നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അതി രാവിലെ ഒരു ഫോൺ കാളിന്റെ ശബ്ദം

അതി രാവിലെ ഒരു ഫോൺ കാളിന്റെ ശബ്ദം ആണെന്നെ ഉണർത്തിയത്. നോക്കിയപ്പോൾ എന്റെ പ്രീയ കൂട്ടുകാരി സ്മിത ആണ്.
"അമ്മൂട്ടീ ഒരു ഹെൽപ് വേണം "
ഹെൽപ് വേണ്ടപ്പോൾ മാത്രം അമ്മു 'അമ്മൂട്ടീ അമ്മൂസ് എന്നീ പേരുകളിൽ അറിയപ്പെടും.
"ഇത്ര രാവിലെ എന്താ ഹെൽപ് ?"
"എന്റെ ഒരു ഫ്രണ്ട് വരും. ഒരു കൗൺസിലിംഗ്. ഇന്ന് ടൈം കൊടുക്കാമോ ?"
"ഡിവോഴ്സ്, അവിഹിതം, പ്രണയം ഈ മൂന്നു കേസും ഇപ്പോൾ എടുക്കുന്നില്ല മോളെ ടൈം ഇല്ല സത്യം ആയിട്ടും മടുത്തു. "
"ഏയ് അല്ല. വേറെ കേസ. എടീ തിരക്കാണ്. അപ്പൊ രണ്ടു മണി "
എന്നെ വിളിച്ചു സ്വന്തം ആയി ടൈം ബുക്ക്‌ ചെയ്തിട്ടു അവൾക്കു തിരക്ക് എന്ന് പറഞ്ഞു അവൾ ഫോൺ കട്ട്‌ ചെയ്തു. എന്താല്ലേ ?കൂട്ടുകാർ ദൗർബല്യം ആയാൽ ഇങ്ങനെ ഇരിക്കും
വേറെ ഏതു കേസ്‌... ഈശ്വര ഇനി...
എന്തായാലും എന്റെ ആകാംഷക്ക് വിരാമം ഇട്ടു കൊണ്ട് അവർ രണ്ടു മണിക്ക് വന്നു. ഒരു യുവതി കൂടെ നാലു വയസ് തോന്നിക്കുന്ന ഒരു കുട്ടിയും
ഫാമിലി പ്രശ്നം തന്നെ. ഞാൻ ഊഹിച്ചു.
"ഭർത്താവ് വന്നില്ലേ ?" ഞാൻ ചോദിച്ചു
"ഏട്ടന് ഡ്യൂട്ടി ഉണ്ട്. ".
ഏട്ടൻ എന്ന് പറയുമ്പോൾ രണ്ടു സ്പൂൺ പഞ്ചസാര അര കപ്പ്‌ ചായയിൽ ചേർത്തു കുടിച്ച മധുരംഅവരുടെ മുഖത്ത് . ആശ്വാസം. അപ്പോൾ ഡിവോഴ്സ്, അവിഹിതം അതല്ല. ഇനി അമ്മായിഅമ്മ ?
"എന്താ പ്രശ്നം ?"
"മാഡം കൗൺസിലിംഗ് ഇവനാണ് "
സത്യം പറയാല്ലോ എന്റെ കണ്ണ് തള്ളി പോയി. എന്റെ കൗൺസിലിംഗ് കരിയറിൽ ഇത് വരെ നാലു വയസായ കുട്ടിയെ കൗൺസിലിംഗ് ചെയ്യേണ്ടി വന്നിട്ടില്ല.
ഇനി മറ്റെന്തെങ്കിലും ബിഹേവിയറൽ പ്രോബ്ലം ആവുമോ
"മോന്റെ പേരെന്താ ?
കുട്ടി പേര് പറഞ്ഞു. നല്ല കുട്ടി. ഒരു പ്രശ്നോമില്ല.
"മാഡം ഒരു ടീച്ചർ കൂടിയല്ലേ ?"
"അതേ "
"ഇവനെ ഒന്നാം ക്ലാസ്സിലേക്ക് ഏതു സിലബസ്സിൽ ചേർക്കണം ?I mean എൻട്രൻസ് കിട്ടാൻ ഏത് സിലബസ് ആണ് നല്ലത്‌ ?"
ഞാൻ ചെറിയ കുരുവിയെ പോലിരിക്കുന്ന കുട്ടിയെ നോക്കി. നീണ്ട പന്ത്രണ്ടു വർഷങ്ങൾക്കു ശേഷമുള്ള കാര്യങ്ങൾ. "എൻട്രൻസ് "അതിനായുള്ള ചവിട്ടുപടി ഏത് ? എന്റെ കൃഷ്ണ !
"ഏത് സിലബസും നല്ലതാണ്. കുട്ടി പഠിക്കുന്നതിലാണ് കാര്യം. "ഞാൻ പറഞ്ഞു
"CBSE or ICSE" ?.അതേ അറിയേണ്ടു അവർക്കു
"കേരള സിലബസ് നല്ലതാണ്. എൻട്രൻസിൽ ഉയർന്ന റാങ്ക് വാങ്ങിയ കുട്ടികൾ എന്റെ ക്ലാസ്സിൽ ഉണ്ട്. "ഞാൻ പറഞ്ഞു.
"അതൊക്കെ കുറവല്ലേ ടീച്ചർ ?അതുമല്ല ഈ സ്റ്റേറ്റ് സിലബസ് ഒക്കെ നമുക്കൊക്കെ.സ്റ്റാറ്റസ് നോക്കണ്ടേ ?"
ഇവരെ പറഞ്ഞു മനസിലാക്കുക ബുദ്ധിമുട്ടാണ് ജോലി ഗവണ്മെന്റ് വേണം. പഠിപ്പിക്കാൻ വയ്യ.
"CBSE നല്ലതാണ്. എൻട്രൻസ് സംബധമായ ചോദ്യങ്ങൾ ഏറെയും അവർക്കു കുറച്ചു കൂടി എളുപ്പമാവും "
ഞാൻ ഗത്യന്തരമില്ലാതെ ആണ് പറഞ്ഞത്‌.
അടുത്ത ചോദ്യം ചാട്ടുളി പോലെ വന്നു
"ഏത് സ്കൂൾ ആണ് ടീച്ചർ നല്ലത്‌ ?"
"എല്ലാം നല്ല സ്കൂൾ ആണ്."
ഞാൻ ചില സ്കൂളുകളുടെ പേരുകൾ പറഞ്ഞു കൊടുത്തു
"ഏത് സ്കൂളിൽ പഠിച്ചാലും ഏതു സിലബസ് പഠിച്ചാലും അവനു താല്പര്യം ഉള്ള മേഖലയിൽ വിടുക. താനെ പഴുക്കുന്ന മാമ്പഴത്തിനാണ് മധുരം കൂടുതൽ. " ഞാൻ അവരോടു പറഞ്ഞു
"ആദർശം ഒക്കെ പറയാൻ എളുപ്പമാണ്. എനിക്കി ഒരുത്തനേയുള്ളു. അവനെ മെഡിസിന് പഠിപ്പിക്കണം എന്നാ എനിക്ക്. അതിന് ശേഷം സിവിൽ സർവീസ് എടുപ്പിക്കണം "
സത്യം പറഞ്ഞാൽ ഞാൻ മാനത്തോട്ടു നോക്കി പോയി. എത്ര ഇടി വെറുതെ....ഒരു ചെറുത് ഈ തലയിൽ... ഈ കുരുവിയെ രക്ഷിക്കാനെങ്കിലും ഒരു ഷോക്ക്
"സിവിൽ സർവീസ് എടുക്കണേൽ ഏതേലും ഡിഗ്രി പോരെ ?why mbbs?"
"അതൊക്കെ ഭാഗ്യമല്ലേ ടീച്ചറേ.. കളക്ടർ ആയില്ലേൽ ഡോക്ടർ ആവാല്ലോ ?"
കൃഷ്ണ !ഒരു കുരുക്ഷേത്രയുദ്ധമല്ലേ നീ നേരിട്ടുള്ളു. ഈ ഉള്ളവളെ കണ്ടോ ?ഗീതോപദേശം കൊടുക്കുന്നതിനുമില്ലേ ഒരു പരിധി ?
സത്യത്തിൽ മനുഷ്യന്റെ പദ്ധതികളെത്ര വിശാലം.ദൈവം എന്തായിരിക്കും നിശ്ചയിച്ചിട്ടുണ്ടാവുക. എന്റെ ഉള്ളിൽ ഒരു സങ്കടം നിറഞ്ഞു. ഞാൻ കുഞ്ഞു കുരുവിയെ നോക്കി. ഡോക്ടറും കളക്ടറും ഒന്നിച്ചാകാനുള്ള ശരീരം.
യോഗ ചെയ്യുന്നത് കൊണ്ടൊന്നും ചിലപ്പോൾ ഒരു കാര്യോമില്ല പ്രത്യേകിച്ച് എന്നെ പോലുള്ളവർ. എന്റെ രക്തം തിളയ്ക്കുന്നത് ഞാൻ അറിയുന്നുണ്ട്.
"നിങ്ങൾ ഈ കുഞ്ഞിനെ നശിപ്പിക്കരുത്. Over stress ആയി കഴിയുമ്പോൾ അവൻ നിങ്ങളെ വെറുക്കാൻ തുടങ്ങും. മദ്യത്തിലോ മയക്കുമരുന്നിലോ അഭയം പ്രാപിക്കും. പന്ത്രണ്ടു വർഷങ്ങൾക്കു ശേഷമുള്ളതു ഒന്നും നമ്മുടെ കൈയിൽ അല്ല. സ്വപ്‌നങ്ങൾ കാണാം. ലക്ഷ്യങ്ങൾ വേണം മോൻ വളരട്ടെ. പഠിക്കട്ടെ. അവന് ഏതിലാണ് മിടുക്കു അതിൽ വിടുക.കല കായികം ഒക്കെ വേണം. സർവോപരി കുട്ടിയുടെ ആരോഗ്യം ശ്രദ്ധിക്കുക "ഞാൻ ആവേശത്തോടെ പറഞ്ഞു.
"എന്റെ ഭർത്താവിന്റെ കൂടെ ജോലിചെയ്യുന്ന ഒരാളുടെ ഏക മകൻ ഈയിടെ ആത്മഹത്യ ചെയ്തു. അവനിഷ്ടമില്ലാത്ത മെഡിക്കൽ പഠനത്തിൽ പരാജയപ്പെട്ടത് കൊണ്ട്. ദയവു ചെയ്തു അടിച്ചേല്പിക്കരുത്.അപേക്ഷ
ആണ്. "
ഞാൻ കൂട്ടിച്ചേർത്തു
അവർ കുറച്ചു നേരം മൗനമായിരുന്നു എന്നിട്ട് യാത്ര പറഞ്ഞു പോയി. പോയപ്പോൾ അവരെന്നെ ഒരു നോട്ടം നോക്കി..
അതിപ്രകാരം ആയിരുന്നു
"കൗൺസിലർ ആണത്രേ കൗൺസിലർ .!ഏതു നേരത്താണോ വരാൻ തോന്നിയെ. എന്റെ കൊച്ചിന്റെ കാര്യം ഞാൻ നോക്കിക്കൊള്ളാം."ഇപ്രകാരം പുച്ഛത്തോടെ മുഖം ഒന്ന് വെട്ടിച്ചു അവർ നടന്നു പോയി
എനിക്ക് അറിയാം ഞാൻ പറഞ്ഞതൊന്നും അവരുടെ തലയിൽ കയറി കാണില്ല. ആ തലയിൽ എങ്ങനെ ആ കുട്ടിയെ ഡോക്ടറും കളക്ടറും ഒരുമിച്ചു കയറ്റാനുള്ള കുപ്പായം തുന്നാം എന്ന ചിന്ത ആയിരിക്കും.
എനിക്ക് പറയാനുള്ളത് ഞാൻ പറഞ്ഞു
ഇനി എനിക്ക് ചിലതു പറയാനുള്ളത് രാവിലെ എന്നെ വിളിച്ചു ഈ ജോലി ഏല്പിച്ച സ്മിതയോടാണ്. ഡിക്ഷണറി എവിടെ ?
സത്യത്തിൽ ഞാൻ ഇന്ന് ഒരു കഥ പോസ്റ്റ്‌ ചെയ്യാനിരുന്നത് ആണ്. പക്ഷെ ഇങ്ങനെ ഒന്ന് ഉണ്ടായപ്പോൾ അതല്ലേ പ്രാധാന്യം ? മാറേണ്ടത് നമ്മൾ ആണ് മാതാപിതാക്കൾ. അപ്പോൾ വൃദ്ധസദനങ്ങൾ കുറയും. തങ്ങളെ പിരിമുറുക്കത്തിന്റെ ആഴക്കടലിലേക്കു തള്ളിവിടുന്നവരെ കുഞ്ഞുങ്ങൾ ഒരിക്കലും സ്നേഹിക്കില്ല.കുഞ്ഞുങ്ങൾ ജീവിക്കേണ്ടത് അവരുടെ സ്വപ്നങ്ങൾക്ക് വേണ്ടിയാകട്ടെ. നമ്മുടെ ജീവിതം നാം ജീവിക്കുന്നുണ്ടല്ലോ ?അവരുടെ ജീവിതം ജീവിക്കാൻ അവരെ നമുക്കു അനുവദിക്കാം ... അവർ സന്തോഷം ആയിരിക്കട്ടെ.അവരെ ചിരിയോടെ ജീവിതത്തെ നോക്കിക്കാണാൻ മാത്രം പഠിപ്പിക്കുക സാരോപദേശമല്ല. മനസ്സിൽ വെയ്ക്കുക.
സ്നേഹത്തോടെ നിങ്ങളുടെ അമ്മു

Ammu

1 comment:

  1. ഇത് നമ്മുടെ സമൂഹത്തിന്റെ ഒരു നേർകാഴ്ച്ചയാണ്, എന്താണ് കുറച്ചെങ്കിലും അമ്മമാരിങ്ങനെയാവുന്നതു എന്നതാണ് ചിന്തിയ്ക്കണ്ടത്. പഠനശേഷി മറ്റു പലകഴിവുകളും പോലെ ജെനിറ്റിയ്ക്ക് ആണെന്ന കാര്യത്തിൽ സംശയമുണ്ടാവാനിടയില്ല. നൃത്തകലയിലോ ചിത്രകലയിലോ മികച്ച കഴിവ് തെളിയിക്കുന്ന കുട്ടിയുടെ ജീൻ പൂളിൽ എവിടെയേലും ആ കലയുമായി ഒരു ബന്ധംകണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. ജന്മാന്തരങ്ങളിലൂടെയാണ് ഓരോ കഴിവും ഡെവലപ് ചെയ്യുന്നതെന്നുള്ള യാഥാർഥ്യം മനസ്സിലാക്കുമ്പോൾ, തന്നിൽ അന്തർലീനമായിരിക്കുന്ന കഴിവുകളെ പരിപോഷിപ്പിക്കു്ന്നതാണ് താരതമ്മ്യേനെ എളുപ്പമെങ്കിലും, ആ കഴിവുകൾ ആ കാലഘട്ടത്തിലത്ര പ്രസക്തമല്ലാതെ വരുമ്പോഴാണ് മറ്റു മേഖലകൾക്ക് പിന്നാലെ മനുഷ്യർക്ക് പോകേണ്ടിവരുന്നത്. കുന്നോളം ആഗ്രഹിച്ചാലല്ലേ കുന്നികുരുവോളം കിട്ടുന്നത്. എല്ലാ തൊഴിലിലും അന്തസ്സുണ്ടെന്നും , കുട്ടികൾ കളിയ്ക്കണ്ട പ്രായത്തിൽ കളിയ്ക്കണമെന്നും ഒക്കെ ഡയലോഗ് അടിക്കാമെങ്കിലും ജനപ്പെരുപ്പം കൊണ്ട് വീർപ്പുമുട്ടുന്ന, മത്സര പരീക്ഷകൾ ഭാവി തീരുമാനിയ്ക്കുന്ന കാലത്ത് സമൂഹം ഏറ്റവും കൂടുതൽ അംഗീകരിയ്ക്കുന്ന ഡോക്‌ടറോ കളക്റ്ററോ അകാൻ കുട്ടികളെ സ്വപ്നം കാണാൻ പ്രാപ്തരാക്കുന്നതിൽ എന്താണ് തെറ്റ്. മനുഷ്യായുസ് 80-90 ആകുന്ന കാലത്ത് 20-25 വർഷം മെനക്കെട്ടാൽ ബാക്കി 60 - 70 വർഷം സാമ്പത്തിക ഭദ്രതയിൽ ജീവിതം ആസ്വദിയ്ക്കാമല്ലോ?.

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot