നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഏതു നേരത്താണോ ഭഗവാനെ

ഏതു നേരത്താണോ ഭഗവാനെ
എനിക്ക് ഇങ്ങേരുടെ കൂടെ ഇറങ്ങി
പോരാൻ തോന്നിയത്...?
കലികാലം.....!
എന്നല്ലാതെ എന്ത് പറയാൻ....
അകത്തെ മുറിയിലിരുന്ന് ടി വി കാണുന്ന ഞാൻ കേൾക്കട്ടെ എന്ന് കരുതിയാണ് അവൾ അവളുടെ ശബ്ദം കുറച്ചുച്ചത്തിലാക്കിയത്......
എത്ര എത്ര നല്ല ആലോചനകൾ വന്നതാ എനിക്ക്.......
അപ്പോൾ ദിവ്യപ്രേമം.........!
കൂടെ
പ്രേമിക്കുന്നവനെ ചതിക്കില്ലെന്ന
ഉഗ്രശപഥവും..!
എന്നിട്ടെന്താ ?
നിശ്ചയ തലേന്ന് ഒളിച്ചോട്ടവും
റെജിസ്റ്റർ മാര്യേജ് ഉം .......
എന്നിട്ടെന്തുനേടി....?
മൂന്ന് മാസം പ്രായമുള്ള ഒരു കൊച്ചിനെയല്ലാതെ . ....... ?
ഒന്ന് തിരിഞ്ഞു നോക്കാൻ ആരെങ്കിലുമുണ്ടോ ?
അവൾ അടുക്കളയിൽ നിന്ന് അകത്തെ മുറിയുടെ വാതുക്കൽ വന്ന് എന്നെ നോക്കി
ഞാനത് കണ്ടതും വേഗം ന്യൂസ്‌പേപ്പർ നിവർത്തി മുഖം മറച്ചു....
അതു കണ്ടതും അവൾ പറഞ്ഞു
ആരോട് പറയാൻ...... ??
പിന്നെ ശബ്ദമുയർത്തി എന്നോടായി അവൾ പറഞ്ഞു
ടോ.......?
താൻ കേൾക്കുന്നുണ്ടോ ?
അതു കേട്ടതും ഞാൻ ടി വി യുടെ വോളിയം പതിയെ കൂട്ടി വയ്ച്ചു....
അപ്പോൾ അവളുടെ മുഖത്തു പ്രത്യക്ഷപ്പെട്ട ദേഷ്യത്തിന് ഈ ലോകത്തെ മുഴുവൻ വിഴുങ്ങാനുള്ള ശക്തിയുണ്ടായിരുന്നു...........
മുഖത്തിനാണേൽ ഒരു കുട്ടിക്കാലത്തിന്റെ മുഴുപ്പും.
ആ സമയത്താണ് കുഞ്ഞു കരഞ്ഞത്...
അതുകേട്ടതും അവൾ പറഞ്ഞു
ഞാനൊന്നും എടുക്കുന്നില്ല
വേണേൽ
നിന്റെ തന്ത എടുക്കും.......
അവൾ കലിപ്പിലാണന്നു അറിയാവുന്നതുകൊണ്ട്
ഞാൻ തന്നെ പോയി കൊച്ചിനെയെടുത്തു അകത്തു വന്നിരുന്നു
ടി വി യുടെ വോളിയം കുറച്ചു.........
സത്യത്തിൽ അവളുടെ പ്രശ്നം
ഒളിച്ചോടി പോന്ന എല്ലാ പെൺകുട്ടികളുടെയും പ്രശ്നം തന്നെയായിരുന്നു .
വീട്ടുകാരെ ഓർത്തുള്ള മനോവിഷമം....!
അവളെ വീട്ടിൽ വിളിച്ചിരുന്നത്
അമ്മു എന്നാണ്... !
അവളെ ഞാൻ അവളുടെ പേരാണ് വിളിക്കുന്നത്.....
ഇപ്പോൾ
അവളെ ആരും അമ്മൂ എന്ന
ആ പേര് വിളിക്കുന്നില്ല...
പക്ഷെ
അമ്മുവെന്ന വിളിയിൽ അവളുടെ ഉൾമനസ്സ് അനുഭവിച്ചിരുന്ന സ്നേഹപരിലാളനങ്ങൾ ഇപ്പോൾ അവൾക്കു കിട്ടുന്നുമില്ല....
മറ്റുള്ളവർക്ക് അത് തീരെ ചെറിയ പ്രശ്നമാണെകിലും അനുഭവിക്കുന്നവർക്ക് അതൊരു വല്യ പ്രശ്നം തന്നെയാണ്.
അതിന്റെ കൂടെ ഇന്ന് കുഞ്ഞിന്റെ നൂല് കെട്ടിന് ആളും അനക്കവും ഒന്നും ഇല്ലാതെ നടത്തേണ്ടി വരുമല്ലോ എന്ന ആശങ്കയും.......
അതാണവൾക്കു ഇന്നു ഇത്ര ദേഷ്യം...!!
പിന്നെ ദേഷ്യം പിടിക്കാൻ പോലും ഞാൻ മാത്രമല്ലെ അവൾക്കുള്ളു.....,
അതുകൊണ്ടു തന്നെ അവൾ എത്ര ദേഷ്യപ്പെട്ടാലും ഞാൻ ഒരക്ഷരം മിണ്ടാറില്ല........
ഇനിയും അവിടെ നിന്നാൽ
അവളുടെ തൊള്ളയിലിരിക്കുന്ന മുഴുവനും കേൾക്കേണ്ടി വരും എന്നറിയാവുന്നത് കൊണ്ട്
കറി വെയ്ക്കാൻ എന്തെങ്കിലും വാങ്ങി വരാമെന്നു പറഞ്ഞ് കുഞ്ഞിനെ അവളുടെ കൈയ്യിൽ ഏല്പിച്ചു
ഞാൻ അവിടെ നിന്ന് ഇറങ്ങി.......................
തിരിച്ചു വന്നപ്പോൾ വാതിൽ തുറന്നു തന്നതും വീണ്ടും വാതിലടച്ചതും അവൾ തന്നെയാണ്....
എന്നെ കണ്ടതും കുഞ്ഞിനെ എന്റെ കൈയ്യിൽ തന്ന് പച്ചക്കറിയുടെ കവർ അവളുടെ കൈയ്യിൽ വാങ്ങി.
ആ കവറിന്റെ തൂക്കം കണ്ട് അവൾ ആ കവർ തുറന്നു നോക്കി
ധാരാളം പച്ചക്കറികൾ കണ്ടതും അവൾ ചോദിച്ചു
ഓഹ്...
ഇനി നിങ്ങൾക്കിന്നു
സദ്യ വേണമായിരിക്കുമല്ലേ ?
ഒരു കോഴി മുട്ട പൊരിച്ചങ്ങു തരും....,
അതുംകൂട്ടി ചോറുണ്ട് മിണ്ടാതെ ഒരു ഭാഗത്തു പോയിരുന്നോണം...
അതും പറഞ്ഞു
ദേഷ്യപ്പെട്ട് അടുക്കളയെ ലക്ഷ്യമാക്കി
അവൾ നടന്നു.......................
ആ സമയം ആരോ കോളിംഗ് ബെല്ലടിച്ചു....
വാതിൽ തുറന്നു നോക്കിയതും
എന്റെ കണ്ണുകൾ തിരഞ്ഞതു അവളെയാണ്.
അടുക്കളയിൽ നിന്ന് ആരാണെന്ന് അറിയാൻ നടുമുറിയുടെ വാതിലിൽ എത്തിയതേയുള്ളു അവൾ,
അവിടെ നിന്ന് അവളുടെ നോട്ടം മുൻവശത്തെ വാതിലിനു പുറത്തു നിന്നവരുടെ മേൽ പതിഞ്ഞതും
അവളുടെ കാലുകൾ നിശ്ചലമായി.....!
കണ്ണുകൾ വാർന്നൊഴുകി.........!
അവൾ ആ സന്ദർഭത്തിൽ
എന്ത് ചെയ്യും ?
എങ്ങനെ പെരുമാറും ?
എന്നൊന്നും അറിയാത്ത വിധം
അപ്പോൾ തളർന്നു പോയിരുന്നു.......
അവൾ പതിയെ വാതിൽ കട്ട്ളയോട്
ചേർന്നു കണ്ണീരോടെ തലതാഴ്ത്തി പിടിച്ചു നിന്നു...
അത് പിന്നെ അങ്ങനെയാണല്ലോ...
വേദനിപ്പിച്ചും..,
വേണ്ടാന്ന് വെച്ചും...,
തീരാ ദുഃഖങ്ങൾ നൽകിയും...,
ഉപേക്ഷിച്ചു പോയതും എല്ലാം....,
പൊറുത്തും ക്ഷമിച്ചും തന്റെ മകളെ തിരഞ്ഞു അവളുടെ വീടു തേടി വന്ന
തന്റെ മാതാപിതാക്കളെ കണ്ടാൽ
ഏതു പെൺക്കുട്ടിയാണ് ഇതു പോലെയാവാത്തത്...?
അവർ അകത്തേക്ക് കടന്നു വന്നതും അവളുടെ അമ്മ എന്റെ കൈയ്യിലെ കുഞ്ഞിനെ വാങ്ങി അവരുടെ മാറോട് ചേർത്തു....,
അതെ സമയം അവളുടെ അച്ഛൻ അവളുടെ അടുത്തേക്കാണ് നടന്നുപോയത് അവളുടെ അടുത്തെത്തിയതും...,
അച്ഛന്റെ മുഖത്തുപോലും നോക്കാൻ ത്രാണിയില്ലാതെ തലതാഴ്ത്തി നിൽക്കുന്ന അവളെ നോക്കി...,
മോളെ......,
അമ്മൂ.........,
എന്നച്ഛൻ വിളിച്ചതും ആ വിളി കേട്ടതും അവളച്ഛന്റെ കാലിലെക്ക് വീണതും ഒന്നിച്ചായിരുന്നു....!
അപ്പോൾ തന്നെ അവളെ പിടിച്ചെഴുന്നേൽപ്പിച്ച് അച്ഛനവളെ മാറോട്ച്ചേർത്തു....!
ആ കാഴ്ച്ച കണ്ട് എന്റെയും അമ്മയുടെയും കണ്ണുകൾ കൂടി നിറഞ്ഞു.....,
അമ്മ ആ സന്തോഷം കുഞ്ഞിനു നെറുകയിൽ മുത്തമായി നൽകി....,
ഇപ്പോൾ ഒരു കാര്യം ഉറപ്പ്
ജീവിതത്തിൽ ഒരിക്കലും ഇത്ര ഗാഢമായി ദൃഢമായി ആത്മാർത്ഥമായി ഇത്ര സ്നേഹവാത്സല്യത്തോടെ അവർ പരസ്പരം ആലിംഗന ബന്ധരായിട്ടുണ്ടാവില്ല
കാരണം നഷ്ടമായത് തിരിച്ചു കിട്ടുമ്പോൾ ഉണ്ടാകുന്ന സന്തോഷത്തേക്കാൾ വലുതായി ലോകത്ത് മറ്റൊന്നുമില്ല എന്നതു തന്നെ...,
കൂടെ ഇപ്പോൾ അവൾ ഒന്നു കൂടി അറിയും ഞാൻ വിളിച്ചു പറഞ്ഞിട്ടാണ് അവർ വന്നതെന്ന്....,
അറിയട്ടെ അപ്പോൾ അവൾക്കു തന്നെ മനസ്സിലാവും അത്രയധികം പച്ചക്കറിസാധനങ്ങൾ വാങ്ങിയത് എനിക്ക് സദ്യയുണാനുള്ള പൂതി കൊണ്ടല്ലായെന്നെങ്കിലും.....,
അതെല്ലാം ഒാർത്ത് ഞാൻ പതിയെ പുറത്തിറങ്ങി വാതിൽ മെല്ലെ പുറത്തു നിന്നു ചാരി
കാരണം
ഇനി കുറച്ചു നേരത്തേക്ക്
അവരുടെ ലോകമാണ്.....
നഷ്ടമായത് തിരിച്ചു കിട്ടിയവരുടെ ലോകം..!!!
അഞ്ചു മിനുട്ട് കഴിഞ്ഞതും
അവൾ വാതിൽ തുറന്നു പുറത്തു വന്നു
തുടർന്നെന്റെ കൈക്ക് പിടിച്ച് അച്ഛനും അമ്മയും ഇരിക്കുന്നതിനു മുന്നിലൂടെ അകത്തേക്ക് കൂട്ടി കൊണ്ടു പോയി
നേരെ ഞങ്ങളുടെ ബഡ്റൂമിലെക്ക് അകത്തെത്തിയതും കൂടുതൽ ഇഷ്ടം തോന്നുമ്പോൾ അവളെന്നും ചെയ്യും പോലെ ബെഡിൽ കയറികുനിഞ്ഞുനിന്ന്
അവളെന്റെ നെറുകയിൽ ചുംബിച്ചു
പിന്നെ അവിടുന്നിറങ്ങി വന്ന് നേരെ കൈക്കുള്ളിലെക്ക് കയറി എന്റെ നെഞ്ചിൽ ചേർന്നു നിന്ന് അവളെന്നോടു പറഞ്ഞു....,
ഇപ്പോൾ ഞാൻ പ്രാർത്ഥിക്കുന്നത് ഇനിയെത്ര ജന്മമുണ്ടായാലും
അത് ഈ നെഞ്ചിന്റെ ചൂടുപറ്റി ജീവിക്കാനാണെങ്കിൽ മാത്രമെ
എനിക്ക് പുനർജന്മം തരാവൂയെന്നാണ്...."
അന്ന് കൂടെ ഇറങ്ങി വരാൻ തോന്നിച്ച
ആ നിമിഷത്തെ ഞാനിന്ന് അത്രമാത്രം പ്രണയിക്കുന്നു
നിങ്ങളോടുള്ള ഇഷ്ടം പോലെ തന്നെ........!!!!
.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot