Slider

അമ്മയുടെ ചിരി......

0
അമ്മയുടെ ചിരി......
കുട്ടിക്കാലം തൊട്ടേ ആ അമ്മ ചിരിക്കുന്നത് ഞാൻ കണ്ടിട്ടില്ല...കരയുന്നതും.....
ഭർത്താവ് ഉപേക്ഷിച്ചു പോകുമ്പോൾ ചിറക് മുളക്കാത്ത നാല് കുരുന്നുകളെ തൻ്റെ കരവലയിത്തിലാക്കി നിർവികാരമായി നില്ക്കുന്ന അമ്മയുടെ മുഖം....
കല്പണകളിൽ ഒരുകല്ലിന് പകരം രണ്ടുക്കല്ല് ചുമന്നും പട്ടിണികിടന്നും മക്കളെ പട്ടിണിക്കിടാതെ വളർത്തിയ അമ്മ....
ഇപ്പോൾ മക്കൾക്ക് ചിറക് മുളച്ചിരിക്കുന്നു...പറന്നുപോകാൻ തുടങ്ങിയിരിക്കുന്നു....അവർക്ക് വേണ്ട ഇണകളെ അവർ തന്നെ കണ്ടെത്തിയിരിക്കുന്നു....അന്നേരവും ആ അമ്മയുടെ മുഖത്ത് ചിരിയുണ്ടായിരുന്നില്ല......
പക്ഷെ ഇന്നലെ ഞാനാദ്യമായി ആ മുഖത്ത് ചിരി കണ്ടു....
വൃദ്ധസദനത്തിൻ്റെ ഒരു കോണിൽ ജനൽപാളികളിൽ മുഖം ചേർത്ത് വച്ച് വിദൂരതയിൽ നോക്കി നില്ക്കുന്ന അവരെ കണ്ടപ്പോൾ......ആദ്യമായി അവരൊന്നു ചിരിച്ചു....അടുത്തുചെന്ന് കൈകൾ പിടിച്ചപ്പോൾ വല്ലാത്ത തണുപ്പ്....വിറയൽ.....ഓർമ്മകുറവ് ആ അമ്മയെ നന്നായി ബാധിച്ചിരിക്കുന്നു.....
....................................................
ചെറുപ്പത്തിലെ അമ്മ നഷ്ടപ്പെട്ട എനിക്ക് അവരായിരുന്നുവല്ലോ അമ്മ....അച്ഛനും മരിച്ചതോടെ തീർത്തും അനാഥനായ എനിക്ക് അഭയം തന്നത് അവരാണ്.....അതിനിടയിൽ ആരുടെയൊക്കെയോ കാരുണ്യം കൊണ്ട് ഒരു ജോലി കിട്ടി വിദേശത്തേക്ക് പോകുമ്പോ അവരെൻ്റെ തലയിൽ കൈവച്ച് അനുഗ്രഹിച്ചു...
"മോൻ നന്നായി വരും".....
ആ അമ്മയുടെ അനുഗ്രഹമാണ് ഇന്നൊരു മൾട്ടിനാഷണൽ കമ്പനിയുടെ തലപ്പത്ത് എന്നെ ഇരുത്തുന്നത്.....നീണ്ട അഞ്ചുവർഷങ്ങൾക്ക് ശേഷം നാട്ടിലെത്തിയ ഞാൻ കണ്ടത് ആ അമ്മയുടെ വീടിന്റെ മുന്നിൽ തൂക്കിയ ബോർഡാണ്....
"വീടും പറമ്പും വില്പനയ്ക്ക്"...
പൊന്നും വിലകൊടുത്ത് ആ വീടും പറമ്പും സ്വന്തമാക്കിയപ്പോഴും ആ അമ്മയേയും മക്കളേയും ഞാനെവിടെയും കണ്ടില്ല....ഒരുപാട് അന്വേഷിച്ചു...ഒടുവിൽ അറിയാൻ കഴിഞ്ഞു താൻ നൊന്തു പ്രസവിച്ച മക്കൾക്ക് ആ അമ്മ ഒരു ഭാരമായെന്ന്....അവർക്ക് അമ്മയെ നോക്കാൻ സമയമില്ലെന്ന്....ആദ്യമായി അമ്മയുടെ കാര്യത്തിൽ മക്കൾ ഒറ്റക്കെട്ടായി.... അവരെ അവർ വൃദ്ധസദനത്തിലേക്ക് നടതള്ളി...
.....................................................
അമ്മയുടെ കൈപിടിച്ച് ആ വൃദ്ധസദനത്തിൻ്റെ പടികളിറങ്ങുമ്പോൾ അവരുടെ കണ്ണിൽ നിന്ന് രണ്ട് തുള്ളി കണ്ണീർ എൻ്റെ കൈകളിൽ വീണ് പൊള്ളിയടർന്നു........അപ്പോൾ അവർ കരയുകയായിരുന്നോ അതോ ചിരിക്കുകയായിരുന്നോ......
ബിജു പെരുംചെല്ലൂർ......
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo