നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒരു അമ്മപ്പിറന്നാളിന്റെ ഓർമ്മക്ക്‌..!!

ഒരു അമ്മപ്പിറന്നാളിന്റെ ഓർമ്മക്ക്‌..!!
" ഈ തിരുവോണം അമ്മയുടെ അറുപതാം പിറന്നാളാണ് .. ഓർമയുണ്ടാവണം "
നാട്ടിൽ വിളിച്ചപ്പോൾ അച്ഛൻ ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചു ... അമ്മയുടെ പിറന്നാൾ ഞങ്ങളാരും ഒരിക്കലും മറക്കാറില്ല .. ചിങ്ങത്തിലെ തിരുവോണം ...! എന്നാലും അച്ഛൻ ഇടക്കിടക്ക് ഓർമ്മിപ്പിക്കും ..
" ഓണത്തിന് നിങ്ങളെല്ലാരും മസ്കറ്റിൽ അല്ലെ .. നമുക്കീ ഓണം അടിച്ചു പൊളിക്കാം ... ഞാൻ ഓഫൊക്കെ റെഡിയാക്കീട്ടുണ്ട് .. അതുകൊണ്ട് ഓർമ്മയില്ലാതെ പോകുന്ന പ്രശ്നം ഇല്ലല്ലോ അച്ഛാ "
ഞാൻ അച്ഛനെ സമാധാനിപ്പിച്ചു
ഇനി നാലു ദിവസം കൂടിയേയുള്ളൂ അച്ഛനും അമ്മയും മോനും നാട്ടിൽ നിന്നും വരാൻ .. ഞാൻ ഫ്രിഡ്ജ് തുറന്നു നോക്കി ... ഫുട് ബോൾ കളി കഴിഞ്ഞ സ്റ്റേഡിയം പോലെയുണ്ട് ... ശൂന്യം!!
അമ്മയിവിടെ ഉണ്ടായിരുന്നപ്പോൾ തിങ്ങി നിറഞ്ഞിരുന്ന ഫ്രിഡ്ജാ .. എന്റെ ഭരണ കാലമായപ്പോഴേക്കും ഈ ഗതിയായി .. നിലവിൽ സാമ്പാർ മൂന്നാം വാരവും തോരൻ ഒന്നാം വാരവും വിജയകരമായി പ്രദർശനം തുടരുന്നു.. സഞ്ചുവും അബുദാബി പോയതോടെ ഇതാണ് അവസ്ഥ ... എന്തുണ്ടാക്കിയാലും തീരുന്നില്ല എന്നതായിരുന്നു പ്രശ്നം .. ഒന്നും കളയാൻ മനസുമില്ല ..
അമ്മയെങ്ങാനും ഒരു സർപ്രയിസ് വിസിറ്റ് നടത്തിയാൽ അന്ന് തീരും മസ്കറ്റ് ജീവിതം .. വീട്ടിലൊട്ട്‌ ഫോൺ ചെയ്യുമ്പോൾ ' നീ ഇന്ന് എന്തുണ്ടാക്കി ?? എന്തു കഴിച്ചു ??' എന്ന ചോദ്യം അമ്മ ചോദിക്കും എന്നുറപ്പുള്ളതുകൊണ്ട് മെനു മുൻകൂട്ടി മനസ്സിൽ പറഞ്ഞുറപ്പിച്ച് വെച്ചിരിക്കും ഞാൻ..
പെട്ടെന്നൊരു ദിവസം അമ്മവന്നാൽ എന്റെ കള്ളത്തരമെല്ലാം പൊളിഞ്ഞു പാളീസാവും.. ഓഫ് കിട്ടുമ്പോൾ മാത്രം വീടു വൃത്തിയാക്കുന്ന എന്റെ ഉടായിപ്പ് പരിപാടിയൊന്നും അമ്മക്ക് ദഹിക്കില്ല .. ദിവസവും രാവിലെയും വൈകിട്ടും വീട് തൂത്തുവാരണം .. ദിവസവും തുടക്കണം .. ഇതൊക്കെയാണ് അമ്മയുടെ ചിട്ട ..!! ആ അമ്മ വളർത്തിയ മോൾ എങ്ങനെ ഇങ്ങനെ തലതിരിഞ്ഞു പോയെന്ന് സത്യമായും എനിക്കിപ്പോഴും മനസ്സിലായിട്ടില്ല !!
നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് തോന്നുമ്പോൾ ഉറങ്ങിയുണർന്ന് തോന്നുമ്പോ ആഹാരം കഴിക്കുന്ന എന്റെ പതിവ് കലാപരിപാടിക്ക് കുറച്ചു ദിവസത്തേക്ക് കടിഞ്ഞാൺ വീഴാൻപോകുന്നു .. രാവിലത്തെ ആഹാരം കഴിഞ്ഞ് കിടന്നുറങ്ങിയാൽ രണ്ടുമണിക്ക് മുൻപേ ഉണർന്ന് ഉച്ചക്കുള്ള ഊണ് കഴിച്ചിരിക്കണം .. അതാണ് അമ്മയുടെ നിയമം.. തെറ്റിച്ചാൽ മോളിത്രയും വളർന്നുവെന്നോ ഉദ്യോഗസ്ഥയാണെന്നോ ഒക്കെ അമ്മയങ്ങു മറക്കും ...!!
അടി എപ്പകിട്ടിയെന്ന് ചോദിച്ചാൽ മതി .. അടിയും കൊണ്ട് ചാടി എഴുനേറ്റ് മിഴിച്ചിരിക്കുന്ന എന്നെക്കണ്ട് അമ്മയെ നോക്കി അച്ഛന്റെ ഒരു പഞ്ച് ഡയലോഗുണ്ട്
" അടി കൊള്ളുന്ന അവൾക്കോ നാണമില്ല .. അടി കൊടുക്കുന്ന നിനക്കെങ്കിലും നാണം വേണ്ടേ ??" എന്ന് !! എന്നീട്ട് എന്നെ നോക്കി ആക്കിയൊരു ചിരിയും !
നമുക്ക് പിന്നെ നാണം പണ്ടേ ഇല്ലല്ലോ ... അടിയും കൊണ്ട് എഴുന്നേറ്റു പോയി മര്യാദക്ക്‌ ഊണും കഴിച്ച് പിന്നേം കിടന്നുറങ്ങും !
അമ്മയുടെ തല്ല് ഇപ്പോഴും വാങ്ങുന്ന എന്നെ എന്റെ സൽപ്പുത്രൻ 'ഈ അമ്മ ഇനി എന്നു നന്നാകും ??!' എന്ന ഭാവത്തിൽ ഒരു കള്ളച്ചിരിയും പാസാക്കി നോക്കിനിൽക്കും !!
ഏതായാലും എന്നെ ഉറക്കത്തിൽനിന്നും അടിതന്ന് ഞെട്ടി ഉണർത്തിക്കാറുള്ള അമ്മയെ ഒന്നു ഞെട്ടിക്കാൻ ഞാനും തീരുമാനിച്ചു .. കൂട്ടുകാരോട് പറഞ്ഞപ്പോൾ അവരെല്ലാം എന്തിനും റെഡി .. സഞ്ജുവിനോട് പറഞ്ഞപ്പോൾ അവിടെ ഡബിൾ ഓക്കേ ..
അങ്ങനെ അച്ഛനും അമ്മയും ഹരിയും എത്തി ...
അമ്മ വന്നപ്പോൾ മുതൽ വൃത്തിയാക്കൽ മഹാമഹം തുടങ്ങി .. ഉപയോഗിക്കാതെ അടുക്കളയുടെ അലമാരയിലിരുന്ന പാത്രങ്ങൾ വരെ പെറുക്കിയിട്ടു തേച്ചു കഴുകി ഉണക്കി വെച്ചു.. ഓരോ പാത്രം കഴുകുമ്പോഴും താൻ വളർത്തിയ കുട്ടി എങ്ങനെ ഇങ്ങനെ വൃത്തിയില്ലാത്തവളായി പോയെന്ന് അച്ഛനോട് പരാതി പറഞ്ഞു .. അച്ഛൻ വിദഗ്ധമായി രണ്ടു പക്ഷവും പിടിക്കാതെ ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറി .. !
ബിൽഡിങ്ങിലുള്ള സകല ഫ്‌ളാറ്റുകളിലും ഓടി നടന്ന് പരിചയം പുതുക്കി അമ്മ .. അവരിൽ പലരെയും അമ്മ ഇവിടെനിന്നും പോയശേഷം ഞാൻ ഒരിക്കൽപോലും അന്വേഷിച്ചില്ലല്ലോ എന്ന് കുറ്റബോധത്തോടെ ഞാനോർത്തു .. ഗൾഫ് എന്നെയും മാറ്റിയിരിക്കുന്നു !!!
അവരെല്ലാം ഇടക്കിടക്ക്‌ അമ്മയെക്കാണാൻ ഫ്‌ളാറ്റിൽ വന്നു.. ഉറങ്ങി കിടന്നിരുന്ന എന്റെ ഫ്‌ളാറ്റോന്നുണർന്നു!!
തിരുവോണ ദിവസം !! രാവിലെ ഉണർന്ന് അമ്മക്ക് പിറന്നാൾ ഉമ്മ കൊടുത്തു .. പൂക്കളമിട്ടു.. ലുലുവിൽ പോയി തലേദിവസം പൂവ് വാങ്ങി വെച്ചിരുന്നു ... പ്രവാസിയുടെ ഓണം.. ! ഹരിക്കുട്ടൻ ഉണർന്നു വന്നപ്പോൾ അവനെക്കാൾ മുൻപേ ഞാൻ ഉണർന്ന് പൂക്കളമിട്ടതിന് എനിക്കിട്ടു രണ്ടു തരാൻ അമ്മൂമ്മക്ക്‌ കൊട്ടെഷൻ കൊടുത്തു ..!! മോനാണത്രെ മോൻ ... !
അവസാനം ..പൂക്കളമിട്ടത് അവനാണെന് എല്ലാവരോടും പറയാം എന്ന എഗ്രിമെന്റിൽ സംഭവം ഒരുതരത്തിൽ ഒത്തുതീർപ്പാക്കി !
" ഹരി .. ഇന്ന് അമ്മൂമ്മയുടെ പിറന്നാളാ .. പോയി ഒരു ഹാപ്പി ബെർത്ത് ഡേ പറഞ്ഞീട്ടുവാ "
ഞാൻ രഹസ്യമായി മോനോട് പറഞ്ഞു
" അമ്മൂമ്മക്ക് ഹാപ്പി ബെർത്ത് ഡേ ഇല്ല ... ഹാപ്പി ബെർത്ത് ഡേ എനിക്ക് മാത്രമേയുള്ളൂ " ഹരിക്കുട്ടൻ റിബലായി
അസൂയാലു !!
പിന്നെ ഒരു തരത്തിൽ പലതും പറഞ്ഞു പ്രലോഭിപ്പിച്ച് ഞാനവനെ അമ്മയുടെ അടുത്തേക്കയച്ചു ..
" അമ്മൂമ്മേ .. ഇന്ന് അമ്മൂമ്മയുടെ ഹാപ്പി ബെർത്ത് ഡേ ആണോ ??"
സ്വന്തം അമ്മയെ വിശ്വാസമില്ലാത്ത പീക്കിരി ..
" ആ എന്നൊക്കെയാ മോനു എല്ലാരും പറയുന്നേ"
അമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു
" എന്നീട്ട് കേക്ക് എവിടെ ?? ബലൂണെവിടെ ??.. അയ്യേ .. അമ്മൂമ്മേടെ ഹാപ്പി ബെർത്ത്ഡേക്ക് ഇതൊന്നുമില്ലേ ?? ഹരിക്കുട്ടന്റെ ബെർത്ത് ഡേക്ക്‌ മാത്രമേ അതൊക്കെയുള്ളൂ "
അമ്മയെ പ്രകോപിപ്പിക്കാനുള്ള ശ്രമത്തിലാണ്
"ഓ അമ്മൂമ്മക്ക് വയസ്സായില്ലേ ?? അതുകൊണ്ട് അമ്മൂമ്മയുടെ ബെർത്ത് ഡേക്ക് കേക്കൊന്നുമില്ല"... അമ്മ പറഞ്ഞു
സ്വരത്തിൽ അല്പം നിരാശയുണ്ടോ ??? എനിക്ക് തോന്നി ..
ഹരിക്കുട്ടന് സന്തോഷമായെന്ന് തോന്നുന്നു .. പിന്നെ വലിയ ഡയലോഗൊന്നും കേട്ടില്ല ..
പറഞ്ഞു വെച്ച പോലെ വിനീത് വിളിച്ചു .. അവനെ എന്റെ സുഹൃത്തെന്നോ അനിയനെന്നൊ ഒക്കെ പറയാം .. അമ്മക്ക് പിറന്നാൾ ആശംസകൾ പറഞ്ഞു .. പിറ്റേന്ന് അവരുടെ വീട്ടിൽ ചെറിയൊരു ഓണം പ്രോഗ്രാം ഉണ്ടെന്നും അമ്മ സെറ്റുസാരിയൊക്കെ ഉടുത്ത് വരണമെന്നുമൊക്കെ പറഞ്ഞ് അവന്റെ പാർട് ഭംഗിയാക്കി ..
എനിക്ക്‌ പിറ്റേന്ന് ഹോസ്പിറ്റലിൽ മീറ്റിങ് ഉണ്ടെന്നും ഞാൻ വൈകിട്ട്‌ വിനീതിന്റെ വീട്ടിലൊട്ട്‌ വന്നേക്കാമെന്നും അമ്മ യും അച്ഛനും ഹരിയും എന്റെ സുഹൃത്ത് സിന്ധുവിന്റെ കൂടെ വരണമെന്നും പറഞ്ഞപ്പോൾ അമ്മ വിശ്വസിച്ചു .. ജീവിതത്തിൽ ആദ്യമായാണ് ഞാൻ അമ്മയുടെ മുൻപിൽ നിന്ന് കള്ളം പറഞ്ഞീട്ട് അമ്മപോലീസ് അത് കണ്ടു പിടിക്കാഞ്ഞത് !!
പിറ്റേന്ന് ഉച്ചയായപ്പോൾ മീറ്റിങ്ങിന് പോകുന്നുവെന്നും പറഞ്ഞ് ഞാൻ മുങ്ങി .. പാർട്ടിഹാൾ ബുക്ക് ചെയ്തിരുന്നു .. അവിടെ പോയി അതൊക്കെ ഒന്ന് നോക്കുകയാണ് ലക്‌ഷ്യം .. അവരതെല്ലാം എനിക്ക് തൃപ്തി യാവും പോലെ നന്നായി ഒരുക്കിയിരുന്നു .. ബിൽഡിങ്ങിലുള്ള ബാക്കി എല്ലാവരും പോന്നതിനു ശേഷം പോന്നാൽ മതിയെന്ന് സിന്ധുവിനോട് നേരത്തെ ശട്ടം കെട്ടിയിരുന്നു
വൈകിട്ട് ആറു മണിയാണ് എല്ലാവരോടും പറഞ്ഞിരുന്ന സമയം ..എല്ലാവരും കൃത്യ സമയത്തുതന്നെ എത്തി .. ഓർഡർ ചെയ്തിരുന്ന കേക്കും കൊണ്ട് അമ്മയുടെ കണ്ണിൽ പെടാതെ ഹാളിലെത്തുന്ന സാഹസം ജീന വൃത്തിയായി ചെയ്തു ..
സിന്ധു എല്ലാവരെയും കൂട്ടിക്കൊണ്ട് തിരിച്ചു .. കാർ മെയിൻ റോഡിൽ നിന്നും വലത്തോട്ട് തിരിഞ്ഞപ്പോൾ അമ്മ ചോദിച്ചു
" സിന്ധു .. മോളെ വഴി തെറ്റിയെന്ന് തോന്നുന്നു..വിനീതിന്റെ വീട്ടിലോട്ട് ഇടത്തോട്ടല്ലേ പോകണ്ടേ"
" നമുക്ക് അവിടെ മാർസ്സ്‌ ഹൈപ്പർ മാർക്കറ്റിൽ ഒന്ന് കയറീട്ടു പോകാം അമ്മേ ..ഒരു ഗിഫ്റ്റ്‌ വാങ്ങണം "
സിന്ധുവും മോശമല്ല കള്ളം പറയാൻ .. കൊച്ചു കള്ളി !!😄
അമ്മ അതും വിശ്വസിച്ചു ... ആരും വിശ്വസിക്കും.. അത്ര ഭയങ്കര പെർഫോമൻസല്ലേ!
മാർസ്സ്‌ എത്തി ... അമ്മ നോക്കുമ്പോൾ ഞാൻ ദാ നിൽക്കുന്നു .. അതിശയത്തോടെ ചോദിച്ചു
" നീ എന്താ ഇവിടെ ?? ഗിഫ്റ്റ് വാങ്ങാൻ വന്നതാണോ ?"
ഞാനൊന്നും മിണ്ടിയില്ല !
അമ്മയെ കൂട്ടി ഞങ്ങൾ ഹാളിലെത്തി .. ഒരു വലിയ ജനക്കൂട്ടം തന്നെ ഉണ്ടായിരുന്നു അവിടെ.. മസ്കറ്റിൽ അമ്മക്കറിയാവുന്ന മുഴുവൻ ആൾക്കാരും .. !!
ഞാൻ ചോദിച്ചു .. " അമ്മക്ക് സംഭവം മനസിലായോ ??"..
അമ്മ കാര്യമറിയാതെ കണ്ണുമിഴിച്ചു
" അമ്മയെ നോക്കിക്കൊണ്ട് ദേ അവിടെ ഒരു കേക്ക് ഇരുപ്പുണ്ട് .. വേഗം അത് മുറിച്ച് ഞങ്ങൾക്ക് താ " ചിത്രചേച്ചി യാണ്
ഞാൻ കാണാൻ ആഗ്രഹിച്ചത് അപ്പോൾ ഞാൻ അമ്മയുടെ കണ്ണിൽ കണ്ടു .. ഒരു ഞെട്ടൽ ..!!അത് കഴിഞ്ഞപ്പോൾ കണ്ണുനീരിന്റെ നേരിയ ഈർപ്പമുള്ള വലിയ സന്തോഷം !!!
ഈ പിറന്നാൾ അമ്മ ഒരിക്കലും മറക്കില്ലെന്ന് എനിക്കുറപ്പുണ്ട് ..! ഞാനും !.. കാരണം ഇത്രയും സന്തോഷം അമ്മയുടെ മുഖത്ത് ഞാൻ ഒരിക്കലും കണ്ടീട്ടില്ല .. !! ഒരുപാട് മക്കൾ ഒന്നിച്ചു ചേർന്ന് അമ്മയുടെ പിറന്നാൾ ആഘോഷിച്ചപൊലെ ആയിരുന്നു അത്‌ .. കാരണം അന്നവിടെ കൂടിയ എല്ലാവരും അമ്മക്ക് മക്കളെ പോലെ ആയിരുന്നു!!
രാത്രി ഏറേ വൈകി തിരികെ വീട്ടിലോട്ടു പോരുമ്പോൾ ഹരിക്കുട്ടൻ അമ്മയോട് കുശുമ്പ്കുത്തി ..
" അമ്മൂമ്മയുടെ ഹാപ്പി ബെർത്ത്ഡേ കൊള്ളില്ല .. അമ്മൂമ്മയുടെ ബെർത്ത്ഡേക്ക് തൊപ്പി ഇല്ലാരുന്നു... "
അമ്മ ചിരിച്ചു കൊണ്ട് എന്നെ നോക്കി !!
പിന്നെ അവനോട് പരഞ്ഞു..
" ശരിയാ.. അമ്മൂമ്മയുടെ ബെർത്തഡേ കൊള്ളില്ല.. ഹരിക്കുട്ടന്റെ ബെർത്ത്ഡേയാണ് ബർത്ത്ഡേ !!"...
വന്ദന

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot