Slider

പുനർജന്മം

0

പുനർജന്മം
+++++++++++++++++++++++++++++++++++++++

അവൾ കിണറ്റിൻ കരയിലേക്ക് നടന്നു.ചെങ്കല്ലുകൾ കൊണ്ട് കെട്ടിയ ആൾമറ ഉണ്ടെങ്കിലും വള്ളി പടർപ്പുകൾ കയറി കാട് കേറിയിരുന്നു. വീട് മൊത്തം ഒരു ശ്മശാന ഭൂമി പോലെ. കിണറിനുള്ളിലേക്ക് നോക്കിയപ്പോൾ ഭയം തോന്നി.ഓയിൽ ഒലിച്ചിറങ്ങി അതിൽ മഴവില്ല് വിരിയിച്ചിരിക്കുന്നു.
"ഭയം വേണ്ട കുട്ട്യേ ആളനക്കം ഇല്ലാഞ്ഞിട്ടാ ".
മൂത്താപ്പയാണ്.ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല.
മാമ വന്ന് കയറ് പിരിച്ച് കെട്ടി മരകപ്പിയിൽ ഇട്ടു തന്നു. വക്കു പൊട്ടിയ തൊട്ടി പടവുകളിൽ തട്ടി മുകളിലെത്തുമ്പോ വെള്ളം പാതിയേ ഉള്ളൂ.
പടയിൽ ഇരിക്കുന്ന തൊട്ടി താഴ്ത്തി അവൾ മുഖം കഴുകി. നല്ല തണുത്ത വെള്ളം. മെലിഞ്ഞു വെളുത്ത കാലു കഴുകി വരാന്തയിലേക്ക് കടന്നു.
"നല്ല വൃത്തിയും മെനയും ഉള്ള കുട്ടിയാ .ഏതോ വല്യ വീട്ടിലേയാ .കൈത ദാമൂന്റെ ചെക്കൻ കണ്ണും കയ്യും കാണിച്ച് മയക്കീതാ. ഫലമോ
പടിയടച്ച് പിണ്ഡം വെച്ചു. അത്യാവശ്യം വേണ്ടതൊക്കെ ചെയ്തോളും ".
മൂത്താപ്പ ചെവി കേൾക്കാത്ത വയസ്സി തള്ളയോട് ഉറക്കെ പറഞ്ഞു.
എവിടെ തുടങ്ങണം എന്നൊരു നിശ്ചയവുമില്ല. ഒക്കെ മാറാലയും പൊടിയും പിടിച്ച് പ്രേതഭൂമി പോലെ. അവൾ മുത്തശ്ശിയുടെ മുറിയിലേക്ക് കടന്നു.
"കുട്ടി ശ്ശി അടുത്തോട്ട് വാ .കണ്ണ് തെളിയാഞ്ഞിട്ടാ കുട്ട്യേ."
അവളുടെ കണ്ണ് നിറഞ്ഞു. തന്റെ മുത്തശ്ശിയും ഇതുപോലായിരുന്നു.
"എന്താ കുട്ട്യേ ഇത് . കവിളൊട്ടി മെലിഞ്ഞു നീണ്ട അവളെ നോക്കി മുത്തശ്ശി പറഞ്ഞു. "
ഇപ്പോ ആരുല്ലാണ്ടായിരിക്കണ് അല്ലേ. നിന്റെ പണത്തെയാ അവൻ വേളി കഴിച്ചേ. കിട്ടില്ലാന്നായപ്പോ നിന്നെയവന് വേണ്ടാ ഇതല്ലെ കുട്ട്യേ... തൃകാലഞ്ജാനിയെപ്പോലെ അവർ പറഞ്ഞു. അച്ഛനമ്മമാരുടെ ശാപം മൂന്ന് തലമുറ കാണും .അവളുടെ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
"കഷ്ടകാലം ഒഴിഞ്ഞു പോയീന്ന് അങ്ങ്ട് നിരീക്ക്യ. ന്റെ കൂടെ കൂടിക്കോ. വെപ്പും കുടിയും നീ തന്നെ നടത്തണം. ആർക്കും വേണ്ടാത്ത എന്നേം നോക്കിയാ മതി." കാലശേഷം അവകാശം പറഞ്ഞ് ആരും വരില്ല്യ."
അതു പറഞ്ഞ് അവർ മുകളിലേക്ക് നോക്കി കിടന്നു. സങ്കടം തോന്നിയവൾക്ക്. ചെയ്തു പോയ പാപങ്ങൾക്കുള്ള പ്രായശ്ചിത്തം പോലെ തളർന്ന് വീണുപോയ മുത്തശ്ശിയും താനും ഈ വലിയ ഭാർഗ്ഗവീ നിലയത്തിൽ...
ഗ്യാസ്സടുപ്പ് കുട്ടിതമൻ കൊണ്ടു വച്ചിട്ടുണ്ട്. അത്യാവശ്യം വേണ്ട പച്ചക്കറീം. അരിയും മസാലയും. തളർന്നു പോയെങ്കിലും മുത്തശ്ശിക്ക് എല്ലാം അറിയാൻ കഴിയുന്നുണ്ട്.
വലിയ നടു വരാന്ത കഴിഞ്ഞാ ഒരിടനാഴിയാ .. സൂര്യവെളിച്ചം കടക്കാൻ കൂറ്റൻ മേൽക്കൂരയിലുള്ള രണ്ട് ചില്ലോടു മാത്രം.
നീണ്ട ഇടനാഴിയുടെ വലതുവശം അവസാനിക്കുന്നിടത്ത് നടുമുറ്റം. വലിയ തുളസിത്തറയിൽ വിളക്ക് വെക്കാറുണ്ട് കത്തിയമർന്ന തിരി കാണാനുണ്ട്... അവിടെ മൂത്താപ്പ ആളെ വച്ച് വൃത്തിയാക്കിയിട്ടുണ്ട്.
ആ വലിയ വീടിന്റെ പ്രതാപകാലം അവൾക്ക് കണക്കു കൂട്ടാവുന്നതേ ഉള്ളൂ.
പണ്ട് വല്യ പെണ്ണായേ പിന്നെ നാഗത്തറയിൽ പോവുമ്പോ മുത്തശ്ശൻ പറയുമായിരുന്നു. സർപ്പശാപം തലമുറകൾ നീണ്ടു പോവുമെന്നും തറവാട് കുളം തോണ്ടും എന്നൊക്കെ.
ഇതിലൊക്കെ വാസ്തവമുണ്ടോ എന്ന് തോന്നിപ്പോയി.
ഇടനാഴിയുടെ ഇടത്തേ അറ്റത്തുള്ള വാതിൽ അടുക്കളപ്പുറത്തേക്കാ. പഴമയുടെ പ്രതീകം പോലെ കരിപിടിച്ചാടുന്ന മൂന്ന് നാല് വലിയ ഉറികൾ . ഇടത്തേയറ്റത്ത് മച്ചിലേക്ക് നീളുന്ന കുഞ്ഞൻ ഗോവണി ചെന്ന് നിൽക്കുന്നത് കൊട്ടത്തേങ്ങ ഇടാൻ വേണ്ടിയുള്ള അട്ടത്തേക്കാണ്.
മൂത്താപ്പയുടെ ആളനക്കം അവിടെയുണ്ട്. ഒരു ചെറിയ ബെയ്സിനിൽ പാത്രങ്ങൾ കഴുകി അടുക്കിയിരിക്കുന്നു. അമ്മിക്കല്ലിന് മുകളിലായി കാണാൻ പാകത്തിന് കത്തിയും പച്ചക്കറികളും. പയറു വർഗ്ഗങ്ങൾ കരിപിടിച്ച കുറേ പാത്രങ്ങളിലായി വലിയ നീളൻ ഇരുമ്പ് തട്ടിൽ നിരത്തി വച്ചിട്ടുണ്ട്. മുത്തശ്ശിയുടെ മുറിയും അടുക്കളയും നടുമുറ്റവും ഒഴികെ മറ്റിടങ്ങളിലല്ലാം ആൾ പെരുമാറ്റം ഉണ്ടായിട്ടില്ല.
അവൾ തന്റെ പാചകം തുടങ്ങി. മുത്തശ്ശിക്ക് നീളൻ ജഗ്ഗിൽ വെള്ളം ചൂടാക്കി അകത്തേക്ക് വെച്ചു.
മൂത്താപ്പ വന്ന് ഒരു കുഞ്ഞു ഫോണും ചാർജ്ജറും കൊണ്ടു തന്നു. ഉത്തരാവാദി ത്വമുള്ള കാരണവരെപ്പോലെ ഒക്കെ നോക്കി തിട്ടപ്പെടുത്തി. അരകല്ലിന്
പകരം പഴകിയ ഒരു മിക്സി എടുത്തു തന്നു.
ഇവിടെ വേറാരും ഇല്ലേ..
അവളുടെ ചോദ്യം തികച്ചും ന്യായം.
ഒരു തറവാട് ക്ഷയിച്ചു പോവ്വാന്ന് പറഞ്ഞാ..
ഒരു മോനും കൊച്ചുമക്കളും ഒക്കെയായി പത്ത് വർഷം മുന്നേ ഇങ്ങോട്ട് പുറപ്പെട്ടതാ. കാനഡയിലായിരുന്നു. ശവം പോലും കിട്ടിയില്ല .വിമാന ദുരന്തം .മൂത്താപ്പ നെടുവീർപ്പിട്ടു.
അന്ന് വീണു പോയതാ.. ഒരു പാട് നന്മ ചെയതിരുന്ന ആളാ.. എന്തൊക്കെ മേളം ആയിരുന്നു.
ഒക്കെ ഒരു കാലം. മുൻ ജന്മ ശാപം അല്ലാതെന്താ പറയ്യ. ഞാനാ കുട്ടിയേ ഇതൊക്കെ ചെയ്തോണ്ടിരുന്നേ. കുളിപ്പിക്കാൻ ജാനു വരും. കാരണോരു പോയി ഒരാണ്ട് തികഞ്ഞില്ല എല്ലാരും പോയി.ശിവ ശിവ.
മൂത്താപ്പയെ പോലുള്ള മനുഷ്യർ ഇന്നപൂർവ്വമാ.
എന്തൊരു ആത്മാർത്ഥത . ഒന്നും മോഹിച്ചല്ല .ഈ ജന്മം ആ വീടിന് വേണ്ടി ഹോമിച്ച പോലെ.
ആത്മാർത്ഥതയുടെ കവചമണിഞ്ഞാ തന്നെ അവൻ ...
ഒന്നും ഓർക്കാൻ അവൾ ആഗ്രഹിച്ചില്ല .കുത്തരി ചോറും തൈരു കറിയും മെഴുക്കു പുരട്ടിയതും മുത്തശ്ശിയുടെ മുറിയിൽ കൊണ്ടു വച്ചു. അവരെ പിടിച്ചെഴുനേൽപ്പിച്ചു.കുഞ്ഞുരുളകളായി വായിൽ വെച്ച് കൊടുത്തു. ദൈവം അയച്ചതാ നിന്നെ. അവരുടെ കണ്ണു നിറഞ്ഞൊഴുകി. അവൾക്ക് തന്റെ മുത്തശ്ശിയെ തിരികെ കിട്ടിയ അനുഭൂതി ആയിരുന്നു.
മുത്തശ്ശീ ഒക്കെ അടിച്ചു തുടക്കട്ടെ. വരാന്തയിൽ കൈ പിടിച്ചു കൊണ്ട് വന്നാൽ വരുമോ.? വേണം പറ്റുമോ എന്നറിയില്ല കുട്ട്യേ. ജാനു ഒന്ന് രണ്ട് തവണ നോക്കിയതാ.
തൊടിയിലെ മൂവാണ്ടൻ മാവ് കാണണം. എന്തോരം കിളികളാ സന്ധ്യാ സമയം.
അടിച്ചു തുടക്കാൻ ജാനുവും കൂടി .
പേടിച്ചിട്ടാ കുഞ്ഞേ. ഞാനിതൊക്കെ തുടച്ചു കഴുകുമായിരുന്നു. പണ്ട് മുത്തശ്ശി സഹായിച്ചോരൊന്നും ഇപ്പോ ഇവിടെ വരില്ല. പ്രേത ഭൂമി എന്ന് പറഞ്ഞു.
അടിച്ചു തുടച്ച് കഴിയുമ്പോഴേക്കും സന്ധ്യ കഴിരുന്നു..മൂത്താപ്പ തുളസിത്തറയിൽ വിളക്ക് വെച്ചു. കുളിച്ച് സുന്ദരിയായി അവൾ മുത്താപ്പ വാങ്ങിയ മുണ്ടും നേരിയത്തും ഉടുത്ത് തമ്പുരാട്ടി ക്കുട്ടിയായി .
മുത്തശ്ശിയെ ജാനു കുളിപ്പിച്ചിരുന്നു. അവരെ മെല്ലെ എഴുന്നേൽപ്പിച്ചു. കാലിൽ തൊടുമ്പോ അറിയുന്നുണ്ട്. സ്നേഹസ്പർശത്തിലൂടെ ഒക്കെ ശരിയാവും. മൂത്താപ്പയും അവളും പിടിച്ച് മുത്തശ്ശിയെ വരാന്തയിൽ കൊണ്ടുവന്നു. നീളൻ മരക്കസേരയിൽ ഇരുത്തി. അവരവളെ ചേർത്തു പിടിച്ചു. നിങ്ങൾക്കായി അയച്ചതാ ഭഗവാൻ മൂത്താപ്പ പറഞ്ഞു. ഇവളെന്റെ മോളു തന്നെ. ഞാനും ഇവളും ഇപ്പോ പുനർജന്മത്തിലാ. ശരിയാ അവൾക്കും ചെയ്തു പോയ പാപങ്ങൾ ഒക്കെ കഴുകി കളയാനുള്ള പുനർജന്മം തന്നെയിത്.
(കവിതസഫൽ )
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo