നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കല്ലുകൊണ്ടൊരു...

കല്ലുകൊണ്ടൊരു...
(കഥ
ഒരു കല്ല് കൊണ്ടെന്‍റെ ജീവിതമാകെ മാറിമറിഞ്ഞെന്ന് പറഞ്ഞാല്‍, ബ്രിട്ടീഷ് രാജ്ഞിയുടെ കൈവശമുള്ള കോഹിനൂര്‍ രത്നവും ഒരു കല്ലാണെന്നറിയുന്നവര്‍ വിചാരിക്കും, ഒരു കല്ലുകൊണ്ടെന്‍റെ ദരിദ്രാവസ്ഥയാകെ എറിഞ്ഞുടക്കപ്പെട്ടിരിക്കുകയാണെന്ന്.
ആ കല്ലൊരു രത്നമൊന്നുമായിരുന്നില്ല. ആകൃതിയെന്തെന്നോ, ഭാരമെന്തെന്നോ, കരിങ്കല്ലോ, കാട്ട്കല്ലോ എന്നൊന്നുമെനിക്ക് നിശ്ചയമില്ലാത്തൊരു ധൂമകേതുവായിരുന്നു അത്.
എനിക്കതിനെക്കുറിച്ചാകെ പറയാനാവുക. അതെന്‍റെ കൈയ്യിലൊരു ക്രിക്കറ്റ്ബോള്‍ പോലെ ഒതുങ്ങുന്നതായിരുന്നു എന്ന് മാത്രമാണ്.
എന്‍റെ മനസ്സിലപ്പോള്‍ ക്രിക്കറ്റ് മാത്രമായിരുന്നു. വായുവിലേക്കുയര്‍ന്ന് ചാടി സഹീര്‍ഖാന്‍ എറിഞ്ഞൊരു 'യോര്‍ക്കര്‍ അത് ബാറ്റ്സ്മാന്‍റെ പാദത്തിനിടയിലൂടെ ഒരു റോക്കറ്റ് പോലെ പാഞ്ഞുകയറി, മോശം ഫോമിലുള്ള ഒരു ബാറ്റ്സ്മാന്‍റെ കരിയറത് എന്നേക്കുമായി അവസാനിപ്പിച്ചിട്ടുണ്ടാകാം, ഒരു തുടക്കക്കാരന്‍റെ പ്രതീക്ഷകളുടെ വെയില്‍സത് തട്ടിത്തെറിപ്പിച്ചിട്ടുണ്ടാകാം ഒരു ടീമിനെ വിജയത്തിലേക്കെത്തിച്ചിരിക്കാം മറ്റൊന്നിനെ പരാജയത്തിന്‍റെ പടുകുഴിയിലേക്ക് തള്ളിയിട്ടുമുണ്ടാകാം.
അതൊന്നുമല്ല കാര്യം, ഞാനാ യോര്‍ക്കറിന് മുമ്പുള്ള നിമിഷങ്ങളെ മനസ്സില്‍ സ്മരിച്ചു. വായുവിലേക്കുയര്‍ന്നു ചാടാനോടുന്ന സഹീര്‍. സര്‍വ്വശക്തിയും ഞാനെന്‍റെ ഇടത് കൈയ്യിലേക്കാവാഹിച്ചു (ഞാന്‍ ജന്‍മനാ വലം കയ്യനും, അഞ്ചരയടിക്കാരനുമായിരുന്നു - പക്ഷെ ആ ഒരു നിമിഷം സഹീര്‍ എന്നിലേക്ക് പരകായ പ്രവേശനം നടത്തി, കൈകാലുകള്‍ നീണ്ട് നിവര്‍ന്ന് പേശീബലിഷ്ടമായി, കണ്ണുകളില്‍ ലക്ഷ്യം ഭേദിക്കുന്നൊരു കൃത്യത പാഞ്ഞുകയറി)
വായുവിലേക്കുയര്‍ന്ന് ചാടിയ ഞാന്‍ കൈയ്യിലിരുന്ന കല്ല് 100 മൈല്‍ വേഗത്തില്‍ 'ബൗള്‍' ചെയ്തു. അക്തറിനേക്കാള്‍, ബ്രറ്റ് ലീയേക്കാള്‍, സഹീറിനേക്കാള്‍ വേഗത്തില്‍. കല്ലെന്‍റെ കൈവിട്ട് പോയപ്പോള്‍ എന്‍റെ വിരലുകള്‍ കോച്ചി വേദനിച്ചു. അത്ര ശക്തമായൊരു കൈചുഴറ്റലായിരുന്നു അത്. ആ കല്ല് പോയി കുത്തുന്നിടം കുഴിഞ്ഞ് മണ്ണ് തെറിക്കുന്നത് ഞാനെന്‍റെ മനസ്സില്‍ കണ്ടു.
********* ********** **********
ഞാന്‍ കാലായി കൂനിക്കൂടിയിരുന്ന് പശുക്കക്കൊള്ള പുല്ല് ചെത്തുവാരുന്നു. ഏതാണ്ടൊരു സാമാനം മൂളിപ്പറന്ന് വന്നെന്‍റെ നെറുകം തലെ കൊണ്ടു. 'എന്‍റമ്മച്ചിയേ' എന്‍റെ ലോകം രണ്ടായി പൊട്ടിക്കീറി, രണ്ട് കണ്ണിലോട്ടും ചുടുചോര ഒലിച്ച് വന്നു. ഏലത്തിന്‍റെ എലേലോട്ടും ചോകര ചീറ്റിത്തെറിച്ചു. ചുറ്റുമൊണ്ടാരുന്ന എലകളിലെ ഇരുണ്ട പച്ചപ്പ് എന്‍റെ കണ്ണിലോട്ട് പടര്‍ന്ന് കേറി, അതോടെ ചുട് ചോരേടെ നെറോം മണോം, ചൂടും ഇല്ലാതായി.
ഞാന്‍ നെലവിളിക്കാനോ കൈയ്യും കാലുമിട്ടടിക്കാനോ ഒന്നും പോയില്ല, കാരണം എന്‍റെ സ്വന്തം പട്ടയഭൂമിക്കാത്ത് ഒരു മൂളിപ്പാട്ടും പാടിയിരുന്നോണ്ട് പശുക്കക്കൊള്ള പുല്ല് ചെത്ത് ന്നേന്‍റെടെല്‍ ആകാശമൊന്നും ഇടിഞ്ഞ് വീഴാന്‍ പോണില്ലെന്നെനിക്കൊറപ്പൊണ്ട്.
വിശേഷിച്ചും 'ദൈവസ്നേഹം വര്‍ണ്ണിച്ചിടാന്‍ വാക്കുകള്‍ പോരാ' എന്ന പാട്ടും മൂളിയിരുന്നോണ്ട് പുല്ലു ചെത്തുമ്പം. എന്‍റെ ലോകം നൂറായിട്ട് പൊട്ടി ചെതറിയാലും കര്‍ത്താവെന്നെ മരണത്തിലോട്ട് തള്ളിവിടത്തില്ല. പിന്നെ ഞാനെന്നേത്തിനാ കെടന്നോണ്ട് നെലവിളിക്കുന്നെ...?
******** ********** ***********
ഈ വാക്കുകള്‍ എന്‍റേതായിരുന്നില്ല. ഏലചെടികളിലേക്ക് ചീറ്റിത്തെറിച്ചുകൊണ്ടിരുന്ന ചോര എന്‍റേതായിരുന്നില്ല. 'ദൈവസ്നേഹം വര്‍ണ്ണിച്ചിടാന്‍ വാക്കുകള്‍ പോരാ' എന്ന പാട്ടില്‍ നിന്നും വേര്‍പെട്ട് മേല്‍പ്പോട്ടുയര്‍ന്നുപോയ ജീവനും എന്‍റേതായിരുന്നില്ല.
ഒറ്റ 'യോര്‍ക്കറിന്' ശേഷം സഹീര്‍ എന്നില്‍ നിന്ന് കുടിയിറങ്ങി പോയതുപോലെ മറ്റപ്പറമ്പിലെ ജോയിച്ചേട്ടനും എന്‍റെ ഉള്ളില്‍ നിന്നും ഊര്‍ന്ന് വീണ് കിടന്ന് പിടഞ്ഞു. തലയിറുത്ത് മാറ്റിയ തുമ്പിയുടെ ചിറകുകള്‍ പോലാ ദേഹം വിറകൊണ്ടു. ആ കല്ല് കൈകൊണ്ടെടുത്തതിന്‍റെ അന്തിമ വിധിയായി, ഞാനയാളുടെ കൊലപാതകിയായി നിന്ന് വിറക്കുകയാണ്.
ജോയിച്ചേട്ടന്‍റെ തലയുടെ പിളര്‍പ്പിലൂടെ ചോര ചീറ്റിക്കൊണ്ടിരുന്നു. മൂര്‍ച്ചയുള്ള പുല്ലരിവായും ചെത്തിയ പുല്ലും ചോരത്തുള്ളികളുമായി അനാഥമായി കിടക്കുന്നു.
ആ കല്ല് മാത്രം അടുത്തെങ്ങും കാണാനില്ല. ഈ ലോകത്ത് നിന്ന് തന്നെ അത് അപ്രത്യക്ഷമായപോലെ.
തലയുടെ പിളര്‍പ്പില്‍ നിന്നും തിളച്ച് മറിഞ്ഞ് വരുന്ന വേദനയും ചുട് ചോരയെ ചെറുക്കാനെന്നപോലെ രണ്ട് കൈകളും സ്വന്തം തലയിലമര്‍ത്തി ഞാനയാളുടെ തലക്കലേക്ക് കുത്തിയിരുന്നു.
എന്നെയീ നരകത്തിലേക്ക് തള്ളി വിട്ടതിന്‍റെ ഉത്തരവാദിയെപ്പോലെ ഒരു "മണിയനീച്ച" ചുട് ചോരക്ക് ചുറ്റും മൂളിപ്പറന്നു. ഞാനാ കല്ല് കൈയ്യിലെടുക്കുമ്പോഴെ ഈ "മണിയനീച്ച" ജോയിച്ചേട്ടനെ ചുറ്റിപ്പറക്കാന്‍ തുടങ്ങിയിരിക്കണം. അതെനിക്കും ശവത്തിനുമിടയിലെ ഭീതി വളര്‍ത്തിക്കൊണ്ടൊരു നീല നിറത്തില്‍ തലങ്ങും വിലങ്ങും വായുവിന് കീറലിടുകയാണ്,ചെകുത്താന്‍റെ കവണയില്‍ നിന്നും തെറിച്ച്, കണ്ണിന് പിടിതരാതെ..
********** ************ **********
ഈ ലോകം മുഴുവന്‍ ശോകമൂകമായി പോയൊരു രാത്രിയാരുന്നത്. ഏലക്കാടിനെടേലെ ഏതോ കുന്നിന്‍ചെരുവീന്ന്, മറ്റേതോ ലോകത്തൂന്ന് കേക്കുന്നപോലെ ഒരുപാട്ട് മൈക്കീക്കൂടെ കേക്കാരുന്നു. വേറെയൊരു ഒച്ചേയനക്കോമില്ല.
എട്ടേക്കര്‍ ഏലക്കാടിന് നടുക്ക് ഞങ്ങടെ വല്യ വീടും ഒറങ്ങിക്കിടന്നു.
പത്ത്മണി കഴിഞ്ഞ്കാണും, ജോബിനും, ജാനെറ്റും 'ഒറങ്ങിയെന്നു തോന്നുന്നു. കതകേലൊരു മുട്ട് കേട്ട് 'ഡൈനിംഗ് ടേബിളെ തലവെച്ച് കിടക്കുവാരുന്ന ഞാനങ്ങ് ഞെട്ടിപ്പോയി.
ജോയിച്ചന്‍ മരിച്ചിട്ടിന്നേക്ക് പതിനൊന്ന് ദെവുസിയായി, ഇത് വരെയും ഒരു ശല്യോേം ഒണ്ടാക്കീട്ടില്ല. ഒറക്കത്തിലൊരു സ്വപ്നമായിപോലും വന്ന് എന്നെയോ പിള്ളേരെയോ ഒന്ന് പേടിപ്പിച്ചിട്ടില്ല. ജീവിച്ചിരുന്നപ്പഴത്തെ ചെല സ്വഭാവോം പെരുമാറ്റോമൊക്കെ കണ്ട് ഞാന്‍ തന്നെ ആഗ്രഹിച്ച് പോയിട്ടൊണ്ട് ' ദൈവമേ ഈ പണ്ടാരക്കാലനൊന്ന് ചത്ത് തൊലഞ്ഞിരുന്നെങ്കിലെന്ന്'
ജോയിച്ചന് പശുക്കടേം എരുമകടേം മുശുക് വാട മാത്രമല്ല സ്വഭാവോം ചെലനേരം കന്ന് കാലികടേതുപോലാരുന്നു. എന്നെ അടുപ്പും പാതകത്തേലോട്ട് കൈ കുത്തി നിര്‍ത്തി, വിത്ത് കാളേപ്പോലെ പൊറകീന്ന്....
പതിനെട്ട് കൊല്ലം മുമ്പ് പ്രീഡിഗ്രി ജയിച്ച എനിക്ക് ജീവിതത്തി പല പ്രതീക്ഷകളുമൊണ്ടാരുന്നു. സി.എം.എസില്‍ പോയി പടിക്കണം. പിന്നെ കോട്ടയം ടൗണിത്തന്നൊരു ജോലി. കല്യാണത്തെക്കുറിച്ചോ കുടുംബജീവിതത്തെക്കുറിച്ചോ ഒന്നും ഞാന്‍ ചിന്തിച്ചിട്ടേയില്ലാരുന്നു.
കോട്ടയം പട്ടണത്തെക്കുറിച്ചുള്ള പലവിധ വിചാരങ്ങളുമായി കൈയ്യിലൊരു മനോരമ ആഴ്ചപ്പതിപ്പും ചുരുട്ടിപ്പിടിച്ച് കാഞ്ഞിരപ്പള്ളീലെ ഒരു റബര്‍ തോട്ടത്തിക്കൂടെ നടന്നുപോയ എന്നെ ജോയിച്ചന്‍ ഒരു വെളുത്ത മാരുതി കാറിലിരുന്ന് കണ്ടു.
അന്ന് വൈകുന്നേരം ' വെളുത്ത മാരുതി' ഞങ്ങടെ ഓടിട്ട വീടിന്‍റെ നടുമുറ്റത്തോട്ട് വന്ന്നിന്നു. അതിന്‍റെകത്തൂന്ന് വെളുത്ത ളോഹയിട്ട വികാരിയച്ചനും, വെളുക്കെ ചിരിച്ചോണ്ട് ജോയിച്ചനും എറങ്ങി.
എന്‍റപ്പനാ വെള്ള മാരുതീം, വെളുത്ത് തുടുത്ത ജോയിച്ചനേം വല്ലാതങ്ങ് ബോധിച്ചു.ജോയിച്ചന്‍റെ വെളുപ്പും മുഴുപ്പും പത്രാസുമൊക്കെ കണ്ട ഞാനും സി.എം.എസിലെ പടിപ്പും കോട്ടയം പട്ടണത്തിലെ ജോലീമൊക്കെ തല്ക്കാലത്തേക്കങ്ങ് മറന്നു.
ജോയിച്ചനെ ജനലിക്കൂടെ ഒളിഞ്ഞ് നോക്കിക്കൊണ്ട് അനിയത്തിമാരിലൊരുത്തി പറഞ്ഞ വാക്കുകള്‍ എനിക്കാകെ ഒരു കോരിത്തരിപ്പൊണ്ടാക്കി
"നല്ല സിംപളന്‍ ചെറുക്കനാടി ചേച്ചീ നിങ്ങടെ കെട്ടെങ്ങാനും നടന്നാ നല്ല വെളുവെളുത്ത് സായ്പ്പിന്‍ കുഞ്ഞുങ്ങളെപ്പോലത്തെ പിള്ളാരൊണ്ടാകും".
അന്ന് മറന്ന ജോലീം പടിപ്പുമൊക്കെ പിന്നെ ഞാനോര്‍ക്കുന്നത് ജോയിച്ചന്‍ കന്ന്കാലിക്കൂട്ടീന്ന് കഴുകാത്ത കാലുമായി കേറിവന്ന് തറേലെല്ലാം ചാണകോം ചവുട്ടിത്തേച്ച് അതിന്‍റെ വാടേമായി അടുക്കളേലോട്ട് വരുമ്പഴാണ്.
വീണ്ടും വീണ്ടുമാ മുട്ട് കേട്ടപ്പം ഞാന്‍ ടേബിളേന്ന് തലപൊക്കിനോക്കി. ജോയിച്ചന്‍റെ പ്രേതമാണോ? കന്നുകാലീടെ വാടേം സ്വഭാവോമാരുന്നേലും ഇല്ലാതായപ്പഴാ അങ്ങേരടെ വെല അറിയുന്നത്. എന്‍റയുള്ളിലെ പേടി സങ്കടമായി, ഞാനെഴുന്നേറ്റ് വാതുക്കലേക്ക് നടന്നു. പ്രേതവായിട്ടാണേലും ഒന്ന് കാണാവല്ലോ... കാഞ്ഞിരപ്പള്ളീലെ വീട്ടില്‍ അന്ന് പെണ്ണു കാണാന്‍ വന്നപ്പഴത്തെ അതേ ഉല്‍സാഹത്തോടെയും ആകാംഷയോടെയും ഞാന്‍ കതക് തൊറന്നു.
********** *********** ***********
ഗ്രേസിച്ചേച്ചി വന്ന് വാതില്‍ തുറന്നതും അവരുടെ മുഖത്തിന് മുമ്പേ ഞാന്‍ കണ്ടതവരുടെ നിറഞ്ഞ മാറിടമായിരുന്നു. വാഴത്തടപോലെ കൊഴുത്തുരണ്ട കൈകളും, ഞാന്‍ കണ്ണുകളുയര്‍ത്തിയപ്പോഴവരുടെ തുടുത്ത കവിളുകളും ചെറിപ്പഴം പോലുള്ള ചുണ്ടുകളും കണ്ടു.
കുറ്റബോധത്തോടെ മുഖം കുനിച്ച് മുഖവുരയൊന്നും കൂടാതെ ഞാനവരോട് പറഞ്ഞു:
'" ചേച്ചീ... ജോയിച്ചേട്ടനെ കല്ലെറിഞ്ഞ് കൊന്നത് ഞാനാണ്. അറിഞ്ഞോണ്ടല്ല. അങ്ങനെ പറ്റിപ്പോയി. ചേച്ചിയിനി ജോയിച്ചേട്ടന്‍റെ സ്ഥാനത്ത് എന്നെ കാണണം. ഇനിയുള്ള കാലം ചേച്ചിക്കും പിള്ളേര്‍ക്കും വേണ്ടി ഞാന്‍ അദ്ധ്വാനിച്ച് ജീവിച്ചോളാം."
ഞാനവരുടെ മുഖത്തേക്ക് കണ്ണുകളുയര്‍ത്തി നോക്കാതെയാണ് ഇത്രയും പറഞ്ഞത്. അവര്‍ സമ്മതം മൂളുന്ന പക്ഷം അവരുടെ മാദക രൂപത്തിലേക്ക് അള്ളിപ്പടര്‍ന്ന് കയറി, ചെറിപ്പഴം പോലുള്ള അവരുടെ ചുണ്ടുകള്‍ കടിച്ചു ചുമ്പിക്കാന്‍ എന്‍റെ മനസ്സ് വെമ്പി.
അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുന്നേ ആര്യന്‍മാരുടെ അധിനിവേശ സംഘത്തില്‍, ഇവരൊരു രാജകുമാരിയായിരുന്നു. അവര്‍ക്കൊരു കുഞ്ഞ് കിരീടമുണ്ടായിരുന്നു. വര്‍ണ്ണ നൂലുകള്‍ കൊണ്ട് തുന്നിയുണ്ടാക്കിയ മുലക്കച്ചയും മുട്ടോളം മാത്രമെത്തുന്ന വസ്ത്രങ്ങളുമായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. അവരുടെ കൊഴുത്തുരണ്ട തുടകള്‍ പാതിയും അനാവൃതമായിരുന്നു. 'ആര്യന്‍മാരന്ന് തുരത്തിയോടിച്ച 'കറുത്ത് കുറുകിയവരില്‍ ഞാനുമുണ്ടായിരുന്നു. . എനിക്കവളുടെ ചെവിയൊപ്പം മാത്രമേ ഉയരമുണ്ടായിരുന്നുള്ളൂ.ക്രൂരമായി പുഞ്ചിരിച്ച അവളുടെ വെള്ളാരം കണ്ണുകളില്‍,എനിക്കെന്‍റെ വേഗവും നഷ്ടമായി കഴുത്ത് തിരിച്ചുള്ള എന്‍റെഓട്ടം ചെന്ന് വീണത്‌,ഒരു കരിങ്കല്ലില്‍ തട്ടിയായിരുന്നോ,അതോ ഉറയൂരിപ്പിടിച്ച ഒരു വാള്‍മുനയിലോ..
അവര്‍ വാതില്‍ കൊട്ടി അടക്കുന്നതിന്‍റെ ശബ്ദം കേള്‍ക്കാഞ്ഞപ്പോള്‍ പതുക്കെ ഞാന്‍ മുഖമുയര്‍ത്തി നോക്കി. വിചിത്രമായൊരു കാഴ്ച ഞാനപ്പോള്‍ കണ്ടു. എന്നേക്കാളധികമുണ്ടായിരുന്ന അവരുടെ ഉയരം എന്‍റെ ഉയരത്തിലേക്ക് ചുരുങ്ങിവരുന്നു,.
അവരുടെ ത്വക്കിന്‍റെ വെളുപ്പു നിറം മങ്ങിക്കൊണ്ടിരുന്നു,മൂടല്‍മഞ്ഞ് ഇരുളില്‍ ലയിക്കുംപോലെ. ചുണ്ടുകളുടെ ചുവപ്പ,് മുറ്റത്ത് വിരിഞ്ഞു ചുവപ്പ് റോസിലേയ്ക്ക് ബാഷ്പീകരിക്കപ്പെട്ടു.
മാറിടത്തിന്‍റെ മുഴുപ്പും ശരീരത്തിന്‍റെ കൊഴുപ്പുമെല്ലാം നിമിഷനേരംകൊണ്ട് അപ്രത്യക്ഷമായി, മെറൂണ്‍ നിറത്തിലുള്ള അവരുടെ നൈറ്റ് ഗൗണ്‍ മാത്രം അയഞ്ഞു തൂങ്ങി അവശേഷിച്ചു.
അതിനുള്ളില്‍ കറുത്തു കുറുകിയതും മെലിഞ്ഞൊട്ടിയതുമായ എന്‍റെ തന്നെ സ്ത്രീ രൂപം അവശേഷിച്ചു. ഞാനെന്ന സ്ത്രീയും പുുരഷനും പരസ്പരം മുഖാമുഖം നോക്കിനിന്നു.
******* ******** *********
യാഥാര്‍ത്ഥ്യമെന്നെ പതിനൊന്ന് ദിവസങ്ങള്‍ പിന്നിലേക്കടിച്ച് ജോയിച്ചേട്ടന്‍റെ തലയ്ക്കല്‍ കൊണ്ട് ചെന്നിരുത്തി. അവിടെ ചോരയുടെ ചൂടാറിത്തണുത്ത് ജോയിച്ചേട്ടന്‍റെ ശവം ഈച്ചയാര്‍ത്ത് കിടന്നു. കെട്ടുകഥകളോ മനോരാജ്യങ്ങളോ കൊണ്ടെനിക്കതിനെ ഇല്ലാതാക്കാനായില്ല.
യാഥാര്‍ത്ഥ്യം ജോയിച്ചേട്ടന്‍റെ ശുചിത്വമില്ലായ്മയെയും, ഗ്രേസിച്ചേച്ചിക്ക് അങ്ങേരോടുണ്ടായിരുന്ന വെറുപ്പിനെയും ഇല്ലാതാക്കി. ഒന്നരപതിറ്റാണ്ട് മുന്‍പ് കാഞ്ഞിരപ്പള്ളിയില്‍ അവര്‍ക്കുണ്ടായിരുന്ന, ഓടിട്ട പഴയ തറവാട് വീടും കോട്ടയം പട്ടണത്തിലെ ജോലി മോഹവുമെല്ലാം മാഞ്ഞില്ലാതായി.
അവരുടെ ജീവിതവും ഭൂതകാലവും എനിക്ക് തീര്‍ത്തും അജ്ഞാതമായി.
ഞാനോടുകയായിരുന്നു. യാഥാര്‍ത്ഥ്യത്തിനും കെട്ടുകഥകള്‍ക്കും, ദിവാസ്വപ്നങ്ങള്‍ക്കുമിടയിലൂടെ. ഞാനെന്‍റെ നാടുവിട്ട് നഗരങ്ങളിലേക്ക് പോയി. അപരിചിതമായ നഗരങ്ങള്‍. ബസ്റ്റാന്‍റുകളിലും, റയില്‍ വേ സ്റ്റേഷനുകളിലും സ്ഥാപിച്ചിട്ടുള്ള വലിയ സ്ക്രീനുകളില്‍ എന്‍റെ ഭയന്ന രൂപവും, തലപൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന ജോയിച്ചേട്ടന്‍റെ ചിത്രവും മാറിമാറി തെളിയുന്നു.
പോലീസുകാരും അജ്ഞാതരായ ഒരുപറ്റം അക്രമികളും ചേര്‍ന്നെന്നെ നിരന്തരം വേട്ടയാടുകയാണ്. അവരുടെ തോക്കുകളില്‍ നിന്നും ചില വെടിയുണ്ടകള്‍ എന്‍റെ നെഞ്ചില്‍ തന്നെ തുളച്ച് കയറി. അപ്പോഴൊക്കെയും ഞാന്‍ ഒരു ഭീകരവാദിയുടെയോ, കൊടും കുറ്റവാളിയുടെയോ, രാജ്യദ്രോഹിയുടെയോ, മൃതദേഹത്തിന്‍റെ ചോരയിറ്റുന്ന കൂട് വെടിഞ്ഞ് ഇറങ്ങിയോടി.
രാജ്യാതിര്‍ത്തികളില്‍ നിന്ന്..
രാജ്യ തലസ്ഥാനത്തുനിന്ന്..
ഉത്തരേന്ത്യയിലെ ഏതെങ്കിലും കുഗ്രാമങ്ങളില്‍ നിന്ന്...
ഗോതമ്പ് വയലുകളിലൂടെ...
മരുഭൂമികളില്‍...മുള്‍ക്കാടുകള്‍ക്കിടയിലൂടെ..
വളഞ്ഞ് പിടിക്കപ്പെടുമ്പോഴും മരണം കൊണ്ട് ഞെരുക്കപ്പെടുമ്പോഴുമെല്ലാം എനിക്ക് സ്വപ്നത്തില്‍ നിന്നും ജീവിതത്തിലേക്കുള്ള -യാഥാര്‍ത്ഥ്യത്തിലേക്കല്ല -ഓരോ വാതിലുകള്‍ തുറന്ന് കിട്ടി. അപ്പോഴെല്ലാം ജോയിച്ചേട്ടന്‍റെ ശവം അങ്ങനെ തന്നെ അവിടെ ഈച്ചയാര്‍ത്ത് കിടന്നു. ഞാന്‍ അതിന്‍റെ തലയ്ക്കല്‍ താടിക്ക് കൈകൊടുത്ത് കുത്തിയിരുന്നു..
( ഫ്രഞ്ച് സംവിധായകന്‍ റോബര്‍ട്ടോ എന്‍ റിക്കോയുടെ വിഖ്യാത ചലച്ചിത്രം: എന്‍ ഒക്കറന്‍സ് അറ്റ്‌ ഓള്‍ ക്രീക്ക്‌ ബ്രിഡ്ജ് -1962- മാറ്റമില്ലാത്ത ഒരു ദുരന്തത്തില്‍ നിന്നും അതിജീവനം കൊതിക്കുന്ന ഒരു മനുഷ്യന്‍ വ്യാമോഹങ്ങളിലൂടെയും ദിവാ സ്വപ്നങ്ങളിലൂടെയും എങ്ങനെയെല്ലാം സഞ്ചരിക്കുന്നു എന്നതിന്‍റെ ക്ലാസിക് ഉദാഹരണം ആണ്.ദിവാസ്വപ്നതിനോടുവില്‍ ദുരന്തം ഒരു യാഥാര്‍ത്ഥ്യമായി അങ്ങനെ തന്നെ അവശേഷിക്കുന്നു, ഇ കഥയുടെ ബാഹ്യ പ്രകൃതിയും അത് തന്നെ.
പ്രിയ സുഹൃത്ത്‌ രാജേഷ്‌ ദാമോദരന്‍ ,എന്‍റെ കഥകളുടെ പൊതുസ്വഭാവത്തെ കുറിച്ച് പറഞ്ഞത് ദുര്‍ഗ്രാഹ്യം എന്നാണ്.അദ്ധേഹത്തിന്റെ അഭിപ്രായത്തോട് കുറച്ചെങ്കിലും നീതി പുലര്‍ത്തുന്ന ഒരു കഥയാണിത്,അദ്ധേഹത്തിന്റെ ദുര്‍ഗ്രാഹ്യതക്ക് മുന്നില്‍ തന്നെ സമര്‍പ്പിക്കുന്നു)

Sunu

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot