Slider

പ്രതിധ്വനി തേടുന്ന ശബ്ദങ്ങൾ.

0
പ്രതിധ്വനി തേടുന്ന ശബ്ദങ്ങൾ.
അത് നിങ്ങളെ തേടി വരും,
അടക്കം പറയുന്ന പോലെ ഭാവിച്ച്
മനസ്സമാധാനം കെടുത്താൻ.
ഉപദേശ രൂപത്തിൽ
വരുമ്പോൾ സൂക്ഷിക്കണം
ഒരു ജീവിതം തന്നെ
നിന്നു കൊടുക്കേണ്ടി വരും
കേട്ടു മടുക്കാൻ.
സഹികെട്ട് നിങ്ങൾക്കും
ഉയർത്തിപ്പറയേണ്ടി വരും
അസത്യത്തിനും അധർമ്മത്തിനുമെതിരെ.
പക്ഷെ ആരുമിപ്പോൾ ശബ്ദമുയർത്താറില്ല.
ഇപ്പോൾ ഒറ്റക്കായി ഒരു ശബ്ദവും പിറക്കുന്നില്ല.
തനിച്ചു നിന്ന് സ്വത്വം തേടുന്നവയെ
വാമൂടിക്കെട്ടി നിശബ്ദരാക്കാറുണ്ട്.
ആരവങ്ങളിലലിഞ്ഞില്ലാതാകാൻ
വിധിക്കപ്പെട്ട സത്യത്തിൻ്റെശബ്ദങ്ങൾ.
അവസാന വസ്ത്രവും വലിച്ചു കീറപ്പെട്ട്
മാറിൽ പിണച്ച കൈയ്യുമായ്
യാചിക്കാറുണ്ട് ഇരകൾ.
വിധിക്കൂടിനുള്ളിൽ ചർച്ചാ മേശകളിൽ
വീണ്ടും വീണ്ടും വിവസ്ത്രയാക്കി,
ആർത്തിയോടെ ചിരിക്കുന്ന
വൃത്തികെട്ട ശബ്ദങ്ങളോട്.
ചില കരച്ചിലുകൾ
പിറക്കുന്നതു തന്നെ മരിക്കാനാണ്
അമ്മയുപേക്ഷിച്ച്
വഴിയരികിലുറുമ്പരിച്ച്..
അരുംകൊലകളിൽ,
അരുത് മകളേ
പോകരുതേയെന്നാർത്ത്
അന്തരീക്ഷത്തിലലിഞ്ഞില്ലാതാകുന്നു.
കടം വാങ്ങിയവനെപ്പോഴും
ശബ്ദങ്ങളെ പേടിയാണ്,
പേടിച്ച് പേടിച്ചവസാനം
കുടുംബസമേതം...
അടക്കം പറച്ചിലിൽ തുടങ്ങി
അകപ്പെട്ടാൽ പുറം ലോകമറിയാത്ത
പ്രണയത്തിൻ്റെ നിലവിളികൾക്ക്
വഞ്ചനയുടെ സ്വരമാകുമോ..?
ചില സ്വരങ്ങൾ തേടി
നിങ്ങളുടെ വിരൽ വിയർക്കുമ്പോൾ
വിരൽ സൃഷ്ടിക്കുന്ന മാസ്മരികത
കാതോർക്കും പലരും.
ശപിക്കാൻ ശ്രമിക്കുന്ന പല ശബ്ദങ്ങളും
ശ്വാസം മുട്ടി കിതക്കാറുണ്ട്
വാർദ്ധക്യത്തിൻ്റെ ശേഷിപ്പുമായി.
തനിക്കേറ്റം പ്രിയപ്പെട്ട
ഉറ്റവരുടെ വഞ്ചനയാൽ
പുറം ലോകമറിയാതൊളിക്കാൻ
ശ്രമിച്ച നിലവിളികളോടെ
ജീവനുപേക്ഷിച്ച് പോകുന്നവരും
ഇവിടെ ഉപേക്ഷിച്ചിരിക്കാം,
ഒരു ശാപത്തിൻ വിത്തിലൊതുക്കി മുളവരുമെന്ന് പ്രതീക്ഷിച്ച്‌
വെറുതേ കീഴടങ്ങി തീരുന്നവ.
ചതഞ്ഞരയാൻ വിധിക്കപ്പെട്ട
ആരും കേൾക്കാതെ എത്രയോ..
Babu Thuyyam
26/10/17.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo