#സമാഗമം #
------------------
------------------
പത്ത് വർഷങ്ങൾക്ക് ശേഷം അയാൾ നാട്ടിലേക്ക് വരുകയാണ്, കൂടെ ഭാര്യയും രണ്ടു മക്കളും. വീട്ടിൽ അയാൾക്ക് 'അമ്മ മാത്രമേ ഉള്ളു, അച്ഛൻ വർഷങ്ങൾക്ക് മുൻപ് മരിച്ചു പോയി. സഹോദരിമാർ വിവാഹിതരായി കുടുംബസമെതം താമസിക്കുന്നു. അവർ മക്കളുടെ വെക്കേഷൻ സമയത്ത് അമ്മയെ സന്ദർശിച്ചു പോന്നു. ആ വരവുകളുടെ ഇടവേളകൾക്ക് ദൈർഘ്യം കൂടുതൽ ആയിരുന്നു. അതുകൊണ്ട് അമ്മ ഒറ്റയ്ക്ക് തന്നെ കാലം കഴിച്ചു കൂട്ടി . ഓസ്ട്രേലിയയിൽ നിന്നും വിമാനത്തിൽ കയറി ദീർഘയാത്ര അവരെ ക്ഷീണിപ്പിച്ചു. അയാളുടെ ഭാര്യാവീട് എറണാകുളത്തു ആയതു കൊണ്ട് കൊച്ചി വിമാനതാവളത്തിൽ നിന്നു നേരെ അങ്ങോട്ടാണ് പോയത്. ഭാര്യവീട്ടുക്കാരുടെ സ്വീകരണം കഴിഞ്ഞു അയാൾ പാലക്കാടുള്ള സ്വന്തം വീട്ടിലെക്ക് യാത്ര പുറപ്പെടാൻ തയ്യാറായി. ഭാര്യയും മക്കളും എറണാകുളത്തു തന്നെ താങ്ങാനുള്ള താങ്ങളുടെ തീരുമാനം അയാളെ അറിയിച്ചു. ആ തീരുമാനത്തേ എതിർക്കാൻ അയാൾക്ക് ത്രാണിയില്ലായിരുന്നു. അയാളുടെ ആ കഴിവില്ലായ്മയിൽ അയാൾക്ക് സ്വയം പുച്ഛം തോന്നി.
വാടകക്ക് എടുത്ത കാറിൽ അയാൾ കയറി, കൊട്ടാര സമാനമായ ആ വീട്ടിൽ നിന്നു അയാൾ യാത്രയായി. കാർ പോർച്ചിൽ നിന്നും ഭാര്യയും മക്കളും കൈ വീശി അയാൾക്ക് ശുഭയാത്ര നേർന്നു. യന്ത്രികമായി അയാളും തിരിച്ചു കൈ വീശി. നാല് വരി പാതയിലൂടെയുള്ള ദീർഘയാത്ര അയാളുടെ കൺമുന്നിൽ പഴയക്കാല ചിത്രങ്ങൾ ഓരോന്ന് ആയി തെളിയാൻ തുടങ്ങി. സാധാരണ ഒരു ക്ലാർക്കിന്റെ കുടുംബം, ഏക ആൺതരിയായ അയാൾക്ക് പെങ്ങന്മാരെക്കാളും വാത്സല്യവും, പരിഗണനയും കിട്ടിയിരുന്നു. പഠനത്തിലേ മികവു ജീവിതത്തിൽ മികച്ച അവസരങ്ങൾ നേടുവാൻ അയാളെ സഹായിച്ചു. ഇന്നു താൻ ഓസ്ട്രേലിയയിലെ ഉന്നത ഉദ്യോഗത്തിൽ ഇരിക്കുന്നത് അന്ന് അയാളുടെ മാതാപിതാക്കളുടെ പരിശ്രമവും, പിന്തുണയുടെയും ഫലമാണ് എന്ന് ഇന്നു അയാൾ തിരിച്ചറിയുന്നു. അച്ഛന്റെ പ്രോവിഡന്റെ് ഫണ്ടിൽ നിന്നുള്ള ഒരു ലക്ഷം രൂപയും കൊണ്ടാണ് അയാൾ തന്റെ ഗവേഷണപഠനം പൂർത്തിയാക്കാൻ അയാൾ ഓസ്ട്രേലിയയിലേക്ക് പോയത്. വിവാഹപ്രായം എത്തിയ മൂത്ത സഹോദരിയോ, ചെറിയ സഹോദരിയുടെ പഠനമോ അയാളുടെ ഉയർച്ചക്ക് തടസ്സം ആയില്ല. അയാൾ പഠനം പൂർത്തിയാക്കി , പിന്നിട് അവിടെ തന്നെ ജോലിയും ചെയ്യാൻ തുടങ്ങിയത്. ഇതിനിടയിൽ സഹോദരിമാരുടെ വിവാഹം കഴിഞ്ഞു, നല്ല വീട് വെച്ചു. അയാൾക്ക് ഓസ്ട്രേലിയൻ പൌരത്വവും കിട്ടി. അയാളുടെ വിവാഹവും കഴിഞ്ഞു... നാട്ടിലേക്കുള്ള അയാളുടെ വരവുകൾ വിരളം ആയി. ഇപ്പോൾ സ്വന്തം വീട്ടിലെ വിരുന്നുക്കാരാൻ മാത്രമായി അയാൾ. ദീർഘമായ ഒരു നെടുശ്വാസം അയളിൽ നിന്നു ഉതിർന്നു വീണു.
ചിന്തകൾ ഇത്രത്തോളം ആയപ്പോഴേക്കും പുറത്ത് പകൽ കാഴ്ചകൾ മങ്ങിയിരിക്കുന്നു. മാറി പോയ തന്റെ നാടിനെ നോക്കി കാണുക ആയിരുന്നു അയാൾ. തീരെ പരിചിതം അല്ലാത്ത വഴികൾ..... ആ വഴികൾ തന്നെ നയിക്കുന്നത് അമ്മയുടെ അടുത്തേക്കാണ്.... ആ ഓർമ അയാളിൽ സ്നേഹകുളിർമ നിറച്ചു.. വീടിന്റെ മുൻവശത്ത് അമ്മ കാത്തു നില്കുന്നു. കാറിൽ നിന്നും ഇറങ്ങി അമ്മയെ മറികടന്നു അകത്തെക്ക് പോയപ്പോൾ അയാളെ വരവേറ്റത് ചില്ലിട്ട് വെച്ചിരിക്കുന്ന ചിരിക്കുന്ന അച്ഛന്റെ ചിത്രമാണ്. അന്ന് വൈകിട്ട് അമ്മ ഉണ്ടാക്കിയ കഞ്ഞിയും പയറും പപടവും കഴിച്ചു കിടന്നപ്പോൾ അയാളുടെ ക്ഷീണം ഇല്ലാതെയായി. മനസ്സിലെ ആകുലതകൾക്ക് ശമനം കിട്ടിയ പോലെ.
പിറ്റേന്ന് അതിരാവിലെ കുളി കഴിഞ്ഞു അമ്പലത്തിൽ പോയപ്പോൾ അവിടെ നഗ്‌നപാദനായി ആ നനഞ്ഞ മണ്ണിൽ ചവിട്ടി നിന്നപ്പോൾ മനസ്സ് ഒരു തൂവലിനെ പോലെ പാറി പറക്കുന്നതു പോലെ തോന്നി. മസ്തിഷ്കതിലേക്കു ആയിരമായിരം ആവേഗങ്ങൾ മിന്നൽ പിണരുകൾ പോലെ പാഞ്ഞു. അവ അയാളുടെ മനസ്സിനെ മതിച്ചു... മഹാദേവന്റെ നിർമാല്യ ദർശനം, ഉള്ളം കൈയിൽ കിട്ടിയ പുണ്യ തീർഥം, നെറ്റിയിലെ ചന്ദനം, ഇവ എല്ലാം മനസ്സിൽ കോടി പുണ്യം നിറച്ചു . ശാന്തിയും സമാധാനവും നിറഞ്ഞു അയാളുടെ മനസ്സിൽ., പഴയ വഴിത്താരായിലൂടെ നടന്നു പഴമയുടെ മണമുള്ള ഓർമകളെ പൊടി തട്ടി എടുത്തു അയാൾ. ചിലത് അയാളെ സന്തോഷിപ്പിച്ചു, ചിലത് സങ്കടപെടുത്തി, ചിലത് അയാളിൽ നഷ്ടബോധം ഉണ്ടാക്കി. നിറമുള്ള പകലുകളും, സ്വപ്‌നങ്ങൾ ഉള്ള രാത്രികളും സമ്മാനിച്ചു് ആ കുറച്ചു ദിനങ്ങൾ. വീണ്ടും മടക്ക യാത്ര..... ടാക്സി എത്തി അയാൾ അമ്മയേ മറി കടന്നു കാറിൽ കയറി.,കണ്ണടച്ച് ഇരുന്നു. രണ്ടു തുള്ളി കണ്ണുനീർ തുള്ളികൾ കൺകോണുകളിൽ ഊറി വന്നു. പിന്നിൽ അമ്മയും ചുമരിൽ തൂക്കിയിട്ട അച്ഛന്റെ ചിത്രവും മാത്രം ബാക്കിയായി. അയാളുടെ അടുത്ത വരവിനായി അവർ കാത്തിരുന്നു . കാർ വീണ്ടും നാലു വരി പാതയിലൂടെ കുതിച്ചു പാഞ്ഞു......
സ്മിത പ്രകാശ്.
--------------------------
--------------------------
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക