളുടെ പ്രണയം എന്നെ അറിയിക്കാനായിരിക്കണം ഈ യാത്ര.അതിന്റെ ലക്ഷണങ്ങൾ ആണ് ഈ കാണുന്നത് എന്നൊക്കെ ഞാൻ മനക്കോട്ട കെട്ടി.
നാദിയ പറഞ്ഞ വഴികളിലൂടെ സഞ്ചരിച്ച് ഞങ്ങൾ കൊട്ടാരം പോലുള്ള ഒരു വീടിന്റെ മുന്നിൽ എത്തി.പുതിയ വീടാണെങ്കിലും ആൾ താമസമില്ല എന്ന് ഒറ്റനോട്ടത്തിൽ മനസ്സിലായി.
"മന്നു അകത്തേക്കു വരൂ...."
വീടിന്റെ വാതിൽ തുറന്നുകൊണ്ടു നാദിയ ക്ഷണിച്ചു.
"ഷുക്കൂറേ.....നിന്റെ ദീർഘ ദൃഷ്ടി......നീ പറഞ്ഞത് സംഭവിക്കാൻ പോവുന്നെടാ..." മനസ്സിൽ ഷുക്കൂറിന് പുഷ്പഹാരം അണിയിച്ചുകൊണ്ട് അകത്തേക്ക് കയറി.
വലിയ ഹാളിന്റെ നടുവിലായുള്ള വെള്ളിനിറത്തിലുള്ള സോഫയിൽ എന്നോട് ഇരിക്കാൻ നാദിയ ആവശ്യപ്പെട്ടു.സോഫയുടെ ഒററ്റത്തായി നാദിയായും ഇരുന്നു.
സുറുമയിൽ പൊതിഞ്ഞ അവളുടെ കണ്ണുകളിൽ ഇതുവരെ കാണാഞ്ഞ ഒരു തിളക്കം എനിക്ക് കാണുവാനായി.അതെ അവൾ അവളുടെ ഇഷ്ടം എന്നെ അറിയിക്കാൻ പോവുകയാണ്.
"മന്നൂ.....എനിക്കൊരു ചേട്ടൻ ഉണ്ടായിരുന്നു.എന്നെ ജീവന് തുല്യം സ്നേഹിച്ച എന്റെ യൂനിസ്.....ഈ വീടിന്റെ അവസാന മിനുക്കുപണികൾ നടക്കുമ്പോൾ മുകളിലത്തെ നിലയിൽ നിന്നു വീണ് എന്നെ വിട്ടു പിരിഞ്ഞു അല്ലാഹുവിന്റെ ലോകത്തേക്ക് പോവുകയായിരുന്നു. മന്നുവിനെ ആദ്യം കണ്ടപ്പോൾ തന്നെ എനിക്കെന്റെ ചേട്ടനെയാണ് ഓര്മവന്നത്.അതെ മുഖ ഭാവം.അതെ പ്രകൃതം.കൂടുതൽ അടുത്ത് കഴിഞ്ഞപ്പോൾ എനിക്ക് എന്റെ ചേട്ടനെ തിരിച്ചു കിട്ടിയ അതെ അനുഭവം ആയിരുന്നു.ഇന്നവന്റെ പിറന്നാൾ ആണ്."
ഇത്രയും പറഞ്ഞു അവൾ ബാഗിൽ നിന്നും ഒരു സമ്മാനപ്പൊതിയെടുത് എനിക്ക് നേരെ നീട്ടി.
" ഹാപ്പി ബർത്ഡേ യൂനിസ്..."
ഇന്ന് ഷുക്കൂറിനെ വിളിച്ചെനിക്കു പറയണം."എടാ ഷുക്കൂറെ അറബി പെൺപിള്ളേരെ വളക്കാൻ നിനക്ക് കഴിഞ്ഞിട്ടുണ്ടാവാം....പക്ഷെ എനിക്കൊരു അറബി പെണ്ണിന്റെ ആങ്ങള ആവനുളള ഭാഗ്യം കിട്ടിയെടാ....ആർക്കും കിട്ടാത്ത ഭാഗ്യം...ഇനി ഞാൻ അവളുടെ ആങ്ങളയായിരിക്കും ജീവിതകാലം മുഴുവൻ."
#Riju kamachi
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക