Slider

അന്തിക്കാവിലെ പൂരം

0
അന്തിക്കാവിലെ പൂരം കഴിഞ്ഞ് അരയിലുടുക്കേണ്ട മുണ്ട് തലയിൽ ചുറ്റി വാതിലിൽ ചെന്നു മുട്ടിയപ്പോഴാണ് ആദ്യമായി ഭാര്യ പുറത്താക്കി വാതിലടച്ചു കളഞ്ഞത്..
ഒരു ബോധവുമില്ലാതെ കിടന്നതെവിടെ എന്ന് പോലും പിന്നെ അറിഞ്ഞില്ല ..
എന്തായാലും പതിവിനു വിപരീതമായി അതിരാവിലെ ഉണർന്നു എന്റെ കിടപ്പ് കണ്ട് എനിക്ക് തന്നെ എന്നോട് ദേഷ്യം തോന്നി..
അകത്തേക്ക് കയറുമ്പോൾ കുളിച്ചിട്ടു കയറിയാൽ മതിയെന്ന് കെട്ടിയവളുടെ ഭീഷണി പെടുത്തൽ
പിന്നെ ഒന്നും താമസിച്ചില്ല നേരെ പോയി കുളത്തിലേക്ക് ചാടി നല്ലൊരു കുളി പാസാക്കി..
വീട്ടിലേക്ക് കയറുമ്പോൾ അവളുടെ മുഖത്ത് കടന്നൽ കുത്തിയ പോലെ ഉണ്ട്..
പറ്റിയതൊരു അബദ്ധമാണെന്നൊക്കെ പറഞ്ഞു നോക്കി..
പൊന്നേ എന്ന് വിളിച്ചു നോക്കി പഞ്ചാര വേണ്ടെന്നവൾ
ചക്കരേ എന്ന് വിളിച്ചു നോക്കി കൊഞ്ചൽ വേണ്ടെന്നവൾ
സ്നേഹം കൂട്ടി വിളിച്ചു നോക്കി സുഖിപ്പിക്കൽ വേണ്ട ഒട്ടുമെന്നവൾ
ഇതൊക്കെ തന്നെ ഞാൻ വീണ്ടും തുടർന്നു അവളും പറഞ്ഞത് തന്നെ തിരിച്ചും പറഞ്ഞു..
എങ്കിലും എന്നെ കുറിച്ച് ഉള്ള സകല ധാരണകളും അവൾ ഒരൊറ്റ രാത്രി കൊണ്ട് തിരുത്തി എഴുതി
ബെഡിൽ നിന്നുമവൾ എന്നെ തറയിലേക്കെത്തിച്ചു..
ദേഷ്യം കൊണ്ട് ഞാൻ അന്നു നേരത്തെ തന്നെ ഉറങ്ങിപ്പോയി..
പിറ്റേ ദിവസം എന്റെ കുടി നിർത്താനായി എന്തോ അവൾ കലക്കി തന്നു
അതു കുടിക്കുമ്പോൾ ഞാൻ പറഞ്ഞു എടി ഒരു ദിവസം ഇങ്ങനെ ആയെന്നു വെച്ച് ഞാൻ ഒരു മുഴു കുടിയനൊന്നുമല്ല എന്ന്
അവൾ പല്ലു കടിച്ചു കൊണ്ട് എന്നെ നോക്കി
എന്തു പണ്ടാരം കുടിച്ചിട്ടാണെങ്കിലും വേണ്ടില്ല ഇതു കൊണ്ട് ഈ തമ്മിലടി തീർന്നാൽ മതിയായിരുന്നു എന്ന് ഞാൻ കരുതി ഞാൻ അതു വലിച്ച് കുടിച്ചു..
അപ്പോൾ തുടങ്ങിയ വയറിളക്കമാണ് ബാത്ത്റൂമിൽ കയറാൻ നേരം അവളുടെ അപ്പനെ ഞാൻ ഒരു പത്തു തവണയെങ്കിലും വിളിച്ചു കാണും..
അടുക്കളയിൽ നിന്നവൾ പിറു പിറുത്തു ... അന്നേ പഠിത്തം മുഴുമിപ്പിച്ചാൽ മതി ആയിരുന്നു എന്ന്..
ശരിയാണ് കല്യാണത്തിന് മുന്നേ അവളുടെ അച്ഛനും അമ്മയും പറഞ്ഞുറപ്പിച്ചിരുന്നു കല്യാണത്തിന് ശേഷവും അവളെ പഠിപ്പിക്കണമെന്ന് അവൾക്ക് പഠിക്കണമെന്നും..
കെട്ടു കഴിഞ്ഞ് കുറച്ചു ദിവസം കഴിഞ്ഞവൾ കോളേജിലേക്ക് പോക്ക് തുടങ്ങി
എനിക്കവളെ കൊണ്ട് വിടലൊരു ജോലിയുമായി..
അവളുടെ പഠിത്തിന്റെ അവസാന വർഷത്തിൽ ഒരു കർക്കിടക മഴ അവളെ പുളിയിലേക്കും എന്നെ മധുരത്തിലേക്കും നയിച്ചു
അവൾ വിശേഷമറിയിച്ചു പുളിമാങ്ങ തിന്നുമ്പോൾ എന്നെ തുറിച്ചു നോക്കിയിരുന്നു..
കാലം ഞങ്ങളെയും കൊണ്ട് പറന്നു കൊച്ചൊന്നായപ്പോൾ അവൾക്ക് പഠിക്കാൻ പോകണമെന്നില്ലാതെയായി ഞാൻ നിർബന്ധിച്ചില്ല എന്നൊരു തെറ്റേ ചെയ്തുള്ളൂ.
അതിന്റെ ദേഷ്യമാണ് ഇപ്പോഴുമവൾ ഇടക്കിടെ എന്റെ മുമ്പിലേക്ക് നിരത്തി വെക്കുന്നത്..
വയറിലെ പുകച്ചിലെല്ലാം കെട്ടടങ്ങി എല്ലാം ഒരു വിധം ശാന്തമായി ഞാൻ ഉമ്മറത്തു തളർന്നങ്ങനെ ഇരുന്നു.
എന്റെ ഇരിപ്പു കണ്ടാണവൾ ഒന്നു അയഞ്ഞ് വന്നത്
എന്റെ ആഗ്രഹങ്ങൾ എല്ലാം നടക്കണുണ്ട് എന്നവൾ പറഞ്ഞു അകത്തേക്ക് കയറുമ്പോളാണ് ഞാൻ അവളുടെ ആഗ്രഹങ്ങളെ കുറിച്ച് ചിന്തിച്ചത്..
ജീവിതത്തിന്റെ കളി തമാശക്കിടയിൽ ഞാൻ മറന്നിരുന്ന ഒന്നായിരുന്നു അവളുടെ ആഗ്രഹം എന്തായിരുന്നു എന്നത്..
ഞാൻ പതിവിൽ നിന്നും വെത്യസ്ഥമായി അന്നു രാത്രി അവളോട് ചോദിച്ചു.. നിന്റെ ഏറ്റവും വലിയ ആഗ്രഹം എന്തായിരുന്നു എന്ന്
അവൾ ചോദ്യം കേട്ട് അത്ഭുതപ്പെട്ടെങ്കിലും ഒരു ആഗ്രഹവും ഇല്ല എന്ന് പറഞ്ഞൊഴിഞ്ഞു
എങ്കിലും ഞാൻ വീണ്ടും ചോദിച്ചു അവൾ പറഞ്ഞു എനിക്ക് ഒരു ആഗ്രഹം ഉണ്ടായിരുന്നു
പഠിപ്പു പൂർത്തിയാക്കണം എന്ന് എന്നാൽ ഇപ്പോൾ അങ്ങനെ ഒന്നും ഇല്ല എന്ന് പറഞ്ഞവൾ ചിരിച്ചു
ഞാൻ അവളോട് ചോദിച്ചു നിനക്ക് വീണ്ടും പഠിച്ചു കൂടെ എന്ന്
'' ഇനി ഇപ്പോഴോ അതൊന്നും ശരിയാവില്ല എന്നവൾ പറഞ്ഞൊഴിഞ്ഞു..
പിറ്റേ ദിവസം ഞാൻ അവളുടെ തുടർ പഠനം ശരിയാക്കി വീട്ടിലെത്തി
അന്നു രാത്രി ഞാനവളോട് അതു പറഞ്ഞു
കുഞ്ഞിന്റെ കാര്യം ഓർത്തവൾ വേണ്ടെന്ന് പറഞ്ഞു...
അതൊന്നും നീ ഓർക്കേണ്ട ഞാനും അമ്മയും ഉണ്ടല്ലോ ഇവിടെ എന്നു പറഞ്ഞ് അവളെ സമ്മതിപ്പിച്ചു
അന്നു രാവിലെ ഞാൻ തന്നെ അവളെ കോളേജിലേക്ക് കൊണ്ട് പോയി വിട്ടു കോളേജിൻ പടിക്കെട്ടുകൾ കയറുമ്പോൾ ഞാൻ അവളുടെ ഒരാഗ്രഹം പൂർത്തിയാക്കാനായുള്ള ശ്രമത്തിലായിരുന്നു..
വീട്ടിലെത്തി കുഞ്ഞുമായി കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് അവൻ അമ്മ എന്ന് വിളിച്ചു തുടങ്ങിയത് ഞാൻ അതു കേട്ടപ്പോൾ ഏറെ സന്തോഷിച്ചു
ഇനി അച്ഛൻ എന്നൊരു വിളി കൂടി ഞാൻ കാതോർത്തു..
അവൾ കുഞ്ഞിനെ ആദ്യം പറഞ്ഞു പഠിപ്പിച്ചത് അച്ഛൻ അച്ഛൻ എന്നാണ് പക്ഷേ കുഞ്ഞു ആദ്യമായി വിളിച്ചു തുടങ്ങിയത് അമ്മ എന്നും ഞാൻ അവനെ എടാ ഭയങ്കര എന്ന് വിളിച്ചു അരികിലിരുത്തി..
ക്ലാസ് കഴിഞ്ഞ് അവൾ വീട്ടിലേക്ക് കയറുമ്പോൾ അവൻ വീണ്ടും വിളിച്ചു അമ്മ എന്ന്
അതു കേട്ടപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു
കുഞ്ഞിനെ വാരി എടുത്തവൾ നെഞ്ചിലേക്ക് ചേർക്കുമ്പോൾ
നിറ കണ്ണുകളോടെ എന്നെ നോക്കി അവൾ പുഞ്ചിരിച്ചു..
എന്തോ അവൾക്ക് പഠിക്കാൻ പോകണമെന്ന് തോന്നിയില്ല
എങ്കിലും ഞാനവളെ പറഞ്ഞയച്ചു..
ഇപ്പോ അവളുടെ വരവും കാത്ത് അവൻ ഉമ്മറത്തേക്ക് മുട്ടിലിഴഞ്ഞു പോയി ഇരിക്കും
അവൾ വരുമ്പോൾ അവന്റെ സന്തോഷം ഒന്നു വേറെയാണ്
അതു കാണുമ്പോൾ അവൾ അറിയാതെ കണ്ണുകൾ നിറയും.
പിറ്റേദിവസമവൾ കോളേജിലേക്ക് പോവാൻ ഒരുങ്ങാത്തത് കണ്ടപ്പോൾ ഞാൻ ചോദിച്ചു എന്താ ഇന്ന് പോണില്ലേ നീ എന്ന്
അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു ഇന്നുമാത്രമല്ല ഇനി പോകുന്നേയില്ല ഇപ്പൊ എന്റെ ഏറ്റവും വലിയ ആഗ്രഹം നിങ്ങളോടും മോനോടുമൊപ്പം ഇരിക്കുന്നതാ എന്ന്..
നിന്റെ ആഗ്രഹം നടന്നില്ല അല്ലേ എന്ന് ഞാൻ ചോദിക്കുമ്പോൾ
അവൾ മാറിൽ വന്നൊട്ടി നിന്ന് പറഞ്ഞു ഒരുമിച്ചുള്ള ആഗ്രഹങ്ങൾ മതി ഇനി അങ്ങോട്ട് എന്ന്..
എന്നിൽ നിന്നും ഒരു പുഞ്ചിരി പൊട്ടി വിടരുമ്പോൾ മോൻ കാലിൽ പിടിച്ചു വലിച്ച് വിളിച്ചു '' ച്ചാ "" എന്ന് ഞാൻ കാതോർത്ത ആ വിളി..
ഞാൻ അവനെ വാരി എടുത്തു കൊണ്ട് കവിളിലൊരു മുത്തം കൊടുക്കുമ്പോൾ എന്നെക്കാളും കൂടുതൽ സന്തോഷം അവളുടെ മുഖത്ത് ഞാൻ കണ്ടിരുന്നു..
എ കെ സി അലി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo