Slider

അജ്ഞാത കാമുകൻ

0
അജ്ഞാത കാമുകൻ :- എപ്പോഴാണ് ഒരാൾ മൃദുല വികാരങ്ങൾക്കടിമപ്പെടുക എന്ന് പ്രവചിക്കാൻ സാധ്യമല്ല. ഈയിടെയായി ശോകമാണ് അയാളുടെ മുഖത്ത്. ശോക കാരണം പുറത്ത് പറയാൻ വയ്യ. അതു കൊണ്ട് ഹൃദയത്തിൽ ഒരു വിങ്ങലും വീർപ്പുമുട്ടലും. പഴയ കാല പ്രണയഗാനങ്ങളും ശോകഗാനങ്ങളും കേട്ട് സിഗരറ്റ് പുകയ്ക്കുകയാണ് ഇപ്പോഴത്തെ ദിനചര്യകളിൽ മുഖ്യം! സുന്ദരിയായ ഭാര്യയും നാലു കുട്ടികളുമുള്ള അയാൾക്ക് ഇതിന്റെ വല്ല ആവശ്യമുണ്ടോ? പോരാത്തതിന് നൂറു കൂട്ടം സാമ്പത്തിക പ്രശ്നങ്ങളും! അയാൾ കൂടെ കൂടെ മൊബൈലെടുത്ത് ഒരു സ്ത്രീയുടെ പ്രൊഫൈൽ പരിശോധിക്കും. അതിലെ അവളുടെ കുറേ ഫോട്ടോകളാണ് ഇപ്പോൾ ചിന്താവിഷയം! ചുരുക്കി പറഞ്ഞാൽ ആ ഫോട്ടോകളുമായി അയാൾ പ്രണയത്തിലാണ്. സ്ത്രീകൾ കെണിവലകളാണ് എന്ന് അയാൾ പല അവസരങ്ങളിലും പറഞ്ഞിട്ടുണ്ട്. പ്രണയത്തെ അയാൾ വിളിച്ചിരുന്നതു പോലും പ്രണയരോഗം എന്നായിരുന്നു. എന്നാലിപ്പോൾ അയാൾ ആ ഫോട്ടോകളിൽ നോക്കി ലജ്ജയില്ലാതെ അവളെ പ്രണയിച്ചു. അവളുടെ നക്ഷത്രം മിന്നുന്നത് പോലുള്ള കണ്ണുകൾ, നാസിക, പ്രകാശം തുളുമ്പുന്ന കവിളിണകൾ, പിന്നെ ചുണ്ടുകളിലെ പ്രണയമൊളിപ്പിച്ച പുഞ്ചിരി, ഇതെല്ലാം നോക്കി അയാൾ നിഗൂഡമായ ഏതോ സ്വപ്നപദ്ധതികളാവിഷ്കരിക്കുകയാണ്! ഇതിന്റെയെല്ലാം വല്ല ആവശ്യവുമുണ്ടോ എന്ന് ചുറ്റും നിന്ന് ആരോ ചോദിക്കുന്നതുപോലെ തോന്നുന്നുണ്ട് അയാൾക്ക് ഇടക്കിടെ! പക്ഷെ അയാൾ പൂർണമായും കീഴ്പ്പെട്ടു കഴിഞ്ഞു. ഊണിലും ഉറക്കത്തിലും അവൾ തന്നെ ചിന്താവിഷയം. ഈ പരിതാപകരമായ പ്രണയ ചിന്ത എത്രയോ മനുഷ്യരുടെ എത്രയോ വിലപ്പെട്ട സമയം അപഹരിച്ചതാണ് എന്നയാൾ ഇടക്കിടെ സ്വയം ചോദിക്കുന്നുണ്ട്. എങ്കിലും യാഥാർത്ഥ്യത്തിന്റെ മുഷിപ്പുളവാക്കുന്ന ആവർത്തനങ്ങളിൽ നിന്നും ഒരു മോചനമെന്ന നിലയിൽ അയാൾ വീണ്ടും വീണ്ടും ചിന്തകളെ അവൾക്കായി സമർപ്പിച്ചു! പഴയ പ്രണയഗാനങ്ങൾ കൂടിയായപ്പോൾ ആ സ്വപ്ന ലോകം കൂടുതൽ കൂടുതൽ പ്രണയാർദ്രമായി തീർന്നു. യാഥാർത്ഥ്യങ്ങൾക്ക് ഇവിടെ സ്ഥാനമില്ല. അയാളുടെ മനോപ്രപഞ്ചത്തിന്റെ കടിഞ്ഞാൺ അയാൾ ചലിപ്പിക്കുന്നത് ഇപ്പോൾ അവളെ കുറിച്ചുള്ള സ്വപ്നങ്ങൾക്കായാണ്. അവൾ സിരകളിൽ പടർന്നു കയറി. അവളെ കുറിച്ചുള്ള വിചാരങ്ങൾ അയാളെ അപഹരിച്ചു. പക്ഷെ അകലെ ആ ഫോട്ടേയിലെ സ്ത്രീ ഇതൊന്നുമറിയാതെ ചിന്തകളിൽ പോലും അയാളില്ലാതെ അവളുടെത് മാത്രമായ മറ്റൊരു ലോകം പണി തീർക്കുന്ന തിരക്കിലായിരുന്നു!! അയാൾ സ്വയം ചോദിച്ചു: "എന്റെ പ്രണയം എന്നെങ്കിലും അവൾ അറിയുമോ?"

Kadarsha
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo